ലോകത്തിന്റെ സ്ഥിതിഗതികള്‍ മാറുന്നതോടൊപ്പം തലമുറകള്‍ക്കും പരിണാമം സംഭവിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. നമ്മുടെ പൂര്‍വികര്‍ ദാരിദ്ര്യത്താലും പട്ടിണിയാലും മോശപ്പെട്ട ജീവിത സാഹചര്യത്താലും ജീവിച്ചവരായിരുന്നുവെങ്കില് ആസ്വാദനങ്ങളുടെ പറുദീസയിലൂടെയാണ് പുതിയ തലമുറയുടെ ജീവിതം. ദൈനംദിനം ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് നവതലമുറയുടെ ജീവിത രീതികള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ന്യൂജന്റെ സംസ്കാരത്തിലും ഭക്ഷണ രീതിയിലും ഭാഷാ ശൈലിയിലുമെല്ലാം ഈ വ്യത്യാസങ്ങള്‍ ദൃശ്യമാണ്. തന്തവൈബ്, ക്രിഞ്ച്, പട്ടി ഷോ, pooki, skibidi, scene തുടങ്ങി പഴയ ആളുകള്‍ക്ക് അന്യമായ ഭാഷാ ശൈലിയാണ് ന്യൂജന്‍ പിള്ളേര്‍ക്കുള്ളത്. മനുഷ്യ തലമുറയെ ഗവേഷകര്‍ നിരവധി തലമുറകളാക്കി തിരിച്ചിട്ടുണ്ടെങ്കിലും ആധുനിക തലമുറ ഇന്ന് ജനറേഷന് ബീറ്റയില്‍ എത്തി നില്ക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട തലമുറകളിലൊന്നാണ് “The Greatest generation” എന്ന പേരില്‍ അറിയപ്പെടുന്നവര്‍. ഇവര്‍ 1900 നും 1924 നും ഇടയില്‍ ജനിച്ചവരാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഏതെങ്കിലും വിധേന അതിന്റെ വിജയത്തിന് സേവനമനുഷ്ടിച്ചവരോ പ്രയത്നിച്ചവരോ ഏറ്റവും വലിയ മഹാമാന്ദ്യം അനുഭവിച്ചരോ ആണിവര്‍. രണ്ടാമത്തേത് “Silent generation” എന്നറിയപ്പെടുന്നു. 1925 നും 1945 നും ഇടയില്‍ ജനിച്ച ആളുകളാണിവര്‍. പിന്നാലെ വരുന്നവര്‍ “Baby Boomer generation” എന്നറിയപ്പെടുന്നു. ഇവര്‍ 1946 മുതല്‍ 1964 വരെ ജനിച്ചവരായി കണക്കാക്കപ്പെടുന്നു. തൊട്ടുടനെ 1965 മുതല്‍ 1980 വരെയുള്ള കാലയളവില്‍ ജനിച്ചവരെ Generation ‘X’ എന്ന് പറയും. അഞ്ചാമത്തേത് Generation ‘Y’. 1981 മുതല്‍ 1996 ന്റെ ഇടയില്‍ ജനിച്ചവര്‍. ഇവരാണ് ഇന്റര്‍നെറ്റ് ആദ്യമായി ഉപയോഗിച്ചു വളര്‍ന്നത്. ആറാമത്തെത് Generation ‘Z’. അഥവാ 1997 മുതല്‍ 2012 വരെ ജനിച്ചവരാണവര്‍. അടുത്തത് “Generation Alpha”. ഇവര്‍ 2012 മുതല്‍ 2025 വരെ ജനിച്ചവരും. അതിന് ശേഷം ജനിച്ചവര്‍ “Generation Beta” എന്ന പേരിലുമറിയപ്പെടുന്നു. Generation Z മുതലുള്ളവരെയാണ് ഇന്ന് സമൂഹത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അതിന് കാരണം അവര്‍ക്കിടയില്‍ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും വര്‍ദ്ധിക്കുന്നു എന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് തന്നെയാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ Generation Y ല്‍ പെട്ട 18 വയസ്സിനും 26 വയസ്സിനും ഇടയിലുള്ളവരില്‍ നടത്തിയ സര്‍വേയില്‍ 52% ആളുകളും പറഞ്ഞത് തങ്ങളുടെ മെന്റല്‍ ഹെല്‍ത്ത് നോര്‍മല്‍ ആണെന്നാണ്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം Gen Z കളിലെ അതേ പ്രായത്തിലുള്ള കുട്ടികളില്‍ നടത്തിയ സര്‍വ്വേയില്‍ അത് 15 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഈ കാലഘട്ടത്തിലെ മനുഷ്യര്‍ ജീവിക്കുമ്പോള്‍ തന്നെയാണ് ആധുനിക സാങ്കേതികവിദ്യയുടെ ഉയര്‍ച്ചയും. അതുകൊണ്ടുതന്നെ പുതിയ തലമുറ സോഷ്യല്‍ മീഡിയക്കും ആധുനിക ടെക്നോളജികള്‍ക്കും അഡിക്റ്റായി മാറിയ സാഹചര്യമാണ്. എങ്കിലും പുതിയ കാലഘട്ടത്തിന്റെ സന്തതികള്‍ പൂര്വ്വകാലരേക്കാള് വലിയ മാനസിക സംഘര്‍ഷങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നുണ്ടെന്നതാണ് വസ്തുത. മുന്‍കാല ജനതയുടെ ജീവിത ശൈലികള്‍ നിരീക്ഷിച്ചാല്‍ അവര്‍ സംശയനിവാരണം നടത്തിയിരുന്നത് രക്ഷിതാക്കളുടെയോ അടുത്ത് നിന്നോ അധ്യാപകരുടെയോ പക്കലില്‍ നിന്നോ കൂട്ടുകാരുടെയോ നിന്നോ അതുമല്ലെങ്കില്‍ പുസ്തകങ്ങളില്‍ നിന്നോ ആയിരുന്നു. അവരുടെ ഒഴിവു സമയങ്ങള്‍ കൂട്ടുകാരുമൊന്നിച്ചോ കുടുംബക്കാരുമൊന്നിച്ചോ ചിലവഴിക്കുന്നവരായിരുന്നു. എന്നാല്‍ പുതിയ തലമുറകള്‍ക്ക് സംശമുണ്ടായാല്‍ ഉടന്‍ Google, Chat GPT തുടങ്ങിയ സംവിധാനങ്ങളെയാണ് ആശ്രയിക്കുക. അവരുടെ ഒഴിവുസമയങ്ങളില്‍ ഭൂരിഭാഗവും Instagram, Snapchat, Dating apps തുടങ്ങിയ ആപ്പുകളിലായിരിക്കും. അത്രത്തോളം പുതിയ തലമുറ Gadgets നോടും സോഷ്യല്‍ മീഡിയകളോടും ബന്ധപ്പെട്ട് കിടക്കുന്നു. ഇവരുടെയും ടെക്നോളജിയുടെയും വളര്‍ച്ച ഒരുമിച്ചായത് കൊണ്ട് തന്നെ ഡിവൈസുകളും സാമൂഹിക മാധ്യമങ്ങളും ജീവിതത്തിന്റെ ഭാഗമായിട്ടാണ് അവര്‍ കരുതുന്നത്. അതിനാല്‍ ഇവര്‍ നേരിടുന്ന ഏറ്റവും വലിയ മാനസിക പ്രശ്നമാണ് Hyperreality. ഫ്രഞ്ച് സോഷ്യോളജിസ്റ്റായ JEAN BAUDRILLARD ആണ് ഈ തത്വം കൊണ്ടുവന്നത്. റിയാലിറ്റിയും ഇമേജിനേഷനും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത ഒരു പ്രത്യേക തരം മാനസികാവസ്ഥയാണിത് . ഇത്തരത്തില്‍ നിരവധി മാനസിക വെല്ലുവിളികള്‍ ഈ തലമുറ നേരിടുന്നുണ്ട്. ഈ സംഘര്‍ഷങ്ങള്‍ ഇല്ലാതെയാക്കാന്‍ ലഹരി പോലെയുള്ള താല്‍ക്കാലിക സുഖാസ്വാധനങ്ങളിലേക്ക് ഇക്കൂട്ടര്‍ ചെന്നെത്തുന്നു. അത് കുറ്റകൃത്യങ്ങളിലേക്കും ആത്മഹത്യകളിലേക്കും അവരെ കൊണ്ടെത്തിക്കുന്നു. ഇങ്ങനെ ആരോഗ്യകരമല്ലാത്ത ചിന്തകള്‍ കുട്ടികളിലേക്കെത്താന്‍ നിരവധി കാരണങ്ങളുണ്ട്.
Brain Rot
2024ലെ Word of the year ആയി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല Brain Rot എന്ന വാക്കിനെയാണ് തെരഞ്ഞെടുത്തത്. നിലവാരം കുറഞ്ഞ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതിന്റെ ആഘാതത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു പദമായിട്ടാണ് ബ്രെയിന്‍ റോട്ട് എന്ന വാക്കിനെ പരിചയപ്പെടുത്തുന്നത്. ഒരു വയസ്സുകാരന് മുതല്‍ വൃദ്ധ ജനങ്ങള്‍ വരെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്നവരാണ്. റീല്‍സുകളും ഷോര്‍ട്ട് വീഡിയോകളുമാണ് അവര്‍ക്ക് ഏറ്റവും പ്രിയം. മണിക്കൂറുകളാണ് അവര്‍ ഇതിലായി ചെലവഴിക്കുന്നത്. ഇത് വലിയ മാനസിക രോഗങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്നത് പഠനങ്ങള്‍ തെളിയിക്കുന്നു. വൈകിയുളള ഉറക്കം നിത്യമാക്കുന്നതിലൂടെ അവരുടെ ആരോഗ്യ സ്ഥിതി മോശമാകുന്നു. ഇത്തരം പ്രവണത വര്‍ദ്ധിക്കുമ്പോള്‍ ബാല്യത്തില്‍ തന്നെ മാനസികമായി തളരുകയും പെട്ടെന്ന് ദേഷ്യം വരികയും ചെയ്യുന്നു. ഈ ശീലം മോശപ്പെട്ട ഒരു സ്ഥിതിവിശേഷത്തിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കുന്നു. ഷോര്‍ട്സുകളില്‍ മാത്രം അഭയം പ്രാപിക്കുന്നവരായ കുട്ടികളാണ് നമുക്ക് ചുറ്റില്‍ അധികവുമുള്ളത്. ഇത്തരം ഷോര്ട്സുകള് പതിവാക്കുന്നതിലൂടെ ഒരല്‍പ്പം സമയ ദൈര്‍ഘ്യമുള്ളതും ഉപകാരപ്രദവുമായ വീഡിയോകള്‍ കാണാന്‍ താല്പര്യമില്ലാതെ വരുന്നു. പുതിയ കാലത്തെ കുട്ടികള്‍ ആരോഗ്യകരമായ സ്ക്രീന്‍ ടൈമിങ്ങിനപ്പുറം നിലവാരം കുറഞ്ഞതും എന്റര്ടൈനിംഗുമായ കണ്ടെന്റുകള് മാത്രം സെലക്ട് ചെയ്യുന്നത് വഴി അവരുടെ ചിന്താശേഷി മോശമാകാന്‍ കാരണമാകുകയും അത് നിഷ്ക്രിയമായ ഒരു ഭാവിയിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പാഴ് കണ്ടെന്റുകള് കാണുന്നതിലൂടെയുണ്ടാകുന്ന മാനസിക ക്രമക്കേടുകള്‍ പടിപടിയായി തങ്ങളുടെ നിത്യജീവിതത്തിലേക്കും കടന്നു കയറുന്നുവെന്നത് അവര്‍ മനസ്സിലാക്കുന്നില്ലെന്നത് വലിയ ദുരന്തം തന്നെയാണ്.
