2010 November-December അനുഷ്ഠാനം ഹദീസ്

ഉള്ഹിയ്യത്ത്

surat-al-fatiha

ദുല്‍ഹജ്ജ് മാസം, ഉള്ഹിയ്യത്തിന്‍റെ കൂടി മാസമാണല്ലോ, ഈ അവസരത്തില്‍, ഉള്ഹിയ്യത്തിനെ സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാമോ?

ബലിപെരുന്നാള്‍ ദിനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സുന്നത്താണ് ഉള്ഹിയ്യത്ത്.പെരുന്നാള്‍, അയ്യാമുത്തശ്രീഖ് ദിനങ്ങളുടെ രാവിലും പകലിലും അവന്‍റെയും ആശ്രിതരുടെയും ഭക്ഷണം, വസ്ത്രം എന്നിവകഴിച്ച് വല്ലതും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഇത് സുന്നത്താണ്. പെരുന്നാള്‍ ദിനത്തില്‍ സൂര്യനുദിച്ച് ചുരുങ്ങിയ നിലയില്‍ രണ്ട് റക്അത്ത് നിസ്കാരവും, രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞതിന്‍റെയും, അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുന്നതിന്‍റെയും ഇടയിലുള്ള സമയത്താണ് അറവ് നടത്തേണ്ടത്. എങ്കിലും രാത്രി അറുക്കല്‍ കറാഹത്താണ്.
അറവ് നടത്താന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ദുല്‍ഹിജ്ജ മാസം ആരംഭം മുതല്‍ അറവ് നടത്തുന്നത് വരേ ശരീരത്തിലുള്ള നഖം, മുടി, എന്നിവ നീക്കാതിരിക്കല്‍ സുന്നത്താണ്. രോഗമുള്ള പല്ല് പറിക്കുക, മുഴ പോലോത്തത് ഓപ്പറേഷന്‍ ചെയ്ത് നീക്കുക എന്നിവക്ക് വിരോധമില്ല. നമ്മുടെ നാട്ടില്‍ സാധാരണ അറവുനടത്തുന്ന ആട്, മാട് എന്നിവക്ക് രണ്ട് വയസ്സാവല്‍ നിര്‍ബന്ധമാണ്. മാടില്‍ ഏഴാളുകള്‍ വരെ കൂറാകാവുന്നതാണ്. പക്ഷേ ആടില്‍ അത് പാടില്ല. മാടില്‍ കൂറാവുന്നതിനേക്കാള്‍ നല്ലത് സ്വയം ഒരു ആടിനെ അറുക്കലാണ്. അറവു മൃഗം ആണാവല്‍ നിര്‍ബന്ധമില്ല. മാംസത്തിന് ന്യൂനതയോ കുറവോ വരുത്തുന്ന പോരായ്മകളുള്ള മൃഗം അറവിന് മതിയാവുകയില്ല.
അറവ് അറിയുന്ന പുരുഷന്‍മാര്‍ക്ക,് സ്വയം അറുക്കലാണ് ഉത്തമം. സ്ത്രീകള്‍ക്ക് നല്ലത് മറ്റുള്ളവരെ ഏല്‍പിക്കലാണ്. സ്വയം അറുക്കുന്നില്ലെങ്കില്‍ അറവു സ്ഥലത്ത് അവന്‍റെ സാനിധ്യം ഉണ്ടാവല്‍ സുന്നത്താണ്. വെള്ള, മഞ്ഞ, കറുപ്പ്, ചുകപ്പ്, വെള്ളയും കറുപ്പും കലര്‍ന്നത് എന്നീ ക്രമത്തിലാണ് നിറം നല്ലത്. ഭ്രാന്തുള്ളത്, ചെവി ഇല്ലാത്തത്, ചെവി മുറിഞ്ഞത്, മുടന്തുള്ളത്, കാഴ്ചയില്ലാത്തത്, ചൊറി ഉള്ളത് എന്നിവ അറവിന് പറ്റിയതല്ല. കൊന്പില്ലാത്തത് ചെവി ഓട്ടപ്പെട്ടത് എന്നിവക്ക് കുഴപ്പമില്ല. എങ്കിലും കൊന്പുള്ളതാണ് ഉത്തമം.
ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കല്‍ കൊണ്ട് നിര്‍ബന്ധമാകുന്നതാണ്. നേര്‍ച്ചയാക്കപ്പെട്ട മൃഗം ഉള്ഹിയ്യത്തിന് പറ്റാത്തതാണെങ്കിലും നേര്‍ച്ചയാക്കിയതിന്ന് ശേഷം ആദ്യം വരുന്ന ഉള്ഹിയ്യത്തിന്‍റെ സമയത്ത് അറുക്കല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയ മൃഗം അറവിന്‍റെ മുന്പ് ഇവന്‍റെ വീഴ്ചകൂടാതെ നഷ്ടപ്പെട്ടാല്‍ അതിന് പകരമായി മറ്റൊന്നിനെ അറുക്കല്‍ നിര്‍ബന്ധമില്ല. ഇവന്‍റെ വീഴ്ചകൊണ്ടാണെങ്കില്‍ അതിന് സമാനമായ മറ്റൊന്നിനെ അറുക്കല്‍ നിര്‍ബന്ധമാണ്. അറവുസമയത്തോ അതിന് മുന്പോ നിയ്യത്ത് നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കപ്പെട്ടതാണെങ്കില്‍ നിയ്യത്ത് നിര്‍ബന്ധമില്ല. കാരണം നേര്‍ച്ച തന്നെ നിയ്യത്തിന്‍റെ സ്ഥാനത്ത് നില്‍കുന്നതാണ്.
നിര്‍ബന്ധമായ ഉള്ഹിയ്യത്താണെങ്കില്‍ അതില്‍ നിന്നും ഭക്ഷിക്കാനോ ഫഖീര്‍, മിസ്കീന്‍ അല്ലാത്തവര്‍ക്ക് നല്‍കാനോ പാടില്ല. സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് അല്‍പമെങ്കിലും ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. ബറക്കത്തിന് വേണ്ടി ഒരു പിടി ഇവന്‍ എടുക്കലും ബാക്കിയുള്ളത് ദാനം ചെയ്യലുമാണ് സുന്നത്ത്. ഇവന്‍ എടുക്കുന്നത് മൂന്നിലൊന്നിനേക്കാള്‍ അധികമാവാതിരിക്കലും സുന്നത്താണ്.
സുന്നത്തായ ഉള്ഹിയ്യത്തില്‍നിന്ന് ധനികര്‍ക്ക് നല്‍കുന്നതിന് വിരോധമില്ല. അത് ലഭിച്ച ധനികര്‍ക്ക് അത് ഭക്ഷിക്കുകയോ, മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയോ, മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയോ ആവാം. പക്ഷേ അത് വില്‍ക്കാനോ മറ്റോ പാടില്ല. ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്ക് മാംസത്തില്‍നിന്ന് കിട്ടിയ വിഹിതം അവരുടെ ഉടമസ്ഥാവകാശത്തില്‍ പെട്ടതായതിനാല്‍ വില്‍ക്കുകയോ മറ്റോ ആവാം. അമുസ്ലിംകള്‍ക്ക് ഉള്ഹിയ്യത്തില്‍ നിന്ന് ഒരു വിഹിതവും കൊടുക്കാവുന്നതല്ല. ഉള്ഹിയ്യത്തിന്‍റെ ഒരു ഭാഗവും വില്‍ക്കാന്‍ പാടുള്ളതല്ല. തോല് സ്വദഖ ചെയ്യുകയോ, ഇവന് ഉപയോഗിക്കുകയോ ആവാം. വില്‍ക്കുകയോ അറവുകാരന് കൂലിയായി നല്‍കുകയോ പാടില്ല. നേര്‍ച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മൃഗം പ്രസവിച്ചാല്‍ അതിന്‍റെ കുട്ടിയും നേര്‍ച്ചയില്‍ പെടുന്നതാണ്. അത്കൊണ്ട് തന്നെ അതിനെ അറുക്കല്‍ നിര്‍ബന്ധമാണ്. മയ്യിത്തിനെതൊട്ട് അവന്‍റെ വസ്വിയ്യത്തില്ലാതെ ഉള്ഹിയ്യത്ത് അറുക്കാന്‍ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *