പണ്ഡിത ലോകത്തെ പ്രോജ്വല സാന്നിദ്ധ്യമായിരുന്നു കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍. ആദര്‍ശ പോരാട്ടത്തിനായി ജീവിതം നീക്കി വെച്ച സൂര്യതേജസായിരുന്നു അവിടുന്ന്. മത, ഭൗതിക, ജീവ കാരുണ്യ മേഖലകളില്‍ നിറഞ്ഞ് നിന്ന കര്‍മയോഗി, പ്രതിസന്ധികള്‍ സുധീരം നേരിട്ട പ്രസ്ഥാന നായകന്‍, വൈജ്ഞാനികമായും സംഘടനാപരമായും സുന്നി കൈരളിയെ നയിച്ച ആദരണീയ നേതൃത്വം, അറിവിന്‍റെ അകക്കാമ്പ് കണ്ടെത്തിയ പാണ്ഡിത താരകം തുടങ്ങി ചിത്താരി ഉസ്താദിനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ നീണ്ടു പോകുന്നു.
പേരെടുത്ത കര്‍ഷകനായിരുന്ന അഹമ്മദ് കുട്ടിയുടെയും കൊട്ടില സ്വദേശി നഫീസയുടെയും മകനായി 1939ല്‍ കണ്ണൂര്‍ ജില്ലയിലെ പട്ടുവത്താണ് മഹാന്‍റെ ജനനം. പട്ടുവത്തെ ഓത്തുപള്ളിയിയില്‍ പ്രാഥമിക പഠനം നേടിയതിനു ശേഷം പഴയങ്ങാടി മാപ്പിള യു പി സ്കൂളില്‍ നിന്നാണ് ഭൗതിക വിദ്യഭ്യാസം നേടിയത്. മദ്രസ പഠനത്തിന് ശേഷം നാട്ടിലെ പള്ളി ദര്‍സില്‍ തുടര്‍ പഠനം നടത്തി. സൂഫിവര്യനായിരുന്ന അബ്ബാസ് മുസ്ലിയാരില്‍ നിന്നും ദര്‍സ് പഠനം ആരംഭിച്ച ഹംസ ഉസ്താദ് തുടര്‍ന്ന് കാപ്പാട് കുഞ്ഞമ്മദ് മുസ്ലി യാര്‍(പടന്ന ദര്‍സ്), കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാര്‍(തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം) പി എ അബ്ദുള്ള മുസ്ലിയാര്‍(കടവത്തൂര്‍ ചാക്യാര്‍കുന്ന്) കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ (വാഴക്കാട് ദാറുല്‍ ഉലൂം അറബി കോളേജ്) എന്നിവരില്‍ നിന്നെല്ലാം ഓതിപ്പഠിച്ചു. ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്നും 1965 ലാണ് എം എ ബിരുദമെടുക്കുന്നത്. വാഴക്കാട് കണ്ണിയത്ത് അഹമ്മദ് മുസ്ലി യാരുടെ അടുക്കല്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ ചിത്താരി ഉസ്താദ് താഴെ ബാച്ചിലുള്ളവര്‍ക്ക് കിതാബ് ഓതി കൊടുത്തിരുന്നു. ദയൂബന്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വന്ന ശേഷം മാട്ടൂല്‍ വേദാമ്പ്രത്ത് ദര്‍സ് ആരംഭിച്ചു, അവിടെ എട്ട് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. 1972ലാണ് ചിത്താരി ദര്‍സിലേക്ക് മാറുന്നത്. അവിടുത്തെ പത്ത് വര്‍ഷത്തെ സേവനമാണ് അദ്ദേഹത്തെ ചിത്താരി ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനാക്കിയത്.
1982 ല്‍ തുരുത്തിയിലേക്ക് മാറി. അടുത്ത വര്‍ഷം ജാമിഅ സഅദിയ്യയിലെത്തിയ ഹംസ ഉസ്താദ് 1988 വരെ അവിടെ തുടര്‍ന്നു. ആ സമയത്ത് ജാമിഅ സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയും അദ്ദേഹമായിരുന്നു. 1989ലാണ് തളിപ്പറമ്പില്‍ അല്‍-മഖര്‍ സ്ഥാപിതമാവുന്നത്. സ്ഥാപിതകാലം മുതല്‍ സ്ഥാപന പ്രസിഡന്‍റും പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചു.
