2021 July - August Hihgligts Shabdam Magazine കാലികം ലേഖനം സമകാലികം

നിയമ നിര്‍മാണം; മൂര്‍ച്ചയേറിയ ആയുധമാണ്

ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ ഭരണകൂടം തന്നെ. തീരെ വിജയ സാധ്യതയില്ലാത്ത ബിജെപിയെ രാജ്യത്തിന്‍റെ ഭരണ നിയന്ത്രണങ്ങളിലേക്ക് ചേക്കേറാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിച്ചുവെന്നത് വിശാല ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയ കമ്പിനികളെയെല്ലാം അവരുടെ വരുതിയില്‍ വരുത്താനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയകരമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്കു നിരക്കാത്ത നിയമ നിര്‍മാണങ്ങളും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രക്ഷോഭങ്ങളും കോവിഡ് നിയന്ത്രണങ്ങളിലെ പരാജയവും തുടങ്ങിയുള്ള ഭരണകൂട വീഴ്ചകള്‍ ജ്വലിച്ച് നില്‍ക്കുമ്പോഴും മോദിസ്തുതി പാടുന്ന സോഷ്യല്‍ മീഡിയകളും മോഡി സ്തുതികളെ നിരന്തരം പ്രൊമോട്ട് ചെയ്യുന്നുവെന്നത് നഗ്നസത്യമാണ്. ഭരണകൂട വിമര്‍ശനങ്ങള്‍ നടത്തിയവരുടെ അക്കൗണ്ടുകള്‍ തഴയപ്പെട്ടതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന്‍റെ പേരില്‍ പലരും ചോദ്യം ചെയ്യപ്പെടേണ്ടി വന്നതും കഴിഞ്ഞ കാലങ്ങളില്‍ നാം കണ്ടതാണ്.
ഈ സംഭവങ്ങള്‍ക്കിടയിലും കേന്ദ്ര സര്‍ക്കാരിന് കൂട്ട് നില്‍ക്കാതെ ജനങ്ങളുടെ ആശയ പ്രകടന അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ പ്ലാറ്റ്ഫോമുകളുമുണ്ട്. ട്വിറ്റര്‍ അതിനുദാഹരണമാണ്. ട്വിറ്റര്‍ ഇടതുപക്ഷത്തിനോടൊപ്പമാണെന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. ബിജെപി ഐടി സെല്ലിന്‍റെ വെള്ളവും വളവും സ്വീകരിച്ച് വളരാന്‍ മാത്രം ട്വിറ്റര്‍ അധപതിച്ചിരുന്നില്ലായെന്നതായിരുന്നു കാരണം. ടൂള്‍കിറ്റ് കേസില്‍ മെയ് 31ന് ബാംഗ്ലൂരില്‍ വെച്ച് ട്വിറ്ററിന്‍റെ ഇന്ത്യന്‍ മേധാവി മനീഷ് മഹേഷരിയെ ചോദ്യം ചെയ്തത് വന്‍ ചര്‍ച്ചയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടുകളോട് പരസ്യമായ പോരിന് ട്വിറ്റര്‍ ഇറങ്ങിതിരച്ചോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്‍റെ ഹാന്‍ഡിലില്‍ നല്‍കിയ ബ്ലൂടിക് കുറച്ചു കാലത്തേക്ക് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. സുരേഷ് ജോഷി, അരുണ്‍ കുമാര്‍, കങ്കണ റൗണത്ത് തുടങ്ങിയ ബി ജെ പി നേതാക്കളുടെ / വാക്താക്കളുടെ ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്യാനോ ബ്ലൂടിക് നീക്കം ചെയ്യാനോ അക്കൗണ്ട് മരവിപ്പിക്കാനോയൊക്കെ ട്വിറ്റര്‍ ധൈര്യപ്പെട്ടു. ഇതര പ്ലാറ്റഫോമുകളില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചവരുടെ അക്കൗണ്ടുകള്‍ സസ്പന്‍ഡ് ചെയ്യുന്ന സമയത്താണിതെന്നതാണ് ശ്രദ്ധേയം.
ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ പരിപൂര്‍ണമായി തങ്ങള്‍ക്കധീനമാക്കാനാണ് പുതിയ ഐ.ടി ചട്ടങ്ങളുമായി ഗവമെന്‍റ് ഇറങ്ങിത്തിരിച്ചത്. രാജ്യത്തിന്‍റെ നിയമങ്ങളാകുമ്പോള്‍ അനുസരിക്കല്‍ കമ്പനികള്‍ക്ക് നിര്‍ബന്ധമാവുകയും വിരോധം കാണിച്ചാല്‍ ഇന്ത്യയെന്ന വലിയൊരു മാര്‍ക്കറ്റ് ഇല്ലാതെയായാലുണ്ടാകുന്ന ബിസിനസ് നഷ്ടങ്ങള്‍ കണക്കിലെടുത്ത് അംഗീകരിക്കേണ്ടി വരികയും ചെയ്യും. ഈ തിരിച്ചറിവാണ് നിയമ നിര്‍മാണത്തിലേക്ക്(ചട്ടം) വഴിതിരിച്ചത്. കാരണം ലോകത്തേറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയാണ്. കൂടുതല്‍ സോഷ്യല്‍മീഡിയ ഉപയോക്താക്കളും ചൈനയിലാണ്. പക്ഷെ ചൈന സോഷ്യല്‍ മീഡിയകള്‍ ഓരോന്നായി നിരോധിച്ചു. ഗവമെന്‍റിനെതിരായ ശബ്ദങ്ങള്‍ക്ക് തടയിടാന്‍ ലോകപ്രശസ്തമായ പ്ലാറ്റ്ഫോമുകളെല്ലാം നിരോധിച്ച് ഉള്ളടക്ക നിയന്ത്രണമുള്ള സ്വന്തം പ്ലാറ്റ്ഫോമുകള്‍ അവതരിപ്പിക്കുകയായിരുന്നു ചൈന. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയവക്ക് പകരം webio, renreu, youku തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ്. ചൈന കഴിഞ്ഞാല്‍ കൂടുതല്‍ ജനസംഖ്യയുള്ളത് ഇന്ത്യയിലാണ്. സോഷ്യല്‍ മീഡിയ കമ്പനികളുടെയെല്ലാം വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. എന്ത് നിയമങ്ങള്‍ വന്നാലും പരമാവധി അംഗീകരിച്ച് ബിസിനസ് നിലനിര്‍ത്താന്‍ കമ്പനികള്‍ തയ്യാറാകുമെന്നതില്‍ സംശയമില്ല.
ഐ.ടി ചട്ടം 2021
ഐ.ടി ചട്ടമാണിത്, നിയമമല്ല. ചട്ടങ്ങളാകുമ്പോള്‍(rules) നിയമങ്ങളെ(acts) പോലെ ഇരു സഭകളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കി പ്രസിഡന്‍റ് ഒപ്പുവെക്കേണ്ടതില്ല. ഭരണകൂടത്തിന് നേരിട്ട് തീരുമാനിക്കാനാകും. ഐ.ടി ആക്ട് നിലവില്‍ വരുന്നത് 2000ത്തിലാണ്. ശേഷം2011ല്‍ അതുമായി ബന്ധപ്പെട്ട ചില ചട്ടങ്ങള്‍ വന്നിരുന്നു. പിന്നീട് ഐടി ചട്ടം 2021 (പുതിയ ചട്ടങ്ങള്‍) ഫെബ്രുവരി 26നാണ് ഗവമെന്‍റ് പുറത്തുവിടുന്നത്. 2021 മെയ് 25ന് ഈ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും അത് പാലിക്കാന്‍ തയ്യാറാകണമെന്നുമായിരുന്നു ഉത്തരവ്. ആ ചട്ടങ്ങള്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളെയാണ് ബാധിക്കുത്.
1. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍: ടെലിവിഷന്‍, സിനിമ ഉള്ളടക്കങ്ങള്‍ ഇന്‍റര്‍നെറ്റ് മുഖേന പ്രദാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകള്‍ക്കാണ് OTT(overthe-top) എന്ന് പറയുന്നത്. നെറ്റ്ഫ്ലിക്സ്, ഹോട്സ്റ്റാര്‍ പോലോത്ത ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ ചട്ടങ്ങളിലെ നിര്‍ദ്ദേശം സ്വയം ഉള്ളടക്ക സെന്‍സര്‍ഷിപ്പ് കൊണ്ടുവരാനാണ്. ഉള്ളടക്കങ്ങളെ U,U/A 7+, 13+, 16+, Adult എിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കാനും 16+ ഉള്ളടക്കങ്ങള്‍ക്ക് പാരന്‍റല്‍ ലോക്ക് സംവിധാനിക്കാനും സംപ്രേഷണം ചെയ്യുന്ന വീഡിയോ ഏത് വിഭാഗത്തില്‍ ഉള്‍പെടുതാണ്െ മുഴുസമയവും വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാനുമാണ് നിര്‍ദ്ദേശം.
2. ഡിജിറ്റല്‍ മീഡിയ: മാധ്യമ സ്ഥാപനങ്ങളുടെ ഇന്‍റര്‍ നെറ്റ് വാര്‍ത്താ സംപ്രേഷണ സംവിധാനങ്ങളോ ഇന്‍റര്‍ നെറ്റ് മുഖേന മാത്രം പ്രവര്‍ത്തിക്കുന്നതോ ആയ ഈ മാധ്യമങ്ങള്‍ക്ക് പുതിയ ചട്ടം നിര്‍ദ്ദേശിക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന് പ്രസ് കൗസില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കലും കാബിള്‍ ടി.വി ആക്ട് പാലിക്കലുമാണ്. മറ്റൊന്ന് ഒരു ഗ്രീവന്‍സ് സംവിധാനമൊരുക്കലാണ്. അതിന് ഓഫീസില്‍ ഒരു കംപ്ലയിന്‍റ് ഓഫീസറെ ചുമതലപ്പെടുത്തലും ഒരു പരാതി വന്നാല്‍ 24 മണിക്കുറിനുള്ളില്‍ പരാതി അംഗീകരിച്ചെന്ന് അറിയിക്കുകയും 15 ദിവസത്തിനകം നടപടിയെടുക്കുകയും വേണം. ഇവിടെ തീരാത്ത പരാതികള്‍ നിയന്ത്രിക്കാന്‍ ഒരു ഗ്രീവന്‍സ് ബോഡി എല്ലാ മീഡിയകളും ചേര്‍ന്ന് രൂപീകരിക്കുകയും അതിന്‍റെ തലപ്പത്ത് മുന്‍ ജഡ്ജിമാരായ ആരെങ്കിലും നിയമിക്കുകയും വേണം. അതിനും മുകളില്‍ കണ്‍ട്രോളിംഗ് ബോഡിയായി ഐ & ബി മന്ത്രാലയത്തിന് കീഴില്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുള്ള ബോഡി വരും. പരാതി തീര്‍ക്കാനുള്ള അന്തിമ കേന്ദ്രം ഇതാകും. ഈ ചട്ടങ്ങള്‍ ഉള്ളടക്ക നിയന്ത്രണങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കുകയാണെന്നുമാണ് പ്രാധാന പരാതികള്‍.
