വായന

സുഹൃത്തെ സ്നേഹപൂര്‍വ്വം

3

സുഹൃത്തെ, ഒരു നിമിഷം!
പശു തിന്നുന്നു, നമ്മളും തിന്നുന്നു.
ആടു നടക്കുന്നു, നമ്മളും നടക്കുന്നു.
പോത്തുറങ്ങുന്നു, നമ്മളും ഉറങ്ങുന്നു.
ഇവയൊന്നും ചിന്തിക്കുന്നില്ല, നമ്മളും ചിന്തിക്കുന്നില്ല.
പിന്നെന്താണൊരു വ്യത്യാസം!
എല്ലാം തുല്യംതന്നെ അല്ലേ!
എന്നാല്‍ ചിലര്‍ മറുപടി പറയും, ആദ്യത്തെ മൂന്നും ഓക്കെ,. നാലാമത്തെത് തെറ്റ്. നാം ബുദ്ധിയുപയോഗിച്ച് ചിന്തിക്കുന്നു. അവകള്‍ക്ക് ബുദ്ധിയില്ല, അവകള്‍ ചിന്തിക്കുന്നുമില്ല. എന്നാല്‍ മനുഷ്യന്‍ ബുദ്ധിയുപയോഗിച്ചു ചിന്തിക്കുന്നുണ്ടായേക്കാം. സിംഹഭാഗ വും അങ്ങനെയല്ല. അവര്‍ ചിന്തിക്കുകയാണങ്കില്‍ ഇവിടെ കോടിക്കണക്കിനു ദൈവങ്ങളോ, മതങ്ങളോ, വ്യത്യസ്ത വിശ്വാസങ്ങളോ, അന്ധമായി അനുകരിക്കപ്പെട്ട അനാചാരങ്ങളോ ഉണ്ടാവുകയില്ല. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിപ്പിക്കേണ്ട മസ്തിഷ്കം വേണ്ടതുപോലെ പ്രവര്‍ത്തിച്ചാല്‍ ഇവിടെ സത്യമായി ഒരു മതം, ഒരു ദൈവം എന്ന രൂപമാണുണ്ടാവുക. തന്‍റെ ബുദ്ധിയുപയോഗിച്ചു പ്രപഞ്ചത്തേയും അതിലെ ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിച്ച് സത്യം മനസ്സിലാക്കാനാണ് “സുഹൃത്തെ സ്നേഹ പൂര്‍വ്വം…’ എന്ന പുസ്തകത്തിലൂടെ ഫൈസല്‍ അഹ്സനി ഉളിയില്‍ പറയുന്നത്. വിശ്വാസ പരിസരങ്ങളുടെ പാതകളിലൂടെ ഊര്‍ന്നിറങ്ങിയും, ആത്മാവിലുദിക്കുന്ന കൂര്‍ത്ത ചോദ്യങ്ങളിലൂടെ കയറിമറിഞ്ഞും സത്യാന്വേഷണത്തിന്‍റെ സംഗീതാത്മകമായ ഒരു തീര്‍ത്ഥ യാത്രയാണീ ഗ്രന്ഥത്തില്‍ വരച്ചിട്ടിരിക്കുന്നത്.
ആദ്യം ലളിതമായ കാര്യത്തെക്കുറിച്ച് ചിന്തിക്കാം. നാട്ടിന്‍ പുറങ്ങളിലും പട്ടണങ്ങളിലും മറ്റും സര്‍വ്വസാധാരണമായി കാണുന്ന സൈകിള്‍. ഈ സൈക്കിളെങ്ങനെ ഉണ്ടായെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇരുന്പ് കൊണ്ടു നിര്‍മ്മിച്ച കുറെ ദണ്ഡുകള്‍, കന്പികള്‍, നെട്ടുകള്‍, ബോള്‍ട്ടുകള്‍, പല്‍ചക്രങ്ങള്‍, അതിന്‍റെ ഓരോ മുരണയിലും ഇറങ്ങികിടക്കുമാറുള്ള വട്ടച്ചൈന്‍ ആ ചെയ്ന്‍ പല്‍ചക്രഏടാകൂടങ്ങള്‍ വഴി പിന്‍ചക്രത്തെ ചലിപ്പിക്കാന്‍ പരുവത്തില്‍ സംവിധാനിച്ച പെഡലുകള്‍, പിന്‍ചക്രത്തിന്‍റെ തിരിച്ചിലിനൊത്ത് കറങ്ങിക്കൊടുക്കുവാന്‍ വിധേയപ്പെട്ട മുന്‍ചക്രം, അതിനെ ഇഷ്ടാനുസരണം തിരിക്കാനും മറിക്കാനും ബ്രേക്കിടാനും പാകത്തില്‍ ഘടിപ്പിച്ച ഹാന്‍റില്‍ ബ്രേക്ക് ഘടന. പിന്നെ, കുഷ്യന്‍ സീറ്റ്, ഇരുന്പ് ബെല്‍, മിറര്‍, മഡ്ഗാഡ് ഇതെല്ലാം ചേര്‍ന്ന ലളിത സങ്കീര്‍ണ്ണമായ ഒരു ഉപകരണ സംവിധാനമാണ് സൈക്കിള്‍. ഇനി ഒരു സൈക്കിള്‍ സവാരി അതിനു വേണം രണ്ടു മൂന്ന് കാര്യങ്ങള്‍ ഒന്ന്ഇപ്പറഞ്ഞ ഉപകരണഭാഗങ്ങള്‍, രണ്ട്അതിനെ ഈ രൂപേനെ സംയോജിപ്പിക്കുന്ന ഒരു തത്വം. മൂന്ന്ബാലന്‍സ് നിലനിര്‍ത്തി അത് ചവിട്ടിയോടിക്കാനുള്ള പരിശീലനവും പരിചയവും.
സൈക്കിള്‍ കണ്ടെത്തിയിട്ടില്ലാത്ത ഒരു കാലത്തിലേക്ക് പോകാം. പരസ്പര ബന്ധിതമായ ഒരു ഉപകരണ ശൃംഖല രൂപീകരിച്ച് ആളെ യും പുറത്തിരുത്തി ഓടുന്ന ഒരു യന്ത്രം എങ്ങനെ രൂപീകരിക്കാം എന്നതിനെക്കുറിച്ച് ഒരാള്‍ വളരെ കാര്യമായി ആലോചിച്ചിരിക്കണം. ദീര്‍ഘമായ മനനത്തിനും നിര്‍മ്മാണത്തിനും പാളിച്ചകള്‍ക്കും, തിരുത്തലുകള്‍ക്കുമെല്ലാം ഒടുവിലായിരിക്കണം സൈക്കിളിന്‍റെ പ്രാകൃത രൂപം തന്നെ രൂപപ്പെട്ടിരിക്കുക. സൈക്കിള്‍ രൂപപ്പെട്ടാലുടന്‍ അതില്‍ ചവിട്ടിപ്പോവാനാവില്ല. ക്രമേണ മറ്റൊരാളുടെ സഹായത്തോടെ ഊന്നിയിരുന്ന് തെന്നിയും പിഴച്ചും ഒടിഞ്ഞുവീണുമൊക്കെ പരിശീലിച്ചാണ് സൈക്കിള്‍ സവാരി സാധ്യമാവുന്നത്.
ഇതൊരു സൈക്കിളിന്‍റെ കാര്യം. ഇനി നമ്മുടെ ചിന്താപഥത്തിലേക്ക് കുറച്ചുകൂടി സങ്കീര്‍ണ്ണമായി ഓരോരുത്തരും കടന്നുവര ണം. മോട്ടോര്‍സൈക്കിള്‍, പത്തന്പതാളുകളെ വയറ്റിലാക്കി കുതിച്ചു പായുന്ന ബസ്, പടുനീളന്‍ തീവണ്ടി, വെള്ളത്തിലൂടെ ഏതെങ്കിലും കരലക്ഷ്യമാക്കി നീന്തുന്ന കപ്പല്‍, പറവകളെപ്പോലെ അന്തരീക്ഷത്തിലൂടെ പറന്നുയരുന്ന വിമാനം ഇങ്ങനെ ഓരോന്നിനെക്കുറിച്ചും ചിന്തിക്കുന്പോള്‍ ഒരു പൊതു തത്വം കാണാന്‍ കഴിയുന്നു. ഒന്നുകില്‍ ഇവിടെ എല്ലാം സ്വയം ഉണ്ടാവുന്നു. ടാറ്റയുടെയും ലൈലാന്‍റിന്‍റെയും ഹോണ്ടയുടെയും കന്പനികള്‍ ഇവിടെ ഉണ്ടായിട്ടില്ലങ്കില്‍ പോലും അവയുടെ വാഹനങ്ങള്‍ ഇവിടെ ഉണ്ടാവും. അല്ലങ്കില്‍ ഇതിന്‍റെ പിന്നില്‍ ഒരു ശക്തിയുണ്ട്. മസ്തിഷ്കം പ്രവര്‍ത്തനയോഗ്യമാവുന്പോള്‍ ഇതിന്‍റെ പിന്നിലെല്ലാം എന്തൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇനി ചിന്ത വിവിധ വഴികളിലേക്ക് തിരിച്ചുവിടാം. എങ്ങനെ രാവിലെയുണ്ടാവുന്നു?, വൈകുന്നേരമാവുന്നു?, ഞാനെങ്ങനെയുണ്ടായി?, എല്ലാവരും വ്യത്യസ്തമായി എങ്ങനെ പ്രസവിക്കപ്പെട്ടു?, വ്യത്യസ്ത രീതികളില്‍ ഓരോരുത്തരും ജീവിക്കുന്നു?, ചിലര്‍ ആഢംബര ജീവിതം നയിക്കുന്നു. മറ്റുചിലര്‍ ജീവിതം എങ്ങനെയോ ഒത്തുപോകുന്നു. ചിലര്‍ വേദനകള്‍ തിന്നു നരകിക്കുന്നു. ഇങ്ങനെ പലകോലത്തില്‍, ഭാവത്തില്‍ രൂപത്തില്‍ ഇതൊക്കെ ഈ ലോകത്ത് അസമത്വം കൊടികുത്തി വാഴുന്നതിന്‍റെ നേര്‍കാഴ്ചകളാണ്. അക്രമിക്ക് ജീവിക്കാം നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു. പത്തു പേരെ കൊന്നവന്നും ഒരാളെ കൊന്നവന്നും ഒരേ ശിക്ഷ. ഇവിടെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്ക് വേതനം വേണ്ട, വൃത്തികെട്ട തെമ്മാടിത്തരങ്ങള്‍ക്കു ശിക്ഷയും വേണ്ട എന്ന സിദ്ധാന്തമാണിവിടെ നിലനില്‍ക്കുന്നത്.
ഇത്രയും സങ്കീര്‍ണ്ണമായി ചിന്തിക്കുന്പോള്‍ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഏതോ ഒരു ശക്തിപ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ കഴിയുന്നു. രാവിലെയും വൈകുന്നേരവും കൃത്യമായി നിര്‍ണ്ണയിക്കാന്‍, മനുഷ്യനെ വിവിധ രൂപത്തില്‍, നിറത്തില്‍, കോലത്തില്‍ സൃഷ്ടിക്കാന്‍, വളരാന്‍, സൗരയൂഥ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിയന്ത്രിക്കാന്‍ അങ്ങനെ ഈ പ്രപഞ്ചത്തിലുള്ള എല്ലാം നോക്കിനടത്തുന്ന ഒരു ശക്തിയുണ്ട്. അതിനെ സങ്കല്‍പ്പിക്കാം. അതൊരു മനുഷ്യനോ, കല്ലോ മണ്ണോ മറ്റുജന്തുക്കളോ ഒന്നുമായിരിക്കില്ല. അങ്ങനെയുള്ള ചിത്രമാണ് നമ്മുടെ മനസ്സില്‍ തെളിയുന്നതെങ്കില്‍ അത് തെറ്റുതന്നെയാണ്. കാരണം നമ്മെപ്പോലെ തിന്നുകയും, കുടിക്കുകയും, ഉറങ്ങുകയും, വിയര്‍ക്കുകയും, ക്ഷീണിക്കുകയും, കോട്ടുവായിടികുകയും, മൂത്രിക്കുകയും കോട്ടുവായിടുകയും പെണ്ണിനെ കെട്ടിപ്പിടിക്കുകയും ലിംഗ സംഗമം നടത്തുകയും, ദു:ഖിക്കുയും സന്തോഷിക്കുകയും, ചിരിക്കുകയും കരയുകയും ചെയ്യുന്ന വെറും മനുഷ്യാരായിരിക്കും നിങ്ങള്‍ സങ്കല്‍പ്പിച്ചത്.