2023 January - February 2023 january-february Hihgligts Shabdam Magazine കവര്‍സ്റ്റോറി

ലോകം ജസീന്തയിലേക്ക്  നോക്കിയ കാലം

പ്രബുദ്ധ രാഷ്ട്രീയത്തിന്റെ ലോകമാതൃകകള്‍ പണിത ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സ്ഥാനമൊഴിയുമ്പോള്‍ ലോകം അത്ഭുതത്തോടെ നോക്കിക്കാണുകയാണ്. ഞാനൊരു മനുഷ്യനാണ്. ഈ ഉത്തരവാദിത്വത്തില്‍ നീതി പുലര്‍ത്താനാവശ്യമായ ഊര്‍ജ്ജം എനിക്കില്ലാതായിരിക്കുന്നു. ഇനി എനിക്ക് നീതിപൂര്‍വ്വമായി ഭരിക്കാന്‍ സാധ്യമല്ല. കുടുംബത്തോടൊപ്പം ജീവിക്കണം. മകളെ സ്‌കൂളില്‍ ചേര്‍ക്കണം. പങ്കാളിയെ വിവാഹം കഴിക്കണം. സമാധാനത്തോടെ പൊതുജീവിതം അവസാനിച്ച് കുടുംബത്തോടൊപ്പം കഴിയണം. ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് ജസീന്തയെന്ന ജനപ്രിയ പ്രധാനമന്ത്രി ലേബര്‍ പാര്‍ട്ടി സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുന്നത്. മാനവികതയും, മനുഷ്യത്വവും മുഖമുദ്രയാക്കി പ്രതിസന്ധികളില്‍ പുഞ്ചിരിച്ച് തളരാതെ ജനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ജസീന്ത എന്ന സ്ത്രീ മനുഷ്യത്വ രാഷ്ടീയത്തിന്റെ വ്യക്തി പ്രഭാവമായിരുന്നു. വംശീയ വെറിയുടെയും മുസ്‌ലിം വെറുപ്പിന്റെയും ലോകത്ത് സ്‌നേഹവായ്പ്പുകളാലും ചേര്‍ത്തുപ്പിടിക്കലുകളാലും വിശാല സൗഹൃദത്തിന്റെ മഹിത മാതൃകകളാണ് ജസീന്തയെന്ന ഭരണാധികാരി ലോകത്തിനു പകര്‍ന്നു നല്‍കിയത്. 42 വയസ്സുകാരിയായിരുന്ന ജസീന്ത 2017 മുതല്‍ 2023 വരെയാണ് 40-ാമത്തെ ന്യൂസിലാന്റ് പ്രധാനമന്ത്രിയായും ലേബര്‍ പാര്‍ട്ടി നേതാവായും രാഷ്ട്രീയ കര്‍മ മണ്ഡലത്തില്‍ സജീവമായത്.
ലോകത്തെ വിറങ്ങലിപ്പിച്ച കോവിഡ് കാലത്താണ് ജസീന്ത കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധനേടുന്നത്. കോവിഡ് ഭീതി താണ്ടവമാടിയപ്പോള്‍ ജന ഹൃദയങ്ങളിലേക്ക് പ്രതീക്ഷകളുടെ, ആത്മവിശ്വാസങ്ങളുടെ കരുത്താണ് ജസീന്ത പകര്‍ന്നു നല്‍കിയിരുന്നത്. ആദ്യമായി ലോക്ഡൗണ്‍ സംവിധാനം നടപ്പിലാക്കിയത് ന്യൂസിലാന്റ് എന്ന ഈ കൊച്ചു രാജ്യമായിരുന്നു. സീറോ കോവിഡ് സ്‌റ്റേറ്റ് യാഥാര്‍ത്ഥ്യവല്‍കരിക്കുക എന്ന അതിപ്രധാനമായ ലക്ഷ്യത്തോടു കൂടെ കോവിഡിനോടു പൊരുതാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതില്‍ ജസീന്ത വഹിച്ച പങ്ക് അനിഷേധ്യമായിരുന്നു. വേദനിക്കുന്ന ജനങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുക, ശുഭാപ്തി വിശ്വാസത്തിന്റെ കരുത്തു പകരുക എന്ന ദൗത്യം നിര്‍വഹിക്കുന്നതില്‍ ഒരു ഭരണാധികാരി എന്ന നിലക്ക് ജസീന്ത ലോക രാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ മഹത്തരമായ മാതൃകകളാണ് തുറന്നുവെച്ചത്. ‘നിങ്ങള്‍ കോവിഡ് ബാധിച്ച ഒരു വ്യക്തിയെപ്പോലെ ജീവിക്കുക’ എന്ന ആഹ്വാനം ജനങ്ങളിലേക്കെത്തിച്ച് കോവിഡിനെതിരെ പൊരുതാനും അതിജീവിക്കാനും ജാഗ്രതരാവാനും ജനങ്ങളെ പാകപ്പെടുത്തി കോവിഡ് മുക്ത രാജ്യം എന്ന നേട്ടം കൈവരിച്ചു. ജനങ്ങളെ നിതാന്തമായി ബോധവല്‍ക്കരിക്കാനും കോവിഡിനെ അതിജീവിക്കാനും വേണ്ടി ജസീന്ത സാധാരണക്കാരുടെ വേഷമണിഞ്ഞ് നടത്തിയ ഫേസ്ബുക്ക് ലൈവുകള്‍ കോവിഡ് കാലത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളെ, പ്രതിസന്ധികളെ ജനങ്ങളിലൊരാളായി പരിഹരിക്കാന്‍ ജസീന്ത എന്ന മാതൃക ഭരണാധികാരി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ന്യൂസിലാന്‍ഡ് ജനതക്ക് ചെറുതല്ലാത്ത ആത്മ വിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കി. കോവിഡ് കാലത്തെ പ്രശംസനീയമായ ഇടപെടലുകള്‍ കൊണ്ട് ന്യൂസിലാന്‍ഡ് ജനതക്കിടയിലും അന്താരാഷ്ട്ര തലത്തിലും ജസീന്തക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ന്യൂസിലാന്‍ഡില്‍ ലേബര്‍ പാര്‍ട്ടിയുടെ തഴച്ചു വളരലിന് കാരണമായത് ജസീന്ത എന്ന വ്യക്തി പ്രഭാവമായിരുന്നു. ന്യൂസിലാന്റിലെ മരണ നിരക്കും രോഗബാധിതരുടെ കണക്കും കുറക്കുന്നതില്‍ ജസീന്തയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വംശീയ വെറിയുടെയും ഇസ്്‌ലാമോഫോബിയയുടെയും രാഷ്ട്രമേധാവികള്‍ക്കു മുമ്പില്‍ കെസ്റ്റ് ചര്‍ച്ച് മസ്ജിദ് ഭീകരാക്രമണത്തില്‍ ജസീന്ത മുന്നോട്ടുവെച്ച ഇരകള്‍ക്കൊപ്പം കൈ കോര്‍ത്തുള്ള വിശാല മാനവികതയുടെ മാതൃകകള്‍ ലോകത്തിനു മുമ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 മാര്‍ച്ച് 15 വെള്ളിയാഴ്ച രണ്ടു മസ്ജിദുകളില്‍ ഓസ്‌ട്രേലിയക്കാരനായ ഇരുപത്തൊമ്പതുകാരന്‍ ബ്രന്റന്‍ നടത്തിയ ഈ ആക്രമണത്തെ തുടര്‍ന്ന് അനേകം മുസ്്‌ലിംകളുടെ ജീവനാണ് പൊലിഞ്ഞകന്നത്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങളോട് നോ പറഞ്ഞ് മുസ്്‌ലിംകളെ സമാധാനിപ്പിച്ച് കൈ കോര്‍ത്തു പിടിക്കുകയാണ് ജസീന്ത എന്ന ഭരണാധികാരിയില്‍ നിന്ന് ദര്‍ശിക്കാനായത്. മുസ്‌ലിം പള്ളിയിലേക്ക് ഇരച്ചുകയറിയ തീവ്രവാദി ബ്രന്റന്‍ നമസ്‌കാരത്തിനെത്തിയവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. 51 പേര്‍ക്കാണ് ആക്രമണത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. സ്വന്തം തൊപ്പിക്കു മുകളില്‍ വെച്ച ക്യാമറയിലൂടെ ലോകത്തെ ഞെട്ടിച്ച പ്രതി അക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ലൈവായി സംപ്രേഷണം ചെയ്തു. കുറഞ്ഞ സമയം കൊണ്ട് ലക്ഷക്കണക്കിനാളുകളിലേക്കെത്തിയ ഈ വീഡിയോ ജസീന്തയെന്ന ധീരവനിതയുടെ ഇടപെടലുകള്‍ കൊണ്ട് സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും അതിവേഗം പിന്‍വലിച്ചു. തീവ്ര വലതുപക്ഷ വംശീയത നിറഞ്ഞ പ്രതിയുടെ മുസ്‌ലിം വിരുദ്ധത ജസീന്തയും ചില പ്രാദേശിക മാധ്യമങ്ങളും തുറന്നുകാട്ടി എന്നതൊഴിച്ചാല്‍ പ്രമുഖ മാധ്യമങ്ങളെല്ലാം നിശബ്ദമായിരുന്നു. മുസ്്‌ലിം ഇരകളോടൊപ്പം ചേര്‍ന്നു നിന്ന് മുസ്്‌ലിം വസ്ത്രങ്ങളിഞ്ഞ് ബിസ്മികൊണ്ട് ആരംഭിച്ച് ജസീന്ത നിര്‍വഹിച്ച പ്രഭാഷണങ്ങള്‍ ചെറുതല്ലാത്ത കരുത്താണ് വേദനിക്കുന്ന മുസ്്‌ലിം സമൂഹത്തിന് പകര്‍ന്നത്. ഈ സംഭവത്തെ തുടര്‍ന്ന് തോക്ക് കൈവശം വെക്കാനുള്ള ന്യൂസിലന്‍ഡ് പൗരന്മാരുടെ അവകാശം റദ്ദ് ചെയ്തു. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളോട് സമാധാനത്തിന്റെ ഭാഷയില്‍ നിരന്തരം കലഹിക്കുന്നതായും സ്‌നേഹവും സഹവര്‍തിത്വവും മനുഷ്യത്വ രാഷ്ട്രീയ മാതൃകകളും മുന്നോട്ട് വെക്കുന്നതായുമാണ് ജസീന്തയില്‍ നിന്ന് മുഴുക്കെ അനുഭവിച്ചത്. ബേനസീര്‍ ഭൂട്ടോക്ക് ശേഷം ഭരണ പദവിയിലിരിക്കുമ്പോള്‍ പ്രസവിക്കുന്ന രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്നു ജസീന്ത. പൊതു ജീവിതവും കുടുംബ ജീവിതവും മഹത്തരമായി പരിഗണിച്ച ജസീന്തയില്‍ നിന്ന് ഒട്ടേറെ മാതൃകകള്‍ പകര്‍ത്താനുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ തന്റെ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനോടൊപ്പം എത്തിയ ജസീന്ത എന്ന മാതാവിനെ ലോകം ഉറ്റുനോക്കുകയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി എന്ന ഖ്യാതിയും ജസീന്തക്കു സ്വന്തമായിരുന്നു. അധിനിവേഷ ശക്തികളായി കടന്ന് വന്ന് അധികാരം അട്ടിമറിച്ച് ഭരണം കയ്യാളിയ ചരിത്രങ്ങളാണ് യൂറോപ്പിലെ വംശങ്ങള്‍ക്കുള്ളത്. ന്യൂസിലാന്‍ഡും വര്‍ണ്ണ വംശീയ അതിക്രമങ്ങളുടെ ക്രൂര ഇരകളാണ്. ആദിമ മനുഷ്യരായി ഗണിക്കുന്ന അനേകം ഗോത്രങ്ങളാണ് സ്വത്വ പ്രതിസന്ധികള്‍ക്കിരയായി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഭരണം മാറും തോറും ആദിമ മനുഷ്യരോട് ഭരണകര്‍ത്താക്കള്‍ വെച്ചു പുലര്‍ത്തിയ നിലപാടുകള്‍ ഏറെ വേദനാജനകമായിരുന്നു. എന്നാല്‍ ജസീന്ത എന്ന മനുഷ്യ സ്ത്രീ വര്‍ണ്ണ വൈജാത്യങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷയിലാണ് ന്യൂസിലാന്റ് ജനതക്കൊപ്പം നിന്നത്. 2018ല്‍ നടന്ന കോമണ്‍ വെല്‍ത്ത് ഉച്ചക്കോടിയില്‍ മൗറി വേഷം ധരിച്ചെത്തിയ ജസീന്ത വെള്ളക്കാരുടെ മേല്‍ക്കോയ്മ രാഷ്ട്രീയത്തോട്, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തോട് ഉച്ചത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. ആദിമ മനുഷ്യരായ ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന് വെള്ളക്കാരുടെ നിലപാടുകളെ പൊളിച്ചെഴുതുന്നതിന് ജസീന്തയുടെ ഉറച്ച വാക്കുകള്‍ ശക്തി പകര്‍ന്നുകൊണ്ടിരുന്നു. പിതാവ് റോസ് ആര്‍ഡനോടൊപ്പം മത്സ്യകച്ചവടത്തിന് വരെ ജസീന്ത സന്നദ്ധയായിരുന്നു.
