Shabdam Magazine കവിത മരുനിലാവ് 2024

മുഹിബ്ബോട്ടോ …

മുഹിബ്ബോട്ടോ

ഓട്ടോ ഓടിച്ചായിരുന്നു
അപ്പൻ ഞങ്ങളെ
പള്ള നീർത്തിയിരുന്നത്.
ഓട്ടം കൊറഞ്ഞാല്
കഞ്ഞീടളവ് കൊറയും.
കടം ചോയിച്ച് വരണോലെ
മുമ്പില്,
അപ്പന് വടി മുണ്ങ്ങിയ
നിർത്തം നിൽക്കും.

വാങ്ങിയ
ഓട്ടോകൾക്കെല്ലാം ദീനമായി.
എല്ലാരും ഷഡ്ഡില്
ശയ്യയില് കിടപ്പായി.
പഞ്ചറ്, എഞ്ചിന് കേട്,
വീല് പൊട്ടല്, ഉള്ളീന്നുള്ള
മൊരൾച്ച,
പലജാതി സുക്കേടുകൾ.

ഒരൂക്കൻ മഴയില്
ഉള്ള് നനഞ്ഞ് കുതിരുന്ന കുടിയായിരുന്നു ഞങ്ങളുടേത്.
അകിടുവറ്റിയയൊരു
പശുവുണ്ടായിരുന്നു വീട്ടില്.
എത്രയൂറ്റിയാലും
അമ്മിണീടെ പാല്
അഞ്ച് ക്ലാസ് തികയൂല.

പള്ളിപ്പെരുന്നാളിൻ്റന്ന്
ഫുള്ള് ഫിറ്റിൽ
കുടിച്ചാടിയ അപ്പൻ
അമ്മച്ചിയോട് മുട്ടൻ
തെറി പറഞ്ഞു.
പേരക്കിടാങ്ങളെ
പേടിപ്പിച്ചു.
ചേച്ചിയെ ചീത്ത പറഞ്ഞു.

എന്നിട്ടും,
എന്നൊന്നും
സുഖപ്പൊറുതിക്കായി
അമ്മച്ചീടെ ഉള്ള്
പിറുപിറുത്തോണ്ടിരുന്നു.

അങ്ങനെയിരിക്കെ,
അമ്പിളിക്കണ്ടം
പുഞ്ചിരി വിതറിയ
പന്ത്രണ്ടിൻ്റെ രാത്രീല്
അങ്ങീന്നും ഇങ്ങീന്നും
പണമൊപ്പിച്ച് പുതിയ ഓട്ടോ വാങ്ങി.

മൊയ്തീന് പള്ളീല്
ത്വലഅൽ ബദ്റു പാടുമ്പോ,
ഞങ്ങളെ കുടീലേക്ക്
‘മുഹിബ്ബോട്ടോ’ വിരുന്നെത്തി.

പയ്യ പയ്യെ,
മുഹിബ്ബോട്ടോ നാടുചുറ്റി.
റൂട്ടേതായാലും അവസാനം
കുണ്ടൂരിലും, മമ്പൊറ്ത്തും
ഓട്ടോയെത്തി.
ഓട്ടോയിൽ പാട്ടിട്ടാൽ
ബുർദയിലും മൗലൂദിലും
അവസാനിച്ചു.
അപ്പൻ്റെ കള്ള് കുടി മാറി,
അമ്മിണീടെ അകിട് നെറഞ്ഞു,
കുരിശിങ്കലില്
ഉള്ള് നനയാത്ത കുടി കേറ്റി,
പേരക്കിടാങ്ങളെ
പുറംകേറ്റി അപ്പൻ കുതിരകളിപ്പിച്ചു,
അപ്പൻ ചേച്ചിയെ
‘ഫാത്തിമാ’ന്ന് നീട്ടി വിളിച്ചു,
കുടിയിലാതെ സുഗന്ധം പരന്നു.
സൗഭാഗ്യങ്ങൾ പടികയറിയെത്തി.

എന്നിട്ടുമതിൻ്റെ
കാരണങ്ങളൊന്നും
അമ്മയും
അപ്പനുമറിഞ്ഞില്ല.

ജനാലിലൂടെ
നിലാവ് എത്തിനോക്കിയ
രാത്രീല് അമ്മ അപ്പനോട് ചോദിച്ചു:
ഏത് യേശുവാണ്
നിങ്ങളെ കാത്തത്!
അപ്പന് ഒരെത്തും
പിടിയും കിട്ടിയില്ല.

അലി മൊല്ലാക്ക
ഓട്ടോറിക്ഷ
തരുമ്പോ,
അതിലെഴുതിവെച്ചിരുന്നത്
അപ്പനോർത്തെടുത്ത്
വായിച്ചു:
‘മുഹിബ്ബോട്ടോ ‘

ഇന്നുമത്,
ഓടുന്നു
ദീനം പിടിക്കാതെ
എണ്ണ തീരാതെ
മഹബൂബിലേക്ക്..!

#Marunilav All Kerala Poetry Writing Competition
EL-BURUQ,Meelad Campaign

പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട കവിത.
അവാർഡ് ജേതാവ്
ശാമിൽ ചുള്ളിപ്പാറ
(വെട്ടിച്ചിറ ജാമിഅ മജ്‌മഅ് തസ്കിയ്യത്തിൽ ഇസ്ലാമിയ്യയിലെറാഫിഈ ബിരുദ വിദ്യാർത്ഥി. മലപ്പുറം ജില്ലയിലെ വെന്നിയൂരിനടുത്തുള്ള ചുള്ളിപ്പാറയാണ് സ്വദേശം.ആനുകാലികങ്ങളിൽ കവിതകളുംവിവർത്തനങ്ങളും എഴുതുന്നു.ആദ്യ പുസ്ത‌കം ‘തേനാറുകൾ’ ഐ.പി. ബി യാണ് പ്രസിദ്ധീകരിച്ചത്.)

One Reply to “മുഹിബ്ബോട്ടോ …

Leave a Reply

Your email address will not be published. Required fields are marked *