2014 May-June ആരോഗ്യം ഖുര്‍ആന്‍ പഠനം സാമൂഹികം

സന്താനപരിപാലനം; അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍

അല്ലാഹു കനിഞ്ഞേകിയ വലിയ അനുഗ്രഹമാണ് നമ്മുടെ സന്താനങ്ങള്‍. ഇഹലോകത്തും പരലോകത്തും വളരെയേറെ നേട്ടങ്ങള്‍ സന്താനങ്ങള്‍വഴി നമുക്ക് ലഭിക്കാനുണ്ട്. മരണത്തോടെ നമ്മുടെ സല്‍കര്‍മ്മങ്ങളുടെ വെള്ളിനൂല്‍ അറ്റുപോകുന്പോള്‍ സ്വന്തം മക്കളുടെ സല്‍പ്രവൃത്തനങ്ങളാണ് നമുക്കാശ്രയം. പക്ഷെ, സന്താനങ്ങള്‍ക്ക ജന്മം നല്‍കിയതുകൊണ്ട് മാത്രം ഇത് ലഭിക്കുകയില്ല. അതിലുപരി ഇസ്ലാം മുന്നോട്ടുവെക്കുന്ന സന്താനപരിപാലനത്തിന്‍റെ രീതികള്‍ നാം അവലംബിക്കേണ്ടതുണ്ട്.
ശിശുവിനോടുള്ള ബാധ്യതകള്‍
“എല്ലാ കുഞ്ഞും ഭൂമിയില്‍ പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്, അവനെ ജൂതനോ കൃസ്ത്യാനിയോ തീയാരാധകനോ ആക്കുന്നത് അവന്‍റെ മാതാപിതാക്കളാണ്.” കുട്ടിയെ നല്ലരൂപത്തില്‍ വളര്‍ത്തിയില്ലെങ്കിലുള്ള ഭയാനകതയാണ് പ്രസ്തുത ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. അതില്‍ പ്രധാനമാണ് പ്രസവിച്ച ഉടനെ കുഞ്ഞിന്‍റെ വലതു ചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കല്‍. നവജാത ശിശുവിന്‍റെ ചെവിയില്‍ ആദ്യം മുഴങ്ങേണ്ടത് ഈ വിശുദ്ധവചനങ്ങളായിരിക്കണം. അല്ലാഹുവിന്‍റെ മഹത്വം, തൗഹീദിന്‍റെ തത്വം, മുഹമ്മദ് നബി(സ്വ)യെ അംഗീകരിക്കല്‍, മനുഷ്യന്‍റെ കഴിവുകേട് പ്രഖ്യാപിക്കല്‍ എന്നിവയാണ് ബാങ്ക് വഴി വിളിച്ചറിയിക്കുന്നത്.
നബി(സ്വ) പറയുന്നു:”ഒരാള്‍ക്കൊരു കുഞ്ഞ് പിറക്കുകയും അവന്‍റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുത്താല്‍ ‘ഉമ്മുസ്സ്വിബ്യാന്‍’ ബാധയെ തൊട്ട് തടുക്കപ്പെടുന്നതാണ്.” ഉമ്മുസ്സ്വിബ്യാന്‍ എന്നാല്‍ ചെറിയ കുട്ടികളില്‍ കണ്ടുവരുന്ന അപസ്മാര രോകമാണെന്നാണ് ഉലമാക്കള്‍ പറയുന്നത്. അപ്പോള്‍ ശാരീരികാസ്വസ്ഥതകള്‍ക്കും ഇത് ശാന്തി പകരുന്നു.
കുടുംബത്തിലെ തലമുതിര്‍ന്ന വ്യക്തികളാണ് ഈ കര്‍മ്മം നിര്‍വഹിക്കാന്‍ ഉചിതം. എന്നാല്‍ അവരില്ലാത്ത പക്ഷം കുഞ്ഞിന് ഈ അവകാശം നിഷേധിക്കപ്പെട്ടുകൂടാ. സ്ത്രീകള്‍ക്കും ഈ കര്‍മ്മം നിര്‍വ്വഹിക്കാവുന്നതാണ്. കൊടുക്കുന്ന വ്യക്തിയല്ല, സമയമാണ് പ്രധാനം. ബാങ്കിന് പുറമെ സൂറത്തുല്‍ ഖദ്റും സൂറത്തുല്‍ ഇഖ്ലാസും ഓതല്‍ സുന്നത്തുണ്ട്.
