2010 November-December ചരിത്രം പ്രധാന ദിനങ്ങള്‍ മതം

മിനാരം: മൗനം നിലവിളിക്കുന്നു

Babari Shabdam

1992 ഡിസംബര്‍ ആറിന് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കറുത്ത മുറിപ്പാട് ഇന്നും ഉണങ്ങിയിട്ടില്ല. ലോക മുസ്ലിംകളുടെ ഹൃദയത്തില്‍ പച്ചയായി ഇന്നും ആ ദുരന്തം സ്മരിക്കപ്പെടുന്നു. ബാബരി ധ്വംസനത്തിന് ശേഷം പിറന്നു വീണ ഓരോ ഡിസംബറുകളും “ചരിത്രധ്വംസനത്തിന്‍റെ’ കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നു. അയോധ്യയിലെയെന്നല്ല ലോകത്തുള്ള കോടാനു കോടി മുസ്ലിംകളുടെ പള്ളികളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്ഥമായ ഒന്നാണ് ബാബരി പള്ളി. ഹൈന്ദവ ഫാസിസ്റ്റുകളുടെ കറുത്ത കരങ്ങള്‍ക്കുമുന്പില്‍ പൊലിഞ്ഞു വീണ ബാബരിപ്പള്ളി ഇന്നും കനല്‍പഥങ്ങളിലെ ഒരു തീക്കനലായി ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. കോടാനുകോടി മുസ്ലിംകളുടെ സിരകളില്‍ ചുടുരക്തം തിളച്ചു മറിയാന്‍ ഇതു ഹേതുവായി. ഇന്ത്യന്‍ നീതിന്യായ പാലനത്തിനുള്ളില്‍ ഒതുങ്ങിക്കൂടുന്ന കുറ്റകരമായ കാലപ്പഴക്കം ബാബരി ഭൂമിയെ വിവാദ ഭൂമിയാക്കി മാറ്റി. പ്രതികരണങ്ങളോ തടസ്സങ്ങളോ ഇല്ലാതെ ഹൈന്ദവഫാസിസ്റ്റുകളുടെ ഇടപെടലുകള്‍ തകൃതമായി അരങ്ങു വാണപ്പോള്‍ ബാബരിപ്പള്ളി ക്ഷേത്രഭൂമിയാണെന്ന ഊഹം സൃഷ്ടിക്കപ്പെട്ടു. അസത്യത്തിന്‍റെ വെളിച്ചത്തില്‍ കെട്ടുകഥകളുടെ സമാഹാരം രചിക്കാന്‍ നീതിപീഠപാലകരുടെ അകമഴിഞ്ഞ സഹകരണം ഹൈന്ദവ ഫാസിസ്റ്റുകളുടെ കഥാരചനക്ക് കോപ്പു കൂട്ടി. ഒടുക്കം അസത്യം കുന്നു കൂടിയ കഥകള്‍ക്ക് ജീവന്‍ നല്‍കി അവര്‍ ബാബരിപ്പള്ളിയെ വെട്ടിയും കുത്തിയും നിലം പരിശാക്കി. പതിനാറാണ്ട് മുന്പൊരു ഡിസംബര്‍ ആറില്‍ ഒരു ദുഃഖഭൂമിയുടെ ചരിത്രത്തിന് ആമുഖം പിറക്കുകയായിരുന്നു.

വിവാദങ്ങളുടെ വര്‍ത്തമാനം
ബാബരി ദുരന്തത്തിന്‍റെ ബാക്കി പത്രമെന്നോണം ധാരാളം നാശനഷ്ടങ്ങളും, അക്രമങ്ങളും, കലാപങ്ങളും അരങ്ങേറുകയും നിരപരാധികളുടെ ദുഃഖം കലര്‍ന്ന രക്തത്തുള്ളികളാല്‍ മതേതരത്വഭാരതത്തിന്‍റെ വിവിധങ്ങളായ അരുവികളിലൂടെ രക്തപ്പുഴ ഒഴുകുകയും ചെയ്തു. അയോധ്യയില്‍ നിന്നും ഫാസിസ്റ്റു ഭീകരത കത്രീനയായും റീത്തയായും ഭാരതത്തിലൊന്നാകെ ആഞ്ഞു വീശി. ദുരന്ത പ്രശ്നങ്ങളില്‍ മൗനം കാംക്ഷിച്ച് കാലം കഴിക്കുന്ന ജുഡീഷ്യറിയും ജനപ്രതിനിധികളുടെ മൂകതയും മുസ്ലിംകളിലെ ജനാധിപത്യ മസ്തിഷ്കങ്ങളെ നൊന്പരത്തിലാഴ്ത്തി. ഫൈസാബാദ് സിവില്‍ കോര്‍ട്ടിന്‍റെ ചവിട്ടുപടികള്‍ കയറിയിറങ്ങിയ ബാബരി പ്രശ്നം സുപ്രീ കോര്‍ട്ടിന്‍റെ പടിയെണ്ണി മടുത്തു. എങ്കിലും 1974 ഒക്ടോബര്‍ 24 മുതല്‍ അലഹബാദ് ഹൈക്കോടതിയില്‍ വിശ്രമം കൊള്ളുകയാണ്.

മതേതരത്വം മതദുരന്തമോ?
ബാബരി ദുരന്തവും ബാക്കി പത്രവും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളം ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. ആ മുറിവുംകളില്‍ എരിവു പുരട്ടി കാശിയും മധുരയും മറ്റു പലതും പുറത്തെടുക്കാന്‍ ഫാസിസ്റ്റ് ദുര്‍ഭൂതങ്ങള്‍ അവരുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്. ബാബരിയിലൂടെ ഒരു വിഭാഗത്തിന്‍റെ ആരാധനാലയം എന്നതിലുപരി ഇന്ത്യയുടെ മഹത്തായ പൈതൃകം എന്ന് വാഴ്ത്തപ്പെട്ടിരുന്ന മതേതരത്വമാണ് നിലം പരിശായത്. മതേതരത്വത്തിന് വേണ്ടി ജീവനര്‍പ്പിച്ച മഹാത്മജിയെ നമുക്കൊരു നിമിഷം പൊടിപിടിച്ച ഓര്‍മകളില്‍ നിന്ന് തട്ടിയെടുക്കാം. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: “”മതേതരത്വം എന്നതു കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് ഒരു രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിനു കീഴില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് അവരുടെ സ്വത്തും ജീവനും ആരാധാനാലയങ്ങളും മറ്റും സംരക്ഷിക്കപ്പെടുകയും, മതപരമായ ആചാരങ്ങള്‍ അനുവര്‍ത്തിക്കാനുള്ള സ്വാതന്ത്രം പൂര്‍ണ്ണമായും ലഭിക്കുന്നുണ്ടെന്നുമുള്ള ആത്മവിശ്വാസം ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹോദര്യം എപ്പോള്‍ മാത്രം സംജാതമാകുന്നുവോ അപ്പോള്‍ മാത്രമേ മതേതരത്വം എന്ന ആശയം പ്രാവര്‍ത്തികമാകുകയുള്ളൂ.” ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവ സമൂഹത്തിന് കീഴില്‍ ന്യൂനപക്ഷ മതവിഭാഗമായ മുസ്ലിം സമുദായത്തിന്‍റെ സ്വത്തും ജീവനും ആരാധനാലയങ്ങളും മറ്റും സംരക്ഷിക്കപ്പെടുകയും മതപരമായ ആചാരാനുഷ്ടാനങ്ങള്‍ അനുവര്‍ത്തിക്കാനുള്ള സ്വാതന്ത്രം പൂര്‍ണ്ണമായും ലഭിക്കുകയും വേണം, എന്നാണ് മഹാത്മജിയുടെ അര്‍ത്ഥവത്തായ വാക്കിന്‍റെ ധ്വനി. ബാബരി ദുരന്തവും അനുബന്ധപത്രങ്ങളും നാം കൂട്ടി വായിക്കുന്പോള്‍ ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമാണോ? ഇന്ത്യയിലെ ഫാസിസ്റ്റ് ദുര്‍ഭൂതങ്ങള്‍ മതേതരത്വ ആശയത്തെയും ആദര്‍ശത്തെയും വ്രണപ്പെടുത്തി മഹാഭാരതത്തെ “മതേതരത്വരാഷ്ട്രം’ എന്ന ഓമനപ്പേരില്‍ ഒതുക്കിനിര്‍ത്തുകയാണ് ചെയ്യുന്നത്.

