നിയാസ് കൂട്ടാവ്
ദീപ പി മോഹനന് ജാതീയയുടെ മറ്റൊരു ഇരകൂടി. സമരം ജയിച്ചെങ്കില്‍ ആരാണ് ജയിച്ചത്?. സമരവിജയം പുതിയ സമരങ്ങള്‍ക്ക് മാതൃകയാകുമത്രെ. ഇവിടെയാണോ സമരം വിജയിച്ചത്?. ഇന്ത്യയില്‍ 2500 ജാതികളും മുപ്പതിനായിരത്തില്‍ പരം ഉപജാതികളുമുണ്ട് എന്നാണ് പൊതുവില്‍ കണക്കാക്കുന്നത്. ആഇ 1500 ആര്യന്മാര് ഇന്ത്യയിലേക്ക് കടന്നുവന്നതില്‍ പിന്നെയാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥ തുടങ്ങിയതെന്ന് കരുതപ്പെടുന്നു. താനെന്ന ചിന്തയും അന്ധമായ സ്വാര്‍ത്ഥതയുമാണ് ജാതീയതക്ക് കാരണമായത്. തൊഴില്‍ വിഭജനവും വര്‍ഗപരമായ ചൂഷണവും ആത്മീയതയുമായി കൂട്ടിക്കലര്ത്തിയതിലൂടെയാണ് ജാതീയത വ്യാപിക്കുന്നതും പരസ്യമാകുന്നതും. പിന്നീട് അത് സര്‍വ്വവ്യാപകമായി. സ്വതന്ത്രനും അടിമയും കുലീനനും മ്ലേഛനും ജന്മിയും അടിയനും മുതലാളിയും തൊഴിലാളിയും അങ്ങനെ പോകുന്നു ഇതിന്റെ നീണ്ട നിര.
ഇസ്ലാമിക മാതൃക
വിശ്വാസത്തിലധിഷ്ഠിതമായ കര്‍മ്മങ്ങളിലൂടെയാണ് ഒരാളുടെ മഹത്വം ഇസ്ലാം നിശ്ചയിക്കുന്നത്. തറവാടും വര്‍ണവും ജാതിയും നോക്കിയല്ല ഇസ്ലാമിന്റെ അനുശാസം. ഒരേയൊരു ദൈവം ഒരൊറ്റ ജനത എന്ന മുദ്രാവാക്യമാണ് ഇസ്ലാം പറയുന്നത്. ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയതക്ക് വേണ്ടി പോരാടുന്നവരെ കണ്ട് ഇസ്ലാമാണെന്ന് തെറ്റ് ധരിച്ച കാലമാണിത്. വര്‍ഗീയ പോരാട്ടം അനിസ്ലാമികമാണെന്ന് പഠിപ്പിച്ച മുഹമ്മദ് (സ്വ) തങ്ങളുടെ അനുയായികളാണ് മുസ്ലിംകള്.
പ്രപഞ്ചം മുഴുവന്‍ ഏകദൈവത്തിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തില്‍ കഴിയുന്നവരുമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കളിമണ്ണില്‍ നിന്നാണ് എല്ലാവരും സൃഷ്ടിക്കപ്പെട്ടത്. മനുഷ്യരാശിയുടെ മുഴുവന്‍ ഉല്‍പ്പത്തി ആദമില്‍ നിന്നും ഹവ്വയില് നിന്നുമാണ്. മനുഷ്യന് പടച്ച കാര്യങ്ങള്‍ക്ക് മനുഷ്യനെ പടച്ച സൃഷ്ടാവിന്റെ മുമ്പില്‍ ഒരു സ്ഥാനവുമില്ല. ഏകദൈവത്തിന് മാത്രം ചെയ്യുന്ന ആരാധനയാണ് മനുഷ്യനെ ഒന്നിപ്പിക്കുന്നത്. അവന്റെ മുമ്പില്‍ മറ്റു സങ്കുചിതത്തങ്ങളെല്ലാം പൊള്ളത്തരങ്ങളാണ്. വിശ്വാസത്തിലൂന്നിയ കര്‍മ്മങ്ങളാണ് മനുഷ്യനെ ഉത്തമരാക്കുന്നതും മഹത്വവല്ക്കരിക്കുന്നതുമെന്ന ധാരണ വളരുമ്പോള്‍ അനന്തരമായി കിട്ടിയ തലക്കനങ്ങള്‍ക്ക് സ്ഥാനമില്ല. ഒരേയൊരു ദൈവം അവന്റെ ഒരൊറ്റ ജനതയും. ഇവിടെ വര്‍ഗീയമായ വിവേചനങ്ങളില്ല. എല്ലാവരും സൃഷ്ടാവിന്റെ സൃഷ്ടികളും അടിമകളും, എല്ലാവരും അവന്റെ മുമ്പില്‍ തല കുനിക്കുന്നവര്‍. ഇതാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. അവിടെ നന്മചെയ്യുന്നവര്ക്കാണ് സ്ഥാനം,അള്ളാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല നോക്കുന്നത്, മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കാണ് അവന്റെ നോട്ടം എന്ന് ഖുര്‍ആന്‍ പ്രസ്ഥാവിക്കുന്നുണ്ട്.
മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കണം. നാടിന്റെയും നിറത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും വ്യത്യാസങ്ങള്‍ക്കനുസരിച്ച് വിഭാഗീകരിക്കണ്ട. മനുഷ്യന് എന്നതിനാണ് മാനവികര്‍ പരിഗണന നല്‍കേണ്ടത്. അതാണ് ഇസ്ലാം പറയുന്നതും. ഖുര്‍ആന്‍ ആദ്യാവസാനം വരെ പരിചയപ്പെടുത്തുന്നത് അറബികള്‍ക്കോ മുസ്ലിംകള്‍ക്കോ വേണ്ടിയല്ല. മറിച്ച് മുഴുവന്‍ ലോക ജനങ്ങള്‍ക്ക് വേണ്ടിയാണ്. നാഥനയച്ച പ്രവാചകന് ലോകര്‍ക്ക് മുഴുവന്‍ വേണ്ടിയാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശവും സന്മാര്ഗ ദര്‍ശനവും നല്കാന് ലോക പ്രവാചകന് മുഖേനെ അല്ലാഹു ഇറക്കിയ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. എല്ലാവരുടെയും പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഖുര്‍ആന്‍. അക്രമവും അനീതിയും ആരുകാണിച്ചാലും തുല്യനീതിയാണ് ഇസ്ലാം അനുശാസിക്കുന്നത്.
സാമൂഹിക സമാധാനത്തിന്റെ അടിത്തറയായ വൈവിധ്യങ്ങളെ കൊണ്ട് സുന്ദരവും അച്ചടക്കവുമുള്ള ജീവിത പരിസരങ്ങളെയാണ് മതം പഠിപ്പിക്കുന്നത്. വര്‍ഗീകരിച്ച് കൊണ്ട് തീവ്രവാദ പാര്‍ശ്വവല്‍ക്കരണവും അപരവല്‍ക്കരണവും ഇസ്ലാമിന്റെ മേല്‍ കെട്ടിച്ചമക്കുന്നതും എല്ലാം ചില വൈകല്യ ചിന്താധാരകളുടെ സൃഷ്ടിയാണ്. ബഹുസ്വരതയെന്ന വിശാലാര്‍ത്ഥത്തെ കണ്ട് എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളിക്കാനാണ് ഇസ്ലാം പറയുന്നത്. ബലപ്രയോഗത്തിലൂടെ മതകീയമായ അന്തരീക്ഷത്തെ ചിട്ടപ്പെടുത്തുന്നത് ഇസ്ലാമിന്റെ രീതിയല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ വിഭാവനം ചെയ്യുന്ന ഏകദൈവം അവന്റെ ഒരൊറ്റ ജനത എന്ന വീക്ഷണത്തില്‍ കണ്ടാല്‍ അതിന്റെ മുമ്പില്‍ ജാതീയതയുമില്ല വര്‍ഗീകരണവുമില്ല. മനുഷ്യര്‍ക്ക് മുമ്പില്‍ മനുഷ്യന് മാത്രം.