ഫവാസ് കെ പി മൂര്‍ക്കനാട്
പ്രബോധനം അമ്പിയാമുര്‍സലുകള്‍ ഏറ്റെടുത്ത ദൗത്യമാണ്. അവരുടെ പിന്തുടര്ച്ചക്കാരാണ് പണ്ഡിതന്മാര്. അമ്പിയാക്കളുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാരെന്നാണ് തിരുനബി പഠിപ്പിച്ചത്. അമ്പിയാക്കളുടെ പിന്തുടര്ച്ചയായ പ്രബോധന ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും സൗഭാഗ്യം ലഭിച്ച പണ്ഡിത ശ്രേഷ്ഠരാണ് സയ്യിദ് അബ്ദുള്ളാഹില്‍ ഹദ്ദാദ് (റ). ഹിജ്റ 1044 സഫര്‍ മാസം അഞ്ചിനായിരുന്നു അബ്ദുള്ളാ തങ്ങളുടെ ജനനം. ജനിച്ച ദിവസം തന്നെ ആ കുഞ്ഞ് ഏറെ പരീക്ഷിക്കപ്പെട്ടു.രാത്രി ഉറങ്ങാനാകാതെ കുട്ടി നല്ല കരച്ചില്. കാര്യമെന്തന്നറിയാന്‍ പരിശോധിച്ച മാതാപിതാക്കള്‍ ഞെട്ടി. കുഞ്ഞിനെ പൊതിഞ്ഞ തുണിയില്‍ ഒരു ഉഗ്രന്‍ തേള്. തേളിന്റെ കടിയും വിഷവുമേറ്റ് കുഞ്ഞിന്റെ ശരീരം ചുവന്നിരുന്നു. ഇരുപതോളം കടിയേറ്റിട്ടുണ്ടെന്ന് ചരിത്രത്തില്‍ കാണാന്‍ സാധിക്കും. അതുപോലെ തങ്ങളുടെ നാലാം വയസ്സില്‍ തങ്ങള്‍ക്ക് വസൂരി രോഗം പിടിപെട്ടു. അതുകാരണമായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തന്റെ മകനെ കുറിച്ച് ഏറെ പ്രതീക്ഷകള്‍ വെച്ച തങ്ങളുടെ മാതാപിതാക്കള്‍ക്ക് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു.പക്ഷെ തന്റെ മാതാപിതാക്കള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് കൊച്ചുനാളില്‍ തന്നെ തങ്ങള്‍ ഖുര്‍ആന്‍ മുഴുവന്‍ മനഃപ്പാഠമാക്കി. ഇബാദത്തിന്റെ മാധുര്യമറിഞ്ഞ ഹദ്ദാദ് തങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ തീക്ഷ്ണമായ ആരാധനകള്‍ ചെയ്യാന്‍ തുടങ്ങി. ഖുര്‍ആന്‍ മന:പ്പാഠമായതിന്റെ നന്ദിയെന്നോണം തരീമിലെ ഓത്തുപള്ളിയില്‍ കയറി ഇരുനൂറ് റക്അത്ത് സുന്നത്ത് നിസ്കരിച്ചു. വിധിയെ പഴിക്കാതെ അല്ലാഹു തനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ക്ക് നിസ്കാരത്തിലൂടെയും നിരന്തര സല്കര്മങ്ങളിലൂടെയും നന്ദി പ്രകടിപ്പിക്കുകയായിരുന്നു ഇമാം ഹദ്ദാദ് (റ). തരീമിലെ മലഞ്ചെരുവുകളിലും കുന്നുകളിലും പോകുന്നതും ഏറെ നേരം അവിടെ ചെലവഴിക്കുന്നതും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നു. അല്ലാഹുവുമായി തനിച്ച് സംവദിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ മഹാന് വിജനതയോടായിരുന്നു താല്പര്യം. പഠനം ഇമാം ഹദ്ദാദിന് വളരെ താല്പര്യമുള്ള ഒന്നായിരുന്നു. ഖുര്‍ആന്‍ മന:പാഠമാക്കിയതിന് ശേഷം പിതാവിന്റെ നിര്‍ദേശപ്രകാരം ഫിഖ്ഹ് പഠനം ആരംഭിച്ചു. ബാജുബൈര് എന്ന കര്‍മ ശാസ്ത്ര പണ്ഡിതനില്‍ നിന്നാണ് കര്‍മ ശാസ്ത്രപാഠങ്ങള്‍ നുകര്‍ന്നത്. ഇമാമിന്റെ പതിനെട്ടാം വയസ്സിലാണ് പിതാവ് സയ്യിദ് അലവി വഫാത്താകുന്നത്. വൈകാതെ മാതാവും വിടപറഞ്ഞു. കൗമാര പ്രായത്തില്‍ കൂടെ നില്‍ക്കേണ്ട മാതാപിതാക്കളുടെ വിയോഗം തങ്ങളെ വളരെ വിഷമത്തിലാക്കി. എങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ക്ഷമയും ത്യാഗവും ആവോളം ലഭിച്ച തങ്ങള്‍ പതറാതെ പ്രതിസന്ധികളെ തരണം ചെയ്തു.
