ചെറുപ്പത്തില്‍ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയും കുട്ടിയും കോലും കളിക്കുകയുമൊക്കെ ചെയ് തിട്ടുണ്ട്. എന്‍റെ മകന്‍ അതൊന്നും കണ്ടിട്ടു പോലുമില്ല. അവന്‍ അത്യാഗ്രഹ ജീവികളോടുള്ള യുദ്ധത്തിലാണ്. തുന്പിക്കു പകരം ജോയ് സ്റ്റിക് പിടിച്ച് അവന്‍ യുദ്ധവിമാനങ്ങളും മിസൈലുകളും നിയന്ത്രിക്കുന്നു. കളി കഴിഞ്ഞാലും അവന്‍ മറ്റുള്ളവരോടു പെരുമാറുന്നത് സ്ക്രീ നില്‍ കണ്ട പറക്കും തളികയിലെ ജീവികളോടെന്ന പോലെയാണ്. ഇടക്കിടെ ചൂളം വിളിക്കുകയും മുഷ്ടി ചുരുട്ടുകയും ഗോഷ്ഠി കാണിക്കുകയും ചെയ്യും. ഡിജിറ്റല്‍ സ്ക്രീനിനു മുന്നി ലെ തപസ്സ് രോഗത്തില്‍ നിന്ന് അവനെ മുക്തനാക്കിയെങ്കിലും എനിക്കവനെ പൂര്‍ണ്ണമായി തിരിച്ചു കിട്ടിയില്ല.” ഒരാധുനിക രക്ഷിതാവിന്‍റെ ഗദ്ഗദം നിറഞ്ഞ പരിവേദനങ്ങളാണ് നിങ്ങള്‍ മുകളില്‍ വായിച്ചത്. പുതിയ തലമുറയിലെ കുട്ടികള്‍ ഇന്ന് മാതാപിതാക്കള്‍ക്ക് തീരാ തലവേദനയാവുന്നു. കൊച്ചു കുസൃതികളില്‍ നിന്ന് ഏറെ വൈദഗ്ധ്യം വേണ്ടി വരുന്ന ഹീനകൃത്യങ്ങളിലേക്ക് കൂസലില്ലാതെ നടന്നൊടുങ്ങുന്നു. എന്തുകൊണ്ട് നമുക്ക് മക്കളുടെ മേലുള്ള കരുതല്‍ കൈവിട്ടുപോകുന്നു? കുറ്റം നമ്മുടെ മക്കളുടേതല്ല, ഒരിക്കലും. അവരെ വളര്‍ത്തി സംരക്ഷിക്കുന്നതിലെ താളപ്പിഴകളും അറിവുകേടുകളുമാണ് ഇതിലേക്കു നയിക്കുന്നത്. തിന്മകളിലേക്കുള്ള അതിര്‍വരന്പുകളെല്ലാം പൊളിച്ചടുക്കി സുതാര്യമാക്കിയ സാമൂഹ്യമയ കുറ്റകൃത്യവും ചെറുതല്ല.
ഇന്നത്തെ രക്ഷിതാക്കളിലധികവും മക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും അവരുടെ പഠനത്തെക്കുറിച്ചും ഏറെ മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. തീറ്റക്കും ഉടുപ്പുകള്‍ക്കും പുറമെ ചോദിക്കുന്നതെന്തും സാ ധിപ്പിച്ചു കൊടുത്താല്‍ മാത്രം ഉത്തമ രക്ഷാകര്‍ത്താക്കളായെന്നാണ് നമ്മുടെ വെപ്പ്. പക്ഷെ, മനുഷ്യന്‍ പിറവിയുടെ തൊട്ടുടനെ ഉമ്മയുടെ മുലപ്പാലിനൊപ്പം നെഞ്ചിന്‍റെ ചൂടു കൂടി തേടുന്നുണ്ട്. വളരുന്തോറും ആ കരുതലും സ്നേ ഹവും ലഭിക്കുവാന്‍ അവന്‍റെ ഹൃദയം സദാ കൊ തിച്ചു കൊണ്ടിരിക്കും. ആ സ്നേഹമാണ് മക്കള്‍ക്ക് എല്ലാത്തിനുമുപരിയായി നാം നല്‍കേണ്ടത്.
