പുണ്യങ്ങളുടെ മാസമായ റമളാന്‍ ആഗതമായിരിക്കുന്നു. തിന്മയോട് മുഖം തിരിക്കാനും നന്മയിലൂടെ ജീവിതം സാഫല്യമാക്കാനും സ്രഷ്ടാവ് ഒരുക്കിത്തന്ന രാപകലിലൂടെയാണ് ഇന്ന് ലോകമുസ്‌ലിംകളൊന്നടങ്കം കടന്നുപോകുന്നത്. ഒരുപാട് സവിശേഷതകളടങ്ങിയ മാസമാണിത്. റജബിന്റെ പിറവിയോടെ തന്നെ മുസ്‌ലിം ലോകം ഇതിനുവേണ്ടി തയ്യാറെടുക്കുന്നുണ്ട്. ഓരോ ദിനങ്ങള്‍ കഴിയുന്തോറും ഇലാഹീ സാമീപ്യത്തിനുള്ള ഈ ഒരുക്കങ്ങള്‍ മുസ്‌ലിം സമൂഹം വര്‍ദ്ധിപ്പിക്കുന്നു. തുടര്‍ന്ന് വരുന്ന ശഅ്ബാനും ബറാഅത്ത് രാവും റമാളിനിന്റെ ഓരോ രാപകലുകളും സത്യവിശ്വാസിയെ ഈ ആത്മീയ ഉണര്‍വിന്റെ ഉത്തുംഗതിയിലെത്തിക്കുന്നു. ലൈലത്തുല്‍ ഖദറോടെ പുത്തനുണര്‍വ്വ് അതിന്റെ പാരമ്യതയിലെത്തുന്നുണ്ട്. റമളാന്‍ മാസത്തിലെ ലൈലത്തുല്‍ ഖദ്‌റെന്ന രാവ് വളരെ പവിത്രമായ ഒന്നാണ്.
മുത്ത് നബി(സ്വ)യുടെ സമുദായത്തിന് അല്ലാഹു കനിഞ്ഞു നല്‍കിയ ദിനം തൊള്ളായിരവും അതിലധികവും വര്‍ഷം സ്രഷ്ടാവിനെ ആരാധിച്ച് ജീവിച്ച പൂര്‍വ്വികന്മാരോട് സമരസപ്പെടാനുള്ള ഒരു അവസരം. മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി ഈ സവിശേഷ രാത്രി അല്ലാഹു നബി(സ്വ)യുടെ ഉമ്മത്തിനു നല്‍കി അനുഗ്രഹിക്കാനിടയായ സംഭവം ചരിത്രങ്ങളില്‍ രേഖപ്പെടുത്തിതായി കാണാം. മുജാഹിദ്(റ) പറയുന്നു. ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ ഒരു മഹാ ഭക്തനുണ്ടായിരുന്നു. പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധ സമരം ചെയ്തു ജീവിച്ചയാളായിരുന്നു ഇതു കേട്ട നബി(സ)യുടെ അനുയായികള്‍ ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര തുഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. സൂറത്തുല്‍ ഖദ്‌റിന്റെ അവതരണം ഈ പശ്ചാത്തലത്തിലാണ്. (ഇബ്‌നു ജരീര്‍)
പ്രസ്തുത സൂറത്തില്‍ മുത്ത് നബി (സ)ക്ക് ലൈലത്തുല്‍ ഖദ്ര്‍ സമ്മാനിച്ച് കൊണ്ട് സന്തോഷമറിയിക്കുന്നുണ്ട്. തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആന്‍) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് താങ്കള്‍ക്കറിയുമോ. നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു. മാലാഖമാരും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള കല്‍പ്പനകളുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ. (97/1-5)
