ഹദീസിന്റെ രണ്ടാമത്തെ ആധികാരിക സമാഹരമെന്നറിയപ്പെടുന്ന സ്വഹീഹുല്‍ മുസ്ലിമിന്റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗത്ഭനായ ഹദീസ് പണ്ഡിതനുമാണ് അബുല്‍ ഹുസൈന് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ ഹജ്ജാജ് ബിന്‍ മുസ്ലിം (റ). സത്യസന്തത, നീതി നിഷ്ഠത, സ്വഭാവ ശുദ്ധി എന്നീ വൈശിഷ്ടങ്ങള്‍ക്കു പുറമെ ഗവേഷണ തല്പരത, ചരിത്ര പാടവം തുടങ്ങിയ ഗുണ വിശേഷങ്ങള്‍ കൊണ്ടലങ്കരിക്കപ്പെട്ടതായിരുന് നു ഇമാം മുസ്ലിമിന്റെ ജീവിതം.
ഇമാം മുസ്ലിമിനെ കുറിച്ച് ഇമാം നവവി (റ) പറയുന്നു: സ്വഹീഹു മുസ്ലിമിന്റെ നിവേദക പരമ്പര, ഹദീസ് ക്രോഡീകരണം, അതുല്യമായ അവതരണ രീതി, നിവേദനത്തിലെ സൂക്ഷ്മതയും ശ്രദ്ധയും, വ്യത്യസ്ത പരമ്പരകളുടെ സംശ്ലേഷണം തുടങ്ങിയവയുടെ ഭംഗിയും അസാധാരണത്വവും പരിശോധിച്ചാല്‍ അദ്ദേഹം തന്റെ കാലഘട്ടത്തിലെ അതുല്യ പ്രതിഭയായിരുന്നുവെന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് സമന്മാരായിട്ടുള്ളവര് അക്കാലത്ത് വിരളമായിരുന്നു. ഹിജ്റ വര്‍ഷം 204 ല്‍ നൈസാപൂരില്‍ ജനിച്ച ഇമാം മുസ്ലിം(റ) വളരെ ചെറുപ്പത്തില്‍ തന്നെ ഹദീസില്‍ തല്പരനാവുകയും, ആ രംഗത്തേക്കു തിരിയുകയും ചെയ്തു. പതിനാലു വയസ്സായപ്പോഴേക്കും ഹദീസ് മേഖലയിലെ ഗവേഷണ പഠനങ്ങള്‍ ആരംഭിച്ചു. ശേഷം പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച പഠന പര്യടനങ്ങള്‍ നടത്തുകയും ലക്ഷക്കണക്കിനു ഹദീസുകള്‍ സ്വായത്തമാക്കുകയും ചെയ്തു. ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങള്‍ ചുറ്റി സഞ്ചരിച്ച അദ്ദേഹം അവിടങ്ങളിലെല്ലാം അനവധി ഗുരുവര്യന്മാരെ തേടിപ്പിടിക്കുകയും അവരില്‍ നിന്നും വിവിധ വിഷയങ്ങളില്‍ നിന്നുള്ള ഹദീസുകള്‍ സ്വീകരിക്കുകയും ചെയ്തു. അഹ്മദ് ബ്നു യൂനുസ്, യഹ്യ ബ്നു യഹ്യ നൈസാബൂരി, അഹ്മദ് ബ്നു ഹമ്പല്‍, ഉമറു ബ്നു സവാദ് തുടങ്ങിയവര്‍ ഇമാം മുസ്ലിമിന്റെ വിവിധ മേഖലകളിലുള്ള ഗുരു ജനങ്ങളാണ്. ഇമാം ബുഖാരിയായിരുന്നു മുസ്ലിം ഇമാമിന്റെ പ്രഗത്ഭനായ ഗുരു വര്യര്‍. ഹദീസ് ശേഖരണാര്‍ത്ഥം ഇമാം ബുഖാരി (റ) നൈസാബൂരില്‍ വന്നപ്പോഴാണ് അവിടുന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചത്. നിരവധി ഹദീസുകള്‍ പഠിക്കാനും സനദുകള്‍ മനസ്സിലാക്കാനും ഈ ബന്ധം അദ്ദേഹത്തെ സഹായിച്ചു.