1973 ഏപ്രില്‍ 14, 15 തിയ്യതികളില്‍ കാഞ്ഞങ്ങാട് നടന്ന സമസ്ത സമ്മേളനത്തിന്‍റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറായാണ് പ്രാസ്ഥാനിക രംഗത്തേക്കുള്ള കാല്‍വെപ്പ്. 1983 കണ്ണൂര്‍ വിഭജിക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലാ മുശാവറയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് കേന്ദ്ര മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1974 ലാണ് എസ് വൈ എസ് സ്റ്റേറ്റ് അംഗമാവുന്നത്. വര്‍ക്കിംഗ് പ്രസിഡന്‍റായും ട്രഷററായും ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം അദ്ദേഹം എസ് വൈ എസിന് കരുത്തേകി. വടക്കന്‍ കേരളത്തില്‍ സുന്നീ ചലനത്തിന്‍റെ ചാലക ശക്തിയായി വളര്‍ന്നു വന്ന ചിത്താരി ഉസ്താദ് പിന്നീട് സംഘ കുടുംബത്തിന്‍റെ നെടുംതൂണുകളില്‍ പ്രധാനിയായി മാറി. തൊള്ളായിരത്തി എണ്‍പത്തി മൂന്നില്‍ കാഞ്ഞങ്ങാട് നടന്ന സമസ്ത സമ്മേളന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. പ്രസ്തുത സമ്മേളന സ്വാഗത സംഘം പിരിച്ചു വിടുമ്പോള്‍ വലിയൊരു സംഖ്യ മിച്ചം വന്നിരുന്നു. സമസ്തയുടെ കീഴ്ഘടങ്ങളും കൂടുതല്‍ പരിചിതമല്ലാതിരുന്ന വടക്കന്‍ കേരളത്തില്‍ നടത്തിയ പ്രഥമ സമ്മേളനത്തില്‍ പണം മിച്ചം വന്നത് ഹംസ ഉസ്താദിന്‍റെ സംഘാടക മികവാണ്. മേല്‍ സംഖ്യ കൊണ്ടാണ് കേരളത്തില്‍ ആദ്യമായി മുതഅല്ലിം സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കിയത്.
തികഞ്ഞ പണ്ഡിതന്‍, സംഘാടകന്‍, സംരംഭകന്‍ എന്ന നിലകളിലെല്ലാം വ്യത്യസ്തനായ ചിത്താരി ഉസ്താദ് മുഴുവന്‍ സുന്നി പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരനായിരുന്നു. 1989ലെ ചേരിതിരിവില്‍ കേരളീയര്‍ക്ക് നേരായ പാത കാണിച്ച് കൊടുക്കാന്‍ അദ്ദേഹത്തിന്‍റെ കരുത്തുറ്റ ശബ്ദം ഏറെ ഉപകരിച്ചിട്ടുണ്ട്. നേരായത് പറയുകയും പറയുന്നതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്ത ഹംസ ഉസ്താദ് പ്രതിന്ധികളെ പുഷ്പം പോലെ സ്വീകരിക്കുന്ന പ്രകൃതിക്കാരനായിരുന്നു.
