ഇന്ന് ലോകത്ത് വിവിധ രീതിയില്‍ വര്‍ഷത്തിന്‍റെ കാലയളവ് കണക്കാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ മാനദഇണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വിവിധ ഗ്രഹങ്ങളുടെയും അവയുടെ ഉപഗ്രഹങ്ങളുടെയും ചലനമനുസരിച്ച് വര്‍ഷത്തിന്‍റെ കാലയളവ് കണക്കാക്കുന്നതായി കാണാന്‍ കഴിയും. ഇന്ന് പ്രധാനമായും പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നത് സൗരവര്‍ഷ രീതിയാണ്. ഹിജ്റ വര്‍ഷം എന്നറിയപ്പെടുന്ന ചന്ദ്രവര്‍ഷം എന്നതും കൂടുതല്‍ പ്രചാരത്തോടെ നിലവിലുളളതില്‍ പെട്ടതാണ്. ഈ രണ്ട് കലണ്ടറിലെയും ദിവസങ്ങളുടെ എണ്ണത്തില്‍ അന്തരം കാണാന്‍ കഴിയും. പന്ത്രണ്ട് മാസങ്ങളാണ് ഇതില്‍ രണ്ടിലുള്ളതെങ്കിലും സൗരവര്‍ഷമനുസരിച്ച് ഒരു വര്‍ഷം 3651/4 ദിവസവും ചന്ദ്രവര്‍ഷമനുസരിച്ച് 355 ദിവസവുമാണുള്ളത്. വിവിധ സമൂഹങ്ങളും മതങ്ങളും സൗരവര്‍ഷത്തെ അവലംബിക്കുന്പോള്‍ ഇസ്ലാം മതം അതിന്‍റെ അനുഷ്ഠാനപരമായ പല കാര്യങ്ങള്‍ക്കും ചന്ദ്രവര്‍ഷത്തെയാണ് ആശ്രയിക്കുന്നത്. ഹിജ്റ വര്‍ഷത്തിന് സൗരവര്‍ഷത്തെപ്പോലെ മുന്‍കൂട്ടി കലണ്ടര്‍ നിര്‍മ്മിക്കുക എന്നത് പ്രയാസകരമാണ്. ശേഷം വരുന്ന മാസത്തിന്‍റെ പിറവിയനുസരിച്ച് മാസത്തിന്‍റെ എണ്ണം കണക്കാക്കുന്ന രീതിയാണ് ചാന്ദ്രിക കലണ്ടറിന് ഉപയോഗിക്കുന്നത് എന്നതിനാല്‍ തന്നെ മാസപ്പിറവിക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്. മാസപ്പിറവിയുടെ മതപരമായ വശങ്ങള്‍ ചിന്തിക്കാതെ ശാസ്ത്രയുക്തിക്കു പ്രധാന്യം കൊടുക്കുന്നവര്‍ വര്‍ദ്ധിക്കുന്ന കാലമാണിത്. ഇവിടെയാണ് അബ്ദുല്‍ ഖാദര്‍ അഹ്സനിയുടെ മാസപ്പിറവി: മതവും ശാസ്ത്രവും എന്ന പുസ്തകത്തിന്‍റെ പ്രസക്തി. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഇസ്ലാമിക വീക്ഷണങ്ങളും, ശാസ്ത്ര രീതികളും വ്യക്തമാക്കുകയാണ് തന്‍റെ കൃതിയിലൂടെ അദ്ദേഹം ചെയ്യുന്നത്. മാസപ്പിറവിയുടെ വിഷയത്തില്‍ മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും നിലപാടുകള്‍ നിരത്തുന്നുണ്ട്.