തനിക്ക് മക്കളോട് സ്നേഹമില്ലെന്ന് ആരും സമ്മതിക്കില്ല. പക്ഷേ, നമുക്കത് പ്രകടിപ്പിക്കാനറിയില്ല. നാലു വയസ്സു കഴിഞ്ഞ മകന്‍റെ നെറുകയില്‍ ഒരു ചുംബനം നല്‍കാന്‍ നമുക്ക് മടിയാണ്, സങ്കോചമാണ്. അമിത ലാളനയാകുമോ എന്നു ശങ്കിക്കുന്നവരുമുണ്ട്. പക്ഷേ, അവര്‍ നമ്മുടെ കരള്‍ക്കണ്ടമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്പോഴേ നാം നല്‍കുന്ന സ്നേഹം ഫലപ്രദമാകൂ.
മുത്തുനബി കാണിച്ച മാതൃക നാം മറക്കരുത്. തന്‍റെ ഓമന പേരക്കിടാങ്ങളായ ഹസന്‍, ഹുസൈന്‍ (റ)നെ അവിടുന്ന് ചുംബനം ചെയ്യുന്നത് കണ്ട അഅ്റാബി ചോദിച്ചു; നബിയേ, അങ്ങ് കുട്ടികളെ ചുംബിക്കുകയോ, ഞാനെന്‍റെ മക്കളെ ഇന്നേ വരെ ചുംബിച്ചിട്ടില്ല”. അവിടുന്ന് പറഞ്ഞു: നിന്‍റെ ഖല്‍ബിനെ അല്ലാഹു കഠിനതരമാക്കിയതിന് എന്തു ചെയ്യാനാണ്”!
നാം നമ്മുടെ മക്കളെ സ്കൂളിലേയ്ക്ക് പറഞ്ഞയക്കുന്നു. ഫീസും അനുബന്ധങ്ങളും കൃത്യമായി നല്‍കുന്നു. പുറമെ ട്യൂഷന്‍ നല്‍കുന്നു, ഒട്ടൊരൊഴിവു വന്നാല്‍ വീട്ടിലെ സ്റ്റഡിറൂമില്‍ അടച്ചിടുന്നു. തീര്‍ന്നു. പ്രോഗസ് കാര്‍ഡ് കയ്യില്‍ തരുന്പോള്‍ ഗ്രാഫ് താഴോട്ടാണെങ്കില്‍ ചെയ്ത ചെലവിന്‍റെ പെരുപ്പത്തില്‍ നാം പുളയും, കയര്‍ക്കും, പൊട്ടിത്തെറിക്കും.
