2017 March-April Hihgligts ആത്മിയം മതം വായന

നിസ്കാരം സ്രഷ്ടാവിനോടുള്ള സല്ലാപം

ഒരു വിശ്വാസിക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത പ്രക്രിയയാണ് നിസ്കാരം. മനുഷ്യന് ഉണ്ടാവുന്ന എല്ലാ വികാരങ്ങളേയും റബ്ബിന്‍റെ സന്നിധിയിലേക്ക് തിരിച്ചു വിടുന്ന പ്രക്രിയയാണ് നിസ്കാരത്തില്‍ കുടികൊള്ളുന്നത്. സന്തോഷത്തിന്‍റെ സമയമായ പെരുന്നാള്‍, ഒരു വിശ്വാസി ആഘോഷിക്കേണ്ടതും സന്തോഷം പ്രകടിപ്പിക്കേണ്ടതും പെരുന്നാള്‍ നിസ്കാരത്തിലൂടെയാണ്. മരണപ്പെട്ടാല്‍ ഉണ്ടാകുന്ന സങ്കടം പ്രകടിപ്പിക്കേണ്ടത് മയ്യിത്ത് നിസ്കാരത്തിലൂടെയാണ്. വരള്‍ച്ചയെ തൊട്ട് വിശ്വാസികള്‍ പരിഹാരം തേടേണ്ടത് മഴയെ ത്തേടിയുള്ള നിസ്കാരത്തിലൂടെയാണ്. ഗ്രഹണവും ഇപ്രകാരം തന്നെ. അതിനും പ്രത്യേക നിസ്കാരമുണ്ട്. ഒരു ആവശ്യം മുന്നിലുണ്ടാവുമ്പോള്‍ വിശ്വാസികള്‍ സ്വലാത്തുല്‍ ഹാജ: നിര്‍വ്വഹിക്കുന്നു. ഒരു നല്ല കാര്യത്തിനിറങ്ങുമ്പോഴും യാത്ര തിരിക്കുമ്പോഴും ഇസ്ലാം ഒരു പ്രത്യേക നിസ്കാരം നിശ്ചയിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ഒരു വിശ്വാസിയുടെ എല്ലാ വികാരങ്ങളേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ നിസ്കാരത്തിന് കഴിയുന്നു. നിസ്കാരത്തിനോട് കിടപിടിക്കുന്ന ഒരു ആരാധനാ കര്‍മ്മം ഇസ്ലാമില്‍ മറ്റൊന്നില്ല.
നന്മകളോടെല്ലാം ആവേശവും തിന്മകളോട് കടുത്ത വെറുപ്പും സൃഷ്ടിക്കാന്‍ നിസ്കാരത്തിനു കഴിയും. അല്ലാഹു പറഞ്ഞു: “യഥാര്‍ത്ഥ നിസ്കാരം നീചത്തരത്തെത്തൊട്ട് തടയിടും”. എന്നാല്‍ നമ്മുടെ നിസ്കാരം നമ്മെചീത്ത കാര്യങ്ങളില്‍ നിന്ന് തടഞ്ഞിട്ടുണ്ടോ? തടയാത്ത നിസ്കാരം നിസ്കാരമല്ലെന്നാണ് സൂഫിയാക്കള്‍ പറയുന്നത്. മന: സാന്നിധ്യം ഇല്ലാതെയുള്ള കേവലം ബാഹ്യ പ്രകടനത്തിലൂടെ നിസ്കാരത്തിന്‍റെ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ സാധ്യമല്ല.
