ഖുബൈബ് നീ ഈ കഴുമരത്തില്‍ നിന്നും രക്ഷപ്പെടുകയും നിന്‍റെ സ്ഥാനത്ത് മുഹമ്മദ് കഴുമരത്തിലേറ്റപ്പെടുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?
ഏ.. വിഡ്ഢികളെ, എന്‍റെ മുത്ത് നബി കഴുമരത്തിലേറ്റപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുമെന്നോ? എന്‍റെ ഹബീബിന്‍റെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സഹിക്കാവുന്നതില്‍ അപ്പുറമാണ്. കഴുമരത്തില്‍ നിന്ന് ധീരമായി ഖുബൈബ്(റ) നല്‍കിയ മറുപടിയില്‍ ശത്രുക്കള്‍ക്ക് തീരെ പുതുമ ഉണ്ടായിരുന്നില്ല. പ്രവാചകരെ തങ്ങളുടെ ജീവനേക്കാള്‍ ഇഷ്ടപ്പെടുന്നവര്‍ ഇതല്ലാതെ എന്തു പറയാനാണ്.
തിരുനബി(സ്വ) സ്നേഹിക്കപ്പെടാനായി പടക്കപ്പെട്ടവരാണ്. അവിടെത്തോടുള്ള സ്നേഹമാണ് വിശ്വാസത്തിന്‍റെ പുര്‍ണ്ണത. നാം ഒരുപാടു പേരെ സ്നേഹിക്കുന്നുണ്ട്. പക്ഷെ, മുത്ത് നബി(സ്വ) ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെടുന്നവരും സ്നേഹം തിരിച്ചു നല്‍കുന്നവരുമാണ്. അവിടുത്തെ ജന്മദിനത്തില്‍ സന്തോഷിച്ചു അടിമയെ മോചിപ്പിച്ച അബൂലഹബിന് ആ സ്നേഹം തിരിച്ചു കിട്ടിയത് ഇവിടെ ചേര്‍ത്തു വായിക്കുന്പോള്‍ മുത്ത് നബി(സ്വ) ലോകര്‍ക്ക് അനുഗ്രഹമായിട്ടാണെന്ന ഖുര്‍ആനിക അദ്ധ്യാപനം വ്യക്തമാവുകയാണ്. അല്ലാഹുവിനോടുള്ള സ്നേഹമാണ് മുത്ത് നബിയോടുള്ള സ്നേഹത്തിന്‍റെ വിത്തും സത്തും. കാരണം മുത്ത് നബി(സ്വ) ഒരു രൂപത്തിലൊതുങ്ങുന്നവരല്ല. ഒരു ആശയ ലോകമാണ് അവിടുന്ന്. പ്രപഞ്ചത്തേയും അതിലുള്ള സര്‍വ്വതിനെയും സുസ്ഥിതിയില്‍ ഉറപ്പിക്കുന്ന ആശയങ്ങളാണവ. ഈ സന്തുലിത നിലനില്‍പ്പിലും സാര്‍വ്വത്രിക ഗുണങ്ങളിലും കടപ്പാടുള്ള കേന്ദ്രമാണ് മുത്ത് നബി(സ്വ). അതിനാല്‍ യഥാര്‍ത്ഥ സ്നേഹത്തെ ചുരത്തി ഹൃദയ ധര്‍മ്മത്തെ ഗുണഫല വിതരണത്തിന് സജ്ജമാക്കുന്നതിന് അടിസ്ഥാനം അല്ലാഹുവിനോടുള്ള സ്നേഹം തന്നെയാണ്.
