Latest Uncategorized കാലികം രാഷ്ടീയം

ഇടതു പക്ഷമേ, നിങ്ങള്‍ ആരുടെ പക്ഷത്താണ് ?

പത്താം വര്‍ഷത്തിലേക്ക് ചുവടുവെക്കുന്ന രണ്ടാം പിണറായി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയും പിണറായിയും തങ്ങളുടെ നയങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ ജനം സര്‍ക്കാരിനെ തുരത്തും എന്നുളള യാഥാര്‍ത്യം അവര്‍ മനസ്സിലാക്കുന്നത് നന്നാകും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ മാതൃകാപരമായ നിലപാടുകളും പ്രവര്‍ത്തനങ്ങള്‍ കാരണത്താലും 2018 ലെ നിപ്പയേയും 2019 ലെ കൊറോണ വൈറസിനേയും പിടിവിടാതെ പിന്തുടര്‍ന്ന പ്രകൃതിക്ഷോഭങ്ങളെയും ആത്മവീര്യത്തോടെ ചെറുത്ത് തോല്‍പ്പിച്ചതിന്‍റെ മനോവീര്യത്തിലുമാണ് ജനം രണ്ടാമതും പിണറായി സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ തുടക്കം തന്നെ വിവാദങ്ങളോടു കൂടിയായിരുന്നു. കോവിഡാനന്തരം പല നഗ്നസത്യങ്ങളും മറ നീക്കി പുറത്തുവന്നതും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിലും മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വലിയ കൃത്രിമത്വം കാണിച്ചതും കോവിഡിന്‍റെ മറവില്‍ PPE കിറ്റും മറ്റ് അവശ്യവസ്തുക്കള്‍ക്കു വേണ്ടി ജനങ്ങളില്‍ നിന്ന് അധിക പണം ഈടാക്കി അഴിമതി നടത്തിയതും സര്‍ക്കാരിന്‍റെ പ്രതീക്ഷക്ക് വലിയ മങ്ങലേല്‍പ്പിച്ചു. പൊതു വിപണിയേക്കാള്‍ 300% കൂടുതല്‍ പണം നല്‍കി PPE കിറ്റ് വാങ്ങിയതിലൂടെ സര്‍ക്കാരിന് 10.23 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായി എന്നാണ് CAG ( comptroller and auditor general) യുടെ കണ്ടെത്തല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ബദലായി ജനങ്ങളെ തൊട്ടറിയാന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന നവ കേരള സദസ്സും വലിയ വിവാദമായി മാറി. നവ കേരള സദസ്സ് അടിത്തട്ട് മുതലുളള മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കൈക്കൊള്ളുക എന്ന ലക്ഷ്യമായിരുന്നുവെങ്കിലും അതിനേക്കാളുപരി പിണറായി മന്ത്രിസഭയുടെ കേരള ഉല്ലാസ യാത്രയായി മാറി എന്ന തരത്തിലേക്ക് ഇതിനെ വിലയിരുത്തി. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസി കടക്കെണിയില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 15.281 കോടിയുടെ കടബാധ്യതയുണ്ടായി. 2021-2025 കാലഘട്ടത്തിലെ GSDP വളര്‍ച്ച നിരക്ക് 13.5 ശതമാനമായി ഉയര്‍ന്നപ്പോള്‍ കടത്തിന്‍റെ വളര്‍ച്ച നിരക്ക് 9.8 ശതമാനം വര്‍ധിച്ചു. 2015-16 ല്‍ 1,57,370 കോടിയാണ് കടമെങ്കില്‍ 2020-21 ആയപ്പോഴേക്കും 2,96,901 കോടി രൂപയായി വര്‍ധിച്ചു. ഇതനുസരിച്ച് 2025-26 മൊത്തം കടബാധ്യത ഏതാണ്ട് 4.65 ലക്ഷം കോടിയില്‍ എത്തുമെന്ന് ഉറപ്പാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 59 പൊതുമേഖല സ്ഥാപനങ്ങള്‍ 5245.78 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2022-23 ല്‍ 58 സ്ഥാപനങ്ങള്‍ 4449.58 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഈ അടിസ്ഥാനത്തില്‍ 800 കോടിയോളം രൂപയുടെ നഷ്ടമാണ് 2023-24 ല്‍ അധികമായി ഉണ്ടായത്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ വന്യ ജീവി സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. 