ഖദ്ര്‍ എന്നാല്‍ വിധി, നിര്‍ണ്ണയം, മഹത്വം എന്നൊക്കെയാണ് അര്‍ത്ഥം. നിര്‍ണ്ണയ രാവ് എന്ന് പറയാന്‍ പല കാരണങ്ങളും പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. മാനവരാശിക്ക് വര്‍ഷാവര്‍ഷവുമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണ്ണയിക്കുന്ന ദിനം എന്നാണ് ഇബ്‌നു അബ്ബാസ്(റ) ഇതിനു കാരണമായി പറയുന്നത്. തഫ്‌സീറു ഖുര്‍ത്വുബിയില്‍ ജീവജാലങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം തുടങ്ങിയവ ക്ലിപ്തമാക്കുന്നത് ഈ രാത്രിയിലായതിനാലാണ് ഇത്തരത്തില്‍ നാമകരണത്തിന് ഹേതുവെന്ന് അഭിപ്രായപ്പെടുന്നു. (ഖുര്‍ത്വുബി 20/116) ഇക്‌രിമ (റ) പറയുന്നു : മാനവരാശിക്കുള്ള വാര്‍ഷിക ബജറ്റ് ഓരോ വര്‍ഷവും ശഅബാന്‍ 15ന് (ഓരോ വ്യക്തിക്കുമുള്ള ആഹാരം, ആയുസ്്, മരണം തുടങ്ങിയവ) ബറാഅത് രാവില്‍ അവന്റെ ഇഷ്ട പ്രകാരം നിശ്ചയിച്ചു നല്‍കുന്നു. എന്നാല്‍ ഈ മാര്‍ഗ്ഗ രൂപേണ അത് നടപ്പിലാക്കുകയും മലക്കുകള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നതും ലൈലതുല്‍ ഖദ്‌റിലാണ്. ജിബ്‌രീല്‍, മീക്കാഈല്‍, ഇസ്‌റാഫീല്‍, അസ്‌റാഈല്‍ എന്നീ നാല് മലക്കുകള്‍ക്കാണ് ഇതിന്റെ ചുമതല.(ഹാശിയത്വുസ്സ്വാവി 4/320) ഒരു വര്‍ഷം കഅ്ബ തീര്‍ത്ഥാടനം ചെയ്യുന്ന ഹാജിമാരുടെയും അവരുടെ പിതാക്കളുടെയും അടക്കം പേരുകള്‍ നിര്‍ണ്ണയിക്കുന്നതും രേഖപ്പെടുത്തുന്നതും ഈ രാവിലാണന്നാണ് ഇമാം റാസിയുടെ പക്ഷം. തിങ്ങി നിറഞ്ഞ എന്നര്‍ത്ഥം ഖദ്‌റിനുള്ളത് പ്രസ്തുത രാവില്‍ വാനലോകത്ത് നിന്നുള്ള മലക്കുകളാല്‍ ഭൂമി നിറയുന്നതിനാലാണെന്നും അദ്ദേഹം പറയുന്നു. (32/28 റാസി)
സൂറത്തുല്‍ ഖദറിന്റെ ഒന്നാം ആയത്തില്‍ ഖുര്‍ആന്‍ അവതരിച്ചത് ലൈലത്തുല്‍ ഖദ്‌റിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന് രണ്ട് അവതരണമുണ്ട്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തിലെ ബൈത്തുല്‍ ഇസ്സയിലേക്ക് ഉള്ളതാണ് ഒന്നാം ഘട്ടം. 30 ജുസുഉം ഒന്നിച്ചുള്ള ഈ അവതരണം ലൈലത്തുല്‍ ഖദ്‌റിലായിരുന്നു. പിന്നീട് സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് 23 വര്‍ഷങ്ങളിലായി ജിബ്‌രീല്‍ (അ) മുഖേന ഓതിക്കൊടുത്തതാണ് രണ്ടാം ഘട്ടം. ഇതിന്റെ തുടക്കവും ലൈലത്തുല്‍ ഖദ്‌റിലാണന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്.
ലൈലത്തുല്‍ ഖദ്ര്‍ എന്നാണ്?
ഖുര്‍ആന്‍ അവതരിച്ചത് ലൈലത്തുല്‍ ഖദ്‌റിലാണെന്ന് സൂറത്തുല്‍ ഖദറിലും ഖുര്‍ആന്‍ അവതരിച്ചത് റമളാനിലാണെന്ന് അല്‍ ബഖറ 185 ാം സൂക്തത്തിലും പറയുന്നു. അതിനാല്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലാണെന്ന് ഇതില്‍ നിന്നും ഗ്രഹിക്കാം. ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്നതില്‍ നിരവധി ഹദീസുകളും അഭിപ്രായങ്ങളും വന്നിട്ടുണ്ട്. ആയിഷ(റ) യില്‍ നിന്ന് നിവേദനം, നബി(സ) പ്രസ്താവിച്ചു: റമളാനിലെ അവസാന പത്തില്‍ നിന്നുള്ള ഒറ്റയിട്ട രാവുകളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുവിന്‍(ബുഖാരി 1878) അതേ സമയം 27 നാണെന്നും 25 നാണെന്നും 23 നാണെന്നുമെല്ലാം ഹദീസില്‍ വന്നിട്ടുണ്ട്.
