2014 May-June അനുസ്മരണം ആത്മിയം ചരിത്ര വായന പഠനം മതം

സഅദുദ്ദീനു തഫ്താസാനി; നിസ്തുലനായ ധിഷണശാലി

എട്ടാം നൂറ്റാണ്ടില്‍ വിജ്ഞാന വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് മസ്ഊദ്ബ്നു ഉമര്‍ എന്ന സഅദുദ്ദീനുത്തഫ്താസാനി(റ). വിവിധ നാടുകളില്‍ ചുറ്റിക്കറങ്ങി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്ത് ജ്ഞാനം നുകരാനും പിന്നീട് അത് പ്രസരിപ്പിക്കാനും വേണ്ടിയായിരുന്നു അദ്ദേഹം ജീവിതകാലം മുഴുവന്‍ ശ്രമിച്ചത്. തന്‍റെ മുന്പിലുള്ള മുഴുവന്‍ വിജ്ഞാന മേഘലകളിലും കയ്യിടുക മാത്രമായിരുന്നില്ല അതില്‍ അഗാധ പാണ്ഡിത്യവും നേടി അത് ലോകത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തൈമൂറ് ലെങ്കിന്‍റെ രാജസദസ്സിലെ പണ്ഡിതനായ തഫ്താസാനി(റ) ആ കാലഘട്ടത്തില്‍ നിരവധി വൈജ്ഞാനിക സംവാദങ്ങളിലൂടെ ലോകത്ത് വിജ്ഞാനം വിതറുകയായിരുന്നു.
ഹിജ്റ 722 സഫറിലാണ് ജനനം. ഖാളി ഫഖ്റുദ്ദീനുബ്നു ഉമര്‍ എന്നവരാണ് പിതാവ്. സഅദുദ്ദീനുത്തഫ്താസാനി എന്ന മഹാന്‍റെ യത്ഥാര്‍ത്ഥ പേര് മസ്ഊദുബ്നുല്‍ ഖാളി ഫഖ്റുദ്ദീനിബിനു ഉമറുബ്നുമൗലല്‍ അഅ്ളം ബുര്‍ഹാന്‍ അബ്ദുല്ലാഹിബ്നുല്‍ ഇമാം ശംസുദ്ദീന്‍ ഹഖ്വദ്ദീന്‍ എന്നാണ്.
ഇമാം തഫ്താസാനി (റ) വിനെ ചരിത്രകാരന്മാരും പണ്ഡിതന്മാരും പുകഴ്ത്തി മാത്രമേ സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടൊള്ളൂ. അദ്ദേഹത്തിന്‍റെ ധിഷണയെയും ബുദ്ധിയെയും ഏതൊരാളും സമ്മതിച്ചു കൊടുക്കുന്ന കാര്യമാണ്. ഇബ്നുഖല്‍ദൂന്‍ തന്‍റെ മുഖദ്ദിമയില്‍ എഴുതുന്നു. ഖുറാസാനിലെ സഅദുദ്ദീനു തഫ്താസാനി എന്ന പ്രസിദ്ധ പണ്ഡിതന്‍റെ നിരവധി ഗ്രന്ഥങ്ങളുമായി ഈജിപ്തിലായിരിക്കുന്പോള്‍ ഞാന്‍ പരിചയപ്പെടാനിടയായി. വിശ്വാസം, കര്‍മ്മശാസ്ത്രങ്ങളിലും ആലങ്കാരിക ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്‍റെ രചനാ പാടവവും സമര്‍ത്ഥന നൈപുണ്യവും വിളിച്ചോതുന്നവയായിരുന്നു അവ മുഴുവനും. ഇവകൂടാതെ മറ്റൊരുപാട് വൈജ്ഞാനിക ശാഖകളില്‍ അദ്ദേഹം രചിച്ച നിരവധി ഗ്രന്ഥങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. (മുഖദ്ദിത്തുബ്നു ഖല്‍ദൂന്‍)
ഇബ്നുല്‍ ഇമാദ്(റ) തന്‍റെ ശറാദതുദ്ദഹബില്‍ പറയുന്നത് ഇമാം തഫ്താസാനിയുടെ കാലത്ത് വൈജ്ഞാനിക കാര്യങ്ങളിലെ അവസാന വാക്ക് തഫ്താസാനിയുടെതാണെന്നാണ്. (ശറാദത്തുദഹബ്:9319)
ശൈഖ് ലക്നവി പറയുന്നു. ധൈഷണിക വൈജ്ഞാനിക മേഖലകളില്‍ ഇത്രത്തോളം പ്രശോഭിതമായ മറ്റൊരു വ്യക്തിത്വത്തെ കാണാനാവില്ല. ലോകത്താകമാനം പരന്നു കിടക്കുന്ന തന്‍റെ വൈജ്ഞാനിക സമാഹാരങ്ങള്‍ ആ മഹാ പ്രതിഭയുടെ ആഴവും പരപ്പുമാണ് വിളിച്ചറിയിക്കുന്നത്. (ഫവാഇദുല്‍ ബഹിയ്യഃ)