Show off Culture
സോഷ്യല്‍ മീഡിയാ താരങ്ങളുടെ ആര്‍ഭാട പരിവേഷം ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ച് രാജകീയ ജീവിത ത്തിന്റെ മുഖമൂടിയണിഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന താരപരിവേഷകര് ഇന്ന് ഏറെയാണ്. ഇത്തരം പോസ്റ്റുകള്‍ക്കുള്ള ലൈക്കുകളും കമെന്റ്സുകളും കണ്ട് പുളകം കൊള്ളുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെട്ടുവരുന്നുവെന്നത് ആശങ്കാജനകമാണ്. സത്യത്തില്‍ ഇത്തരം പോസ്റ്റുകളൊക്കെയും വെറും ലൈക്കുകളുടെയും മറ്റും കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമാണ്. ഇത് മനസ്സിലാകാത്ത ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നു എന്നുള്ളത് ഖേദകരമാണ്. സോഷ്യല്‍ മീഡിയകളിലെ ഇന്ഫ്ളുവന്സേസ് അവരുടെ പണവും പ്രതാപവും പബ്ലിക്കിനോട് പറയുമ്പോള്‍ അത്തരത്തില്‍ തനിക്കും ആകണമെന്നുള്ള മോഹം ഇത്തരം സമൂഹങ്ങളില്‍ ഉടലെടുക്കുകയും അതിനുവേണ്ടി ഇവര്‍ ദുര്‍വാശി പിടിക്കുകയും എന്ത് ക്രൂരത കാണിച്ചും ഇത്തരം ആഗ്രഹങ്ങള്‍ സാധിച്ചെടുക്കാനുള്ള മന:ശക്തി കൈവരിക്കുകയും ചെയ്യുന്നു. “നിങ്ങള്‍ പണക്കാരനായി ജനിക്കാത്തത് നിങ്ങളുടെ കുറ്റമല്ല, എന്നാല്‍ നിങ്ങള്‍ പണക്കാരനായി ജീവിക്കാത്തത് നിങ്ങളുടെ കുറ്റമാണ്” തുടങ്ങിയുള്ള പോപ്പുലര്‍ വാചകങ്ങളും ആര്‍ഭാട ജീവിത ശൈലികളുമാണ് ഇത്തരം ഇന്‍ഫ്ളുവന്‍സേഴ്സ് പൊതു സമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്ന സംഭാവന. ഐഫോണ്‍ പോലെയുള്ള വിലപിടിപ്പുള്ള ഫോണുകളും വാഹനങ്ങളും ഇല്ലാത്തവര്‍ സമൂഹത്തില്‍ വിലയില്ലാത്തവരാണ് എന്നതുപോലെയുള്ള തെറ്റായ ധാരണകള്‍ ഇവര്‍ സമൂഹത്തിന് നല്കുന്നു. ഇത്തരത്തിലുള്ള മെസ്സജേുകള് പുതിയ തലമുറയിലേക്ക് എത്തുമ്പോള്‍ സാമ്പത്തികശേഷിയില്ലാത്ത രക്ഷിതാക്കളോട് വാശിപിടിക്കുകയും രക്ഷിതാക്കള്‍ അവര്‍ക്കു മുന്നില്‍ നിസ്സഹായരാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള മക്കളുടെ രക്ഷിതാക്കള്‍ പണമില്ലെങ്കിലും EMI പോലെയുള്ള സംവിധാനങ്ങള്‍ തേടി മക്കളുടെ ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും സാമ്പത്തിക ഭദ്രതയില്ലാത്ത രക്ഷിതാക്കള്‍ പിന്നീട് വലിയ കടക്കാരായി മാറുകയും ചെയ്യുന്നു. ഇത് കേവലം സൂപ്പര്‍ ബൈക്കുകളിലോ ഗാഡ്ജറ്റുകളിലോ ഒതുങ്ങുന്നതല്ല. ഇന്റര്‍നാഷണല്‍ ട്രിപ്പുകളുടെയും എക്സ്പെന്‍സീവ് സ്കിന്‍ കെയറുകളുടെയും ഡ്രസ്സ്, ഫുഡ് എന്നിവ യിലേക്കും വ്യാപിക്കുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ അവരുടെ പെയ്ഡ് പ്രമോഷന്റെ ഭാഗമായി എക്സ്പെന്‍സീവ് ആയ പല പ്രൊഡക്ടുകളും പരിചയപ്പെടുത്തുമ്പോള്‍ ഇതെല്ലാം തനിക്കും അത്യാവശ്യം ആണെന്നുള്ള ധാരണ അവരിലേക്ക് കുത്തിവെക്കപ്പെടുന്നു. ഇത് വാങ്ങാന്‍ ആയിരങ്ങള്‍ ചെലവഴിക്കുന്നു. പണം സ്വരൂപിക്കാന്‍ പലവഴികളും സ്വീകരിക്കുന്നു. പിന്നീട് ഇതെല്ലാം ജീവിതത്തില്‍ വലിയ ഭാരമായി മാറുന്നു. പുതുതലമുറ ഒരു ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ആ ഫോട്ടത്തിന്റെ ക്ലാരിറ്റി മുതല്‍ സ്കിന്നിന്റെ Texture വരെ ഷോ ഓഫിന്റെ ഭാഗമാകുന്നു. തങ്ങളുടെ ഫോട്ടോയില്‍ എന്തെങ്കിലും കുറവ് വന്നാല്‍ വലിയ അപമാനമായി ഇവര്‍ കണക്കാക്കപ്പെടുന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവിത അധ്യാപനങ്ങള്ക്കപ്പുറം ഇന്ന് സോഷ്യല്‍ മീഡിയകളിലെ ഇന്‍ഫ്ളുവന്‍സേഴ്സാണ് പുതിയ തലമുറ എന്ത് ധരിക്കണമെന്നും എന്തെല്ലാം ഭക്ഷിക്കണമെന്നും ഏത് സംസ്കാരം സ്വീകരിക്കണമെന്നും തീരുമാനിക്കുന്നത്.