പ്രസവിച്ച ഉടനെ കുഞ്ഞിന് മധുരം നല്‍കല്‍ പ്രത്യേകം സുന്നത്തുണ്ട്. ഈത്തപ്പഴം ചവച്ചു മൃതുവാക്കി കുട്ടിയുടെ വായില്‍ വെച്ച് കൊടുക്കണം. അത് ലഭ്യമായില്ലെങ്കില്‍ കാരക്ക, തേന്‍, മറ്റ് തീയില്‍ വേവിക്കാത്ത മധുര പദാര്‍ത്ഥങ്ങള്‍ എന്നതാണ് ക്രമം.
അഖീഖ
കുഞ്ഞിനെ സമ്മാനിച്ച അല്ലാഹുവിന് നന്ദി ചെയ്യാന്‍ നാം ബാധ്യസ്തരാണ്. മൃഗബലി നല്‍കിയാണ് ഇവിടെ നന്ദി പ്രകടിപ്പിക്കേണ്ടതെന്ന് നബി(സ്വ)പഠിപ്പിച്ചിട്ടുണ്ട്. ഏഴാം ദിവസം അറുക്കാന്‍ സാധ്യമായില്ലെങ്കില്‍ പതിനാലാം ദിവസം, കഴിയില്ലെങ്കില്‍ ഇരുപത്തൊന്നാം ദിവസം ആണ് അറുക്കേണ്ടത്. പ്രായപൂര്‍ത്തിയാവുന്നതു വരെ രക്ഷിതാക്കള്‍ക്ക് എപ്പോഴും സുന്നത്തുണ്ട്. കുഞ്ഞ് മരിച്ചാലും തഥൈവ.
കുഞ്ഞിന് കടപെട്ട മറ്റൊരുകാര്യമാണ് മുടിമുണ്ഡനം ചെയ്യല്‍. വ്യൈശാസ്ത്രപരമായി ധാരാളം നേട്ടം ഇതിനുണ്ട്. ഇതുവരെ ഗര്‍ഭാശയത്തിലായിരുന്ന കുട്ടിയുടെ തലമുടിയില്‍ ധാരാളം അഴുക്കുകളുണ്ടാകാനിടയുണ്ട്. ഇത് കൂടുതലും കഴുകി ശുദ്ധിയാക്കാന്‍ കഴിയാത്തതാണ്. അത്കൊണ്ട് തന്നെയാവണം ഇസ്ലാം ഇങ്ങിനെ നിര്‍ദേശിക്കുന്നത.് മുണ്ഡണം ചെയ്ത കുഞ്ഞിന്‍റെ തലമുടിയുടെ അതേ തൂക്കത്തിന് വെള്ളി ധര്‍മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്.
പ്രസവിച്ച ഏഴാം ദിവസം തന്നെ ചേലാകര്‍മ്മം ചെയ്യല്‍ സുന്നത്താണ്. പുരുഷന് ഇത് നിര്‍ബദ്ധമാണെന്നതില്‍ തര്‍ക്കമില്ല. ഇബ്രാഹീം നബി(അ)ന്‍റെ ചര്യയില്‍പെട്ടതാണിത്. മൂത്ര തടസ്സം, ലിംഗാര്‍ബുധം തുടങ്ങിയ അസുഖങ്ങള്‍ക്ക് ആധുനിക വ്യൈശാസ്ത്രം നിര്‍ദ്ദേശിക്കുന്നത് ചേലാകര്‍മ്മമാണ്.
നാമകരണം
പേരുകള്‍ മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുമെന്നാണ് പ്രസിദ്ധ മനശ്ശാസ്ത്രജ്ഞനായ ഡോ. അലന്‍മക്വായുടെ അഭിപ്രായം. ഒരൊട്ടകത്തെ ചൂണ്ടിക്കാണിച്ച് അതിന്‍റെ പാല്‍ ആരുകറന്നെടുക്കും എന്ന നബി(സ്വ)യുടെ ചോദ്യത്തിന് മുര്‍റ(കയ്പ്) എന്ന് പേരുള്ള രണ്ട് പേര്‍ യഥാക്രമം മുന്നോട്ടുവന്നപ്പോള്‍ അവരോടിരിക്കാന്‍ പറയുകയും, മൂന്നാമതായി യഈശ(സജീവന്‍) എന്ന പേരുള്ളയാള്‍ മുന്നോട്ട് വന്നപ്പോള്‍ സമ്മതം കൊടുക്കുകയും ചെയ്ത തിരുനബി(സ്വ)യുടെ ഹദീസ് നമ്മെ പഠിപ്പിക്കുന്നതും പേരുകള്‍ മനുഷ്യ സ്വഭാവത്തിലും പെരുമാറ്റത്തിലും ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നു തന്നെയാണ്. ഇതുകൊണ്ടാണ് പേരിടുന്പോള്‍ ഇസ്ലാം ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്പോട്ടുവെക്കുന്നതും. “ഖിയാമത്ത് നാളില്‍ നിങ്ങളുടെയും പിതാക്കളുടെയും നാമങ്ങളിലാണ് നിങ്ങളെ വിളിക്കപ്പെടുക, ആയതിനാല്‍ നിങ്ങള്‍ ഭംഗിയുള്ള പേര് വിളിക്കുവീന്‍”(അബൂദാവൂദ്).
മാതാവും പിതാവും ശിശുപരിപാലനത്തില്‍ അതീവ ശ്രദ്ധകാണിക്കണം. എന്നാല്‍ മാതാവിനോളം കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ മറ്റാര്‍ക്കും സാധ്യമല്ല. പത്ത് മാസക്കാലം വയറ്റില്‍ പേറി നടക്കുകയും നൊന്ത് പ്രസവിക്കുകയും ചെയ്ത മാതാവിനേക്കാള്‍ മാനസികമായ അടുപ്പം മറ്റാര്‍ക്കാണ് ഉണ്ടാവുക.? പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ കുഞ്ഞിനെ മാതാവിന്‍റെ അടുത്ത് തന്നെ കിടത്തണം. ആരോമല്‍കിടാവിനെ കണ്ടും തൊട്ടും അവള്‍ കൊതി തീര്‍ക്കട്ടെ.കുഞ്ഞുമായുള്ള ഈ ബന്ധം എത്രയും പെട്ടന്ന് സ്ഥാപിക്കുന്നത് ഏറെ നന്ന്.മുലയൂട്ടുക, മൂത്രമൊഴക്കുന്പോള്‍ വസ്ത്രം നീക്കുക, കഴുകുക , കുളിപ്പിക്കുക, താലോലിക്കുക, ഉമ്മ വെക്കുക ഇതിലൂടെയെല്ലാമാണ് കുഞ്ഞും മാതാവും തമ്മിലുള്ള ബന്ധം സുദൃഢമായിതീരുന്നത്. കുഞ്ഞിന്‍റെ ആരോഗ്യപരമായ വളര്‍ച്ചയില്‍ ഈ ബന്ധം ഏറെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. വേദന അറിയാത്ത പ്രസവം, പ്രസവിച്ച ഉടനെ കുപ്പിപ്പാല്‍ കൊടുക്കുക, തുടങ്ങിയ കാര്യങ്ങള്‍ കുട്ടിക്കും മാതാവിനുമിടയില്‍ അകലം തീര്‍ക്കും തീര്‍ക്കുമെന്ന് മറക്കാതിരിക്കുക.
മുലയൂട്ടല്‍
ശാസ്ത്രത്തിന് ഇന്നും പിടികൊടുക്കാത്ത ഒരത്യത്ഭുതമാണ് മുലപ്പാല്‍. അതിന്‍റെ ഉത്പാദനം എങ്ങിനെ എന്നതിന് ശാസ്ത്രത്തിന് മറുപടിയില്ല. ഓരോ വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ക്കും അതാത് വര്‍ഗ്ഗത്തിന്‍റെ നിലനില്പിനും പോഷണത്തിനും അനിവാര്യമായ പോഷണങ്ങളാണ് പാലില്‍ അടങ്ങിയിട്ടുള്ളത്. ആധുനിക വനിതകള്‍ സൗന്ദര്യനഷ്ടം ഭയന്ന് കുഞ്ഞിന് മുലപ്പാലൂട്ടാന്‍ വൈമനസ്യം കാണിക്കുന്നത് അവള്‍ക്കും കുഞ്ഞിനും ഗുരുതരമായ അസുഖങ്ങള്‍ക്കുള്ള വഴിമരുന്നാണ്. രോഗങ്ങള്‍ക്കെതിരെയുള്ള ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗം മുലപ്പാല്‍ മാത്രമാണ്. പ്രസവിച്ച ഉടനെ കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മുലപ്പാല്‍(കൊളസ്ട്രം) കുഞ്ഞുങ്ങളുടെ കണ്ണിന് ഏറെ ശക്തി പകരുന്ന വിറ്റാമിന്‍ എ ആണ്. അത് പിഴിഞ്ഞ് കളയരുത്. മുലപ്പാലിന് തുല്ല്യമായ പാനീയം കണ്ടെത്തപ്പെട്ടിട്ടില്ല. ഇത് കുടിച്ച കുട്ടികളില്‍ കുറ്റവാസന കുറവുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. പകരം ബേബീ ഫുഡിലും ഓട്സിലും ആശ്വാസം കണ്ടെത്തുന്ന ഉമ്മമാര്‍ മക്കളെ ക്രിമിനലുകളാക്കുയല്ലേ ചെയ്യുന്നത്..?
ഉമ്മയുടെ ഗര്‍ഭപാത്രമെന്ന സുരക്ഷിതമായ തൊട്ടിലില്‍ മാതൃഹൃദയത്തിന്‍റെ താളാത്മകമായ സംഗീതമാസ്വദിച്ച് മിഴികളണച്ചിരുന്ന കുഞ്ഞിന് പ്രസവത്തോടു കൂടി അത് നിഷേധിക്കപ്പെട്ടു. ആ സുന്ദരലോകത്തേക്ക് മടങ്ങാനുള്ള ത്വര അവനിലുണ്ടായിരിക്കില്ലേ..?. തൊട്ടിലും താരാട്ടും പഴയ സുരക്ഷിതത്വ ബോധം കുട്ടിയില്‍ സൃഷ്ടിക്കുന്നു. രണ്ട് വയസ്സ് വരെ ഇത് ആവശ്യമാണ്. പിന്നീടും ആവശ്യത്തിനനുസരിച്ചാവാം. ധാരാളം സൂര്യപ്രകാശവും വെളിച്ചവും ലഭിക്കുന്ന റൂമില്‍ അധികം ഉയര്‍ത്താതെയായിരിക്കണം തൊട്ടില്‍. ഇരുട്ട് മുറി ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ക്ക് കാരണമാവും. സ്ഫടിക സ്ഫുടമായ കുഞ്ഞു ഹൃദയത്തില്‍ താരാട്ട് പാട്ടിന്‍റെ സ്വാധീനം മരണം വരെ അറ്റുപോവാത്തതാണ്. അത് കൊണ്ട് തന്നെ കുട്ടിക്ക് ആത്മീയ പുരോഗതിക്കുതകുന്നതാകണം താരാട്ട് പാട്ട്. കഴിഞ്ഞ തലമുറക്ക് ശൂരതയും സ്ഥ്യൈവും ഈമാനും പകര്‍ന്നുകൊടുക്കാന്‍ അത്തരം ഗാനങ്ങള്‍ക്ക് കഴിഞ്ഞു എന്നത് ഒരു സത്യമാണ്. ഇതിനു പകരം സിനിമ, പ്രേമ ഗാനങ്ങള്‍ കേള്‍പ്പിച്ചാലുള്ള ഭവിഷത്ത് ഭയാനകരമാണ്.
വാത്സല്യം
കുഞ്ഞിന് ഭക്ഷണവും വസ്ത്രവും കൊടുത്താല്‍ എല്ലാമായി എന്ന ചിന്ത മൗഡ്യമാണ്. സ്നേഹവും വാത്സല്യവുമാണ് പ്രധാനം. മുലകുടിയിലൂടെ മാതാവിന്‍റെ സ്നേഹവും പരിലാളനയും കുട്ടിക്കും ലഭിക്കും. കുട്ടികളെ ചുംബിക്കുന്നത് അറപ്പോടെ കാണരുത്.
കുഞ്ഞുങ്ങളെ തലോടലും കൊഞ്ചിക്കലും ആലിംഗനം ചെയ്യലുമൊക്കെ സ്നേഹത്തിന്‍റെ സംപ്രേഷണമാണ്. ഇസ്ലാം ഏറെ പ്രോത്സാഹിപ്പിച്ചതുമാണ്. എന്നാല്‍ കാര്യം മറന്നു കളിയില്‍ മാത്രം അഭിരമിക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. തൊട്ടിലില്‍ നിന്നുതന്നെ അച്ചടക്കത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം. ചോദിക്കുന്നതെന്തും ചെയതുകൊടുക്കുന്ന, വാങ്ങിക്കൊടുക്കുന്ന രീതി നന്നല്ല. അവന്‍ മടിയനും മണ്ടനുമായിത്തീരും.
അച്ചടക്കം പഠിപ്പിക്കാന്‍ നല്ല ഒരായുധമാണ് വടി. മനശ്ശാസ്ത്രജ്ഞന്മാരും ഇതംഗീകരിക്കുന്നുണ്ട്, പക്ഷെ തിരിച്ചറിവില്ലാത്ത ചെറുപ്രായത്തില്‍ ഇത്കൊണ്ടെന്ത് കാര്യം? താനെന്തിനടിക്കപ്പെട്ടു എന്നറിഞ്ഞാലല്ലേ തിരുത്തുണ്ടാവുകയുള്ളൂ. പത്തുവയസ്സായാല്‍ മാത്രമേ നിസ്കാരം ഉപേക്ഷിച്ചതിന്‍റെ പേരില്‍ കുട്ടിയെ അടിക്കാവൂ എന്ന ഇസ്ലാമിന്‍റെ ശാസനയിലെ ശാസ്ത്രീയ ഇവിടെയാണ് ബോധ്യപ്പെടുക.
കുഞ്ഞുന്നാളിലെ അനുകരണ വാസന വളരെ വലുതാണ്. അത്കൊണ്ടു തന്നെ വീട്ടില്‍ ഇസ്ലാമിക സാഹചര്യം സൃഷ്ടിക്കുകയാണെങ്കില്‍ കുട്ടിയില്‍ അത് പ്രതിഫലിച്ചു കാണും. ഭക്ഷണം കഴിക്കുന്പോഴും വസ്ത്രം ധരിക്കുന്പോും മുതിര്‍ന്നവര്‍ ബിസ്മി ചൊല്ലി തുടങ്ങുന്നത് കാണുന്പോള്‍ മദ്രസയില്‍ പോകാതെ തന്നെ കുട്ടിയും ബിസ്മി ചൊല്ലിത്തുടങ്ങും. സ്കൂളിലേക്കും മറ്റ് പരിപാടികളിലേക്കും പറഞ്ഞയക്കുന്പോള്‍ അവിടങ്ങളിലെ സാഹചര്യം മനസ്സിലാക്കി, കുട്ടിയുടെ ഭാവി കണക്കിലെടുത്തുകൊണ്ട് തീരുമാനമെടുക്കാന്‍ രക്ഷിതാക്കള്‍ ഉത്സാഹിക്കേണ്ടതുണ്ട്. അന്യ മതക്കാരുടെ ആചാരം വിളന്പുന്ന വിദ്യാലയങ്ങളില്‍ അവനെ ചേര്‍ത്താല്‍ ഇനിയവനെ നമുക്ക് പ്രതീക്ഷിക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *