എന്നെ ഭരിക്കുന്ന വീട്ടില്‍ ഇനി എനിക്ക് ജീവിക്കേണ്ട. ഫേസ്ബുക്ക് ഉപയോഗിക്കല്‍ ഒരു ക്രിമിനല്‍ കുറ്റമാണോ! പക്ഷെ എന്റെ അച്ഛനും അമ്മക്കും ഞാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് വലിയ പ്രശ്നമാണ്. ഫേസ്ബുക്കില്ലാതെ ഇനിയെനിക്ക് ജീവിക്കേണ്ട. അത് കൊണ്ട് ഞാന്‍ എന്റെ ജീവിതമവസാനിപ്പിക്കുന്നു.”
മഹാരാഷ്ട്രയിലെ പര്ബാണിക്കാരി ഐശ്വര്യ തന്റെ മാതാപിതാക്കളുമായി ഫേസ്ബുക്കിനെച്ചൊല്ലി സ്ഥിരം വഴക്കായിരുന്നു. ഒരു ദിവസം ശണ്ഠ കൂടിയതിന് ശേഷം അവള് നേരെ മുറിയില്‍പോയി, ആത്മഹത്യാ കുറിപ്പെഴുതി, ഫാനില്‍ കെട്ടിത്തൂങ്ങി. എന്തെളുപ്പം!
ഐശ്വര്യയുടെ മരണഹേതു ഫേസ്ബുക്കാണെങ്കില്‍, മലപ്പുറത്തുകാരന് ഷാനവാസ് തന്റെ ആത്മഹത്യാ വിവരം മാലോകരെ അറിയിക്കാനാണ് ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയത്. ജീവിതമവസാനിപ്പിക്കും മുമ്പ് നാല്പതുകാരന് വക്കീല്‍ ഫേസ്ബുക്കില്‍ താന്‍ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നൊരു പോസ്റ്റിട്ടിരുന്നു. നിമിഷ നേരം കൊണ്ട് പോസ്റ്റ് ഒരുപാട് ലൈക്കുകള്‍ വാരിക്കൂട്ടി. പക്ഷെ, ആ പോസ്റ്റിന് പിന്നിലെ ഗൗരവം ഷാനവാസിന്റെ മരണ ശേഷമാണ് പലരും ഒരു നെടുവീര്‍പ്പോടെ മനസ്സിലാക്കിയത്.
മിക്കപ്പോഴും ജീവിതയാതാര്ത്ഥ്യങ്ങളില് നിന്നും ഓടിയൊളിക്കാനുള്ള ഒരിടമോ, നിത്യ ജീവിതത്തിന്റെ വിരസതയകറ്റാനുള്ള ഒരുപാധിയോ ആയിരിക്കാം ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങള്‍. പക്ഷെ, ഇത് കാരണമായി സൈബര്‍ ലോകത്ത് തന്റെ വളരെ കുറഞ്ഞ ജീവിത കാലത്തെ തളച്ചിടുന്ന മനുഷ്യ ജന്മങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുയാണ്.
‘മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്തമല്ല സൈബര്‍ അഡിക്ഷന്. മദ്യപാനിയെ മദ്യം നിയന്ത്രിക്കും പോലെത്തന്നെ- കുറച്ച് സമയത്തേക്ക് പോലും ഓഫ്ലൈനായിരിക്കാന് സാധിക്കാത്ത അവസ്ഥയാണിത്. അഥവാ നിര്‍ബന്ധിച്ച് ഓണ്‍ലൈനില്‍ നിന്നും വിട്ടുനിന്നാല്‍ ദേഷ്യം, രോഷം തുടങ്ങിയ വൈകാരിക പ്രകോപനങ്ങള്‍ക്ക് വഴിവെക്കുമത്.’ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിംഹാസിലെ (ചമശേീിമഹ കിശെേൗലേേ ീള ങലിമേഹ ഒലമഹവേ മിറ ചലൗൃീരെശലിരലെ) അസോസിയേറ്റ് പ്രൊഫസര്‍ മനോജ് കുമാര്‍ ശര്‍മയുടെ വാക്കുകളാണിത്.
