ജീവിത വിശുദ്ധിയിലൂടെ അല്ലാഹുവിന്റെ സാമീപ്യം നേടി സമൂഹത്തെ സംസ്കരണത്തിന്റെ ശാദ്വല വിതാനത്തിലേക്കും നന്മയുടെ വിശാലതയിലേക്കും നയിച്ച ആത്മജ്ഞാനിയാ4് ഖുതുബുല്‍ ആലം സി.എം വലിയുല്ലാഹി(റ). 1929 (ഹി.1348 റബീഉല്‍ അവ്വല്‍12) നാണ് മഹാന് ജനിക്കുന്നത്. തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു പിതാമഹന് കുഞ്ഞിമാഹിന്‍ മുസ്ലിയാര്. നിരവധി കറാമത്തുകള്‍ അവരില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കുഞ്ഞിമാഹിന്‍ മുസ്ലിയാരുടെ മൂന്ന് ആണ്മക്കളില് ഇളയമകന് കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരാണ് സി.എം വലിയുല്ലാഹിയുടെ പിതാവ്. മടവൂരിലെ പെരിയട്ടിചാലില്‍ ഇമ്പിച്ചിമൂസയുടെ പുത്രി ആയിഷ ഹജ്ജുമ്മയാണ് മാതാവ്.
ശൈഖുനയെ ഗര്‍ഭം ധരിച്ച സന്ദര്‍ഭത്തില്‍ പിതാവ് കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാര്‍ക്ക് ഹജ്ജിനു പോകാനുള്ള അവസരം ഒത്തുവന്നു. മക്കയിലെത്തിയ അദ്ദേഹത്തിന് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. ‘സഹധര്‍മ്മിണി ഗര്‍ഭം ധരിച്ചിരിക്കുന്നു..കുട്ടി പ്രസവിക്കപ്പെട്ടാല് മുഹമ്മദ് അബൂബക്കറെന്ന് പേര് വിളിക്കുക’. അകതാരില്‍ കാത്തുസൂക്ഷിച്ച സ്വപ്നവിവരം ഹജ്ജ് കഴിഞ്ഞ് ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായ മര്‍ഹൂം മുഹമ്മദ് അബൂബക്കര്‍ അല്‍ ഹസനിയുമായി പങ്ക് വെച്ചു. സ്വപ്നം സത്യമാണെന്നും പിറക്കാനിരിക്കുന്ന കുട്ടിയുടെ മഹാത്മ്യം പ്രവചിക്കുകയും ചെയ്തു. ശൈഖിന്റെ വാക്കുകള്‍ ഹൃദയത്തില്‍ പൊന്‍നിധി പോലെ സൂക്ഷിച്ചു പോന്ന പിതാവ് പ്രസവത്തോടടുത്ത ഭാര്യയെ സമാശ്വസിപ്പിച്ച് മതപ്രസംഗത്തിനു പുറപ്പെട്ടു. രാപകല്‍ ഭേദമന്യേ ദീനീ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ അദ്ദേഹത്തെ ഹി. 1394 റബീഉല്‍ അവ്വല്‍ 12 ന് നബിദിനാഘോഷ പരിപാടികള്‍ക്കിടെ ഒരാള്‍ വിവരമറിയിച്ചു:’നിങ്ങള്‍ മഹാനായ ഒരു വലിയ്യിന്റെ പിതാവായിരിക്കുന്നു’. ഉടനെ സ്വദേശമായ മടവൂരിലേക്ക് പുറപ്പെട്ടു. അടുത്ത ദിവസം പിഞ്ചുപൈതലിനെയുമെടുത്ത് കൂത്തുപറമ്പ് കോട്ടയം ഞെണ്ടാടിയിലെ ശൈഖ് മുഹമ്മദ് അബൂബക്കര്‍ ഖാദിരി (റ)യെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. മുഹമ്മദ് അബൂബക്കര്‍ എന്ന് പേര് വിളിക്കുകയും ചെയ്തു. മറ്റു മക്കളെക്കാള്‍ വലിയ സ്നേഹത്തിലും വാത്സ്യല്യത്തിലുമാണ് മാതാപിതാക്കള്‍ മകനെ വളര്‍ത്തിയത്. പിതാവില്‍ നിന്ന് തന്നെയായിരുന്നു പ്രാഥമിക പഠനം. പഠനം പുരോഗമിക്കും മുമ്പേ പിതാവ് ലോകത്തോട് വിട പറഞ്ഞു. വെളുത്തേടത്ത്പറമ്പിലെ കുളക്കരയില്‍ സ്ഥിതി ചെയ്യുന്ന ഓത്തുപള്ളി ഉള്‍ക്കൊള്ളുന്ന പ്രൈമറി സ്കൂളായിരുന്നു ആദ്യത്തെ കലാലയം. പിന്നീട് മടവൂര്‍ യു.പി സ്കൂളില്‍ ചേര്‍ന്നു.
പിതാവിന്റെ വിയോഗാനന്തരം തികഞ്ഞ പണ്ഡിതനും ഭക്തനുമായിരുന്ന മോങ്ങം അവറാന് മുസ്ലിയാരുടെ മടവുരിലെ ദര്സില് ചേര്‍ന്നു. അവര്‍ക്ക് ശേഷം മലയമ്മ അബൂബക്കര്‍ മുസ്ലിയാരായിരുന്നു മടവൂരിലെ മുദരിസ്. വലിയ കിതാബുകളോതിയിരുന്നത് ഇദ്ദേഹത്തില്‍ നിന്നാണ്. പിന്നീട് സ്വദേശം വിട്ട് ത്യാഗം സഹിച്ച് വിജ്ഞാനം നുകരുക എന്ന ഉദ്ദേശ്യത്തോടെ കൊടുവള്ളിയില്‍ വലിയ ദര്‍സ് നടത്തുന്ന കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. ശൈഖുനാ ഇമ്പിച്ചാലി മുസ്ലിയാര് കൊടുവള്ളിയില്‍ നിന്ന് മാറിയപ്പോള്‍ ശൈഖുന അവിടെ തന്നെ തുടര്‍ന്നു പഠിച്ചു.പിന്നീട് മങ്ങാട്ടെ ഇമ്പിച്ചാലി മുസ്ലിയാരുടെ ദര്‍സിലേക്ക് തന്നെ മാറി. പിന്നീട് കുറച്ചുകാലം ഉള്ളാളും തളിപ്പറമ്പ് ഖുവ്വത്തിലും പഠനം നടത്തിയിട്ടുണ്ട്. കൊയ്ലാണ്ടിയില്‍ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ അടുത്ത് നിന്നാണ് ഉപരിപഠനാര്‍ത്ഥം ശൈഖുനാ വെല്ലൂരിലേക്ക് പോയ്ത്. പഠനക്കാലത്തു തന്നെ മഹാനില്‍ നിന്ന് കറാമത്തുകള്‍ ദൃശ്യമായിട്ടുണ്ട്.ഒരിക്കല്‍ ശൈഖുന ദര്സില് നിന്ന് വരുമ്പോള്‍ മഴ പെയ്തു. കുട കരുതാത്തത് കാരണം പെട്ടി തലയില്‍ മറയാക്കി നടക്കുകയായിരുന്നു.മുതഅല്ലിമിനെ ഗൗനിക്കാതെ ഒരു കാര്‍ അതിവേഗം കടന്നു പോയി. യാദൃശ്ചികമായി കാര്‍ നിന്നു. പരിശോധിച്ചപ്പോള്‍ യാതൊരു തകരാറുമില്ല താനും. അത്ഭുതം, ആ മുതഅല്ലിം വാഹത്തിനരികിലെത്തിയപ്പോള് കാര്‍ ചലിച്ചു തുടങ്ങി. വാഹനം ശൈഖുനയെ കടന്ന് മുന്നോട്ട് നീങ്ങിയതോടെ വീണ്ടും നിന്നു. മുതഅല്ലിം അരികിലെത്തുമ്പോള്‍ വീണ്ടും ചലിച്ചു തുടങ്ങും. ഒരു പ്രാവശ്യം കൂടി ഇതാവര്‍ത്തിച്ചപ്പോള്‍ കാറിലുള്ളവര്‍ക്ക് കാര്യം ബോധ്യപ്പെട്ടു. അവര്‍ ആ മുതഅല്ലിമിനെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയ്തു.