K Dramas
2000 ന്റെ തുടക്കത്തിലാണ് K dramas, k pop തുടങ്ങിയവയെല്ലാം ഇന്ത്യയിലെത്തുന്നത്. അക്കാലത്ത് കൊറിയന്‍ ഡ്രാമകള്‍ക്ക് വലിയ ആരാധകര്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ 2012 മാറ്റത്തിന്റെ കാലമായിരുന്നു. Psy യുടെ‘Gangnam style’ പാട്ടിന്റെ വരവോടെ കൊറിയന്‍ മ്യൂസിക്കുകളും കൊറിയന്‍ ഡ്രാമകളും പ്രചാരത്തിലേറി.’Ganganam style’ എന്ന പാട്ടിന് YouTube ല്‍ ബില്ല്യണ്‍ കണക്കിന് കാഴ്ച്ചക്കാരെ ലഭിച്ചു. കൊറിയന്‍ ഡ്രാമകള്‍ക്ക് ഇന്ത്യയില്‍ ശരിക്കുമുള്ള വഴിത്തിരിവ് 2018 ന് ശേഷമായിരുന്നു. 2018 ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന കൊറിയന്‍ പ്രസിഡന്റ് Moon Jae നോട് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് ഗോവിന്ദ് പറഞ്ഞത് ‘ ” And it is not just goods, Korean popular culture has also charmed us. From Gangnam Style to Korea’s band “BTS”, our youth are captivated by the tunes of these iconic pop groups —even if many of them have never visited Gangnam! Our people, indeed, share common tastes; from music to cuisine, from the roll of drums to the tanginess of Kimchi” എന്നായിരുന്നു. അഥവാ നമ്മുടെ യുവാക്കള്‍ ഇതുവരെ കൊറിയ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും സംഗീതം മുതല്‍ പാചകരീതി വരെ, ഡ്രംസ് റോള്‍ മുതല്‍ കിമ്മിയുടെ രുചി വരെ, നമ്മുടെ ആളുകള്‍ തീര്‍ച്ചയായും പൊതുവായ അഭിരുചികള്‍ പങ്കിടുന്നു എന്നായിരുന്നു. കൊറോണ സമയത്ത് ജനങ്ങള്‍ പല ഭാഷയിലുള്ള സിനിമകളും സീരീസുകളും കണ്ടപ്പോള്‍ ടീനേജേഴ്സ് കാര്യമായും കണ്ടത് കൊറിയന്‍ ഡ്രാമകളും കൊറിയന്‍ മ്യൂസിക് ബാന്‍ഡുകളുമാണ്. 2020 ന് ശേഷം K dramas കാണുന്ന ഇന്ത്യക്കാരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചുവെന്ന് Euromonitor Data യുടെ കണക്കുകളില്‍ പറയുന്നു. 2023 ല്‍ Netflix നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നത് 60% Netflix ഉപഭോക്താക്കളും ഏതെങ്കിലും ഒരു കൊറിയന്‍ ഡ്രാമ കാണുന്നവരാണെന്നാണ്. 2020 ജനുവരിയില്‍ BTS ലോകതലത്തില്‍ 68ാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഒക്ടോബര്‍ ആയപ്പോഴേക്കും 2.3 Million streams മായി BTS 8ാം സ്ഥാനത്തെത്തി. അത് വഴി ലോകത്ത് ഏറ്റവും ഫാന്‍സ് ഉള്ള മ്യൂസിക് ബാന്‍ഡുകളിലൊന്നായി BTS ആയി മാറി. ഇന്ന് മിക്ക സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് കേരളത്തില്‍ പോലും BTS നും K dramas നും നിരവധി ഫാന്സുകള് ഉണ്ട്. BTS നോടുള്ള ആരാധനകാരണം BTS Army ഗ്രൂപ്പില്‍പ്പെട്ട തമിഴ്നാട്ടിലെ മൂന്ന് പെണ്‍കുട്ടികള്‍ BTS നെ കാണാന്‍ വെറും 14,000 രൂപ കൊണ്ട് നാട് വിടുകയും കാണാതായ പെണ്‍കുട്ടികളെ പോലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതും സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ്. മാത്രമല്ല പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഒരിക്കല്‍ കേരളത്തില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികളോടുള്ള സംഭാഷണത്തില്‍ ‘Where do you want to work’ എന്ന് ചോദിച്ചപ്പോള്‍ അവര്‍ Korea എന്ന് മറുപടി കൊടുത്തു. അത്ഭുതത്തോടെ അദ്ദേഹം why Korea? എന്ന് ചോദിച്ചപ്പോള്‍ We are BTS Army എന്ന അവരുടെ മറുപടി