ഒന്നു ചിന്തിച്ചാലോ? ഇങ്ങനെയാണോ വേണ്ടത്. ഒരിക്കലുമല്ല. കൊച്ചുമക്കള്‍ക്ക് നിങ്ങളുടെ അദ്ധ്വാനത്തിന്‍റെ കാഠിന്യമോ ചെലവായ പണത്തിന്‍റെ മൂല്യമോ ഒന്നുമറിയില്ല. ഒന്നവനറിയും, ഇതിലെല്ലാം ഉപരിയായ ഒന്ന്, അവനേറ്റവും ഗുണം ചെയ്യുന്നത്. എല്ലാം മറന്ന് മുന്നോട്ടു ഗമിക്കാന്‍ ഊര്‍ജ്ജവും പ്രേരണയും നല്‍കുന്നത്. അവന്‍ പിറകിലാവാനുള്ള കാരണം തേടിപ്പോയാല്‍ നാം അവിടെയാണെത്തുക. ഒരു തലോടല്‍, ഒരു ചുംബനം, നെഞ്ചോടു ചേര്‍ക്കല്‍. ഇതാണ് പ്രോത്സാഹനം. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഫസ്റ്റ് റാങ്ക് വാങ്ങിയ ശ്യാമിന്‍റെ വിജയരഹസ്യം അതാണ്. ജേതാവിനെത്തേടി വന്ന പത്രക്കാര്‍ ചോദിച്ചു: ഈ വിജയം ആര്‍ക്കാണ് സമര്‍പ്പിക്കുന്നത്? എന്‍റെ അമ്മയ്ക്കെ”ന്നു മറുപടി. അതെന്താ (അമ്മ ഡോക്ടറാണോ)?” അല്ല, ഒരു പാവം വീട്ടമ്മയാണ്. അമ്മ തന്ന പ്രോത്സാഹനമാണ് എന്‍റെ വിജയം. പാതിരാ മൂന്നുമണിക്ക് പഠിക്കാനുണരുന്പോള്‍ കട്ടന്‍ ചായയുണ്ടാക്കിത്തന്ന് തിരിഞ്ഞു പോകുന്പോള്‍ എന്നും എന്‍റെ നെറുകയില്‍ അമ്മയൊരു ചുംബനം നല്‍കുമായിരുന്നു. അതാണ് എനിക്ക് ഊര്‍ജ്ജം തന്നത്.”
മക്കളെ നന്നായും ഫലപ്രദമായും വളര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസ മികവോ മേന്മയോ വേണമെന്നില്ല. മക്കളെക്കുറിച്ചും അവരുടെ പരിരക്ഷയെക്കുറിച്ചുള്ള അവബോധമാണ് ഉണ്ടാവേണ്ടത്. മനഃശാസ്ത്ര പരമായി കുട്ടികളുടെ വളര്‍ച്ചയില്‍ നാലു ഘട്ടങ്ങളുണ്ട്. ഫ്ളവര്‍ സ്റ്റേജാണ് ഒന്നാമത്തേത്. പ്രസവിച്ച ഉടനെയുള്ള സ്റ്റേജാണിത്. ഈ ഘട്ടത്തില്‍ ഒരു പൂവിനെപ്പോലെ നാമവരെ അങ്ങേയറ്റം ലാളിക്കും. വന്നവര്‍ വന്നവര്‍ കൈവിടാതെ താലോലിക്കും. അടുത്ത ഘട്ടത്തില്‍ അവന്‍റെ ഏതാജ്ഞയും ഒരു രാജാവിന്‍റെ കല്‍പന കണക്കെ നിവര്‍ത്തിക്കൊടുക്കാന്‍ തയാറാവും. രണ്ടുവയസ്സു കഴിഞ്ഞാല്‍ അവന്‍ കൊച്ചു വികൃതികള്‍ തുടങ്ങും. എത്ര നിയന്ത്രിച്ചാലും ഓരോ പൊല്ലാപ്പുണ്ടാക്കും. ഈ ഘട്ടത്തില്‍ നാമവരോട് നേരെ വിപരീതമായി പെരുമാറുന്നു. അവന്‍റെ വാശികളും കുസൃതികളും മടുത്ത് ശകാരിക്കുകയും തല്ലുകയും ചെയ്യുന്നു. ഈ പ്രായത്തിലവരോട് കരുതലോടെ പെരുമാറിയില്ലെങ്കില്‍ അതവരെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൗമാരമാകുന്നതോടെ കൂട്ടുകാരാണവര്‍ക്കെല്ലാമെല്ലാം. അവര്‍ പരസ്പരം തങ്ങളുടെ ഹൃദയ വ്യവഹാരങ്ങള്‍ പങ്കുവെക്കുകയും ചര്‍ച്ചചെയ്യുകയും. മാതാപിതാക്കളേക്കാള്‍ പ്രാധാന്യവും പരിഗണനയും തന്‍റെ കൂട്ടുകാരന് നല്‍കുന്നു. അതായത് രക്ഷിതാക്കളുടെ നിയന്ത്രണ വലയത്തില്‍ നിന്ന് പുതിയ സ്വാതന്ത്ര്യങ്ങളിലേക്ക് ചേക്കേറുവാന്‍ അവന്‍ കൊതിക്കുന്നു. ഈ പ്രവണതയാണ് എല്ലാ അധാര്‍മ്മിക സംഘങ്ങളും കുട്ടികളെ വശംവദരാക്കാന്‍ ഉപയോഗപ്പെടുത്തുന്നത്.
കൗമാര പ്രായം മക്കളുടെ മാനസികവും ശാരീരികവുമായ മാറ്റത്തിന്‍റെ ദശയാണ്. ഈ സമയത്ത് അവരുടെ മനസ്സില്‍ പലവിധ സന്ദേഹങ്ങള്‍ ഉടലെടുക്കുന്നു. അപ്പോഴവര്‍ ചിലപ്പോള്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നതായോ അകലുന്നതായോ നമുക്ക് അനുഭവപ്പെട്ടേക്കാം. അതവരുടെ പ്രായവ്യതിയാനത്തിന്‍റെ മാറ്റങ്ങളാണെന്നു നാം തിരിച്ചറിയണം. അവരുടെ കൗമാര കൂതുഹുലങ്ങളെ മുതലെടുക്കാന്‍ വിരിച്ചു നില്‍ക്കുന്ന കെണിവലകളെക്കുറിച്ച് നാം ബോധവാന്മാരാവണം. അവര്‍ പിഴച്ച കൂട്ടുകെട്ടുകളിലേക്ക് ചേക്കേറുന്നതിനു മുന്പേ അവരുടെ ഏറ്റവും നല്ല കൂട്ടുകാരന്‍ നാമാവണം. കൂടുതല്‍ കരുതല്‍ വേണ്ട സമയമാണിത്.
മുതിര്‍ന്നവനായെന്നു തീര്‍പ്പെഴുതി മാറ്റി നിര്‍ത്തുന്നതിനു പകരം കൂടുതല്‍ പരിഗണനയും അടുപ്പവും പ്രകടിപ്പിച്ച് എല്ലാ കാര്യങ്ങളും മാതാപിതാക്കളോടു മനസ്സുതുറക്കുന്ന നിലയിലേക്ക് അവരെ രൂപപ്പെടുത്തണം. എനിക്കെല്ലാത്തിനും മാതാപിതാക്കളുണ്ടെന്ന് അവനു തോന്നണം. അവന്‍റെ കൂട്ടുകാരെക്കുറിച്ചും ഇടപാടുകളെക്കു റിച്ചും വിശദാംശങ്ങളുണ്ടായിരിക്കണം. എങ്കിലേ നമ്മുടെ അരുമമക്കളുടെ സുരക്ഷയില്‍ ആശ്വസിക്കാനാവൂ. പ്രത്യേകിച്ച് ഈ കെട്ടകാലത്ത്.
ഭീഷണിയുടെയും ശകാരത്തിന്‍റെയും മുള്‍മുനയില്‍ തടങ്കല്‍ പരിചരണമാണ് നാമവര്‍ക്കു നല്‍കുന്നതെങ്കില്‍ അതവര്‍ മറികടക്കാനവര്‍ എല്ലാ പഴുതുകളിലും ചെന്നുമുട്ടും. സ്നേഹത്തിന്‍റെയും സ്വാ തന്ത്ര്യത്തിന്‍റെയും ഉറവിടങ്ങള്‍ കിട്ടാവുന്നിടത്തോളം തേടിപ്പോകും. അതവരെ ചതിക്കുഴികളിലേക്കാണ് പൊതുവെ നയിക്കാറുള്ളത്. അതില്‍ നിന്ന് മുക്തമാവാന്‍ പിന്നീട് ഒരിക്കലുമാവില്ല അവര്‍ക്ക്. അതിന്‍റെ കണ്ണികള്‍ മുറുകുകയേയുള്ളൂ. അവന്‍ നിങ്ങളില്‍ നിന്ന് കൈവിട്ടു പോകാന്‍ വരെ അത് ഹേതുവായേക്കാം.
മതം പഠിപ്പിക്കുന്നത് നിര്‍ബന്ധിത നിസ്കാരത്തിന്‍റെ കാര്യത്തില്‍ പോലും ഏഴുവയസ്സിനു മുന്പ് നിങ്ങളവരെ അടിക്കരുതെന്നാണ്. മനഃശാസ്ത്രം പറയുന്നതും മറിച്ചല്ല. പ്രഹരങ്ങള്‍ക്കും പരാക്രമങ്ങള്‍ക്കും പകരം സ്നേഹ സമീപനങ്ങളാല്‍ നാമവരെ കീഴടക്കണം.
നിന്നു തിരിയാന്‍ സമ്മതിക്കാതെ കടുത്ത നിയന്ത്രണങ്ങളില്‍ ബ്രോയിലര്‍ ജീവിതമാണ് അവര്‍ക്കു നാം നല്‍കുന്നതെങ്കില്‍ തീര്‍ച്ചയായും സൂക്ഷിക്കുക. ഭാവിയില്‍ പ്രശ്ന സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കാനാവാതെ അന്തിച്ചു നില്‍ക്കുമവന്‍. മനസു മുരടിച്ച് കൊച്ചു പ്രതിബന്ധങ്ങളില്‍ പോലും തളര്‍ന്നു പതറും. അതിനാല്‍ ചെറുപ്പം മുതലേ പ്രയാസങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കണം. അവരുടെ കുസൃതികള്‍ക്കും കൊച്ചു വിനോദങ്ങള്‍ക്കും തടസ്സം നില്‍ക്കരുത്. എപ്പോഴുമൊരു കണ്ണു വേണമെന്നു മാത്രം.
മഴ നനഞ്ഞു ശീലമായവനേ ഇടയ്ക്ക് മഴയത്ത് പെട്ടു പോയാലും നിന്നു കൊള്ളാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് ചാറ്റല്‍ തട്ടിയാല്‍ മതി. ജലദോഷവും ന്യൂമോണിയയും പ്രതിരോധിക്കാന്‍ പ്രയാസപ്പെടും. മൊസൈക്കിട്ട മുറ്റത്തു നിന്നും ഷൂ ധരിച്ചു മാത്രം സ്കൂള്‍ ബസ്സില്‍ കയറുന്ന മക്കളെങ്ങനെ മണ്ണിന്‍റെ കുളിര്‍മ്മയറിയും. നാം വികസിക്കുന്തോറും പ്രകൃതിയെ നാം അതിരുകള്‍ക്കപ്പുറം നിര്‍ത്തുന്നതു മൂലമാണ് ശാരീരിക പ്രതിരോധങ്ങള്‍ നേര്‍ത്തു നേര്‍ത്തു വരുന്നതും അതിമാറാവ്യാധികള്‍ തിമിര്‍ത്താടുന്നതും.
നമ്മുടെ സന്താനങ്ങള്‍ കൈവിട്ടു പോകാതിരിക്കണമെങ്കില്‍ കരുതലോടെയുള്ള പരിചരണവും സമീപനങ്ങളും കൂടിയേ തീരൂ. വഴിവിട്ടു ചിന്തിക്കാനുള്ള വിദ്യകള്‍ അവര്‍ക്ക് ചൊരിഞ്ഞു നല്‍കുന്ന സ്രോതസ്സുകള്‍ പെരുകിക്കൊണ്ടേയിരിക്കുന്ന ഇക്കാലത്ത് സ്നേഹച്ചിറകുകളുടെ ചൂടും കുളിര്‍മയും നാമവര്‍ക്ക് നല്‍കി കാവലിരുന്നേ മതിയാവൂ.