അമേരിക്കന്‍ സാഹിത്യത്തില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് എസ് ഇ ഹിന്‍ടന്റെ ഔട്ട്സൈഡേഴ്സ് (1967). അമേരിക്കയിലെ ഒക്ലഹോമ എന്ന നഗരത്തിലെ ഗ്രീസേഴ്സ്, സോക്സ് എന്നീ രണ്ട് വിഭാഗത്തിലെ കുട്ടികള്‍ തമ്മിലുളള അക്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളേയും ഇതിവൃത്തമാക്കിയുളള നോവലാണ്. ശരിയായ സ്നേഹവും മാര്‍ഗ നിര്‍ദേശവും പരിഗണനയും ലഭിക്കാത്ത കുട്ടികള്‍ തെറ്റായ വഴികളിലേക്ക് വേഗത്തില്‍ എത്തിപ്പെടുന്നു എന്നതാണ് ഈ നോവല്‍ സമൂഹത്തിന് നല്കുന്ന പ്രധാന ആശയം. സമാന ആശയം പങ്ക് വെക്കുന്ന അഡോളസെന്‍സ് എന്ന ബ്രിട്ടീഷ് സീരീസിലും സാമൂഹികമായും സാംസ്കാരികമായും മെച്ചപ്പെട്ട ചുറ്റുപ്പാടില്‍ വളരുന്ന മക്കള്‍ പോലും അതിക്രൂരമായ കുറ്റ കൃത്യങ്ങളിലേക്ക് എങ്ങനെ വഴുതി വീഴുന്നു എന്നതാണ് ചര്‍ച്ച ചെയ്യുന്നത്. കൗമാരക്കാരുടെ പെരുമാറ്റത്തിലുളള മാറ്റങ്ങളും ഓണ്‍ലൈന്‍ ലോകത്തെ നിഗൂഢതകളും സ്ത്രീ വിരുദ്ധതയുമെല്ലാം ആധുനിക കാലത്തെ സാഹചര്യങ്ങളോട് താരതമ്യപ്പെടുത്തിയാണ് അഡോളസെന്‍സ് ചര്‍ച്ചയുടെ വാതില്‍ തുറന്നിടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ കൂടുന്നത് വികസിത രാജ്യങ്ങളിലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലേയും ജര്‍മനിയിലേയും ഓസ്ട്രോലിയയിലേയും കുറ്റവാളികളുടെ എണ്ണം ക്രമാതീതമാവുകയാണ്. ഗ്യാങ്ങ് വയലന്‍സിന്റെ സ്വാധീനവും ഓണ്‍ലൈന്‍ ലോകത്തെ തെറ്റായ പ്രവണതകളുമാണ് ഈ അപകടകരമായ പ്രതിസന്ധിക്ക് വഴിയൊരുക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (NCRB) യുടെ 2022 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കുട്ടികള്‍ പ്രതികളായിട്ടുളള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. 2000 ല്‍ 0.9 ശതമാനം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അത് 2022 ആയപ്പോഴേക്കും 6.9 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഇതില്‍ മോഷണം, പീഢനം, കൊലപാതകം എന്നീ കേസുകളായിരുന്നു 90 ശതമാനവും. 75 ശതമാനം കേസുകളിലും പ്രതികളായി വരുന്നത് 16 മുതല്‍ 18 വയസ്സ് വരെയുളള കൗമാരക്കാരാണ്. 2017 മുതല്‍ 2022 വരെയുളള സംസ്ഥാന ക്രൈം കണക്കുകള്‍ പ്രകാരം മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ വരുന്നത്. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ സംഭവങ്ങള്‍ ഈയിടെയായി വര്‍ധിച്ച് വരുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അല്പ ദിവസങ്ങള്‍ക്ക് മുമ്പാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ സുഹൃത്തായ 16 കാരന് ക്രൂരമായി കൊല ചെയ്യപ്പെട്ട 14 കാരിയുടെ സംഭവം കേരളം ചര്‍ച്ച ചെയ്ത തീരുന്നതിന് മുമ്പ് തന്നെ കല്പറ്റയില് 16 കാരനെ സഹപാഠികള്‍ കൂട്ടം കൂടി അക്രമിച്ച വാര്‍ത്തയും നാം കേള്‍ക്കേണ്ടി വന്നത്.
മുന്‍ കാലങ്ങളിലും കുട്ടികളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ കാലത്ത് ഇവ വര്‍ധിച്ചതായി മനസ്സിലാക്കാം. കോവിഡ് കാലത്ത് കുട്ടികളിലുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളും ഡിജിറ്റല്‍ ഡിവൈസുകളുടെ വര്‍ധിച്ച ഉപയോഗവുമെല്ലാം കുട്ടികളില്‍ അക്രമ സ്വഭാവമുണ്ടാക്കാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്. മാത്രമല്ല തിയേറ്ററില്‍ കുട്ടികള്‍ക്ക് നിരോധമുളള എ സര്‍ട്ടിഫിക്കറ്റ് സിനിമകളും സീരീസുകളും വ്യത്യസ്ത പ്ലാറ്റ്ഫോമുകള് വഴി എളുപ്പത്തില്‍ ലഭ്യമായതോടെ അവ കുട്ടികളുടെ ചിന്തയേയും സ്വഭാവത്തേയും പ്രതികൂലമായി ബാധിച്ചു. കുട്ടികളില്‍ ക്രിമിനല്‍ വാസനയുണ്ടെങ്കില്‍ അതിന്റെ സൂചന ചെറുപ്പത്തില്‍ തന്നെ ലഭിക്കുമെന്നാണ് മനശാസ്ത്ര വിദഗ്ദരുടെ കണ്ടെത്തല്‍. ഇതിന് ഒരു പാറ്റേണ്‍ ഉണ്ട്. ഓപ്പോസിഷണല്‍ ഡിഫയന്റ് ഡിസോര്‍ഡറില്‍ തുടങ്ങി പിന്നീടത് കണ്ടക്ട് ഡിസോര്‍ഡറും, ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറുമായി മാറുകയും ചെയ്യുന്നു. ഇവ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ കൗണ്‍സിലിങ്ങിലൂടെ കുട്ടികളെ മാറ്റിയെടുക്കാനാകുമെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു. കുട്ടികുറ്റവാളിത്തം കുട്ടികളുടെ ഭാവിയെ മാത്രമല്ല, സമൂഹത്തിന്റെ സമാധാനത്തിനെയും സുരക്ഷയേയും സന്തുലിതാവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു. ചെറുപ്പത്തില്‍ തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ പിന്നീട് സ്ഥിരം കുറ്റവാളികളായി മാറാനുളള സാധ്യത കൂടുതലാണ്. ഇത് സമൂഹത്തില്‍ അക്രമങ്ങളും അസ്വസ്ഥതയും വര്‍ധിപ്പിക്കുന്നു.
വേറിട്ട കേരളം
NCRB യുടേയും പോലീസ് റെക്കോര്‍ഡിന്റെയും കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ FIR ഇടുന്ന സംസ്ഥാനം കേരളമാണെങ്കിലും കേരളത്തിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പോലെയുളള സംരംഭങ്ങള്‍ കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് പോകാതിരിക്കാനായി വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കുറ്റവാളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നമ്മുടെ കേരളം മാതൃകയാകാറുണ്ട്. കേരളത്തില്‍ ഒരു തവണ കുട്ടികള്‍ ശിക്ഷിക്കപ്പെട്ടാല്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് കുറവാണ്. കുട്ടികളെയും കൗമാരക്കാരെയും കുറ്റകൃത്യങ്ങളിലേക്കും ലഹരിയിലേക്കും വഴിമാറുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ കേരള സര്‍ക്കാറിന്റെ ‘കാവൽ’ പദ്ധതിയും മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ‘നിംഹാര്സ്’ പോലോത്ത സ്ഥാപനങ്ങളും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കുട്ടികള്‍ക്ക് സ്നേഹവും ശ്രദ്ധയും നല്‍കുന്നതിലൂടെയും സംസ്കാര സമ്പന്നമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും കുട്ടികളെ ധാര്‍മിക ബോധമുളളവരാക്കി വളര്‍ത്തികൊണ്ട് വരാന്‍ നമുക്ക് സാധിക്കും. മാതാപിതാക്കള്‍ കുട്ടികളുടെ മാനസികാവസ്ഥകള്‍ മനസ്സിലാക്കി അവര്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കണം. മൂല്യബോധമുളള ഭൗതിക വിദ്യഭ്യാസത്തോടൊപ്പം തന്നെ ധാര്‍മിക വിദ്യഭ്യാസത്തിനും തുല്യ പ്രാധാന്യം നല്‍കണം. നാട്ടിന്‍പുറങ്ങളിലെ യുവജന ക്ലബ്ബുകള്‍ പോലെയുളള സംവിധാനങ്ങള്‍ക്ക് കീഴില്‍ ബോധവത്കരണ പരിപാടികളും കൗണ്‍സിലിങ്ങുകളും സജീവമാക്കുന്നതിലൂടെ നമ്മുടെ ഭാവി വാഗ്ദാനങ്ങളായ യുവതയെ മൂല്യ ബോധവാന്മാരാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. ശിക്ഷകള്‍ നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്നതിന് പകരം മാനസിക പ്രശ്നങ്ങള്‍ പരിഹരിച്ച് ധാര്‍മിക ബോധവാന്മാരായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത്.
ഫവാസ് മൂര്‍ക്കനാട്