ആരെയും ചിരിപ്പിക്കുന്നതായിരുന്നു. പഴയ കാലത്തെ പൈങ്കിളി കഥകളും മലയാള ഡ്രാമകളുമൊന്നല്ല ന്യൂജന്‍ പിള്ളേര്ക്കിഷ്ടം. BTS Korean Thrillers, kimchi രുചികള്‍ അടങ്ങുന്ന ദക്ഷിണ കൊറിയന്‍ സംസ്കാരമാണ് അവര്‍ക്ക് പ്രിയം. ന്യൂജന്‍ പെണ്‍കുട്ടികളുടെ സംസാരം തന്നെ മലയാളി പയ്യന്മാര് എന്തിന് കൊള്ളാം എന്ന തരത്തിലാണ്. കൊറിയന്‍ സ്റ്റൈലില്‍ സംസാരിക്കാനും മുടിവെട്ടാനും സ്കിന്‍ കെയര്‍ ചെയ്യാനും വസ്ത്രം ധരിക്കാനും തുടങ്ങി. ഇങ്ങനെ കൊറിയന്‍ പോപ്പും കൊറിയന്‍ ഡ്രാമകളും കണ്ടു വളരുന്ന പുതിയ കാലത്തെ കുട്ടികളുടെ സാമാന്യ ബോധം വരെ നഷ്ടമായി എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടാണ് ആധുനിക തലമുറ കൊറിയന്‍ സ്റ്റൈലിലേക്ക് ചേക്കേറിയത് എന്ന് ചിന്തിച്ചിട്ടുണ്ടോ?.
നമ്മുടെ കൗമാരക്കാര്‍ അനുഭവിക്കുന്ന പ്രശ്ങ്ങളാണ് ഇത്തരം ഡ്രാമകളുടെ പ്രധാന തീം. പ്രണയം, പ്രണയ നിരാശ, കരിയര്‍ ആശയക്കുഴപ്പം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരം ഡ്രാമകളില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. അത്കൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ നമ്മുടെ കൗമാരക്കാര്‍ക്കും പെട്ടെന്ന് തന്നെ കണക്ട് ചെയ്യാനാകും. മാത്രമല്ല ഭയങ്കര ‘കെയറിങ്’ ഉള്ള റിച്ചായ റൊമാന്റിക് ആയ കാമുകന്മാരാണ് ഇത്തരം ഡ്രാമകളിലെ പ്രധാന നായകര്‍. ഇങ്ങനെയുള്ള ബോയ്ഫ്രണ്ട്നെ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നു. മാത്രമല്ല Hyper masculine റോളുകള്‍ ചെയ്യുന്ന കലിപ്പന്മാരേക്കാള് അവര്‍ക്കിഷ്ടം ഇത്തരത്തിലുള്ള സൗമ്യന്മാരായ എന്നാല്‍ സെന്‍സിറ്റീവായ നായകന്മാരെയാണ്. ഇങ്ങനെയുള്ള ഡ്രാമകളില്‍ നായികമാരായി വരുന്നത് നന്നായി സ്വാതന്ത്ര്യം അനുഭവിക്കുന്നവരും നല്ല സ്ട്രോങ്ങായ പെണ്‍കുട്ടികളുമാണ്. അതിനാല്‍ ഇത്തരം ഡ്രാമകളാണ് പുതിയ തലമുറകള്‍ക്ക് കാണാനിഷ്ടം. കൊറിയന്‍ ഡ്രാമകള്‍ ഇന്ത്യയില്‍ നല്ല സ്വാധീനം ചെലുത്തിയതിന്റെ ഭാഗമായാണ് Overseas T shirt, miniskirts, Korean baggy pants തുടങ്ങിയ കൊറിയന്‍ വസ്ത്ര സംസ്കാരം ഇന്ന് കേരളത്തിലടക്കം വ്യാപകമായിട്ടുള്ളത്. ഇത്തരം ഡ്രാമകള്‍ കാണുന്നതിലൂടെ തങ്ങളുടെ ചിന്താശേഷി നഷ്ടപ്പെടുന്നു എന്നത് കൗമാരം ചിന്തിക്കുന്നത് പോലുമില്ല. അവരുടെ ജീവിതം തന്നെ വൈദേശിക സംസ്കാരത്തിന് പിന്നിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
Parenting
ഈ കെട്ട കാലത്തും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ അമിതമായ വിശ്വാസമാണ്. എന്റെ മകന് / മകള്‍ നല്ലവളാണ്, അവര്‍ ദുഷ്പ്രവൃത്തി ചെയ്യില്ല തുടങ്ങിയ നല്ല ധാരണകളാണ് പല രക്ഷിതാക്കള്‍ക്കുമുള്ളത്. അവരുടെ കൂട്ടുകെട്ടിനെ കുറിച്ചോ സോഷ്യല്‍ മീഡിയകളിയിലെ ഇടപെടലുകളെ കുറിച്ചോ ഇത്തരം രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ല. ചീത്ത കൂട്ടുകെട്ടില്‍ കുടുങ്ങിയ കുട്ടികളുടെ രക്ഷിതാക്കളില്‍ പലര്‍ക്കും അത് ഒരു വിഷയമല്ലാതെയായി മാറുന്നു. ലഹരിക്ക് അടിമപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെ അവര്‍ക്ക് മുന്നില്‍ വെച്ച് ലഹരികള്‍ ഉപയോഗിക്കുന്നത് വലിയ ആപത്താണ്. അത്കൊണ്ട് തന്നെ കുട്ടികളെ കുറിച്ച് നല്ലപോലെ ബോധവാന്മാരായിരിക്കല് ഈ കാലത്ത് അനിവാര്യമാണ്. രക്ഷിതാക്കളുടെ മക്കളോടുള്ള സമീപനത്തിനും ഇടപെടലുകളിലും കാലാനുസൃതമായ മാറ്റങ്ങള്‍ അത്യാവശ്യമാണ്.