ചാന്ദ്രിക കലണ്ടറുമായി ബന്ധപ്പെട്ട മാസപ്പിറവി, അതിന്‍റെ ഇസ്ലാമിക കാഴ്ചപ്പാടുകള്‍, വിവിധ വീക്ഷണങ്ങള്‍ വ്യത്യസ്ത വിഭാഗക്കാരുടെ വിയോജിപ്പുകള്‍, ദിനാരംഭം, മാസാരംഭം, വര്‍ഷത്തിന്‍റെ കാലയളവ്, ചാന്ദ്രിക കലണ്ടറില്‍ ശാസ്ത്രത്തിന്‍റെ രീതി, ചാന്ദ്രിക കലണ്ടറിന്‍റെ പ്രസക്തി എന്നിവയെല്ലാം ഗ്രന്ഥകാരന്‍ തന്‍റെ കൃതിയിലൂടെ തുറന്നു കാട്ടുന്നുണ്ട്. വ്യത്യസ്ത മാനദണ്ഢങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ചാന്ദ്രിക വര്‍ഷത്തോട് ഇസ്ലാമിന്‍റെ വ്യക്തമായ മുഖം കാണിച്ചു കൊടുക്കുകയാണ് രചയിതാവ്.
വിവിധ പ്രത്യയ ശാസ്ത്രങ്ങള്‍ക്കിടയില്‍ ഇസ്ലാം മാത്രം ചന്ദ്രവര്‍ഷത്തെ മാനദണ്ഢമാക്കുന്നതിന് ചില യുക്തികളുണ്ട്. ചന്ദ്രവര്‍ഷം അനുസരിച്ച് മതാനുഷ്ഠാനുങ്ങള്‍ നിര്‍വഹിക്കുന്പോള്‍ മാറി മാറി വരുന്ന കാലാവസ്ഥാ പ്രതിസന്ധികളില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം. നോന്പ്, ഹജ്ജ് പോലെയുള്ള ഇസ്ലാമിലെ അതിപ്രധാനമായ വാര്‍ഷികാനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും പെരുന്നാള്‍ പോലുള്ള ആഘോഷ സുദിനങ്ങളും ഏതെങ്കിലുമൊരു ഋതുവില്‍ തളച്ചിടാത്ത സാഹചര്യമുണ്ടാകുന്നു. ഇതുകൊണ്ടു തന്നെ സാധാരണ ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്കനുസരിച്ച് പ്രകൃതിയോടിണങ്ങി ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകാന്‍ കഴിയുന്നു.
ശാസ്ത്രം പുരോഗമിക്കാത്ത കാലത്തു തന്നെ ഏതൊരു മനുഷ്യനും മാനത്തു നോക്കി ചന്ദ്രന്‍റെ ഗതിവിധികള്‍ അറിയാനും അതു വഴി മാസനിര്‍ണ്ണയം നടത്താനും സാധിക്കുമായിരുന്നു. അസ്ട്രോണമിയുടെ പുരോഗമനത്തോടെ ഭൂമിയുടെ ചലനങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ജൂലിയസ് സീസറുടെ കാലത്താണ് സൗരവര്‍ഷക്കലണ്ടറിന് തുടക്കമായത്. എന്നാല്‍ ചാന്ദ്രിക കലണ്ടറിന്‍റെ മാനദണ്ഢം മാനത്തു തെളിയുന്ന വൃദ്ധിക്ഷയങ്ങാണ് എന്നതിനാല്‍ എക്കാലത്തെയും ജനങ്ങള്‍ക്ക് സ്വീകരിക്കാവുന്നതും അവലംബിക്കാവുന്നതുമാണ്. ചന്ദ്രിക കലണ്ടറിനു പിന്നാലെ നടന്നു സൗരവര്‍ഷത്തെ അവഗണിക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ല.
