വിശുദ്ധ റമളാന്‍ വിരുന്നെത്തി. റമളാന്‍ മാസത്തെ അര്‍ഹമായ രൂപത്തില്‍ സ്വീകരിച്ച് സന്തോഷത്തോടെ യാത്രയാക്കല്‍ വിശ്വാസിയുടെ കടമയാണ്. നിയ്യത്തോട് കൂടെ പ്രത്യേക സമയം അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുകയും നോമ്പു മുറിയുന്ന കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്താല്‍ കര്‍മ്മ ശാസ്ത്ര വീക്ഷണ പ്രകാരം നോമ്പനുഷ്ടാനമായി. എന്നാല്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആരാധനയായതു കൊണ്ട് നോമ്പിനെ മറ്റു സുകൃതങ്ങള്‍ ചെയ്ത് പുഷ്കലമാക്കണം. നിര്‍ബന്ധമായ ആരാധനകള്‍ക്ക് പുറമെ സുന്നത്തായ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തണം.
ഖുര്‍ആന്‍ പാരായണം
വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസം ആദരിക്കേണ്ടതും ആഘോഷിക്കേണ്ടതുമാണ്. പരിശുദ്ധ ഖുര്‍ആനിന്റെ വാര്‍ഷികം ആഘോഷിക്കേണ്ടത് കൂടുതല്‍ പാരായണം ചെയ്ത് കൊണ്ടാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു: റമളാനില്‍ നബി(സ്വ) ക്ക് ജിബ്രീല്‍(അ) ഖുര്‍ആന്‍ പാരായണം ചെയ്ത് കൊടുക്കാറുണ്ടായിരുന്നു (ബുഖാരി). ഈ ഹദീസ് വിശകലനം ചെയ്ത് ഇമാം നവവി(റ) വ്യക്തമാക്കുന്നു. റമളാനില്‍ മറ്റു ദിക്റുകളേക്കാള്‍ ശ്രേഷ്ടത ഖുര്‍ആന്‍ പാരായണത്തിനാകുന്നു (ശറഹുല്‍ മുഹദബ്). ഖുര്‍ആനിലെ ഓരോ അക്ഷരം പാരായണം ചെയ്യുന്നതിനും പത്തിരട്ടി പ്രതിഫലമാണ് ലഭിക്കുന്നത്. ഖുര്‍ആന്‍ ഖത്മാക്കല്‍ വലിയ പ്രതിഫലം ലഭിക്കുന്ന ആരാധനയാണ്. നമ്മുടെ മുന്‍ഗാമികള്‍ അവരുടെ പ്രശ്ന പരിഹാരങ്ങള്‍ക്ക് ഖത്മ് നേര്‍ച്ചയാക്കലും ഓതാന്‍ വേണ്ടി ഭക്ഷണം നല്‍കലും പതിവായിരുന്നു. ഖുര്‍ആന്‍ ഓതലും കേള്‍ക്കലും അതിലേക്ക് നോക്കല്‍ പോലും ആരാധനയാണ്. അര്‍ത്ഥമറിഞ്ഞ് പാരായണം ചെയ്യല്‍ പ്രത്യേകം സുന്നത്തുള്ളതാണെങ്കിലും പ്രതിഫലം ലഭിക്കാന്‍ അര്‍ത്ഥമറിയല്‍ ഒരു നിബന്ധനയല്ല. ഖുര്‍ആന്‍ പാരായണം ഇരുലോക വിജയത്തിനും നിദാനമാണ്. ഖുര്‍ആനിനെ കൂട്ടുകാരാക്കിയവര്ക്ക് ഖബ്റിലും മഹ്ശറയിലും ഖുര്‍ആന്‍ കൂട്ടുകാരനാകും.
ഇഅ്തികാഫ്
പ്രത്യേക നിയ്യത്തോടെ പള്ളിയില്‍ കഴിഞ്ഞ് കൂടുന്ന ഒരു ആരാധനാ കര്‍മ്മമാണ് ഇഅ്തികാഫ്. റമളാന്‍ ആഗതമായാല്‍ നബി (സ്വ) ഇഅ്തികാഫ് വര്‍ദ്ധിപ്പിക്കാറുണ്ടായിരുന്നു. റമളാനിലെ അവസാനത്തെ പത്തിലതിന് കൂടുതല്‍ ശ്രേഷ്ടതയുമുണ്ട്. ഈ പള്ളിയില്‍ ഇഅ്തികാഫിനെ ഞാന്‍ കരുതി എന്ന് മനസ്സില്‍ കരുതിയാല്‍ നിയ്യത്ത് സാധുവാകും. പള്ളിയില്‍ കയറുമ്പോഴെല്ലാം ഈ നിയ്യത്തുണ്ടെങ്കില്‍ പ്രതിഫലം കരസ്ഥമാകുന്നതാണ്. ഇഅ്തികാഫ് ഇരിക്കുക എന്ന് പറയുന്നുണ്ടെങ്കിലും ഇരിക്കല്‍ ഇഅ്തികാഫിന്റെ മാനദണ്ഡമല്ല. കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ വിശദീകരിക്കുന്നു: ഇഅ്തികാഫിനായി പള്ളിയില്‍ വന്നാല്‍ ഗീബത്ത്, നമീമത്ത് തുടങ്ങിയവ ഇഅ്തികാഫിന്റെ പ്രതിഫലനത്തിന് തടസ്സം വരുത്തുമെന്നത് തര്‍ക്കമില്ലാത്തതാണ് (ഫത്ഹുല്‍ മുഈന്‍). നബി(സ്വ) പറഞ്ഞു: റമളാനിലെ പത്ത് ദിവസം ഇഅ്തികാഫിരിക്കുന്നവര്‍ക്ക് രണ്ട് ഹജ്ജ്, ഉംറകളുടെ പ്രതിഫലം കരസ്ഥമാകുന്നതാണ് (ബൈഹഖി).
തറാവീഹ്
തറാവീഹിന്റെ പ്രാമാണികതയില്‍ ലോക മുസ്ലിംകള്ക്കിടയില് ഭിന്നഭിപ്രായങ്ങളില്ല. നബി(സ്വ) ആദ്യം 20 റക്അത്ത് ജമാഅത്തായി നിസ്കരിക്കുകയും ജനങ്ങളില്‍ ആവേശം വര്‍ധിച്ചപ്പോള്‍ അത് ഫര്ളായിപ്പോകുമോ എന്ന ഭയത്താല്‍ ജമാഅത്ത് നിര്‍വ്വഹണം ഉപേക്ഷിക്കുകയും ചെയ്തു. ഉമര്‍(റ) വിന്റെ കാലത്താണ് തറാവീഹിനായി വ്യവസ്ഥാപിതമായി ജനങ്ങള്‍ സംഘടിക്കുകയും ജമാഅത്ത് ഏകീകരിക്കുകയും ചെയ്തത്. തറാവീഹില്‍ ഖുര്‍ആന്‍ ഖത്മാക്കി പൂര്‍ത്തിയാക്കല്‍ സുന്നത്തുമാണ്. തറാവീഹ് പുരുഷന്മാര്ക്ക് മാത്രമുള്ളതല്ല. സ്ത്രീകള്‍ക്കും തറാവീഹ് സുന്നത്താണ്. അവര്‍ക്ക് ഒരു വീട്ടില്‍ ഒരുമിച്ച് കൂടി ജമാഅത്തായി നിസ്കരിക്കല്‍ അനുവദനീയമാണ്.
വിത്റ് ജമാഅത്ത്
റമളാനിലും അല്ലാത്തപ്പോഴും സുന്നത്തായ നിസ്കാരമാണ് വിത്റ്. ഏറ്റവും ചുരുങ്ങിയത് ഒന്നും, പരിപൂര്‍ണ്ണമായത് പതിനൊന്ന് റക്അത്തുമാണ്. റമളാനിലെ വിത്റ് ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്താണ്. അവസാന പകുതിയിലെ വിത്റ് നിസ്കാരത്തില്‍ ഖുനൂത്തോതലും പ്രത്യേകം സുന്നത്തുണ്ട്. നിസ്കാര ശേഷം സുബ്ഹാനല്‍ മലികുല്‍ ഖുദ്ദൂസ് എന്ന് മൂന്ന് തവണ പറയലും മൂന്നാമത്തേത് ഉറക്കെയാക്കലും സുന്നത്താണ്.