സമസ്തക്ക് കരുത്ത് പകര്‍ന്ന എസ്.വെ.എസിന്‍റെ എറണാകുളം സമ്മേളനം, താജുല്‍ ഉലമയുടെയും സുല്‍ത്താനുല്‍ ഉലമയുടെയും കന്‍സുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും ആഹ്വാനങ്ങള്‍ ശിരസ്സാവഹിച്ച് സുന്നീ കേരളം എറണാകുളത്തേക്ക് ഒഴുകാന്‍ തയ്യാറെടുത്ത സന്ദര്‍ഭം. അപ്പോഴാണ് എറണാകുളം സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന കണ്ണിയത്തിന്‍റെ പ്രസ്താവന ചന്ദ്രികയില്‍ വരുന്നത്. തന്നെ ദീന്‍ പഠിപ്പിച്ച റഈസുല്‍ മുഹഖിഖീന്‍ അങ്ങനെ പറയില്ലെന്ന് ഉറച്ച് വിശ്വസിച്ച ചിത്താരി ഉസ്താദ് നേരെ വാഴക്കാട്ടേക്ക് പുറപ്പെട്ടു. വാര്‍ദ്ധക്യ സഹജമായ ക്ഷീണം കാരണം വിശ്രമത്തിലായിരുന്ന കണ്ണിയത്ത് തന്‍റെ പ്രിയ ശിഷ്യനെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. വരവിന്‍റെ ഉദ്ദേശ്യം ചോദിച്ചറിഞ്ഞ കണ്ണിയത്ത് ഉസ്താദിന്‍റെ സംസാരം സ്വാഭാവികമായും എറണാകുളം സമ്മേളനത്തിലെത്തി. സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അതിനെതിരെ ഇവിടുത്തെ പ്രസ്താവന കണ്ടു, ഇവിടുന്ന് എതിരായ ഒന്നിനും ഈ ഹംസ കൂട്ട് നില്‍ക്കില്ല. ഹംസ ഉസ്താദിന്‍റെ ഇടറിയ ശബ്ദം കേട്ട് കണ്ണിയത്ത് ആശ്ചര്യനായി. തന്‍റെ പേരില്‍ തെറ്റായ വാര്‍ത്ത കൊടുത്തവരെ അദ്ദേഹം പഴിച്ചു. “നിങ്ങള്‍ എറണാകുളം സമ്മേളനത്തിന് പോകണം. ദീന്‍ വെട്ടിത്തുറന്ന് പറയണം. ആ സമ്മേളനം അല്ലാഹു വിജയിപ്പിക്കും. ഞാന്‍ ആ സമ്മേളനത്തോടൊപ്പമാണ്” ഇത്രയും പറഞ്ഞ് കണ്ണിയത്ത് ദീര്‍ഘ നേരം പ്രാര്‍ത്ഥിച്ചു. എന്‍റെ ഹംസ എന്നായിരുന്നു കണ്ണിയത്ത് ചിത്താരി ഉസ്താദിനെ പറഞ്ഞിരുന്നത്. തനിക്ക് സത്യമായി തോന്നിയ പക്ഷത്ത് ശക്തമായി നേതൃത്വം നല്‍കുമ്പോഴും എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അദ്ദേഹം സുസമ്മതനായിരുന്നു. അദ്ദേഹത്തിന്‍റെ മത വിധികള്‍ക്കായി അവര്‍ കാതോര്‍ത്തു. കണ്ണൂര്‍ ജില്ലാ സംയുക്ത ഖാളിയായിരുന്നു അദ്ദേഹം.
കുട്ടിക്കാലം മുതല്‍ ഹംസ ഉസ്താദിനെ കാണാനും പ്രസംഗം ശ്രവിക്കാനും എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അദ്ദേഹം എസ്.വൈ.എസിന് നേതൃത്വം നല്‍കിയ കാലഘട്ടങ്ങളിലെല്ലാം ഞാന്‍ സ്റ്റേറ്റ് കമ്മിറ്റിയില്‍ അംഗമായിരുന്നു. നിരവധി സുന്നി സമ്മേളനങ്ങളില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ അവസരം കിട്ടി. ഗള്‍ഫ് യാത്രകളാണ് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. അരീക്കോട് മജ്മഇന്‍റെ പ്രഥമ സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. അതിന് ശേഷം എപ്പോള്‍ കണ്ടുമുട്ടിയാലും മജ്മഇന്‍റെ കാര്യങ്ങള്‍ ചോദിച്ചറിയും. ആത്മീയ ഭൗതിക സമന്വയമെന്ന അരീക്കോട് മജ്മഇന്‍റെ ആവിഷ്കാരം ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഹംസ ഉസ്താദിന്‍റെ വേര്‍പാടോടെ ഒരു കാലഘട്ടം അവസാനിച്ചിരിക്കുകയാണ്. പക്ഷെ, അദ്ദേഹം തിരി കൊളുത്തിയ വൈജ്ഞാനിക, സംഘാടക വിപ്ലവം യുഗങ്ങള്‍ അവസാനിച്ചാലും നിലനില്‍ക്കും. നാളെ, ജന്നാത്തുല്‍ ഫിര്‍ദൗസില്‍ മഹാനോടു കൂടെ ഒരുമിപ്പിക്കട്ടെ, ആമീന്‍.
വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