ഏറിയ കൂറും കൗമാര പ്രായക്കാരാണ് ഇന്റര്‍നെറ്റിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്. ‘ഉറങ്ങിയെണീറ്റാല്‍ ഞാന്‍ ആദ്യം ചെയ്യുന്നത് എന്റെ സ്മാര്‍ട്ട് ഫോണ്‍ പരിശോധിക്കലാണ്.’ ഇത് പറയുന്നത് പതിനാറ് വയസ്സുള്ള ഡല്‍ഹിക്കാരി ശിഖയാണ്. തന്റെ സ്മാര്‍ട്ട് ഫോണ്‍ കൂടെയില്ലെങ്കില്‍ അവള്‍ക്കിപ്പോള്‍ ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ, കുളിക്കാനോ സാധിക്കില്ല. സദാ സമയവും ഓണ്ലൈനിലായിരിക്കാന് വേണ്ടി ഭക്ഷണം വേണ്ട എന്ന് വെക്കാനും അവള്‍ക്ക് മടിയില്ല. ‘സാധാരണ രാത്രി രണ്ട് മണിക്കാണ് ഞാന്‍ ഉറങ്ങാറ്. ഓരോ രണ്ട് മണിക്കൂറിലും പുതിയ മെസ്സേജുകളും അപ്ഡേറ്റുകളും പരിശോധിക്കാന്‍ വേണ്ടി ഞാന്‍ ഉണരും. തുടക്കത്തില്‍ എനിക്കത് മനപ്പൂര്‍വ്വം ചെയ്യേണ്ടിവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ വിചാരിച്ചില്ലെങ്കിലും സമയമാവുമ്പോള്‍ അറിയാതെ ഉണരും.’
ഈയിടെ ബാംഗ്ലൂരിലെ ‘നിംഹാസ്’ നടത്തിയ സര്‍വ്വേയോട് പ്രതികരിച്ചവരില്‍ എഴുപത്തി മൂന്ന് ശതമാനം പേരും ഇന്റര്‍നെറ്റിന് അടിമപ്പെട്ടവരായിരുന്നു. 13- 15 പ്രായക്കാരായ കുട്ടികള്‍ ഇന്റര്‍നെറ്റ് ഗൈയിമുകളില് ലഹരി കണ്ടെത്തുന്നവരാണെങ്കില്‍ 15- 17 പ്രായക്കാര്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലാണ് അള്ളിപ്പിടിച്ചിരിക്കുന്നത്.
അഡിക്ഷന് ജീവിതത്തിന്റെ താളം പിഴപ്പിക്കുമ്പോള്‍
‘ഓരോ മിനിറ്റിലും എനിക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം. ഒരു ശക്തിക്കും ഇനി എന്നെയും ഇന്റര്‍നെറ്റിനേയും തമ്മില്‍ വിട്ടുപിരിക്കാന്‍ സാധ്യമല്ല.’ ഇരുപത്തിയൊന്ന് വയസ്സുള്ള അഞ്ജലിയുടെ വാക്കുകളാണിത്. ഇപ്പോള്‍ ഡീ അഡിക്ഷന് ചികിത്സക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഈ ഡല്‍ഹിക്കാരി. ‘ഫേസ്ബുക്കില്‍ എന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടി ദിനേന ഭക്ഷണം കഴിക്കാന്‍ വേണ്ടി ഞാന്‍ റസ്റ്റോറന്റുകളില്‍ പോകും. ഞാന്‍ പോസ്റ്റു ചെയ്യുന്ന ഫോട്ടോകള്‍ക്ക് ഇത്തിരിയെങ്കിലും ലൈക്ക് കുറഞ്ഞുപോയാല്‍ കൂടുതല്‍ ലൈക്കുള് കിട്ടാന്‍ സാധ്യതയുള്ള വിലകൂടിയ റസ്റ്റോറന്റുകളില്‍ പോകും. കൂട്ടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ അതിനുള്ള കാശ് സംഘടിപ്പിക്കുന്നത്. ആകയാല്‍, ഞാന്‍ കൊടുത്തുവീട്ടേണ്ട കടത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എപ്പോഴും എനിക്ക് മാനസിക പിരിമുറുക്കമാണ്.’ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഒരാളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ തോതും, ശക്തിയും അഞ്ജലിയുടെ ഈ വരികളില്‍ നിന്നും ഊഹിച്ചെടുക്കാവുന്നതേയുള്ളൂ.
