മൃതിയടയാനിരിക്കുന്ന ഭൂമിയെ നോക്കി വ്യാകുലതയോടെയാണ് ഒ.എന്‍.വി കുറിപ്പ് ഭൂമിക്കൊരു ചരമഗീതത്തില്‍ ഇങ്ങനെ പാടിയത്. ‘ഇനിയും മരിക്കാത്ത ഭൂമീ/ നിന്നാസന്ന മൃതിയില്‍/ നിനക്കാരു ശാന്തി’. നമ്മുടെ ഭൂമിയുടെ സൗന്ദര്യാത്മകത മുഴുവനും പൊളിച്ചടക്കപ്പെട്ടിരിക്കുന്നു. വനങ്ങളും മരങ്ങളും പുല്‍മേടുകളും അരുവികളുമെല്ലാം തീര്‍ത്തിരുന്ന പ്രകൃതിയുടെ മനോഹാരിത നമ്മുടെ വികൃതമായ കരങ്ങള്‍ കൊണ്ട് മാന്തിപ്പിളര്‍ത്തിയിരിക്കുന്നു. നമ്മള്‍ വെട്ടി നുറുക്കിയ മരങ്ങളുടെ കണക്കനുസരിച്ച് അനേകായിരം ജീവികള്‍ പ്രകൃതിയില്‍ അലഞ്ഞു കൊണ്ടിരിക്കുന്നു. വേനലിന്‍റെ തീക്ഷണത സഹിക്കവെയ്യാതെ കുഞ്ഞിച്ചിറകുകള്‍ മണ്ണിനോട് ചേര്‍ത്ത് വെച്ച് മനുഷ്യന് മുന്നില്‍ അവകള്‍ അടിയറവ് പറയുന്നു. അത്യുഷ്ണത്തില്‍ സൂര്യാഘാതമേറ്റ് നമ്മുടെ സഹോദരങ്ങള്‍ മരണമടയുമ്പോഴും കാരണങ്ങള്‍ തേടാതെ പ്രകൃതിയെ നമ്മള്‍ വികൃതമാക്കി കൊണ്ടേയിരിക്കുകയാണ്.
വീണ്ടും ഒരു ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം കൂടെ കടന്ന് വന്നിരിക്കുന്നു. പ്രതിവര്‍ഷം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്ന 1500 കോടി മരങ്ങള്‍ക്ക് പകരം ഇടിച്ചു നിരത്തി ലാഭം കൊയ്യുന്ന മലകള്‍ക്കും പാറകള്‍ക്കും പകരം ഈ ആവാസവ്യവസ്ഥക്ക് വേണ്ടി നമ്മള്‍ക്കെന്ത് ചെയ്യാനാവും? ഐക്യ രാഷ്ട്രാ സം ഘടന വിഭാവന ചെയ്യുന്നത് 2020 ആകുമ്പോഴേക്കും 780 കോടി മരങ്ങള്‍ ഭൂമിയില്‍ നട്ടു സംരക്ഷിക്കണമെന്ന പദ്ധതിയാണ്. പൊള്ളയായ വികസന പ്രവര്‍ത്തനങ്ങളും വന നശീകരണവും ഫോറസ്റ്റ് അതോറിറ്റിയുടെ അനാസ്ഥയുമെല്ലാം അവശേഷിക്കുന്ന മരങ്ങള്‍ക്കും ഭീഷണിയാണ് മുഴക്കിക്കൊണ്ടിരിക്കുന്നത്. മരങ്ങളില്ലെങ്കില്‍ ഭൂമിയില്‍ എന്ത് പ്രാണന്‍? എന്ത് ജീവി? എന്ത് മനുഷ്യന്‍? എല്ലാ അപ്രാപ്യമാണ്. പ്രാണവായു നല്‍കുന്നതോടൊപ്പം ആഗോള താപനത്തിനും തുടര്‍ന്നുള്ള സമുദ്ര നിരപ്പിലെ ഉയര്‍ച്ചക്കും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാവുന്ന അന്തരീക്ഷത്തിലെ അമിതമായ കാര്‍ബണ്‍ഡൈ ഓക്സൈഡ് വലിച്ചെടുത്ത് വായു മണ്ഡലത്തെ ജീവ മണ്ഡലമാക്കി നിലനിര്‍ത്തുന്നത് മരങ്ങളാണ്.
ശരാശരി ഒരു കാര്‍ 26000 മൈല്‍ ഓടിയാല്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും പുറത്ത് വരുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് വലിച്ചെടുത്ത് വായു ശുദ്ധീകരിക്കാന്‍ വെറും ഒരു ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാരകമായ മലിന വായുവിലെ നൈട്രജന്‍റെ ഓക്സൈഡുകള്‍, അമോണിയ, സള്‍ഫറിന്‍റെ ഓക്സൈഡുകള്‍, കാര്‍ബണിന്‍റെ ഓക്സൈഡുകള്‍, ഓസോണ്‍ തുടങ്ങിയ വിഷവാതകങ്ങള്‍ വലിച്ചെടുത്ത് വായു ശുദ്ധമാക്കുന്നതില്‍ അമൂല്യ പങ്കാണ് മരങ്ങള്‍ വഹിക്കുന്നത്. ഭൂമിയിലെ ജീവനും മരങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണ് നിലനില്‍ക്കുന്നത്. വന്യമൃഗങ്ങളെ ആവാസ വ്യവസ്ഥ നല്‍കി സംരക്ഷിക്കുകയും മഴവെളളത്തെ മണ്ണിലൂടെ ഭൂമിക്കടിയിലെ ഭൂഗര്‍ഭ ജല സ്രോതസ്സുകളില്‍ എത്തിക്കുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയും ചെയ്യുന്നത് മരങ്ങളാണ്. ഭൂമിയിലെ അസഖ്യം ജന സമൂഹങ്ങള്‍ക്ക് ആഹാരവും ജീവിതവും ഭക്ഷണവും വ്യവസായ വാണിജ്യ ഉത്പന്നങ്ങളും നല്‍കുന്നത് മരങ്ങളുടെ സാന്നിധ്യമാണ്. ചൂടും തണുപ്പും ക്രമാതീതമായി ഉയരുന്നതും താഴുന്നതും നിയന്ത്രിക്കാന്‍ നമ്മള്‍ക്ക് ചുറ്റുമുള്ള മരങ്ങള്‍ക്ക് കഴിയും. അവയില്‍ നിന്ന് ട്രാന്‍സ്പിറേഷന്‍ എന്ന പ്രതിഭാസം വഴി പുറത്തുവരുന്ന ഈര്‍പ്പം പ്രാദേശിക കാലാവസ്ഥയിലെ താപ ഉയര്‍ച്ച ഫലപ്രദമായി തടയുന്നുണ്ട്. ഒരു പ്രദേശത്തെ കാലാവസ്ഥ നിയന്ത്രണത്തില്‍ മരങ്ങള്‍ ബഫര്‍സോണ്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
മരങ്ങളുടെ അഭാവം ഗുരുതരമായ രോഗങ്ങള്‍ക്ക് വഴി വെക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. നമ്മുടെ പല രോഗാണുക്കളും അവ പരത്തുന്ന കീടങ്ങളും ഇപ്പോള്‍ മരങ്ങളിലും വനങ്ങളിലും കഴിഞ്ഞ് കൂടുന്നവയാണ്. മരങ്ങളുടെ ഇല്ലായ്മ കീടങ്ങള്‍ക്ക് ആവാസവ്യവസ്ഥ നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കും. ആയതിനാല്‍ അവ നാട്ടിലെ കൃഷിക്കും ജനങ്ങള്‍ക്കും ജന്തുക്കള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. പല ജീവജാലകങ്ങളുടെയും വംശനാശം മനുഷ്യന്‍റെ ഭീതിതമായ അന്ത്യത്തിലേക്കാണ് കൊണ്ടെത്തിക്കുക. കാട് നശിപ്പിച്ച് നമ്മള്‍ നടത്തുന്ന വികസന പദ്ധതികള്‍ പലതും സാധാരണ ഉണ്ടായേക്കാവുന്ന ജീവജാലകങ്ങളുടെ വംശ നാശത്തേക്കാള്‍ 1000 മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ജീവജാലങ്ങളുടെ വംശനാശ ഭീഷണിയുടെ തോത് 10000 മടങ്ങായി മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നമ്മുടെ ഭൂമി ജീവിക്കാന്‍ കൊള്ളാവുന്ന ആവാസ വ്യവസ്ഥയില്‍ നിന്ന് മരുഭൂമി പോലെയാകുന്ന സ്ഥിതി വരാന്‍ നാളേറെ വേണ്ടെന്ന സന്ദേഷശമാണ് പൊള്ളയായ നമ്മുടെ വികസന നയങ്ങള്‍ വിളിച്ചറിയിക്കുന്നത്. ചെടികളും മരങ്ങളും അപ്രത്യക്ഷമാകുന്നതോടെ ഭൂമുഖത്ത് നിന്ന് കുറ്റിയറ്റ് പോവുന്ന രണ്ട് ജീവ ജാലങ്ങളുണ്ട്. തേനീച്ചയും വവ്വാലുമാണത്. ഇവ രണ്ടും ഭക്ഷ്യ സുരക്ഷക്ക് നല്‍കുന്ന മഹത്തായ സംഭാവനയാണ് പരാഗണം. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന ചെടികളിലെ പരാഗണം നിലക്കുന്നതോടെ ഫലങ്ങള്‍ ഉണ്ടാകുന്നത് നില്‍ക്കും. ലോകം ഇതോടെ പട്ടിണിയിലേക്ക് കൂപ്പുകുത്തും. പ്രകൃതിയുമായി ഇണങ്ങിയതും പരിസ്ഥിതി സൗഹൃദവുമായ വികസന നയങ്ങളും സ്ഥായിയായ വികസന കാഴ്ചപ്പാടുകളും ഉണ്ടെങ്കില്‍ മാത്രമേ വികസനം സുസ്ഥിരമാകൂ… അല്ലെങ്കില്‍ ഭൂമി മരുവല്‍ക്കരിക്കപ്പെടുകയും ഊഷരമാവുകയും മനുഷ്യ ജീവിതം ദുസ്സഹമാവുകയും ചെയ്യും.
മനുഷ്യ ജീവിതത്തിന്‍റെ നിലനില്‍പ്പ് ജലത്തില്‍ ആശ്രയിച്ചിരിക്കുന്നു. മറ്റു ജീവികളുടെയും സസ്യങ്ങളുടെയും മരങ്ങളുടെയുമെല്ലാം ആശ്രയവും ജലം തന്നെയാണ്. അഥവാ നമ്മുടെ ആവാസ വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് ജലം. നമ്മള്‍ പ്രകൃതിയോട് ചെയ്യുന്ന അനീതികള്‍ ശുദ്ധജല ലഭ്യതയേയും സാരമായി ബാധിച്ചിട്ടുണ്ട്. കൂറ്റന്‍ വ്യവസായ സ്ഥാപനങ്ങളുടെ ഓവുചാലുകളായി പുഴകളേയും അരുവികളേയും നാം മാറ്റിയതു മുതലാണ് ജലലഭ്യത ഒരു വലിയ ഭീഷണിയായി മാറാന്‍ തുടങ്ങിയത്. വേണ്ട ജലം ലഭിക്കാതെ വരുമ്പോള്‍ ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് സ്വയം വികസിതരാവുന്ന കോര്‍പറേറ്റ് ഭീമന്‍മാര്‍ ഒരിറ്റ് ജലത്തിന് കേഴുന്ന നാട്ടിലെ അധസ്ഥിത വര്‍ഗത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. അതിനേക്കാള്‍ ഭീമമായ ചൂഷണമാണ് ജലദൗര്‍ലഭ്യതയുടെ മറവില്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായ ഉല്‍പന്നമായി മാറിയിരിക്കുകയാണ് കുപ്പിവെള്ളം. 2011ല്‍ 8000 കോടി രൂപയാണ് കുപ്പിവെള്ളത്തിന്‍റെ വാര്‍ഷിക വിറ്റുവരവെങ്കില്‍ 2015ല്‍ അത് 15000 കോടിയായി ഉയരുകയുണ്ടായി. 2020ല്‍ ഇത് 36000 കോടി രൂപയുടെ വാര്‍ഷിക വിറ്റു വരവിലെത്തുമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേഡ്സ് (ആകട) വിലയിരുത്തുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനത്തില്‍ രാജ്യത്തെ പ്രമുഖരായ 30 കമ്പനികളുടെ വെള്ളത്തിലും കീടനാശിനിയുടെ അംശം ഉള്ളതായി കണ്ടെത്തിയിരുന്നു. ബാബ ആണവ ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയില്‍ മുംബൈയിലെ കടകളില്‍ വില്‍പനക്ക് വെച്ച കുടിവെള്ള സാമ്പിളുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളടക്കം ഉയര്‍ന്ന തോതിലുള്ള വിഷാംശമുള്ളതായി തെളിയിക്കപ്പെട്ടിരുന്നു. ചില കമ്പനികള്‍ ഭൂഗര്‍ഭ ജലമാണ് കുപ്പികളില്‍ നിറച്ച് വില്‍ക്കുന്നത്. എന്നാല്‍ ഹൃദ്രോഗം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവക്ക് കാരണമാകുന്ന കഠിന ലോഹങ്ങള്‍ അടങ്ങിയതാണ് പലയിടത്തുമുള്ള ഭൂഗര്‍ഭ ജലമെന്ന് ഇത് സംബന്ധിച്ച നിരവധി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാവസായിക മേഖല വളരുകയും ജനങ്ങള്‍ പെരുകുകയും ചെയ്തതോടെ ശുദ്ധജല ലഭ്യത ഗുരുതര പ്രശ്നമായി മാറിയിട്ടുണ്ട് രാജ്യത്ത്. കൂറ്റന്‍ വ്യവസായങ്ങള്‍ പലതും നദീതീരത്താണ് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ മിക്ക നദികളിലെയും വെള്ളം മലിനമാണ്. വീടുകളും ഫ്ളാറ്റുകളും പെരുകിയതിനെത്തുടര്‍ന്ന് അശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കുകളില്‍ നിന്നും ഓടകളില്‍ നിന്നും കിണര്‍ വെള്ളത്തിലേക്കും കുളങ്ങളിലേക്കും മാലിന്യങ്ങള്‍ കലരുന്നുണ്ട്. ഇത്തരം സ്രോതസ്സുകളില്‍ നിന്നാണ് പലരും മിനറല്‍ വാട്ടറിനുള്ള വെള്ളം ശേഖരിക്കുന്നത്.
പ്രകൃതിയുടെ ഇസ്ലാം
ഇസ്ലാം എല്ലാ അര്‍ത്ഥത്തിലും പ്രകൃതിയുടെ മതമാണ്. മനുഷ്യന്‍റെ എല്ലാ ജീവിത വ്യവസ്ഥകളിലും പ്രകൃതി വിഭാവനം ചെയ്യുന്ന നിയമങ്ങളും നയങ്ങളും പറയുന്നതോടൊപ്പം നമ്മുടെ പരിസ്ഥിതിയും പൂര്‍ണ്ണ സുരക്ഷിതമാവണമെന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. സൂറതുല്‍ കഹ്ഫിന്‍റെ 7-ാം വചനത്തില്‍ ഇങ്ങനെ കാണാം. ‘തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കാന്‍ വേണ്ടി’. മരങ്ങളും അരുവികളും പുല്‍മേടുകളുമെല്ലാം ഭൂമിയുടെ സൗന്ദര്യാത്മകതയെ വിളിച്ചറിയിക്കുന്നുണ്ട്. ഈ അലങ്കാരങ്ങളോട് എങ്ങനെ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നു എന്ന പരീക്ഷണമാണ് സൃഷ്ടാവായ തമ്പുരാന്‍ നടത്തുന്നത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടാനും മരങ്ങള്‍ നട്ടുവളര്‍ത്താനുമാണ് മുത്ത് നബി(സ്വ) ഉപദേശിച്ചിട്ടുള്ളത്. ഖിയാമത്ത് നാളിന്‍റെ വിളിയാളം കേട്ട് കഴിഞ്ഞാലും കയ്യിലുള്ള വിത്ത് ഉപേക്ഷിച്ച് കളയാതെ നടണമെന്നാണ് പ്രവാചകര്‍(സ്വ) പറഞ്ഞത്. മരങ്ങളും പഴങ്ങളും കൃഷി ചെയ്ത്, അവയിലെ ഫലങ്ങള്‍ പക്ഷികള്‍ കൊത്തിയെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താലും നിനക്ക് ദാനം ചെയ്ത പ്രതിഫലമാണെന്ന് മുത്ത് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അനസ് ബ്നു മാലിക്(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു. ഒരു മുസ്ലിം കൃഷി ചെയ്യുകയും അതില്‍ നിന്ന് പക്ഷികളോ മൃഗങ്ങളോ മനുഷ്യന്‍ തന്നെയും ഭക്ഷിക്കുകയും ചെയ്താല്‍ അത് അവന് സ്വദഖയാണ്(ബുഖാരി/2152). അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ മുത്ത് നബി(സ്വ) ഇങ്ങനെ പറഞ്ഞു. ഒരാള്‍ക്ക് ഭൂമിയുണ്ടെങ്കില്‍ അയാള്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ തന്‍റെ സഹോദരന് കൃഷിചെയ്യാന്‍ വിട്ട് കൊടുത്ത് കൊള്ളട്ടെ.