ഇത്രയേറെ പ്രധാന്യമുള്ള ആ രാവിനെ കുറിച്ച് കൃത്യമായി പരാമര്‍ശം ലഭ്യമാകാതിരുന്നത് എന്ത് കൊണ്ട്? സ്വാഭാവികമായും ഉയര്‍ന്ന് വരാവുന്ന സന്ദേഹമാണിത്. ഒരു പഠിതാവ് ന്യായമായും ഉന്നയിക്കാവുന്ന ചോദ്യം. ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് നബി(സ) ക്ക് അറിയിക്കപ്പെട്ടിരുന്നുവെന്ന് ചരിത്രങ്ങളില്‍ കാണാം. ഉബാദത് ബ്‌നു സ്വാമിതില്‍ നിന്ന് നിവേദനം. ലൈലത്തുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്ന് പ്രഖ്യാപിക്കാനായി നബി(സ) പുറപ്പെട്ടു. ആ സമയത്ത് മുസ്്‌ലികളില്‍ നിന്ന് രണ്ടാളുകള്‍ ശണ്ഠ കൂടുന്നത് കണ്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. ഞാന്‍ ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ച് നിങ്ങളോട് പറയാനായി പുറപ്പെട്ടതായിരുന്നു. അപ്പോഴാണ് രണ്ട് പേര്‍ തര്‍ക്കിക്കുന്നത് കണ്ടത്. അത് നിമിത്തം ആ ജ്ഞാനം ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷേ അത് നിങ്ങളുടെ ഗുണത്തിനായേക്കാം. (ബുഖാരി 1883) തര്‍ക്കിക്കുന്ന രണ്ടാളുമായി ജോലിയായതിനാല്‍ അത് എന്നാണെന്ന് മറന്നുപോയി എന്നര്‍ത്ഥം. ആ വര്‍ഷത്തെ ലൈലത്തുല്‍ ഖദ്‌റിന്റെ ബറകത് ഉയര്‍ത്തപ്പെട്ടുവെന്നാണ് അര്‍ത്ഥമെന്നും അഭിപ്രായമുണ്ട് (ഫത്ഹുല്‍ ബാരി 6/300).
നിരവധി ഹദീസുകള്‍ ലൈലത്തുല്‍ ഖദ്‌റിന്റെ മഹാത്മ്യത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അരയും തലയും മുറുക്കി നബി(സ) ഇബാദത്തിനിറങ്ങിയതായും കുടുംബത്തെ വിളിച്ചുണര്‍ത്തി ഉദ്‌ബോധിപ്പിച്ചതായും ഹദീസില്‍ കാണാം. ലൈലത്തുല്‍ ഖദ്‌റിലെ ആരാധന ആയിരം മാസത്തേക്കാള്‍ മഹത്വമുള്ളതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വിശ്വസിച്ചും അറിഞ്ഞും പ്രതിഫലം പ്രതീക്ഷിച്ചും പ്രസ്തുത രാവില്‍ നിസ്‌ക്കരിക്കുന്നവരുടെ പാപം പൊറുക്കപ്പെടുമെന്ന് ഹദീസ് പഠിപ്പിക്കുന്നു. ദീര്‍ഘ കാലം പ്രാര്‍ത്ഥനയിലും ആരാധനയിലുമായി കഴിച്ചുകൂട്ടിയവരെ അപേക്ഷിച്ചു ശരാശരി 70 മാത്രം പ്രായമുള്ള ഖൈറുല്‍ ഉമ്മക്ക് ഈ ഹ്രസ്വാ യുസ്സില്‍ അവര്‍ക്കൊപ്പമെത്താന്‍ നീതിമാനായ അല്ലാഹു കനിഞ്ഞു നല്‍കിയ പവിത്രമായ രാവാണിതെന്ന് ചുരുക്കം. മറ്റു മാസങ്ങളിലേര്‍പ്പെട്ട പാതകങ്ങള്‍ നിമിത്തമായി പുരണ്ട പാപക്കറകള്‍ ഹൃദയത്തില്‍ നിന്നും നീക്കിക്കളയാന്‍ ഇതു നിമിത്തമാക്കേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് മുസ്്‌ലിം സമൂഹം നിരതനാകേണ്ടത്.
വി.എന്‍.എം യാസിര്‍ അണ്ടോണ