General Health Hihgligts Latest Shabdam Magazine ആരോഗ്യം പഠനം പരിചയം ലേഖനം ശാസ്ത്രം സമകാലികം

അമീബിക് മസ്തിഷ്ക ജ്വരം ;ഭയപ്പെടേണ്ടതുണ്ടോ?!

         

 “Brain eating amoeba” എന്നറിയപ്പെടുന്ന അമേബിക് മസ്തിഷ്ക ജ്വരം വീണ്ടും കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ്. പിടിപ്പെട്ടാൽ 99.99ശതമാനവും മരണപ്പെടാൻ സാധ്യതയുള്ള ഈ അസുഖം മലപ്പുറം ജില്ലയിലെ ചില ഇടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.കൊടും ചൂടിന് ആശ്വാസമേകിയുള്ള മഴയുടെ വരവിലൂടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വരണ്ട കുളങ്ങളും തോടുകളും, വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്നത്.ലോകത്തിൽ തന്നെ വളരെ അപൂർവമായി കാണപ്പെടുന്ന ഈ അസുഖം, ഏകദേശം 15 ഓളം രാജ്യങ്ങളിലാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്. അതിൽ അമേരിക്കയിൽ 1998 നും 2009 നും ഇടക്ക് 35 കേസുകൾ റിപ്പോർട്ട്‌ ചെയ്തതായും പഠനങ്ങൾ പറയുന്നു. കേരളത്തിൽ 2017 യിൽ ആലപ്പുഴയിലാണ് ഇതാദ്യമായി റിപ്പോർട്ട്‌ ചെയ്തത്.പിന്നീട്,2023 ജൂലൈയിൽ ഇതേ രോഗം ബാധിച്ച് ഒരു 15 കാരൻ മരണമടഞ്ഞിരുന്നു.

ഇനി ഈ അസുഖത്തെ പറ്റി വിശദമായി അറിയാം..

“Primary amoebic meningioencephalitis”(PAM)അഥവാ ‘അമീബിക് മസ്തിഷ്ക ജ്വരം’ എന്നാണ് ഈ അസുഖത്തിന്റെ യഥാർത്ഥ പേര്.”Naegleria floweri”എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഒരുതരം അമീബയാണ് ഈ അസുഖം പകർത്തുന്നത്.

Negleria ഇളം ചൂടുള്ള കെട്ടികിടക്കുന്ന ജലാശയങ്ങളിലാണ് ഏറെയും കാണപ്പെടുന്നത്. അത്തരത്തിലുള്ള കുളങ്ങളിലും swimming pool കളിലും കുളിക്കുന്ന ആരോഗ്യവാന്മാരായ കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് അസുഖം ഏറെ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഇനി ഈ അസുഖം എങ്ങനെയാണ് പകരുന്നതെന്ന് നോക്കാം.പതിനായിരത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന ഈ അസുഖം,മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടികിടക്കുന്ന ജലാശയങ്ങളായ സ്വിമ്മിംഗ് പൂളുകൾ, കുളങ്ങൾ മുതലായവയിൽ മുങ്ങിക്കുളിക്കുന്നത് മൂലം അവയിൽ സ്വതന്ത്രമായി ജീവിക്കുന്ന ഈ അമീബ മൂക്കിലെ ചെറിയ നേർത്ത അരിപ്പ പോലെയുള്ള cribriform പാളിയിലൂടെ തലച്ചോറിൽ എത്തുകയും മസ്തിഷ്ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നു.എന്നാൽ അമീബയുള്ള ജലം കുടിക്കുന്നത് വഴി അസുഖം വരില്ല എന്നതും അല്പം ആശ്വാസമേകുന്ന കാര്യമാണ്.ഇനി ഇത് കൂടുതലും കുട്ടികളിൽ കാണപ്പെടാനും കാരണങ്ങളുണ്ട്. പ്രധാനമായും ഈ പ്രായങ്ങളിൽ ഇത്തരം ജലശയങ്ങളിൽ dive ചെയ്യാനും മുങ്ങിക്കുളിക്കാനുമുള്ള സാധ്യത ഈ പ്രായത്തിൽ ഏറെയാണ്, മറ്റൊരു കാരണം നേരത്തെ പറഞ്ഞ അരിപ്പപോലെയുള്ള മൂക്കിനകത്തെ cribriform പാളികളുടെ വളർച്ച ഈ പ്രായത്തിൽ പൂർണ്ണാവസ്ഥയിൽ എത്താത്തതുകൊണ്ടും കൂടെയാണ്.പ്രതിരോധ ശേഷി കുറവുള്ള പ്രായമായവരിലും ഈ അസുഖം വരാമെന്ന് പഠനങ്ങൾ പറയുന്നു.

രോഗത്തിന്റെ ലക്ഷണണങ്ങളെ പറ്റി പറയുമ്പോൾ,രോഗത്തിന് കാരണമായ അമീബ ശരീരത്തിൽ കയറി ഒരു 3 മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും (Incubation period).തുടക്കത്തിൽ കടുത്ത പനി,തലവേദന, ഛർദി തുടങ്ങിയവയാണ് കാണപെടുന്നത്, എന്നാൽ മറ്റു പല അസുഖങ്ങൾക്കും ഇതേ ലക്ഷണങ്ങൾ ഉള്ളതിനാൽ ഈ സമയത്ത് ആരും വലിയ ചികിത്സകളൊന്നും തേടാറില്ല.എന്നാൽ,അസുഖം രൂക്ഷമാകുന്നത്തോടെ തലച്ചോറിൽ അണുബാധ മൂർച്ഛിച്ചു വരും. തുടർന്ന് അപസ്മാരം, ഓർമ്മ നഷ്ടപ്പെടൽ എന്നിവ കാണിക്കാം. ഈ സമയത്തിലാണ് അസുഖത്തെ “അമീബിക് മസ്തിഷ്ക ജ്വരം” എന്ന് വിശേഷിപ്പിക്കുക. അസുഖം ബാധിച്ച് 7 മുതൽ 10 ദിവസത്തിനകം മരണമടയുന്നതും വളരെ സാധാരയാണ്.