വിജ്ഞാനം കൊണ്ട് ലോകത്തെ വിറപ്പിച്ച തഫ്താസാനി ഇമാമിന്‍റെ ആരംഭം മുതല്‍ അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്‍റെ അപാരമായ പാണ്ഡിത്യത്തിനു പിന്നില്‍ തന്നെ വലിയൊരു ചരിത്രമുണ്ട്. ഇമാമിന്‍റെ കുട്ടിക്കാലം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. ഗ്രാഹ്യ ശക്തിയും ഓര്‍മമശക്തിയും നന്നേ കുറവായിരുന്നു. ദര്‍സില്‍ പഠിക്കുന്നതൊന്നും അദ്ധേഹത്തിന് മനസ്സിലായിരുന്നില്ല. കിതാബുകളുമായി മല്ലിട്ടിട്ടും ശൂന്യത മാത്രമായിരുന്നു ഫലം. എത്രത്തോളെമെന്നാല്‍ ഉസ്താദായ അളുദ് വിഢിത്വത്തിന് ഉദാഹരണം പറയുമായുകയാണെങ്കില്‍ അത് സഅദുദ്ദീനാണെന്ന് പറയുമായിരുന്നു. സഅദിന്‍റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സഹപാഠികള്‍ വില കല്‍പിച്ചിരുന്നില്ല. കാരണം വലിയ അബദ്ധങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നത്. അതിനിടെ സഅ്ദുദ്ദീനുത്തഫ്താസാനി(റ) തനിച്ചിരിക്കുന്നതിനിടയില്‍ ഒരപരിചിതന്‍ വന്നു പറഞ്ഞു. “എഴുന്നേല്‍ക്കൂ സഅദുദ്ദീന്‍, നമുക്കൊരു യാത്ര പോവാം.”
“എന്ത,് നിരന്തരം പരിശ്രമിച്ചിട്ടും എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്നിട്ടാണോ യാത്ര. ഞാന്‍ യാത്ര ചെയ്യാന്‍ വേണ്ടി ജനിച്ചവനല്ല. യാത്ര ചെയ്താലെങ്ങനെയാ എന്‍റെ പഠനം നടക്കുക.?”
തഫ്താസാനിയുടെ പ്രതികരണം കേട്ട അപരിചിതന്‍ തരിച്ചു പോയി.
അല്‍പ സമയം കഴിഞ്ഞ് വീണ്ടും വന്ന അപരിചിതന്‍ സഅ്ദിനോട് യാത്രക്കാവശ്യപ്പെട്ടു. ഉത്തരം തഥൈവ. അപരിചിതന്‍ വെറും കയ്യോടെ മടങ്ങി. മൂന്നാമതും അപരിചിതന്‍ വന്ന് യാത്രക്കാവശ്യപ്പെട്ടു. ആദ്യം പറഞ്ഞ അതേ മറുപടി പറഞ്ഞ് സഅ്ദുദ്ദീനുത്തഫ്താസാനി(റ) ചോദിച്ചു.
“നിന്നേക്കാളും വലിയ വിഢിയെ ഞാന്‍ കണ്ടിട്ടില്ല. നിന്നോടല്ലേ പറഞ്ഞത് ഞാന്‍ യാത്രക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവനല്ലെന്ന്.”
“നിങ്ങളെ റസൂല്‍ (സ) വിളിക്കുന്നു.”
അപരിചിതന്‍റെ മറുപടി കേള്‍ക്കേണ്ട താമസം പരിസരം മറന്ന് ചെരിപ്പ് ധരിക്കാതെ അപരിചിതന്‍റെ കൂടെ കുതിച്ചു. നാടു കടന്ന് മരങ്ങള്‍ നിറഞ്ഞ ഒരു പ്രദേശത്തെത്തിയ സഅ്ദുദ്ദീന്‍ തഫ്താസാനി നബി(സ) തങ്ങളും സ്വഹാബത്തും മരത്തണലിലിരിക്കുന്നത് കണ്ടു. സഅ്ദിനെ കണ്ടതും റസൂല്‍ കരീം (സ) പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു:
“പലതവണ ആളെ അയച്ചിട്ടും വരാത്തതെന്തേ?.”
“അല്ലാഹുവിന്‍റെ റസൂലേ, നിങ്ങളാണ് ആളെ വിട്ടതെന്നറിഞ്ഞിരുന്നില്ല. മോശമായ എന്‍റെ ഗ്രാഹ്യ ശക്തിയെക്കുറിച്ചും ഓര്‍മ്മ ശക്തിയുടെ കുറവിനെക്കുറിച്ചും അങ്ങേക്കറിയില്ലേ…”
സഅദ് റസൂലിനോട് പരാതിപ്പെട്ടു. റസൂല്‍ (സ) സഅ്ദിനോട് വായ തുറക്കാനാവശ്യപ്പെടുകയും അതില്‍ തുപ്പിക്കൊടുത്ത് മടങ്ങാനാവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന് വിജയമുണ്ടാവുമെന്ന സവിശേഷവും നല്‍കി.
അടുത്ത ദിവസം അളുദിന്‍റെ മുന്നില്‍ ക്ലാസിനെത്തിയ ശിഷ്യന്‍ ക്ലാസിനിടയില്‍ സംശയങ്ങള്‍ ചോദിച്ചു. സഹപാഠികള്‍ അത് ഗൗനിച്ചതേയില്ല. പക്ഷേ അല്‍പ സമയം മിണ്ടാതിരുന്ന ഗുരു കരഞ്ഞു കൊണ്ട് പറഞ്ഞു: “സഅ്ദുദ്ദീന്‍ നിന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. ഇന്നലെയുള്ള സഅ്ദല്ല ഇന്നീ കാണുന്നത്.”
തുടര്‍ന്ന് സഅദ് ജ്ഞാനത്തിന്‍റെ ഗിരിപര്‍വ്വങ്ങള്‍ താണ്ടുകയാണ് ചെയ്തത്. തന്‍റെ പതിനഞ്ചാം വയസ്സില്‍ ഗ്രന്ഥരചന ആരംഭിച്ചു. പതിനാറാം വയസ്സില്‍ വ്യാകരണത്തിലെ ശ്രദ്ധേയമായ കൃതി എഴുതി. പിന്നീട് വിത്യസ്ത വിഞ്ജാനീയങ്ങളിലായി ധാരാളം കൃതികള്‍ രചിച്ചു. തര്‍ക്കശാസ്ത്രം, വിശ്വാസശാസ്ത്രം, സാഹിത്യം, അലങ്കാരശാസ്ത്രം, വ്യാകരണം, നിദാനശാസ്ത്രം,ഭാഷാശാസ്ത്രം… തുടങ്ങി ഇമാം കൈവെക്കാത്ത വഴികളില്ല. പേര്‍ഷ്യന്‍ സാഹിത്യത്തിലും അദ്ധേഹം രചനകള്‍ നടത്തി.
ഒരിക്കല്‍ തൈമൂര്‍ രാജാവ് തന്‍റെ സന്ദേശവാഹകനെ ഒരു പ്രധാനപ്പെട്ട ഒത്തു തീര്‍പ്പിനായി പറഞ്ഞയച്ചു. തദവസരത്തില്‍ രാജാവ് അയാളോടായി പറഞ്ഞു.
വഴിയിലെവിടെയെങ്കിലും നിനക്ക് കുതിരയെ ആവശ്യമായാല്‍ എവിടെക്കണ്ടാലും അതിന്‍റെ നീ എടുക്കുക. അത് അബൂ ശാഹ്റബിന്‍റെ അടുക്കലായാല്‍ പോലും. നിനക്ക് കുതിരയെ എടുക്കാനുള്ള സമ്മതമുണ്ട്. വഴിയില്‍ സന്ദേശവാഹകന്‍ സഅദുദ്ദീന്‍ തഫ്താസാനിയുടെ ഖൈമ കാണാനിടയായി. അദ്ദേഹത്തിന്‍റെ കുതിരകളെ അവിടെ കെട്ടിയിട്ടുമുണ്ട്. ഉടന്‍ തന്നെ അയാള്‍ ഖൈമക്കരികില്‍ ചെന്ന് ഒരു കുതിരയെ കൂടെ കൂട്ടി. ഇതു കണ്ട് ഖൈമക്കുള്ളില്‍ നിന്നും പുറത്തു വന്ന തഫ്താസാനി കുതിരയെ പിടിച്ചു വാങ്ങുകയും അയാളെ ശക്തമായി അടിക്കുകയും ചെയ്തു.
സന്ദേശവാഹകന്‍ രാജസന്നിധിയിലെത്തി കാര്യം ബോധിപ്പിച്ചപ്പോള്‍ തൈമൂര്‍ കോപാകുലനായി എന്നിട്ട് അയാള്‍ പറഞ്ഞു. എന്‍റെ മകനാണിതു പ്രവര്‍ത്തിച്ചതെങ്കിലും ഞാനവനെ കൊല്ലും. പക്ഷേ, എന്‍റെ വാളുമായി ഞാന്‍ ഏതൊരു നാട്ടില്‍ പ്രവേശിക്കും മുന്പ് അവിടെ തന്‍റെ ഗ്രന്ഥങ്ങളെത്തുന്ന ഒരു മഹാനെ ഞാന്‍ എങ്ങനെ വധിക്കും. തൈമൂറിന് പ്രതികരിക്കാനായില്ല. തഫ്താസാനി ഇമാമിന്‍റെ ജ്ഞാന സന്പത്തിനെ ആദരിക്കുകയായിരുന്നു.
