2021 SEP - OCT Hihgligts Shabdam Magazine കവര്‍സ്റ്റോറി സമകാലികം

പുഴുക്കുത്തേറ്റു തുടങ്ങുന്ന കേരളം

 

കേരളത്തിന്‍റെ രാഷ്ടീയ, സാമൂഹിക പരിസരം വല്ലാത്തൊരു കാലത്തിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പാരസ്പര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സാമൂഹികാന്തരീക്ഷത്തില്‍ ശാന്തമായി ജീവിച്ചു പോന്നിരുന്ന കേരളത്തിലെ പ്രബുദ്ധ ജനത മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയതയെ ഏറ്റെടുക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. പ്രബുദ്ധമെന്ന വാക്കിനെ കേരളത്തോട് ചേര്‍ത്ത് വെക്കുമ്പോള്‍ വിശാലവും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണവുമായ മാനങ്ങളുണ്ട്. രാജ്യത്ത് വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി സമൂഹത്തിന് വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിച്ച ചരിത്രം മാത്രമാണുള്ളത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും കൈ കോര്‍ത്ത് പാരസ്പര്യത്തിന്‍റെ അസൂയാവഹമായ മാതൃകകള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകുന്ന സമൂഹമാണ് നമ്മുടേത്. അവസാനമായി നേമത്ത് മാത്രം ഒറ്റപ്പെട്ട് കിടന്നിരുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തെ കേരളത്തിന്‍റെ മതേതര സാമൂഹിക ബോധം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിച്ചപ്പോള്‍ കേരളം കൂടുതല്‍ പ്രബുദ്ധവും മതേതരവുമായി എന്ന് കരുതിയതുമാണ്. എന്നാല്‍ ഏതൊരു പ്രത്യയശാസ്ത്രത്തെ നാം തുടച്ചു നീക്കിയെന്നഭിമാനിച്ചുവോ അതേ ആശയത്തെ സംഘ്പരിവാരത്തേക്കാള്‍ താല്‍പര്യത്തോടെ പുല്‍കുന്ന വിരോധാഭാസത്തിനാണ് കൈരളി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
പാലാ ബിഷപ്പ് കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കുന്നതിന് മുന്നേ തന്നെ കൃസംഘി എന്നൊരു പുതിയ പദം കേരളത്തിലുടലെടുത്തത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. മലയാളിയുടെ ചര്‍ച്ചാ മേഖലയിലേക്ക് വര്‍ഗീയത കടന്നു വരാത്ത സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണിന്ന്. പരസ്പരം ചളിവാരിയെറിയു വര്‍ഗീയതയുടെ ചതുപ്പ് നിലങ്ങളായി പരിണമിച്ചിരിക്കുകയാണ് മലയാള ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍. രാജ്യത്തെ കാവിയണിയിക്കാനുള്ള സംഘ്പരിവാരത്തിന്‍റെ കുടില തന്ത്രങ്ങളിലൊന്നും ഇടറാതെ വര്‍ഗീയതയെ അടുപ്പിക്കാത്ത കേരളത്തിന്‍റെ മതേതര മണ്ണിലേക്ക് വിഷവിത്തിറക്കാന്‍ ഊഴം കാത്തിരിക്കുന്ന സംഘ്പരിവാറിന്‍റെ ഉപോല്‍പ്പമായിട്ടാണ് കൃസംഘികളുടെ കടന്ന് വരവ്.
കേരളത്തിന്‍റെ ജീവിത സംസ്കാരത്തേയും നവോത്ഥാന ചരിത്രത്തെയും പുറം കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ച് കൊണ്ട് കേരളത്തിന്‍റെ വിരിമാറിലൂടെ അപകടകരമായ ഒരു വിഭജന രേഖ വരച്ചിരിക്കുകയാണ് പാലാ ബിഷപ്പ്.
കേരളത്തിന്‍റെ പുതിയ ഭൂപടം മതവര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വരച്ചിടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് സോഷ്യല്‍ മീഡിയയാണെന്ന് പറഞ്ഞാല്‍ തെറ്റാവാനിടയില്ല. ലവ് ജിഹാദ് മുതല്‍ ഇന്നെത്തി നില്‍ക്കുന്ന നാര്‍ക്കോട്ടിക്ക് ജിഹാദ് വരെയുള്ള ജിഹാദി വാലുള്ള സംജ്ഞകളെ ഊതി വീര്‍പ്പിച്ച് പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള ബലൂണുകളാക്കി നിര്‍ത്തുന്നത് സോഷ്യല്‍ മീഡിയകളിലെ അനാവശ്യവും അതിരുകടന്നതുമായ വര്‍ഗീയ ചര്‍ച്ചകളും ട്രോളുകളുമൊക്കെയാണ്. ഇതിനു പിന്നിലും വളരെ ആസൂത്രിതമായി പ്രവര്‍ത്തിക്കു വര്‍ഗീയോല്‍പാദക സംഘങ്ങളുണ്ടൊന്നാണ് അന്വേഷണങ്ങളില്‍ നിന്നും പുറത്ത് വരുന്ന യാഥാര്‍ത്ഥ്യങ്ങള്‍. കാസ പോലെയുള്ള കൃസ്ത്യന്‍ തീവ്ര സംഘടനകള്‍ നിരന്തരം വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്റുകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് നവ കേരളത്തിന് അതിശയമല്ലാതായി മാറിയിരിക്കുന്നു.