3. സോഷ്യല്‍ മീഡിയ: ഐ.ടി ചട്ടം 2021 സോഷ്യല്‍മീഡിയകളെ ബാധിക്കുന്ന കാര്യമാണ് കൂടുതലായും ചര്‍ച്ചക്കിടയായത്. ഐ.ടി ആക്ട് 2000 പ്രകാരം സോഷ്യല്‍ മീഡിയകളെ ‘ഇന്‍റര്‍മീഡിയറീസ്’ എന്നാണ് വിശേഷിപ്പിച്ചത്. അതായത് സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല. ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്യുന്നു, മറ്റൊരു ഉപയോക്താവ് വായിക്കുന്നു, ഇതിനിടയിലെ ഇന്‍റര്‍മീഡിയറായി മാത്രം ഈ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നു. ഈ കാരണത്താല്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പോസ്റ്റിന്‍റെ പേരിലുള്ള കേസില്‍ കമ്പനികളെ പ്രതി ചേര്‍ക്കാനാവില്ല എന്ന മെളല വമൃയീൗൃ ഈ ആക്ട് പ്രകാരം കമ്പനികള്‍ക്ക് കിട്ടിപ്പോരുന്നുണ്ട്. പുതിയ ഐ.ടി ചട്ട പ്രകാരംsocial media intermediries, significant social media internediarise എന്നിങ്ങനെ സോഷ്യല്‍ മീഡിയകളെ തരംതിരിക്കുന്നു. ഇന്ത്യയില്‍ 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയകളാണ് സെയന്‍റിഫിക് സോഷ്യല്‍ മീഡിയ ഇന്‍റര്‍മീഡിയറീസ്. ഇവരോട് ഡിജിറ്റല്‍ മീഡിയകളോട് പറഞ്ഞ പ്രകാരം ഗ്രീവന്‍സ് സംവിധാനം നടപ്പില്‍ വരുത്താന്‍ കല്‍പനയുണ്ട്. അതിനായി ഇന്ത്യയിലെ ഓഫീസില്‍ ഇന്ത്യക്കാരനായ ഒരു നോഡല്‍ ഓഫീസര്‍, റസിഡന്‍സ് ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍റ് ഓഫീസര്‍ എന്നിവരെ നിയമിക്കാനാണ് നിര്‍ദ്ദേശം. മാത്രമല്ല കോടതി, ഗവണ്‍മെന്‍റ്, സി.ബി.ഐ പോലോത്ത ഗവണ്‍മെന്‍റ് ഏജന്‍സികള്‍ ഏതെങ്കിലും ഉള്ളടക്കം പാടില്ലാത്തതാണെന്ന് നിര്‍ദ്ദേശിച്ചാല്‍ അത്തരം കണ്ടന്‍റുകള്‍ നീക്കം ചെയ്യുകയും ഇനി അത്തരം പോസ്റ്റുകള്‍ അനുവദിക്കാതിരിക്കുകയും ചെയ്യണം. വിവാദങ്ങളുണ്ടാക്കുന്ന സന്ദേശങ്ങളുടെ ഉറവിടം (ആരാണ് ആദ്യമായി പോസ്റ്റ് ചെയ്തത്) കൈമാറുകയും വേണം.
നിയമം വരുത്തു വിന
പുതിയ ചട്ടങ്ങളിലെ ഓരോ നിര്‍ദ്ദേശങ്ങളും വിരല്‍ ചൂണ്ടുന്നത് ഉള്ളടക്ക നിയന്ത്രണങ്ങളിലേക്കാണ്. ഡിജിറ്റല്‍ മീഡിയകളിലേയും സോഷ്യല്‍ മീഡിയകളിലേയും ഉള്ളടക്കങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള സംഘ്പരിവാര്‍ കരുവായി മാത്രമേ ഈ ചട്ടങ്ങളെ കാണാനാകൂ. ഈ ചട്ടങ്ങള്‍ പ്രധാനമായും വിലക്കിടുന്നത് ആര്‍ട്ടിക്കിള്‍ 19 നല്‍കുന്ന മൗലികാവകാശാമായ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്രത്തെയാണ്. രണ്ടാമതൊന്ന് സ്വകാര്യതക്കുള്ള അവകാശത്തിനു മേലാണ് കത്തി വെക്കുന്നത്. വാട്സ്ആപ്പ് പോലോത്ത മെസഞ്ചര്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് end to end encryption ആണ്. ഇതു പ്രകാരം അയക്കുന്ന ആളിനും ലഭിക്കു ആളിനുമല്ലാതെ മൂന്നാമതൊരാള്‍ക്ക് സന്ദേശം വായിക്കാനാവില്ല. സന്ദേശത്തിന്‍റെ ഉറവിടം കൈമാറാനുള്ള നിര്‍ദ്ദേശം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പരിപൂര്‍ണമായും എടുത്ത് കളയാനോ ഭംഗം വരുത്താനോ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് കോടതിയെ സമീപിച്ചിരുന്നു. പെഗാസസ് സ്പേ വെയറുപയോഗിച്ച് രാജ്യത്തെ പൗരന്‍റെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തിന് വാട്സാപ്പിലെ എന്‍ക്രിപ്ഷനിലെന്തിരിക്കുന്നു? 500 രൂപക്ക് 370 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ വില്‍പനച്ചരക്കാക്കിയ രാജ്യത്തിരുന്ന് പൗരന്‍റെ സ്വകാര്യതയെ കുറിച്ച് വാചാലനാവുതിലെന്തിരിക്കുന്നു?