എട്ടാം നൂറ്റാണ്ടില്‍ പെയ്തിറങ്ങിയ വൈജ്ഞാനിക വസന്തം ഹിജ്റ 791(ക്രി:1389) സമര്‍ഖണ്ടിലാണ് അസ്തമിച്ചത്. ഹിജ്റ 791 മുഹറം 21 (ക്രിസ്താബ്ദം: 1390 ജനുവരി 10) നാണ് വഫാത്തെന്നും അഭിപ്രായമുണ്ട്. ജുര്‍ജാനീ ഇമാം അഭിപ്രായപ്പെടുന്നത് ഹിജ്റ 793 മുഹറം 21 (ക്രി:1390 ഡിസംബര്‍ 30) നാണ് തഫ്താസാനി ഇമാം വഫാത്താവുന്നത് എന്നാണ്. തഫ്താസാനി ഇമാമിന്‍റെ വഫാത്തിനെക്കുറിച്ചും ജനനത്തെകുറിച്ചും ചരിത്ര പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളായതിനാല്‍ പ്രായം വ്യക്തമായി പറയുക പ്രയാസമാണ്. ഏതായാലും എഴുപതിലധികം വര്‍ഷക്കാലം ജീവിച്ചുവെന്ന് മനസ്സിലാക്കാം. ഇമാം തഫ്താസാനി (റ) അന്ത്യ വിശ്രമം കൊള്ളുന്നത് സര്‍സഖിലാണ്.
തഫ്താസാനി ഇമാം വഫാത്താകാനുളള കാരണം ശക്തമായ ടെന്‍ഷനായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ സമകാലിക പണ്ഡിതനായ ഇമാം ജുര്‍ജാനിയുമായി തീമുര്‍ലെങ്കിന്‍റെ രാജ സന്നിധിയില്‍ വെച്ചു നടന്ന സംവാദമായിരുന്നു ടെന്‍ഷനും ദുഃഖത്തിനും കാരണമായത്. സംവാദത്തില്‍ മദ്ധ്യസ്ഥത വഹിച്ച മുഅ്തസിലി ആശയക്കാരനായ നുഅ്മാനുല്‍ ഖ്വാറസ്മി ജുര്‍ജാനി (റ)യുടെ വാദത്തിനു മുന്‍ഗണന നല്‍കിയതും, തീമൂര്‍ലങ്ക് തഫ്താസാനിയെക്കാള്‍ തറവാടിത്വത്തിന്‍റെ മഹിമ കാരണം ജുര്‍ജാനിയെ മഹത്വരമാക്കിയതു കാരണം തഫ്താസാനി ഇമാം കടുത്ത ദുഃഖത്തിലാവുകയും തല്‍ഫലമായി വഫാത്താവുകയും ചെയ്തു. ജുര്‍ജാനിയും തഫ്താസാനിയും വൈജ്ഞാനിക മേഖലയില്‍ തുല്യരാണങ്കിലും കൂടുതല്‍ തറവാടിത്വമുള്ള സയ്യിദ് ശരീഫ് ജുര്‍ജാനിയാണ് കൂട്ടത്തില്‍ അല്‍പ്പം ശ്രേഷ്ഠത കൂടിയതെന്നെന്നായിരുന്നു തിമൂര്‍ലെങ്കിന്‍റെ അവകാശ വാദം.
ലോകത്തെ വിഭിന്നങ്ങളായ വിജ്ഞാന ശാഖകളില്‍ അഘാത പാണ്ഡിത്യമുളള ഒരു ധൈഷണിക വിപ്ലവത്തിന്‍റെ സമാപ്തിയാണ് തഫ്താസാനി ഇമാമിന്‍റെ അന്ത്യത്തോടെയുണ്ടായത്. ഇസ്്ലാം മതപഠനരംഗത്ത് വലിയ സംഭാവനകളര്‍പ്പിച്ച് ഗ്രന്ഥങ്ങളിലൂടെ ഇന്നും ജീവിക്കുന്ന പ്രഗത്ഭ ചിന്തയാണ് എട്ടാം നൂറ്റാണ്ടിന്‍റെ സായംസന്ധ്യയില്‍ അസ്തമിച്ചത്. ജ്ഞാന ദാഹികള്‍ക്ക് ശമനമേകി തന്‍റെ അനശ്വര ഗ്രന്ഥങ്ങളിലൂടെ ആ മഹാമനീഷി പ്രകാശിച്ചു കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *