2017 Jan-Feb Hihgligts അനുസ്മരണം വായന

വൈലത്തൂർ തങ്ങള്‍ ആദർശത്തിന്‍റെ കാവലാള്‍

ചിലരുടെ സാന്നിദ്ധ്യം ഇങ്ങനെയാണ്. ഉള്ളില്‍ ഉറഞ്ഞു പോയ സങ്കടങ്ങളുടെ ഹിമാലയങ്ങള്‍ അവരുടെ സമാധാനത്തിന്‍റെ കരസ്പര്‍ശമേറ്റാല്‍ അലിഞ്ഞലിഞ്ഞ് ബാഷ്പകണങ്ങളായി ഒഴിഞ്ഞു പോകും. അവര്‍ ചാരത്തുണ്ടെന്നറിഞ്ഞാല്‍ മനസ്സ് ആനന്ദത്താല്‍ തുടിച്ചുകൊണ്ടിരിക്കും. വൈലത്തൂര്‍ തങ്ങളും അങ്ങനെയുള്ള വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. ഒരു പണ്ഡിതന്‍, സി.എം വലിയുള്ളാഹിയെ പോലുള്ള ഔലിയാക്കളുടേയും സൂഫിവര്യരുടേയും തണലില്‍ വളര്‍ന്ന, പുന്നാര പൂമുത്തിന്‍റെ പരമ്പരയില്‍ പിറന്ന തങ്ങള്‍. എല്ലാം കൊണ്ടും അനുഗ്രഹീതര്‍. പക്ഷേ, ഇനിമുതല്‍ ഇന്നലകളുടെ സ്മരണളിലേക്ക് ആ ജീവിത താളുകള്‍ മറിച്ചിടേണ്ടി വരുമെന്നതോര്‍ക്കുമ്പോള്‍, ആശ്രിതര്‍ക്ക് പ്രാര്‍ത്ഥനാ വചസ്സുകള്‍കൊണ്ടു കുളിര്‍ ചൊരിഞ്ഞ മഹാമനീഷി നാളെയുടെ ചരിത്രങ്ങളിലേക്ക് മണ്‍മറഞ്ഞു എന്നു വേപഥുകൊള്ളുമ്പോള്‍ ഉള്ള് പൊള്ളുന്ന വാക്കുകളാല്‍ കുറിച്ചിട്ട പണ്ഡിതന്‍റെ മരണം ലോകത്തിന്‍റെ മരണമാണെന്ന ആപ്തവാക്ക്യം ഹൃദയഭിത്തിയില്‍ പ്രകമ്പനം കൊള്ളുകയാണ്. മരണം ചെരുപ്പിന്‍റെ വാറിനേക്കാള്‍ ചാരെ കാത്തിരിപ്പുണ്ടെന്ന ഒന്നാം ഖലീഫയുടെ തിരുമൊഴികള്‍ പകല്‍ പോലെ പുലരുകയായിരുന്നില്ലേ…. വിശിഷ്യ, ഖലീല്‍ തങ്ങള്‍ പറഞ്ഞതുപോലെ, അവശതകളോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാതിരിക്കുമ്പോഴാണ് കണ്‍വെട്ടത്തു നിന്നു മഹാന്‍ മറഞ്ഞതെന്നത് കൂടി ഓര്‍ക്കുമ്പോള്‍.
ജനമനസ്സുകളിലെ ഇല്‍മിന്‍റെ ഈറ്റില്ലമായ മര്‍ക്കസിന്‍റെ വൈസ് പ്രസിഡന്‍റ് പദവി അലങ്കരിച്ച മഹാത്മാവിന്‍റെ ഗുണകണങ്ങള്‍ വര്‍ണിക്കുന്നതില്‍ നൂറ് നാക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക്. അവരില്‍ പലരുടെയും കര്‍ണപുടങ്ങളില്‍ ഗുരുവിന്‍റെ മധുരമൊഴികള്‍ പ്രതിധ്വനിക്കുന്നുണ്ടിപ്പോഴും. സി. എം വലിയുള്ളാഹി പകര്‍ന്ന അധ്യാത്മിക ചിന്തകളും സ്വഭാവഗുണങ്ങളും ജീവിതത്തിലുടെ നീളം കാത്തുസൂക്ഷിച്ച സയ്യിദ് യൂസുഫുല്‍ ജീലാനിതങ്ങള്‍ അല്ലാഹുവിന്‍റെ അടിമകളെ വാഴ്ത്തിപ്പാടിയ നവവി ഇമാമിന്‍റെ അര്‍ത്ഥ ഗര്‍ഭമുള്ള വാക്കുകളുടെ ജീവിക്കുന്ന മാതൃകയായിരുന്നു. നൈമിഷിക സുഖങ്ങളുടെ മേലങ്കിയണിഞ്ഞ ദുന്‍യാവിനെ വെറുത്ത മഹാന്‍ നാളെയുടെ പറുദീസയില്‍ സൗഖ്യങ്ങളുടെ അമ്പരചുമ്പികള്‍ക്കായി സത്കര്‍മങ്ങളുടെ നൗക പണിതു. പിന്നെ, ദിശ തേടിയുള്ള യാത്രക്കിടയില്‍, പ്രതിഷേധങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടെയും തിരമാലകള്‍ ആര്‍ത്തലച്ചു വന്നപ്പോഴും പണിതുയര്‍ത്തിയ സത്കര്‍മങ്ങളുടെ നൗക ഉലയാതെയും പിളരാതെയും തകര്‍ന്നടിയാതെ നോക്കി. എല്ലാം മറികടന്ന് മൗനത്തിന്‍റെ മന്ദമാരുതനൊത്ത് നൗക ഒഴുകാന്‍ തങ്ങള്‍ പ്രയത്നിച്ചുകൊണ്ടിരുന്നു.
അനുഭവജ്ഞാനങ്ങളും ഇതര ജ്ഞാനങ്ങളും ഇഴകിച്ചേര്‍ന്ന തങ്ങള്‍ ദീനിന്‍റെ കര്‍മമണ്ഡലങ്ങളില്‍ ജീവസുറ്റ സാന്നിധ്യമായപ്പോള്‍ അനുയായികള്‍ക്കും തങ്ങള്‍ ഒരാവേശമായി മാറി. ഇന്നും പലരും മറന്നു കാണില്ല നോളേജ് സിറ്റി ഉദ്ഘാടന വേളയില്‍ ബുള്ളറ്റില്‍ ചെത്തിപൊള്ളിച്ചുള്ള തങ്ങളുടെ വരവ്. എ. പി ഉസ്താദ് സ്റ്റേജിലേക്ക് കടന്നു വരുമ്പോഴുള്ള തങ്ങളുടെ ഉച്ചത്തിലുള്ള തക്ബീര്‍ വിളിയാളം.
പലരുടെയും മനസ്സുസൂക്ഷിപ്പുകാരനുമായിരുന്നു തങ്ങള്‍.. എ.പി ഉസ്താദ് തന്നെ വിവരിക്കുന്നത് നോക്കുക. ‘ജീവിതത്തിലും മര്‍ക്കസ് പ്രവര്‍ത്തന രംഗത്തും വെല്ലുവിളികളുയര്‍ത്താന്‍ ചിലരൊക്കെ ശ്രമിച്ചപ്പോള്‍ വലിയ ആത്മവിശ്വാസവും പ്രാര്‍ത്ഥനകളും പിന്തുണയും നല്‍കി ഏറ്റവും അടുത്തു നിന്ന സ്നേഹിതനായിരുന്നു എനിക്ക് തങ്ങള്‍'( സിറാജ് ദിനപത്രം. 22/1/2017). ദുന്‍യാവിന്‍റെ പളപളപ്പില്‍ വഴുതി വീഴുന്നവരായിരുന്നില്ല തങ്ങള്‍. ‘മര്‍ക്കസിന്‍റെ പരിപാടികളിലേക്ക് അകലെയുള്ള തന്‍റെ വീട്ടില്‍ നിന്ന് വാഹനത്തില്‍ വന്നാലും എണ്ണയുടെ പണം പോലും തങ്ങള്‍ വാങ്ങില്ല. എത്ര നിര്‍ബന്ധിച്ചു കൊടുക്കാന്‍ ശ്രമിച്ചാലും പറയും, എനിക്കാവിശ്യമില്ല. ദീനി സംരംഭങ്ങള്‍ക്കെത്താന്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ എന്‍റെ കൈയില്‍ തന്നെ പണമുണ്ട്’ എന്നാണ് എ.പി ഉസ്താദ് തന്‍റെ അനുഭവത്തിലെ തങ്ങളെ കുറിച്ചിട്ടത്.
നേരിട്ടുള്ള ക്ഷണങ്ങളില്‍ മാത്രമേ പങ്കെടുക്കൂ എന്നു ശഠിക്കുന്ന നേതാക്കളുള്ള ഈ കാലത്ത് തങ്ങളുടെ ലാളിത്യത്തിന്‍റെ ചെറിയ ഉദാഹരണമാണ് അനുസ്മരണ പ്രഭാഷണത്തില്‍ ഖലീല്‍ തങ്ങള്‍ പങ്കുവെച്ചത്. ഫോണ്‍ വിളിച്ചാല്‍ മാത്രം മതി, മഅ്ദനില്‍ നടക്കുന്ന ഏത് പരിപാടിക്കും തങ്ങള്‍ എത്തും. അവസാനം ഘട്ടം വരെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും.
സ്വര്‍ഗവാസത്തിന് മനുഷ്യ മനസ്സിന്‍റെ അനിഷ്ടങ്ങളാല്‍ കെട്ടിപടുത്ത സ്വര്‍ഗ ഭിത്തികള്‍ ഭേദിക്കേണ്ടതുണ്ട്. ശിക്ഷണത്വത്തിന്‍റെ തീചൂളയില്‍ മനസ്സിനെ കിടത്തി മെരുക്കിയെടുത്താലേ അതിനു സാധിക്കൂ. മനോമുകിരത്തില്‍ അത്തരമൊരു ജീവിതം കിനാവു കണ്ട തങ്ങള്‍ ദേഹേഛകളോടുള്ള ജിഹാദിനു ആത്മീയ ഗുരുക്കന്മാരുടെ സാരോപദേശങ്ങള്‍ തേടിയിരുന്നു. അവരില്‍ പ്രമുഖരാണ് സി.എം വലിയുള്ളാഹി മടവൂര്‍, വേങ്ങര കോയപ്പാപ്പ, വാളക്കുളം അബ്ദുല്‍ബാരി മുസ്ലിയാര്‍. ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്ലിയാര്‍, തണ്ണീര്‍ക്കോട് ചീയാമു മുസ്ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാര്‍. തങ്ങളുടെ പ്രധാന ഉസ്താദുമാരാണ് തവനൂര്‍ മമ്മാലിക്കുട്ടി മുസ്ലിയാര്‍, പൂക്കയില്‍ കുഞ്ഞയമു മുസ്ലിയാര്‍, പട്ടര്‍കുളം കുഞ്ഞാലി മുസ്ലിയാര്‍, അയനിക്കര ഹാജി മുഹമ്മദ് മുസ്ലിയാര്‍.
