വിശുദ്ധ റമളാന്‍
സത്യ വിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്റെ സുദിനങ്ങളാണ്. പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകള്‍. തിന്മയുടെ കറുത്ത പാടുകളെല്ലാം മാഞ്ഞുപോയി വിശ്വാസികളുടെ ഹൃദയങ്ങള്‍ പ്രകാശിക്കുന്ന നോന്പു മാസത്തെ ആനന്ദത്തോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്. രണ്ട് മാസം മുന്‍പ് തുടങ്ങിയ ഈ കാത്തിരിപ്പിന് തന്നെ മഹത്തായ ഇബാദത്തിന്റെ പുണ്യമുണ്ട്. വീടും പരിസരവും അഴുക്കുകളില്‍ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമളാനെ കാത്തിരിക്കുന്ന നമ്മള് നമ്മുടെ ശരീരത്തിനെയും ആത്മാവിനെയും മുഴുവന്‍ അഴുക്കുകളില്‍ നിന്നും വൃത്തിയാക്കി നോന്പിന്റെ ചൈതന്യവും ആത്മീയാനുഭൂതിയും ആസ്വദിക്കാന്‍ തയ്യാറെടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, റമളാനിലെ പവിത്രമായ ദിനങ്ങള്‍ നമുക്ക് ഉപകരിക്കുകയുള്ളൂ.
വിശ്വാസത്തിന്റെ പോര്‍ക്കളം
തിന്മയുടെ ഉറവിടങ്ങളായ പിശാചിനോടും ദേഹേഛകളോടും കൂടുതല്‍ കരുത്തോടെ ഉജ്ജ്വലമായി എതിരിടാനുള്ള വിശ്വാസിയുടെ പോര്‍ക്കളമാണ് നോന്പ് മാസം. നോന്പ് എനിക്കുള്ളതാണ്; അതിന് ഞാനാണ് പ്രതിഫലം നല്‍കുന്നത്’ എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞത് നോന്പിലടങ്ങിയിട്ടുള്ള ജിഹാദിന്റെ മഹത്വമാണ്. പിശാചിന്റെ മുഴുവന്‍ പ്രലോഭനങ്ങളെയും ശരീരേഛയുടെ മുഴുവന്‍ തടസ്സങ്ങളെയും മറികടന്ന് ഒരാള്‍ നോന്പനുഷ്ടിക്കുന്പോള് മതത്തിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നത് പോലുള്ള ആത്മീയ ശക്തി അയാള്‍ക്ക് ലഭിക്കുന്നു.
നോന്പ് ഒരു പോരാട്ടത്തിനുള്ള ഒരുക്കമാണ്. സല്‍വഴികളില്‍ നിന്നും നമ്മെ വലിച്ച് മാറ്റി തിന്മയുടെ നെറികെട്ട വഴികളിലേക്ക് പ്രലോഭിപ്പിക്കുന്ന പിശാചിനോടും ദേഹേഛയോടുമുള്ള കഠിനമായ പോരാട്ടം. അല്ലാഹുവിന് ഏറ്റവും തൃപ്തിയുള്ള പോരാട്ടം ഒരു വ്യക്തി തന്റെ ദേഹേഛകളോട് നടത്തുന്ന പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞ് നോന്പ് മാസത്തെ നാം ഉപയോഗപ്പെടുത്തണം. ഭക്ഷണം, വികാരം, അനാവശ്യ സംസാരങ്ങള്‍, തിന്മകള് തുടങ്ങി മനുഷ്യ പ്രകൃതി താല്പര്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങളേയും പടച്ച തന്പുരാന് വേണ്ടി ഉപേക്ഷിക്കുന്നവന്, ആത്മീയമായി കരുത്ത് നേടുകയാണ്. അതോടെ നോന്പിന്റെ മുഴുവന്‍ ആത്മീയ ചൈതന്യവും ഉള്‍വഹിച്ച അവനെ പരാചയപ്പെടുത്താന്‍ പിശാചിനോ ദേഹേഛകള്ക്കോ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിശുദ്ധ റമളാന്‍ വിശ്വാസിയുടെ പോര്‍ക്കളമാവുന്നത് ഇങ്ങനെയാണ്.