നിസ്കാരത്തില്‍ ഉമര്‍(റ) കുത്തേറ്റു ബോധരഹിതനായി വീണ ശേഷം ബോധം തിരിച്ചു കിട്ടിയ ആദ്യം അന്വേഷിച്ചത് നിസ്കാരത്തെ ക്കുറിച്ചാണ്. ഉസ്മാന്‍(റ) വിനെ വധിക്കാന്‍ ശത്രുക്കള്‍ വീടിനു ചുറ്റും വളഞ്ഞ രാത്രിയില്‍ അദ്ദേഹം രാത്രി മുഴുവന്‍ ഒറ്റ റക്അതിലായി നിസ്കാരം നിര്‍വ്വഹിക്കുകയായിരുന്നു. ഉമര്‍(റ) തന്‍റെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്‍റെ അടുത്ത് പ്രധാനപ്പെട്ട കാര്യം നിസ്കാരമാവുന്നു. അതുകാര്യമായി നിര്‍വ്വഹിക്കാത്തവന്‍ മറ്റുള്ളവയെ വളരെ വേഗം നഷ്ടപ്പെടുത്തും (മുവത്വ). യഥാര്‍ത്ഥത്തില്‍ അഞ്ചു വഖ്ത് നിസ്കാരം സമയത്തിനുള്ള സകാത്താണ്. സമയമല്ലേ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്തിനല്ലേ ആദ്യം നാം സകാത് നല്‍കേണ്ടത്. അല്ലാഹുവിന്‍റെ മുമ്പില്‍ അഞ്ചു നേരം തലകുനിച്ചും സാഷ്ടാംഗം ചെയ്തും ആ ബാധ്യത നിര്‍വ്വഹിച്ചേ പറ്റൂ. അല്ലാത്ത പക്ഷം ‘സഖര്‍’ എന്ന നരകം ഉണ്ടാകും. നിങ്ങളെ എന്താണ് സഖറില്‍ പ്രവേശിപ്പിച്ചത് എന്ന് ഒരു വിഭാഗത്തോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന മറുപടി ഖുര്‍ആന്‍ തന്നെ പറയുന്നു. “ഞങ്ങള്‍ നിസ്കരിക്കുന്നവരായിരുന്നില്ല”. നബി(സ്വ) തങ്ങള്‍ പ്രബോധന മേഖലയിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ തന്നെ ഒരു പാട് പ്രയാസങ്ങളും പീഡനങ്ങളും ഏറ്റിട്ടുണ്ട്. ഏകനായി തന്‍റെ ദൗത്യവുമായി മുന്നിടുമ്പോള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെത്തിയപ്പോള്‍ സമാധാനം തേടി ത്വാഇഫി (നബി (സ്വ) യുടെ ഉമ്മയുടെ കുടുംബത്തി) ലേക്ക് നബി തങ്ങള്‍ പോയി. അവിടെ നബി തങ്ങളെ സ്വാഗതം ചെയ്തത് മധുരമോ, സ്നേഹാരവങ്ങളോ ആയിരുന്നില്ല. മറിച്ച് അവര്‍ എല്ലാവരും നബിയെ ഭ്രാന്തന്‍ എന്നും മറ്റും ചീത്ത വിളിച്ച് കല്ലെറിഞ്ഞ് കൂക്കി വിളിക്കുകയായിരുന്നു. കുട്ടികളോ ഭ്രാന്തന്‍മാരോ ഇതില്‍ നിന്ന് ഒഴിവല്ല. നബി(സ്വ) യ്ക്ക് വല്ലാത്ത ദു:ഖമുണ്ടായ ഒരു സന്ദര്‍ഭമായിരുന്നു ഇത്. ഉഹ്ദ് യുദ്ധ ദിവസത്തേക്കാള്‍ പ്രയാസം നിറഞ്ഞ ദിവസം അങ്ങേക്ക് വന്നിട്ടുണ്ടോ എന്ന സംശയത്തിന് നബി തങ്ങള്‍ ഈ രംഗം മറുപടി നല്‍കിയത് ബുഖാരി, മുസ്ലിം പോലോത്ത ഹദീസ് ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ജിബ്രീല്‍(അ) സഹായ ഹസ്തങ്ങളുമായി വന്നു കൊണ്ട് ചോദിച്ചു. അല്ലാഹു എന്നെ നിങ്ങളുടെ സമീപത്തേക്ക് നിയോഗിച്ചതാണ്. നിങ്ങള്‍ താല്‍പര്യപ്പെടുന്നത് ഞാന്‍ ചെയ്യാം. ഈ രണ്ട് പര്‍വ്വതങ്ങള്‍ ഇവര്‍ക്കുമേല്‍ മറിച്ചിടലാണ് താല്‍പര്യമെങ്കില്‍ ഞാന്‍ അങ്ങിനെ ചെയ്യാം. അപ്പോള്‍ നബി(സ്വ) പറഞ്ഞു. “അവരുടെ മുതുകില്‍ നിന്ന് അല്ലാഹുവിനെ ആരാധിക്കുന്ന ഒരാള്‍ ഉണ്ടാവലാണ് ഞാന്‍ ആഗ്രഹിക്കുന്നത്” (സ്വഹീഹ് മുസ്ലിം).
ഇത്രമാത്രം ജനങ്ങളോട് സ്നേഹവും അനുകമ്പയും ഉള്ള നബി (സ്വ) തങ്ങള്‍ വികാരഭരിതനായി ജനങ്ങള്‍ക്കെതിരില്‍ ദുആ ചെയ്ത രണ്ട് രംഗങ്ങള്‍ ഉണ്ട്. അവ രണ്ടും നബി തങ്ങളുടെ നിസ്കാരം തടസ്സപ്പെടുത്തിയതിനാലായിരുന്നു. നബി തങ്ങള്‍ ശത്രുക്കളുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കെ അസ്വര്‍ നിസ്കാരം ഖളാആയി. അങ്ങിനെ യുദ്ധ ശേഷം അസ്വര്‍ നിസ്കരിച്ച നബി തങ്ങള്‍ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥന നടത്തി. ” അല്ലാഹുവേ… മധ്യ നിസ്കാരത്തെ തൊട്ട് ആരാണോ ഞങ്ങളുടെ ശ്രദ്ധ തെറ്റിച്ചത്, അവരുടെ വീടുകളും, ഹൃദയങ്ങളും, ഖബറുകളും നീ തീ കൊണ്ട് നിറക്കേണമേ”.
മറ്റൊരിക്കല്‍ നബി തങ്ങള്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ പുണ്യ മേനിയില്‍ ഒട്ടകത്തിന്‍റെ ചീഞ്ഞ കുടല്‍ മാലയിട്ടപ്പോള്‍ നബി തങ്ങള്‍ വളരെ പ്രയാസപ്പെട്ടു. ഇത് കണ്ട് ശത്രുക്കള്‍ ചിരിച്ച്, ആര്‍ത്തട്ടഹസിച്ചു. അങ്ങിനെ ഫാത്വിമാ ബീവി വിവരമറിഞ്ഞ് ഓടി വന്ന് അത് നീക്കികൊടുത്തു. നിസ്കാര ശേഷം നബി തങ്ങള്‍ ദുആ ചെയ്തു.” അല്ലാഹുവേ, നീ ഖുറൈശികളെ നശിപ്പിക്കേണമേ” ശേഷം ചിലരുടെ പേരെടുത്ത് തന്നെ അവിടുന്ന് ദുആ ചെയ്തു. നേരത്തെ നാം കണ്ട നബിയുടെ അതിരില്ലാത്ത സ്നേഹം ഇവിടെ നാം കാണുന്നില്ല. നിസ്കാരത്തോടുള്ള നബി തങ്ങളുടെ ശ്രദ്ധയും തങ്ങളുടെ ഗൗരവപരമായുള്ള സമീപനവുമാണ് ഇതറിയിക്കുന്നത്. അത് കൊണ്ടാണല്ലോ നബി തങ്ങള്‍ തന്‍റെ മരണ വേളയില്‍ പോലും നിസ്കാരത്തെക്കുറിച്ച് പറഞ്ഞത്. എല്ലാ പ്രവാചകരുടെ അവസാനവും ഇതു പോലെയാണെന്ന് കഅ്ബ് (റ) പറയുന്നുണ്ട്(ഫത്ഹുല്‍ബാരി). ചുരുക്കിപ്പറഞ്ഞാല്‍ പ്രവാചകന്മാര്‍ എല്ലാവരും ഇവിടെ വന്നതും ജീവിച്ചതും പ്രവര്‍ത്തിച്ചതും നിസ്കാരം പഠിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അവരുടെ അന്ത്യം. കാരണം നിസ്കാരം നിലനിര്‍ത്തിയാല്‍ അവന്‍ പൂര്‍ണ്ണ മുഅ്മിനാവുകയും സര്‍വ്വ വിജയവും കരസ്ഥമാക്കിയവനാവുകയും ചെയ്യും. നബി(സ്വ) പറഞ്ഞു: “കുഫ്റിന്‍റേയും ഈമാനിന്‍റേയും ഇടയിലുള്ള വ്യത്യാസം നിസ്കാരം ഒഴിവാക്കലാണ്”. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിസ്കാരം അവന്‍റെ മിഅ്റാജ് ആണ്. നബി (സ്വ) തങ്ങളെ അല്ലാഹു പ്രത്യേകം ആദരിച്ചു നല്‍കിയ ഒരു സമ്മാനമാണ് നിസ്കാരം. ആയതിനാല്‍ ഓരോ വിശ്വാസിയും അതിന്‍റെ പ്രാധാന്യം കണക്കിലെടുക്കേണ്ടതുണ്ട്.
നാമെല്ലാം അഞ്ച് നേരവും നിസ്കരിക്കുന്നവര്‍ തന്നെ, പക്ഷേ മറ്റെല്ലാ ജോലി ത്തിരക്കുകളും കഴിഞ്ഞിട്ടായിരിക്കും നിസ്കാരത്തെക്കുറിച്ച് നാം ആലോചിക്കുന്നത്. നമ്മുടെ പലചുറ്റുപാടുകളും നിസ്കാരത്തിന് വിഘാതം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ അവരുടെ എല്ലാ വീട്ടുജോലികളും തീര്‍ന്നിട്ടായിരിക്കും നിസ്കരിക്കുക. ചിലപ്പോള്‍ നിസ്കാരം ഖളാഅ് തന്നെ ആകുന്നു. അല്ലാഹു പറഞ്ഞു: “അവര്‍ക്ക് ശേഷം നിസ്കാരം നഷ്ടപ്പെടുത്തുന്ന ഒരു വിഭാഗം വന്നു”. നിസ്കാരത്തില്‍ അശ്രദ്ധ കാണിച്ചവര്‍ക്ക് വേദനാജനകമായ ശിക്ഷ ലഭിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്. “നിസ്കാരത്തെപ്പറ്റി അശ്രദ്ധവാന്മാരായവര്‍ക്കാണ് വൈല്‍ എന്ന നരകം”. നരകത്തിലെ ഒരു ഭാഗത്തിന്‍റെ പേരാണ് വൈല്‍. നിസ്കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്കുള്ള ശിക്ഷയാണിത്. എന്നാല്‍ തീരെ നിസ്കരിക്കാത്തവരും, കൃത്യ സമയത്ത് നിര്‍വ്വഹിക്കാതെ പിന്തിപ്പിക്കുന്നവരും, മനപ്പൂര്‍വ്വം പിന്തിപ്പിക്കുന്നവരും ഈ പരിധിയില്‍ പെടുമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പഠിപ്പിക്കുന്നു. സമയത്ത് നിസ്കരിക്കാന്‍ സാധിക്കാത്തവരല്ല പലരും. എങ്കിലും അലസത കാരണത്താല്‍ പിന്നീടാവാം എന്ന് കരുതി പിന്തിപ്പിക്കുന്നു. പലപ്പോഴും നിസ്കാരം ഖളാഅ് തന്നെ ആകുന്നു. നബി(സ്വ) ഇസ്ലാമിലേക്ക് വരുന്നവര്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് നിസ്കാരത്തെക്കുറിച്ചാണ്. ഏത് കര്‍മ്മങ്ങളിലും സാന്ദര്‍ഭികമായി ഇളവുകള്‍ ഇസ്ലാം നല്‍കുന്നു. എന്നാല്‍ നിസ്കാരം ഉപേക്ഷിക്കാന്‍ അനുവദിക്കപ്പെട്ട ഒരു സമയവുമില്ല.
ശഫീഖ് കക്കോവ്

Leave a Reply

Your email address will not be published. Required fields are marked *