രണ്ടു പതിറ്റാണ്ടോളം മഹാനായ സി.എം വലിയുള്ളാഹിയെ പിന്തുടര്‍ന്നു അവിടുത്തെ അനുഗ്രാഹാശിസ്സുകള്‍ കരസ്ഥമാക്കിയ തങ്ങളുപ്പാപ്പ പ്രധാന ദിവസങ്ങളിലും യാത്രാവേളകളിലും മടവൂരില്‍ സിയാറത്ത് ചെയ്ത് വഫാത്തിനു ശേഷവും ആ നല്ല ബന്ധം തുടര്‍ന്നിരുന്നു. വിവിധ ത്വരീഖത്തുകളുടെ ഖിലാഫത്ത് കരസ്ഥമാക്കിയ സയ്യിദവര്‍കളോട് സി.എം(റ) പറയുമായിരുന്നു നിങ്ങള്‍ക്ക് എല്ലാം നല്‍കാം. നിങ്ങള്‍ക്ക് നിബന്ധനയില്ല. സ്വീകരിക്കുന്നവര്‍ക്ക് നിബന്ധനയുണ്ട്. വലിയുള്ളാഹിയുടെ കറാമത്തുകള്‍ പരിചയപ്പെടുത്തിയുള്ള തങ്ങളുടെ പ്രഭാഷണങ്ങള്‍ ഇന്നും പലരുടെയും സ്മരണകളില്‍ തെളിഞ്ഞു കിടപ്പുണ്ടാകും. സി.എം വലിയുള്ളാഹിയുടെ നിര്‍ദേശപ്രകാരം തങ്ങള്‍ 1974 ലാണ് കൊടുവള്ളിയില്‍ ചികിത്സ തുടങ്ങിയത്. സി.എം വലിയുള്ളാഹിയുടെ അതേ ശൈലിയില്‍. അതുവേണ്ട, സുഖപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞുള്ള ചികിത്സാരീതി.
കോഴിക്കോട് കരുവന്‍പൊഴിയില്‍ ഒത്തൊരുമിച്ച വിശ്വാസി ഹൃദയങ്ങള്‍ക്ക് സാരോപദേശങ്ങളാലും പ്രാര്‍ത്ഥനകളാലും ആത്മീയ ഭക്ഷണം നല്‍കി ഏതാനും മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു തങ്ങളുടെ ആകസ്മിക വിയോഗം. 1946ലായിരുന്നു തങ്ങളുടെ ജനനം. പിതാവ് താനൂര്‍ ജുമുഅ മസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന കോയഞ്ഞിക്കോയ തങ്ങളാണ്. മാതാവ് തിരൂര്‍ പുത്തന്‍തെരു ആഇശാ ബീവിയും. ചാവക്കാട് ബുഖാറയിലെ മുത്തുകോയ തങ്ങളുടെ മകള്‍ സ്വഫിയ്യാ ബീവിയാണ് ഭാര്യ. തങ്ങള്‍ ജനമനസ്സുകളില്‍ ഇടംപിടിച്ചത് എപ്രകാരമായിരുന്നു എന്നത് വന്‍ജനാവലി പങ്കെടുത്ത മയ്യിത്തു നിസ്ക്കാരം പതിനൊന്നു തവണയായി നടത്തേണ്ടി വന്നു എന്നതില്‍ നിന്നു വായിച്ചെടുക്കാവുന്നതാണ്. അവിടുത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നല്ലോ എ.പി ഉസ്താദ് ഉള്ളപ്പോള്‍ മരിക്കണമെന്നത്. മരിച്ചാല്‍ തനിക്ക് ഉസ്താദിന്‍റെ പ്രാര്‍ത്ഥന ലഭിക്കുമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ആ ആഗ്രഹവും സഫലമായിട്ടാണ് നാഥന്‍റെ സന്നിധാനത്തിലേക്ക് തങ്ങള്‍ യാത്രയായത്. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുള്ള പ്രാര്‍ത്ഥനാ വചസ്സുകള്‍ ഏറ്റുവാങ്ങിയ പണ്ഡിത പ്രതിഭക്ക് വൈലത്തൂര്‍ നഴ്സറിപ്പടിയിലെ വീട്ടുവളപ്പിലാണ് ഇനി നിത്യനിദ്ര. നാഥന്‍ ആ പുണ്യമഹാത്മാവിന്‍റെ കൂടെ നമ്മെയും സ്വര്‍ഗാരാമത്തിലൊരുമിച്ചു കൂട്ടട്ടെ…ആമീന്‍.
സലീത്ത് കിടങ്ങഴി

Leave a Reply

Your email address will not be published. Required fields are marked *