Cinema & gaming
ഇന്ന് നടക്കുന്ന കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും പ്രേരകം ഷൂട്ടിംഗിനെയും കത്തി കുത്തുകളെയും പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളും സിനിമകളുമാണെന്നതില് സംശയമേതുമില്ല. ന്യൂ ജനറേഷന് കുട്ടികള്‍ മണിക്കൂറുകളോളമാണ് PUBG, Free fire, GTA തുടങ്ങിയ ഗെയിമുകള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. ഇവകള്‍ക്ക് വേണ്ടി എത്ര പണം മുടക്കുന്നതും സമയം ചിലവഴിക്കുന്നതും ഒരു വിഷയമല്ലാതായിമാറി. ഇതിന്റെ തീം തന്നെ ഷൂട്ടിംങും സമാനമായ അക്രമങ്ങളുമായത് കൊണ്ട് തന്നെ ബുദ്ധി മരവിക്കാന്‍ കാരണമാകുന്നു. പുതിയ കാല സിനിമകള്‍ ലഹരിക്കും അക്രമങ്ങള്‍ക്കും വഴിവിട്ട ബന്ധങ്ങള്‍ക്കും വളരെയധികം പ്രോത്സാഹനം നല്‍കുന്നതാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചങ്ങനാശ്ശേരിയില്‍ നടന്ന കൊലപാതകം ‘ദൃശ്യം’ മോഡലായിരുന്നു. പിന്നീടും അത്തരം കൊലപാതകങ്ങള്‍ നിരവധി കേരളത്തില്‍ തന്നെ സംഭവിച്ചു. മാര്‍ക്കോ പോലെയുള്ള സിനിമകള്‍ ചെറിയ കുട്ടികള്‍ പോലും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇങ്ങനെയുള്ള സിനിമകള്‍ വയലന്‍സിനെ വലിയ രീതിയില്‍ പ്രമോട്ട് ചെയ്യുന്നതാണ്. കഴിഞ്ഞ ജനുവരിയിലാണ് ഋതു എന്ന ചെറുപ്പക്കാരന് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അയല്‍ക്കാരായ മൂന്നുപേരെ ഇരുമ്പുദണ്ഡുകൊണ്ടടിച്ച് കൊലപ്പെടുത്തുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ 23 വയസ്സുകാരനായ അഫാന് തന്റെ രക്ത ബന്ധുക്കളായ അഞ്ചുപേരെ കൊലപ്പെടുത്തിയതും ഇത്തരം സിനിമകള്‍ പങ്കുവെക്കുന്ന മൃഗീയ രീതികളിലൂടെയാണ്. മാത്രമല്ല കേരളത്തില്‍ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും തുടര്‍ച്ചയായ വാര്‍ത്തകളാണ്. സിനിമകളില്‍ മദ്യവും പുകവലിയടക്കമുള്ള ലഹരി ഉപയോഗങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണ് നല്കിക്കൊണ്ടിരിക്കുന്നത്. ലഹരി ഉപയോഗം നോര്‍മലൈസ് ചെയ്ത് അത്തരം ദൃശ്യങ്ങള്‍ കൗമാരക്കാരിലേക്ക് കുത്തി വെക്കപ്പെടുമ്പോഴും സമൂഹത്തില്‍ സിനിമകളും സീരീസുകളും എന്ത് കൊണ്ട് വിമര്‍ശന വിധേയമാകുന്നില്ല എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
Relationship
സിനിമകളിലും റീല്‍സുകളിലും പ്രണയങ്ങള്‍ ഇല്ലാത്തവരെ നിന്ദിക്കുന്ന ഒരു പ്രവണതയുള്ളത് കൊണ്ട് തന്നെ പല കുട്ടികളും പ്രണയത്തിലേക്ക് എടുത്ത് ചാടുന്നു. ഇന്ന് പല കുട്ടികള്‍ക്കും രണ്ടും മൂന്നും ബന്ധങ്ങളാണുന്നത്. പ്രണയം മൂലം നമ്മുടെ സംസ്ഥാനത്ത് മാത്രം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മരണങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2021ല്‍ അന്നത്തെ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ നല്കിയ കണക്ക് പ്രകാരം 2017 മുതല്‍ 2020 വരെ 350 പെണ്‍കുട്ടികള്‍ക്കാണ് പ്രണയത്തിന്റെ പേരില്‍ ജീവന് നഷ്ടമായത്. 