മുപ്പത് വയസ്സ് വരെ നീണ്ടു നില്‍ക്കുന്നതാണ് ശൈഖുനയുടെ വിദ്യാര്‍ത്ഥി ജീവിതം. മതവിജ്ഞാനശാഖകളിലെല്ലാം അഗാധപാണ്ഡിത്യം കരസ്ഥമാക്കിയതിന് പുറമെ അറബി, ഇംഗ്ലീഷ്, ഉറുദു, തമിഴ് ഭാഷകളില്‍ അസാമാന്യകഴിവും ഇതിനിടയില്‍ നേടിയെടുത്തിരുന്നു. അറിവില്ലാതെ സൂഫിസം നയിക്കുന്നവര്‍ക്ക് ശൈഖുനയുടെ ജീവിതം ഒരു പാഠമാണ്. അറിവിന്റെ എല്ലാ മേഖലകളും കീഴടക്കിയതിന് ശേഷമാണ് ശൈഖുനാ വിലായത്തിന്റെ ഔന്നിത്യത്തിലേക്കുയര്ന്നത്.
വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി തിരിച്ചെത്തിയ ശൈഖുന 1960 ല്‍ സ്വദേശമായ മടവൂരില്‍ ദര്‍സും ഖാളിസ്ഥാനവും ഏറ്റെടുത്തു. മടവൂരിലെയും സമീപ പ്രദേശങ്ങളിലെയും നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ അവിടെ പഠിതാക്കളായുണ്ടായിരുന്നു. തസവ്വുഫിലെ കിതാബുകള്‍ ദര്‍സ് നടത്തുന്നതില്‍ പ്രത്യേക താല്പര്യമായിരുന്നു. രസകരവും ആകര്‍ഷകവുമായിരുന്ന ദര്സുകള് തികഞ്ഞ അച്ചടക്കത്തോടെ പഠനനിലവാരം മികവുറ്റതാക്കാന്‍ ഉതകുന്നതായിരുന്നു. ദര്‍സ് സജീവമായി മുന്നോട്ട് നീങ്ങുന്നതിനിടയില്‍ 1962 ല്‍ ഒരു ഹജ്ജ് യാത്രക്ക് അവസരം ഒത്തുവന്നു. അമ്മാവനും സഹചാരിയുമായിരുന്ന അബൂബക്കര്‍ ഹാജിയുടെ കൂടെയായിരുന്നു യാത്ര. യാത്രക്കിടയില്‍ നിരവധി അസാധാരണ സംഭവങ്ങള്‍ ശൈഖുനയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. കപ്പലിലായിരുന്നു യാത്ര. ജനങ്ങള്‍ തിങ്ങിനിറഞ്ഞ കപ്പലില്‍ ഉറുദു സംസാരിക്കുന്ന ആളുകള്‍ ഒരു ഭാഗത്ത് കേന്ദ്രീകരിച്ചിരുന്നു. അവരുടെ കൂട്ടത്തില്‍ ശൈഖുനയെ പോലെ ഒരു അദ്ധ്യാത്മിക പണ്ഡിതനുണ്ടായിരുന്നു. തിരമാലകള്‍ കീറിമുറിച്ച് കപ്പല്‍ മുന്നോട്ട് നീങ്ങി. ഇടയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന കൊടുങ്കാറ്റില്‍ പെട്ട് കപ്പല്‍ ആടിയുലയാന്‍ തുടങ്ങി. ജീവനക്കാര്‍ അപായ സൂചനനല്‍കി. മുങ്ങിയാല്‍ രക്ഷപ്പെടാനുള്ള ട്യൂബുകള്‍ പോലും വിതരണം ചെയ്തിരുന്നു. ഭയവിഹ്വലരായ ജനങ്ങള്‍ ശൈഖിന് ചുറ്റും കൂടി. അല്‍പ്പസമയം മൗനിയായി നിന്ന ശൈഖുന ‘ഇനി ഭയപ്പെടേണ്ട’ എന്നു പറഞ്ഞു. ഏറെ താമസിയാതെ കപ്പല്‍ രക്ഷപ്പെട്ടിരിക്കുന്നു. എല്ലാവരും നിര്‍ഭയരായിരിക്കുക എന്ന പ്രഖ്യാപനം വന്നു. എല്ലാവര്ക്കും സന്തോഷമായി. ഈ ഹജ്ജ് യാത്രയില്‍ നിരവധി അസാധാരണ സംഭവങ്ങള്‍ മഹാനില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.
റൗളാ ശരീഫില്‍ സിയാറത്ത് ചെയ്ത് പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ ബോധരഹിതനായി ശൈഖുന നിലത്ത് വീണു. റൗളാ ശരീഫില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു പ്രകാശധാര പൊതിയുകയും ബോധരഹിതനാവുകയുമാണ് ഉണ്ടായതെന്ന് പിന്നീട് അതേകുറിച്ച് ശൈഖുന വിശദീകരിക്കുകയുണ്ടായി. ഈ സംഭവത്തിനു ശേഷം ശൈഖുനയുടെ ജീവിതത്തില്‍ കൃത്യമായ മാറ്റം അനുഭവപ്പെടുകയും ആദ്ധ്യാത്മിക ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.
ഹജ്ജ് യാത്ര കഴിഞ്ഞ് നാട്ടിലെത്തിയ ശൈഖുനയെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മാവന് അബൂബക്കര്‍ ഹാജിയുടെ മകള്‍ സൈനബ എന്നവരെ 1962 (ഹി.1382 ശവ്വാല്‍ 14) ന് വിവാഹം കഴിച്ചു. സസന്തോഷം ജീവിത നൗക മുന്നോട്ട് നയിച്ച നവ ദമ്പതികളുടെ ദാമ്പത്യം അധികം മുന്നോട്ട് നീങ്ങിയില്ല. ഒരു വര്‍ഷവും എട്ട് മാസവും മാത്രം നീണ്ടുനിന്ന ദാമ്പത്യജീവിതം വേര്‍പിരിഞ്ഞു.