ചരിത്രം സാക്ഷി
ബാബരി പള്ളി മുസ്ലിം സമുദായത്തിന്‍റെ ആരാധനാലയാമാണെന്നതില്‍ നമുക്കാര്‍ക്കും സംശയമില്ല. ക്രിസ്തുവര്‍ഷം 1528 (ഹിജ്റ 935)ല്‍ തഷ്കന്ദി ബാബറുടെ കല്‍പ്പന പ്രകാരം മീര്‍ബാഖി എന്ന ബാഖിബേഗ് പണി കഴിപ്പിച്ചതാണ് ബാബരി മസ്ജിദ്. പള്ളിയുടെ പ്രഥമ കവാടത്തില്‍ ഇക്കാര്യം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
“”ബാഫര്‍ മുദാഇശ ബാബര്‍ കി അഭിലാഷ്,
ഭനായി സത്ത് ദ കാക് ഹി ഗാര്‍ദൂന്‍ മുലാഖി
ബനാകാര്‍ദ് ഇന്‍ മുഹ്ബിതി ഖുദ്സിയാന്‍  റാ അമീറെ സാദാത്ത്  നിശാന്‍ മീര്‍ബാഖി
ബുവാദ് ഖൈര്‍ബാഖി, സുചാലി  ബനായിഷ് ഇയാന്‍ ഷുദ്കി ഗുഷ്തം, ബുവാദ്ഖൈരബാഖി” (935)
(ആകാശങ്ങളുടെ ഉച്ചി വരെ ഉയര്‍ന്നു നില്‍ക്കുന്ന നീതി സൗധത്തിന്‍റെ അധിപനായ ബാബര്‍ ചക്രവര്‍ത്തിയുടെ കല്‍പ്പനയാല്‍ നല്ലവനായ മീര്‍ബാഖി മാലാഖമാരുടെ ഈ സംഗമ സ്ഥാനം പണിതു. ഈ നന്മയെന്നെന്നും നില നില്‍ക്കട്ടെ.) തഷ്കന്ദ് ബാബറുടെ കല്‍പ്പന പ്രകാരം പണി കഴിപ്പിച്ചതാണ് ബാബരി പള്ളി എന്ന സത്യം വിളിച്ചോതുന്ന പേര്‍ഷ്യന്‍ രേഖയായിരുന്നു ഇത്. ഹിന്ദുത്വ വര്‍ഗീയവാദികള്‍ പള്ളി പൊളിച്ചപ്പോള്‍ ഇത്തരത്തിലുള്ള അനേകം രേഖകള്‍ നാമാവശേഷമായി. പള്ളിയുടെ ഒരു ഭാഗത്ത് വിശുദ്ധഖുര്‍ആനിന്‍റെ ചില സൂക്തങ്ങള്‍ എഴുതപ്പെട്ടതായും അതിനുള്ളില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ചില വാക്യങ്ങള്‍ ഉല്ലേഖനം ചെയ്യപ്പെട്ടതായും മിഹ്റാബിന്‍റെ മദ്ധ്യ ഭാഗത്ത് ശഹാദത്ത് കലിമ (വിശുദ്ദവാക്യം) കൊത്തിവെക്കപ്പെട്ടതായും എപ്പിഗ്രാഫിയ ഇന്‍ഡിക്ക 1965 ചരിത്ര സത്യങ്ങള്‍ നമ്മോടു വിളിച്ചോതുന്നു.
മേല്‍ ഉദ്ദരണികള്‍ ഇസ്ലാം മതവിഭാങ്ങളുടെ മതാനുബന്ധമായ വാക്യങ്ങളെന്നതിനാല്‍ തകര്‍ക്കപ്പെട്ടത് പള്ളിയാണെന്നും അത് മുസ്ലിംകളുടെതാണെന്നും വ്യക്തമാകുന്പോള്‍ ഹൈന്ദവരുടെ അവകാശ വാദമായ രാമജന്മഭൂമിയും, അയോധ്യയും പ്രസ്തുത പ്രദേശമല്ലെന്നും അത് തീര്‍ത്തും മുസ്ലിംകളുടെതാണെന്നും പകല്‍ സത്യം പോലെ വ്യക്തമാകുന്നു. ശ്രീ രാമനും വാത്മീകിയും സമകാലീനരായിരുന്ന വനവാസത്തിനിടയില്‍ ശ്രീ രാമന്‍ വാത്മീകിയുടെ വസതി സന്ദര്‍ശിക്കുകയുണ്ടായി. സീതയുടെ പരിത്വത്തിന് ശേഷം അവള്‍ വാത്മീകിയുടെ ആശ്രമത്തിലാണ് സ്ഥിരതാമസമാക്കിയിരുന്നത്. പുരാതന ചരിത്രപ്രകാരം ത്രേതായുഗത്തിന്‍റെ അവസാനത്തിലാണ് ശ്രീ രാമന്‍ ജീവിച്ചിരുന്നത്. ക്രിസ്തുവിന്‍റെ എട്ടു ലക്ഷത്തി അറുപത്തി ഏഴായിരത്തി ഇരുന്നൂറ് വര്‍ഷം മുന്പ് തന്നെ ത്രേതായുഗം നാമാവശേഷമായിട്ടുണ്ട് എന്ന് താത്വികരും ചരിത്രകാരന്‍മാരും പ്രസ്താവിച്ചിട്ടുണ്ട്. പ്രസ്തുത വിവരങ്ങള്‍ സാഹിത്യപ്രവര്‍ത്തക സംഘം പ്രസിദ്ധീകരിച്ച പുരാണിക് എന്‍സൈക്ളോ പീഡിയയുടെ 1009ാം പേജില്‍ വ്യക്തമാക്കുന്നു.
ഈ സംഭവം ചരിത്രാതീത കാലത്താണെന്നും ശ്രീ രാമന്‍ വസിച്ചിരുന്ന വനം എവിടെയാണെന്ന് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതിനു വേണ്ട തെളിവുകള്‍ ലഭ്യമല്ലെന്നും ഇതു വഴി വ്യക്തമാണ്. എന്നാല്‍ ശ്രീ രാമന്‍ ജനിച്ചതും ജീവിച്ചതും അയോധ്യയിലാണെന്നാണ് ഹിന്ദുത്വവാദികള്‍ വാദിച്ചു കൊണ്ടിരിക്കുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ ആര്‍ എല്‍ ശുക്ല ഇതു സംബന്ധിച്ചു നടത്തിയ ഗവേഷണം വെളിപ്പടുത്തുന്ന സത്യാന്വേഷണങ്ങള്‍ ഹൈന്ദവ അവകാശവാദങ്ങളുടെ ഉള്ള് പൊള്ളയാണെന്ന് ബോധ്യപ്പെടുത്തുന്നു. ഡോക്ടര്‍ ശുക്ല തന്‍റെ അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കി. ആ വിരല്‍ തുന്പില്‍ നിന്നും ഉറ്റി വീണ മഷിത്തുള്ളികള്‍ക്ക് ബാബിരി ഭൂമിയുടെ പുരാണ കഥകള്‍ പറയാനുണ്ട്.