കൊത്തിയുണ്ടാക്കിയ ശില്‍പ രൂപത്തേയും ദൈവമായി പ്രതിഷ്ഠിക്കുന്നതെങ്കില്‍, നിശ്ചലവും നിസ്സഹായവുമായ ഒരു കല്ല്, അതും നിങ്ങളെപ്പോലുള്ള മറ്റൊരാള്‍ കൊത്തിയുണ്ടാക്കിയ ശിലാകഷ്ണം ഈ തന്പുരാനെയാണ് നിങ്ങളും ഹൃദയത്തില്‍ വരച്ചത്.
ഇങ്ങനെ അര്‍ത്ഥമായ പലതും മനസ്സില്‍ വരച്ച നിങ്ങള്‍ക്കൊരു ചോദ്യം സംവത്സരങ്ങള്‍ക്കും യുഗാന്തരങ്ങള്‍ക്കുമപ്പുറം ഭൂമിയേയും സൂര്യനെയും ഇല്ലായ്മയില്‍ നിന്നും സൃഷ്ടിച്ച് കൃത്യമായ അകലത്തില്‍ നിര്‍ത്തി പതിനായിരം കോടി നക്ഷത്രങ്ങളെയും ഗ്യാലക്സികളെയും പണിത് ഒരു ഏറ്റുമുട്ടലുകളുമില്ലാതെ പരസ്പരം ആകര്‍ഷിക്കുകയും കറങ്ങുകയും ചെയ്യുന്ന അതിസങ്കീര്‍ണ്ണമായ പ്രപഞ്ച വ്യവസ്ഥ ഉണ്ടാക്കിയത് ആരായിരിക്കും? അയാളെയല്ലേ വിശ്വസിക്കേണ്ടത്? നിങ്ങള്‍ ആരാധിക്കുന്ന മനുഷ്യനും കല്ലും മറ്റും പ്രപഞ്ചം രൂപപ്പെടുത്തുന്നതിനു മുന്പ് എവിടെയായിരുന്നു? ഉത്തരം കാണേണ്ടതുണ്ട്.
ഇനി നെഞ്ചത്ത് കൈവെച്ച് ചിലകാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. വസ്തുതകള്‍ ബുദ്ധിപൂര്‍വ്വം വിലയിരുത്തുകയും സത്യാസത്യങ്ങള്‍ വേര്‍ത്തിരിക്കുകയും ചെയ്യുന്നത് ബുദ്ധിയുള്ള ഏതൊരുത്തന്‍റെയും അവകാശമാണ്. കണ്ണ് കൊണ്ട് നോക്കി ഉദ്ധിഷ്ട ലക്ഷ്യങ്ങളിലേക്ക് നടന്നു പോകുന്നതു പോലെ ബുദ്ധിയുപയോഗിച്ച് ചിന്തിച്ച് യുക്തിപൂര്‍വ്വമായ പാതകള്‍ തെരെഞ്ഞെടുക്കേണ്ടതുണ്ട്.
അണ്ഡകടാഹങ്ങളുടെ അധിപനായ അല്ലാഹു, ആരാധിക്കാനര്‍ഹതപ്പെട്ട ഏകന്‍ അവനില്‍ വിശ്വാസ മര്‍പ്പിക്കാം നമുക്ക് സകലതിനെയും സൃഷ്ടിക്കുകയും സകല കാര്യങ്ങളും കൃത്യമായി അറിയുകയും ഏല്ലാറ്റിനും കൃത്യമായി പ്രതിഫലം നല്‍കുകയും ചെയ്യുന്ന തന്പുരാനാണവന്‍. അവനൊരു സൃഷ്ടിയല്ല. സ്രഷ്ടാവാണ്. അവനൊരു മതമുണ്ടാക്കിയിട്ടുണ്ടിവിടെ, ഇസ്ലാം. സത്യമായി, വൈരുദ്ധ്യങ്ങളില്ലാതെ ലോകത്ത് നിലനില്‍ക്കുന്ന ഏക മതം. അതിന്‍റെ നിയമങ്ങളും നയങ്ങളും വിധികളും വിധങ്ങളും സൃഷ്ടികള്‍ക്ക് പഠിപ്പിക്കാനും