രചനയിലും ക്രോഡീകരണത്തിലും ഗഹന ഭാവം വെച്ചു പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ പതിനഞ്ചു വര്‍ഷത്തെ ഹദീസ് ഗവേഷണ പഠനങ്ങളുടെ ഫലമായിരുന്നു സ്വഹീഹുല്‍ മുസ്ലിം എന്ന വിശ്വ വിഖ്യാത ഹദീസ് ഗ്രന്ഥം. സ്വഹീഹുല്‍ ബുഖാരി കഴിഞ്ഞാല്‍ വിശ്വസ്തതയിലും പ്രാബല്യത്തിലും തൊട്ടടുത്ത് നില്ക്കുന്ന ഗ്രന്ഥമാണിത്. പ്രസിദ്ധരായ ഹദീസ് പണ്ഡിതന്മാര് സൂക്ഷ്മ നിരീക്ഷണം നടത്തി, സ്വഹീഹാണെന്ന് ഉറപ്പു വരുത്തിയ ഹദീസുകള്‍ മാത്രമേ ഇതില്‍ ഉള്പെടുത്തിയിട്ടുള്ളൂവെന്ന് രചന പൂര്‍ത്തിയായ ശേഷം അദ്ദേഹം തന്നെ ഇതിനെ കുറിച്ച് പറയുകയുണ്ടായി.
ചരിത്രമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത മറ്റൊരു മേഖല. വിവിധ വിഷയങ്ങളിലായി ഇരുപത്തിയഞ്ചോളം കൃതികള്‍ അദ്ദേഹത്തന്റേതായിട്ടുണ്ട്. അല്‍ മുസ്നദുല്‍ കബീര്‍, കിതാബുല്‍ അഖ്റാന്‍, ഔഹാമുല്‍ മുഹദ്ദിസീന്‍, കിതാബുല്‍ അഫ്റാദ്, കിതാബുല്‍ അസ്മാഅ് തുടങ്ങിയവ അതില്‍ ഏറെ പ്രധാനമര്‍ഹിക്കുന്നവയാണ്. ഹദീസ് നിദാന ശാസ്ത്രത്തില്‍ ഇമാം മുസ്ലിം തങ്ങളുടെ കാഴ്ചപ്പാടുകള്‍ ശ്രദ്ധേയമാണ്. ഇമാം ബുഖാരിയുടെ പല ദര്‍ശനങ്ങളും പുനരാവിഷ്കരിച്ചു കൊണ്ടാണിത് വികസിപ്പിച്ചെടുത്തത്. പരസ്പരം കണ്ടുവെന്ന് ഉറപ്പുള്ളവരില്‍ നിന്ന് മാത്രം ഹദീസ് സ്വീകരിക്കുന്ന നിലപാടായിരുന്നു ഇമാം ബുഖാരി സ്വീകരിച്ചിരുന്നുവെങ്കില്‍ സമകാലികരില്‍ നിന്ന് ആയാല്‍ മതി എന്ന നിലപാടായിരുന്നു ഇമാം മുസ്ലിം തങ്ങളുടേത്.