ന്യൂസിലാന്‍ഡ് ജനതയെ പരിഭ്രാന്തിലാഴ്ത്തിയ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വ്വത സ്‌ഫോടനത്തിലും ജസീന്ത എന്ന ഭരണാധികാരി ഉചിതമായ നിലപാടുകളോട് കൂടെ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ദൃഢതയും പകര്‍ന്നു നല്‍കിയിരുന്നു. ക്ഷേമ ബജറ്റ് പ്രഖ്യാപനത്തിലൂടെ സന്തോഷകരമായ ന്യൂസിലാന്‍ഡ് ജനത എന്ന മഹത്തരമായ സ്വപ്നം ജസീന്ത പങ്കു വെച്ചിരുന്നു. അവകാശ ധ്വംസനങ്ങള്‍ക്ക് നിരന്തരം ഇരയായി കൊണ്ടിരിക്കുന്ന സ്ത്രീ ജനങ്ങള്‍ക്ക് ക്ഷേമം നല്‍കുക എന്നത് ബജറ്റിലെ പ്രധാന ലക്ഷ്യമായിരുന്നു. സ്ത്രീ സുരക്ഷ, സമത്വം, വിദ്യാഭ്യാസം, സ്ത്രീ അവകാശങ്ങള്‍ ഉറപ്പിക്കുക, തൊഴിലിടങ്ങളിലും ഗൃഹങ്ങളിലും സ്ത്രീകള്‍ നേരിടുന്ന മാനസിക ശാരീരിക പീഡനങ്ങള്‍ പരിഹരിക്കുക, രാഷ്ട്രീയ പ്രാതിനിത്യം നല്‍കുക തുടങ്ങി സ്ത്രീ ക്ഷേമത്തിനു വേണ്ടിയുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ക്ക് ജസീന്ത ശക്തി പകര്‍ന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണം, പോഷകാഹാര ഭക്ഷണങ്ങള്‍ ഉറപ്പാക്കുക, പ്രാഥമിക വിദ്യാഭ്യാസം, കുടുംബങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങളും ജസീന്ത ആവിഷ്‌കരിച്ചിരുന്നു. വെള്ളക്കാരുടെ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കെ ആദിമ മനുഷ്യ വംശങ്ങളുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ക്ഷേമത്തിനുള്ള അനേകം പദ്ധതികളാണ് ജസീന്ത ഉയര്‍ത്തിപ്പിടിച്ചത്. താഴെ തട്ടിലുള്ള വേദനിക്കുന്ന ജനതയോടൊപ്പം ജസീന്ത ഉറച്ചുനിന്ന് അവരെ സാമൂഹികമായും രാഷ്ട്രീയമായും പാകപ്പെടുത്തികൊണ്ടിരിക്കുന്നു. ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്ത് പതിനേഴാം വയസ്സിലാണ് ജസീന്ത രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നുവന്നത്. പിന്നീട് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ അധ്യക്ഷയായി പൊതുമേഖലയില്‍ സജീവമായി. 2008 ലാണ് ആദ്യമായി ജസീന്തയെ ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തത്. 2017 ല്‍ ലേബര്‍ പാര്‍ട്ടി നേതാവായും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായും നിയോഗിതയായി. അങ്ങനെ നീണ്ട ഭരണ വര്‍ഷങ്ങള്‍ക്ക് ശേഷം ജസീന്ത പൊതുജീവിതത്തില്‍ നിന്ന് കുടുംബ ജീവിതത്തിലേക്ക് മാത്രമായി ആളൊഴിയുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പവും അതിവേഗം തഴച്ചു വളരുന്ന മാന്ദ്യവും ജനങ്ങളെ ആശങ്കഴിലാഴ്ത്തുന്ന വിലക്കയറ്റവും വ്യാപകമായ സാഹചര്യത്തിലാണ് ജസീന്ത പടിയിറങ്ങുന്നത്. കോവിഡ് മഹാമാരിക്കു ശേഷമുണ്ടായ ലോക സാമ്പത്തിക പ്രതിസന്ധി ന്യൂസിലാന്റിനെയും ശക്തമായി ബാധിച്ചിരുന്നു. തല്‍ഫലമായി നിരന്തരമായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും അവരിരയാവുകയും ചെയ്തു. പുരോഗമനവാദിയും സോഷ്യല്‍ ഡെമോക്രാറ്റിക്കും ഇന്‍ക്ലൂസീവ് പൊളിറ്റിഷനും സ്ത്രീ വാദിയുമായ ജസീന്ത ആര്‍ഡെന്‍ കുടുംബത്തിനുവേണ്ടി രാജ്യഭാരം വേണ്ടെന്ന് വെക്കുന്നതില്‍ ഏറെ പ്രതി ഷേധങ്ങള്‍ ഉയരുന്നുണ്ട്.
സുഹൈല്‍ കാഞ്ഞിരപ്പുഴ

Leave a Reply

Your email address will not be published. Required fields are marked *