പറഞ്ഞുകൊടുക്കാനും അവന്‍റെ ദൂതന്‍മാരെ അയച്ചിട്ടുണ്ട്. പ്രവാചകര്‍ അതിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി(സ). “ഖുര്‍ആന്‍’ എന്ന പരിശുദ്ധ ഗ്രന്ഥവുമായി അവതരിച്ചവരാണവര്‍. ഇസ്ലാമിന്‍റെ ഭരണഘടന എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ഗ്രന്ഥം ലോകത്തുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. മതം, ശാസ്ത്രം, രാഷ്ട്രീയം, സാംസ്കാരികം, സാഹിത്യം, ചരിത്രം തുടങ്ങിയെല്ലാം അതിലുള്‍പ്പെടുന്നു.
ബുദ്ധിയുപയോഗിച്ചു ചിന്തിച്ച് ഇസ്ലാം ഗവേഷണം നടത്തിയ പല പ്രക്ഷുകരങ്ങളുണ്ടിവിടെ. ദീര്‍ഘകാലം ക്രസ്ത്യന്‍ പണ്ഡിതനായി ജീവിച്ച് ഒടുവില്‍ ശാസ്ത്രവും ഖുര്‍ആനും ബൈബിളും താരതമ്യം ചെയ്ത് ഇസ്ലാം പുല്‍കിയ മോറിസ് ബുക്കായി. പ്രശസ്ത സാഹിത്യകാരനും രാജ്യതന്ത്രജ്ഞനുമായ മുഹമ്മദ് അസദ് (ലിയോപോള്‍ഡ് പെയ്സ്), ലോകോത്തര ബോക്സിംഗ് ചാന്പ്യനായിരുന്ന കാഷ്യസ് ക്ലേ, മുറാസ്ട് വില്‍ഫ്രീസ് ഹോയ്ലര്‍, പ്രശസ്ത കവിയത്രി മാര്‍ഗരറ്റ് മാര്‍കസ്, ഇങ്ങനെ ധാരാളമാളുകള്‍. ഇവരെല്ലാം സത്യം കണ്ടെത്തിയവരാണ്.
സുഹൃത്തെ, സത്യം മനസ്സിലാക്കണം. വിശ്വാസ പരസിരങ്ങളുടെ ഊടുപാതകളിലേക്കിറങ്ങിച്ചെല്ലണം. ആത്മവിലുദിക്കുന്ന കറുത്ത ചോദ്യങ്ങള്‍ക്ക് സത്യന്വേഷണം നടത്തണം. ബുദ്ധിയുപയോഗിച്ച് യുക്തിഭദ്രമായ ചിന്തയുണ്ടായാലെ ഇത് സാധ്യമാവൂവെന്ന്. “സുഹൃത്തെ സ്നേഹ പൂര്‍വ്വം…’ എന്ന കൃതിയിലൂടെ ഫൈസല്‍ അഹ്സനി ഉളിയില്‍ ഓര്‍മ്മപ്പെടുത്തുന്നു. മസ്തിഷ്കത്തെ പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഉതകുന്ന ഒരു കൃതിയാണിത്. കഥപോലെ വായിക്കാനും കവിതപോലെ ആസ്വദിക്കാനും കഴിയുന്നത്. സത്യം കാംക്ഷിക്കുന്ന ഓരോ ഇതരമതസ്ഥരും വിശ്വാസത്തിന്‍ കെട്ടുറപ്പില്ലാത്തവരും നിര്‍ബന്ധമായും ഈ പുസ്തകം വായിക്കേണ്ടതുണ്ട്.

 

CONTACT:

IPC Office,

Areacode Majmau

Thazhathangadi, Areacode (PO)

Malappuram673639 Kerala, India

PHONE: 9847733918,8891111458

Leave a Reply

Your email address will not be published. Required fields are marked *