ഇമാം ബുഖാരിയുടെ ശിഷ്യത്വത്തില്‍ അഭിമാനിക്കുകയും ഗ്രന്ഥരചനയില്‍ അദ്ദേഹത്തിന്റെ പാത പിന്‍പറ്റുകയും ചെയ്തു. ബുഖാരിയിലുള്ള അധിക ഹദീസുകളും മുസ്ലിമിലില്ല. ഉള്ളവ വ്യത്യസ്ത സനദുകളിലൂടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മുത്തഫിഖുന്‍ അലൈഹിയായ ഹദീസുകളുടെ പ്രാബല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ഹദീസുകളുടെ എല്ലാ വശങ്ങളിലൂടെയും പരിശോധിക്കുന്നതില്‍ കണിശക്കാരനായിരുന്നു ഇമാം മുസ്ലിം. ഏകദേശം നാലായിരത്തോളം ഹദീസുകള്‍ തന്റെ ഗ്രന്ഥത്തിലേക്ക് അദ്ദേഹം സംശോധന ചെയ്തെടുത്തു. മൊത്തം 7190 നിവേദങ്ങളടങ്ങിയ അത് 43 ഭാഗങ്ങളായി തിരിക്കുകയാണുണ്ടായത്. ആവര്‍ത്തനമില്ലാത്ത 2200 ഹദീസുകള്‍ സ്വഹീഹ് മുസ്ലിമിലുണ്ടെന്ന് മുന്ദിര് അഭിപ്രായപ്പെടുന്നു. ദീര്‍ഘമായൊരു മുഖവുര തന്നെ ഈ ഗ്രന്ഥത്തിന് അദ്ദേഹം നല്‍കിയിട്ടുണ്ട്. തന്റെ ഗ്രന്ഥത്തിലേക്ക് ഹദീസുകള്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും ഹദീസ് നിവേദന സംബന്ധമായ വിവരങ്ങളും ഈ മുഖവുരയില്‍ വിവരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ രചനക്ക് ദീര്‍ഘമായ 15 വര്‍ഷമാണ് ഇമാം ചെലവഴിച്ചത്. ഗ്രന്ഥരചനയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ മാത്രം അബൂ ശൈമ അദ്ദേഹത്തില്‍ ആകൃഷ്ടരായിരുന്നു. തന്റെ കൃതിയില്‍ ‘ഹദ്ദസന’ എന്ന് പറയുന്നത് ഗുരുനാഥന്മാര് തനിക്ക് ഉദ്ദരിച്ച് തന്നതും ‘അഖ്ബറനാ’ എന്ന് പറയുന്നത് താന്‍ അവര്‍ക്ക് വായിച്ച് കേള്പ്പിച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സ്വഹീഹ് മുസ്ലിമിന് ധാരാളം സവിശേഷതകള്‍ ഉണ്ട്്. വിവിധ വഴികളിലൂടെയുള്ള ഹദീസുകളെല്ലാം ഒരിടത്ത് ശേഖരിച്ചു, ഉള്ളടക്കം പൂര്‍ണമായും ചുരുക്കാതെ ഇമാം കൊടുത്തു, ചുരുക്കുകയാണെങ്കില്‍ അക്കാര്യം പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തു. 54 കിതാബുകളിലായി ഹദീസുകള്‍ സമാഹരിച്ചു. ഇമാം ബുഖാരിയെ പോലെ അധ്യായങ്ങള്‍ക്ക് ശീര്‍ഷകം നല്‍കിയിട്ടില്ല. നിവേദന പരമ്പര പ്രവാചകനില്‍ എത്തിയ ഹദീസുകള്‍ മാത്രം കൊടുത്തു. സ്വഹാബി-താബിഉകളുടെ വാക്യങ്ങള്‍ കൊടുത്തില്ല.
220ല്‍പരം ഗുരുനാഥരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തു. ദുര്‍ബലരും ഭൂരിപക്ഷ പണ്ഡിതാഭിപ്രായവുമുള്ള നിവേദകരില്‍ നിന്ന് ഹദീസ് ഉദ്ദരിച്ചിട്ടില്ല. സ്വഹീഹ് മുസ്ലിമിന് അനേകം വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം നവവിയുടെ മിന്‍ഹാജ് ഫി ശര്‍ഹി സ്വഹീഹ് മുസ്ലിം ആണ് അവയില്‍ ഏറ്റവും പ്രസിദ്ധമായത്. അല്‍ മുഫ്ഹിം, അല്‍ മുഅ്ലിം, ഇക്മാലുല്‍ മുഅ്ലിം തുടങ്ങിയവയും പ്രസിദ്ധമാണ്. ലോകത്തിന് ഏറെ സംഭാവനകള്‍ നല്കി ആ വിശ്വ പണ്ഡിതന് ഹിജ്റ വര്‍ഷം 261 റജബ് 5ന് ഇഹലോക വാസം വെടിഞ്ഞു. നൈസാപൂരില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
ഫവാസ് കെ പി മൂര്‍ക്കനാട്