ബാബരി ഭൂമിയുടെ പൗരാണികത
ശുക്ല എഴുതുന്നു: “”രാമരാവണ യുദ്ധത്തെക്കുറിച്ച് രേഖകളുടെയോ പൗരാണികാവഷിഷ്ടങ്ങളുടെയോ രൂപത്തിലുള്ള യാതൊരു തെളിവും ഇന്നു നമുക്ക് ലഭ്യമല്ല. അത് കൊണ്ട് തന്നെ രാമന്‍ ഒരു കല്‍പ്പിത കഥാപാത്രമാണെന്നും രാമരാവണ യുദ്ധം ഭാവനാ സൃഷ്ടിയാണെന്നും വിശ്വസിക്കുന്ന ചരിത്രകാരന്‍മാര്‍ രാമന്‍ ഒരു യാഥാര്‍ത്ഥ്യമായിരുന്നു എന്നു തന്നെ വിശ്വസിക്കുന്നവരാണ്. അവരുടെ അഭിപ്രായത്തില്‍ ബി. സി. 2500നടുത്ത കാലഘട്ടത്തിലാണ് രാമന്‍ ജീവിച്ചിരുന്നത്. ഈ അഭിപ്രായം സ്വീകരിക്കുകയാണെങ്കില്‍ ബി. സി. 2500 കാലഘട്ടിത്തിലുള്ള മനുഷ്യവാസത്തിന്‍റെ അവശിഷ്ടങ്ങള്‍ രാമന്‍റെ കര്‍മഭൂമിയായി കരുതപ്പെടുന്ന ഭൂപ്രദേശങ്ങളില്‍ നിന്നു കണ്ടെത്താന്‍ കഴിയേണ്ടതാണ്. ഈ ലക്ഷ്യത്തോടു കൂടി പതിനഞ്ചു പ്രദേശങ്ങളില്‍ ഭൂഗര്‍ഭ പരിശോധനകള്‍ നടത്തപ്പെടുകയുണ്ടായി. ഫൈസാബാദ് ജില്ലയിലെ അയോധ്യ, അലഹബാദില്‍ നിന്നും മുപ്പത്തിയഞ്ചു കിലോമീറ്റര്‍ വടക്കു സ്ഥിതി ചെയ്യുന്ന ശ്രാംഗ്വോര്‍പൂര്‍, അലഹബാദ് പട്ടണത്തിലെ ഭരദ്വാജ് ആശ്രമപ്രദേശങ്ങളില്‍ നിന്ന് ലഭിച്ച മനുഷ്യവാസത്തിന്‍റെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ ബി. സി. 600ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരുന്നില്ല. പത്തു വര്‍ഷം മുന്പ് അയോധ്യയില്‍ വീണ്ടും നടത്തിയ ഭൂഗര്‍ഭ പരിശോധനയും ഇതു ശരി വെക്കുകയാണ് ചെയ്തത്. ബി. സി. ഏഴാം നൂറ്റാണ്ടിനപ്പുറമുള്ള മനുഷ്യവാസത്തിന്‍റെ ഒരു സൂചന പോലും അവിടെ നിന്നും ലഭിക്കുകയുണ്ടായില്ല. ഇനി, ഫൈസാബാദ് ജില്ലയിലെ ഇന്നത്തെ അയോധ്യാ പട്ടണം തന്നെയാണ് രാമന്‍റെ അയോധ്യയെന്നും അതു തന്നെയാണ് അദ്ദേഹത്തിന്‍റെ ജനന്മ സ്ഥലമെന്നും സങ്കല്‍പ്പിക്കുകയാണെങ്കില്‍ രാമന്‍ ജീവിച്ചിരുന്നതായി കണക്കാക്കാപ്പെടുന്നതും അയോധ്യയിലെ ഭൂഗര്‍ഭ പരിശോധനകള്‍ വ്യക്തമാക്കുന്നതുമായ കാലഗണനകള്‍ ഒരു നിലക്കും യോജിക്കാത്തതെന്തെന്ന ചോദ്യം അവശേഷിക്കുന്നു. അയോധ്യയില്‍ ജനവാസം ആരംഭിച്ചത് ഏത് മുതല്‍ക്കാണെന്ന് ഇന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞതാണ്. അപ്പോള്‍ ചില ചരിത്രകാരന്‍മാര്‍ അവകാശപ്പെടുന്നത് പോലെ രാമന്‍ ജീവിച്ചത് ബി. സി. 2500നടുത്ത കാലഘട്ടത്തിലാണെങ്കില്‍ ഇന്നത്തെ അയോധ്യയാണ് രാമന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്നതിന് ചരിത്രപരമായ യാതൊരു ന്യായീകരണവുമില്ല.
അലഹബാദ് സര്‍വ്വകലാശാലയിലെ സുശീല്‍ ശ്രീവാസ്തവ, ഗവേഷകനായ എം. സി. ജോഷി എന്നവരുടെ പഠനവും രാമജന്മഭൂമി വാദത്തിന് തെളിവില്ലെന്ന് വ്യക്തമാക്കുകയുണ്ടായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്ന പണ്ഡിത സംഘടന 1986 ഒക്ടോബറില്‍ ശ്രീനഗറില്‍ ചേര്‍ന്ന അതിന്‍റെ 47ാം സമ്മേളനത്തില്‍ മുസ്ലിം പള്ളികളുടെ മേല്‍ സവര്‍ണ്ണവര്‍ഗീയ വാദികള്‍ ഉന്നയിക്കുന്ന അവാകാശവാദങ്ങള്‍ക്ക് ചരിത്രത്തിന്‍റെ പിന്‍ബലമില്ലെന്ന് വ്യക്തമാക്കുന്നു. (ഓര്‍ഗനൈസര്‍  ജനുവരി 18, 1987) ശ്രീരാമ വാസം അയോധ്യയല്ലെന്ന വസ്തുത ഈ സത്യാന്വേഷണങ്ങളില്‍ നിന്നും പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.

വഴിത്തിരിവ്
മതമൈത്രിയുടെ ഈറ്റില്ലമായിരുന്ന ബാബരി പള്ളി പ്രദേശത്ത് ഭരണ കര്‍ത്താക്കളുടെ അറിവോടെ ഒരു ക്ഷേത്ര നിര്‍മാണത്തിന് അനുവാദം അഭ്യര്‍ത്ഥിച്ചു കൊണ്ട് 1885 മഹന്ദ് രഘുഭീര്‍ദാസ് ഫൈസാബാദ് ജഡ്ജിക്കു മുന്പാകെ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് ഹൈന്ദവ മനസ്സുകളില്‍ സങ്കുചിത്വവും മസ്ജിദ് തകര്‍ക്കല്‍ നീക്കവും മൊട്ടിട്ടത്. ഇവിടം തുടങ്ങിയ മതവൈരാഗ്യവും ബാബരി സ്ഥാനത്ത് ഒരു അന്പല നിര്‍മ്മാണത്തിനും മറ്റു ഘടകപ്രവര്‍ത്തനങ്ങള്‍ക്കും ഹൈന്ദവ വിഭാഗം ശ്രദ്ധാപൂര്‍വ്വം കരു നീക്കി. തങ്ങളുടെ സഫല പൂര്‍ത്തീകരണത്തിനായി തുടര്‍ന്നങ്ങോട്ട് കോടതിപ്പടികള്‍ കയറിയിറങ്ങി. ബാബരി പള്ളി പ്രദേശം ശ്രീരാം വാസസ്ഥലമാണെന്ന് വാദിച്ചായിരുന്നു അത്. തുടരെ തുടരെ വന്ന ഹര്‍ജികളെല്ലാം ഹൈന്ദവ ഫാസിസത്തിന്‍റെ അനുകൂലത്വത്തിന് പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തത് നിലവിലുള്ള സുഖാന്തരീക്ഷം ബാബരിക്ക് അനുകൂലമായി. ഇത്തരം നിയമപരവും ചരിത്രപരവുമായ പിന്തുണ കരസ്ഥമാക്കിയ ബാബരിയെ നിലം പരിശാക്കാന്‍ ഇനി എന്താണ് പോംവഴി എന്നായിരുന്നു അവരുടെ അടുത്ത സൂത്രം. കോടതി ഉത്തരവില്‍ ബാബരി സുരക്ഷാ വലയത്തിലകപ്പെട്ടന്നിരിക്കെ 1949 ഡിസംബര്‍ മാസം ഫൈസാബാദിലെ അവധ് പ്രദേശത്ത് അഖിലാ ഭാരത രാമായണ മഹാസഭയുടെ നേതൃത്വത്തില്‍ ഒന്പത് ദിവസം നീണ്ടു നില്‍ക്കുന്ന അഖണ്ഡപഥ് നടന്നു. ഈ സഭയുടെ അവസാന ദിവസം ബാബരി മസ്ജിദില്‍ ഒരു മഹാസംഭവം അരങ്ങേറി. പ്രസ്തുത സംഭവം 1986 ജൂലൈ ഇരുപതിലെ കേസരി പറയുന്നു: “”1949 ക്ഷേത്രഭാഗത്ത് ശ്രീ രാമന്‍റെയും സീതയുടെയും സ്വയംഭൂവായ പ്രതിമകള്‍ ഭൂമിയില്‍ പൊട്ടിമുളച്ച് പൊങ്ങിയതായ അദ്ഭുതം കണ്ട ലക്ഷക്കണക്കിന് ഹൈന്ദവര്‍ അവിടേക്കൊഴുകിയെത്തി. യഥാര്‍ത്ഥത്തില്‍ ആ പ്രതിമകള്‍ അവിടെ സ്വയം രൂപപ്പെട്ടതായിരുന്നില്ല. ഹൈന്ദവ ഫാസിസ്റ്റുകള്‍ പ്രതിഷ്ടിച്ച ബിംബങ്ങള്‍ സ്വയം മുളച്ച് പൊങ്ങിയതാണെന്ന് പ്രചരിപ്പിച്ച് ഹൈന്ദവ വികാരം ഇളക്കി വിടുകയും നിയമത്തിന്‍റെ നൂല് ചലിപ്പിക്കുന്ന എ. കെ. നായരുടെ പരോക്ഷമായ പിന്തുണ ലഭിക്കുകയും ചെയ്തതോടെ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ അഭീഷ്ടം നടപ്പിലാകുമെന്ന് ഉറപ്പായി. പ്രതിമകള്‍ സ്വയം മുളച്ചു പൊങ്ങിയതല്ലെന്ന് ഡിസംബര്‍ 23ന് രാവിലെ 9 മണിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാപ്രസാദ് എന്ന പോലീസുകാരന്‍റെ സാക്ഷ്യമനുസരിച്ച് സബ് ഇന്‍സ്പെക്ടര്‍ സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ എഫ്. ഐ. ആറില്‍ പൊടിപിടിച്ചു കിടപ്പുണ്ട്.

മുന്‍ സ്ഥിതിയില്‍ നില്‍ക്കട്ടെ
എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഹൈന്ദവ വിഭാഗങ്ങള്‍ക്ക് പൂജാ കര്‍മങ്ങള്‍ നടത്താനും മറ്റും മജിസ്ട്രേറ്റ് ഒരു ഇടക്കാല ഉത്തരവ് ഇറക്കി. പിന്നീടങ്ങോട്ട് നടന്ന എല്ലാ ഹര്‍ജികളുടെയും വിധി “”മുന്‍ സ്ഥിതിയില്‍ നില്‍ക്കട്ടെ” എന്നായിരുന്നു. 1994 ഒക്ടോബര്‍ 24ന് സുപ്രീ കോടതിയുടെ വിധി പ്രകാരം 1993ല്‍ നിലനിന്നിരുന്ന പൂര്‍വ്വസ്ഥിതി നിലനിര്‍ത്തണമെന്നായിരുന്നു. അതു പ്രകാരം 1992 ഡിസംബര്‍ ആറിന് ശേഷം നിര്‍മ്മിക്കപ്പെട്ട താല്‍കാലിക ക്ഷേത്രം ഇന്നും അവിടെ നിലവിലുണ്ട്.
പച്ചയായ സത്യങ്ങളെയും പുരാതന ചരിത്രത്തെയും വളച്ചൊടിച്ച് തങ്ങളുടെ കാഴ്ച്ചപ്പാടുകളും പൂര്‍വ്വാനുഭവങ്ങളും പിന്‍കാല അണികള്‍ക്ക് പാഠമായി കാണിക്കാനുള്ള ആര്‍ എസ് എസിന്‍റെയും, വി എ ച്ച് പിയുടെയും നേതൃമുന്നണികളായ ഫാസിസ്റ്റ് ദുര്‍ഭൂതങ്ങളുടെ നരാനായാട്ടിന് ജുഡീഷ്യറിയുടെ പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചത്. ഹൈന്ദവ ഫാസിസ്റ്റ് വല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി അനേകം പവിത്രസ്ഥാനമാനങ്ങളെ കണ്ണുവെച്ച് ബുദ്ധി ചലിപ്പിക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെ കെടുകാര്യസ്ഥതയെയും മനസ്സിലാക്കി മുസ്ലിം നേതൃത്വം നീങ്ങിയില്ലെങ്കില്‍ ചരിത്രസത്യങ്ങളെ പച്ചയായി വ്യഭിചരിക്കുന്ന ക്രൂര കര്‍ത്താക്കളുടെ പാദങ്ങള്‍ക്കടിയില്‍ സമകാല ഇസ്ലാമിക സംസ്കാരവും ഞെരിഞ്ഞമരുന്നത് നാം കാണേണ്ടി വരും. ഫാസിസ്റ്റ്യന്‍ തന്ത്രങ്ങളെ മുന്‍കാഴ്ച്ചയോടെ കണ്ട് അതിനെതിരെ പ്രതിരോധിക്കാനുള്ള ഒരു കൈ കരുത്ത് നാം ആര്‍ജിക്കേണ്ടിയിരിക്കുന്നു.

തീ തുപ്പുന്ന അനുഭവം
1992 ഡിസംബര്‍ ആറിന്‍റെ ദുരന്ത കാഴ്ച്ചക്ക് ദൃക്സാക്ഷ്യം വഹിച്ച പ്രശസ്ത ജേര്‍ണലിസ്റ്റ് ജോണ്‍ ബ്രിട്ടാസ് തന്‍റെ ദൃഷ്ടിയില്‍ പതിഞ്ഞ ദുരന്ത സത്യങ്ങള്‍ക്ക് തൂലികയിലൂടെ ജീവന്‍ നല്‍കുകയാണിവിടെ. “”ഞായറാഴ്ച്ച രാവിലെ ഫൈസാബാദില്‍ നിന്നും അയോധ്യയിലെ കര്‍സേവാ സ്ഥലത്തേക്ക് തിരിക്കുന്പഴൊന്നും ഞങ്ങളുടെ ഈ പോക്ക് മതേതരത്വ ഭാരതത്തിന്‍റെ ചരമക്കുറിപ്പ് എഴുതാന്‍ വേണ്ടിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഡിസംബര്‍ സമ്മാനിക്കുന്ന തണുപ്പേറ്റു വാങ്ങി കര്‍സേവകരുടെ ഇടയിലൂടെ അയോധ്യയിലെത്തുന്പോഴൊന്നും ഭീകരതയുടെ ചെറിയ ലാഞ്ചന പോലും ഞങ്ങള്‍ക്ക് ഗ്രസിക്കാന്‍ സാധിച്ചില്ല. ദര്‍ശനത്തിന് അണിയായി നില്‍ക്കുന്ന കര്‍സേവകര്‍ക്കിടയിലൂടെ “പ്രസ്കാര്‍ഡ്’ കാണിച്ച് ഞങ്ങള്‍ സമുച്ചയത്തിനുള്ളില്‍ കയറി. ഉള്ളില്‍ എഴുപത്തിയഞ്ചോളം വരുന്ന സി. ആര്‍. പി. എഫ്. ഭടന്‍മാര്‍ ഉണ്ടായിരുന്നു. വരാനിരിക്കുന്ന വിപത്തിനെക്കുറിച്ചുണ്ടോ ഇവരറിയുന്നു. സമയം മെല്ലെ മെല്ലെ ചലിച്ചു കൊണ്ടിരുന്നു. മൂടല്‍മഞ്ഞ് പ്രഭാതത്തിനു വഴിമാറി. അപ്പോഴേക്കും ദര്‍ശനത്തിനായുള്ള കര്‍സേവകരുടെ കുത്തൊഴുക്കിന് ശക്തി കൂടിയിരുന്നു. “ജയ് ശ്രീ രാം’ എന്ന നാമം അന്തരീക്ഷമാകെ മുഖരിതമാക്കി. കണ്ണിനു ചുറ്റും കാവിത്തുണിയില്‍ പൊതിഞ്ഞ രൂപങ്ങള്‍ മാത്രം.

സമയം രാവിലെ എട്ടു മണി
കര്‍സേവ കൃത്യമായി കാണുന്നതിന് വേണ്ടി മാനസ് ഭവന്‍റെ വിശാലമായ ടെറസ്സില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. വി. എച്ച്. പി. യുടെ മാധ്യമ കണ്‍വീനര്‍ അഗ്നി ഹേത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്. സ്വതന്ത്ര ഇന്ത്യയെ ഗ്രസിക്കാന്‍ പോകുന്ന ഏറ്റവും വലിയ ഭീകരതക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയായിരുന്നുവെന്ന് ഞങ്ങള്‍ക്ക് വിദൂരജ്ഞാനം പോലുമുണ്ടായിരുന്നില്ല. കര്‍സേവക്കുള്ള സന്യാസിമാരെയും നോക്കി മസ്ജിദ് പരിസരത്ത് ഞങ്ങള്‍ കണ്ണും നട്ടിരുന്നു.
കോടതി വിധി ലംഘിച്ച് കഴിഞ്ഞ ജൂലൈയില്‍ വിശ്വഹിന്ദു പരിഷത്ത് തര്‍ക്ക സ്ഥലത്ത് നിര്‍മ്മിച്ച രാമ ചബൂത്രയില്‍ ചിലര്‍ ശുദ്ധീകരണപ്രവര്‍ത്തനം ആരംഭിച്ചു. കാവിയില്‍ പൊതിഞ്ഞ സന്യാസിമാര്‍ ചബൂത്രയിലേക്ക് പ്രവേശിച്ച് തുടങ്ങി. എല്ലാത്തിനും നേതൃത്വം നല്‍കിക്കൊണ്ട് വി. എച്ച്. പി. സെക്രട്ടറി അശോക് സിംഗാള്‍ കര്‍സേവ സ്ഥലത്ത് ചുറ്റിക്കറങ്ങി നടക്കുന്നു. സമയം 10.15 ബി. ജെ. പി. നേതാക്കളായ എല്‍. കെ. അദ്ധ്വാനിയേയും മുരളി മനോഹര്‍ ജോഷിയെയും വഹിച്ചുള്ള വാഹനവ്യൂഹം തര്‍ക്ക സ്ഥലത്തിന് വെളിയില്‍ വന്നു നിന്നു. ആര്‍ത്തുലച്ചു വരുന്ന കര്‍സേവകര്‍ക്കിടയിലൂടെ സുരക്ഷാ ഭടന്‍മാരുടെ സഹായത്തോടെ അദ്ധ്വാനിയും ജോഷിയും തര്‍ക്കസ്ഥലത്തേക്ക് പ്രവേശിച്ചപ്പോള്‍ കര്‍സേവകര്‍ ഇളകി മറിഞ്ഞു. അദ്ധ്വാനിയുടെ വരവ് എരിയുന്ന അഗ്നിയെ ആളിക്കത്തിക്കുകയാണെന്ന് തിരിച്ചറിയാന്‍ ഈ കാഴ്ച്ച മാത്രം മതി.

