മുമ്പെങ്ങുമില്ലാത്ത, കഴിഞ്ഞ നാല്പത്തിയൊമ്പത് ദിവസങ്ങളായി തനിക്ക് അന്യമായിത്തീര്‍ന്ന ഹര്‍ഷം തന്നെ പുല്കുന്നതായി കഅബിന് അനുഭവപ്പെട്ടു. തന്റെ അധരങ്ങളില്‍ നിന്നുതിരുന്ന ഇലാഹീ പ്രകീര്‍ത്തനങ്ങള്‍ക്ക് പുതിയ അര്‍ത്ഥവും ഭാവവും കൈവന്ന പോലെ. ഏതോ സുഖകരമായ ചിന്തകള്‍ ആ ഹൃദയത്തെ ഗ്രസിച്ചു. ആ പരമാനന്ദത്തില്‍ കഅബ് സ്വയം മറന്നങ്ങനെ ഇരുന്നു.
സുബ്ഹ് നിസ്കാരാനന്തരം സ്വഹാബത്ത് നിശ്ശബ്ദം മുത്ത്നബിയെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മസ്ജിദുന്നബവി ജനസാന്ദ്രമാണ്. അവിടുന്ന് ഒരസ്വാഭാവിക ഭാവത്തില്‍ ഇരിക്കുന്നു. ഉടനെ അല്ലാഹുവിന്റെ റസൂല്‍ പ്രഖ്യാപനം നടത്തി. “കഅബിന്റെയും മുറാറത്തിന്റെയും ഹിലാലിന്റെയും പശ്ചാതാപം അല്ലാഹു സ്വീകരിച്ചിരിക്കുന്നു”!!. തക്ബീര്‍ ധ്വനികള്‍ അത്യുച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി. മുസ്ലിം സമൂഹം ആനന്ദ സാഗരത്തിലാറാടി. പിന്നെയാരും അടങ്ങിയിരുന്നില്ല. ചിലര്‍ പള്ളിയില്‍ നിന്ന് പുറത്തേക്കോടി. മുറാറത്തിന്റെ വീട്ടിലേക്ക്. ചിലര്‍ ഹിലാലിനെ ലക്ഷ്യമാക്കി കുതിച്ചു. ഒരാള്‍ തനിയെ ശരവേഗതയില്‍ ഓടിപ്പോകുന്നു. ആരും എന്നെ മറികടക്കരുത്. കഅബിനെ ആദ്യമായി കാണുന്നത് ഞാനായിരിക്കണം. ഇടം വലം നോക്കാതെ അയാള്‍ ഓടി. അധികം കഴിഞ്ഞില്ല. പിറകില്‍ നിന്ന് കുതിര കുളമ്പടികളുടെ ശബ്ദം അടുത്തുവരുന്നത് അയാള്‍ അറിഞ്ഞു. ഇല്ല, ഞാനതിന് സമ്മതിക്കില്ല. അയാള്‍ നേരെ സലഅ് മലയുടെ ഉഛിയിലേക്ക് പാഞ്ഞുകയറി. എന്നിട്ട് നീട്ടി വിളിച്ചു. “യാ… കഅബ്”! ആ ശബ്ദം കഅബിന്റെ കര്ണപുടങ്ങളില് മുഴങ്ങിക്കേട്ടു. ഒന്നുകൂടെ ചെവിയോര്‍ത്തു. ആ വിളിക്കുന്നത് എന്നെത്തന്നെയാകുമോ, ഈ ഇരുട്ടില്‍ ആര്, എന്തിനു എന്നെ വിളിക്കണം? മുസ്വല്ലയില്‍ നിന്ന് എഴുന്നേറ്റ് കഅബ് ജാഗ്രത്തായി. പുലര്‍വെട്ടം ശരിക്കും പരന്നിട്ടില്ല. എങ്കിലും പ്രതീക്ഷകള്‍ കൈവിട്ടില്ല. ആ നേര്‍ത്ത ഇരുട്ടിലൂടെ കഅബ് തന്റെ കണ്ണുകളെ ചുറ്റും പായിച്ചു. ഈ ഹതഭാഗ്യനെ തേടി ആരെങ്കിലും വന്നിരുന്നെങ്കില്‍! കഅബ് കൊതിച്ചു. കേട്ടത് വെറും തോന്നലായിരിക്കുമെന്ന് കഅ്ബിന് തോന്നി. വൈകാതെ അതേ ശബ്ദം വീണ്ടുമുയര്‍ന്നു. “യാ… കഅബ്” അബ്ശിര്‍…അബ്ശിര്‍”.”