2016 മുതല്‍ 2024 വരെ 1128 ജീവനാണ് കവര്‍ന്നെടുത്തത്. വന്യ ജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജ് ആയി 50 കോടി സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകാത്തത് സര്‍ക്കാരിനെതിരെ വലിയ ജന രോഷം സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ അതിന്‍റെ പ്രതിഫലനം ആയിട്ടാണ് മലയോര മേഖലയായ നിലമ്പൂരിലെ തോല്‍വി പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ സര്‍ക്കാറില്‍ ആഭ്യന്തര വകുപ്പാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത്. പോലീസ് മേധാവികളുടെ ആര്‍ എസ് എസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ദത്താത്രേയ ഹൊസബാലെ, റാം മാധവ് പോലെയുളള വര്‍ഗീയ വര്‍ഗീയ പ്രചാരകരുമായി ക്രമാസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്‍റെ വഴിവിട്ട വലിയ ബന്ധവും ചര്‍ച്ചകള്‍ക്കിടയാക്കി. ജയിലറകള്‍ മനുഷ്യത്വത്തെ വ്രണമേല്‍പ്പിക്കുന്ന ഇടി മുറികള്‍ ആയി മാറിയിട്ടും അവരെ തലോടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2016 ല്‍ സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയകളില്‍ പ്രസ്താവനകള്‍ നടത്തുന്നതിനെ ഗുരുതര കുറ്റകൃത്യമായി കണ്ടു. പോലീസ് വകുപ്പില്‍ 118 എന്ന വിചിത്രമായ നിയമം കൊണ്ടുവന്ന് ജനങ്ങളുടെ വായ മൂടി കെട്ടാന്‍ ശ്രമം നടത്തുകയും പിന്നീട് ഏറെ വിവാദമായതോടെ പാര്‍ട്ടി തന്നെ അത് പിന്‍വലിപ്പിച്ചു. ജന മൈത്രി ആകേണ്ട പോലീസ് സംവിധാനം ജനങ്ങളുടെ മേല്‍ കുതിര കയറുമ്പോഴും സര്‍ക്കാരിന്‍റെ നിസംഗത തുടരുകയാണ്. എതിരഭിപ്രായം ജനാധിപത്യപരമായി പറയുന്നവരെ യു.എ.പി.എ ചുമത്തി ജയിലില്‍ ഇടുന്നതും ലോക്കപ്പ് മര്‍ദനങ്ങളും നിത്യ വാര്‍ത്തകളായി മാറി. സമാനമായ സാഹചര്യമാണ് കേരളത്തിന്‍റെ ആരോഗ്യ രംഗവും. ആരോഗ്യ മേഖല വെന്‍റിലേറ്ററില്‍ കിടക്കുമ്പോഴും അത്യാവശ്യ ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ വസ്തുക്കളുടെ ദൗര്‍ലഭ്യം ഉണ്ടെന്ന് പറഞ്ഞ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ ഹാരിസ് ചിറക്കലിനെ പ്രശ്ന പരിഹാരത്തിന് പകരം മോഷണക്കേസ് പ്രതിയാക്കാനുള്ള സര്‍ക്കാരിന്‍റെ തിട്ടൂരവും അണികളില്‍ നിന്ന് പോലും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. 2019 ലെ കോവിഡിന്‍റെ സമയത്ത് യുപിയിലെ ആശുപത്രിയില്‍ ഓക്സിജന്‍ സംവിധാനത്തിന്‍റെ ലഭ്യതക്കുറവ് കാരണം നിരവധി രോഗികള്‍ മരിക്കാന്‍ ഇടയാവുകയും മരണ കണക്ക് മറച്ചുവെക്കുകയും ചെയ്തപ്പോള്‍ അവിടുത്തെ പ്രമുഖ ഡോക്ടര്‍ കഫീല്‍ ഖാന്‍റെ തുറന്നു പറച്ചിലില്‍ കയ്യടിച്ച പിണറായി സര്‍ക്കാര്‍ തങ്ങളുടെ ഭരണത്തിലെ അപാകതളോട് മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന്‍റെ എക്സാലോജിക് കമ്പനി അനധികൃതിമായി CMRL (Cochin Minerals and rutile Limited) സ്വകാര്യ ധാതു മണല്‍ ഖനന കമ്പനിയില്‍ നിന്നും യാതൊരു സേവനം കൂടാതെ ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ സി എം ആര്‍ എല്‍ നിന്നും 2.78 സ്വീകരിച്ചതും വീണ വിജയന് പ്രതിയാക്കി (SFIO) Serious Fraud investigation office കുറ്റപത്രം സമര്‍പ്പിച്ചതും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വലിയ പരിക്കേല്‍പ്പിച്ചു, കേരളത്തിലെ സര്‍വകലാശാലകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പുകളിലെ കൃത്വിമത്വം കാണിക്കലും കിരാതമായ ഗുണ്ടായിസവും സര്‍വകലാശാലയിലെ സ്വസ്ഥ വിദ്യാഭ്യാസത്തിന് വലിയ പോറലേല്‍പിച്ചു. സര്‍വകലാശാലകള്‍ സംഘര്‍ഷഭരിതമായി മാറുകയും ഇടതുപക്ഷത്തിന്‍റെ നയങ്ങള്‍ അറിയാത്ത ഒരുപറ്റം രാഷ്ട്രീയ ഗുണ്ടകളെ സൃഷ്ടിച്ചതും സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടി വന്നതും ഏറെ നാണക്കേട് ഉണ്ടാക്കി. ആദിവാസികള്‍ക്കും ദളിതര്‍ക്കും കൃഷിക്കും താമസത്തിനും ഉപയുക്തമായ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യം ഈ പത്തുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. വയനാടിന്‍റെ പ്രളയ പുനരദിവാസ പദ്ധതിയായ വയനാട് ടൗണ്‍ഷിപ്പിനോടും ഭവനസമുച്ചയ പദ്ധതിയായ ലൈഫ് മിഷനിനോടുമുളള അനാസ്ഥ തുടരുകയാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, ഇതര പിന്നോക്ക വിഭാഗങ്ങള്‍, മത്സ്യതൊഴിലാളികള്‍, ഭൂരഹിതര്‍ എന്നിവര്‍ക്ക് എന്ത് ചെയ്തു എന്നതും ഒരു ചോദ്യമായി തന്നെ അവശേഷിക്കുന്നു. മറുവശത്ത് മുന്നാക്ക സംവരണവും സ്കോളര്‍ഷിപ്പ് വെട്ടിക്കുറക്കലും തകൃതിയായി നടക്കുന്നുണ്ട്. സര്‍ക്കാര്‍ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടമായിരുന്നു NO TO DRUGS. എന്നാല്‍ ലഹരിയെ പ്രധിരോധിക്കേണ്ടവര്‍ തന്നെ അതിന്‍റെ വിതരണക്കാരായി മാറുന്നത് അത്ഭുതത്തോടെയാണ് നാം നോക്കി കണ്ടത്. ഒരു ശതമാനം പോലും കുറക്കാനാകാതെ പതിന്‍മടങ്ങ് വര്‍ധിക്കുകയാണ് ചെയ്തത്. 2025 ലെ ഈ ഓണത്തിന് മാത്രം 920.74 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. 2024 നെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ലഹരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സൂമ്പ ഡാന്‍സും ബോധവല്‍ക്കരണവും നടത്താനാണ് തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയപാത വികസനം എല്‍ഡിഎഫ് സര്‍ക്കാറും അവരുടെ പ്രധാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ മെയ് 19ന് മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നതിലൂടെ ഈ അവകാശവാദത്തിന് ഏറ്റവും വലിയ തിരിച്ചടിയായി മാറി. സംസ്ഥാനത്തെ എഞ്ചിനീയറിങ്‌ ഫാര്‍മസി പ്രവേശന പരീക്ഷ  (KEAM) ന്‍റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മണിക്കൂര്‍ മുമ്പ് മാര്‍ക്ക് ഏകീകരണ ഫോര്‍മുല പരിഷ്കരിച്ച പ്രോസ്പെക്ട് ഭേദഗതി ചെയ്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഇതനുസരിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെ ആദ്യ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പലരും പുറത്താക്കപ്പെടുയുകയോ വളരെ പിന്നിലാക്കപ്പെടുകയോ ചെയ്തു. പിണറായി സര്‍ക്കാരിന്‍റെ മൃദുഹിന്ദുത്വവും വര്‍ഗീയ വാദികളോടുളള തലോടലും വലിയൊരു അപായ സൂചനയായി തന്നെ നാം കാണണം. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ വിദ്വേഷ പ്രാസംഗികരെ എങ്ങനെയാണോ കേന്ദ്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അതിന്‍റെ കേരളാ മോഡല്‍ ആയി മാത്രമേ വെള്ളാപ്പള്ളി നടേശനെ പോലെയുളളവരോടുള്ള സര്‍ക്കാറിന്‍റെ കരുതല്‍ കാണമ്പോള്‍ നമുക്ക് മനസ്സാലാകുന്നത്. ഇപ്പോഴിതാ വിദ്യാഭ്യാസ മേഖലയേയും കാവി വത്കരിക്കാനുളള ശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. 1500 കോടി രൂപ പ്രതീക്ഷിച്ച് തങ്ങളുടെ ഘടക കക്ഷികളോടു പോലും ചര്‍ച്ച ചെയ്യാതെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുളള പി എം ശ്രീ പദ്ധതിയില്‍ ഒപ്പു വെക്കുകയും പിന്നീട് CPI യുടെ കടുത്ത എതിര്‍പ്പ് കാരണം ധാരണ പത്രം മരവിപ്പിക്കാന്‍ ശ്രമിക്കാനിരിക്കുന്ന സര്‍ക്കാറിലുളള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. ഇങ്ങനെ തുടങ്ങി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വീഴ്ച്ചകള്‍ സംഭവിക്കുമ്പോള്‍ അത് സര്‍ക്കാരിന്‍റെ പതനത്തിന് ആക്കം കൂട്ടുന്നു. സാമ്രാജ്യത്വ വിരുദ്ധവും മുതലാളിത്ത വിരുദ്ധവും ജനാധിപത്യത്തെ ബഹുമാനിക്കുന്നതും ദുര്‍ബല വിഭാഗങ്ങളോട് പക്ഷം ചേരുന്നതുമായ ഒരിടതുപക്ഷത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ.

 

 

മിസ്ബാഹ് അരീത്തോട്

Leave a Reply

Your email address will not be published. Required fields are marked *