ഇഫ്താര്‍
നോമ്പുതുറ സംഘടിപ്പിക്കല്‍ മഹത്തായ ഒരു ആരാധനയാണ്. പരസ്പരം സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ ഇഫ്താര്‍ സദസ്സുകള്‍ കാരണമാകുന്നു. നോമ്പുതുറ ആര്ഭാടമാക്കല് ഇസ്ലാമിക ശരീഅത്തിന് അന്യമാണ്. വീട്ടില്‍ ഇഫ്താര്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ക്ക് മഗ്രിബും തറാവീഹും നഷ്ടമാകരുത്. പ്രവാചകര്‍(സ്വ) റമളാന്‍ മാസം നോമ്പു തുറപ്പിച്ചതായി ഹദീസുകളില്‍ കാണാന്‍ കഴിയും. നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലം നോമ്പുതുറപ്പിച്ചവനും ലഭിക്കുമെന്നാണ് മഹാന്മാര് പഠിപ്പിക്കുന്നത്. സല്മാന്(റ) വില്‍ നിന്ന് നിവേദനം, തിരുനബി(സ്വ) പഠിപ്പിച്ചു: ‘റമളാന്‍ മാസത്തില്‍ നോമ്പ് തുറപ്പിക്കുന്നവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. നരഗ മോചനത്തിനു വരെ അത് കാരണമാകും’ . നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലം നോമ്പു തുറപ്പിച്ചവനും ലഭിക്കുന്നതാണ്. ഇതു കേട്ടപ്പോള്‍ സ്വഹാബത്ത് ആവലാതി പ്രകടിപ്പിച്ചു: നബിയേ…ഞങ്ങളിലെല്ലാവര്ക്കും നോമ്പു തുറപ്പിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലല്ലോ…? പ്രവാചകര്‍ പറഞ്ഞു: ഒരു കാരക്കയോ അല്പം വെള്ളമോ നല്‍കിയാണ് നോമ്പു തുറപ്പിച്ചതെങ്കിലും ഈ പ്രതിഫലം നേടാവുന്നതാണ്. (ഇബ്നുഖുസൈമ).
ദാന ധര്‍മം
അനസ്(റ) വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ്വ) യോട് ഒരാള്‍ ചോദിച്ചു. എപ്പോള്‍ ചെയ്യുന്ന ദാനധര്‍മ്മമാണ് ഏറ്റവും പവിത്രമായത്? നബി(സ്വ) പറഞ്ഞു. റമളാനിലെ ദാനധര്‍മ്മമാണ്. ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) പറയുന്നു. റമളാനില്‍ പ്രത്യേകിച്ച് അവസാന പത്തില്‍ ദാനധര്‍മ്മം ചെയ്യല്‍ ശക്തിയായ സുന്നത്താണ്. ഇത് പ്രവാചകരുടെയും അനുചരരുടെയും ചര്യയാണ്. നിര്‍ബന്ധമായ സക്കാത്തിനെ സുന്നത്തായ സ്വദഖയാണെന്ന് തെറ്റിദ്ധരിക്കരുത്.
അത്താഴം
നമ്മുടെയും പൂര്വ്വവേദക്കാരുടെയും നോമ്പുകാര്ക്കിടയിലുള്ള വേര്‍ത്തിരിവാണ് അത്താഴം. അത്താഴം കഴിക്കല്‍ സുന്നത്താണ്. നബി(സ്വ) പറഞ്ഞു. നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതില്‍ ബര്‍ക്കത്ത് ഉണ്ട് (ബുഖാരി, മുസ്ലിം). അത്താഴത്തിന് ഏറ്റവും നല്ലത് കാരക്കയാണ്. അര്‍ദ്ധരാത്രിയോടെയാണ് അത്താഴസമയമാകുന്നത്. അത്താഴത്തെ പിന്തിപ്പിക്കല് സുന്നത്താണെങ്കിലും മിതമായ നിലയില്‍ അമ്പത് ആയത്ത് ഓതാന്‍ ആവശ്യമായ സമയം അവശേഷിപ്പിക്കലാണ് ഉത്തമം.
ദിക്റുകള്‍
റമളാനിലെ ഓരോ ദിവസത്തിലും പ്രത്യേകിച്ച് ഓരോ പത്തിലും ചൊല്ലേണ്ട ദിക്റുകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അനാവശ്യകാര്യങ്ങളില്‍ നിന്ന് മാറി മുഴുസമയവും ആരാധനയിലാകാന് കഴിയണം. ജോലി സമയങ്ങളില്‍ ദിക്റുകള്‍ ചൊല്ലാന്‍ ശ്രമിക്കണം. ദിവസവും ഒരാളെ നോമ്പുതുറക്കാന്‍ ക്ഷണിച്ചാല്‍ വലിയ പ്രതിഫലം ചുരുങ്ങിയ ചിലവില്‍ കരസ്ഥമാക്കാം. ഭക്ഷണത്തിനായുള്ള ധനസഹായങ്ങള്‍ ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചുകൊടുക്കാന്‍ ജാഗ്രത പുലര്‍ത്തുക. പുണ്യങ്ങളുടെ പൂക്കാലത്ത് സുകൃതങ്ങള്‍ വാരിക്കൂട്ടാന്‍ നാഥന് തുണക്കട്ടെ
സ്വഫവാന്‍ വെള്ളമുണ്ട