ഒരു ചന്ദ്രമാസമെന്നത് ഇസ്ലാമിക വീക്ഷണത്തില്‍ ഒരു ചന്ദ്രപ്പിറവി മുതല്‍ മറ്റൊരു ദര്‍ശനം വരെയുള്ള കാലഘട്ടമാണ്. ഇങ്ങനെയാണ് പ്രവാചകന്‍ നിര്‍ണ്ണയിച്ചിട്ടുള്ളത്. എന്നാല്‍ സൈനോഡിക് മാസപ്രകാരം ഒരു ചന്ദ്രമാസമെന്നത് ഒരു ന്യൂമൂണ്‍ മുതല്‍ അടുത്ത ന്യൂമൂണ്‍ വരെയുള്ള കാലയളവാണ്. ഇതാണ് മാസനിര്‍ണയത്തിന് ആധാരമാക്കേണ്ടതെന്ന ന്യായവുമായി ഇസ്ലാമില്‍ തന്നെ ഈയിടെ ചെറിയൊരു ന്യൂനപക്ഷം കടന്നു കൂടിയിട്ടുണ്ട്. മതത്തിന്‍റെ ലളിത വശങ്ങളെ കുറിച്ച് ബോധമില്ലാത്തവരാണെന്ന് പറയുകയേ പോംവഴിയുള്ളൂ…
അല്ലാഹു പറയുന്നു. പ്രവാചകരേ, താങ്കളോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക, മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും, കാലനിര്‍ണയത്തിനുള്ള ഉപാധികളാവുന്നു അവ .(2:189) നിങ്ങളിലാരെങ്കിലും മാസത്തിനു സാക്ഷിയായാല്‍ വ്രതമെടുത്തു കൊള്ളട്ടെ, (2:185). ഈ വിശുദ്ധ വചനങ്ങള്‍ ഇസ്ലാമിക കര്‍മ്മങ്ങളുടെ അടിസ്ഥാനം വിളിച്ചു പറയുന്നുണ്ട്. ചാന്ദ്രിക കലണ്ടറും ഇസ്ലാമിക അനുഷ്ഠാനവുമായുള്ള അഭ്യേമായ ബന്ധവും തുറന്നു കാട്ടുന്നു. ചന്ദ്രോദയം ആരാധനകള്‍ക്കുള്ള മാനദണ്ഢമായതു കൊണ്ടു തന്നെ അത് വീക്ഷിക്കല്‍ സാമൂഹ്യ ബാധ്യതമായ ഫര്‍ള് കിഫായ കൂടിയാണ്. കൂടാതെ മാസപ്പിറവി ദര്‍ശനം മതത്തില്‍ സുപ്രധാന ചടങ്ങും ബദ്ധശ്രദ്ധയോടെ നിര്‍വഹിക്കേണ്ടതുമാണ്.
ഇസ്ലാമിലെ മാസനിര്‍ണ്ണയത്തിനു നിദാനമാകേണ്ടത് നഗ്നനേത്രം കൊണ്ടുള്ള പുതിയ ചന്ദ്രപ്പിറവിയുടെ കാഴ്ചയാണെന്നാണ് പ്രവാചകാധ്യാപനം. നാളിതു വരെ മുസ്ലിം പണ്ഡിതന്മാര്‍ തുടര്‍ന്നു വരുന്ന രീതിയും ഇതുതന്നെ. അതോടൊപ്പം ഓരോ (ഉദയാസ്തമയ വ്യത്യാസമില്ലാത്ത)പ്രദേശത്തേക്കും അതാത് പ്രദേശത്തെ കാഴ്ചയാണ് അവലംബിക്കേണ്ടതെന്നു കൂടി പ്രമാണങ്ങള്‍ പറയുന്നു. വിവിധ ഹദീസുകളിലൂടെ വ്യക്തമാണിക്കാര്യം. ഇത്തരം ഹദീസുകള്‍ പഠന വിധേയമാക്കിയാല്‍ നിലനില്‍ക്കുന്ന വിവാദങ്ങളോടു വിടപറയാന്‍ കഴിയും.
പിറവിദര്‍ശനത്തിനനുസരിച്ച് മാസം കണക്കാക്കുന്ന രീതിയാണ് ശരിയെന്ന് പ്രവാചക വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നതാണ്. മണികഫാനടക്കം പിറവിയെ ആഗോളവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ മുഴുവന്‍ പ്രവാചകാധ്യാപനങ്ങള്‍ കാണാതെയാണ് വിണ്ഡിത്തം വിളിച്ചുകൂവുന്നത്. ഇന്ന് വിവിധ ബിദഈ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന രീതിയെ അവരുടെ മുതുമുത്തപ്പന്മാര്‍ വരേ എതിര്‍ക്കുന്നുണ്ട്. ഇബ്നു തൈമിയ്യ, ഇബ്നു ബാസ് എന്നിവരുടെ വാക്കുകളെല്ലാം ഹിലാല്‍ കമ്മറ്റിക്കും മണിക്ക്ഫാനിസത്തിനുമെല്ലാം നേരെയുള്ള കൂരന്പുകളാണ്. ഇതിനുദാഹരണമായി ഇബ്നുതൈമിയ്യയുടെ ഒരു വാക്യം കാണുക. റമളാനിലും മറ്റും മാസപ്പിറവി കാണും, കാണില്ല എന്നൊക്കെയുള്ള ചില പടുവിഡ്ഢികളായ കണക്കന്മാരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കുന്നവരെ എനിക്കു കാണാനായി ചില ഖാളിമാരാവട്ടെ, ഇത്തരം കണക്കന്മാരുടെ വാക്കില്‍ വിശ്വസിച്ച് നീതിമാന്മാരുടെ സാക്ഷ്യത്തെ കളവാക്കിയവരില്‍ പെട്ടവരെത്രെ.
പുത്തന്‍ പ്രസ്ഥാനക്കാരിലെ സയന്‍റിസ്റ്റുകള്‍ ഇന്നു മാസപ്പിറവി കണ്ടെത്താനുള്ള പുത്തന്‍ രീതികള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലക്ഷ്വദ്വീപിലെ അലിമാണിക്ഫാന്‍റെ നേതൃത്വത്തില്‍ രൂപം പ്രാപിച്ച ഹിജ്റ ഹിലാല്‍ കമ്മറ്റിയാണിതില്‍ പ്രധാനം. ന്യൂമൂണ്‍(കറുത്ത വാവ്), യൂണിവേഴ്സല്‍ ടൈം രാത്രി 12 മണി(ലണ്ടന്‍ നഗരത്തില്‍ രാത്രി 12 മണി), അന്താരാഷ്ട്ര ഡേറ്റ് ലൈന്‍ എന്നീ മാനദണ്ഡങ്ങളാണ് ഇവരുടെ മാസനിര്‍ണയത്തിനുപയോഗിക്കുന്നത്. ലോകം മുഴുവന്‍ പെരുന്നാളും നോന്പും ഏകീകരിക്കണമെന്ന അഭിപ്രായത്തോടെ ഒരു പ്രസ്ഥാനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എവിടെ പിറവി കണ്ടാലും അതടിസ്ഥാനമാക്കി ലോകമെന്പാടും ഏകീകരിക്കുക എന്ന അഭിപ്രായക്കാരാണിവര്‍. മക്കയിലെ പിറവിയും പ്രഖ്യാപനവും പൊതുവായി പരിഗണിക്കണമെന്നു ശഠിക്കുന്ന മറ്റൊരു ന്യൂനപക്ഷം നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കൊന്നും യാതൊരു വിധ പ്രമാണ പിന്തുണയുമില്ല. എന്നാല്‍, ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് കെ.എന്‍.എമ്മിന്‍റെ കീഴിലുള്ള ഹിലാല്‍ കമ്മറ്റി. മതത്തോടൊപ്പം കണക്കും കൂട്ടിക്കുഴച്ചുള്ള ഒരു സാന്പാര്‍ മാസപ്പിറവി നയമാണിവര്‍ മുന്നോട്ടു വെക്കുന്നത്.
ഈ വിധത്തിലുള്ള മുഴുവന്‍ കണ്ടുപിടിത്തങ്ങളും എത്തിച്ചേരുന്നത് അബന്ധങ്ങളുടെ പടുകുഴിയിലേക്കാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട് മാത്രമല്ല ഇവരുടെ വാദഗതികള്‍. ദിനാരംഭം പോലും എവിടെയാണെന്ന് ഇവര്‍ക്കറിയില്ല. മഗ്രിബിനാണ് ദിവസം തുടങ്ങുന്നതെന്ന വാദം യഹൂദരുടെ ആചാരമാണെന്ന് ആണയിട്ടു പറയുന്ന മണിക്ഫാനിസം ഫജ്റ് മുതലാണ് ദിനാരംഭമെന്ന് പറയുന്നു. ഇസ്ലാമിലെ ദിവസ സങ്കല്‍പമെന്നത് ഒരു രാത്രിയുടെ ആരംഭം മുതല്‍ അടുത്ത രാത്രിയുടെ ആരംഭത്തോടെ അവസാനിക്കുന്നതാണ്.
ഇന്ന് ആഗോള തലത്തില്‍ മാസപ്പിറവി ഏകീകരിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം കപട ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. പുത്തന്‍ പ്രസ്ഥാനങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പരിണിതഫലം ആപത്തേറിയതാണ്. അബന്ധങ്ങളുടെ കലവറകളിലാണ് ഇവരെന്നത് സംശയരഹിതമായ വസ്തുതയാണ്.
ഏത് ഇസ്ലാമിക കര്‍മ്മങ്ങള്‍ക്കും പലതരത്തിലുള്ള വിധികളും വിധങ്ങളും നയങ്ങളും നിയമങ്ങളും പുറപ്പെടുവിക്കുന്ന പുത്തനാശയക്കാരുടെ പോയത്തം മനസ്സിലാക്കേണ്ടതുണ്ട്. വിവിധയിനം നയങ്ങളിലൂടെ മാസപ്പിറവിയും ദിനാരംഭവും നിര്‍ണ്ണയിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളെക്കുറിച്ച് തന്‍റെ കൃതിയില്‍ അബ്ദുല്‍ ഖാദിര്‍ അഹ്സനി വ്യക്തമാക്കുന്നുണ്ട്. പെരുന്നാളിനെ ഹറാമാക്കിയും വെള്ളിയാഴ്ച ജുമുഅക്കും ഇഅ്തികാഫിനും വ്യത്യസ്ത വീക്ഷണങ്ങള്‍ നല്‍കിയും കാട്ടിക്കൂട്ടുന്ന കോപ്രായത്തരങ്ങള്‍ കൃതിയില്‍ തുറന്ന് കാട്ടുന്നുണ്ട്. മതവുമായി ഒരു ബന്ധവുമില്ലാത്ത ഹിലാല്‍ കമ്മിറ്റിയുടെ ശാസ്ത്ര രാഹിത്യം കൂടി രചയിതാവ് വെളിച്ചത്താക്കുന്നുണ്ട്.
വിവിധ വിഭാഗങ്ങള്‍ പലതരത്തില്‍ മാസപ്പിറവിക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ നല്‍കുന്ന നേരത്ത് ഇത്തരമൊരു കൃതിയുടെ ആവശ്യകത വിളിച്ചുകൂവേണ്ടതില്ല. പല വിധേന വിടുവായത്തം വിടുന്ന വായാടികളുടെ കെണിയില്‍ പെടാതിരിക്കാന്‍ മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഗഹനവിഷയങ്ങള്‍പോലും സാധാരണക്കാരനു ഗ്രാഹ്യമാകുന്ന സരളമായ രീതിയിലാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാസപ്പിറവിയുടെ മതവും ഗോളശാസ്ത്രവും വിവരിക്കുന്ന ഈ പുസ്തകവും എല്ലാ കാലത്തും എല്ലാവര്‍ക്കും ഒരു പോലെ പ്രയോജനമാണ്.
IPC Office,
Areacode Majmau
Thazhathangadi, Areacode (PO)
Malappuram673639 Kerala, India