2014 March-April കാലികം പൊളിച്ചെഴുത്ത് മതം സമകാലികം

മുഹ്യിദ്ദീന്‍ മാല: ജമാഅത്തെ ഇസ്ലാമിക്ക് ചില ഒളിയജണ്ടകളുണ്ട്

51859946

ചിലരങ്ങനെയാണ്. തങ്ങളുടെ ഒളിയജണ്ടകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിച്ചെടുക്കാനും വിജയിപ്പിച്ചെടുക്കാനും വേണ്ടി എന്തു നെറികേടും കാണിച്ചെന്നിരിക്കും. ഏതു വലിയ കളവും തട്ടിവിടും. ഒരു സമൂഹത്തെയാകമാനം കണ്ണടച്ചിരുട്ടാക്കാനുള്ള വ്യഥാശ്രമങ്ങള്‍ നടത്തിയെന്നിരിക്കും. ഒടുവില്‍ ഇളിഭ്യരായി, മാനംകെട്ടു തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയിലകപ്പെടുകയും ചെയ്യും. ഈ ഗണത്തില്‍ ഒന്നാം സ്ഥാനത്താണു കേരളത്തിലെ ‘ബുദ്ധിജീവി പ്രസ്ഥാന’മെന്നവകാശപ്പെടുന്ന ജമാഅത്തുകാര്‍. പറഞ്ഞു വരുന്നത് മുഹ്യിദ്ധീന്‍ മാലയും അതിന്‍റെ രചയിതാവായ ഖാളീ മുഹമ്മദും സംബന്ധിച്ചു കുറച്ചു വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്ന പകിട കളി സംബന്ധിച്ചാണ്.
കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിള കാവ്യമെന്ന നിലയില്‍ ചരിത്രത്തിന്‍റെ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ട കൃതിയാണ് മുഹ്യിദ്ധീന്‍ മാല. അതിന്‍റെ രചയിതാവ് ഖാളിമുഹമ്മദാണെന്നത് മുസ്ലിം അമുസ്ലിം ഭേദമന്യെ ഇന്നോളമുള്ള അംഗീകൃത ചരിത്ര ഗവേഷണ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമറ്റ വിഷയവുമാണ്. എന്നാല്‍ ഖാളീ മുഹമ്മദിനെ മാലയുടെ പിതൃസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ഇയ്യിടെ ചില തല്‍പര കക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഏറ്റവും അവസാനത്തെ അദ്ധ്യായമാണ് പ്രബോധനം ലക്കം 2837 ല്‍ (2014 ഫെബ്രുവരി) വി.എം കുട്ടിയുടേതായി വന്ന ലേഖനം.
മാലക്ക് ഗവണ്‍മെന്‍റ് തലത്തില്‍ ഔദ്യേഗികാംഗീകാരം ലഭിച്ച 2008ല്‍ ജനുവരി 13ന് പ്രസിദ്ധീകരിച്ച വാരാദ്യമാധ്യമത്തിലാണ് ആദ്യമായി വി.എം കുട്ടി മാലയെ കുറിച്ച് ‘ചില പുതിയ ചിന്തകളു’മായി പ്രത്യക്ഷപ്പെട്ടത്. അന്നദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത് മാലയുടെ രചയിതാവ് ഖാളീ മുഹമ്മദ് അല്ല എന്നായിരുന്നു. ലേഖനത്തിന്‍റെ സിംഹഭാഗവും അദ്ദേഹം ഉപയോഗപ്പെടുത്തിയത് കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഖാളീ മുഹമ്മദ് മരിച്ചതിന് ശേഷമാണ് മാല രചിക്കപ്പെട്ടത് എന്ന് സമര്‍ത്ഥിക്കാനാണ്. അതിങ്ങനെ സംഗ്രഹിക്കാം. കൊല്ലവര്‍ഷം 782ലാണ് മാല രചിക്കപ്പെട്ടതെന്ന് മാലയിലെ വരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത് ക്രിസ്തു വര്‍ഷ പ്രകാരം 1607ലായിരിക്കും. എന്നാല്‍ ഖാളീ മുഹമ്മദ് മരിക്കുന്നതാവട്ടെ ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നതനുസരിച്ച് ഹിജ്റ 1025ലും ഹിജ്റ വര്‍ഷവും ക്രിസ്തു വര്‍ഷവും തമ്മിലുള്ള അന്തരം 622കൊല്ലം. ഹിജ്റ വര്‍ഷം ഒരു കൊല്ലത്തില്‍ ക്രിസ്തു വര്‍ഷത്തെക്കാള്‍ പതിനൊന്ന് ദിവസം കുറവുമായിരിക്കും. ഈ മാനദണ്ഡപ്രകാരം കണക്കു കൂട്ടുന്പോള്‍ ഖാളീ മുഹമ്മദിന്‍റെ മരണ വര്‍ഷം ക്രി 1597ലാണെന്ന്(?)വരുന്നു. മാല രചന നടന്നതാവട്ടെ 1607ലും. ചുരുക്കത്തില്‍ ഖാളീ മുഹമ്മദിന്‍റെ മരണ ശേഷം പത്ത് വര്‍ഷം പിന്നിട്ടാണ് മാല രചിക്കപ്പെട്ടത്.
ഇതു സമര്‍ത്ഥിക്കാനായി കണക്കുകളുടെ പരന്പര തന്നെ സൃഷ്ടിക്കുന്നുണ്ടദ്ദേഹം. പക്ഷെ, അവയത്രയും ഭീമാബദ്ധങ്ങളാണെന്നതാണ് വസ്തുത. ഇത് കണക്കിന്‍റെ ബാലപാഠമറിയുന്ന രണ്ടാം ക്ലാസുകാരനു പോലും നിഷ്പ്രയാസം ബോധ്യപ്പെടും. ഹിജ്റ വര്‍ഷത്തെ ക്രിസ്തു വര്‍ഷത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ പറ്റിയ അമളിയാണ് അദ്ദേഹത്തെ പുതിയ ചിന്തകളിലേക്ക് നയിച്ചതെന്ന് വ്യക്തം. ഖാളീ മുഹമ്മദിന്‍റെ ജനനം രേഖപ്പെടുത്തുന്നിടത്തും മാലയുടെ വാര്‍ഷികക്കണക്ക് പറയിന്നിടത്തുമെല്ലാം ഈ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഈ വികല ചിന്തകളെ ഏറ്റുപിടിക്കാന്‍ മാലയെ വര്‍ഷങ്ങളായി ശിര്‍ക്കിന്‍റെ കണ്ണാടിയിലൂടെ മാത്രം നോക്കിക്കാണുന്ന ‘വഴിത്തിരിവ്’ ബുദ്ധിജീവികള്‍ ചാടി വീഴുകയായിരുന്നു. ഖാളീമുഹമ്മദിനെ ‘ഖുറാഫാതി’ല്‍ നിന്ന് മോചിപ്പിച്ച് ജമാഅത്തുവല്‍കരിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ജമാഅത് ആശാന്മാര്‍. എന്നും വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന പത്രവും അണിയറ ശില്‍പ്പികളും മാലക്ക് ഈയിടെ കൈവന്ന ഔദ്യോഗികാംഗീകാരം കൂടി കണ്ടപ്പോള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ഊഹിക്കാവുന്നതല്ലേയുള്ളൂ.
സത്യത്തില്‍ ഖാളീ മുഹമ്മദിന്‍റെ വഫാത്ത് വര്‍ഷമായ ഹിജ്റ വര്‍ഷം 1025എന്നത് ക്രിസ്തു വര്‍ഷത്തിലേക്ക് മാറ്റുന്പോള്‍ 1616 ആണ് വരിക. ഹിജ്റ ക്രിസ്തു വര്‍ഷങ്ങള്‍ തമ്മിലെ വിടവും ഓരോ വര്‍ഷത്തിനും ഹിജ്റ വര്‍ഷത്തില്‍ വരുന്ന പതിനൊന്ന് ദിവസത്തെ കുറവും വെച്ച് കൈകൊണ്ട് കണക്കു കൂട്ടിയാല്‍ തന്നെ ഇത് ആര്‍ക്കും കിട്ടും. ഖാളീ മുഹമ്മദ് മരിച്ചത് ഹിജ്റ വര്‍ഷം 1025 റബീഉല്‍ അവ്വല്‍ 25 നാണെന്ന ചരിത്ര പണ്ഡിതരുടെ നിഗമനപ്രകാരം കണക്കു കൂട്ടുന്പോള്‍ ക്രിസ്താബ്ദം 1616 ഏപ്രില്‍ 13 ബുധനാഴ്ചയാണ് മഹാനവര്‍കള്‍ മരണപ്പെടുന്നത് എന്നു വരുന്നു. മാല രചന നടന്നതാവട്ടെ 1607ലും. മാല രചിച്ച് ഒന്പതോളം വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് വഫാതെന്ന് സാരം.
കുട്ടിയുടെ ലേഖനം 2008ല്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. വസ്തുതകള്‍ ബോധ്യപ്പെട്ടത് കൊണ്ടോ പ്രതികരണങ്ങള്‍ക്കു മുന്പില്‍ പിടിച്ചു നില്‍ക്കാനാവാഞ്ഞതു കൊണ്ടോ എന്നറിയില്ല, 2008 മാര്‍ച്ച് 23ന് വാരാദ്യമാധ്യമത്തില്‍ വി.എം കുട്ടി വീണ്ടും പ്രത്യക്ഷപ്പെടുകയും വിവാദങ്ങള്‍ അവസാനിപ്പിക്കുന്നുവെന്നും മാലയെക്കുറിച്ച് മതപണ്ഡിതന്മാര്‍ പറയട്ടെ എന്നും പ്രതികരിച്ച് കൈകഴുകുകയുണ്ടായി. എന്നാല്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം അബദ്ധങ്ങളുടെ പരന്പരകളുമായി വി.എം കുട്ടി തന്നെ മറ്റൊരു ജമാഅത്തിയന്‍ വാറോലയായ പ്രബോധനത്തില്‍ വീണ്ടും ലേഖനമെഴുതിയപ്പോഴാണ് ഞങ്ങള്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചത്. (ഖാളീ മുഹമ്മദിന്‍റെ ആയുസ്സില്‍ ഒന്പതു വര്‍ഷം കൂടി അധികം വക വെച്ചു നല്‍കാന്‍ പുതിയ ലേഖനത്തില്‍ കുട്ടി തയ്യാറായട്ടുണ്ടെങ്കിലും മാല രചനയുടെ ഒരു വര്‍ഷം മുന്പേ ഖാളീമുഹമ്മദിനെ മരിപ്പിക്കുന്നുണ്ടദ്ദേഹം!)
വി.എം കുട്ടിയുടെ വീട്ടില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട സംസാരത്തിനിടയില്‍ അദ്ദേഹം പല സത്യങ്ങളും തുറന്നു പറഞ്ഞു. അതിങ്ങനെ സംഗ്രഹിക്കാം. 2008ല്‍ എനിക്ക് ചില അബദ്ധങ്ങള്‍ പറ്റിയെന്ന് സ്വയം ബോധ്യപ്പെട്ടിരിക്കുന്നു. ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എഴുതി നല്‍കിയ വര്‍ഷങ്ങളുടെ കണക്കില്‍ സംഭവിച്ച പിഴവ് കാരണമാണ് അന്ന് എന്‍റെ ലേഖനത്തില്‍ വസ്തുതാവിരുദ്ധമായ കണക്കുകള്‍ കടന്നുകൂടിയത്. അതിനു ഞാന്‍ നല്ല വില നല്‍കേണ്ടിവന്നു. പിന്നീട് ഇത്തരമൊരു വിവാദത്തിന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യം 2008 മാര്‍ച്ച് 23ലെ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സമീപിച്ച ആലുവാ സ്വദേശി ഇ.എം സക്കീര്‍ ഹുസൈന്‍, ഖാളീ മുഹമ്മദിനെക്കുറിച്ച് പഠിക്കാനെന്ന് പറഞ്ഞ് എന്‍റെ ലേഖനം ആവശ്യപ്പെടുകയുണ്ടായി. ഞാനത് നല്‍കുകയും ചെയ്തു. അത് സക്കീര്‍ ഹുസൈന്‍ പ്രബോധനത്തിന് കൈമാറിയ ശേഷമാണ് ഞാനക്കാര്യമറിയുന്നത്. എനിക്ക് ആ ലേഖനത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനുണ്ടായിരുന്നുവെന്ന് ഞാന്‍ സക്കീറിനോട് പറയുകയും ചെയ്തു. 2008ന് വ്യത്യസ്തമായി പുതിയ ലേഖനത്തില്‍ ഖാളീ മുഹമ്മദിന്‍റെ മരണ വര്‍ഷം 1606 എന്നാണല്ലോ കാണുന്നത് എന്ന് പറഞ്ഞപ്പോള്‍ (2008ല്‍ സമര്‍ത്ഥിച്ചത് 1597എന്നായിരുന്നു) അത് തന്‍റെ വകയല്ലെന്നും ചരിത്ര പണ്ഡിതനായ ഡോ.കെ.എം മുഹമ്മദിന്‍റെ ‘അറബി സാഹിത്യത്തിന് കേരളീയ സംഭാവനകള്‍’ എന്ന പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുക മാത്രമായിരുന്നുവെന്നും വി.എം കുട്ടി വിശദീകരിച്ചു. മുസ്തഫല്‍ ഫൈസി തന്‍റെ ‘മുഹ്യിദ്ധീന്‍ മാല വ്യാഖ്യാനം’ എന്ന തന്‍റെ പുസ്തകത്തില്‍ മാലയുടെ രചന നടന്നത് ഹിജ്റ 1026 എന്ന് എഴുതിയിട്ടുണ്ടെന്നാണ് നിങ്ങളുടെ ലേഖനത്തില്‍ കാണുന്നത്. എന്നാല്‍ ഫൈസിയുടെ വ്യാഖ്യാനത്തില്‍ കാണുന്നത് രചന ഹിജ്റ 1016 ല്‍ എന്നാണല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ പുതിയ പതിപ്പില്‍ ഫൈസി തെറ്റുതിരുത്തി നല്‍കിയത് അറിഞ്ഞില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു വി.എം കുട്ടി.
ചരിത്ര ഗവേഷണം ‘കുട്ടിക്കളി’യല്ല.
പ്രബോധനത്തിലെ കുട്ടിയുടെ ലേഖനം ഉത്തരവാദിത്വ ബേധമില്ലാതെ എഴുതിയതാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. അദ്ദേഹം തെറ്റായ കണക്കുകള്‍ ഉദ്ധരിച്ച ഡോ കെ.എം മുഹമ്മദുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണമിങ്ങനെയായിരുന്നു: “താന്‍ ‘അല്‍ മുന്‍ജിദ്’ എന്ന അറബിക് ഡിക്ഷ്ണറിയിലെ കണ്‍വേഷന്‍ ടേബിള്‍ ഉപയോഗിച്ചാണ് ഹിജ്റ വര്‍ഷം ക്രിസ്തുവര്‍ഷത്തിലേക്ക് മാറ്റിയത്. മുന്‍ജിദിലുള്ളതാണ് ശരി, അതിനു വിപരീതമായി എന്‍റെ കൃതിയിലുണ്ടെങ്കില്‍ അത് അച്ചടിപ്പിശകാണ്.” മുന്‍ജിദിലെ കണ്‍വേഷന്‍ ടേബിള്‍ ഉപയോഗിച്ചു പരിശോധിച്ചു നോക്കിയാലും ഗ്രിഗേറിയന്‍ ഹിജ്റ കണ്‍വേഷന്‍ സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചു നോക്കിയാലും ഹി: 1025 എന്നത് ക്രിസ്താബ്ദം 1616 എന്നേ ലഭിക്കൂ എന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ “എന്‍റെ പുസ്തകത്തില്‍ അച്ചടിപ്പിശക് സംഭവിച്ചതാണ്. 1616 എന്നതാണ് ശരി” എന്ന് കെ.എം മുഹമ്മദ് പറയുകയുണ്ടായി. ഇവിടെ രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്, ‘അറബി സാഹിത്യത്തിന് കേരളീയ സംഭാവനകള്‍’ എന്ന തന്‍റെ പുസ്തകത്തിന്‍റെ 154ാം പേജില്‍ ഈ തെറ്റായ കണക്ക് കൊടുത്തതിന് തൊട്ടുതാഴെ അദ്ദേഹം വിശദീകരിക്കുന്നത് മുഹിയിദ്ദീന്‍ മാലയുടെ രചയിതാവ് ഖാളി മുഹമ്മദാണെന്നാണ്. ഇത് മറച്ചു പിടിച്ചുകൊണ്ടാണ് വി.എം കുട്ടി തന്‍റെ ലേഖനത്തില്‍ കെ.എം മുഹമ്മദിനെ ഉപയോഗിച്ചത്. ഒരു പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുന്പോള്‍ അതില്‍ സ്ഖലിതങ്ങള്‍ കടന്നു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം ലേഖകനുണ്ട്, ചരിത്രപരമായി വലിയ തെറ്റിദ്ധരിപ്പിക്കലുകള്‍ നടത്താവുന്ന ഇത്തരം വിഷയങ്ങളില്‍ പ്രത്യേകിച്ചും. ഇവിടെ വി.എം കുട്ടി വളരെ ലാഘവത്തോടെയാണു വിഷയങ്ങള്‍ കൈകാര്യം ചെയ്തതെന്നത് കുട്ടിയുടെ ഉദ്ദ്യേ ശുദ്ധിയില്‍ സംശയം ജനിപ്പിക്കുകയും ഗൂഢാലോചയില്‍ അദ്ദേഹത്തിന്‍റെ റോള്‍ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
വി.എം കുട്ടിയുടെ രണ്ടാമത്തെ അവലംബം മുസ്തഫ ഫൈസിയുടെ ‘സന്പൂര്‍ണ്ണ മുഹ്യിദ്ദീന്‍ മാല വ്യാഖ്യാന’മാണ്. ഹി: 1026 ലാണ് മാല രചിച്ചതെന്നും ഹിജറ 1025ല്‍ ഖാളി മുഹമ്മദ് മരിച്ചുവെന്നും മുസ്തഫാ ഫൈസിയുടെ പുസ്തകത്തിലുണ്ടത്രെ. പ്രസ്തുത പുസ്തകത്തിന്‍റെ പഴയ പതിപ്പില്‍ അങ്ങനെയൊരു സ്ഖലിതം കടന്നുകൂടിയിരുന്നു. അത് 2008ലെ വിവാദകാലത്ത് ചന്ദ്രികയിലൂടെയും പിന്നീട് തന്‍റെ വ്യാഖ്യാന ഗ്രന്ഥത്തിന്‍റെ പുതിയ പതിപ്പിന്‍റെ ആമുഖത്തിലൂടെയും താന്‍ തന്നെ തിരുത്തു നല്‍കിയിട്ടുണ്ടെന്ന് ഫൈസി വിശദീകരണം നല്‍കി. ഒയാസീസ് പ്രസിദ്ധീകരിച്ച സന്പൂര്‍ണ മുഹ് യിദ്ദീന്‍ മാല വ്യാഖ്യാനം എന്ന പുസ്തകത്തിന്‍റെ പുതിയ പതിപ്പ് പരിശോധിക്കുന്ന(പേജ് 17) ആര്‍ക്കും ഈ സത്യം ബോധ്യപ്പെടും. അദ്ദേഹത്തിന്‍റെ മറ്റു ന്യായങ്ങള്‍ക്കെല്ലാം 2008 ല്‍ സുന്നീ പണ്ഡിതര്‍ സലക്ഷ്യം അക്കമിട്ടു വിശദീകരണം നല്കിയതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
ലേഖനം പ്രസിദ്ധീകരിക്കാന്‍ ദല്ലാള്‍ പണിയെടുത്ത സക്കീര്‍ഹുസൈനുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രബോധനത്തിന്‍റെ ഗൂഢ താല്‍പര്യങ്ങള്‍ കൂടുതല്‍ വെളിവായത്. മാലയിലുള്ളത് ശിര്‍ക്കാണെന്ന് സമര്‍ത്ഥിക്കാനോ കണക്കുകള്‍ ശരിയാണെന്ന് തെളിയിക്കാനോ കഴിയാതെ സക്കീര്‍ ഹുസൈന്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്യുകയായിരുന്നു. പകല്‍ പോലെ വ്യക്തമായ തെറ്റുകള്‍ വലിയ ബുദ്ധിജീവികളും ചരിത്രപണ്ഡിതന്‍മാരും ഉദ്ധരിക്കുന്പോള്‍ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള നട്ടെല്ലാണ് ഗവേഷകന്‍മാര്‍ക്ക് വേണ്ടത്. റിസള്‍ട്ട് ആദ്യം എഴുതി വെച്ച് അതിനൊപ്പിച്ച് ഗവേഷണം നടത്താനുള്ള സക്കീറിന്‍റെ മിടുക്ക് കേമം തന്നെ. ചെരിപ്പിനൊപ്പിച്ച് കാലുമുറിക്കുന്ന മോഡേണ്‍ ഗവേഷകന്‍. ഇവരെപ്പോലുള്ളവര്‍ ഗവേഷണ പരിപാടികളുമായി മുന്നോട്ടുപോയാല്‍ മാപ്പിളസാഹിത്യവും പൈതൃകവും എത്രമേല്‍ സംരക്ഷിക്കപ്പെടും എന്നത് ചിന്തനീയമാണ്. മാലയോടും മാപ്പിളസാഹിത്യങ്ങളോടും കപട ഭക്തി കാണിക്കുന്ന ഇത്തരം ഗവേഷകരുടെ ആട്ടിന്‍തോല്‍ സമൂഹത്തിനു മുന്നില്‍ ഉരിഞ്ഞു കാണിക്കുകയും ഇത്തരം ചെന്നായ്ക്കളില്‍ നിന്ന് മാപ്പിളസാഹിത്യത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടത് നിഷ്പക്ഷമതികളായ വായനക്കാരുടെ ബാധ്യതയാണ്. കണക്കുകളില്‍ കൃത്രിമം കാണിച്ച് മുഹ്യിദ്ദീന്‍ മാലയെ ജാരസന്തതിയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു കേരളസമൂഹത്തിനു മുന്നില്‍ പരിഹാസ്യരായ വിഎം കുട്ടിയും പ്രബോധനവും മാധ്യമവും ഇ എം സക്കീര്‍ഹുസൈനുമെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ മാപ്പു പറഞ്ഞു തെറ്റുതിരുത്താന്‍ തയ്യാറാവുക. അതാണ് മിതഭാഷയില്‍ പറഞ്ഞാല്‍ മാന്യത.

Leave a Reply

Your email address will not be published. Required fields are marked *