അവശരുടെയും നിരാലംബരുടെയും പരിചാരകനാവാന് ഇമാം ഹദ്ദാദ് തങ്ങള്‍ വല്ലാതെ പ്രയത്നിച്ചിരുന്നു. തന്റെ ഒഴിവ് സമയം മുഴുവന്‍ അത്തരക്കാരോട് കൂടെയാണ് തങ്ങള്‍ ചിലവിട്ടത്. പുഞ്ചിരിക്കുന്ന പ്രകൃതക്കാരനായിരുന്നു അവിടുന്ന്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ മഹാന് ഏത് അലസനേയും ഉത്സാഹിയാക്കും. തങ്ങളുടെ സദസ്സ് എല്ലാവര്ക്കും ഒരു ആശാകേന്ദ്രമായിരുന്നു. ആ തിരുസന്നിധിയിലെത്തിയാല് ഇഹലോകത്തുള്ളതൊക്കെയും അവര്‍ മറക്കും. വിശന്നു വലയുന്നവന് വിശപ്പ് മറന്നു. വേദന അനുഭവിക്കുന്നവര്‍ക്ക് ശമനമായി ആ സദസ്സില്‍ ഫലപ്രദമായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തിരുന്നു. ദീനീ വിജ്ഞാന ചര്‍ച്ചകള്‍ അവിടെ സദസ്സില്‍ നിറഞ്ഞ് നിന്നു. സന്ദര്‍ശകരോട് അവരുടെ മനഃശാസ്ത്രം മനസ്സിലാക്കി പെരുമാറാന്‍ തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഉന്നതരോടും താഴെക്കിടയിലുള്ളവരോടും ഒരേ മനോഭാവത്തോടെയാണു വര്‍ത്തിച്ചത്. ചെറുപ്പത്തിലെ ദുന്യവിയായ കാര്യങ്ങള്‍ സംസാരിക്കുന്നത് വെറുപ്പായിരുന്നതു കൊണ്ടു തന്നെ അവിടുത്തെ സദസ്സിലും അത്തരം കാര്യങ്ങള്‍ കടന്നു വന്നിരുന്നില്ല. ഇടപാടുകളിലും മതവിധികള്‍ നല്‍കുന്നതിലും പൂര്‍ണ സൂക്ഷ്മത പാലിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ വരാവുന്ന വിഷയങ്ങളില്‍ സ്വയം ഫത്വ കൊടുത്തിരുന്നില്ല. മുഫ്തിയാകരുതെന്ന ദൃഢനിശ്ചയം ഇമാമിനുണ്ടായിരുന്നു. ആരാധനകളില്‍ കൃത്യ നിഷ്ഠത പുലര്‍ത്തി. അഞ്ചുനേരത്തെ നിസ്കാരം എല്ലായപ്പോഴും അതിന്റെ ആദ്യ പകുതിയിലും ജമാഅതുമായിട്ടുമായിരുന്നു നിര്‍വഹിച്ചിരുന്നത്. ഓരോ നിസ്കാരത്തിന്റെയും റവാത്തിബ് സുന്നത്തുകള്‍ അവിടുന്ന് നിര്‍ബന്ധ ബുദ്ധിയോടെ തന്നെ പരിഗണിച്ചിരുന്നു. അല്ലാഹുവിലേക്ക് ഹൃദയത്തെ സമര്‍പ്പിക്കാനും ആ ഹൃദയ സാന്നിധ്യത്തോടെ നിസ്കാരത്തിലേക്കു പ്രവേശിക്കാനുമാണ് ഫര്‍ള് നിസ്കാരങ്ങള്‍ക്കു മുമ്പ് റവാത്തിബ് സുന്നത്ത് നിസ്കാരങ്ങള്‍ കൊണ്ടുവന്നതെന്ന് ഇമാം പറയുന്നു.