സോഷ്യല്‍ മീഡിയകളില്‍ വ്യത്യസ്തമായൊരു പോസ്റ്റിടാനും ലൈക്കുകള്‍ വാരിക്കൂട്ടാനുമായി ജീവിതം അപകടത്തില്‍ പെടുത്തുന്ന സാഹചര്യങ്ങള്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. സെല്‍ഫിയെടുക്കാന്‍ വേണ്ടി തൂങ്ങിമരണം അഭിനയിച്ച ആലപ്പുഴക്കാരന് അഭിലാഷ് ശശി കയര്‍ കഴുത്തില്‍ കുരുക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല അത് തന്റെ ഏറ്റവുമൊടുവിലത്തെ സെല്‍ഫിയാണെന്ന്. ട്രയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് ഷോക്കേറ്റ് കത്തിക്കരിഞ്ഞ യുവാവും, നിലകളുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ കൗമാരക്കാരിയും ഉദാഹരണങ്ങള്‍ മാത്രം.
പെരുകിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റുകള്, കമ്പ്യൂട്ടറുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ കാരണമായി ഇത്തരുണത്തിലുള്ള പ്രശ്നങ്ങള്‍ കൂടുകയല്ലാതെ കുറയുകയില്ല. ഇന്റര്‍നെറ്റിന് അടിമപ്പെടുക വഴി ഒരാള്‍ക്ക് ജീവിതത്തിലെ എണ്ണമറ്റ വിലമതിക്കാനും തിരിച്ചുപിടിക്കാനുമാകാത്ത നിമിഷങ്ങളാണ് ബലികൊടുക്കേണ്ടിവരുന്നത്. കുടുംബ- സാമൂഹിക- വിദ്യാഭ്യാസപരമായ തകര്‍ച്ചക്ക് പുറമെ വന്‍ സാമ്പത്തിക നഷ്ടവും തല്‍ഫലമായി ആത്മഹത്യ ചെയ്യാന്‍ വരെ കാരണമായി ഇത് വര്‍ത്തിക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ലഹരി ഒരു നിസ്സാര പ്രശ്നമായി തള്ളുക സാധ്യമല്ല. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സോഷ്യല്‍ മീഡിയകളില്‍ സജീവമാവാനും വേണ്ടിമാത്രം വന്‍ കമ്പനികളിലെ പ്രൊഫഷണലുകള്‍ പാര്‍ട്ട് ടൈം ജോലിയിലേക്ക് കൂറുമാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം ഉത്തരേന്ത്യയില്‍ നിന്നും മാധ്യമങ്ങളില്‍ വാര്‍ത്തയായിക്കൊണ്ടിരിക്കുന്നു.
സ്വയം രക്ഷ തേടാം
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിന്നും ഈ ആധുനിക കാലഘട്ടത്തില്‍ ഒരിക്കലും വിട്ടുനില്‍ക്കുക സാധ്യമല്ല. കമ്പോളം മുതല്‍ വിദ്യാഭ്യാസ പ്രക്രിയകള്‍ വരെ ഇന്റര്‍നെറ്റിലേക്ക് ചേക്കേറിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റിന്റെ അടിമയായി മാറാതിരിക്കാന്‍ സൂക്ഷികുക മാത്രമേ പോം വഴിയുള്ളു. അനാവശ്യമായി ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കാതിരിക്കുയും അവശ്യ കാര്യങ്ങള്‍ക്ക് വേണ്ടിമാത്രം ഇന്റര്‍നെറ്റിന്റെ സഹായം തേടുകയും ചെയ്യുക വഴി ഒരുപാട് കെണിവലകളില്‍ നിന്നും രക്ഷപ്പെടാം.