അനുരാഗികളുടെ അടങ്ങാത്ത മോഹമാണ് മദീന. മദീനയുടെ രാജാവിന്‍റെ സന്നിധിയിലെത്താന്‍ ഓരോ വിശ്വാസീ ഹൃദയവും തുടിച്ചു കൊണ്ടിരിക്കുന്നു. അനുരാഗികള്‍ക്ക് മികച്ച മാതൃക അവിടുത്തെ അനുചരന്മാര്‍ തന്നെയാണ്. അനുരാഗികളില്‍ എന്നും മുന്‍പന്തിയില്‍ സ്വഹാബത്ത് തന്നെയായിരുന്നു. സ്വശരീരം റസൂലിന് സമര്‍പ്പിച്ചവര്‍, ഓരോ ശ്വോസ്വാഛ്വാസവും തിരുനബിക്കായി മാറ്റി വച്ചവര്‍, അവര്‍ അങ്ങനെയായിരുന്നു. സ്വന്തത്തേക്കാളും തിരുനബിയെ സ്നേഹിച്ചു. ഹബീബിനെ ഒരു നിമിഷം പിരിഞ്ഞിരിക്കലിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമവര്‍ക്കായിരുന്നില്ല. അതിനാലാണ് മുത്ത്നബി(സ) യില്ലാത്ത മദീനയില്‍ നില്‍ക്കാന്‍ ബിലാലു ബ്നു റബാഹ(റ) ഇഷ്ടപ്പെടാതിരുന്നത്. യമനിലേക്ക് ഗവര്‍ണ്ണര്‍ ഉദ്യോഗം നല്‍കി തിരുനബി അയക്കുന്പോള്‍ ആ പൂമുഖത്ത് നിന്നും കണ്ണടുക്കാതെ മുആദ് (റ) കണ്ണീര്‍ വാര്‍ത്തത്, നബി (സ) വിടപറഞ്ഞു എന്ന് പറഞ്ഞാല്‍ തലയെടുക്കുമെന്ന് ഉമര്‍(റ) ഗര്‍ജിച്ചത്. തിരുനബി(സ) യെ ജീവനേക്കാളേറെ പ്രണയിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രേമഭാജനത്തെ പിരിഞ്ഞിരിക്കാനാകുമോ?
അനുരാഗികളില്‍ എന്നും മുന്‍പന്തിയിലായിരുന്നു സിദ്ദീഖുല്‍ അക്ബര്‍ (റ). അവിടുന്ന് നബി (സ) ക്ക് വേണ്ടി ജീവന്‍ ഉഴിഞ്ഞ് വെക്കുകയായിരുന്നു. സൗര്‍ ഗുഹയിലേക്കുള്ള യാത്രാമധ്യേ നബി തങ്ങളുടെ ഇടത്തും വലത്തും മുന്നിലും പിറകിലും മാറി മാറി നിന്ന് തങ്ങള്‍ക്ക് സംരക്ഷണം കൊടുത്ത പ്രിയ അനുചരന്‍, ഇസ്റാഅ് മിഅ്റാജ് യാത്രാനന്തരം നബി തങ്ങളുടെ വാക്കുകളെ കളവാക്കിയ മക്കക്കാര്‍ക്കു മുന്നില്‍ അനുസരണയുടെ സത്യസന്ധതയുടെ പുതിയ ഹിമപര്‍വ്വങ്ങള്‍ താണ്ടിയ മുത്ത് രത്നം അതായിരുന്നു സിദ്ധീഖ്(റ). രണ്ടാം ഖലീഫ ഉമര്‍(റ) വിന്‍റെ വാക്കുകള്‍ ഇങ്ങനെ വായിക്കാം.. സിദ്ധീഖ് തങ്ങളുടെ ഒരു ദിവസം എനിക്കു നല്‍കിയാല്‍ ഞാന്‍ എന്‍റെ മുഴുവന്‍ ദിവസവും പകരം നല്‍കാം. ഈ തീവ്ര അനുരാഗമാണ് തിരു പ്രവാചകര്‍ക്കു ശേഷം പുണ്യ സ്വര്‍ഗ കവാടം സിദ്ധീഖ് തങ്ങള്‍ക്കായി തുറക്കപ്പെടുമെന്ന പ്രവാചക അദ്ധ്യാപനത്തിന്‍റെ മാനം. ഇസ്ലാമിക ഖിലാഫത്ത് ഏറ്റടുത്ത ഉമര്‍(റ) ഉം ഉസ്മാന്‍(റ)വും അലി(റ)വുമെല്ലാം അനുരാഗത്തിന്‍റെ പുതുചരിതങ്ങള്‍ രചിച്ചവരായിരുന്നു. സ്വഹാബാക്കളെല്ലാം അങ്ങനെയായിരുന്നു. നബി സ്നേഹം കൊണ്ട് വിജയ തീരം അണഞ്ഞവരാണവര്‍. തിരുറസൂലിന്‍റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അനുരാഗത്തിന്‍റെ പേമാരി വര്‍ഷിപ്പിച്ചവര്‍.