ഹള്റമീ തങ്ങന്മാരുടെ വരവോടെ പാരമ്പര്യമായി നമുക്ക് കിട്ടിയ പതിവായി ചൊല്ലിപ്പോരുന്ന മഹത്തായ വിര്‍ദാണ് ഹദ്ദാദ് റാത്തീബ്. ഹദ്ദാദ് പതിവാക്കുന്നതിലൂടെ വിശുദ്ധ ഖുര്‍ആനിലെ സവിശേഷസൂറത്തുകളും സൂക്തങ്ങളും പതിവാക്കാനുള്ള അവസരം ലഭിക്കുന്നതോട് കൂടെ മഹാന്മാരുമായുള്ള ആത്മീയ ബന്ധം പുതുക്കാനും സാധിക്കുന്നു. ഹദ്ദാദ് റാത്തീബ് പതിവാക്കുന്നവര്‍ക്ക് ഹുസ്നുല്‍ ഖാതിം ലഭിക്കുമെന്ന് പല വ്യാഖ്യാനങ്ങളിലും കാണാന്‍ സാധിക്കും. എത്ര ചെറിയ അമലുകളാണെങ്കിലും അവ പതിവാക്കുമ്പോഴാണ് അതിന്റെ പൂര്‍ണമായ ഫലം ആസ്വദിക്കാനാകുക. ഹദ്ദാദ് റാത്തീബ് എന്ന പേരില്‍ നിന്ന് തന്നെ അത് പതിവാക്കേണ്ടതാണെന്ന് കിട്ടും. ശീഈ രംഗപ്രവേശനം കാരണം ജനങ്ങളുടെ അഖീദകള്‍ പിഴച്ച് പോകുമെന്ന സാഹചര്യത്തിലാണ് ഹദ്ദാദ് റാത്തീബിന്റെ ഉത്ഭവം. ഹിജ്റ 1071ലെ റമളാനിലായിരുന്നു ഇത്. ഹദ്ദാദ് റാത്തീബ് വിശ്വാസിയുടെ കവചമാണ്. ഹദ്ദാദ് പതിവാക്കുന്നവര്‍ക്ക് മനുഷ്യനും പിശാചും ഉള്‍പ്പെടെയുള്ള എല്ലാ തരം ജീവികളുടെ ഉപദ്രവങ്ങളില്‍ നിന്നും കാവല്‍ ഉണ്ടാകുന്നതാണ്. കഴിഞ്ഞ് പോയ മഹാന്മാരുടെ ജീവിതത്തില്‍ നിന്നും അത് മനസ്സിലാക്കാന്‍ സാധിക്കും. ഇശാഇന്റെ സമയത്ത് ചൊല്ലുന്നത് കൊണ്ട് തന്നെ റാത്തീബുല്‍ ഇശാഅ് എന്ന പേരും ഹദ്ദാദ് റാത്തീബിനുണ്ട്. സാധാരണ മാസങ്ങളില്‍ തരീമുകാര് ഇശാഅ് നിസ്കാരത്തിന് ശേഷമാണ് ഹദ്ദാദ് റാത്തീബ് ചൊല്ലിയിരുന്നത്. എന്നാല്‍ റമളാനില്‍ ഹദ്ദാദ് റാത്തീബ് ഇതിന് ചെറിയൊരു മാറ്റം വരുത്തിക്കൊണ്ട് ഇശാഇന് മുമ്പാണ് ചൊല്ലിയിരുന്നത്. ഹദ്ദാദ്(റ)വിന്റെ വഫാത്തിന് ശേഷവും ഈ രീതി തന്നെയാണ് തുടര്‍ന്ന് പോന്നിരുന്നത്. ഈ സമയക്രമമാണ് പാലിക്കേണ്ടെതെന്ന് ശറഹു ഹദ്ദാദില്‍ കാണാന്‍ സാധിക്കും. ഹദ്ദാദ്(റ)വിന്റെ സംസാരം, അധ്യാപനം, എഴുത്ത്, പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാത്തിലും പ്രബോധനം നിഴലിച്ച് കാണാമായിരുന്നു. അല്ലാഹു തനിക്ക് ചെയ്ത് തന്ന വലിയ രണ്ട് അനുഗ്രഹങ്ങളെ പറ്റി അവിടുന്ന് എപ്പോഴും പറയുമായിരുന്നു. ഒന്ന്: വിശാലമായ അറിവ്. അതിന്റെ കൂടെ ഭൂമിയിലുള്ള ഒരാളുടെയും അറിവിലേക്ക് നമുക്ക് ആവശ്യം വരില്ല. രണ്ട്: പൂര്‍ണമായ ബുദ്ധി. മറ്റൊരാളുടെയും ബുദ്ധിയെ ആശ്രയിക്കേണ്ട ആവശ്യം നമുക്കില്ല. വളരെയധികം വിനയം പാലിക്കുന്ന മഹാന് അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ സ്മരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്.