ഇന്റര്‍നെറ്റ് ഒരാളുടെ ജീവിതരീതിയില്‍ സ്വാധീനം ചെലുത്തി അവനെ ഒരു അടിമയാക്കിവെച്ചിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി സൈക്കോളജിസ്റ്റുകളും വിദ്യാഭ്യാസ വിചക്ഷണരും തയ്യാറാക്കിയ ചോദ്യാവലിയാണിത്:
1. നിങ്ങളുടെ ചിന്തകളെ ഇന്റര്‍നെറ്റ് കീഴടക്കാറുണ്ടോ? (മുമ്പ് ചെയ്ത ഓണ്‍ലൈന്‍ പ്രവര്‍ത്തികളെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുക/ ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തികളില്‍ ഉത്കണ്ഠാകുലനാവുക)
2. സംതൃപ്തിയടയണമെങ്കില് ഇനിയും ഓണ്‍ലൈനില്‍ സമയം ചിലവഴിക്കണമെന്ന ചിന്ത നിങ്ങളെ പിന്തുടരാറുണ്ടോ?
3. ഇന്റര്‍നെറ്റിന്റെ അമിതോപയോഗം കുറക്കാനായി നിങ്ങള്‍ നിഷ്ഫല ശ്രമങ്ങള്‍ നടത്താറുണ്ടോ?
4. ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തിയതിന് ശേഷം/ ഉപയോഗ സമയം ചുരുക്കിയത് കാരണമായി മാനസിക സംഘര്‍ഷം, വിഷാദം തുടങ്ങിയ വികാരങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ?
5. ഉദ്ദേശിച്ചതിലും കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മനസ്സ് നിങ്ങളെ പ്രേരിപ്പിക്കാറുണ്ടോ?
6. പ്രധാനപ്പെട്ട ഒരു ബന്ധം, ജോലി, വിദ്യാഭ്യാസം, കരിയര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഇന്റര്‍നെറ്റ് കാരണമായി നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ?
7. ഇന്റര്‍നെറ്റിന്റെ അമിതോപയോഗത്തെപ്പറ്റി തെറാപിസ്റ്റ്, ബന്ധുക്കള്‍ എന്നിവരോട് കളവ് പറഞ്ഞിട്ടുണ്ടോ?
8. നിത്യജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടി സന്തോഷവും സമാധാനവും കണ്ടെത്താന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത മാര്‍ഗമാണോ ഇന്റര്‍നെറ്റ്?
. എട്ടു ചോദ്യങ്ങളില്‍ അഞ്ചോ അതില്‍ക്കൂടുതലോ ചോദ്യങ്ങള്‍ക്ക് അതെ എന്നാണ് ഉത്തരമെങ്കില്‍ അയാള്‍ ഇന്റര്‍നെറ്റിന്റെ കെണിയിലാണ്. എത്രയും പെട്ടന്ന് ബന്ധപ്പെട്ട വിദഗ്ദരെ സമീപിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. ഇന്റര്‍നെറ്റിന് അടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈയിടേയായി ഒരുപാട് ഡീ അഡിക്ഷന് സെന്ററുകള്‍ നിലവില്‍ വന്നിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഒരു ഒഴിയാബാധയായി ജീവിതത്തെ തകര്‍ത്തുകളയുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും സ്വയം ചോദിക്കുക- ഇന്റര്‍നെറ്റ് കാരണമായി മരിച്ച് ജീവിക്കുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ കൂടണോ എന്ന്.