(ബുഖാരി/2172). നാഫിഅ് ബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം നബി(സ്വ) തങ്ങള്‍ ഖൈബറിലെ ഭൂമി യഹൂദികള്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കി. അവരുല്‍പാദിപ്പിച്ചിതിന്‍റെ വിഹിതം നല്‍കുമെന്ന നിബന്ധന പ്രകാരം(ബുഖാരി/2163). ഈ ഹദീസുകളുടെയെല്ലാം വെളിച്ചത്തില്‍ മുത്ത് നബി(സ്വ) കാര്‍ഷിക വൃത്തിക്കും മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നതിനും നല്‍കിയ ബഹുമാനം മനസ്സിലാക്കാനാവും.
മരങ്ങളുടെ അഭാവം തേനീച്ചകളുടെ വംശനാശത്തിന് കാരണമാവുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ ഓര്‍മപ്പെടുത്തുന്നുണ്ട്. മരകളും മലകളുമാണ് അവകള്‍ക്ക് സൃഷ്ടാവ് വിധാനിച്ച പാര്‍പ്പിടങ്ങളെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘നിന്‍റെ നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു. മലകളിലും മരങ്ങളിലും മനുഷ്യന്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക(സുറത്തു ന്നഹ്ല്‍/68)’. അവകള്‍ ഇല്ലാതായിക്കൊണ്ടിരുന്നാല്‍ തേനീച്ചയുടെ ആവാസ വ്യവസ്ഥ തകരാറിലാവുമെന്നും പരാഗണം നടക്കാതെ മനുഷ്യന്‍റെ കൃഷികള്‍ പാഴ്വേലയാകുമെന്നും ശാസ്ത്രം പഠിപ്പിക്കുന്നുണ്ട്.
സൃഷ്ടാവിന്‍റെ ഔദാര്യമാണ് ജലമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട്. ‘അല്ലാഹുവാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞ് തന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്ന് തന്നെയാണ് കാലികളെ മേക്കുവാനുള്ള ചെടികളുണ്ടാവുന്നത്'(സൂറതുന്നഹ്ല്‍/10). ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു(ഫുര്‍ഖാന്‍/47). ആകാശത്ത് നിന്ന് ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ച് കളയാന്‍ തീര്‍ച്ചയായും ഞാന്‍ ശക്തനാകുന്നു.(സൂറതുല്‍ മുഅ്മിനൂന്‍/18) തുടങ്ങിയ അനേകം വചനങ്ങളിലൂടെ അല്ലാഹു ഈ സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്. വെള്ളം അമിതവ്യയം നടത്തരുതെന്ന് മുത്ത് നബി(സ്വ)യുടെ ശക്തമായ ശാസനയുണ്ട്. നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദിയില്‍ നിന്നാണ് അംഗസ്നാനം ചെയ്യുന്നതെങ്കിലും അമിതവ്യയം നടത്തരുതെന്നാണ് മുത്ത് നബി(സ്വ) പഠിപ്പിക്കുന്നത്. ഇസ്ലാം പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമാണ്. ഇവിടെ നാച്ചര്‍ലൈസ്ഡ് ഇസ്ലാമിനെ വായിക്കാന്‍ മിടുക്ക് കാണിക്കുന്നവര്‍ക്ക് പ്രകൃതിയെ കുറിച്ച് നന്നായി വാചാലമാവാം. കപടനാട്യക്കാരും പൊള്ളയായ വികസനത്തിന്‍റെ വാക്താക്കള്‍ക്കും ഒരു തൈ നട്ട് കൈ കഴുകാവുന്നതല്ല ഈ പരിസ്ഥിതി ദിനം.