തകരുന്ന ബാബരി
സന്യാസിമാര്‍ക്കും തെരെഞ്ഞെടുക്കപ്പെട്ട കര്‍സേവകര്‍ക്ക് മാത്രം പ്രവേശനാനുമതി ഉണ്ടായിരുന്ന സ്ഥലത്തേക്ക,് ആര്‍. എസ്. എസ്. വളണ്ടിയര്‍മാരുടെയും പോലീസിന്‍റെയും സുരക്ഷാവലയം തകര്‍ത്ത് കര്‍സേവകര്‍ കൂട്ടത്തോടെ പ്രവേശിച്ചു. മുക്കാല്‍ മണിക്കൂറോളം അതിര്‍ത്തി ഭേദകരെ പിടിക്കാന്‍ ജാഗരൂഗരായിരുന്ന ആര്‍. എസ്. എസ്. വളണ്ടിയര്‍മാര്‍ എവിടെ നിന്നോ കിട്ടിയ ആജ്ഞ പോലെ അല്‍പദൂരത്ത് തയ്യാര്‍ ചെയ്തിരുന്ന താവളത്തിലേക്ക് മാറി. ആര്‍. എസ്. എസ് വളണ്ടിയര്‍മാരുടെ സുരക്ഷ വെറും നാടകമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. അപ്പോഴേക്കും നാല് ഭാഗത്ത് നിന്നും കല്ലേറ് ആരംഭിച്ചു. കപ്പിയും കയറും ഉപയോഗിച്ച് കര്‍സേവകര്‍ മസ്ജിദ് സമുച്ചയത്തിലേക്ക് കായിഭ്യാസികളെപ്പോലെ വലിഞ്ഞ് കയറുന്നത് ജയ് ശ്രീരാം അട്ടഹാസങ്ങള്‍ക്കിടയില്‍ മാനസ് ഭവന്‍ ടറസ്സില്‍ നിന്നും ഞങ്ങള്‍ നോക്കിക്കണ്ടു.
12 മണിക്ക് കര്‍സേവകര്‍ മിനാരങ്ങള്‍ക്ക് മുകളില്‍ കയറി പിക്കാസ് ഉപയോഗിച്ച് തകര്‍ക്കല്‍ ആരംഭിച്ചു. യുദ്ധക്കളത്തിന് സമാനമായ ഒരു അന്തരീക്ഷം കാണാന്‍ ഞങ്ങള്‍ക്കപ്പോള്‍ ഭാഗ്യം ലഭിച്ചു. അലറിവിളിച്ച് ആയിരങ്ങള്‍ പള്ളിയിലേക്ക് പ്രവേശിച്ചു. പിക്കാസും കോടാലിയും ഇരുന്പു ദണ്ഡുകളുമെല്ലാം മസ്ജിദിന് മുകളില്‍ ഉയര്‍ന്നു പതിക്കുന്നത് ഞങ്ങള്‍ കണ്ടു.

തോഡ്ദോ… തോഡ്ദോ…
അന്തരീക്ഷം ജയ് ശ്രീരാം വിളിയില്‍ പ്രകന്പനം കൊണ്ടു. സമുച്ചയത്തിന് തൊട്ടടുത്ത് ഉയര്‍ത്തിക്കെട്ടിയ വേലിയില്‍ നിന്ന് ബി. ജെ. പി, വി. എച്ച്. പി. നേതാക്കളുടെ ആന്തരികമായ പ്രോത്സാഹനം കര്‍സേവകര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. ഒരു വേള കര്‍സേവകരെ പിന്തിരിപ്പിക്കാനുള്ള ആഹ്വാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. അദ്ധ്വാനിയുടെ തല പതിയെ താണു. രാജാ മാതാ വിജയ രാജ സിദ്ധ്യക്ക് അല്‍പ്പം പോലും കുലുക്കമുള്ളതു പോലെ തോന്നിയില്ല. അര മണിക്കൂറിനുള്ളില്‍ വേദിയില്‍ നിന്നും അപരിചിതമായ ആഹ്വാനങ്ങളുയര്‍ന്നു. തോഡ്ദോ… തോഡ്ദോ… (പൊളിച്ചോളൂ… പൊളിച്ചോളൂ…) എന്നു സ്വാധീ ഋതംബര ആര്‍ത്തട്ടഹസിച്ചു. കര്‍സേവകര്‍ മസ്ജിദിലേക്ക് കയറുന്പോള്‍ അദ്ധ്വാനിയുടെയും മറ്റും മുഖത്തുണ്ടായിരുന്ന ആശങ്കയുടെയും ഉത്കണ്ഠയുടെയും ഭാവങ്ങള്‍ കാപട്യത്തിന്‍റെ പ്രതിഫലനാമായിരുന്നില്ലേ?
പെടുന്നനേ ഞങ്ങള്‍ക്കു കൂടെ മാനസ് ഭവാന്‍റെ ടറസ്സിലുണ്ടായിരുന്ന കര്‍സേവകര്‍ ഭീകരതയുടെ മുഖം മൂടിയൂരി. പോലീസുകാരും ജവാന്‍മാരും ഇവരോടു കൂടെ താണ്ഡവമാടിയപ്പോള്‍ ഞങ്ങള്‍ക്ക് ഫാസിസത്തിന്‍റെ നേര്‍മുഖം ദര്‍ശിക്കാമായിരുന്നു. എവിടെ നിന്നോ പാഞ്ഞു വന്ന ഇരുന്പു ദണ്ഡുകള്‍ ഞങ്ങളില്‍ പലരുടെയും കാമറക്കണ്ണുകള്‍ തകര്‍ത്തു. കര്‍സേവകര്‍ ഞങ്ങളുടെ കൂട്ടത്തിലേക്ക് ഇരച്ചു കയറി. നിഷ്ഠൂര മര്‍ദ്ദനങ്ങള്‍ക്കാണ് മാനസ് ഭവാന്‍ സാക്ഷ്യം വഹിച്ചത്. ജയ് ശ്രീരാം മാത്രമായിരുന്നു ഞങ്ങളുടെ ഏക രക്ഷാമാര്‍ഗം. കര്‍സേവകരില്‍ നിന്നും കുതറി മാറി മാനസ് ഭവാന്‍റെ ഗോവണിപ്പടികള്‍ രണ്ടും മൂന്നും ചാടിയിറങ്ങുന്പോള്‍ ബാബരി മസ്ജിദ് തകര്‍ന്നു വീഴുന്നത് ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. ഭീകരതയുടെ നിമിഷങ്ങള്‍ എണ്ണിക്കഴിഞ്ഞ ഞങ്ങള്‍ക്ക് രക്ഷപ്പെടുക മാത്രമായിരുന്നു ലക്ഷ്യം. മുന്നില്‍ കാണുന്ന കാവിത്തുണികള്‍ ഞങ്ങള്‍ പങ്കിട്ടെടുത്തു. നടുക്കയത്തില്‍ മുങ്ങുന്നവന് നേര്‍ക്ക് നീണ്ടു വരുന്ന സഹായ ഹസ്തമായി ഫാസിസത്തിന്‍റെ ചിഹ്നമായി കാവിത്തുണി മാറുന്നത് ചരിത്രത്തിന്‍റെ വൈചിത്ര്യങ്ങളില്‍ ഒന്നായിരിക്കാം. പങ്കിട്ടെടുത്ത കാവിത്തുണി തലയില്‍ കെട്ടി അല്‍പ്പനേരത്തേക്ക് ഞങ്ങള്‍ കര്‍സേവക വേഷം കെട്ടി ഒരു തരത്തില്‍ കെട്ടിടത്തിന് വെളിയില്‍ വന്നു. രാവിലെ ഞങ്ങള്‍ വന്ന കാറിനടുത്തെത്തുകയായിരുന്നു ഞങ്ങളുടെ ഏക ലക്ഷ്യം. കത്തിക്കരിഞ്ഞ വാഹനങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ കാറിനടുത്തേക്ക് നീങ്ങി. ഒരു മണിക്കൂര്‍ തിരച്ചിലിനിടയില്‍ ഞങ്ങള്‍ വാഹനം കണ്ടെടുത്തു. ഫൈസാബാദ് ലക്ഷ്യം വെച്ച് ഏതോ ഇടുങ്ങിയ കാട്ടു പാതയിലൂടെ ഞങ്ങള്‍ വാഹനം ഡ്രൈവ് ചെയ്തു. ആര്‍ത്തട്ടഹസിച്ച് ഞങ്ങളെ പിന്തുടരുന്ന കര്‍സേവകരെ പിന്തിരിപ്പിക്കാന്‍ സര്‍വ്വശക്തിയുമെടുത്ത് ഞങ്ങള്‍ “ജയ് ശ്രീരാം’ വിളിച്ചു. കുതിച്ചും കിതച്ചും ഞങ്ങള്‍ പ്രധാന നിരയിലെത്തിയപ്പോള്‍ പതിനായിരങ്ങളാണ് റോഡിന്‍റെ ഇരുവശവും നിരന്ന് നില്‍ക്കുന്നത്. മസ്ജിദ് പൊളിച്ച് തിരിച്ച് മടങ്ങുന്നവരാണെന്ന് കരുതി ആഹ്ലാദത്തോടെയാണ് ഇവര്‍ ഞങ്ങളെ വരവേറ്റത്. പല സ്ഥലത്തും ഇവര്‍ കാറു തടഞ്ഞ് ജയ് ശ്രീരാം വിളിച്ച് കൈ പിടിച്ച് കുലുക്കി അഭിവാദ്യമര്‍പ്പിച്ചു. ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി വാര്‍ത്തയെഴുതുന്പോഴേക്കും പള്ളിയുടെ മൂന്ന് മിനാരങ്ങളും തകര്‍ന്നതായി ഞങ്ങളുടെ ശേഷം വന്ന പത്രക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ വീണ്ടും ഞങ്ങള്‍ തര്‍ക്ക സ്ഥലത്തേക്ക് പോയപ്പോള്‍ പുതിയ ഒരു ഭൂമിയില്‍ പ്രവേശിച്ച പ്രതീതിയായിരുന്നു.