ഈ അസുഖത്തിന്റെ രോഗ നിർണയം നടത്തുന്നത് നട്ടെല്ല് കുത്തിയുള്ള പരിശോധനയിലൂടെയാണ്(Cerebrospinal fluid). ചലിക്കുന്ന Naegleria യുടെ ലാർവകളെ (Trophozoites) മൈക്രോസ്കോപ്പിലൂടെയുള്ള CSF സ്രവപരിശോധനയിൽ കാണാൻ സാധിക്കും.ബാക്റ്റീരിയകൾ കാരണം ഉണ്ടാക്കുന്ന മസ്തിഷ്ക ജ്വരത്തിൽ കാണപ്പെടുന്ന അതേ രീതിയിലുള്ള ലബോററ്ററി പഠനഫലങ്ങലും ഇവിടെ കാണാൻ സാധിക്കും.

ഈ അസുഖത്തിന്റെ ചികിത്സയെ പറ്റി പറയുമ്പോൾ, ഇന്ത്യയിൽ ഫലപ്രദമായ ചികിത്സ നിലവിൽ ഇല്ല. ഈ അമീബക്കെതിരെ ഫലാവത്തം എന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകകുടെ മിശ്രിതം(High-dose amphotericin B and rifampin in combination)കൊണ്ടാണ് ചികിൽസിക്കുന്നത്.

ഇനി ഈ അസുഖത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ ഭാഗമാണ് വിശദീകരിക്കുന്നത്, അഥവാ ഈ അസുഖത്തെ എങ്ങനെ തടയാം എന്ന്. നമ്മൾ സാധാരണ പറയാറുള്ള “രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്”എന്ന ആപ്തവാക്യം അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. അഥവാ, ഈ മഴക്കാലത്ത് കഴിവതും കെട്ടിക്കിടക്കുന്നതോ, വൃത്തിഹീനമായതോ ആയ ജലാശയങ്ങളിൽ കുളിക്കുകയോ മുഖം വൃത്തിയാക്കുകയോ ചെയ്യാതിരിക്കുക. അത്പോലെ, സ്വിമ്മിംഗ് പൂളുകൾ നിക്ഷിത വേളകളിൽ ക്ളോറിനേഷൻ ചെയ്ത് അണുവിമുക്തമാക്കുക.കെട്ടികിടക്കുന്ന കുളങ്ങളും മറ്റു ജലശയങ്ങളിൽ ക്ളോറിനേഷൻ പ്രോട്ടോകോൾ നടപ്പാക്കാൻ വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുക. കുളിക്കുമ്പോൾ പ്രത്യേകിച്ച് കുട്ടികൾ, ചാടിക്കുളിക്കുന്നതും dive ചെയ്ത് കുളിക്കുന്നതുമൊക്കെ ഉപേക്ഷിക്കുക. അത്പോലെ ഇത്തരം ജലാശയങ്ങളിൽ നീന്തുമ്പോൾ തല ഉയർത്തി നീന്താൻ ശ്രമിക്കുക,മുങ്ങുകയാണെങ്കിൽ Nose ക്ലിപ്പ് ഉപയോഗിച്ച് മുങ്ങാനും ശ്രമിക്കുക.അത്പോലെ പ്രതിരോധ ശേഷി കുറവുള്ള പ്രായമായവരിലും ഈ അസുഖം കാണാൻ സാധ്യത ഉള്ളതിനാൽ ആ പ്രായക്കാർ സംശയാതീതമായ ജലശയങ്ങളിലേക്ക് പോകാതിരിക്കാനും ശ്രമിക്കുക.രോഗം പിടിപ്പെട്ടെന്ന് സംശയം തോന്നിയാലോ, അല്ലെങ്കിൽ രോഗം സ്ഥിരീകരിച്ച ജലാശയങ്ങളുമായി സമ്പർക്കം ഉണ്ടാവുകയോ ചെയ്താൽ ഉടനടി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. നമ്മെ ഏറെ ഭയപ്പെടുത്തിയ മറ്റു പകർച്ചവ്യാധികളെ പോലെ ഇത് ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് പകരാൻ സാധ്യതയില്ലാത്തത് കൊണ്ട് തന്നെ ഇതിനെ ഭയക്കേണ്ടതില്ല,മറിച്ച് ജാഗ്രതയാണ് വേണ്ടത്..അതെ,അതീവ ജാഗ്രത!!

Refences:-HARRISON’S priciples of internal medicine (Protozoal infections;Amebiasis and infection with free-living amebas)

Paniker’s text book of medical parasitology.

✍Dr. Midlaj kk, vadasseri

MBBS, Govt.TD Medical college, ALAPPUZHA

2 Replies to “അമീബിക് മസ്തിഷ്ക ജ്വരം ;ഭയപ്പെടേണ്ടതുണ്ടോ?!

Leave a Reply

Your email address will not be published. Required fields are marked *