അത്ഭുതങ്ങളുടെ അതുല്ല്യപ്രപഞ്ചമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്‍റെ മാഹാത്മ്യങ്ങളും അര്‍ത്ഥതലങ്ങളും സൃഷ്ടികള്‍ക്ക് പറഞ്ഞോ വരഞ്ഞോ തീര്‍ക്കാന്‍ സാധ്യമല്ല. സമുദ്രസമാനമായ മഷിത്തുള്ളികള്‍ കൊണ്ട് എഴുതിയാലും അതിന്‍റെ ആശയസാഗരം സമ്പൂര്‍ണ്ണമാക്കാന്‍ കഴിയില്ലെന്ന സത്യം ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം അര്‍ത്ഥം പറഞ്ഞ് തീര്‍ക്കാന്‍ പോലും കഴിയാത്ത നാം അത് പാരായണം ചെയ്യുന്നതിലെങ്കിലും ബദ്ധശ്രദ്ധരായിരിക്കണം. ഖുര്‍ആനിന്‍റെ മാസമായ റമളാനില്‍ വിശേഷിച്ചും.
“ഖുര്‍ആനിന്‍റെ ഓരോ അക്ഷരങ്ങളും അതിവിശിഷ്ടമാണ്. അവകള്‍ മൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും തോട്ടങ്ങളുമാണ്, അത് പാരായണം ചെയ്യുന്നവര്‍ തോട്ടങ്ങളും മറ്റും സ്വായത്തമാക്കിയവരാണ്” എന്നാണ് ഇമാം ഗസ്സാലി(റ)യുടെ അഭിപ്രായം. നബി(സ) പറഞ്ഞു: മനുഷ്യസൃഷ്ടിപ്പിന്‍റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഥന്‍ ‘ത്വാഹ, യാസീന്‍’ എന്നീ രണ്ട് വചനങ്ങള്‍ അവതരിപ്പിച്ചു. ഇതുകേട്ട മാലാഖമാര്‍ പറഞ്ഞു: ‘പ്രസ്തുത വചനങ്ങളടങ്ങിയ ഗ്രന്ഥം അവതരിക്കപ്പെടുന്ന ജനതക്കും, അത് ചുമക്കുന്നവര്‍ക്കും, ഖുര്‍ആനീക വചനങ്ങള്‍ ഉരുവിടുന്ന നാക്കുകള്‍ക്കും മംഗളം'(ദാരിമി). സമുറതുബ്നു ജുന്‍ദുബ്(റ) പറഞ്ഞു: എല്ലാ സല്‍ക്കാരപ്രിയരും അവരുടെ അതിഥികളെ ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്‍റെ വിരുന്ന് ഖുര്‍ആനാണ്. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് നാഥന്‍റെ വിരുന്ന് സ്വീകരിക്കുക.
നാം പാരായണം ചെയ്യുന്ന ഖുര്‍ആനിക വചനങ്ങള്‍ അന്ത്യനാളില്‍ നമുക്ക് സുപാര്‍ശകരാണ്. ഒരു വ്യക്തി ഒരക്ഷരം ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്താല്‍ അവന്‍ ഒരു ‘ഹസനത്ത്’ പ്രതിഫലമര്‍ഹിക്കുന്നു. ഒരു ഹസനത്തിന് പത്ത് പ്രതിഫലം അല്ലാഹു നല്‍കും”(തുര്‍മുദി). ഖുര്‍ആന്‍ പാരായണത്തിന്‍റെ മഹത്വം പറയുന്ന എണ്ണമറ്റ ഹദീസുകളുണ്ട്. “അന്ത്യദിനത്തില്‍ സുഗന്ധം വീശുന്ന ഒരു കറുത്ത കസ്തൂരിക്കൂനയില്‍ കയറിനില്‍ക്കുന്ന ചിലവിഭാഗങ്ങളുണ്ട്. നാഥന്‍റെ വിചാരണയില്‍ നിന്നവര്‍ നിര്‍ഭയരായിരിക്കും. അല്ലാഹുവിന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്തവരാണവര്‍.(തുര്‍മുദി).
പാരായണത്തിന് ചട്ടങ്ങളുണ്ട്
‘തജ്വീദി’ന്‍റെ ചട്ടങ്ങള്‍ക്കനുസരിച്ച് കൃത്യതയോടെയുള്ള ഖുര്‍ആന്‍ പാരായണം മുഖേന നിരവധി പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. ഗുരുസവിധത്തിലിരിക്കും വിധം അച്ചടക്കം പാലിച്ചും അര്‍ത്ഥം ചിന്തിച്ചും ഖുര്‍ആന്‍ പാരായണം ചെയ്യലാണ് ഉത്തമം. മഹാന്മാര്‍ പറയുന്നു: “ഖുര്‍ആന്‍ പാരായണം തുടങ്ങിയാല്‍ മലക്കുകളുടെ അനുഗ്രഹ തേട്ടവും ശാപപ്രാര്‍ത്ഥനകളും ലഭിക്കുന്ന രണ്ട് വിഭാഗമുണ്ട്. ഖുര്‍ആനിന്‍റെ മുന്നിലിരുന്ന് വിനയാന്വിതരായി പാരായണം ചെയ്യുന്നവര്‍ക്ക് മാലാഖമാരുടെ അനുഗ്രഹതേട്ടവും അല്ലാത്തവര്‍ക്ക് ശാപവാക്കുകളും ലഭിക്കും”(ഇഹ്യ) സ്വശരീങ്ങളാല്‍ തന്നെ ശപിക്കപ്പെടുന്നവരുമുണ്ട് ഖുര്‍ആന്‍ പാരായണക്കാരില്‍, അവരാകട്ടെ അതറിയുന്നില്ലതാനും!
വാക്കുകളുടെ അര്‍ത്ഥ തലങ്ങളിലേക്കിറങ്ങിച്ചെന്ന് പാരായണം ചെയ്യുന്നതിനെക്കുറിച്ച് ഇമാം സുയൂത്വി(റ) പറയുന്നു: “അര്‍ത്ഥം ചിന്തിക്കുകയെന്നാല്‍ ദൈവിക കല്‍പനകളും വിരോധനകളും ചിന്തിക്കലും, അവ ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ പൊറുക്കല്‍ ചോദിക്കലും, കാരുണ്യ വചനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ കാരുണ്യം ചോദിക്കലും, ശിക്ഷാ വചനങ്ങള്‍ കാണുമ്പോള്‍ കാവല്‍ ചോദിക്കലുമാണ്”(ഇത്ഖാന്‍). മഹാന്മാരില്‍ ചിലര്‍ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ഹൃദയം പൂര്‍ണ്ണമായും അതിന്‍റെ അര്‍ത്ഥതലങ്ങളിലെത്തിയില്ലെങ്കില്‍ ഒരേ വചനങ്ങള്‍തന്നെ പലവുരു ആവര്‍ത്തിച്ച് പാരായണം ചെയ്യാറുണ്ടായിരുന്നു. രാത്രിയില്‍ പാരായണം ചെയ്ത വചനങ്ങളില്‍ ചിന്താനിമഗ്മരായി പ്രഭാതം വരെ ഇരിക്കുന്നവരുമുണ്ടായിരുന്നുവത്രെ അവരില്‍.
അലി(റ) പറയുന്നു: “അറിവില്ലാതെ ആരാധനയര്‍പ്പിക്കലും ചിന്തിക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്യലും ഒരുപോലെ നിരര്‍ത്ഥകമായ കാര്യങ്ങളാണ്.”. ഇക്രിമ(റ) ഖുര്‍ആന്‍ നിവര്‍ത്തിയാല്‍ ഭയചികിതനാകാറുണ്ടായിരുന്നുവത്രെ. ‘ഇത് നാഥന്‍റെ വാചകങ്ങളാണെ’ന്ന് അദ്ദേഹം പരിഭ്രമിച്ച് പറയുകയും ചെയ്യും. അംഗശുദ്ധിയില്ലാതെ ഖുര്‍ആനിന്‍റെ താളുകളും ചട്ടയും സ്പര്‍ശിക്കല്‍ അനുവദനീയമല്ലാത്തപോലെ അശുദ്ധ ഹൃദയങ്ങളില്‍ ഖുര്‍ആനിക ആശയങ്ങളുടെ മൃതുലസ്പര്‍ശനം പോലും ഏല്‍ക്കുകയില്ല. ഹൃദയവിശുദ്ധി കരസ്ഥമാക്കാനുള്ള ഉത്തമ മാര്‍ഗമാണ് കരച്ചില്‍. നബി(സ) പറഞ്ഞു: “നിങ്ങള്‍ കരഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്യുക, കരച്ചില്‍ വന്നില്ലെങ്കില്‍ അഭിനയിച്ച് കരയുക”(ബുഖാരി). കണ്ണുകള്‍ കരഞ്ഞില്ലെങ്കില്‍ ഹൃദയങ്ങളെങ്കിലും കരയട്ടെ എന്നാണവിടുത്തെ ഭാഷ്യം.