ഈ ചട്ടങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാതെ വരുമ്പോള്‍ സോഷ്യല്‍ മീഡിയകളുടെ സേഫ് ഹാര്‍ബര്‍ പരിഗണന ലഭ്യമാകില്ല. തത്ഫലമായി ഈ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം കമ്പനിക്ക് ബാധ്യതയാവും. അതിന്‍റെ പേരില്‍ കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാവും. ട്വിറ്റര്‍ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തിയെന്നും ട്വിറ്ററിന് ഇന്‍റര്‍മീഡിയറി ആനുകൂല്യം നല്‍കാനാകില്ലെന്നും  I & B മിനിസ്റ്ററി ഔദ്യോഗികമായി അറിയിച്ചു. ട്വിറ്റര്‍ – കേന്ദ്ര സര്‍ക്കാര്‍ പോരിന്‍റെ പ്രധാന വഴിത്തിരിവായി ഇതിനെ വായിക്കാനാകും. ട്വിറ്റര്‍ മാധ്യമങ്ങളെ കൂടുതലായി സ്വാധീനിക്കുന്ന പ്ലാറ്റ്ഫോമായതിനാല്‍ ട്വിറ്ററിനെ ഒതുക്കല്‍ കേന്ദ്രത്തിന് ആവശ്യമാണ്. അതിന്‍റെ തെളിവാണ് വിവിധ കോടതികളിലെ ട്വിറ്ററിനെതിരായ പരാതികള്‍. ഈ പോരിനു പിന്നില്‍ ട്വിറ്ററിന്‍റെ ഭാവി പ്രസക്ത ചോദ്യമായുയരുന്നുണ്ട്. ഒന്നുകില്‍ ഗവണ്‍മെന്‍റ് ചട്ടങ്ങള്‍ പാലിച്ച് ട്വിറ്ററിന് ബിസിനസ് നിലനിര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ വാദവും പ്രതിവാദവും കോടതി കയറി പയ്യെ പയ്യെ ട്വിറ്റര്‍ ഇന്ത്യയില്‍ ഇല്ലാതെയാവും. രണ്ടും ഒരു പോലെ ഭീഷണിയാണ്.
ചുരുക്കത്തില്‍ മോദിസ്തുതി പാടുന്ന മീഡിയകള്‍ക്കും കമ്പനികള്‍ക്കും തഴച്ചു വളരാനാകും. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയുമില്ലാത്ത ജനവിഭാഗമായി ഇന്ത്യക്കാര്‍ മാറും. മോദി യൂഗാന്ത്യത്തോടെ ഈ നയങ്ങളും ചട്ടങ്ങളും അടുത്ത മുന്നണികള്‍ ഏറ്റെടുക്കും. ഏത് മുന്നണി ഭരണത്തേരിലേറിയാലും മാധ്യമങ്ങള്‍ കൊട്ടാരക്കവികളെ പോലെ സ്തുതി പാടി നടക്കേണ്ടി വരും. പൗരന്‍ നോക്കുകുത്തിയായിരിക്കെ ഭരണകൂടം രാജ്യത്തെ കൊള്ളയിടിച്ചുകൊണ്ടിരിക്കും.

ബാസിത് തോട്ടുപൊയില്‍

Leave a Reply

Your email address will not be published. Required fields are marked *