ജലദോഷം പിടിപെട്ടൊരു
ഫോറിന്‍ക്ലോക്കിന്റെ
കീഴെക്കുനിഞ്ഞ ബുക്ക് അലമാരയുടെ മൂത്രസഞ്ചീന്ന്
അപ്പനെ നുള്ളിയൂരി
വീല്‍ചെയറിലിരുത്തി
കടപ്പുറേത്തേക്കുന്തും മൂന്നാള്.
ഞാന്‍, അപ്പന്‍,
ഞാനെന്നും അപ്പനെന്നും പേരായ ഞങ്ങള്‍
കടലുഞ്ചുണ്ടത്ത്
കമ്പിചക്രം നിര്‍ത്തം പഠിച്ചാല്‍
അപ്പനൊരു ദയനീയതയുടെ നോട്ടമുണ്ട്
‘ഈ തിരകെളെന്നോടൊന്നും പറഞ്ഞില്ല,
അവരറേബ്യ കണ്ടേച്ചും വരേണ്,
മൊഹമ്മദിനെ ഓരു കണ്ട് കാണും
കണ്ടില്ലേ അവരുടെ ക്ഷീണം’.
ഒരു തിരയപ്പോള്‍
നുരയും പതയുമായി
കരക്ക് കേറി കുത്തിയിരുന്നു
ഒരു നനവല്ലാതൊന്നും
മടക്കത്തിലത് ബാക്കിവെച്ചതേയില്ല.
ഗൗനിച്ച് ഗൗനിച്ചപ്പനോടൊരിക്കല്‍
വീട്ടില്‍ കേറിവന്ന്
പേരക്കുട്ടിക്ക് പേരുചോയ്ച്ച പെങ്ങളോട്
‘മൊഹമ്മദ് നല്ല പേരാണെ’ന്നപ്പന്‍ പറഞ്ഞു കൊടുത്തു.
ചൊടിച്ചിറങ്ങിയപ്പോയ പെങ്ങളെ
ഉമ്മുഹബീബേന്ന് വിളിച്ചോടിച്ചപ്പന്‍.
‘ഹാ’ എന്നാരോ ഒച്ച
കുടിയുണര്‍ത്തിയ രാത്രിക്ക്,
അപ്പന്റെ മുറിയിലേക്ക്
ഞങ്ങടെ ഉറക്കപ്പാച്ചിലുകള്‍ പേടിച്ചിഴഞ്ഞപ്പോള്‍
അപ്പന്‍:
‘ഈ അസ്‌റായേലെന്നോടൊന്നും പറഞ്ഞില്ല,
മുഹമ്മദ് മരിച്ചുപോയി,
എണ്ണേന്ന് നൂലൂരും കണക്കെ ഓലോരെക്കൊണ്ടോയി’.
അപ്പന്‍ മുഹമ്മദിനെ വായിച്ചു മുഴുവിച്ചു.
ചായേലെ ഉറുമ്പിന്
നൂലിട്ടും
കിട്ടിയ ക്രിസ്മസ് മുണ്ട്
പൂച്ചക്ക് വിരിച്ചും
അപ്പന്‍ ‘മൊഹമ്മദ് ഔസേപ്പേ’ന്ന്
തന്നെത്തന്നെ വിളിച്ചു കേള്‍പ്പിച്ചു.
ഇരുട്ടു കൊരച്ചൊരു പാതിരാത്രി,
വീല്‍ച്ചെയറീന്നപ്പനെ
വലിച്ചൂരീട്ട് അമ്മച്ചി പറഞ്ഞു:
‘നിന്റെ അപ്പനെന്നോടൊന്നും പറഞ്ഞില്ല,
ഏതു ബുക്കാണപ്പന്‍ വായിച്ചിരുന്നേ’
അമ്മ അപ്പനെ തുടരുകയാണ്.
ഞാനവരോടൊന്നും പറഞ്ഞില്ല.
അനസ് മൊയ്തീന്‍