2017ല്‍ പ്രണയബന്ധത്തിന്റെ പേരില്‍ 83 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അതില്‍ മൂന്നു കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളുടെ കാരണങ്ങളില്‍ മൂന്നാമത് പ്രണയമാണെന്നാണ് 2019 നവംബറിലെ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2001 മുതല്‍ 2017 വരെയുള്ള കാലയളവില്‍ രാജ്യത്തെ പ്രണയത്തെ തുടര്‍ന്ന് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 44,412 വരുമെന്നും ഈ കാലയളവി ല്‍ മുമ്പത്തേതിനെ അപേക്ഷിച്ച് 28 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി എന്നും റിപ്പോര്‍ട്ട് പറയുന്നു. കേരളം നടുങ്ങിയ പ്രണയ പ്രതികാരങ്ങളിലൊന്നായിരുന്നു 2017 ഫെബ്രുവരിയില്‍ കോട്ടയം എസ്എംഇ കോളേജില്‍ ഉണ്ടായത്. കോളേജ് വിദ്യാര്‍ത്ഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ ലക്ഷ്മിയെ പ്രണയഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ആദര്‍ശ് പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയും പ്രതികാരത്തിനുശേഷം ആദര്‍ശ് ജീവനൊടുക്കുകയും ചെയ്തു. പിന്നീട് 2019ല്‍ മാര്‍ച്ച് 12 ന് തിരുവല്ല അരിയൂര്‍ സ്വദേശിനി കവിത വിജയകുമാറിനെ പ്രണയം നിരാസത്തിന്റെ പേരില്‍ പൊതുവഴിയില്‍ തടഞ്ഞു നിര്‍ത്തി അജിന് റെജി മാത്യൂസ് എന്ന യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇങ്ങനെ തുടങ്ങി പ്രണയ കൊലപാതകങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ആത്മഹത്യകളുടെ ലിസ്റ്റെടുക്കാന്‍ ഒരുങ്ങിയാല്‍ അതിനൊരു പര്യാവസാനമുണ്ടാകില്ല.
College life
ഇന്ന് കോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കേവലം പഠനം എന്നതിനപ്പുറത്തേക്ക് കോളേജ് ജീവിതം ഒരു ഉല്ലാസമായി മാറിയിരിക്കുന്നു. മിക്ക വിദ്യാര്‍ത്ഥികളും സ്കൂളിലേക്കോ കോളേജിലേക്കോ പോകുന്നത് അടിച്ചു പൊളി വൈബ് മുന്നില്‍ കണ്ടാണ്. അതിനുതകുന്ന കോളേജുകള്‍ നോക്കി മാത്രം അവര്‍ സെലക്ട് ചെയ്യുന്നു. പഠനം എന്നത് വെറും പേരിന് മാത്രമായി, തന്റെ അധ്യാപകരും രക്ഷിതാക്കളും പറയുന്നത് മുഖവിലക്കെടുക്കാതെ സ്വന്തം ഇഷ്ട്ടത്തിനൊത്ത് അവര്‍ ആര്‍മാദിച്ച് ജീവിക്കുന്നു. അവരെ ഉപദേശിക്കാന്‍ പോയവര്‍ സദാചാര ഗുണ്ടകളാകുന്ന കാലം! തങ്ങളുടെ ഗുരുനാഥന്മാരെ ശകാരിക്കുകയും പാര വെക്കുകയും ഇരട്ട പേര് നല്കി അവരെ പൊതു സമൂഹത്തിന് മുന്നില്‍ അപമാനപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചകള്‍ ഇന്ന് സുലഭമാണ്. ഇത്തരം
ചെയ്തികള്‍ക്ക് പിന്നില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ചീത്ത കൂട്ടുകെട്ടുകളാണ്. മാത്രമല്ല കാമ്പസുകളില്‍ തന്റെ സഹപാഠികളെ റാഗിംഗ് ചെയ്തും അക്രമങ്ങള്‍ അഴിച്ചു വിടുന്നതിനും ക്യാമ്പസിനകത്തെ കൂട്ടുകെട്ടുകള്‍ പ്രധാന കാരണമാകുന്നു. അതിന് പ്രധാന ഉദാഹരണമാണ് ഈ വര്‍ഷം നടന്ന താമരശ്ശേരി സ്വദേശി ശഹബാസിന്റെ കൊലപാതകം. ചെറിയ വാക്കുതര്‍ക്കത്തിന്റെ പേരില്‍ നെഞ്ചക്ക് കൊണ്ട് തന്റെ കൂട്ടുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയത് പത്ര മാധ്യമങ്ങളിലൂടെ നാം അറിഞ്ഞവരാണ്. കഴിഞ്ഞില്ല, ഈ ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കെതിരെ കോമ്പസ് കൊണ്ട് പൈശാച്ഛികമായി റാഗിംഗ് ചെയ്യപ്പെട്ടത്.
