അന്ന്, സലീമില്‍ സാധാരണയില്‍ കവിഞ്ഞൊരു മുഖഭാവം. പെട്ടെന്നൊരു പൊട്ടിത്തെറിയായിരുന്നു. “”ഉസ്താദേ, ഇനി ഞാനെന്തിന് ജീവിക്കണം” തന്‍റെ കദന കഥകളോരോന്നും വിവരിക്കപ്പെട്ടു. നഷ്ടത്തിന്‍റെ നീണ്ട പട്ടിക, ഇതൊക്കെയൊന്ന് തിരികെ കിട്ടിയെങ്കിലെന്ന് അവന്‍റെ ഹൃദയമെന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു. രാവെത്രെ വൈകിയാലും ഞാനെത്താതെ ഒരു വറ്റ് പോലും ഇറക്കാന്‍ സാധിക്കാതിരുന്ന ഉമ്മാക്ക് എന്നെന്നെ കണ്ടു കൂടാ… അതിലാളനയോടെ എന്നും ഒപ്പം നിന്ന ഉപ്പാന്‍റെ സ്നേഹം ഇന്നെനിക്ക് അന്യം… എല്ലാം എനിക്ക് വേണ്ടി സമര്‍പ്പിച്ച ഭാര്യയും കൈവിട്ടു പോയി… എന്തോ ഒരു ഒറ്റപ്പെടല്‍, സലീമിന്‍റെ വാക്കുകള്‍ക്ക് ഇടറല്‍ സംഭവിക്കുന്നു. സങ്കടം തളം കെട്ടി നില്‍ക്കുന്ന അവനില്‍ നിന്നും വാക്കുകള്‍ ചോര്‍ന്നു പോയി. അവന്‍റെ കണ്‍തടം പോലെ നനഞ്ഞതായിരുന്നു ഹൃദയവും. ഈ ഹൃദയ നൊന്പരങ്ങള്‍ക്ക് എന്ത് പരിഹാരം നല്‍കുമെന്നാലോചിച്ച് അന്തിച്ച നിമിഷം… എന്തൊക്കെയോ പറഞ്ഞ് സമാധാനപ്പെടുത്തി..
അതെ, മനുഷ്യന്‍ കൈവിട്ടു പോയ ബന്ധങ്ങളില്‍ വ്യസനിക്കുകയാണ്. ഇങ്ങനെയെത്രെ സലീമുമാര്‍ നമുക്കിടയില്‍ ജീവിതം തള്ളി നീക്കുന്നു. പരിഹാരം ഒന്നേയൂള്ളൂ. ബന്ധങ്ങളെന്തെന്നും അവ കാത്തു സൂക്ഷിക്കുവാന്‍ ഇസ്ലാം മുന്നോട്ടു വെച്ച മാര്‍ഗ്ഗങ്ങളും മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തുക.
മനുഷ്യന്‍ ഒരു സാമൂഹ്യജീവി എന്ന നിലക്ക് അവന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ ബന്ധങ്ങള്‍. ബന്ധങ്ങളില്ലാത്ത ജീവിതം മനുഷ്യന് അസാധ്യമാണെന്നതിന് കാലം സാക്ഷിയാണ്. ഇതര ജന്തുക്കള്‍ക്കില്ലാത്ത വിധം ഒരു പ്രത്യേക പരിഗണന മനുഷ്യന്‍ ബന്ധങ്ങള്‍ക്ക് നല്‍കിപ്പോരുന്നതില്‍ നിന്നു തന്നെ ഇതിന്‍റെ പ്രാധാന്യം വേണ്ടുവോളം നമുക്ക് ഗ്രഹിക്കാവുന്നതാണ്.
എന്താണിതിനെല്ലാം കാരണമെന്ന് നാം പരിശോധിച്ചിട്ടുണ്ടോ. അല്ലാഹു പറയുന്നത് നോക്കൂ. .മനുഷ്യന്‍ ബലഹീനനായാണ് പടക്കപ്പെട്ടത് (നിസാഅ്: 28) ഈ സൂക്തത്തിന് അതിവിശാലമായ അര്‍ത്ഥ സാധ്യതകളാണ് പണ്ഡിതന്മാര്‍ നല്‍കിയിട്ടുള്ളത്. ഇതിന്‍റെ അര്‍ത്ഥം പ്രഥമ ദൃഷ്ട്യാ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലായെങ്കിലും ആഴത്തിലാലോചിക്കുന്പോള്‍ ഗ്രഹിക്കാവുന്നതാണ്. ഉദാഹരണത്തിന്, നമ്മുടെ ഒരു ദിവസത്തെ ജീവിതമൊന്നു പരിശോധിച്ചു നോക്കൂ. രാവിലെ എണീറ്റു ചായ ഉണ്ടാക്കാനുള്ള സാധനങ്ങള്‍ക്ക് നാം പലചരക്കു കടക്കാരനെ ആശ്രയിക്കുന്നു, അത് പാകം ചെയ്യാന്‍ ഭാര്യയെ ആശ്രയിക്കുന്നു, എവിടേക്കെങ്കിലും യാത്ര ചെയ്യേണ്ടതുണ്ടെങ്കില്‍ വാഹനത്തെ ആശ്രയിക്കുന്നു, വസ്ത്രത്തിന് ടെക്സ്റ്റൈല്‍സിനെ ആശ്രയിക്കുന്നു… ഇങ്ങനെ എവിടെ ചെന്നാലും പരസ്പരാശ്രയം തന്നെയാണ് മനുഷ്യ ജീവിതം. സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞ് ആര്‍ക്കും ജീവിക്കാന്‍ സാധിക്കില്ല എന്നത് സുവ്യക്തം. ഇതാണ് നാഥന്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയത്. നിങ്ങള്‍ ബലഹീനരാണ്.
എന്നാല്‍ മനുഷ്യ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരമായി അല്ലാഹു അവര്‍ക്ക് സുന്ദരമായ നാവിനെ നല്‍കി. അല്ലാഹു പറയുന്നു. അവര്‍ക്ക് നാം വിവരണത്തെ പഠിപ്പിച്ചു.(റഹ്മാന്‍:4) അവന്‍ അവന്‍റെ നാവ് ഉപയോഗപ്പെടുത്തി അവന്‍റെ ആവശ്യങ്ങള്‍ മറ്റുള്ളവരെ അറീച്ച് പരിഹാരം കാണുന്നു. അങ്ങനെ അവന്‍ ബലഹീനതയെ മറികടക്കുന്നു. ഇങ്ങനെയാണ് മനുഷ്യനെ അല്ലാഹു പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്.
ബന്ധങ്ങളെ കുറിച്ച് പഠിച്ച് ഓരോന്നിനും അതിന്‍റേതായ പ്രാധാന്യത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. ബന്ധങ്ങളെ മൂന്നായി തരം തിരിക്കാം. (1) കുടുംബം (2) അയല്‍ക്കാര്‍ (3) കൂട്ടുകാര്‍. ഇതില്‍ ഓരോന്നിനും അതിന്‍റേതായ പ്രാധാന്യം ഇസ്ലാം നല്‍കുന്നുണ്ട്. എന്നാല്‍ പലയിടത്തും സാധാരണയായി ചര്‍ച്ച ചെയ്യപ്പെടാറുള്ളത് ആദ്യം സൂചിപ്പിച്ച കുടുംബ ബന്ധത്തെ കുറിച്ച് മാത്രമാണ്. കൂടുതലായി വിട്ടു പോവാറുള്ളത് അയല്‍ബന്ധത്തെ കുറിച്ചുമാണ്. എന്നാല്‍ ഒരിക്കല്‍ നബി(സ) അയല്‍ബന്ധത്തെ കുറിച്ച് വാചാലനാകുന്നത് കണ്ടപ്പോള്‍ അയല്‍വാസിക്ക് അനന്തരസ്വത്തില്‍ നിന്നും നിശ്ചിത അവകാശം നിര്‍ബന്ധമാക്കിപ്പോകുമോയെന്ന് വരെ സ്വഹാബത്ത് കരുതിപോയത്രെ.
ഇസ്ലാം ഇത്രയധികം ഗൗരവത്തോടെ കണ്ട ഈ ബന്ധങ്ങള്‍ നാമിന്ന് ശ്രദ്ധിക്കാറുണ്ടോ. എല്ലാവരും ഈ വിഷയത്തില്‍ വട്ടപ്പൂജ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. അതിനുള്ള പരിഹാരം നാം വേഗത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ നമ്മുടെ കാര്യം വളരെ കഷ്ടമാണെന്ന് തിരിച്ചറിയാല്‍ ഇനിയും വൈകിക്കൂടാ.
ഇന്ന് ബന്ധങ്ങള്‍ ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ്. മതാപിതാക്കള്‍മക്കള്‍, ജ്യേഷ്ടന്‍അനുജന്‍, സഹോദരന്മാര്‍സഹോദരിമാര്‍, അമ്മായുമ്മമരുമകള്‍, ഗുരുശിഷ്യന്‍… ഇങ്ങിനെ നീണ്ട ബന്ധങ്ങളുടെ നിര നമുക്ക് സമൂഹത്തില്‍ ദര്‍ശിക്കാനാവും. എന്നാല്‍ ബന്ധവിച്ഛേദനത്തിന്‍റെ ചീഞ്ഞു നാറിയ കഥകളാണ് എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്.
ബന്ധം മുറിക്കുന്നവരോട്
ബന്ധവിച്ഛേദനത്തെ ഇസ്ലാം എന്നും എതിര്‍ത്തു പോന്നിട്ടുള്ളതാണ്. അല്ലാഹു പറയുന്നു: “”അല്ലാഹുമായി കരാറുറപ്പിച്ച ശേഷം അത് ലംഘിക്കുകയും അങ്ങനെ അല്ലാഹു ചേര്‍ക്കാന്‍ കല്‍പ്പിച്ച ബന്ധങ്ങളെ വിച്ഛേദിക്കുകയും അതുവഴി ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ പരാചിതരത്രെ” (ബഖറ:27) അതെ, നാമെല്ലാവരും ആലമുല്‍ അര്‍വാഹില്‍ നിന്ന് അല്ലാഹുവിനോടു കരാര്‍ ചെയ്തിട്ടുള്ളതാണിതൊക്കെ. ഇതൊക്കെ കെട്ടുകഥകളാണെന്ന് വിചാരിക്കരുത്. നമുക്കോര്‍മ്മയില്ലെന്ന് സമ്മതിക്കാനേ തരമുള്ളൂ. കാരണം ഈ കാര്യങ്ങളൊക്കെ നടന്നത് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ടെന്ന് മഹാനായ അലി(റ) പറഞ്ഞത് കിതാബുകളില്‍ സ്പഷ്ടമാണല്ലോ. കരാര്‍ ലംഘനം ഒരു വിശ്വാസിക്ക് ഒരിക്കലും യോചിക്കാത്തതാണ്. വിശ്യഷ്യാ ഈ കരാര്‍ നാഥനായ അല്ലാഹുവിനോടാകുന്പോള്‍ ഇതിന്‍റെ ഗൗരവം കൂടുകയാണ്. പറഞ്ഞു വരുന്നത് ബന്ധങ്ങളില്‍ ഇസ്ലാമിന്ന് ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നു തന്നെയാണ്.
കുടുംബ ബന്ധം അല്ലാഹു ചെയ്ത ഒരമൂല്യ അനുഗ്രഹമാണ്. ഈ കാണുന്ന ഭൂമിയും ആകാശവും നക്ഷത്രങ്ങളുമെല്ലാം നിശ്പ്രയാസം സൃഷ്ടിച്ച നാഥന്‍ മനുഷ്യ സൃഷ്ടിപ്പിന് ധാരാളം ഘട്ടങ്ങള്‍ ഏര്‍പ്പെടുത്തി. എന്താണിതിന്‍റെ ആവശ്യമെന്നു നാം പലപ്പോഴും ചിന്തിച്ചു കാണില്ല. എന്നാല്‍ ഇതിലെല്ലാം വ്യക്തമായ ദൃഷ്ടാന്തമാണ് നാഥന്‍ ചിന്തിക്കുന്നവര്‍ക്കായി ഒളിപ്പിച്ചു വെച്ചത്. ഒരു മനുഷ്യന്‍റെ സൃഷ്ടിപ്പ് ഒരു ഭൂമിയുടെയോ അല്ലെങ്കില്‍ ഒരു ആകാശത്തിന്‍റെയോ സൃഷ്ടിപ്പു പോലെ ലാഘവത്തോടെയല്ല നാഥന്‍ ഏര്‍പ്പാടു ചെയ്തിട്ടുള്ളത്. കാരണം ഈ ലോകത്തിന്‍റെ സുന്ദരമായ നിലനില്‍പ്പിന് ഭൂമിയില്‍ ചില ബന്ധങ്ങള്‍ അനിവാര്യമാണെന്ന് മനസ്സിലാക്കി കൊണ്ടാണ് നാഥന്‍ മനുഷ്യനെ ബന്ധങ്ങളിലാക്കി സൃഷ്ടിച്ചത്.
ലോകത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് ഇന്ന് കുടുംബ സംവിധാനമാണെന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. ഓരോ മനുഷ്യനും അധ്വാനിക്കുന്നത് തന്‍റെ കുടുംബത്തിന് വേണ്ടിയാണ്. ഈ ഒരു പ്രത്യേകമായൊരു സംവിധാനത്തിലൂടെയാണ് നാഥന്‍ ഈ ലോകത്തിന്‍റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ മനുഷ്യനിലൂടെ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. പത്തു വര്‍ഷം മുന്പുള്ള ഒരു ലോകത്തെയല്ല നാമിന്ന് ദര്‍ശിക്കുന്നത്. നിമിഷങ്ങള്‍ക്കനുസൃതമായി ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കാണുന്ന ഹൈവേയൊക്കെ മുന്പ് കാടു മൂടി കിടന്ന സ്ഥലങ്ങളായിരുന്നല്ലോ. അത് ഇന്നത്തെ രീതിയില്‍ ഗതാഗത യോഗ്യമാക്കിയത് കുടുംബത്തെ പോറ്റാന്‍ വേണ്ടി പലരും പണിയെടുത്തത് കൊണ്ടാണ്. ഇങ്ങനെ തന്നെയാണ് ഏതു മേഖല എടുത്തു പരീശോധിച്ചു നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കുക.
ഒരു സാധാരണ മനുഷ്യന് അവന്‍റെ അരച്ചാണ്‍ വയറിന് വേണ്ടി ഇത്ര പാടു പെടേണ്ടതായ ആവശ്യമൊന്നുമില്ല, അവന്‍ കുടുംബത്തെ കരുതിയാണ് ഇന്നത്തെ രീതിയില്‍ എന്നും ജോലിക്കിറങ്ങുന്നത്. ആര്‍ക്കും കുടുംബത്തെ പോറ്റാനുള്ള ബാധ്യതയൊന്നുമില്ലാത്ത ഒരു കാലത്തെ പറ്റി ആലോചിച്ചു നോക്കൂ. ഇവിടെ എന്താണ് നടക്കുക. ജോലിക്ക് ആളെ കിട്ടുകയില്ല, ജോലിക്ക് കഴിയാത്ത കുട്ടികളും സ്ത്രീകളും വയസ്സന്മാരൊക്കെ നരകി ജീവിക്കുന്ന അവസ്ഥയല്ലേ സംജാതമാവുക. ഇനി ചിന്തിച്ചു നോക്കൂ ഈ മനുഷ്യകുലത്തെ ബന്ധങ്ങളിലാക്കി സൃഷ്ടിച്ച നാഥനെത്രെ സ്രേഷ്ടന്‍. അവന്‍റെ സംവിധാനമെന്നും സ്തുത്യര്‍ഹം തന്നെ.
കുടുംബ രീതിയുടെ പ്രസക്തി വേണ്ടവിധം ഗ്രഹിക്കാത്തത് കൊണ്ടാണ് ഓഷോ ഇന്ന് ഫ്രീ സെക്സിന് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്നത്. അതായത് കുടുംബം ഒരു ബാധ്യതയാണെന്നും വെറും ലൈംഗിക സുഖത്തിന് വേണ്ടി ഒരു സ്ത്രീയെ സമീപച്ചതിന് വേണ്ടി കാലം മുഴുവന്‍ അവളെ കൊണ്ടു നടക്കുക എന്നതൊക്കെ ഭാരമാണെന്നൊക്കെയാണ് ആ ബുദ്ധിശ്യൂന്യന്‍ പറയുന്നത്. എന്നാല്‍ ഓഷോ വാദികള്‍ക്ക് കണ്ടറിയാന്‍ സാധിക്കില്ലായെങ്കില്‍ കൊണ്ടറിയേണ്ടിവരും. വാര്‍ദ്ധക്യമെത്തുന്പോള്‍ ഇപ്പോഴത്തെ പ്രസരിപ്പൊന്നുമുണ്ടാവില്ല. അവശതയില്‍ കിടത്തവും ഭക്ഷണവും വിസര്‍ജ്ജനവുമൊക്കെ ഒറ്റ കിടക്കയില്‍ തന്നെ നിറവേറ്റേണ്ടി വരുന്പോള്‍ സഹായിക്കാനാരുമില്ലാത്ത അവസ്ഥയോര്‍ത്ത് വ്യസനിക്കേണ്ടി വരും. ജോലിക്ക് ആളെ നിര്‍ത്തിയാല്‍ പോരേയെന്ന തൊണ്ടി ന്യായം പറഞ്ഞ് ഒഴിയാന്‍ നോക്കേണ്ട. കാരണം മരണം മുന്നില്‍ കണ്ടു നില്‍ക്കുന്പോള്‍ സ്നേഹത്തോടെ പരിചരിക്കാന്‍ തനിക്ക് ഒരാള്‍ ഉണ്ടായിരിക്കാന്‍ ഏതൊരു മനസ്സും ആശിച്ചു പോകും. ആ അവസ്ഥയില്‍ കൈ കടിക്കേണ്ടുന്ന അവസ്ഥയാണ് ഇവര്‍ക്കെത്തിപ്പെടുക. നീണ്ട ജീവിതത്തിലെ ഒരു സാഹചര്യമാണ് ഇവിടെ ഉണര്‍ത്തിയിട്ടുള്ളത്, എന്നാല്‍ ഇതു പോലുള്ള എത്രയെത്രെ ഘട്ടങ്ങളാണ് ജീവിതമുഴുക്കെയും മനുഷ്യന് നേരിടേണ്ടി വരിക. അതിനെല്ലാം വിശ്വാസത്തോടെയും സ്നേഹത്തോടെയും പെരുമാറാന്‍ നമ്മുടെ ഉറ്റ ബന്ധുക്കള്‍ക്ക് മാത്രമേ സാധിക്കുകയൊള്ളൂ എന്ന തിരിച്ചറിവുണ്ടാകുന്നത് നമുക്ക് നന്ന്. അല്ലാത്ത ജീവിതം അപകടകരം തന്നെ.
ബന്ധങ്ങളെ സൂക്ഷിക്കുന്നതിനെ കുറിച്ച് അല്ലാഹു ഖുര്‍ആനിലൂടെ തുടരെ തുടരെ നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുകയാണ്. അല്ലാഹു പറയുന്നു: “”നങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അതുപോലെ കുടുംബ ബന്ധങ്ങളെയും, അവര്‍ തീര്‍ച്ചയായും നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്” (വി.ഖു: 4:1) ഇവിടെ അല്ലാഹു അവനെ സൂക്ഷിക്കാന്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയതിന് അടുത്തായി കൊണ്ട് തന്നെ ഓര്‍മ്മപ്പെടുത്തിയത് കുടുംബ ബന്ധത്തെ പറ്റിയാണ്. ഇതില്‍ നിന്നെല്ലാം ബുദ്ധിയുള്ളവര്‍ക്ക് കുടുംബബന്ധത്തിന്‍റെ പ്രാധ്യാന്യം വേണ്ടുവോളം ഗ്രഹിക്കാവുന്നതാണ്.
മനുഷ്യന്‍ പരസ്പരം ബന്ധപ്പെട്ടു ജീവിച്ചു കൊള്ളട്ടെ എന്നു കരുതിയാണ് നാഥന്‍ മനുഷ്യ സൃഷ്ടിപ്പില്‍ തന്നെ പരസ്പരം ബന്ധപ്പെടുത്തിയത്. ഖുര്‍ആന്‍ പറയുന്നു: “”ആദ്യം ഒരൊറ്റ ശരീരത്തെയും പിന്നെ അതില്‍ നിന്ന്(വാരിയെല്ലില്‍ നിന്ന്) ഒരു ഇണയെയും പിന്നീട് അവരില്‍ നിന്ന് ധാരാളം ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച നാഥനെ നിങ്ങള്‍ വേണ്ട വിധം സൂക്ഷിക്കുക” (നിസാഅ്:1) ആദം(അ)മിനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചതു പോലെ ഹവ്വാ(റ)യെയും സൃഷ്ടിക്കാന്‍ അല്ലാഹുവിനു കഴിവുണ്ടല്ലോ. എന്നാലും ആദ(അ)മിന്‍റെ ഒരു വാരിയെല്ലില്‍ നിന്നാണ് തന്‍റെ ഇണ സൃഷ്ടിക്കപ്പെട്ടത്, ഇതൊക്കെ ബന്ധങ്ങള്‍ സ്ഥിരപ്പെടാന്‍ വേണ്ടിയുള്ള അല്ലാഹുവിന്‍റെ സംവിധാനങ്ങളാണ്.
നമ്മില്‍ ചിലര്‍ ഇബാദത്തുകളിലെല്ലാം വലിയ ശ്രദ്ധ പതിപ്പിക്കുന്നവരും ബന്ധങ്ങളിലൊന്നും വേണ്ടത്ര ശ്രദ്ധിക്കാത്തവരുമാണ്. ഈ പോക്ക് ശെരിയല്ലെന്നവര്‍ തിരിച്ചറിയണം. നാം അല്ലാഹുവിനോടുള്ള കടപ്പാടുകള്‍ മാത്രം വീട്ടിയാല്‍ പോരാ, അതു പോലെ നമ്മോട് ബന്ധപ്പെട്ടവരോടുള്ള കടപ്പാടുകളും വീട്ടിയാലേ നാളെ ആഖിറത്തില്‍ നിന്ന് രക്ഷ നേടാനാവൂ എന്നാണ് മേല്‍ ആയത്തിലൂടെ അല്ലാഹു നമ്മെ സൂചിപ്പിച്ചത്. ഇതൊക്കെ മുഖവിലക്കെടുത്ത് സുന്ദരമായൊരു ജീവിതം നയിക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കുമാറാവട്ടെ, ആമീന്‍.