ഇസ്ലാം സര്‍വ്വസ്പര്‍ശിയായ മതമാണ്. തത്വശാസ്ത്രം, കല, സാഹിത്യം, ധാര്‍മിക വീക്ഷണം, നീതി, ഭരണം തുടങ്ങിയ ഒരു ജനതയുടെ സാംസ്കാരിക തലങ്ങളെ മുഴുവന്‍ ഇസ്ലാം ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. വിശ്വാസിയുടെ ജീവിതശൈലി രൂപപ്പെടുത്തുന്നതില്‍ കലയും സാഹിത്യവും വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രപഞ്ച സൃഷ്ടിപ്പിലെ താളപ്പൊരുത്തം സംബന്ധിച്ച് ഖുര്‍ആന്‍ വിവരണങ്ങളും, ‘അല്ലാഹു സൗന്ദര്യമുള്ളവനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.’ തുടങ്ങിയ തിരുവചനങ്ങളുമാണ് ഇസ്ലാമിക കലയുടെ പ്രചോദനം. ഇസ്ലാമിക കലാ സാഹിത്യങ്ങളുടെ ആത്മാവന്വേഷിച്ച് പോയാല്‍ സ്വാഭാവികമായും നാമെത്തുക വിശുദ്ധ ഖുര്‍ആനിലും, തിരുചര്യയിലും, അവകള്‍ക്ക് ജീവിതം കൊണ്ട് വ്യാഖ്യാനമെഴുതിയ സ്വഹാബികളിലുമായിരിക്കും. എന്തൊന്നിനേയും ഏറ്റവും ശരിയായും ഭംഗിയായും ആവിഷ്കരിക്കുക എന്നതാണ് അറബിയില്‍ കലയായി പരിചയപ്പെടുത്തുന്നത്.
ജീവിതത്തിന്‍റെ ശൂന്യമായ ഇടവേളകളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന ആത്മാവില്ലാത്ത കൃത്രിമാവിഷ്കാരങ്ങളല്ല ഇസ്ലാമിക കല. മറിച്ച് മരത്തിന് പൂക്കളെന്ന പോലെ നിത്യ ജീവിതത്തിന്‍റെ സ്വഛന്തമായ ഒഴുക്കിന് ഭംഗംവരാതെ തന്നെ അതിന് കൂടുതല്‍ ഭംഗി പകരുന്ന സ്വാഭാവികാനുബന്ധങ്ങളാണവ. ജീവിതം എപ്രകാരം അല്ലാഹുവിലും തിരുദൂതരിലും പരലോക ചിന്തയിലും കേന്ദ്രീകൃതമാണോ അപ്രകാരം തന്നെയാണ് മുസ്ലിം സമൂഹത്തിന് ജീവിതത്തിന്‍റെ വികാസമായ കലാ സാഹിത്യങ്ങളും.
ഇസ്ലാമിലെ കലയേയും സാഹിത്യത്തേയും കുറിച്ചുള്ള ചര്‍ച്ച തസ്വവ്വുഫിനെ പരാമര്‍ശിക്കാതെ പൂര്‍ണമാകില്ല. കലാ സൗന്ദര്യത്തെ ആത്മ സൗന്ദര്യത്തിന്‍റെ പ്രതിഫലനമായാണ് ഇമാം ഗസ്സാലി (റ) വിലയിരുത്തിയത്. ഇബ്നു അറബി (റ) വിന്‍റെയും, മൗലാനാ റൂമിയുടേയും ആത്മാവിഷ്കാരങ്ങള്‍ ഇസ്ലാമിക കലാ സാഹിത്യത്തെ സമ്പന്നമാക്കി. പ്രതിഭകള്‍ക്ക് ഹിദായത്തിന്‍റെ വെളിച്ചം ലഭിക്കുമ്പോള്‍ ആവിഷ്കാരത്തിന്‍റെ ദിശമാറുകയും, മാറ്റു കൂടുകയും ചെയ്യുന്നതിനു ഹസ്സാനു ബ്നു സാബിത്ത് (റ) വിനെ പോലുള്ള കവി ശ്രേഷ്ടരായ സ്വഹാബികളുടെ ജീവിതം മുതല്‍ മലയാളിയുടെ പ്രിയ കവയിത്രിയായ കമലാസുരയ്യയുടെ ജീവിതം ڔവരെ സാക്ഷിയാണ്. കേവല യുക്തിയുടെ തിമിരം ബാധിച്ച ആത്മീയതയുടെ അകകണ്ണ് അന്ധമായിപ്പോയ ഒരു ജനത ഇസ്ലാമിലെ കലയെ വളരെ വികലമായി ചിത്രീകരിച്ചു. അത് കൊണ്ടു തന്നെയാണ് ഇസ്ലാമികാവിഷ്കാരങ്ങളെ അതിന്‍റെ തനിമയിലൂടെ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കാത്തവര്‍ക്ക് ഇബ്നു അറബി (റ)വിനെയും, ഇമാം ഗസ്സാലി (റ) വിനെയും, കഅ്ബുല്‍ അഹ്ബാര്‍ (റ) വിനെയുമെല്ലാം മാറ്റി നിര്‍ത്തി ഏതാനും സിനിമാ സംവിധായകര്‍ക്കും, കഥാകൃത്തുകള്‍ക്കും മറ്റും കലാസാഹിത്യത്തിന്‍റെ കൈവശാവകാശം കൈമാറിയത്.
വീടകങ്ങളില്‍ നഫീസത്ത് മാലയും, മുഹ്യിദ്ധീന്‍ മാലയും, മന്‍ഖൂസ് മൗലിദും, ഹദ്ദാദ് റാത്തീബും സജീവമായ ഒരു കാലമുണ്ടായിരുന്നു നമുക്ക്. പകലന്തിയോളം പാടത്തും വരമ്പത്തും ജോലി ചെയ്ത് രാത്രിയില്‍ ഇലാഹീ സ്മരണയില്‍ മുഴുകിയ മാപ്പിള മുസ്ലിമിന്‍റെ പഴയ ജീവിതം മനോഹരമായിരുന്നു. നരച്ചുപതച്ച താടിരോമങ്ങള്‍ക്കിടയിലൂടെ പല്ലില്ലാ മോണകള്‍ക്കിടയിലൂടെ മൂല്യവത്തായ കലയുടെയും സംഗീതത്തിന്‍റെയും നാടന്‍ ശീലുകള്‍ പെയ്തിറങ്ങിയ കാലം. എന്നാല്‍ കാലപുരോഗതി മനുഷ്യന് സര്‍വ്വമേഖലകളിലും ഐശ്വര്യങ്ങള്‍ നല്‍കിയ മര്‍മ്മ പ്രധാനമായ പലതും നമുക്ക് കൈമോശം വന്നു പോയി.
ചടുല താളങ്ങളുടെ അകമ്പടിയോടെ പാശ്ചാത്യ സംഗീതം പതുക്കെ മാപ്പിള സമൂഹത്തിലേക്ക് അരിച്ചു കയറി. മാപ്പിളപ്പാട്ടുകള്‍ പോലും കാതടപ്പിക്കുന്ന ഉപകരണങ്ങളാല്‍ മലിനമാക്കപ്പെട്ടു. പഞ്ചാരപ്പാട്ടുകള്‍ക്കും തെറിപ്പാട്ടുകള്‍ക്കും ജനങ്ങള്‍ കൂടുതല്‍ സ്വീകാര്യത നല്‍കി. മനോഹരമായ മാപ്പിള കലാ സാഹിത്യങ്ങള്‍ കോലം കെട്ടു. മതമൂല്യത്തോട് യോജിച്ച് പോകാത്ത പാട്ടുകളെ ടെലിവിഷനും, റിയാലിറ്റിഷോകളും പരിചയപ്പെടുത്തി. പുതുതലമുറയുടെ ഹൃദയത്തിലേക്ക് വികലമായ പാട്ടുകള്‍ മാപ്പിളപ്പാട്ടുകള്‍ എന്ന പേരില്‍ ഇഞ്ചക്ട് ചെയ്തു. നാഥന്‍റെ പേര് ചേര്‍ത്തു വെക്കാവുന്ന കലയും സാഹിത്യവുമാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഇന്ന് നിലവിലുള്ള മാപ്പിള സാഹിത്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മിക്ക രചനകളും മതത്തോടോ ധാര്‍മിക ചിന്തയോടോ ഒട്ടും നീതി പുലര്‍ത്താത്തതാണ്.
നീല വെളിച്ചം തീര്‍ക്കുന്ന മനസ്സുകളെ മത്തുപിടിപ്പിച്ചു കൊണ്ട് അരക്കെട്ടു ചലിപ്പിക്കുന്ന ലൈംഗികചുവയുള്ള നൃത്തച്ചുവടുകളും, അംഗനമാരുടെ ശരീര വര്‍ണനകളും, പ്രണയപ്പെരുമയും ആവിഷ്കരിക്കലല്ല കലയും സാഹിത്യവും. മറിച്ച് മനുഷ്യത്വത്തിന്‍റെ നനവുള്ള കഥകളും കവിതകളും മനോഹരമായി ആവിഷ്കരിക്കാനാണ് മതം അനുശാസിക്കുന്നത്. മാപ്പിളപ്പാട്ടിന്‍റെ ഇശലുകളിലോ, രാഗത്തിലോ പാട്ടുണ്ടാക്കിയാല്‍ മാപ്പിളപ്പാട്ടാവില്ല. മറിച്ച്, അതിന്‍റെ ഉള്ളടക്കങ്ങളും മൂല്യവത്തായിരിക്കണം. മൃേ ളീൃ മൃമേെസല കലവെറും കലക്കുവേണ്ടി എന്ന അലസവും ചിന്താരഹിതവുമായ അഭിപ്രായത്തെ മാപ്പിള സാഹിത്യങ്ങള്‍ നിരാകരിക്കുന്നു. കലകള്‍ മനുഷ്യ നന്മക്ക് വേണ്ടിയാണെന്നും ദൈവസ്മരണ നിലനിര്‍ത്താന്‍ വേണ്ടിയാണെന്നും ഇസ്ലാം കരുതുന്നു. ഇഹ്യാഉലൂമുദ്ദീന്‍ സംഗീതത്തെക്കുറിച്ചു പറയുന്ന ഭാഗത്ത് നിന്ന് ഇത് മനസ്സിലാക്കാം.
ആഭാസ കലകള്‍ അരങ്ങുതകര്‍ക്കുന്ന പുതിയ സമൂഹത്തിലേക്ക് കടന്നു ചെല്ലാന്‍ മൂല്യവത്തായ കലാരൂപങ്ങള്‍ നമുക്ക് ഉപയോഗിക്കേണ്ടിവരും. ലഹരിക്കും അസാന്മാര്‍ഗികതക്കും പ്രേരിപ്പിക്കുന്ന കലകള്‍ ഉപേക്ഷിക്കപ്പെടണമെന്നാണ് ഇമാം ഗസ്സാലി (റ) വിന്‍റെ വീക്ഷണം. ദൃശ്യ മാധ്യമങ്ങളുടെ കാലഘട്ടമാണിത്. അവയുടെ കുത്തൊഴുക്കില്‍ ഒലിച്ച് പോകുന്ന ചണ്ടികളായി സമൂഹം മാറാതിരിക്കണമെങ്കില്‍ കലാ സാഹിത്യ രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ രൂപപ്പെടുത്തണം. പഴമയിലേക്കുള്ള തിരിച്ചുപോക്കിനെ കുറിച്ച് നാം പുനര്‍ വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ പൂര്‍വ്വികരുടെ ഏക ആശ്രയം മാലയും മൗലിദുകളുമായിരുന്നു. പ്രസവസമയത്തും ജീവിതത്തിന്‍റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നഫീസത്ത് മാലയും, മുഹ്യിദ്ധീന്‍ മാലയും അവരുടെ നാവിലൂടെ ഉരുവിട്ടുകൊണ്ടിരുന്നു. ഇസ്ലാമിക ചരിത്രങ്ങളെ കോര്‍ത്തിണക്കിയ വരികള്‍ വളരെ ആവേശകരമായിരുന്നു. താരാട്ടു പാട്ടുകള്‍ വരെ മനോഹരമായി ആവിഷ്കരിക്കുന്ന ഉമ്മമാരുടെ കഴിവിനോളമെത്തില്ല ആധുനികതയുടെ കാതടപ്പിക്കുന്ന സംഗീതങ്ങള്‍.
നേരം ഇരുട്ടായാല്‍ നിസ്കാരപ്പായ വിരിച്ച് നിസ്കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞാല്‍ പിന്നെ നിസ്കാരപ്പായയില്‍ കാലും നീട്ടി വെച്ച് കുടുംബിനികള്‍ മനോഹരമായി ഇശലുകള്‍ തീര്‍ക്കാറുണ്ട്. എന്നാല്‍ ആധുനികതയുടെ പുതിയ സംസ്കാരം വീടകങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. സിനിമയും സീരിയലുകളും തീര്‍ക്കുന്ന കൃത്രിമാവിഷ്കാരങ്ങളില്‍ കണ്ണീരൊഴുക്കുന്ന കുടുംബിനികള്‍ ഇന്ന് ഒട്ടും കുറവല്ല. അത് കൊണ്ട് തന്നെയാണ് വീടകങ്ങളില്‍ നിന്ന് ശാന്തിയും സമാധാനവും പടിയിറങ്ങിയത്. പഴമയിലേക്കുള്ള ഒരു തിരിച്ച് പോക്ക് നമുക്കത്യവശ്യമായിരിക്കുന്നു. കലയേയും സാഹിത്യത്തേയും മനോഹരമായി ആവിഷ്കരിക്കുന്ന ആ പഴയ പ്രതാപം നമുക്ക് വീണ്ടെടുക്കേണ്ടിയിരിക്കുന്നു.