ഹലാല്‍ ഭക്ഷണങ്ങളെക്കുറിച്ചുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് RSS ന് പുറമെ കാസയും മറ്റു കൃസ്ത്യന്‍ വര്‍ഗീയ സംഘടനകളുമായിരുന്നു എത് വളരെ സങ്കടകരമാണ്. എന്തിലും ഏതിലും വര്‍ഗീയത മാത്രം ചുഴിഞ്ഞെടുക്കുന്ന പുതിയൊരു തലമുറ സമൂഹ മാധ്യമങ്ങളില്‍ ഉടലെടുക്കുന്നത് കമന്‍റുകളും പോസ്റ്റുകളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. വാരിയന്‍ കുന്നന്‍റെ പേരില്‍ സിനിമയിറക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ അഷിക് അബുവിനും ചലചിത്ര താരം പ്രിത്ഥ്വിരാജിനും നേരിടേണ്ടി വന്നത് തീവ്രമായ സൈബര്‍ അക്രമണമായിരുന്നു. അതുപോലെ തന്നെ ഈശോ എന്ന പേരിട്ട സിനിമയുടെ സംവിധായകന്‍റെ പേരായിരുന്നു നാദിര്‍ശാക്ക് സൈബറിടത്തില്‍ കടുത്ത ആക്രമണമേല്‍ക്കേണ്ടി വന്നതിന് പിന്നില്‍. സിനിമ നല്‍കു സന്ദേശമെന്തെന്നോ സിനിമയുടെ കഥയെന്താണെന്നോ പോലും അവര്‍ക്കറിയേണ്ടതില്ലായിരുന്നു. എന്തിന് പറയണം പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയുണ്ടാക്കിയ പുകിലുകള്‍ക്കിടയില്‍ ക്രൈസ്തവ സമുദായത്തെ ഉപദേശിച്ച് നന്നാക്കാനിറങ്ങിയ വൈദികന്‍ ജെയിംസ് പനവേലില്‍ നേരിട്ടത് സമാനതകളില്ലാത്ത സൈബര്‍ ആക്രമണങ്ങളായിരുന്നു. ഈ പോക്ക് പോയാല്‍ തന്‍റെ സമുദായം എവിടെയെത്തി നില്‍ക്കുമെന്ന ഭയാശങ്കകള്‍ പിന്നീട് അദ്ധേഹം ചാനലുകളില്‍ വന്ന അഭിമുഖങ്ങളില്‍ പ്രകടിപ്പിക്കുകയുണ്ടായി.
കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷം പുതിയൊരു അസ്വാഭാവിക സങ്കീര്‍ണതകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും നമ്മെ അസ്വസ്ഥപ്പെടുത്തുന്നത് ജനാധിപത്യ മതേതര പുരോഗമനാശയങ്ങളുമായി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാറിന്‍റെ തണുപ്പന്‍ പ്രതികരണങ്ങളാണ്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക്‌ അല്പായുസ്സ് പോലും നല്‍കാതെയായിരുന്നു പാലാ ബിഷപ്പനെതിരെ നിയമ നടപടി ആലോചിക്കുന്നില്ലെന്ന പ്രസ്താവന. കേരള സാമൂഹികതയില്‍ പരിഭ്രാന്തി വിതച്ച സമുദായ നേതൃത്വത്തിന്‍റെ പ്രസ്താവനക്കെതിരെ രംഗത്ത് വരാന്‍ പ്രതിപക്ഷത്തിനും ധൈര്യമുണ്ടായില്ലെന്നത് രാഷ്ട്രീയ നേതൃത്വങ്ങളുടെ നിസ്സംഗതയാണ് വെളിപ്പെടുത്തുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ RSS സൈദ്ധാന്തികരായ ഗോള്‍വര്‍ക്കറിന്‍റെയും സവര്‍ക്കറിന്‍റെയും വര്‍ഗീയ പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനമായെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ കേരളത്തില്‍ പ്രതിഷേധത്തിന്‍റെ തീജ്വാലകളുയരുമെന്ന് പ്രതീക്ഷിച്ചിടത്ത് നിസ്സംഗവും ശാന്തവുമായ ചില ദുര്‍ബല എതിരഭിപ്രായങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രിയില്‍ നിന്നു പോലുമുണ്ടായത്.
ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് പോലും നിസ്സംഗതകളും തണുപ്പന്‍ പ്രതികരണങ്ങളും മാത്രമാണ് പുതിയതായി രൂപം കൊള്ളുന്ന വര്‍ഗീയ കേരളത്തില്‍ നിന്നുടലെടുക്കുന്നത് എന്നത് വളരെ ഗൗരവപൂര്‍വ്വം നോക്കിക്കാണേണ്ട വസ്തുതയാണ്. ഈ പോക്ക് പോയാല്‍ രാജ്യത്തിന്‍റെ അവസാന പ്രതീക്ഷയായ കേരളവും കൈവിട്ടു പോകുമെന്ന തിരിച്ചറിവ് നല്ലതാണ്. കുളം കലക്കി മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകക്കണ്ണുകളെ നിതാന്ത ജാഗ്രതയോടെ തന്നെ നോക്കിക്കാണേണ്ടതുണ്ട്.

നജീബുല്ലാഹ് പനങ്ങാങ്ങര

Leave a Reply

Your email address will not be published. Required fields are marked *