എന്ത്കൊണ്ടാണ് ഈ കുട്ടികള്‍ മൃഗീയമായി കൊലപാതകവും അക്രമങ്ങളും ചെയ്യാന്‍ കാരണമാകുന്നത്. ഇതിനെല്ലാം പിന്നില്‍ ഇവരുടെ വലിയ രീതിയിലുള്ള ലഹരി ഉപയോഗമാണ്. ആറിലും ഏഴിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ അധ്യാപകര്‍ വരെ കലാലയങ്ങള്‍ക്കകത്തെ ലഹരി ഏജന്റുമാരായി പ്രവര്ത്തിക്കുന്നവരിലുള്പ്പെടുന്നു. സിഗരറ്റ്, കഞ്ചാവ്, MDMA, വിവിധ സിന്തറ്റിക് ഡ്രഗ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ ലഹരി മാഫിയകള്‍ നമ്മുടെ നാട്ടിന് പുറങ്ങളിലെ സ്കൂളുകളില്‍ നിന്നും വളര്‍ന്നു വരുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് കളമശ്ശേരി ഗവ : പോളിടെക്നിക് കോളേജിലെ ഹോസ്റ്റലില്‍ നിന്നും 2kg കഞ്ചാവും അത് തൂക്കി വിതരണം ചെയ്യാന്‍ വേണ്ടിയുള്ള ത്രാസും പിടികൂടിയത്. ഇന്ന് പെണ്‍കുട്ടികള്‍ വരെ സിന്തറ്റിക് ഡ്രഗ്സുകള്ക്ക് അടിമയാണ്. ഇത് നല്കി ലൈംഗികമായും അല്ലാതെയും ഈ കുട്ടികളെ ഇത്തരം ലഹരി മാഫിയക്കാര്‍ ഉപയോഗിക്കുന്നു എന്നതാണ് സങ്കടകരം. ഇവര്‍ക്കെതിരെ സംസാരിക്കാനും പ്രതികരിക്കാനും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭയമാണ്. അവര്‍ക്കെതിരെ സംസാരിച്ചാല്‍ പെട്ടെന്ന് അവര്‍ വൈലന്റായി സ്വന്തം ജീവന് തന്നെ അപകടത്തിലാക്കുമോ എന്ന ഭയമാണ് രക്ഷിതാക്കള്‍ക്ക്.
2k കിഡ്സുകള്‍ മാത്രമാണോ ഉത്തരവാദികള്‍:
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പുതിയ തലമുറയില്‍ കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളുടെയും തീവ്രത വര്‍ധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ സമൂഹത്തില്‍ എന്തെങ്കിലും തിന്മ കണ്ടാല്‍ നാം പുതിയ തലമുറയെ ഒന്നടങ്കം വിമര്‍ശിക്കാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ മാത്രമാണോ കുറ്റക്കാര്‍? ഒരിക്കലുമല്ല. അവരുടെ ചീത്ത പ്രവര്‍ത്തികളില്‍ നമുക്കേവര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. ആധുനിക കാലത്ത് കുട്ടികളുടെ സംസ്കാരങ്ങളും ചിന്തകളും മാറിക്കൊണ്ടിരിക്കുമ്പോഴും ഇന്നും നാം അവരെ ഫീഡ് ചെയ്തുകൊണ്ടിരിക്കുന്നത് മുപ്പത്, നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കരിക്കുലമാണ്. പുതിയ കാലത്തെ കുട്ടികള്‍ ഡിജിറ്റല്‍ യുഗത്തിലേക്കാണ് ജനിച്ചു വീണതെന്ന് അറിഞ്ഞിട്ടും പുരാതന സാമൂഹിക പാഠങ്ങളാണ് അവര്‍ക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. നാം എങ്ങനെ ജീവിക്കണമെന്നോ എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കണമെന്നോ നാമിതുവരെ അവരെ ബോധ്യപ്പെടുത്താന്‍ പോലും ശ്രമിച്ചിട്ടില്ല. മാത്രമല്ല ലഹരി പോലെയുള്ള തിന്മകള്ക്ക് അടിമപ്പെടുമ്പോഴും അവര്‍ക്ക് തുറന്ന് സംസാരിക്കാന്‍ അല്ലെങ്കില്‍ അവരെ ജഡ്ജ് ചെയ്യാനുള്ള ഇടം അവരുടെ വീടകങ്ങളില്‍ പോലുമില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇത്തരം സന്ദര്‍ഭത്തിലാണ് നാമെല്ലാവരും ഈ കുട്ടികളെ പഴി ചാരുന്നത്. ഇങ്ങനെ ഒരു വിടവ് ഉണ്ടായിരിക്കെ അവരെ നാം നിരന്തരം ആക്ഷേപിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ അവര്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്ന ഇടങ്ങള്‍ പോലും ഇല്ലാതെയാവുകയാണ് ചെയ്യുന്നത്. പുതുതലമുറയെ നിരന്തരം ആക്ഷേപിക്കുന്നതിലൂടെ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാത്തവന് പോലും സംശയത്തിന്റെ നിഴലിലാകുന്നു. ഇനി വയലന്റായ കുട്ടികളെ മാത്രം പഴിചാരിയത് കൊണ്ടോ കുറ്റപ്പെടുത്തിയത് കൊണ്ടോ ഒരു കാര്യവുമില്ല. അത്തരം കുട്ടികള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് അതില്‍ നിന്നും മാറാനുള്ള ഇടം ഒരുക്കി കൊടുക്കുക എന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്തം. ചെറിയ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ നിന്ന് പോലും ലഹരി വസ്തുക്കള്‍ പിടികൂടുമ്പോള്‍ അവര്‍ മാത്രമല്ല നമ്മുടെ ഭരണ സംവിധാനങ്ങള്‍ കൂടിയാണ് പരാജയപ്പെടുന്നത്. കാരണം ഇത്രയധികം നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടായിട്ടു പോലും നിരോധിത ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താനോ അത് നിര്‍ത്തലാക്കാനോ നിയമപാലകര്‍ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ സാധിച്ചിട്ടില്ലന്നത് തികഞ്ഞ പരാജയമാണ്. അത്കൊണ്ട് തന്നെ പുതു തലമുറയിലെ ന്യൂനപക്ഷം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് രക്ഷാകര്ത്താക്കളാകേണ്ട പഴയ ജനറേഷനും വലിയ പങ്കുണ്ട്.
മുഹമ്മദ് മുസ്തഫ പി
എ ആര് നഗര്‍