ഖുര്‍ആനിനെ നോക്കലും അതിലെ വാചകങ്ങള്‍ ദര്‍ശിക്കലും ഹൃദയഭക്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. തന്നെയുമല്ല, ഖുര്‍ആനിലേക്ക് നോക്കല്‍ ഇബാദത്തായതിനാല്‍ അങ്ങനെ പാരായണം ചെയ്യല്‍ പുണ്യം വര്‍ദ്ധിപ്പിക്കാനുള്ള ഹേതുവാണ്. എന്നാല്‍ മന:പാഠമോതുമ്പോള്‍ നോക്കി ഓതലിനെക്കാള്‍ ഭക്തിലഭിക്കുന്നവെങ്കില്‍ അത്തരക്കാര്‍ക്ക് അങ്ങനെ ഓതല്‍ തന്നെയാണ് അഭികാമ്യമെന്ന് ഇമാം നവവി(റ) പഠിപ്പിച്ചിട്ടുണ്ട്. സ്വഹാബിമാരൊക്കെ ഖുര്‍ആന്‍ നോക്കി ഓതുന്നവരായിരുന്നു. ഖുര്‍ആന്‍ നോക്കാത്ത ഒരു ദിനമെങ്കിലും കടന്നുപോകുന്നത് അവര്‍ക്ക് സങ്കടകരമുള്ള കാര്യമായിരുന്നുവത്രെ. മിസ്റിലെ പണ്ഡിതന്മാര്‍ ഒരു അര്‍ദ്ധരാത്രി ശാഫി ഇമാമിന്‍റെ സവിധത്തിലേക്ക് കടന്നുചെന്നു. അവിടുന്ന് ഖുര്‍ആന്‍ നിവര്‍ത്തി ഓതിക്കൊണ്ടിരിക്കുകയായിരുന്നു. ശാഫി ഇമാം അവരോട് പറഞ്ഞു: “ഞാന്‍ ഇശാഅ് നിസ്കരിച്ച് ഖുര്‍ആന്‍ കയ്യിലെടുത്താല്‍ സുബ്ഹി വരെ അത് അടച്ച് വെക്കാറില്ല”(ഇഹ്യ)
ഖുര്‍ആന്‍ സാവകാശം പാരായണം ചെയ്യലാണ് ഉത്തമം. നബി(സ)യുടെ ഖുര്‍ആന്‍ പാരായണം ഓരോ അക്ഷരങ്ങളെയും വ്യക്തമാക്കും വിധം സാവകാശത്തിലായിരുന്നു. ഖത്മുകള്‍ ധാരാളം തീര്‍ക്കാന്‍ വേണ്ടി അക്ഷരങ്ങള്‍ അവ്യക്തമാകുന്ന തരത്തില്‍ വേഗതയോടെ ഓതുന്ന ചിലരുണ്ട്. പലരും ശദ്ദും(നീട്ടല്‍) മദ്ദു(കനപ്പിക്കല്‍)മൊന്നും മുഖവിലക്കെടുക്കാറേയില്ല. ഇമാം നവവി(റ) പറയുന്നു: “പാരായണത്തില്‍ ധൃതി കാണിക്കലും അതിവേഗത്തിലാക്കലും കറാഹത്താണ്”(ശറഹുല്‍ മുഹദ്ദബ്). അപ്രകാരം മുസ്ഹഫിലെ ക്രമപ്രകാരം പാരായണം ചെയ്യല്‍ അനിവാര്യമാണ്. എളുപ്പത്തിന് വേണ്ടി അവസാനത്തില്‍ നിന്ന് പ്രാരംഭത്തിലേക്ക് ഓതല്‍ നിഷിദ്ധമെന്നത് പണ്ഡിതരുടെ ഏകാഭിപ്രായമാണ്. ഖുര്‍ആന്‍ സൂക്തങ്ങളുടെ ക്രമീകരണത്തില്‍ ചില ബുദ്ധിപരമായ തത്വങ്ങളുണ്ടെന്നതാണ് കാരണം.