ഇവിടെ ഒരു പള്ളിയുണ്ടായിരുന്നു
ഇവിടെ ഒരു പള്ളിയുണ്ടായിരുന്നുവെന്ന ചെറിയ വിവരം പോലും വരും തലമുറക്ക് ബാക്കി വെക്കാതെയായിരുന്നു വി. എച്ച്. പി നേതാക്കള്‍ കാര്യങ്ങളുടെ കരു നീക്കിയത്. മസ്ജിദിന്‍റെ ചെറിയ കല്‍തരികള്‍ പോലും തര്‍ക്കസ്ഥലത്തിനു വെളിയിലേക്ക് തള്ളി. ചെറിയ ഒരു കുന്നു വെട്ടിയിറക്കി അഞ്ചടി ഉയരത്തില്‍ ചൂടുകട്ടയും സിമെന്‍റും ഉപയോഗിച്ച് ഭിത്തി കെട്ടി ഉള്ളില്‍ രാമ വിഗ്രഹം പ്രതിഷ്ടിച്ച് താല്‍കാലിക അന്പലം ഒരുക്കി. പൂജക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് വി. എച്ച്. പി. നേതാക്കള്‍ അവിടം വിട്ടത്. എല്ലാം കെട്ടടങ്ങിയ ശേഷം ചാരമായി തീര്‍ന്നിടത്ത് കെട്ടിപ്പടുത്ത നാലു കെട്ടിന് ചുറ്റും കാവല്‍ നില്‍ക്കുന്ന സി. ആര്‍. പി. എഫ്. ഭടന്‍മാര്‍. എല്ലാം ഒരു നാടകം പോലെ.
അയോധ്യയില്‍ നിന്ന് മടങ്ങുന്പോള്‍, ചുട്ടു ചാന്പലാക്കപ്പെട്ട ഒട്ടനവധി മുസ്ലിം ആരാധനാലയങ്ങള്‍ രക്തത്തില്‍ കുളിച്ച് മൃതിയടഞ്ഞ ധാരാളം മുസ്ലിം ദേഹങ്ങള്‍… തുടങ്ങി വേദനകള്‍ സമ്മാനിക്കുന്ന ദുരന്ത കാഴ്ചയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഫാസിസത്തിന്‍റെ തേരോട്ടം ഇവിടം തുടങ്ങുകയാണ്. കാശി, മധുര ബാക്കി ഹെ (കാശിയും മധുരയും ബാക്കിയുണ്ട്) എന്ന മുദ്രാവാക്യത്തിനു പിന്നിലെ ഭീകരത ഇന്ത്യന്‍ ജനത ഇനിയെങ്കിലും തിരിച്ചറിഞ്ഞുവെങ്കില്‍?”
ഇതെല്ലാം മതേതരത്വം വിളിച്ചോതുന്ന നായകരുടെ അറിവോടെയും പിന്തുണയോടെയുമാണെന്ന് മനസ്സിലാക്കാന്‍ അധിക ജ്ഞാനമൊന്നും വേണ്ട. അധികാരത്തിലുള്ള സ്വാര്‍ത്ഥത മൂലം മഹാഭാരത്തിന്‍റെ മതേതരത്വം എന്ന പൈതൃകത്തെ പിച്ചിച്ചീന്തിയ അദ്ധ്വാനികള്‍ക്കും റാവുമാര്‍ക്കും ഇന്ത്യാ രാജ്യം ഭരിക്കാന്‍ എന്തവകാശമാണുള്ളത്? ഭാരതത്തിന്‍റെ സ്വാതന്ത്രത്തിന് വേണ്ടി ജാതിമതവര്‍ഗ വിവേചനങ്ങള്‍ മറന്ന് തോളോടു തോള്‍ ചേര്‍ന്ന് ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പൊരുതിയ ടിപ്പുവിന്‍റെയും കുഞ്ഞാലി മരക്കാര്‍മാരുടെയും പേരമക്കള്‍ ഇന്നിവിടെ ജീവിച്ചിരിപ്പുണ്ട്. വിരലറ്റ് രക്തം ഉറ്റി വീഴുന്ന കൈകളാല്‍ കലിമ രചിച്ചവരും ബ്രിട്ടീഷ് പട്ടാളത്തിന്‍റെ ബയണറ്റുകള്‍ വിരിമാറിലേക്ക് തുളച്ച് കയറിയപ്പോഴും സ്വന്തം രാജത്തിന്‍റെ അന്തസും അഭിമാനവും കാത്തു സൂക്ഷിച്ച പൂര്‍വ്വ പിതാക്കളുടെ മക്കള്‍ ഇന്നുമുണ്ടിവിടെ. സ്വന്തം രാജ്യത്തിന്‍റെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിച്ച് രാജ്യം എങ്ങനെ ഭരിക്കണമെന്ന് അവര്‍ക്കറിയാം. രാജ്യം അവര്‍ ഭരിക്കട്ടെ. മതേതരത്വം നമുക്ക് പുനഃസൃഷ്ടിക്കാം.

വിധിയും നീതിയും
മതേതരത്വ ഇന്ത്യ കാത്തിരുന്ന വിധി വന്നു. തീര്‍ത്തും വചിത്രമായൊരു വിധിന്യായത്തിലൂടെയാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്‍റെ കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തീര്‍പ്പ് കല്പിച്ചിരിക്കുന്നത്. നിയമപരവും നിയമസംബന്ധിയുമായ വൈരുദ്ധ്യങ്ങള്‍ക്കപ്പുറം നീതിന്യായത്തിനു മുന്നിലെത്തിയ തെളിവുകള്‍ക്കും രേഖകള്‍ക്കും ചരിത്ര വസ്തുതകള്‍ക്കുമപ്പുറം കേവലമായ വിശ്വാസത്തെ ആധാരമാക്കിയുള്ള വധിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സ്വാധീന ശക്തിയും സമ്മര്‍ദശേഷിയുമുള്ള ഏതെങ്കിലുമൊരു വിഭാഗത്തിന്‍റെ ആധികാരികതക്ക് പ്രഥമ പരിഗണന നല്‍കിയുള്ള ഈ ഒത്തു തീര്‍പ്പ് തീര്‍ത്തും നിയമ ബാഹ്യമാണെന്നേ പറയാനൊക്കൂ.
1992ല്‍ തകര്‍ക്കപ്പെട്ടത് പള്ളിയായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ല. മൂന്നു ജഡ്ജിമാരും ഏക കണ്ഠമായി യോജിച്ച വസ്തുതയാണിത്. കേസിന്‍റെ ഒത്തു തീര്‍പ്പില്‍ മൂന്നു പേരും പ്രകടിപ്പിച്ച നിരീക്ഷണം തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു. അതിന്‍റെ പിന്നാന്പുറത്തിലൂടെയായിരുന്നു വിധി പറച്ചില്‍. ഒരിക്കലും മൂന്നു പേരും യോജിച്ച ചരിത്രസത്യങ്ങള്‍ വിധിന്യായത്തെ ഒരിറ്റു പോലും സ്വാധീനിച്ചില്ല. 1949 ഡിസംബറിന്‍റെ 22,23 തിയ്യതികള്‍ക്കിടയിലാണ് രാമവിഗ്രഹം പള്ളിയില്‍ കൊണ്ടുവെച്ചെന്നതിലും ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായമില്ല. ഇവിടെ വിശ്വാസവും തെളിവുമങ്കം കുറിക്കുന്പോള്‍ നിയമക്കണ്ണുകള്‍ സ്വീകരിക്കുക തെളിവുകള്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. പിന്നെ ഏതൊരടിസ്ഥാനത്തിലാണ് ബാബരി പള്ളിത്തകര്‍ച്ചയുടെ ഈ വിധി മതേതരത്വ ഇന്ത്യയിലെ വിശ്വാസികള്‍ ഉള്‍ക്കൊള്ളുക.
യാതൊരു തെളിവുമില്ലാതെ രാമന്‍ ജനിച്ചത് ബാബരി മസ്ജിദിന് മധ്യ ഖുബ്ബക്കു കീഴിലാണെന്നു പ്രസ്താവിക്കാന്‍ ജഡ്ജിമാര്‍ക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. നിയമപരമായി വിധിക്കുക എന്നതിലുപരി ഒരു ഒത്തുതീര്‍പ്പു ഫോര്‍മുലയായിട്ടോ അല്ലെങ്കില്‍ ഒരു വീതം വെയ്പ്പു മാത്രമായിട്ടോ ആണ് കോടതി വിധി മാറിയത്. ഇവിടെയാണ് നിയമവും ന്യായവും നീതിയുമല്ല വിധിയെ നിര്‍ണ്ണയിച്ചതെന്ന ചരിത്ര വസ്തുത നമ്മെ ഉത്കണ്ഠപ്പടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *