2023 January - February 2023 january-february Hihgligts Media Scan Shabdam Magazine ലേഖനം

മാധ്യമ ധര്‍മ്മങ്ങളുടെ  മര്‍മ്മമെവിടെ?

സമകാലിക സാമൂഹിക ജീവിതത്തില്‍ അനിവാര്യമായ ഒരു ഘടകവും മാനുഷിക ചിന്തയെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളതുമായ ഒരു സംവിധാനമാണ് മാധ്യമങ്ങള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാം നെടുംതൂണും ജനാധിപത്യത്തിന്റെ കാവലാളുമായിട്ടാണ് ഇവയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. നിരവധി ധര്‍മ്മങ്ങളാണ് മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെയ്യുന്നത്. അധാര്‍മികതയും അരാജകത്വവും വ്യാപകമാകുമ്പോള്‍ തിരുത്തലുകള്‍ക്ക് വഴിതുറക്കുക, സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും ഭരണകൂട നീച പ്രവര്‍ത്തികള്‍ക്കുമെതിരെ പോരാടുക, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സഹായിക്കുക, സമൂഹത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അനീതികള്‍ക്കെതിരെ നിയമപരമായ മാര്‍ഗ്ഗത്തില്‍ അന്വേഷണങ്ങളെ ത്വരിതപ്പെടുത്തുക തുടങ്ങിയവ ഇതില്‍ ചിലത് മാത്രമാണ്. മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലും സാമൂഹിക ബോധം വളര്‍ത്തിയെടുക്കുന്നതിലും ഇവ വഹിക്കുന്ന സ്വാധീനം ചെറുതല്ല. എന്നാല്‍ മറുപുറമെന്നോണം സമൂഹത്തില്‍ തിന്മകളെയും വ്യാജവാര്‍ത്തകളെയും പ്രചരിപ്പിക്കുന്നതിലും തെറ്റായ ആശയങ്ങളെ കൈമാറുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസവും തെറ്റിദ്ധാരണയും വളര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചു വരികയാണിന്ന് ചില പത്രങ്ങളും ന്യൂസ് ചാനലുകളും. കസ്ഗഞ്ച് എന്ന ഗ്രാമത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതും ഈ നുണയുടെ പ്രത്യാഘാതം ആ സമുദായത്തിന് ഏല്‍ക്കേണ്ടി വന്നതും ഇത്തരം അപക്വമായ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ്. സത്യം വെളിവായതിന് ശേഷം ഒരു ക്ഷമാപണം നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. നുണപ്രചാരകര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ഉണ്ടായതുമില്ല. യഥാര്‍ത്ഥത്തില്‍ ആധുനിക കാലത്ത് ആത്മാര്‍ത്ഥമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് വെറുപ്പിന്റെ സൃഷ്ടാക്കളാകാനും ഫാസിസത്തിന് നിലമൊരുക്കാനുമാണ് നല്ലൊരു പങ്ക് മാധ്യമങ്ങളും ശ്രമിക്കുന്നത്. അതിനായി വിഷലിപ്തമായ വാക്കുകളും കെട്ടിച്ചമച്ച വാര്‍ത്തകളും ഇവര്‍ പ്രചരിപ്പിക്കുന്നു. സമൂഹത്തില്‍ വിദ്വേഷവും പകയും സൃഷ്ടിക്കുന്നു. വര്‍ഗീയ വംശീയ അജണ്ടകളോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ന്യൂസ് റൂമുകളെ നിരീക്ഷിച്ചാല്‍ നമുക്കത് മനസ്സിലാകും. പല സമയങ്ങളിലും ഒരു വിഭാഗത്തിന് വേണ്ടി മാത്രമാണ് ചാനലുകളിലെ പല അവതാരകരും ശബ്ദമുയര്‍ത്താറുളളത്. ഒരുപക്ഷത്തെ മാത്രം ചോദ്യശരമുയര്‍ത്തി വേട്ടയാടുന്നു. ഇങ്ങനെ പക്ഷപാതിത്വം കാണിക്കാനും എന്തും പറയാനുമുളള അവകാശം മാധ്യമ അവതാരകര്‍ക്കില്ലെന്നും ഇത്തരക്കാരെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും ചാനലുകള്‍ക്ക് പിഴ ചുമത്തുകയും വേണമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നവും ഉള്‍പ്പെടുന്ന സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടത് അടുത്തിടെയാണ്. ഈ സാഹചര്യം നിലനില്‍ക്കേ തന്നെ മാധ്യമങ്ങള്‍, വിശേഷിച്ചും ടെലിവിഷന്‍ ചാനലുകള്‍ മതപരമായ ആഭിമുഖ്യങ്ങളെ ഉത്തേജിപ്പിച്ച് കൊണ്ട് വര്‍ഗീയ രാഷ്ട്രത്തിന് അനുകൂലമായ പശ്ചാത്തലം സൃഷ്ടിക്കുകയാണ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഗുരുതരമായ ഔദ്യോഗിക തീരുമാനങ്ങള്‍ ഒളിച്ചുവെച്ച് നടപ്പാക്കുകയെന്ന ജനാധിപത്യ വിരുദ്ധമായ ഗൂഢ പദ്ധതി ഭരണാധികാരികള്‍ വിജയകരമായി പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴും ഇതിനെ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യേണ്ട വാര്‍ത്താ മാധ്യമങ്ങള്‍ അതിനു തുനിയുന്നില്ല.
അതിലുപരി രാജ്യത്ത് ഈ ദൗത്യം ഏറ്റെടുക്കുവാന്‍ സന്നദ്ധതയുളള മാധ്യമങ്ങള്‍ വിരളമായി കൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത. ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടം അവരറിയാതെ തീരുമാനങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുമ്പോള്‍ ജനങ്ങളുടെ കണ്ണും കാതും നാവുമായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ ആട്ടിന്‍കുട്ടിക്കും ചെന്നായക്കും തുല്യ നീതി നല്‍കുന്ന ചെകുത്താന്റെ കാപട്യം അണിയുകയാണെന്നര്‍ത്ഥം. വര്‍ഗീയ വാദികള്‍ ഫാസിസ്റ്റ് ഭരണകൂടം നിര്‍മ്മിക്കാന്‍ ഒരുമ്പിട്ടിറങ്ങുമ്പോഴും, വര്‍ഗീയ കലാപങ്ങളും കൂട്ടകൊലകളും രാജ്യത്ത് അരങ്ങുവാഴുമ്പോഴും, ഭരണകൂട നീച പ്രവര്‍ത്തികള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ മാധ്യമങ്ങള്‍ക്ക് പലപ്പോഴും കഴിയാതെ പോകുകയാണ്. ജനാധിപത്യ വിരുദ്ധമായ ഭരണകൂടമാണ് നമ്മുടെ രാജ്യത്തുളളതെന്ന് തിരിച്ചറിഞ്ഞിട്ടും പല മാധ്യമങ്ങളും ഈ യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണ് ചിമ്മുന്നുവെന്നതാണ് ഇതിന് കാരണം. ചിലരാകട്ടെ അത്തരം കക്ഷികളുടെ സഹായഹസ്തങ്ങളായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) അ ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്രത്തെയാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പലപ്പോഴും സുപ്രീംകോടതിയും ഹൈക്കോടതിയും ഓര്‍മിപ്പിച്ചിട്ടും ഇതിനു ശമനമുണ്ടായിട്ടില്ല. വംശീയ അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും വിദ്വേഷ പ്രചാരണവും ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നു. പൗരത്വ സമരവുമായി ബന്ധപ്പെട്ട് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷത്തില്‍ ചാനലുകളുടെ പങ്ക് അന്വേഷണ കമ്മീഷന്‍ പ്രത്യേകം എടുത്തുപറഞ്ഞതാണ്. രാജ്യത്ത് കോവിഡ് പരത്തുന്നത് തബ്ലീഗുകാരാണ് എന്ന വാദം തുടങ്ങി വെച്ചത് സംഘ്പരിവാറിന്റെ സാമൂഹ്യ മാധ്യമപ്പടയാണെങ്കില്‍ അതേറ്റു പിടിച്ചത് ദേശീയ ചാനലുകളായിരുന്നു. തുപ്പല്‍ ജിഹാദ് നടത്തുന്നുവെന്നതു മുതല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ അന്യായമായി കടന്നു കൂടുന്നുവെന്നുവരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇക്കൂട്ടര്‍ ഉയര്‍ത്തി. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച തിരക്കഥയെന്ന പോലെ പാനല്‍ അംഗങ്ങളും അവതാരകനും ചേര്‍ന്ന് ഇത്തരം ആരോപണങ്ങളും കഥകളും വിളമ്പുന്നത് സമീപകാലത്ത് പതിവായിരിക്കുന്നു. സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകൂറിന്റെ അധ്യക്ഷതയിലുള്ള കമ്മീഷനാണ് റിപ്പബ്ലിക് ടി വി, ടൈംസ് നൗ, ആജ് തക്, സി ന്യൂസ്, ഇന്ത്യ ടി വി, റിപ്പബ്ലിക് ഭാരത് എന്നീ ചാനലുകളുടെ പേരുകള്‍ എടുത്ത് പറഞ്ഞ് അവയെ രൂക്ഷമായി വിമര്‍ശിച്ചത്. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്ന സമയത്ത് ഈ ചാനലുകള്‍ നടത്തിയ ചര്‍ച്ചകളും അതിന് തിരഞ്ഞെടുത്ത വിഷയങ്ങളുമെല്ലാം അക്രമങ്ങള്‍ക്ക് ആവേശം പകരുന്ന രീതിയിലുള്ളവയായിരുന്നുവെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. ചാനലിലൂടെയുള്ള വിദ്വേഷ പ്രചാരണത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി വിയാണ് മുന്നില്‍. അത്‌കൊണ്ട് തന്നെ ആഗോള തലത്തിലും ദേശീയ തലത്തിലും ഈ മാധ്യമ സ്ഥാപനം പല നടപടികള്‍ക്കും വിധേയമായിട്ടുണ്ട്.
ആക്രോശത്തിലും വിദ്വേഷത്തിലുമൂന്നി അര്‍ണബ് ഗോസ്വാമി തുടങ്ങിവെച്ച ചര്‍ച്ച രീതി ഇംഗ്ലീഷ്, ഹിന്ദി ചാനലുകള്‍ക്ക് പുറമേ മലയാളത്തിലേതുള്‍പ്പെടെ പ്രാദേശിക ചാനലുകളും ഇതേപടി പയറ്റിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ വിദ്വേഷങ്ങളും പരാമര്‍ശങ്ങളും കൂടുതല്‍ മുസ്‌ലിം സമുദായത്തിനെതിരെയാണെങ്കിലും ചിലസമയങ്ങളില്‍ മറ്റുള്ള സമുദായത്തിനെതിരെയും ഇത്തരം പരാമര്‍ശങ്ങള്‍ ഉയരാറുണ്ട്. ഹിജാബ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിനെതിരെയായിരുന്നു ഏകപക്ഷീയമായ അക്രമണമെങ്കില്‍ ഹിന്ദി രാജ്യവ്യാപമാക്കുന്ന ചര്‍ച്ചയില്‍ ഈ ആശയം വഴങ്ങാത്ത കേരളം, തമിഴ്‌നാട്, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്കെതിരെയാണ് വിഷം ചീറ്റല്‍ ഉണ്ടായത്. അത്‌കൊണ്ട് തന്നെ സമൂഹത്തില്‍ തിന്മയുടെ ഒരു സംസ്‌കാരമാണ് ഇന്ന് പല മാധ്യമങ്ങളും വളര്‍ത്തികൊണ്ടു വരുന്നത്. അറിവും ആശയങ്ങളും പകര്‍ന്ന് നല്‍കേണ്ട മാധ്യമങ്ങള്‍ അബദ്ധവും ഗുരുതരവുമായ ആശയ തലങ്ങളിലേക്കാണ് ജനങ്ങളെ കൊണ്ടെത്തിക്കുന്നത്. സത്യം അറിയാനുള്ള മനുഷ്യന്റെ അവകാശം പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ മാധ്യമങ്ങള്‍ ഹനിക്കുന്നു. സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതിലൂടെ ഒരേ കാര്യം തന്നെ വ്യത്യസ്ത രീതിയില്‍ പ്രചരിക്കപ്പെടാന്‍ നുണകളും ഹേതുവാകുന്നു. ഇത് അവാസ്തവമായ കാര്യങ്ങളും അര്‍ദ്ധ സത്യങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഇടയാക്കുന്നു. ഈ വസ്തുതകളെ വ്യക്തമായി കാണിക്കുന്നതാണ് 2020 ഒക്ടോബര്‍ 21ന് ദി ഇന്‍സൈഡര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രസ് മാര്‍ക്കറ്റ് ആയ ഇന്ത്യയില്‍ 1500ലധികം ടെലിവിഷന്‍ ചാനലുകള്‍ ഉണ്ടെങ്കിലും വിശ്വസിക്കാന്‍ കൊള്ളാവുന്ന മാധ്യമങ്ങള്‍ വിരലിലെണ്ണാവുന്നതേയുള്ളൂവെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.
25ലധികം വാര്‍ത്താ ചാനലുകളും ഹിന്ദിയില്‍ മാത്രം 24927 പത്രങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ഇംഗ്ലീഷില്‍ പത്രങ്ങളും മാഗസിനുകളും ആയി 90621 എണ്ണമുണ്ട്. ഇതര ഭാഷകളിലുള്ള മാധ്യമങ്ങള്‍ വേറെയും. പക്ഷെ, ഇത്രമേല്‍ ബൃഹത്തായ മാധ്യമലോകത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെ എണ്ണം അതിഭീകരമാണ്. എന്നാല്‍ അര്‍ദ്ധ സത്യങ്ങളുടെയും രാഷ്ട്രീയ അജണ്ടകളുടെയും ലോകത്തേക്ക് നമ്മുടെ രാജ്യത്തെ ബൃഹത്തായ മാധ്യമലോകം ചുരുക്കപ്പെട്ടുവെങ്കിലും അതിനിടയിലും സത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കാണാതിരിക്കാനാകില്ല. പല ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടും ധാര്‍മ്മികമായ വഴിയിലൂടെ പത്ര പ്രവര്‍ത്തനം നടത്തി അവസാനം സമൂഹ വിരുദ്ധരുടെയും വര്‍ഗീയ വാദികളുടെയും അരുംകത്തിക്കിരയായവര്‍ നിരവധിയാണ്. ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും ധബോല്‍ക്കറും ഈ നിരയില്‍ പ്രശോഭിച്ച് നില്‍ക്കുന്നവരാണ്. ജീവിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരിലും ഇത്തരം ഭീഷണിക്കിരയാകുന്നവര്‍ ഒരുപാടുണ്ട്. വ്യത്യസ്ത രീതിയിലാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നത്. ലൈംഗികച്ചുവയോടെയുള്ള സംസാരവും ഭീഷണിയും കള്ളക്കേസുകളുമെല്ലാം ഇതില്‍ ചിലതു മാത്രം. ഇതിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ആള്‍ട്ട് ന്യുസ് സഹസ്ഥാപകന്‍ സുബൈറിന്റെ അറസ്റ്റ്. 