ഖൈബര്‍ വിജയദിനം, സ്വഫിയ ബീവിയുമായുള്ള തിരുനബിയുടെ മധുവിധു രാത്രിയായിരുന്നു അത്. അവിടുത്തെ ടെന്‍റിന് കാവലിരുന്ന അബൂഅയ്യൂബുല്‍ അന്‍സ്വാരിക്ക് നേടാനൊന്നുമുണ്ടായിരുന്നില്ല, പ്രഭാതത്തിനു നബി (സ) യില്‍ നിന്ന് കിട്ടിയ ദുആ മാത്രമായിരുന്നു അവരുടെ ലക്ഷ്യം. തിരുനബി (സ)യുടെ മുന്പില്‍ അഹങ്കാരത്തിന്‍റെ മഞ്ഞുമലകള്‍ ഉരുക്കി പ്രേമ ഭാജനത്തെ ഹൃദയത്തോട് ചേര്‍ത്തു വെക്കാന്‍ ഇക്രിമത്തു ബ്നു അബീജഹലിനും സുമാമത്തുബ്നു ഉസാലിനും ഏറെ ചിന്തിക്കേണ്ടി വന്നില്ല. യഥാര്‍ത്ഥത്തില്‍ അനുരാഗത്തിന് കണ്ണും കാതും ഇല്ല എന്നതാണ് സത്യം. വേഷമോ, ഭാഷയോ, നിറമോ അവിടെ വൈജാത്യങ്ങള്‍ സൃഷ്ടിക്കുന്നില്ല. അനുരാഗികള്‍ക്ക് ഒറ്റ വികാരമേ ഉള്ളൂ. അത് മദീനയില്‍ അന്തിയുറങ്ങുന്ന മുത്ത് നബിയാണ്. കാതങ്ങളെത്ര അകലെയാണെങ്കിലും പ്രേമഭാജനത്തിന്‍റെ പദപങ്കജം പതിഞ്ഞ മണ്ണില്‍ അലിഞ്ഞ് ചേരുകയാണ് അവരുടെ ലക്ഷ്യം. അവിടുത്തെ ശരീരം ചേര്‍ന്നുനില്‍ക്കുന്ന ത്വയ്ബയെ വാരിപ്പുണരാനും തന്‍റെ മാണിക്യ മുത്തിനെ ഹൃദയചെപ്പില്‍ കുടിയിരുത്താനുമുള്ള അനുരാഗിയുടെ തീവ്ര അഭിലാഷം ഗദ്യമായും പദ്യമായും പെയ്തൊഴിഞ്ഞപ്പോള്‍ അവിടെ അക്ഷരങ്ങള്‍ പരാജയം സമ്മതിക്കുകയായിരുന്നു. നിരാശയില്ലാത്ത പ്രണയമാണ് മുത്ത് നബിയോടുള്ളത്. പ്രണയം കൂടുംതോറും മദീനയോട് ചേരാന്‍ അനുരാഗികള്‍ക്ക് ആഗ്രഹം വര്‍ദ്ധിക്കുകയാണ്. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം ശരീരത്തേക്കാള്‍ ബന്ധപ്പെട്ടവരായിരിക്കും തിരുനബിയെന്ന ഖുര്‍ആനിക അദ്ധ്യാപനം അന്വര്‍ത്ഥമാക്കുകയാണ് അനുരാഗികള്‍..
പ്രകീര്‍ത്തന കാവ്യങ്ങള്‍
വ്യാകരണങ്ങള്‍ക്കപ്പുറം ഹൃദയത്തിന്‍റെ ഭാഷയാണ് പ്രകീര്‍ത്തനങ്ങള്‍. പ്രേമത്തിന്‍റെ രുചി അറിഞ്ഞവര്‍ക്കേ പ്രേമകാവ്യങ്ങള്‍ രചിക്കാനും ആസ്വദിക്കാനുമാവൂ. മുത്ത് നബിയോടുള്ള അടങ്ങാത്ത പ്രണയത്താല്‍ അവിടുത്തെ വാഴ്ത്തി വര്‍ണിച്ച എത്ര എത്ര കവികള്‍. അവിടുത്തെ ശരീര സൗന്ദര്യവും ജീവിത സരണിയുമെല്ലാം അവരുടെ പ്രേമവരികള്‍ക്ക് നിറം പകര്‍ന്നിട്ടുണ്ട്. ആശിഖും മഅ്ശൂഖും തമ്മിലുള്ള അടങ്ങാത്ത, ഒതുങ്ങാത്ത സ്നേഹമാണ് ഈ കാവ്യ സുധകള്‍ക്ക് ജീവന്‍ പകരുന്നത്. നബി തങ്ങളെ മദ്ഹ് ചെയ്ത് പ്രയാസങ്ങള്‍ തരണം ചെയ്ത ഒത്തിരി ആശിഖീങ്ങള്‍, അവര്‍ക്ക് നബി തങ്ങളുടെ മദ്ഹ് ഒരു രോഗ ശമനി കൂടിയായിരുന്നു. പ്രവാചകരുടെ അനുചരരില്‍ പ്രഗല്‍ഭനായിരുന്ന കഅ്ബ് ബ്നു സുഹൈര്‍ (റ) രചിച്ച ബാനത്തുസുആദ് മദ്ഹ് കാവ്യങ്ങളില്‍ വിശ്യപ്രസിദ്ധമാണ്. ആ സന്നിധിയില്‍ വെച്ച് തന്നെ കവിതയിലെ, ഇന്ന ലസൈഫുന്‍.. എന്ന വരി പാടിത്തീര്‍ത്തപ്പോള്‍ നബി തങ്ങള്‍ പുതപ്പ് സമ്മാനിച്ചുവെങ്കില്‍ ആശിഖീങ്ങള്‍ക്കു ഒട്ടും നിരാശപ്പെടേണ്ടതില്ല എന്ന് വ്യക്തമാവുകയാണ്. ഹസ്സാനു ബ്നു സാബിത്ത് (റ) വും സ്വഹാബത്തിനിടയിലെ അറിയപ്പെട്ട പ്രകീര്‍ത്തനക്കവിയാണ്.
താബിഈങ്ങളിലും നമുക്ക് ധാരാളം പ്രകീര്‍ത്തനകവികളെക്കാണാനാവും. ഇമാമുല്‍ അഅ്ളം അബു ഹനീഫ (റ) വിന്‍റെ ഖസീദത്തുല്‍ നുഅ്മാനിയ്യ മഹത്വമേറിയ രചനയാണ്. ഇമാം ബൂസൂരി (റ) വിന്‍റെ ഖസീദത്തുല്‍ ബുര്‍ദ്ദ ലോകമുസ്ലിമീങ്ങള്‍ ഇന്നും ആലപിച്ച് കൊണ്ടിരിക്കുന്നു. അഹ്്മദ് റസാഖാന്‍ ബറേല്‍വി തങ്ങളും ഉമറുല്‍ഖാഹിരി (റ) വും മഖ്ദൂമുമാരും ഉമര്‍ഖാളിയും കുണ്ടൂര്‍ ഉസ്താദും എല്ലാം നമ്മുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകീര്‍ത്തന കവികളാണ്. കേരള ബൂസ്വൂരി എന്നറിയപ്പെടുന്ന ഉമര്‍ഖാളി(റ)വിന്‍റെ മദ്ഹ് കാവ്യങ്ങള്‍ ഇന്നും സ്മൃതി പദങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നവയാണ്. തിരുസവിധത്തില്‍ വെച്ച് വിരചിതമായ അല്‍ ഖസീദത്തുല്‍ ഉമരിയ്യയും പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ടു മാത്രം രചിച്ച ഖസീദത്തു \”ലാ ഹല്‍ ഹിലാല്‍\’, ഇതിനു പുറമേ മഞ്ചല്‍ വഹിക്കുന്നവരുടെ താളത്തിനനുസരിച്ച് രചിച്ച ഖസീദത്തു \”ലമ്മാ ളഹറ\’യും ഉമര്‍ഖാളി (റ) വിന്‍റെ രചനകളില്‍ ഉള്‍പ്പെടുന്നു. പ്രകീര്‍ത്തനകാവ്യങ്ങള്‍ രചിച്ചു വിജയം കൊയ്ത അനുരാഗികള്‍ നമുക്ക് മികച്ച മാതൃക പകരുന്നുണ്ട്. അവരുടെ ഹൃദയങ്ങളെന്നും മദീനക്കൊപ്പം ചലിച്ച് കൊണ്ടിരിക്കുകയാണ്. നബി (സ) തങ്ങള്‍ സഹിച്ച ത്യാഗങ്ങള്‍ അവരുടെ മിഴി നിറച്ചിരുന്നു. എന്നെ സ്നേഹിച്ചവര്‍ നാളെ അന്ത്യനാളില്‍ എന്നോടു കൂടെയായിരിക്കുമെന്ന പ്രവാചക വചനം മാത്രമാണ് അവര്‍ക്ക് സന്തോഷം പകരുന്നത്. അല്ലാഹു ആ ആശിഖീങ്ങളോടു കൂടെ നമ്മെയും വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ ആമീന്‍.