2014 May-June കാലികം പഠനം വിദ്യഭ്യാസം

മൂല്യശോഷണം; ഭീതി പരത്തുന്ന ക്ലാസ് റൂമുകള്‍

classroom

വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഒരു മനുഷ്യനെ സംസ്കരിക്കാനാവൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു കലാലയം തുറക്കപ്പെടുന്പോള്‍ ആയിരം കാരാഗൃഹങ്ങള്‍ അടക്കപ്പെടുമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. മൂല്യ വിദ്യാഭ്യാസം കൊണ്ടു മാത്രമേ മേല്‍പറഞ്ഞ മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാവുകയുള്ളൂ. കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴത്തിനു മുഴം മുളച്ചു പൊന്തുന്ന നമ്മുടെ നാടുകളില്‍ പോലും കലാലയങ്ങള്‍ അധാര്‍മികതയുടെ കൂത്തരങ്ങായി മാറാന്‍ കാരണം മൂല്യവിദ്യാഭ്യാസത്തിന്‍റെ അഭാവമാണ്.
സമഗ്രവും സന്പൂര്‍ണ്ണവുമായ വിശുദ്ധ ഇസ്ലാം വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രേരിപ്പിച്ച മതമാണ്. ജ്ഞാന സന്പാദനത്തിന്‍റെ മൂല ഘടകങ്ങളാണല്ലോ എഴുത്തും വായനയും. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം തന്നെ ‘വായിക്കുക’ എന്ന കല്‍പനയില്‍ നിന്നാണ് തുടങ്ങുന്നത്. യുദ്ധത്തില്‍ തടവുകാരായി പിടിച്ച അഭ്യസ്ഥവിദ്യരായ ശത്രുക്കളോട് പ്രവാചകന്‍ പറഞ്ഞത് നിങ്ങള്‍ മുസ്ലിംകള്‍ക്ക് അക്ഷരജ്ഞാനം പഠിപ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ നിരുപാധികം മോചിപ്പിക്കാമെന്നായിരുന്നു. അക്ഷരജ്ഞാനത്തിന് മതവും പ്രവാചകാധ്യാപനങ്ങളും നല്‍കിയ പരിഗണനയാണിത് കാണിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളാണ്. വിദ്യാര്‍ത്ഥിയും അധ്യാപകരും അറിവിന്‍റെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെ സംസ്കാരത്തെ ശുദ്ധീകരിക്കുകയും മൂല്യചോരണം സംഭവിക്കാതെ പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയുമാണ് ചെയ്യുന്നത്. ഇതു കൊണ്ടുതന്നെയാണ് കലാലയ മുറ്റങ്ങള്‍ സദാചാരത്തിന്‍റെ സീമകള്‍ ലംഘിക്കാതിരിക്കാനും അഴുക്കു പുരളാതിരിക്കാനും മുന്‍ഗാമികള്‍ അത്യധികം ശ്രദ്ധ പുലര്‍ത്തിയത്. വിശ്വവിഖ്യാതരായ മദ്ഹബിന്‍റെ ഇമാം ശാഫിഈ(റ)വിനു വന്ദ്യഗുരു പഠിപ്പിച്ചു കൊടുക്കുന്നത് ജ്ഞാനം സ്രഷ്ടാവിന്‍റെ പ്രകാശമാണെന്നാണ്. മൂല്യജ്ഞാനത്തിന്‍റെ പ്രസക്തിയിലേക്ക് വഴിനടത്താന്‍ ഒരു ദൈവ വിശ്വാസിക്ക് ഈ വരികള്‍ ധാരാളമാണ്. തിന്മയുടെ അഴുക്കു പുരണ്ട കാന്പസ് മുറ്റങ്ങള്‍ ചവിട്ടി വരുന്ന നവകാല വിദ്യാര്‍ത്ഥി സമൂഹം തലമുറകളെ ചെളിപുരളാന്‍ വിടുകയാണ് ചെയ്യുന്നത്.
നല്ല നാളെയുടെ സ്രഷ്ടാവാണ് വിദ്യാര്‍ത്ഥി. വരും തലമുറക്ക് ജ്ഞാനത്തിന്‍റെ വെളിച്ചം കൊടുക്കേണ്ടവര്‍. സംസ്കാരത്തിന്‍റെയും ധാര്‍മികതയുടെയും ജീവിത വ്യവഹാരങ്ങള്‍ പകുത്തു നല്‍കേണ്ടവര്‍. അവന്‍റെ ആത്മീയ ജീവിതത്തിന്‍റെ നിറവാര്‍ന്ന പുസ്തകം വായിച്ചിട്ടു വേണം പുതിയ സമൂഹത്തിന് ജീവിക്കാന്‍. കാലവും ചുറ്റുപാടുകളും തിന്മകള്‍ക്ക് നിലവിളി കൂട്ടുന്പോള്‍ സംശുദ്ധമായ ജീവിത സംവിധാനങ്ങളെ കൊണ്ട് തിരുത്തു കുറിക്കേണ്ടത് ഒരു വിദ്യാര്‍ത്ഥിയുടെ ബാധ്യതയാണ്. ആത്മാവിനും സമൂഹത്തിനും അവന്‍റെ ജ്ഞാനത്തിന്‍റെ പ്രകാശം നല്‍കുന്പോഴാണ് ഒരു നല്ല പൗരന്‍ രൂപപ്പെടുന്നത്. അറിവും അറിവു നല്‍കുന്ന പാഠവും തുടര്‍ന്നുള്ള അവന്‍റെ ജീവിത നടപ്പുകളും നല്ല രാഷ്ട്രത്തിന്‍റേയും സമൃദ്ധമായ നാളെയുടെയും സൃഷ്ടിപ്പിനു നിദാനമാണ്.
അഴിമതിയും പീഡനങ്ങളും അക്രമ പ്രവര്‍ത്തനങ്ങളുമില്ലാത്ത ഒരു രാജ്യം ജനിക്കണമെങ്കില്‍ നമ്മുടെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥമായ ഒരു മനസ്സും അവനു ജീവിക്കുന്ന സമൂഹത്തിന്‍റെ പിന്തുണയും മാത്രം മതി. കാരണം വിദ്യാര്‍ത്ഥികള്‍ നാളെയുടെ പൗരന്മാരാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സാംസ്കാരിക ഉന്നമനങ്ങള്‍ക്കും ഇറങ്ങി നടക്കേണ്ടത് ഈ പൗരന്‍മാരാണ്. എന്നാല്‍ എല്ലാ മേഖലകളിലും സംഭവിച്ച മൂല്യച്യുതി നമ്മുടെ കലാലയങ്ങളിലേക്കും പടര്‍ന്നു പിടിക്കുകയും സാംസ്കാരിക തകര്‍ച്ചക്കുള്ള പുതിയ വഴികള്‍ അറിയാതെ തുറക്കപ്പെടുകയും ചെയ്തിരിക്കുന്നു.
കലാലയങ്ങളില്‍ നിന്ന് പൗര ബോധവും ജനാധിപത്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വത്തെ അതിന്‍റെ സമൃദ്ധിയിലേക്ക് നയിക്കുന്ന സാംസ്കാരിക സൗന്ദര്യം പാടെ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം അല്‍പത്വത്തിനെതിരെ മത്സരിക്കാതെ ഭ്രാന്തമായ മത്സര രംഗങ്ങള്‍ വിദ്യാര്‍ത്ഥിയെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്. സഹജീവിയെ മലര്‍ത്തിയടിക്കുന്ന തരത്തിലേക്ക് മാറി മറിഞ്ഞ മത്സരങ്ങള്‍ അനാവശ്യഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയിരിക്കുന്നു. സൗഹൃദവും സ്നേഹവും മാനവികതയും പ്രതിസന്ധി നേരിടുന്നതിന്‍റെ കാരണവുമിതാണ്. മറ്റൊരു രൂപത്തില്‍ വിലയിരുത്തിയാല്‍ നിരക്ഷരരായ ഗ്രാമവാസികളില്‍ ഒതുങ്ങിനില്‍കുന്ന തിന്മകള്‍ നമ്മുടെ കലാലയങ്ങളിലേക്കും ഇരച്ചു കയറിയിരിക്കുന്നു എന്നത് വ്യക്തമാവും. സിനിമാ താരങ്ങളെയും കായിക താരങ്ങളെയും സമയം പോക്കിന് കൂടെ നടത്തുന്ന അല്‍പനായ ഗ്രാമവാസികളെക്കാള്‍ ശക്തമായി ഫാന്‍സ് സന്പ്രദായങ്ങള്‍ കാന്പസുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ജീവിത സംവിധാനത്തെ ഒന്നായി തിന്മയിലേക്ക് തിരിച്ചെഴുതാന്‍ മാത്രം കെല്‍പുള്ള ഇത്തരം വ്യവസ്ഥിതികള്‍ വക്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇഷ്ടതാരത്തെ റോള്‍മോഡലായി സ്വീകരിക്കുക വഴി അനാവശ്യ ജീവിതത്തിലേക്ക് വിദ്യാര്‍ത്ഥി കാല്‍വെക്കുന്നു. വഴിവിട്ട ഫാഷന്‍, സംസ്കാരത്തെയും സ്വതത്തെയും പറിച്ചു കീറുന്നു എന്നത് അവന്‍ അറിയുന്നില്ല. കേരളം സന്ദര്‍ശിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍ സാം പിത്രോഡ കേരളീയനെ കുറിച്ച് പറഞ്ഞത് ‘പുത്തന്‍ വ്യവഹാരങ്ങളുടെ സൃഷ്ടി’ എന്നാണ്. പുതിയതിനെ ആവാഹിക്കുകയും പുത്തന്‍ വേഷങ്ങളും സംസ്കാരങ്ങളും അണ്ണാക്കു തൊടാതെ വിഴുങ്ങുകയും ചെയ്യുന്ന കേരളീയ സംസ്കാരത്തിന്‍റെ സന്പൂര്‍ണ്ണത ഇന്ന് നമ്മുടെ കാന്പസുകളിലെ നിറക്കാഴ്ച്ചയാണ്. പടിഞ്ഞാറിന്‍റെ ചീഞ്ഞു നാറുന്ന സംസ്കാരങ്ങള്‍ പേറി മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യുകയാണ് നമ്മുടെ കലാലയങ്ങള്‍.
മദ്യവും മയക്കുമരുന്നും കലാലയങ്ങളുടെ അന്നമായി കഴിഞ്ഞ പുതിയ കാലത്ത് വിദ്യാര്‍ത്ഥിത്വം അരക്ഷിതാവസ്ഥയുടെ നിഴലിലാണ് പുതച്ചുറങ്ങുന്നത്. ‘സര്‍വ്വ തിന്മകളുടെയും താക്കോലാണ് മദ്യ’മെന്ന് പരാമര്‍ശിച്ച വിശുദ്ധമതത്തിന്‍റെ സഹചാരികള്‍ പോലും ലഹരി നുണഞ്ഞ് കാന്പസുകളില്‍ ജീവിതം തുലക്കുകയാണ്. മദ്യം അകത്താക്കി സ്വന്തം പെണ്‍മക്കളെ ലൈംഗിക ദാഹത്തിന് ഇരയാക്കുകയും കുടുംബത്തെ മുഴുവന്‍ തന്‍റെ കൈകളില്‍ കിടത്തി ഞെക്കിക്കൊല്ലുകയും ചെയ്യുന്ന നവകാല കുടിയന്മാരുടെ മാതൃത്വം അവകാശപ്പെടാന്‍ കലാലയങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നു എന്നാണ് പലപ്പോഴും നമുക്ക് തോന്നുന്നത്.
പാണ്ഡിത്ത്യമുള്ള ഗുരുക്കളുടെ തണലില്‍ ഉത്തരവാദിത്വപരമായ സുരക്ഷിതത്വമായിരുന്നു പോയകാലത്തെ വിദ്യാര്‍ത്ഥിത്വമെങ്കില്‍ വര്‍ത്തമാന കാലത്തെ വിദ്യാര്‍ത്ഥിക്ക് അത് നഷ്ടപ്പെട്ടിരിക്കുന്നു. തന്‍റെ അധ്യാപകനെ ഘരാവോ ചെയ്യുവാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളാണ് പുതിയ നൂറ്റാണ്ടിന്‍റെ ഉല്‍പന്നങ്ങള്‍ ഓര്‍ക്കാനും പറയാനും ഒരു പാട് ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഗുരുശിഷ്യബന്ധത്തിന്‍റെ ബാക്കി പത്രം കാണാന്‍ നമ്മുടെ കാന്പസുകള്‍ സന്ദര്‍ശിച്ചാല്‍ മതി. തന്‍റെ അധ്യാപികയെ ലൈംഗിക പീഡനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയെ ബലാല്‍കാരം നടത്തുന്ന അധ്യാപകരും നിറഞ്ഞുനില്‍ക്കുന്ന ഗുരുശിഷ്യ ബന്ധത്തിന്‍റെ ചിത്രങ്ങളാണ് നമ്മുടെ കലാലയങ്ങള്‍. സന്പൂര്‍ണ്ണമായി വിദ്യയുടെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന മുള്‍വേലികളാണ് പിയാനോ ടീച്ചര്‍മാരെ രൂപപ്പെടുത്തുന്ന തകര്‍ന്നടിഞ്ഞ ഗുരുശിഷ്യബന്ധം. സര്‍വ്വാദരങ്ങളും നല്‍കപ്പെട്ട മഹനീയ വ്യക്തിത്വമായിരുന്നു മുന്‍കാലങ്ങളിലെ ഗുരുക്കള്‍. തന്‍റെ വിദ്യാര്‍ത്ഥിയെ അക്ഷരജ്ഞാനത്തിന്‍റെ ലോകത്തേക്ക് കൈകാണിക്കാനും കണ്ണുകള്‍ വെളുപ്പിച്ച് വിദ്യയുടെ മധു നുകര്‍ന്നു നല്‍കാനും ആത്മാര്‍ത്ഥത കാണിച്ചിരുന്ന മഹനീയ വ്യക്തികളായിരുന്നു അവര്‍. അവരുടെ ജ്ഞാനത്തിന്‍റെ ചിറകിലേറി പറന്ന, ചരിത്രം രചിച്ച മഹനീയ വ്യക്തിത്വങ്ങള്‍ പൂര്‍വ്വകാല കലാലയങ്ങളുടെ പുഷ്പങ്ങളായിരുന്നു. നിറഞ്ഞു നില്‍ക്കുന്ന യുവത്വത്തില്‍ പ്രസരിപ്പുള്ള വിദ്യാര്‍ത്ഥിത്വത്തെ സൃഷ്ടിക്കുക എന്നത് ഒരു ഗുരുവിന്‍റെ സവിശേഷതയാണ്. ആ വിദ്യാര്‍ത്ഥിത്വത്തിന് സംസ്കാര ബോധത്തിന്‍റെയും സാമൂഹിക സേവനങ്ങളുടെയും തിളക്കം ലഭിക്കുന്നത് ഗുരുവിനോടുള്ള ആദരവിന്‍റെയും ബഹുമാനത്തിന്‍റെയും ഹേതുവായിട്ടാണ്. നവകാലത്ത് പൂര്‍ണ്ണമായും വിസ്മരിക്കപ്പെട്ട ജ്ഞാനത്തിന്‍റെ ബഹുമതികളാണ് ഇവ രണ്ടും. ജ്ഞാന സന്പാദനത്തിന് പ്രാപ്തിയും കഴിവും സ്വായത്തമാക്കുന്നതിലും സമൂഹത്തിന് കൈമാറുന്നതിലും നവകാല വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുന്നതിന്‍റെയും പിന്നില്‍ നഷ്ടപ്പെട്ട ഗുരുശിഷ്യ ബന്ധത്തെ നമുക്ക് വായിച്ചെടുക്കാനാവും.
ലൈംഗികാസ്വാദനങ്ങള്‍ക്കുള്ള ഇടത്താവളമാക്കി വിദ്യാര്‍ത്ഥി ജീവിതം പരിവര്‍ത്തിക്കപ്പെട്ടു എന്നതാണ് പുതിയകാലത്തെ കലാലയങ്ങളിലെ അതിഭീകരമായ മറ്റൊരു പ്രശ്നം. കുത്തഴിഞ്ഞ ലൈംഗികതക്ക് അവസരങ്ങളൊരുക്കുന്ന തീവ്രപ്രണയങ്ങളുടെ കരുന്പിച്ച മുഖമാണ് നമ്മുടെ കലാലയങ്ങള്‍ക്കുള്ളത്. കാന്പസ് ചുവരുകളില്‍ കുറിച്ചു വെച്ച കപട പ്രണയങ്ങളുടെ ചീഞ്ഞുനാറുന്ന രക്തവും ചലവുമാണ് കലാലയങ്ങളിലെ ലൈംഗികത. ബാലിശമായ പ്രണയങ്ങളില്‍ ജീവിതം സമര്‍പ്പിച്ച് കണ്ണും നട്ടിരിക്കുന്ന കാമുകീ കാമുകന്മാര്‍ ജ്ഞാനത്തെ അവഹേളിച്ച് ഒരു കഷണം കയറിലേക്ക് ചുരുങ്ങിക്കൂടുകയാണ്. സങ്കടങ്ങളും സന്ദേഹങ്ങളുമറിയാത്ത ലോകത്തേക്ക് പോവുകയാണത്രേ അവര്‍. സ്വവര്‍ഗരതി അടക്കമുള്ള രതിക്രീഡങ്ങളുടെ താവളമായ കലാലയങ്ങള്‍ റാഗിങ്ങിന്‍റെയും കേന്ദ്രമാണ്. സഹപാഠിയെ തന്‍റെ അധികാര വലയത്തില്‍ മെരുക്കി നിര്‍ത്തുന്ന അഹങ്കാരത്തിന്‍റെ ബലപ്രയോഗങ്ങളാണ് റാഗിങ്ങുകള്‍. കൊല വിളി ഉയര്‍ത്തി കലാലയ മുറ്റങ്ങള്‍ ഭീകരതയുടെ വടിവാളുകള്‍ സൃഷ്ടിക്കുന്നത് അരാഷ്ട്രീയവത്കരിക്കപ്പെട്ട കലാലയങ്ങളുടെ പുതിയ ചിത്രങ്ങളാണ്. മേധാവിത്വം മേധാവിത്വം ആഗ്രഹിക്കുന്നവര്‍ അരാഷ്ട്രീയത ആഗ്രഹിക്കുന്നവരാണ്. ഗാങ്ങുകളായി വിഘടിച്ച് രാജാവും പ്രജയുമായി നാടകം കളിക്കുന്നത് അരാഷ്ട്രീയവത്കരിക്കപ്പെട്ട കാന്പസുകള്‍ ശോഷിച്ച് ശോഷിച്ച് ഇല്ലാതാവുന്നു എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ്.
അരാഷ്ട്രീയമെന്നാല്‍ ഒരു മുരടിപ്പാണ്. വിദ്യാര്‍ത്ഥിത്വത്തില്‍ ഒരു പൊതു പ്രവര്‍ത്തനത്തിന്‍റെ പശ്ചാത്തലമുണ്ട്. എല്ലാവര്‍ക്കും പൊതുപ്രവര്‍ത്തനത്തില്‍ പരസ്യമായി ഭാഗവാക്കാകാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ പൊതു പ്രവര്‍ത്തനങ്ങളെ ആദരിക്കാനുള്ള മാനസികാവസ്ഥയുണ്ടാകണം. ഇതിനെ പുഛിച്ചു തള്ളുന്നത് അരാഷ്ട്രീയതയുടെ നിര്‍ദ്ദേശമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയവും സംഘടനാ പ്രവര്‍ത്തനങ്ങളുമില്ലാത്ത കാന്പസുകള്‍ ഗാങുകളായി വിഘടിച്ച് നരഭോജികളെ സൃഷ്ടിക്കാന്‍ അവസരങ്ങളൊരുക്കുകയാണ്. അത്യന്തം സങ്കുചിതമായ വ്യക്തി മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നവരും മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും സങ്കടപ്പെടാന്‍ തയ്യാറാകാത്തവരുമാണ് അരാഷ്ട്രീയതയുടെ ഉത്പന്നങ്ങള്‍.
കക്ഷിരാഷ്ട്രീയത്തിനു വിധേയപ്പെട്ടു കഴിയുന്ന സംഘടനകളാണ് കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. അക്രമാസക്തമായ സമരങ്ങള്‍ക്ക് വിദ്യാര്‍ത്ഥിത്വത്തെ പ്രേരിപ്പിക്കുക എന്ന മടുപ്പന്‍ അജണ്ടകളാണ് ഇത്തരം സംഘടനകള്‍ കൈമാറുന്നത്. വിദ്യാഭ്യാസം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക സേവനത്തിന്‍റെ മനസ്സ് നഷ്ടപെട്ട വിദ്യാര്‍ത്ഥി യുവത്വം സമരാഭാസങ്ങളുടെ മാറുന്ന ലോകത്തേക്ക് മുഖം തിരിച്ച് വിജ്ഞാനത്തെ പരിഹസിക്കുകയാണ്. നിയമ വ്യവസ്ഥിതികള്‍ക്ക് സാംസ്കാരിക അടയാളങ്ങളുടെ വെറുക്കപ്പെടുന്ന സമരങ്ങള്‍ക്കു മുന്നില്‍ പുല്ലു വിലയാണ്. തിമര്‍ത്തു പെയ്യുന്ന ആഘോഷങ്ങളാണ് ജീവിതവും സമരവും എന്നാണ് പുതിയ വിദ്യാര്‍ത്ഥിത്വം വിലയിരുത്തുന്നത്.
ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളുടെ ഒരു കാന്പസ് കാലം നമുക്ക് മുന്നിലുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനം കാന്പസുകളില്‍ സമരവീര്യം പടര്‍ത്തിയപ്പോള്‍ മഹാത്മാഗാന്ധിക്കൊപ്പം പോരാട്ടത്തിനു പോര്‍ക്കളം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ പങ്കുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ഒരു പ്രസംഗ മധ്യേ ഇങ്ങനെ പരാമര്‍ശിക്കുകയുണ്ടായി. ‘രാജ്യം അടിമത്വത്തില്‍ കിടന്ന് പിടയുകയും ജനകോടികള്‍ പട്ടിണി കിടക്കുകയും ചെയ്യുന്പോള്‍ പൊള്ളയായ ബിരുദങ്ങള്‍ കൊയ്തു കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. രാജ്യം മരിച്ചു കൊണ്ടിരിക്കുന്പോള്‍ ആര്‍ക്കാണ് ജീവിക്കാന്‍ കൊതി?’ ഈ വാക്കുകള്‍ വിദ്യാര്‍ത്ഥി യുവത്വത്തെ സമരത്തിന്‍റെ നെരിപ്പോടിലേക്ക് എടുത്തെറിയപ്പെട്ടു. നിറഞ്ഞു നില്‍ക്കുന്ന സമരജ്ജ്വാലകള്‍ക്ക് തിരി കൊളുത്തി ഈ വിദ്യാര്‍ത്ഥിത്വം പെഷാവറില്‍ ബ്രിട്ടീഷുകാര്‍ക്കു നേരെ പ്രക്ഷോഭം ആളിപ്പടര്‍ത്തി. ഛത്താഗ്രാമില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ചു.
സമര സജ്ജരായ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിന്‍റെ തീക്കനലിലേക്ക് എടുത്തെറിയപ്പെട്ട മറ്റൊരു സംഭവമായിരുന്നു ഭഗത്്സിംഗിന്‍റെ രക്തസാക്ഷ്യം. രാജ്യത്തെ കാന്പസുകളെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ഭഗത്്സിംഗിനെ രക്ഷിക്കാന്‍ ദേശീയ നേതാക്കള്‍ ശുഷ്കാന്തി കാണിച്ചില്ലെന്നുപോലും കാന്പസുകളില്‍ സംസാരം ഉണ്ടായിട്ടുണ്ട്. നാല്‍പതുകളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പ്രതിബദ്ധതക്കൊപ്പം തികഞ്ഞ അവകാശ ബോധവുമുണ്ടായിരുന്നു. കുട്ടികള്‍ക്കെതിരില്‍ അക്കാലത്ത് നിലനിന്നിരുന്ന ശിക്ഷാ മുറകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ സാമൂഹിക വളര്‍ച്ചയിലും ക്യാന്പസുകള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. രാജ്യത്തുട നീളം സാവേശം മുന്നേറിയ സ്വാതന്ത്യപ്രസ്ഥാനത്തിന്‍റെ ചുവടൊപ്പിച്ച് കേരളത്തിലും സജീവമായ സംഘടനാ പ്രവര്‍ത്തനങ്ങളും സമരമുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതികരണത്തിന്‍റെയും പ്രതികാരത്തിന്‍റെയും ചിത്രമാണ് കേരളത്തിന്‍റെ കാന്പസ് രാഷ്ട്രീയത്തിന്‍റെ ചരിത്രം. 1882ലെ ഒരു വിശിഷ്ഠ സന്ധ്യയില്‍ മഹാരാജാസ് കോളേജിന്‍റെ വിശാലമായ മുറ്റത്തെ മഹാഗണി മരങ്ങളിലൊന്നിന്‍റെ ചുവട്ടിലിരുന്ന് മൂന്ന് ധീരയുവാക്കള്‍ നടത്തിയ കൂടിയാലോചനയും തുടര്‍ നടപടിയുമാണ് പില്‍ക്കാലത്തെ അസംഖ്യം സമരമുന്നേറ്റങ്ങളുടെ അറിയപ്പെട്ട തുടക്കം. എന്നാല്‍ ഈ സമരാവേശങ്ങള്‍ കാന്പസുകളുടെ മുറ്റങ്ങളില്‍ നിന്ന് എടുത്തെറിയപ്പെട്ട ഇരുണ്ട യുഗത്തിലാണ് നാം ജീവിക്കുന്നത്. ‘കാന്പസ് അരാജകത്വം’ ധൈഷണികവും അക്കാദമീയവുമായ പ്രശ്നങ്ങള്‍ക്കപ്പുറത്ത് കടുത്ത സാമൂഹിക പ്രതിസന്ധികളുടെ മതിലുകളും ഗര്‍ത്തങ്ങളും സൃഷ്ടിച്ച് കലാലയ ജീവിതങ്ങള്‍ എണ്ണവറ്റി കരിന്തിരി കത്തുകയാണ്.
എന്തുകൊണ്ടാണ് നമ്മുടെ കലാലയ ജീവിതങ്ങള്‍ ഇത്രമാത്രം ജീര്‍ണ്ണിച്ചിരിക്കുന്നത്?. അതിന്‍റെ കാരണങ്ങളന്വേഷിച്ച് തിരുത്ത് കുറിക്കല്‍ നമ്മുടെ ബാധ്യതയാണ്. ഒന്നാമതായി തുടക്കത്തില്‍ പരാമര്‍ശിച്ച മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് കാരണം. വസ്തുതകളെ വെടിഞ്ഞ് നിഴലുകളെ പ്രണയിക്കുന്ന പ്രവണതയാണ് ഈ പുറം തിരിഞ്ഞിരിക്കല്‍. രണ്ടാമത്തെ കാരണം, വിദ്യഭ്യാസം കന്പോളവല്‍ക്കരിക്കപ്പെട്ടുവെന്നതാണ്. വിദ്യഭ്യാസം കച്ചവടച്ചരക്കാക്കുകയും സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുകയും ചെയ്യുന്നവര്‍ അധമവിചാരങ്ങള്‍ക്ക് വഴിതുറക്കുകയാണ്. ഉറച്ച രാജ്യസ്നേഹത്തേയും പാരന്പര്യത്തേയും പാടെ വിസ്മരിക്കപ്പെടുകയാണ്. കച്ചവട ലോബികള്‍ക്ക് കളിക്കളവും വിത്തിറക്കാനുള്ള കൃഷിയിടവുമായി വിദ്യഭ്യാസത്തെ മാറ്റിത്തുടങ്ങിയതു മുതലാണ് വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത മങ്ങിപ്പോയത്. കച്ചവടക്കാരില്‍ നിന്ന് പൊള്ളുന്ന വില കൊടുത്ത് വാങ്ങുകയും മറിച്ച് വില്‍ക്കുകയും ചെയ്യുക എന്നതിലപ്പുറം വലിയ കാര്യങ്ങളൊന്നും ഇതിലില്ലെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞത് മുതലാണ് ഈ ദുരന്തചരിത്രം ആരംഭിക്കുന്നത്.
മൂന്നാമത്തെ കാരണം ജോബ് ഓറിയന്‍റഡ് എജ്യുക്കേഷനാണ്. ഒരു വിദ്യാര്‍ത്ഥിയെ നല്ല മനുഷ്യനാക്കുക എന്നത് വിദ്യഭ്യാസത്തിന്‍റെ ലക്ഷ്യമാണ്. അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുക, ആദര്‍ശങ്ങള്‍ക്ക് മൂര്‍ച്ച നല്‍കുക, മനുഷ്യ ബന്ധത്തെ ദൃഢമാക്കുക, മനുഷ്യാഭിമുഖ്യത്തെ നിരന്തരം സജീവമാക്കുക തുടങ്ങിയവയെല്ലാം വിദ്യഭ്യാസത്തിന്‍റെ ഭാഗമായി സാധ്യമാക്കേണ്ടതാണ്. ഇങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങളെ ഐക്യപ്പെടുത്തുന്ന മൗലികമായ ഒരു ലക്ഷ്യമുണ്ട്. അത് സാംസ്കാരിക പ്രബുദ്ധമായ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ്. സാംസ്കാരിക പ്രബുദ്ധതയോട് കീഴ്പ്പെട്ടാണ് മറ്റെല്ലാ കാര്യങ്ങളേയും നാം കാണേണ്ടത്. അതിനു പകരം സാംസ്കാരിക പ്രബുദ്ധത തുലയട്ടെ, മനുഷ്യ ബന്ധങ്ങള്‍ നശിക്കട്ടെ, എന്‍റേതു മാത്രമായ ആഡംബര ജീവിതം എന്ന കാഴ്ച്ചപ്പാട് രൂപപ്പെടുന്നതില്‍ ജോലി കേന്ദ്രീകൃത വിദ്യഭ്യാസത്തിന് വലിയ സ്വാധീനമുണ്ട്. ഇവകളെയെല്ലാം ചെറുത്തു തോല്‍പിച്ചേ മതിയാവൂ..

Leave a Reply

Your email address will not be published. Required fields are marked *