വിശുദ്ധ ഖുര്‍ആന്‍
റമളാന്‍ മാസത്തിന്റെ ഏറ്റവും വലിയ മഹത്വങ്ങളില് ഒന്ന് അത് വിശുദ്ധ ഖുര്‍ആനിന്റെ അവതരണ മാസമാണ് എന്നതാണ്. വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മാധുര്യം മതിയാവോളം ആസ്വദിക്കുന്ന പുണ്യ ദിനങ്ങളാണ് റമളാനിലേത്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയുടെ അകവും പുറവും സുഗന്ധ പൂരിതമായിരിക്കുമെന്ന തിരുവചനം നോന്പ്കാര്ക്കെല്ലാം ആവേശമാവേണ്ടതുണ്ട്. ഖുര്‍ആനിലെ ഒരക്ഷരത്തിന് തന്നെ പത്തിരട്ടി പ്രതിഫലം ലഭിക്കുമെങ്കില്‍ അതു റമളാനിലാവുന്പോള്‍ പുണ്യം പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് പണ്ഡിതര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വീടുകളില്‍ മലക്കുകളുടെ സാന്നിധ്യമുണ്ടാവുമെന്നും അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുമെന്നും ഖുര്‍ആന്‍ പാരായണം നടക്കാത്ത വീടുകളില്‍ ദാരിദ്ര്യവും പൈശാചിക ശല്യങ്ങളുമുണ്ടാവുമെന്നും ഇസ്ലാം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. വിശുദ്ധ റമളാനില്‍ പോലും ഖുര്‍ആന്‍ പാരായണം നടക്കാത്ത വീടുകള്‍ പിശാചിന്റെ കേന്ദ്രമായിരിക്കുമെന്ന യാഥാര്‍ത്ഥ്യം രക്ഷിതാക്കള്‍ തിരിച്ചറിയണം. കുടുംബപരവും വ്യക്തി പരവുമായ പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്ന് ഉമ്മമാര് മനസ്സിലാക്കേണ്ടതുണ്ട്. ശാരീരികവും പൈശാചികവും മാനസികവുമായ മുഴുവന്‍ രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് ഖുര്‍ആന്‍ എന്ന തിരുവചനം നമ്മെ ഖുര്‍ആന്‍ കൂടുതലായി പാരായണം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഖുര്‍ആന്റെ അവതരണ മാസമായ റമളാന്‍, ഖുര്‍ആന്‍ പാരായണം കൊണ്ട് ധന്യമാക്കിയാല്‍ നമ്മുടെ മുഴുവന്‍ പ്രതിസന്ധികളും നീങ്ങുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
സ്വദഖയുടെ മാസം
വിശ്വാസികളുടെ കര്‍മ്മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഒരു പ്രവര്‍ത്തനമാണ് സ്വദഖ ചെയ്യല്‍. യാചിച്ചു വരുന്നവര്‍ക്ക് നല്കാന് കൈവശമൊന്നുമില്ലെങ്കില്‍ നാലു വാക്കുകള്‍ പറഞ്ഞെങ്കിലും അവരുടെ മനസ്സുകളെ സന്തോഷിപ്പിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. ഇതു റമളാനിലാവുന്പോള്‍ മഹത്വവും പ്രതിഫലവും ഏറെ വര്‍ദ്ധിക്കും. മുസ്ലിംകള് വിശുദ്ധ റമളാനെ വിശേഷിപ്പിക്കാറുള്ളത് തന്നെ സ്വദഖയുടെ മാസം’മെന്നാണ്. ദാനം ചെയ്യുന്നവരുടെ സന്പത്ത് കുറയുകയല്ല, വര്‍ദ്ധിക്കുകയാണ് ചെയ്യുക എന്ന തിരുവചനം നമ്മള് മനസ്സിലാക്കേണ്ടതുണ്ട്. ഒരു കാരക്കക്കീറ് കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടണമെന്ന് മുത്ത്നബി(സ) പറഞ്ഞത് ദാന ധര്‍മ്മത്തിന്റെ മഹത്വത്തെ പറ്റി പഠിപ്പിക്കാനാണ്. സ്വദഖ നല്കുന്നവന്റെ സ്വത്തില്‍ എ്വെര്യവും ബറകത്തുമുണ്ടാകുമെന്നും പിശുക്ക് കാണിക്കുന്നവന്റെ സന്പാദ്യങ്ങളെല്ലാം ഉപകാരപ്പെടാതെ തുലഞ്ഞ് പോവുമെന്നും മഹാന്മാര് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സ്വദഖയുടെ പുണ്യം നൂറിലധികം ഇരട്ടിയായി വര്‍ദ്ധിക്കുമെന്ന ഖുര്‍ആന്‍ പാഠം നമുക്കെല്ലാം ആവേശമാവേണ്ടതുണ്ട്. ആപത്തില്‍ പെട്ടവരെയും ബുദ്ധിമുട്ടനുഭവിക്കുന്നവരെയും നമ്മള് സഹായിച്ചാല്‍ നമുക്കോ കുടുംബത്തിനോ വല്ലതും സംഭവിക്കുന്പോള്‍ മറ്റുള്ളവര്‍ മുഖേന അല്ലാഹു നമ്മെ സഹായിക്കും തീര്‍ച്ച.
ഒരാള്‍ തന്റെ കൂട്ടുകാരനെ സഹായിക്കുന്പോഴെല്ലാം അല്ലാഹു ഇവനെ സഹായിക്കു” മെന്ന തിരുവചനം ഇക്കാര്യമാണ് നമ്മെ പഠിപ്പിക്കുന്നത്. ഹൃദയത്തിനെയും ആത്മാവിനെയും സംശുദ്ധമാക്കുന്ന പുണ്യ റമളാനില്‍ നമ്മുടെ സന്പത്തിനെയും ശുദ്ധമാക്കിയാല്‍ നമുക്ക് ബറകത്തും എ്വെര്യവും അല്ലാഹു ചൊരിഞ്ഞ് തരുമെന്നാണ് മതപ്രമാണങ്ങള്‍ നമ്മോട് ഉണര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ആരെങ്കിലും നമ്മുടെ മുന്‍പിലേക്ക് കൈനീട്ടി വന്നാല്‍ അവരെ പുഛിക്കാതെ കൈവശമൊന്നുമില്ലെങ്കില്‍ സുന്ദരമായ വാക്കുകള്‍ പറഞ്ഞ് കൊണ്ടെങ്കിലും അവരുടെ മനസ്സുകളെ നമ്മള് സന്തോഷിപ്പിണം. അല്ലാത്ത പക്ഷം അതിന്റെ ദുരന്ത ഫലം നമ്മുടെ ജീവിതത്തില്‍ തന്നെ നാം അനുഭവിക്കേണ്ടി വരും. വിശുദ്ധ റമളാന്‍ ഈയൊരു തിരിച്ചറിവിന് കാരണമായിത്തീരട്ടെ.
പുണ്യങ്ങളുടെ പൂക്കാലം
വിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനും നരക ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുമുള്ള സുവര്‍ണ്ണാവസരമാണ് വിശുദ്ധ റമളാന്‍. സുന്നത്തുകള്‍ക്ക് ഫര്ളുകളുടെ പ്രതിഫലവും ഫര്‍ളുകള്‍ക്ക് പതിന്മടങ്ങ് പുണ്യങ്ങളും ലഭിക്കുന്ന പുണ്യങ്ങളുടെ പൂക്കാലമെന്ന് റമളാനിനെ വിശേഷിപ്പിക്കാം. നോന്പ്തുറ, ഇഅ്തികാഫ്, സ്വലാത്ത്, ദിക്റ്, തസ്ബീഹ്, സുന്നത്ത് നിസ്ക്കാരങ്ങള്‍, ഖുര്‍ആന്‍ പാരായണം, സ്വദഖ തുടങ്ങി മുഴുവന്‍ സല്കര്മ്മങ്ങള്ക്കും നമ്മള് പ്രതീക്കുന്നതിനേക്കാള് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന റമളാന്‍ നാം മുതലെടുക്കുക തന്നെ വേണം. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും മൂന്ന് പത്തുകളും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവുകളും ബദ്റ് ശുഹദാക്കളുടെ പവിത്രമായ സ്മരണകളുള്ള പുണ്യ ദിവസങ്ങളും നാം മുതലെടുത്തില്ലെങ്കില്‍ അവസാനം ഖേദിക്കേണ്ടി വരും. തീര്‍ച്ച.