എഴുത്തിന്റെ മേഖലയില്‍ വലിയ ബറകത്ത് ലഭിച്ച മഹാനാണ് ഇമാം ഹദ്ദാദ് (റ). സരളമായ അറബിയിലാണ് എല്ലാ ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളത്. ചില കൃതികള്‍ ഇവിടെ ഓര്‍ക്കാം.
രിസാലത്തുല്‍ മുദാകറ
ഹിജ്റ 1069ലാണ് രിസാലത്തുല്‍ മുദാകറ മഅല്‍ ഇഖ്വാനി വല്‍ മുഹിബ്ബീന്‍ മിന് അഹ്ലില്‍ ഖൈരി വദ്ദീന്‍ രചിക്കുന്നത്. തഖ്വയുടെ നിര്‍വ്വചനവും ആത്മീയാന്വേഷികള്ക്കുള്ള നിര്‍ദേശങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നത്. ചെറിയ ഗ്രന്ഥമാണെങ്കിലും ഹൃദയത്തെ ആത്മീയത കൊണ്ട് ഫലപ്രദമാക്കാന്‍ ഉതകുന്നതാണിത്.
ആദാബു സുലൂക്
ഹിജ്റ 1071ലാണ് രിസാലത്തു ആദാബി സുലൂകില്‍ മുരീദ് രചിക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായി ആരാധനകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇതിലെ പ്രധാന ചര്‍ച്ചാവിഷയം.
സബീലുല്‍ ഇദ്ദികാര്‍
ഹിജ്റ 1110 ല്‍ ഹദ്ദാദ് (റ)വിന്റെ 67-ാം വയസ്സിലാണ് സബീലുല്‍ ഇദ്ദികാര്‍ വല്‍ ഇഅതിതബാര് വയന്ഖലിലഹു മിനല്‍ അഅ്മാര് രചിക്കുന്നത്. പിതാവിന്റെ മുതുക് മുതല്‍ മനുഷ്യന്റെ വിവിധ ഘട്ടങ്ങളെയാണ് മഹാന് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത്.
അദ്ദഅവതുത്താമ്മഃ
ഹിജ്റ 1114ലാണ് ഈ രചന പൂര്‍ത്തിയാക്കിയത്. പ്രബോധന രീതികള്‍, പ്രബോധകര്ക്കുണ്ടാകേണ്ട ഗുണവിശേഷങ്ങള്‍ എന്നിവ കൃത്യമായും വ്യക്തമായും പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. ദാഇകളെ സംബന്ധിച്ചിടത്തോളം പ്രബോധന വീഥികളില്‍ സഹായകമാകുന്ന കൃതിയാണിത്.
ഹിജ്റ 1132 റമളാന്‍ വരെ ആരാധനകളും ചിട്ടകളും തങ്ങള്‍ മുറ തെറ്റാതെ അനുവര്‍ത്തിച്ച് പോന്നിരുന്നു. പിന്നീട് രോഗ ബാധിതനായി. രോഗബാധിതനായി നാല്പതാമത്തെ ദിവസം ഹിജ്റ 1132 ദുല്‍ഖഅ്ദ് 7 നാണ് മഹാനവറുകള്‍ വഫാത്തായത്. അപ്പോള്‍ മഹാന് 88 വയസ്സായിരുന്നു പ്രായം.