2023 September - October Uncategorized സ്മൃതി

സംവാദ മാതൃകകള്‍ ഇബ്നു ഹമ്പലി(റ)ല്‍ നിന്ന്

 

 

തിരുനബിയും സ്വഹാബത്തും കഴിഞ്ഞാല്‍ ഇസ്ലാമില്‍ ആരാധനാകര്‍മ്മങ്ങളിലും ജീവിതത്തിന്‍റെ ഇതര മേഖലകളിലും ഏറെ സ്വാധീനം ചെലുത്തുകയും അനുധാവനം ചെയ്യപ്പെടുന്നവരുമാണ് മദ്ഹബിന്‍റെ ഇമാമുകള്‍. സുന്നീ ആശയാദര്‍ശത്തിനു കീഴില്‍ നിലകൊണ്ട് ഖുര്‍ആനും തിരുസുന്നത്തിനെയും അടിസ്ഥാനമാക്കി നിയമനിര്‍മാണം നടത്തിയതിനാല്‍ കാലഘട്ടത്തിന്‍റെ ഒഴുക്കിനെ അതിജീവിച്ച് ജനങ്ങളില്‍ വേരുറക്കാന്‍ സാധിച്ചത് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നീ നാലു മദ്ഹബുകള്‍ക്കു മാത്രമാണ്. ശിയാ, ബിദഈ ആശയങ്ങളില്‍ മറ്റു ചില മദ്ഹബുകള്‍ രൂപീകൃതമായെങ്കിലും ഇസ്ലാമിക ശരീഅത്തിനെ ഇത്രമാത്രം സംരക്ഷിക്കുന്ന വിഷയത്തില്‍ അവയെല്ലാം വന്‍ പരാജയമായിരുന്നു. അതിനാല്‍ ജനങ്ങളുടെ പിന്തുണ ഈ മദ്ഹബുകള്‍ക്കൊന്നും ലഭിച്ചില്ല.

കാലഘട്ടത്തിനനുസൃതമായാണ് മദ്ഹബുകളുടെ ആവിര്‍ഭാവമെന്നതിനാല്‍ നാലാമതായാണ് ഹമ്പലി മദ്ഹബ് പിറവിയെടുക്കുന്നത്. ശൈഖുല്‍ ഇസ്ലാം എന്ന പേരിലറിയപ്പെട്ട അഹ്മദുബ്നു ഹമ്പല്‍ ആണ് ഹമ്പലി മദ്ഹബിന്‍റെ ഇമാം. അബൂ അബ്ദില്ല അഹ്മദ് ബ്നു മുഹമ്മദ് ബ്നു ഹമ്പല്‍ അശ്ശെബാനി എന്നാണ് പൂര്‍ണ്ണ നാമം. ബകര്‍ എന്ന ഗോത്രത്തില്‍ പെട്ട ഒരു വംശമായിരുന്നു ശൈബാന്‍. ശൈബാനുബ്നു സഅ്ലബ, ശഅ്ബാനു ബ്നു ദഹ്ല്‍ എന്നീ പ്രമുഖ വ്യക്തികളിലേക്കു ചേര്‍ത്തായിരുന്നു ശൈബാന്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്തെ വലിയ കുടുംബവും ഗോത്രവുമായ ശൈബാനില്‍ പെട്ട ആളുകള്‍ ശയാബിന എന്ന പേരില്‍ അറിയപ്പെടുന്നു. ശൈബാനു ബ്നു ദഹ്ല്‍ എന്നയാളുടെ പരമ്പരയിലാണ് ഇമാം അഹ്മദുബ്നു ഹമ്പല്‍ ജനിക്കുന്നത്. മുത്തുനബിയുടെ പിതാമഹന്‍ നിസാര്‍ എന്നവരിലേക്കും ഇവരുടെ പരമ്പര ചെന്നെത്തുന്നു. ഇമാം അഹ്മദിന്‍റെ ഉപ്പ മുഹമ്മദുബ്നു ഹമ്പല്‍ വിദഗ്ദനായ കുതിരപ്പടയാളിയും സൈന്യാധിപനുമായിരുന്നു. ശൈബാനി ഗോത്രത്തില്‍ പെട്ട സ്വഫിയ ബിന്‍ത് മൈമൂനയായിരുന്നു മഹാന്‍റെ മാതാവ്. മൂന്നാം വയസ്സില്‍ തന്നെ പിതാവ് മരണപ്പെട്ടു. എന്നാല്‍ ഉപ്പയില്ലാത്ത തന്‍റെ കുട്ടിയെ അറിവിന്‍റെ ഉയരങ്ങളിലെത്തിക്കാനാണ് അവര്‍ തന്‍റെ ശിഷ്ട ജീവിതം മാറ്റിവെച്ചത്. ഭര്‍ത്താവു മരണപ്പെടുമ്പോള്‍ മഹതിക്ക് ഏകദേശം 25 വയസ്സായിരുന്നു.

വളരെ ചെറുപ്പത്തിലേ സ്വഭാവത്തിലും പെരുമാറ്റത്തിലും മറ്റു കുട്ടികളില്‍ നിന്നും മഹാന്‍ വേറിട്ടു നിന്നു. തന്‍റെ വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ആരെയും ദ്രോഹിക്കാന്‍ ആ കുട്ടി ഇഷ്ടപ്പെട്ടില്ല. സ്വഭാവം ഗുണം കൊണ്ട് കുട്ടികള്‍ക്കിടയില്‍ ഒരു മാതൃകാവ്യക്തിയായി മാറി അഹ്മദുബ്നു ഹമ്പല്‍. സമ്പത്തിന്‍റെ കാര്യത്തില്‍ ദരിദ്രനാണെങ്കിലും സ്വഭാവഗുണം കൊണ്ട് ഐശ്വര്യം നിറഞ്ഞതായിരുന്നു ആ ജീവിതം. അതിനാല്‍ അക്കാലത്ത് മറ്റു രക്ഷിതാക്കള്‍ പറയാറുണ്ടായിരുന്നു. ഞാന്‍ എന്‍റെ കുട്ടിയെ മര്യാദ പഠിപ്പിക്കാനായി കുറേ പണം ചെലവഴിച്ചു. എന്നിട്ടും അവരൊന്നും വേണ്ടവിധം നന്നായില്ല. പക്ഷേ, യതീമായ ഈ കുട്ടിയെ നോക്കൂ, എത്ര മര്യാദയുള്ളവനാണിവന്‍. ഉമ്മ പഠിപ്പിച്ച സംസ്കാരവും മര്യാദയും അതേപടി പകര്‍ത്തുകയായിരുന്നു ഇമാം . തന്‍റെ ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും ഉമ്മ പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ അഹ്മദ് കൈവിട്ടില്ല. മഹതിയായ ആ ഉമ്മക്കു തെറ്റായി തോന്നുന്ന കാര്യങ്ങളൊന്നും ചെയ്യാതെ ഉമ്മയെ അനുസരിച്ചു ജീവിച്ചു. ഉമ്മയുടെ വാക്കുകള്‍ക്കെതിരു പ്രവര്‍ത്തിച്ചില്ല. ഒരിക്കല്‍ അഹ്മദ് കൂട്ടുകാര്‍ക്കൊപ്പം ടൈഗ്രീസ് നദിക്കരയിലെത്തി. പടിഞ്ഞാറു നിന്നും കിഴക്കു ഭാഗത്തേക്കു പുഴ മുറിച്ചുകടക്കണമായിരുന്നു അവര്‍ക്ക്. കൂട്ടുകാരെല്ലാം വിട്ടുകടന്നിട്ടും അഹ്മദ് അവിടെത്തന്നെ നിന്നു. കാര്യമന്വേഷിച്ചപ്പോള്‍ ഇമാം അഹ്മദ് പറഞ്ഞത്, ‘ഉമ്മക്കു സമ്മതമില്ല’എന്നാണ്. ഇരുപത്തിരണ്ടു വയസ്സ് പ്രായമുള്ള യുവാവായിരുന്നു അന്ന്.
ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാക്കി. പ്രാഥമിക പഠനങ്ങളെല്ലാം ഉമ്മയില്‍ നിന്നും പഠിച്ച ഇമാം അഹ്മദ് 15 ാമത്തെ വയസ്സില്‍ ഹദീസ് പഠനം ആരംഭിച്ചു. തുടര്‍ന്ന് 7 വര്‍ഷത്തോളം ബഗ്ദാദിലെ പണ്ഡിതന്‍മാര്‍ക്ക് കീഴില്‍ ജീവിച്ചു. അബൂ ഹനീഫ ഇമാമിന്‍റെ ശിഷ്യനായ അബൂ യൂസുഫാണ് പ്രഥമ ഗുരു. പഠനകാലത്തു തന്നെ ഒരു മുതിര്‍ന്ന വ്യക്തിയെപ്പോലെ ആരാധകളില്‍ കൃത്യത പുലര്‍ത്തിയിരുന്നു. ആരാധനകളില്‍ ഭയഭക്തിയും സൂക്ഷ്മതയും കണിശതയും കൃത്യമായി പുലര്‍ത്തിയിരുന്നു. ഇമാമിന്‍റെ ജീവിതത്തിലെ അതിസൂക്ഷ്മതയെക്കുറിച്ച് നിരവധി സംഭവങ്ങള്‍ കാണാം. ഒന്നിതാണ്, ഇമാമിന്‍റെ പുത്രിയാണ് അദ്ദേഹത്തിന്‍റെ ഭക്ഷണ കാര്യങ്ങള്‍ കൈകാര്യം ചെയ്തുപോന്നിരുന്നത്. ഒരു ദിവസം കുറേ റൊട്ടികളുമായി വന്ന മകളോട് ഇമാം ചോദിച്ചു. എവിടെനിന്ന് കിട്ടി ഈ റൊട്ടികള്‍? ഇന്ന വീട്ടുകാര്‍ കൊടുത്തയച്ചതാണ്. അവര്‍ക്ക് എന്താണ് വരുമാനം? അതിലെ ഒരാള്‍ പലിശ ഇടപാടുമായി ബന്ധപ്പെടുന്ന വ്യക്തിയാണെന്ന് കേട്ടു, മകളുടെ മറുപടി. എങ്കില്‍ എനിക്കീ ഭക്ഷണം വേണ്ട. അന്നേരം വീട്ടുകാര്‍ തീരുമാനിച്ചു ഉപ്പാക്ക് വേണ്ടാത്ത ഭക്ഷണം നമുക്കും വേണ്ട. ചുരുക്കത്തില്‍ ഈ റൊട്ടികളത്രയും അവിടെ എത്തിയ യാത്രക്കാര്‍ക്കു നല്‍കി. അവര്‍ ചിന്തിച്ചു ഇത്രയേറെ വിഭവങ്ങള്‍ എങ്ങിനെ നമുക്ക് തരാന്‍ സാധിച്ചു. ഇതില്‍ എന്തോ പന്തികേടുണ്ട് എന്ന് കരുതിയ അവര്‍ പ്രസ്തുത റൊട്ടികള്‍ പുഴയിലേക്കെറിഞ്ഞു. ഇതറിഞ്ഞ ഇമാം അന്നു മുതല്‍ മത്സ്യം തിന്നല്‍ മാറ്റി. അവിഹിത അന്നം കഴിച്ച് വളര്‍ന്ന മത്സ്യങ്ങളാണല്ലോ എന്നായിരുന്നു ചിന്ത. ലോകം കണ്ട എറ്റവും വലിയ ഫഖീഹായിട്ടും ആത്മീയതയുടെ ഔനിത്യത്തിലായിരുന്നു അവര്‍.

ഇബാദത്തുകളില്‍ അകാരണമായി വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു ഇമാം. മകന്‍ അബ്ദുല്ല പറയുന്നു. “ഉപ്പ ഒരു ദിവസം 300 റക്അത്ത് നിസ്ക്കരിക്കുമായിരുന്നു. എന്നാല്‍ ശരീരത്തിനു ക്ഷീണം തുടങ്ങിയ ശേഷം 150 ആക്കി ചുരുക്കി”. വിദ്യ അഭ്യസിക്കാന്‍ വളരെ താല്‍പര്യം കാണിച്ചിരുന്നു. വിദ്യഭ്യാസ ചെലവുകള്‍ക്ക് വേണ്ടി വിരലിലുണ്ടായിരുന്ന വൈരക്കല്ല് വിറ്റ സംഭവം ചരിത്രത്തില്‍ കാണാം. ആരുടെയെങ്കിലും കൈയില്‍ തിരുനബിയുടെ ഹദീസ് ഉണ്ടെന്നറിഞ്ഞാല്‍ എത്ര ദൂരം താണ്ടിയും അത് തേടിപ്പോവുകയും പഠിക്കുകയും ചെയ്യുമായിരുന്നു. ബഗ്ദാദിലെ പഠന ശേഷം കൂഫ, യമന്‍, ശാം, മക്ക, മദീന തുടങ്ങി നിരവധി രാജ്യങ്ങള്‍ ജ്ഞാന സമ്പാദനത്തില്‍ അദ്ദേഹം സഞ്ചരിക്കുകയുണ്ടായി. ഹദീസ്, കര്‍മ്മശാസ്ത്രം, സാഹിത്യം, ഭാഷാശാസ്ത്രം തുടങ്ങിയവയില്‍ അക്കാലത്തെ വൈജ്ഞാനിക കേന്ദ്രമായിരുന്നു ബസ്വറ. ബഗ്ദാദില്‍ നിന്നും കൂഫയേക്കാള്‍ ദൂരമുള്ള ബസ്വറയിലേക്ക് അഞ്ചു പ്രാവശ്യം ഇമാം യാത്ര ചെയ്തത് ബസ്വറയുടെ ജഞാന സമ്പല്‍സമൃദ്ധി കണ്ടുകൊണ്ടാണ്. ഹി. 190ല്‍ തന്‍റെ 22 ാമത്തെ വയസ്സിലാണ് ആദ്യമായി ബസ്വറയിലെത്തുന്നത്. പിന്നീട് അവിടുന്ന് ഹിജാസിലേക്ക് പോയി. ഹി. 187ലാണ് ഇമാം മക്കയിലെത്തുന്നത്. ഹി. 187ലെ ആദ്യ യാത്രയില്‍ തന്നെ ഇമാം അഹ്മദ് ശാഫിഈ ഇമാമിനെ കണ്ടുമുട്ടിയിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ഹദീസിനേക്കാളും കര്‍മശാസ്ത്രത്തിനാണ് ഹമ്പലി ഇമാം ശാഫിഈ ഇമാമിന്‍റെയടുക്കല്‍ പ്രാമുഖ്യം നല്‍കിയത്.

“ഞാന്‍ ബഗ്ദാദ് വിടുമ്പോള്‍ അഹ്മദ് ഹമ്പലിനേക്കാള്‍ സ്രേഷ്ടനും വിജ്ഞാനിയും ഭക്തനുമായ മറ്റൊരു പണ്ഡിതനേയും അവിടെ കണ്ടില്ല”. തന്‍റെ ശിഷ്യനായ അഹ്മദ് ഹമ്പലിനെ പറ്റി ഇമാം ശാഫിഈ പറഞ്ഞിതിങ്ങനെയാണ്. ജീവിതത്തില്‍ ഒരു ചെറിയ വീഴ്ച പോലും സംഭവിക്കാതിരിക്കാന്‍ സൂക്ഷ്മ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഇമാം. അല്ലാഹുവിനെ ഇഷ്ടമില്ലാത്തത് സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല. സൃഷ്ടാവിനെ അനുസരിച്ച പോലെ റസൂലിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പിന്‍പറ്റാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹദീസ് ശേഖരണത്തിലും, മനപാഠത്തിലും അതീവ തല്‍പരനായിരുന്നു മഹാന്‍. അഗാധ പാണ്ഡിത്യത്തിനുടമയായ ഇമാമിനെ സംബന്ധിച്ച് ‘അഹ്മദിനെക്കാള്‍ ബുദ്ധികൂര്‍മ്മതയുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല ‘എന്ന് ഇമാം ശാഫി പറഞ്ഞതായി സഅ്ഫറാനി ഉദ്ധരിക്കുന്നു. പണത്തേക്കാള്‍ നല്ലത് ദാരിദ്രമാണെന്ന് വിശ്വസിച്ച ആളായിരുന്നു അഹ്മദ് ബിന്‍ ഹമ്പല്‍. ഹദീസിന്‍റെ കാര്യങ്ങളില്‍ തികഞ്ഞ തല്‍പരനായിരുന്നു ഇമാം. തനിക്കറിയാവുന്ന ദശലക്ഷം ഹദീസുകളില്‍ നിന്ന് 30,000 ത്തോളം ഹദീസുകളാണ് മുസ്നദില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതില്‍ ഏകദേശം ഇരുപത് എണ്ണമാണ് ശാഫി ഇമാമില്‍ നിന്ന് സ്വീകരിച്ചത്. സമകാലിക വിഷയങ്ങള്‍ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന കാര്യത്തിലും അഗ്രഗണ്യന്‍ ആയിരുന്നു ഇമാം അഹമ്മദ്. മുര്‍ത്തദ്ദുകളുടെ വിഷയത്തില്‍ സിദ്ദീഖ് തങ്ങള്‍ കാണിച്ച കണിശതയായിരുന്നു ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് വാദിച്ചവരുടെ മുനയൊടിക്കുന്നതില്‍ ഇമാം കൈകൊണ്ടത്. ഖുര്‍ആന്‍ സൃഷ്ടിവാദവുമായി ബന്ധപ്പെട്ട് മുഅതസലി ചിന്തകള്‍ പ്രചരിച്ച കാലമായിരുന്നു അത്. മുഅ്ത്തസലീ പണ്ഡിതനായ അഹ്മദ് ബിനു അബി ദുആദാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. ഒടുവില്‍ അവര്‍ ഭരണത്തെ സ്വാധീനിക്കുകയും ഭരണാധികാരി മഅ്മൂനെ ഈ ആശയക്കാരന്‍ ആക്കി.

 

ഫവാസ് മൂര്‍ക്കനാട്

Leave a Reply

Your email address will not be published. Required fields are marked *