ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്കിയ ആധ്യാത്മിക മഹത്തുക്കളില്‍ പ്രസിദ്ധരാണ് ശൈഖ് അഹ്മദുല്‍ കബീറു രിഫാഈ(റ). ഹിജ്റ 512, റജബ് 5ന് ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഹസന് എന്ന കൊച്ചു ഗ്രാമത്തില്‍ അബുല്‍ ഹസന് എന്നവരുടെയും ഉമ്മുല്‍ ഫള്ല് ഫാത്വിമതൂല്‍ അന്‍സാരിയ്യയുടെയും മകനായി ജനിച്ച മഹാന് ചെറുപ്പം മുതല്‍ വ്യതിരിക്തമായ ജീവിതമാണ് ലോകത്തിന് സമ്മാനിച്ചത്. തിരു നബി(സ) യുടെ ജീവിത ശൈലിയും പാരന്പര്യവും പൈതൃകവും രിഫാഈ തങ്ങളുടെ ജീവിതത്തില്‍ മുഴുക്കെ പ്രകാശിതമായിരുന്നു. ആധ്യാത്മിക മഹത്തുക്കളില്‍ കാണാറുള്ളതു പോലെ, മുന്‍ കൂട്ടിയുള്ള ദിവ്യ സന്ദേശങ്ങളുടേയും പ്രവചനങ്ങളുടേയും ശേഷമായിരുന്നു മഹാന്റെയും ആഗമനം. ശൈഖ് രിഫാഇയുടെ അമ്മാവനും ഗുരുവുമായിരുന്ന മന്‍സൂറുസ്സാഹിദ്(റ) തിരുനബിയില്‍ നിന്ന് ലഭിച്ച സ്വപ്ന ദര്‍ശനത്തിലൂടെയാണ് തന്റെ സഹോദരിക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ മഹാത്മ്യം മനസ്സിലാക്കിയത്. നബി തങ്ങള്‍ പറഞ്ഞു. “”ഓ മന്‍സൂര്‍, സന്തോഷിച്ച് കൊള്ളുക. താങ്കളുടെ സഹോദരിക്ക് നാല്പത് ദിവസത്തിനകം ഒരു കുഞ്ഞ് ജനിക്കും. അദ്ദേഹത്തിന്റെ പേര് അഹ്മദ് രിഫാഈ എന്നായിരിക്കും. ഞാന്‍ അന്പിയാക്കളുടെ നേതാവായതു പോലെ അദ്ദേഹം ഔലിയാക്കളുടെ നേതാവായിരിക്കും. കുഞ്ഞ് വളര്‍ന്ന് വലുതായാല്‍ ശൈഖ് അലിയ്യുല്‍ വാസിത്വിയുടെ ദര്സില് ചേര്‍ക്കണം. തികഞ്ഞ ശ്രദ്ധ വേണം. അശ്രദ്ധയരുത്”. ഇനിയുമൊരുപാട് മഹാന്മാര് ഈ മഹാ മനീഷിയുടെ നിയോഗത്തെ പ്രവചിച്ചിട്ടുണ്ട്.
ആത്മീയാന്തരീക്ഷത്തില്‍ ജനിച്ച് വളര്‍ന്ന രിഫാഈ ചെറുപ്രായത്തില്‍ തന്നെ അദ്ധ്യാത്മിക വിഷയങ്ങളില്‍ അങ്ങേയറ്റം തല്പരനായിരുന്നു. കൂട്ടുകാരുടെ കളി തമാശകളില്‍ നിന്നകന്ന് ആത്മീയ ചിന്തയും മഹാന്മാരുടെ സാമീപ്യത്തിലും സന്തോഷം കണ്ടെത്തിയ മഹാന്, പണ്ഡിതന്മാര്ക്കിടയില് അപ്പോഴേക്കും ചര്‍ച്ചാവിഷമായി മാറിക്കഴിഞ്ഞിരുന്നു. ശൈഖ് മന്‍സൂറില്‍ നിന്ന് പ്രാഥമിക വിദ്യ നുകര്‍ന്ന ശൈഖ് രിഫാഈ(റ) നെ ഉന്നത വിദ്യാഭ്യാസത്തിന് മന്‍സൂര്‍(റ) ബസ്വറയിലെ അലിയ്യുല്‍ വാസിത്വിയുടെ അടുക്കല്‍ ഏല്പിച്ചു. സുല്‍ത്വാനുല്‍ ആരിഫീന്‍ എന്ന വിശുദ്ധ പദവിയിലേക്ക് മഹാന് ഒരു സുപ്രഭാതത്തില്‍ എത്തിച്ചേര്ന്നതല്ലെന്ന് അദ്ദേഹത്തില്‍ ജീവിത ചരിത്രത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാകും. പഠന സപര്യയിലും ഗുരു സന്പര്ക്കത്തിലും യുവത്വം തളച്ചിട്ട രിഫാഈ(റ) എല്ലാ വിജ്ഞാന ശാഖകളിലും ഔന്നിത്യം പ്രാപിക്കുകയും ഇരുപതാം വയസ്സില്‍ ഉസ്താദ് വാസിത്വിയില്‍ നിന്ന് എല്ലാ വിഷയങ്ങളിലും ഇജാസത്ത് നേടുകയും ചെയ്തു. പഠന കാലത്തു തന്നെ രിഫാഈ(റ) പ്രമുഖ ശാഫിഈ പണ്ഡിതനായ അബൂ ഇസ്ഹാഖു ശ്ശീറാസീ(റ) ന്റെ കിതാബുത്തന്‍ബീഹ് മനപാഠമാക്കുകയും ശേഷം അതിന് അല്‍ ബഹ്ജ എന്ന വ്യാഖ്യാനം രചിക്കുകയും ചെയ്തു. കൂടാതെ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം ഗ്രന്ഥ രചന നടത്തിയിരുന്നു. ത്വരീഖത്തില്‍ ചേരാനായി പര്‍ണ്ണ ശാലയിലെത്തിയിരുന്നവരോട് ആദ്യമായി മഹാന് ആവശ്യപ്പെട്ടത് ദീനീ വിജ്ഞാനം നുകരാനായിരുന്നുവെന്നതിലൂടെ അദ്ധ്യാത്മികതയുടെ അടിസ്ഥാനമാണ് വിജ്ഞാനമെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു.
ശൈശവത്തിലും ബാല്യത്തിലും യൗവ്വനത്തിലുമെല്ലാം അത്ഭുത മനുഷ്യനായിരുന്നു ശൈഖ് രിഫാഈ(റ). സ്വഭാവ ശുദ്ധി, താഴ്മ, വിനയം, കരുണ, സഹനം, സേവനം, സ്നേഹം, ഭൗതിക വിരക്തി തുടങ്ങി നാഥന്റെ സാമീപ്യം കരസ്ഥമാക്കാനാവശ്യമായ എല്ലാ വിഷയങ്ങളുടെയും ഉത്തമ നിദര്‍ശനമായിരുന്നു. മഹാന്റെ ജീവിതത്തിലെ ചലന നിശ്ചലനങ്ങള്‍ ലോക സമൂഹത്തിന് എന്നും മാതൃകയാണ്.
ശൈഖ്(റ) ആരാധനയില്‍ നിമഗ്നനാവുകയും, ഐഹിക വിരക്തിയില്‍ നിന്ന് അകന്ന് പോകാന്‍ കാരണമാകുന്ന ബാഹ്യ ബന്ധങ്ങള്‍ നില നിര്‍ത്തുന്നതോടൊപ്പം ഐഹിക വിരക്തിയില്‍ വിജയം പ്രാപിക്കകയും ചെയ്തു. ഭൗതികമായ സന്പത്തും ആഢംബര ജീവിതവും വേണ്ടെന്നു വെച്ച മഹാന്റെ സന്പത്തും ഭൂമിയുമെല്ലാം വഞ്ചിച്ചെടുക്കാന്‍ ശ്രമിച്ച പല ആളുകളും ശൈഖിന്റെ ലൗകിക പരിത്യാഗം മനസ്സിലാക്കി ആത്മീയ മേഖലയിലേക്ക് നടന്നടുത്തുവെന്നതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാനാവും. ഒരിക്കല്‍ മഹാന് ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള് അവിടുന്ന് പറഞ്ഞു. ദുന്യാവ് എത്തിക്കഴിഞ്ഞു. ഇതു കേട്ട ശിഷ്യര്‍ ചോദിച്ചു. ഭക്ഷണം കഴിക്കുന്നത് ഐഹിക പ്രേമമാവുമോ? അല്ലാഹുവിനെ ഓര്‍ക്കുന്നതിന് തടസ്സമാവുന്നതെല്ലാം ഭൗതിക പ്രേമമാവുമെന്ന് അവിടുന്ന് പ്രതിവചിച്ചു. ആത്മീയ ഔന്നിത്യത്തിന്റെ അടിസ്ഥാനം ഭൗതിക പരിത്യാഗമാണെന്ന് അവിടുന്നെപ്പോഴും പറയാറുണ്ട്.
പാവങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്ന മഹാന് പണക്കാരുടെ മുഖത്തേക്ക് നോക്കുക പോലുമുണ്ടായിരുന്നില്ല. അവരോടുള്ള സന്പര്‍ക്കം ഹൃദയ കാഠിന്യത്തിന് കാരണമാകുമെന്ന് ശിഷ്യരെ ഉല്‍ബോധിപ്പിച്ചു. ഉമ്മു അബീദയില്‍ നിന്ന് പുറത്തു പോകുന്പോള്‍ കൂടെ ഒരു കയര്‍ കരുതുകയും തിരിച്ചു വരുന്പോള്‍ വിറക് ശേഖരിച്ച് നാട്ടിലെ അശരണര്‍ക്കും വിധവകള്‍ക്കും എത്തിച്ചു കൊടുക്കാറുമുണ്ടായിരന്നു. സ്വന്തം ആവശ്യത്തിന് മറ്റൊരാളെയും ആശ്രയിക്കാത്ത രിഫാഈ(റ) ഞാന്‍ തന്നെ സേവകനാണ് സേവകനെന്തിന് മറ്റൊരു സേവകന് എന്നെപ്പോഴും പറയാറുണ്ട്.
മനുഷ്യരോടും ഇതര ജീവികളോടുമുള്ള സ്നേഹ വായ്പും ഹൃദയ നൈര്‍മല്ല്യവും ആര്‍ദ്ര മനസ്സുമാണ് അദ്ദേഹത്തെ ഉന്നത സോപാനങ്ങളിലേക്ക് ഉയര്‍ത്തിയതെന്ന് സമകാലിക മഹത്തുക്കള്‍ അനുസ്മരിക്കുന്നുണ്ട്. വെള്ളപ്പാണ്ട്, കുഷ്ഠം തുടങ്ങിയ മാരക രോഗങ്ങള്‍ കാരണം സമൂഹത്തില്‍ നിന്ന് അകറ്റപ്പെട്ട രോഗികളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവര്‍ക്ക് സാന്ത്വന സ്പര്ശനമേകുകയും ഈ അനുപമ വ്യക്തിത്വത്തിന്റെ പതിവായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ അലക്കുകയും ഭക്ഷണമെത്തിച്ചു കൊടുക്കുകയും കൂടെ ഇരിക്കുകയും ശുശ്രൂഷിക്കുകയും ദുആ ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.
ഉമ്മു അബീദാ ഗ്രാമത്തില്‍ മാരക വ്രണങ്ങള്‍ ബാധിച്ച് ശരീരമാസകലം പൊട്ടിയൊലിച്ച് അവശയായ ഒരു നായയുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധം കാരണം ഒരു പറ്റം ആളുകള്‍ അതിനെ വലിച്ചിഴച്ച് ഗ്രാമത്തിന്റെ വെളിയില്‍ കൊണ്ടുപോയിട്ടു. വിവരമറിഞ്ഞ മഹാന് അങ്ങേയറ്റം സങ്കടപ്പെടുകയും മരുന്നും ഭക്ഷണവുമായി ജീവിയുടെ അടുത്തെത്തി, വ്രണങ്ങള്‍ ശുദ്ധിയാക്കുകയും മരുന്ന് വെച്ചു കെട്ടുകയും, വെയില് തടയാന്‍ ചെറിയ കുടില്‍ കെട്ടി അതിനെ അതില്‍ പാര്‍പ്പിക്കുകയും ചെയ്തു. പട്ടിക്കല്പ്പം ആശ്വാസം ലഭിച്ച് അതിനെ കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷമാണ് മഹാന് വിശ്രമിച്ചത്. ചോര കുടിക്കുന്ന കൊതുകിനെയും ശരീരത്തില്‍ കിടന്നുറങ്ങിയ പൂച്ചയെയും ശല്യപ്പെടുത്താതെ സ്വാതന്ത്ര്യം നല്കി കാരുണ്യം കാണിച്ച എത്രയെത്ര സംഭവങ്ങള്‍ സ്മര്യപുരുഷന്റെ ജീവിതത്തില്‍ ദര്‍ശിക്കാനാവും. അതു കൊണ്ടല്ലേ വിശേഷ ബുദ്ധിയില്ലാത്ത ജീവികള്‍ പോലും അദ്ദേഹത്തെ തിരിച്ചും ആദരിച്ചത്.
അവിടുന്ന് വെച്ചു പുലര്‍ത്തിയ ക്ഷമയിലും സഹനത്തിലും ലോക ജനതക്ക് ഒരുപാട് പാഠങ്ങളുണ്ട്. താഴ്മയും ത്യാഗ മനോഭാവവും കരഗതമാക്കി, ക്ഷമയോടെ സര്‍വ്വവും നാഥനിലേക്കര്പിച്ചാണ് ഒരു മനുഷ്യന് ജീവിക്കേണ്ടതെന്ന ഉത്തമ മാതൃകയാണ് മഹാന് ലോകത്തിന് പകര്‍ന്നു നല്‍കുന്നത്. തന്റെ ഉയര്‍ച്ചയിലും വിജയത്തിലും അസൂയ പൂണ്ട ആളുകള്‍ തീര്‍ത്ത ആരോപണങ്ങള്‍ക്കു മുന്പില് മഹാനൊരിക്കലും പതറിയിരുന്നില്ല. മറിച്ച്, തന്റെ ഉല്‍കൃഷ്ടമായ സഹന സ്വഭാവവും ക്ഷമാ ശീലവും ജീവിത വിശുദ്ധിയും കണ്ട് ആരോപകരെല്ലാം കാല്കല് വീഴുകയും സന്മാര്ഗ സിദ്ധി നേടുകയും ചെയ്തു. പ്രബോധന മേഖലയില്‍ മികച്ചു നിന്ന രിഫാഈ(റ) വളരെ തന്ത്രപരമായാണ് ഇസ്ലാമിലേക്ക് പൊതു സമൂഹത്തെ അടുപ്പിച്ചത്. തന്റെ വശ്യമായ പെരുമാറ്റത്തിലൂടെയും അനുകന്പ സ്വഭാവത്തിലൂടെയും പ്രസംഗ പാടവത്തിലൂടെയും കൊള്ളക്കാരെയും സാമൂഹ്യ ദ്രോഹികളെയും ഇതര മതസ്ഥരെയും തന്റെ അനുയായികളാക്കി മാറ്റാന്‍ ശൈഖവര്‍കള്‍ക്ക് സാധിച്ചു.
ഇത്തരത്തില്‍ ലോകത്തിന് ഉത്തമ മാതൃകയായ രിഫാഈ ശൈഖിനെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാന്‍ ഇതുവരെ ഒരാള്‍ക്കും സാധിച്ചിട്ടില്ല. സ്വന്തം ശിഷ്യന്മാര് വരെ ഇക്കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. കാരണം, മഹാന് നബി(സ) തങ്ങളെ വാക്കാലും പ്രവൃത്തിയാലും സന്പൂര്‍ണമായി അനുദാവനം ചെയ്തിരുന്നു. അതു കൊണ്ടു തന്നെ അല്ലാഹുവിന്റെ പ്രത്യേക അനുമതിയായി ഒട്ടേറെ കറാമത്തുകള്‍ തിരു തേജസ്സില്‍ നിന്ന് പ്രകടമായി. ഹജ്ജ് വേളയില്‍ ഹുജ്റ ശരീഫില്‍ നിന്ന് നബി തങ്ങളുടെ തിരു കരം നീട്ടി ചുംബനം അര്‍പ്പിച്ചത് അതില്‍ സുപ്രസിദ്ധവും അനിഷേധ്യവുമായ ഒന്നു മാത്രം. മനസ്സിനെ നന്മകളില് തളച്ചിട്ട് കഠിന പ്രയത്നത്തിലൂടെ അധ്യാത്മിക പടവുകള്‍ താണ്ടി ലക്ഷങ്ങള്‍ക്ക് ആത്മീയ ലഹരി നുകര്‍ന്നു നല്കിയ ഈ അനുഭവ വ്യക്തിത്വം ഹിജ്റ 578 ജുമാദുല്‍ ഊലാ 12ന് ഇഹലോകവാസം വെടിഞ്ഞു. അല്ലാഹു അവരോടു കൂടെ സ്വര്‍ഗ്ഗത്തില്‍ നമ്മെ ഒരുമിപ്പിക്കട്ടെ…..ആമീന്‍
Saved as a favorite, I really like your blog!