2018ല്‍ അദ്ദേഹം ചെയ്ത ഒരു ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞാണ് അദ്ദേഹത്തെ പിടികൂടിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആള്‍ട്ട് ന്യൂസിന്റെ പ്രവര്‍ത്തന പശ്ചാത്തലം മനസ്സിലാക്കുന്ന ആര്‍ക്കും ഇതൊരു പക തീര്‍ക്കലാണെന്ന് ബോധ്യപ്പെടും. വ്യാജവാര്‍ത്തകളുടെ പെരുമഴക്കാലത്ത് സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ തീര്‍ത്തും ശാസ്ത്രീയമായി വാര്‍ത്തകളിലെ സത്യവും അസത്യവും വേര്‍തിരിച്ചാണ് ആള്‍ട്ട് ന്യൂസിന്റെ പ്രവര്‍ത്തനം. ഈ വിധത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വെള്ളപൂശി മുഖ്യധാര മാധ്യമങ്ങള്‍ ആഘോഷിച്ച നൂറുകണക്കിന് വാര്‍ത്തകള്‍ വ്യാജമാണെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തുകയുണ്ടായി. ശരിയായ ധാര്‍മ്മിക ബോധമുള്ള മാധ്യമ പ്രവര്‍ത്തകരെ നിരന്തരം ഭരണകൂടം വേട്ടയാടുമ്പോഴും തങ്ങള്‍ അതിനോട് ഒരിക്കലും രാജിയല്ല എന്ന നിലപാട് വലിയ പ്രത്യാശയാണ് നല്‍കുന്നത്. രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ മാധ്യമ പ്രവര്‍ത്തകരിലൊരാളായ എന്‍ ഡി ടി വിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് രതീഷ് കുമാറിന്റെ നിലപാട് ഈ ദിശാബോധത്തെ അടിവരയിടുന്നതാണ്. ചാനലിന്റെ 29.18 ശതമാനം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെയാണ് അദ്ദേഹം എന്‍ ഡി ടി വിയില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവാസ വ്യവസ്ഥ തകര്‍ക്കുന്നതാണിത്. അതിനാല്‍ പടിയിറങ്ങുകയാണെന്നും യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ഈ ജോലി തുടരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. രതീഷ് കുമാറിന്റെ ഈ നിലപാടിനെ അഭിനന്ദിക്കുന്നതോടൊപ്പം അദ്ദേഹത്തെപ്പോലെയുള്ള ധര്‍മ്മ ശബ്ദങ്ങള്‍ പ്രമുഖ ചാനലുകളില്‍ നിന്നും പടിയിറങ്ങുമ്പോഴും തഴയപ്പെടുമ്പോഴും മാധ്യമരംഗത്തുണ്ടാകുന്ന മാറ്റം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.
ദൃശ്യ മാധ്യമങ്ങളുടെ അപകടം
വാര്‍ത്തകള്‍ കൈമാറ്റം ചെയ്യുന്നതിലും വിജ്ഞാന സമ്പാദനത്തിലും പത്രങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇത് സഹായകമാകുന്നുണ്ട്. എന്നാല്‍ ആധുനിക മനുഷ്യന് മുന്നില്‍ സാങ്കേതിക വിസ്മയത്തിന്റെ അതിരില്ലാത്ത സാധ്യതകളാണ് തുറന്നു ലഭിച്ചിരിക്കുന്നത്. അതിനാല്‍ അച്ചടി മാധ്യമങ്ങളെക്കാള്‍ ആകര്‍ഷണീയതയും വശീകരണ ശക്തിയുമുള്ളതുമായ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഭൂരിഭാഗം ജനങ്ങളും ഇന്ന് ഉപയോഗിക്കുന്നത്. അതില്‍ തന്നെ സാങ്കേതിക വിദ്യകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ സമൂഹത്തില്‍ വിപ്ലവം കൊണ്ടുവന്നത് ടെലിവിഷനാണ്. എന്നാല്‍ സമൂഹത്തിന്റെ നിലവാരത്തകര്‍ച്ചയുടെ അടയാളമായും ടി വി സീരിയലുകളെ ചൂണ്ടിപ്പറയാറുണ്ട്. പൈങ്കിളിയെന്നും കണ്ണീര്‍ക്കഥകളെന്നും അവയെ ആക്ഷേപിക്കുന്നവര്‍ തന്നെ അത് നിത്യവും കണ്ടുകൊണ്ടിരിക്കുന്നു. സീരിയലുകള്‍ നിരന്തരം വിമര്‍ശനത്തിനും ഓഡിറ്റിംഗിനും വിധേയമാകുമ്പോള്‍ അതേ ചാനലുകളില്‍ നിന്ന് പുറത്ത് വരുന്ന വിദ്വേഷ ചര്‍ച്ചകളും അതിലെ സ്വയം പ്രഖ്യാപിത ജഡ്ജിമാരും വിചാരണയേതുമില്ലാതെ തുടരുകയാണ്. ഇന്നത്തെ സിനിമ സീരിയലുകള്‍ എത്ര വലിയ അക്രമങ്ങളും ദുരന്തങ്ങളുമാണ് സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതെന്ന് മാധ്യമങ്ങള്‍ ആലോചിക്കുന്നില്ല. കളങ്കരഹിതമായ കുഞ്ഞു മനസ്സുകളെ വിഷലിപ്തമാകുന്നതില്‍ ആധുനിക മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ദൃശ്യ മാധ്യമങ്ങളിലൂടെ കാണുന്ന അക്രമങ്ങളുടെയും ക്രൂരതകളുടെയും ലൈംഗിക ആഭാസങ്ങളും നമ്മുടെ കുഞ്ഞുങ്ങളില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ദൃശ്യ മാധ്യമങ്ങളിലെ ചീത്ത വശങ്ങളെ കുറിച്ച് വിവിധ രാഷ്ട്രങ്ങളിലുള്ള മനഃശാസ്ത്ര വിദഗ്ധന്മാര്‍ പഠനവും സര്‍വ്വെകളും നടത്തിയിട്ടുണ്ട്.
ടി വി പരിപാടികള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ദോഷകരമായി ബാധിക്കുന്നതായി ഇംഗ്ലണ്ടിലെ എല്‍ കെ ജി, യു കെ ജി കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിര്‍ദോഷമെന്ന് കരുതുന്ന കാര്‍ട്ടൂണുകളടക്കമുള്ള പരിപാടികള്‍ കുട്ടികളില്‍ അക്രമ പ്രവണതയും അതിരു കടന്ന ഉത്കണ്ഠയും ഭയവും ജനിപ്പിക്കുന്നതായി നമ്മുടെ അനുഭവങ്ങളും വ്യക്തമാക്കുന്നു. ഈ സാഹചര്യങ്ങള്‍ക്ക് അറുതി വരണമെന്നതാണ് പരിഹാരമായുള്ളത്. കുഞ്ഞുങ്ങളെ നിങ്ങള്‍ സ്‌നേഹിക്കുന്നുവെങ്കില്‍ അറിയുക, അവര്‍ നടന്നു നീങ്ങുന്നത് വലിയ അപകടത്തിലേക്കാണ്. ലൈംഗിക ആഭാസങ്ങളുടെയും അക്രമങ്ങളുടെയും ലോകത്തേക്കാണ് അവര്‍ പാദമൂന്നുന്നത്. നാളെയുടെ തലമുറകളായ കുഞ്ഞുങ്ങളെ നേരായ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ട മാധ്യമങ്ങള്‍ ഇത്തരം സീരിയലുകളും സിനിമകളുമാണ് ഇടവേളകളില്ലാതെ ഇന്ന് സംപ്രേഷണം ചെയ്യുന്നത്. അവയില്‍ നിന്നുള്ള മുക്തിയാണ് കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള പോംവഴി.
മുസ്തഫ എ ആര്‍ നഗര്‍

Leave a Reply

Your email address will not be published. Required fields are marked *