കഅബേ.. താങ്കള്‍ സന്തോഷിക്കുക” ദൂരെ സലഅ് മലയുടെ മീതെ ഒരാളിന്റെ രൂപം. കഅബ് കണ്ടു കോരിത്തരിച്ചു നിന്നു. അതെ, സംശയിക്കാനൊന്നുമില്ല. എന്നെയാണു വിളിച്ചത്. സന്തോഷിക്കാനാണു പറഞ്ഞത്. ദിവസങ്ങളായി കേള്‍ക്കാന്‍ കാത്തിരുന്ന വിളിയാളം കഅബിന്റെ നയനങ്ങള്‍ നിറഞ്ഞൊഴുകി. അല്‍ഹംദുലില്ലാഹ്, കഅബിന്റെ അധരങ്ങള്‍ മന്ത്രിച്ചു. നാഥന്റെ മുമ്പില്‍ സാഷ്ടാംഗം വീണു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ കഅബ് പൊട്ടിക്കരഞ്ഞു. “കഅബ്…. സന്തോഷം…സന്തോഷം..” കുതിരകുളമ്പടിനാദത്തോട് ഇടകലര്‍ന്ന ആ മനുഷ്യശബ്ദം കേട്ടപ്പോള്‍ കഅബ് തല ഉയര്‍ത്തി. ഒരു കുതിരക്കാരന് കഅബിന്റെ വീട് ലക്ഷ്യമാക്കി ദ്രൂതഗതിയില്‍ വരുന്നു. ആഗതനെ സ്വീകരിക്കാനായി കഅബ് മുറ്റത്തേക്കോടി. കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങി അയാള്‍ കഅബിനെ വാരിപ്പുണര്‍ന്നു. കഅബ് പുളകിതനായി. എത്ര നാളുകഴിഞ്ഞു ഒരു കൂട്ടുകാരന്റെ സ്പര്ശനമെങ്കിലുമേറ്റിട്ട്. കഅബ് ആഗതനെ തിരിച്ചറിഞ്ഞു. സുബൈര്‍! “എന്റെ പ്രിയപ്പെട്ട സഹോദരാ, താങ്കളുടെ പശ്ചാതാപം അല്ലാഹു സ്വീകരിച്ചിരിക്കുന്നു”. കഅബ് കണ്ണുകള്‍ തുടച്ചു. ഈ സുവിശേഷം അറിയിച്ചതിന് സുബൈറിന് എന്തെങ്കിലും പാരിതോഷികം നല്‍കണം. കഅബ് നിനച്ചു. ചുറ്റും കണ്പാര്ത്തു. കൊടുക്കാന്‍ ഒത്ത ഒന്നും കണ്ടില്ല. തന്റെ ദേഹത്തേക്ക് നോക്കി. രണ്ടു വസത്രങ്ങള്‍ മാത്രമുണ്ട്. പിന്നെ താമസിച്ചില്ല. അവ അഴിച്ച് സുബൈറിനെ ധരിപ്പിച്ചു. കഅബിപ്പോള് നഗ്നനാണ്. ഒരു കഷ്ണം തുണികൊണ്ട് ഗുഹ്യഭാഗം കഷ്ടിച്ച് മറച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം ഒരാള്‍ കൂടി അവിടെ ഓടിക്കിതച്ചെത്തി. അത് ഹംസയായിരുന്നു. സലഅ് മലയില്‍ നിന്ന് ആദ്യം കഅബിനോട് സന്തോഷവാര്‍ത്ത അറിയിച്ചത് അയാളായിരുന്നു. ആ സ്വഹാബി വര്യന് കഅബിനെ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. നേരം വെളുത്ത് തുടങ്ങി. കഅബ് പുറത്തേക്കു നോക്കി. അതാ കൂട്ടം കൂട്ടമായി തിരു അനുചരര്‍ നടന്നടുക്കുന്നു. ആനന്ദ മുറ്റിയ മുഖങ്ങളുമായി അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് കൊണ്ട് ഓരോരുത്തരും വന്ന് കഅബിനെ കെട്ടിപ്പിടിക്കുന്നു. അഭിനന്ദിക്കുന്നു. സ്നേഹാദരങ്ങള്‍ കൊണ്ട് കഅബിന് വീര്‍പ്പുമുട്ടി. അതില്‍ പിന്നെ കൂടുതലൊന്നും മിണ്ടിപ്പറയാന്‍ കഅബിന് കഴിഞ്ഞില്ല. മുത്തുനബിയെ ഒരു നോക്ക് കാണണം. ഈ പാപിയെ തിരുസന്നിധിയിലെത്തിക്കൂ. വേഗം.. വേഗം… കഅബ് വെമ്പല്‍ കൊണ്ടു. പക്ഷെ ഞാന്‍ നഗ്നനാണ്. മാന്യമായ വസ്ത്രമില്ലാതെ എങ്ങനെ അവിടുത്തെ സമീപിക്കും. ഗതിയല്ലാതെ കഅബ് അതിഥികളോട് വസ്ത്രം വായ്പ വാങ്ങി.
കഅബ് മദീനത്തെ പള്ളിയിലേക്ക് നീങ്ങി. സന്തോഷം പങ്കിടാന്‍ അവിടെ എത്തിച്ചേര്‍ന്ന ആബാലവൃദ്ധം ജനങ്ങളോടപ്പം ഒരു ഘോഷയാത്ര പോലെ, വഴിനീളെ സത്യവിശ്വാസികള്‍ മംഗളമോതി കഅബിനെ എതിരേല്കുന്നു. മദീന മുഴുവന്‍ കഅബിനുവേണ്ടി ചമഞ്ഞൊരുങ്ങി. കഅബ് ധൃതിയില്‍ നടന്നു. ആരംബ ദൂതരുടെ പള്ളിയിലേക്ക്. കഅബിന്റെ കൂടെയുള്ളവര്‍ ഓടുകയായിരുന്നു. താമസിയാതെ കഅബ് പള്ളിയില്‍ പ്രവേശിച്ചു. അവിടെയുണ്ട് അല്ലാഹുവിന്റെ റസൂല്‍, ആ വലിയ സദസ്സിന്റെ ഒത്ത നടുവില്‍ പാല്പുഞ്ചിരി തൂകിയിരിക്കുന്നു. സദസ്യര്‍ ഒന്നടങ്കം കഅബിനെ സ്നേഹം തുളുമ്പുന്ന നോട്ടങ്ങള്‍ കൊണ്ട് തഴുകി. പെട്ടെന്ന് സദസ്സില്‍ നിന്ന് ത്വല്‍ഹത് ബിന്‍ ഉബൈദുള്ള ഓടിവന്ന് കഅബിനെ മാറോടണച്ചു. എന്നിട്ട് കൈ പിടിച്ച് തിരു സവിധത്തിലേക്കാനയിച്ചു. “അസ്സലാമുഅലൈക യാ റസൂലള്ളാഹ്… മുത്ത് നബി കഅബിന്റെ നേരെ മുഖമുയര്‍ത്തി. പുഞ്ചിരിച്ചുകൊണ്ട് പ്രത്യാഭിവാദ്യമരുളി. ആ നിമിഷം അവിടുത്തെ വദനം പൗര്‍ണമിയെ പോലെ വെട്ടിത്തിളങ്ങുകയായിരുന്നു. ആ സൗകുമാര്യത കണ്ട് കഅബ് മതിമറന്നു പോയി”. “കഅബ് ആനന്ദിച്ചു കൊള്ളുക. ഇത് നിന്റെ ജീവിതത്തിലെ ഏറ്റവും ഉത്തമമായ ദിനമാണ്. നിന്നെ നിന്റെ ഉമ്മ പ്രസവിച്ചതു മുതല്‍ ഇന്നേവരെ ഇത്രയും പുണ്യമേറിയ ഒരു ദിനം നിനക്ക് വന്നിട്ടില്ല. സന്തോഷിക്കുക ഇത് സന്തോഷത്തിന്റെ ദിനമാണ്”. കഅബ് ആനന്ദ തുന്ദിലനായി. അല്‍ഹംദുലില്ലാഹ്.. അധരങ്ങള്‍ ഇലാഹീ സ്തുതിവചനങ്ങള്‍ ഉരുവിട്ടുകൊണ്ടേയിരുന്നു. എല്ലാവരും നാഥന് സ്തോത്രങ്ങളര്‍പ്പിച്ചു
മുഹമ്മദ് ശുറൈഫ് മംഗലശ്ശേരി