വടകര മമ്മദ് ഹാജി, ആലുവായ് അബൂബക്കര്‍ മുസ്ലിയാരടക്കം നിരവധി ആത്മജ്ഞാനികളെ നിരന്തരം സന്ദര്‍ശിച്ചിരുന്ന ശൈഖുന കോഴിക്കോട് പുതിയറ ശൈഖ് സുലൈമാന്‍ മുസ്ലിയാര് (റ)വിന്റെ മുരീദുകളില്‍ പ്രധാനിയും നഖ്ശബന്തി ത്വരീഖത്തിന്റെ ഖുതുബും തര്‍ബിയ്യതിന്റെ ശൈഖും ബട്ക്കല്‍ വട്ടക്കോളി കുടുംബാംഗവുമായ ഖുതുബുല്‍ ഗൈബ് ശൈഖ് മുഹ്യുദ്ദീന്‍ സാഹിബ്(റ) നെ സന്ദര്‍ശിച്ചതു മുതലാണ് ജീവിതത്തില്‍ വ്യക്തമായ വ്യതിയാനങ്ങള്‍ ദൃശ്യമായി തുടങ്ങിയത്. ക്രമേണ കുടുംബജീവിതത്തോട് വിരക്തി കാണിച്ചു തുടങ്ങിയ ശൈഖുന അടുത്ത ബന്ധുക്കളോടു പോലും സംസാരിക്കാതായി. ഒരു ദിവസം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും ശൈഖുനയുടെ ദിക്റും ദുആയും കഴിഞ്ഞില്ല. അവിടുന്ന് കരഞ്ഞ് കൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകി. പൊട്ടിക്കരഞ്ഞ് എങ്ങോട്ടോ എണീറ്റു പോയി. പള്ളിയില്‍ നിന്ന് വിളിച്ചാല്‍ കേള്‍ക്കുന്ന വീട്ടിലേക്ക് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ശൈഖുന വരാതിരുന്നപ്പോള്‍ സഹോദരി പള്ളിയില്‍ ചെന്ന് വടക്കുഭാഗത്ത് ധ്യാനനിമഗ്നനായിരിക്കുന്ന ശൈഖുനയെ വിളിച്ചു. സഹോദരിയോട് ഒരക്ഷരം മറുപടി പറയാതിരുന്ന ശൈഖുനയുടെ ഭാവ മാറ്റത്തില്‍ ആശങ്കകുലയായ സഹോദരി അവസാനം പറഞ്ഞു. ‘മോനേ….അനക്കൊരു കെട്ടിയവളില്ലെ….അവര്‍ക്ക് എണ്ണയും സോപ്പും വേണോന്ന് വല്ല ചിന്തയും അനക്കുണ്ടോ…? അപ്പോഴേക്കും ളുഹര്ബാങ്ക് വിളിച്ചു. വിതുമ്പുന്ന ഹൃദയത്തോടെ സഹോദരി വീട്ടിലേക്ക് മടങ്ങി. ശൈഖുന എഴുന്നോറ്റ് പള്ളിയുടെ അകത്തേക്ക് നീട്ടി വിളിച്ചു. മഹ്മൂദ്.. ഗൗരവത്തിലുള്ള വിളി കേട്ട് മുകളില്‍ നിന്ന് മഹ്മൂദ് മുസ്ലിയാര് ഓടിയെത്തി. കടലാസും പേനയും കൊണ്ട് വാ.. ശൈഖുന നിര്‍ദേശിച്ചു. എഴുത്, ശൈഖുന പറഞ്ഞു തുടങ്ങി. പെരിയട്ടിച്ചാലില് അബൂബക്കര്‍ ഹാജിക്ക് ചിറ്റടിമീതല് മുഹമ്മദ് അബൂബക്കര്‍, നിങ്ങളുടെ മകള്‍ സൈനബയെ ഒന്നും രണ്ടും മൂന്നും ത്വലാഖ് ചൊല്ലി ഞാന്‍ പിരിച്ചിരിക്കുന്നു.
മഹ്മൂദ് മുസ്ലിയാര് എഴുതാന്‍ തയ്യാറായില്ല. ശൈഖുന നിര്‍ബന്ധിച്ചപ്പോള്‍ വിറക്കുന്ന കൈകളോടെ അദ്ദേഹം എഴുതി. വായിച്ചു നോക്കിയിട്ട് അബൂബക്കര്‍ ഹാജിയെ ഏല്‍പ്പിക്കാന്‍ മഹ്മൂദ് മുസ്ലിയാരെ തന്നെ ഏല്‍പ്പിച്ചു. ഇതിനിടയില്‍ ദര്‍സിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ പിരിച്ച് വിട്ടിരിന്നു.കാന്തപുരം ഉസ്താദിന് പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അത്താണിയായി മഹാന് കൂടെയുണ്ടായിരുന്നു. സി.എം വലിയുല്ലാഹി(റ) വിന്റെ അനുഗൃഹീത പ്രാര്‍ത്ഥനകളുടെ പിന്‍ബലത്തിലാണ് ഉസ്താദും സുന്നി പക്ഷവും മുന്നേറി കൊണ്ടിരിക്കുന്നത്. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സംഘടനാ ജീവിതത്തില്‍ നിന്നും മാറി നിന്ന സന്ദര്‍ഭത്തില്‍ കാന്തപുരം ഉസ്താദിന്റെ കൂടെ നിന്ന് ദീന് ശക്തിപ്പെടുത്തണമെന്ന് പറഞ്ഞ് സയ്യിദവര്‍കളെ തിരിച്ചു കൊണ്ട് വന്നത് സി.എം വലിയുല്ലാഹി (റ) ആയിരുന്നു. അവസാന കാലത്ത് കോഴിക്കോട് മമ്മുട്ടി മൂപ്പന്റെ വസതിയില്‍ ആയിരങ്ങള്‍ക്ക് പ്രശ്ന പരിഹാരം നിര്‍ദ്ദേശിച്ചു നല്‍കിയിരുന്നു. ബിദഇകളോട് കടുത്ത വെറുപ്പ് വെച്ചു പുലര്‍ത്തുകയും ചെയ്തു.അവരെ വിശ്വാസികളായി അഭിസംബോധന ചെയ്യാന്‍ പോലും ശൈഖുന മടിച്ചു. അഹ്ലുസുന്നയുടെ യഥാര്‍ത്ഥ ആശയം ഉയര്‍ന്ന് കാണാനായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെയാണ് സുന്നത് ജമാഅത്തിന്റെ നേതൃത്വത്തിന് ശക്തമായ പിന്തുണയേകിയത്. സമൂഹത്തിനുപകരിക്കുന്നവനാകണം പണ്ഡിതന്. താന്‍ നേടിയെടുത്ത ആത്മീയ വിശുദ്ധി മറ്റുള്ളവരിലേക്ക് പകരുമ്പോഴാണ് അതിന് അര്‍ത്ഥം കൈവരുന്നത്. ജനഹൃദയങ്ങളില്‍ ആത്മീയതയുടെ കളങ്കമില്ലാത്ത സാന്നിധ്യമായി സി.എം വലിയുല്ലാഹി (റ) അവശേഷിക്കുന്നത് മഹാന് കൈമാറിയ ആത്മീയ വിശുദ്ധികൊണ്ട് തന്നെയാണ്. പ്രതിസന്ധികളില്‍ സി.എം വലിയുല്ലാഹി (റ)കൂടെയുണ്ടെന്ന വിശ്വാസം പകരുന്ന ധൈര്യം ചെറുതല്ല.
കണ്ണിന് കാഴ്ച്ച കുറഞ്ഞകൊണ്ടിരിക്കുന്ന സമയം, അല്ലാഹുവില്‍ ഭരമേല്പിച്ചാല് അവന് മതി. അതായിരുന്നു ശൈഖുനയുടെ ചികിത്സ. അവസാനം അല്ലാഹു കാഴ്ച്ച തിരച്ചു നല്കി. കാല്‍വിരലിലെ വ്രണം വഫാത്തിന്റെ ഒന്നരമാസം മുമ്പാണ് പ്രത്യക്ഷപ്പെട്ടത്. കാണാന്‍ ചെറുതാണെങ്കിലും കഠിനമായ വേദനയുണ്ടായിരുന്നു. പാരത്രീക ലോകത്തേക്കുള്ള യാത്രക്കുള്ള തയ്യാറെടുപ്പിനായി കാലിലെ മുറിവ് കഴുകി വൃത്തിയാക്കുവാനും മരുന്നുമാറ്റുവാനും ശൈഖുന ആവശ്യപ്പെട്ടു. 1991 ഏപ്രില്‍ 1 വെള്ളി (ഹി. ശവ്വാല്‍ 4) മഹാന് ലോകത്തോട് വിടപറഞ്ഞു
ഇസ്മായീല്‍ മുണ്ടക്കുളം