പാലിക്കേണ്ട മര്യാദകള്‍
അമാനുഷികതകള്‍ കൊണ്ട് നിബിഢമായ വിശുദ്ധ ഗ്രന്ഥം പാപ പങ്കിലമായ മനുഷ്യനാക്കുകള്‍ കൊണ്ട് ഉച്ചരിക്കണമെങ്കില്‍ ചില മര്യാദകള്‍ പാലിക്കല്‍ അനിവാര്യമാണ്. അവകള്‍ പാലിക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ തീകൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണത്. അത്തരക്കാര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കലായിരിക്കും അഭികാമ്യം. പാരായണ സമയത്ത് പ്രപഞ്ചനാഥന്‍റെ മേന്മകളെക്കുറിച്ചും താനുച്ചരിക്കുന്ന വചനങ്ങള്‍ ദൈവീകമാണെന്നും ചിന്തിക്കല്‍ അനിവാര്യമാണ്. നിരവധി ഖുര്‍ആന്‍ പാരായണ മര്യാദകള്‍ പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ രചിക്കാനായുള്ള കാലിക്കടലാസുകളും മഷിക്കുപ്പിയും ഒരുക്കിവെച്ച മുറിയിലേക്ക് കടക്കാന്‍പോലും അംഗശുദ്ധി വരുത്തിയ മഹാന്മാരുണ്ട്. തതനുസൃതം മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഖുര്‍ആനിനെ ആദരിക്കണമെന്നതില്‍ അഭിപ്രായാന്തരമില്ല. ബിസ്മി ഉല്ലേഖനം ചെയ്യപ്പെട്ട ഒരുതുണ്ട് പേജ് വഴിയരികില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കൈയിലെടുത്ത് കഴുകി സുഖന്ധം പുരട്ടി ആദരിച്ച കാരണത്താല്‍ ഔന്നിത്യങ്ങള്‍ കരസ്തമാക്കിയ മഹാനായ ‘ബിശ്റ് ബ്നുല്‍ഹാരിസ്'(റ) പോലുള്ള മഹത്തുക്കളാണ് നമുക്ക് മാതൃകയാവേണ്ടത്.
ഇരിക്കുന്ന അതേ മുസ്വല്ലയില്‍ തന്നെ ഖുര്‍ആന്‍ വെച്ച് സുജൂദ് ചെയ്യുന്ന ചിലയാളുകളുണ്ട്. അത് മര്യാദക്കുറവാണെന്ന കാര്യം അവിതര്‍ക്കിതമാണ്. ഖുര്‍ആന്‍ എപ്പോഴും ഉയരത്തിലായിരിക്കണം. മറ്റു പുസ്തകങ്ങളെപ്പോലെ ചന്തിയുടെ താഴെയായി ഖുര്‍ആന്‍ പിടിക്കുന്നവരും വിരളമല്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ അതിനര്‍ഹിക്കുന്ന പരിഗണന കല്‍പിച്ചിരിക്കണം. ഖുര്‍ആനിന്‍റെ സാന്നിധ്യത്തില്‍ കളിയും തമാശയും ഉല്ലാസങ്ങളിലേക്ക് ശ്രദ്ധ തിരിക്കലും മറ്റു സംസാരങ്ങളിലേര്‍പ്പെടലുമെല്ലാം നിഷിദ്ധമെന്നാണ് പണ്ഡിത പക്ഷം. മഹാനായ ഇബ്നുഉമര്‍(റ) ഖുര്‍ആന്‍ പാരായണം ആരംഭിച്ചാല്‍ അതില്‍ നിന്ന് വിരമിക്കും വരെ മറ്റൊരു വാചകവും ഉച്ചരിക്കാറില്ലായിരുന്നുവത്രെ.
വൃത്തിയും ആദരവും പരിഗണിച്ച് പാരായണ പ്രാരംഭത്തില്‍ പല്ലുതേക്കലും പ്രത്യേകം സുന്നത്തുണ്ട്. അലി(റ) പറയുന്നു: “നിങ്ങളുടെ വായകള്‍ ഖുര്‍ആനിന്‍റെ വഴികളാണ്. പല്ലുതേച്ച് അതിന്‍റെ വഴികളെ നിങ്ങള്‍ മാലിന്യമുക്തമാക്കുക”(ഇത്ഖാന്‍). പാരായണം ഇടക്ക് നിര്‍ത്തി പുനരാരംഭിക്കുമ്പോള്‍ വീണ്ടും പല്ലുതേക്കല്‍ സുന്നത്താണെന്ന് ഇമാം സുയൂത്വി(റ) പറയുന്നുണ്ട്. അപ്രകാരം വിനയാന്വിതമായി അഹങ്കാരത്തിന്‍റെ ലാഞ്ചനപോലുമില്ലാതെ ഭക്ത്യാദരങ്ങള്‍ പ്രകടിപ്പിച്ച് പാരായണം ചെയ്യലും ഖുര്‍ആന്‍ പാരായണം കേട്ടാല്‍ മൗനം ദീക്ഷിക്കലും അനിവാര്യമാണ്. ഖുര്‍ആന്‍ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കല്‍ പോലും പുണ്യകരമെന്ന് വിശുദ്ധമതം പഠിപ്പിക്കുന്നു. അക്ഷരാക്ഷരങ്ങള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ നിമിത്തമായ ഖുര്‍ആനിക വചനങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ ഉരുവിട്ട് ഈ പുണ്യങ്ങളുടെ റമളാന്‍ കാലം പുഷ്കലമാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്.