പരിശുദ്ധ റമളാന്‍ ആഗതമാവുകയാണ്. പാപങ്ങള്‍ പൊറുക്കപ്പെടാനും മനസ്സ് സംശുദ്ധമാക്കാനും ഉതകുന്ന ഉത്തമമായ ദിനരാത്രങ്ങളാണ് വിരുന്നെത്തുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക മാത്രമല്ല നോമ്പുകാലത്ത് ചെയ്യാനുള്ളത്. മറിച്ച് പാപങ്ങളില്‍ നിന്നും പൊറുക്കലിനെ തേടുകയും ശരീരത്തിലെ എല്ലാ അവയവങ്ങളും പാപങ്ങള്‍ക്ക് തടയിടാന്‍ പരിശീലിക്കുകയും ശരീരത്തിന് കൂടുതല്‍ നന്മ ചെയ്യാന്‍ പാകപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
‘റബ്ബിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല’ എന്ന ഖുര്‍ആനിക വചനം എത്ര യാഥാര്‍ത്ഥ്യമാണല്ലേ. പ്രപഞ്ചം മുഴുവനും സൃഷ്ടാവിന്റെ അനുഗ്രഹങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ ആ അനുഗ്രഹലോകത്ത് ജീവിക്കുന്ന മനുഷ്യനോ, അത്ഭുതങ്ങളുടെ കലവറയും. ഖുര്‍ആന്‍ പലയാവര്‍ത്തി ഉണര്‍ത്തുന്നുണ്ട്. ചിന്തിക്കുവിന്‍…..! പാഠമുള്‍ക്കൊള്ളുവിന്‍…! . അല്ലാഹു മനുഷ്യനും ഇതര ജീവജാലങ്ങള്‍ക്കും വസിക്കാന്‍ ഉചിതമായ രീതിയില്‍ പ്രപഞ്ചത്തെ സംവിധാനിച്ചിരിക്കുന്നു. റബ്ബിന്റെ പരീക്ഷണഘട്ടത്തില്‍ ആ ക്രമീകരണത്തില്‍ നിന്നും ചെറിയ മാറ്റം വരുമ്പോഴേക്കും വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് സാക്ഷിയാകേണ്ടി വരുന്നത്. ഉദാഹരണത്തിന് മഴയുടെ അളവ് ഗണ്യമായി കുറയുമ്പോള്‍ സസ്യങ്ങള്‍ ഉണങ്ങല്‍, ഭക്ഷ്യക്ഷാമം രൂപപ്പെടല്‍, ജലാശയങ്ങള്‍ വറ്റല്‍, താപനില ഉയരല്‍ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നു. എന്നാല്‍ മഴയുടെ അളവ് കൂടുമ്പോള്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിന് നിദാനമാകുന്നതിനും വഴിയൊരുക്കുന്നു. ഇതുപോലെയാണ് പ്രകൃതിയിലെ ഓരോ ക്രമീകരണവും. ചെറിയ വ്യതിയാനം വലിയ ആഘാതങ്ങളിലേക്ക് എത്തിക്കുന്നു. ജീവിക്കാന്‍ ഉചിതമായ രീതിയില്‍ പ്രപഞ്ചത്തെ പരിപാലിക്കുന്ന രക്ഷിതാവിന്റെ അത്ഭുത സംവിധാനങ്ങള്‍ എത്രയാണ് നമ്മുടെ മേല്‍ അനുഗ്രഹമായി വര്‍ഷിക്കുന്നത്. അല്ലാഹുവിന്റെ എത്ര അനുഗ്രഹങ്ങളാണ് മനുഷ്യ ശരീരത്തില്‍ അടങ്ങിയിട്ടുള്ളത്. ഒരുത്തന് അവന്റെ ശരീരത്തെ അറിഞ്ഞാല്‍ അവന്റെ രക്ഷിതാവിനെ അറിഞ്ഞു എന്നാണല്ലോ നബിവചനം. മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങളെ മനസ്സിലാക്കുമ്പോള്‍ റബ്ബിന്റെ മഹത്വം ബോധ്യപ്പെടും. അവന്റെ അനുഗ്രഹങ്ങളുടെ വിശാലത മനസ്സിലാകും. നമ്മള് പോലും അറിയാതെ നമ്മുടെ ഉള്ളില്‍ ഒത്തിരി പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ശാരീരിക അവയവങ്ങള്‍ക്ക് വല്ല ആപത്തും സംഭവിക്കുമ്പോഴാണ് ഇതുവരെ റബ്ബ് കനിഞ്ഞിരുന്ന അനുഗ്രഹം എത്ര വിലയുള്ളതായിരുന്നു എന്ന് ബോധ്യപ്പെടുന്നത്. അപ്പോള്‍ ഇത്രയും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു തന്ന റബ്ബിനോട് അവന്റെ എല്ലാ അനുഗ്രഹങ്ങളെയും സാക്ഷി നിര്‍ത്തി പാപം ചെയ്യുക എന്നത് എത്ര നീചമായ പ്രവര്ത്തിയാണല്ലേ. നാം ധാരാളം കാരുണ്യം ചെയ്യുന്ന ഒരു വ്യക്തി നമ്മുടെ വാക്കിന് വിപരീതമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആ വ്യക്തിയോടു പിന്നീടുള്ള നമ്മുടെ സമീപനം എങ്ങനെയായിരിക്കും . എന്നാല്‍ ഒത്തിരി അനുഗ്രഹം ചൊരിയുന്ന റബ്ബ് മാപ്പ് ചെയ്യാന്‍ തയ്യാറാണ് എന്നതാണ് റബ്ബിന്റെ കാരുണ്യത്തിന്റെ വിശാലത നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്.
റബ്ബിലേക്ക് പശ്ചാത്തപിച്ച് മടങ്ങി നന്മയിലധിഷ്ഠിത ജീവിതം നയിക്കാന്‍ ഖുര്‍ആനിലൂടെ പലയിടത്തും പ്രതിപാദിക്കുന്നുണ്ട്. അന്ത്യനാള്‍ വരെയും മരണം വരെയും ഏത് സമയവും ഒരു വ്യക്തിക്ക് പശ്ചാതപിച്ചു മടങ്ങാനുള്ള അവസരമുണ്ട്. മനുഷ്യസഹജമായി തെറ്റുകള്‍ സംഭവിക്കുമെന്നും അവരില്‍ വച്ച് ഏറ്റവും ഉത്തമര്‍ പശ്ചാത്തപിച്ച റബ്ബിലേക്ക് മടങ്ങുന്നവരാണ് എന്നാണ് നബി പഠിപ്പിച്ചിട്ടുള്ളത്. പശ്ചാത്തപിച്ചു മടങ്ങാനുള്ള പരിശുദ്ധ ഖുര്‍ആനിന്റെ പ്രചോദനവും തിരുനബി അനുജർക്ക് നല്കിയ പ്രോത്സാഹനവും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തെറ്റില്‍ അകപ്പെട്ട വ്യക്തിക്ക് ശുദ്ധിയായി നന്മയിലേക്ക് വരാനുള്ള അവസരമാണ് തൗബയുടെ വാതില്‍ തുറക്കുന്നതിലൂടെ ഒരുക്കുന്നത്.
പശ്ചാത്തപിച്ചു മടങ്ങുന്നതിന് നാലു നിബന്ധനകള്‍ ആണ് ഉള്ളത്. ചെയ്തുപോയ തെറ്റില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാവുക എന്നതാണ് ഒന്ന്. ശരീരത്തിലേറ്റ മുള്ള് പറിക്കും പോലെ സ്വന്തത്തെ തെറ്റില്‍ നിന്നും പൂര്‍ണമായി വേര്‍പ്പെടുത്തണം. ചെയ്തുപോയ തെറ്റിന്റെ മേല്‍ ഖേദിക്കുക എന്നതാണ് രണ്ട്. ഖേദമാണ് തൗബയുടെ പ്രധാന ഘടകം. ഖേദമാണ് പശ്ചാത്തപിക്കാന്‍ അവനെ പ്രാപ്തനാക്കുന്നത്. ഇനി ആ തെറ്റ് ചെയ്യില്ലെന്ന് ദൃഢനിശ്ചയമാണ് മൂന്ന്. മനുഷ്യരുമായുള്ള എല്ലാ ബാധ്യതകളില്‍ നിന്നും മോചിതനാവുക എന്നതാണ് നാല്. ഈ നിബന്ധനകള്‍ പാലിച്ച് റബ്ബിലേക്ക് മടങ്ങുമ്പോള്‍ അവന് ശുദ്ധീകരിക്കപ്പെടുകയാണ്. അകവും പുറവും ശുദ്ധീകരിച്ച് ആത്മശുദ്ധി കൈവരിച്ചാവണം റമദാനിനെ നാം യാത്രയാക്കേണ്ടത്. വിശുദ്ധ റമദാനെ കൃത്യമായി വിനിയോഗിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു വ്യക്തി റമദാന് ശേഷമുള്ള ജീവിതത്തിലും ഈ നല്ല സ്വഭാവ ഗുണങ്ങളെ പകര്‍ത്തും. അതിലൂടെ മാതൃകാപരമായ വ്യക്തിത്വത്തിന് ഉടമകളാവാന്‍ അവര്‍ക്ക് സാധിക്കും.
മുഹമ്മദ് ഷാഹുല്‍ഹമീദ് പൊന്മള

