Posted on

പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്ന മക്കള്‍

പ്രവാസികളായ കേരള മുസ്‌്‌ലിംകളുടെ എണ്ണം വര്‍ധിച്ചു വരികയാണിന്ന്‌. അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കുടുംബ ജീവതത്തിലെ പ്രതിസന്ധികള്‍ പരിഹാരിക്കാനും ആരും മുന്നോട്ട്‌ വരുന്നില്ലാ എന്നതാണ്‌ സത്യം. സമീപ കാലങ്ങളില്‍ കേരളത്തില്‍ അരങ്ങേറുന്ന ഒട്ടുമിക്ക ക്രൂരതകളിലെ അണിയറ പ്രവര്‍ത്തകരെ അന്വേഷിച്ചുള്ള പഠനങ്ങള്‍ വെളിവാക്കുന്നത്‌ മുസ്‌ലിം യുവതിയുവാക്കളാണ്‌ ക്രൂരതങ്ങളില്‍ മുന്നിലെത്തുന്നത്‌ എന്നാണ്‌. അതില്‍ തന്നെ പ്രവാസികളുടെ മക്കളാണ്‌ കൂടുതല്‍ അകപ്പെടുന്നത്‌. കേരളത്തിലെ മുസ്‌ലിം മക്കള്‍ ഇത്തരം ക്രൂരതകള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നുണ്ടെന്ന്‌ പറഞ്ഞാല്‍ ചിലര്‍ക്കത്‌ ദഹിക്കുകയില്ല. ഇത്തരമൊരു ഘട്ടത്തില്‍ പ്രവാസികളുടെ കുടുംബ ജീവിത പശ്ചാത്തലം വിലയിരുത്തുന്നത്‌ അനിവാര്യമായ ഒന്നാണ്‌.
പ്രവാസികളില്‍ ഭാര്യയും മക്കളും നാട്ടിലുള്ളവരുടെ കുടുംബ സാഹചര്യമെടുക്കുമ്പോള്‍ മനസ്സിലാകുന്നത്‌ ഉപ്പ നാട്ടിലില്ലാത്തതിനാല്‍ മക്കള്‍ക്ക്‌ നല്‍കേണ്ട അനിവാര്യമായ ശിക്ഷണം ഉമ്മയാണ്‌ എറ്റെടുത്ത്‌ നടത്താറ്‌. ഈ സന്ദര്‍ഭം മുതലെടുത്ത്‌ ചില കുട്ടികള്‍ `വീടിന്റെ കാര്യസ്ഥന്‍’ സ്ഥാനം എറ്റെടുത്തു ഉമ്മയെ ഭരിക്കുന്നു. തന്റെ താന്തോന്നിത്തരം ഏത്‌ നിലക്കും നടപ്പില്‍ വരുത്താന്‍ ഈ അവസരത്തില്‍ അവര്‍ക്ക്‌ സാധിക്കുന്നു. കേരളത്തില്‍ കള്ളിന്റെയും മയക്കുമരുന്നിന്റെയും പെണ്ണിന്റെയും അടിമകളായി മുസ്‌ലിംകള്‍, വിശിഷ്യാ മലബാറിലെ മുസ്‌ലിംകള്‍ മാറാനുണ്ടായ കാരണമിതാണ്‌. അറബിപ്പൊന്നു തേടി മറുനാട്ടിലേക്ക്‌ യാത്ര തിരിച്ച പിതാക്കള്‍ അധികവും മലബാറിന്റെ മണ്ണില്‍ നിന്നാണല്ലോ എന്നതും കൂടി ഇതിനോടൊപ്പം ചേര്‍ത്ത്‌ വായിക്കുമ്പോള്‍ കാര്യം വളരേ വ്യക്തമാകും.
മകന്റെ ഒരു ഫോണ്‍ വിളിയില്‍ വീണ്‌ എല്ലാം വാങ്ങി നാട്ടിലേക്കയക്കുന്ന ഉപ്പ മക്കളുടെ ഈ വിവരങ്ങളൊന്നും അറിയാറേയില്ല. ഉമ്മ പറയാറുമില്ല. പറഞ്ഞാല്‍ എല്ലാ കുറ്റവും മാതാവിന്റെ മേല്‍ കെട്ടി വെച്ച്‌ പഴിചാരാന്‍ പിതാവിനൊരവസരമാകും. ഇതിനെ മാതാവ്‌ ഭയക്കുന്നു. മകന്റെ വിടുവായിത്തം കേട്ട്‌ ഉമ്മയോട്‌ കുരച്ചു ചാടുന്ന പിതാക്കന്മാരുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. വിദ്യാലയങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ മകനെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നതെന്ന്‌ അന്വേഷിക്കുക എന്നത്‌ വീട്ടമ്മയായ (അല്ലെങ്കില്‍ തൊഴിലുകാരിയായ) മാതാവിന്‌ ദുഷ്‌കരമായ കാര്യമാണ്‌. ഒരു സ്‌ത്രീ ആണ്‍കുട്ടിയുടെ കാര്യത്തില്‍ ഇടപെടുമ്പോഴുണ്ടാകുന്ന തടസ്സങ്ങള്‍ ഇവിടെയും നിഴലിച്ചുകാണുന്നതാണ്‌. ഇതും മക്കളെ വഴികേടിന്റെ അടിത്തട്ടിലേക്ക്‌ തള്ളിയിടാന്‍ അവസരമൊരുക്കുന്നു. നാട്ടിലെ കൂട്ടുകെട്ട്‌ വഴിവിട്ടതാകുകയും റാഗിംങ്ങിനും പെണ്‍വാണിഭത്തിനും കൂട്ടു നില്‍ക്കുകയും ചെയ്യുന്ന ഇവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നതോടെ രക്ഷിതാക്കള്‍ക്ക്‌ മക്കളെ മെരുക്കാന്‍ കഴിയാതെ വരുന്നു. ലക്ഷ്‌മണരേഖയും വിട്ടുള്ള ഈ നീച കൃത്യങ്ങള്‍ക്ക്‌ തടയിടാന്‍ ശ്രമിക്കുന്ന സര്‍ക്കാറിനും നാട്ടുകാര്‍ക്കും ഇപ്പോള്‍ തലവേദനയാകുന്നത്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടമാണെന്ന്‌ എല്ലാവര്‍ക്കുമറിയുന്ന വസ്‌തുതയാണ്‌. അതേ സമയം, ഉപ്പമാരുടെ സാന്നിധ്യം നാട്ടിലുണ്ടെന്നറിഞ്ഞാല്‍ അവരുടെ പൊടിപോലും ആ വഴിക്ക്‌ കാണില്ല. ഇത്തരക്കാരുടെ കൂട്ടുകെട്ട്‌ നാട്ടിലുണ്ടാക്കുന്ന ഭീഷണി ഒത്തു പിടിച്ചാല്‍ മലയും വിഴും ഒത്തു പിടിച്ചില്ലേല്‍ മലര്‍ന്നു വീഴുമെന്ന പഴമൊഴി പോലെയാണ്‌. അവര്‍ ഒത്തൊരുമിച്ചാല്‍ നാട്ടില്‍ നടമാടാത്ത താന്തോന്നിത്തരങ്ങളില്ല. കല്ല്യാണ പന്തലിലും കള്ളു ശാപ്പുകളിലും ഇവരുടെ ലഹളകള്‍കൊണ്ട്‌ മുഖരിതമാണ്‌. അതിനു പോംവഴി തേടിയും സമൂഹിക സുരക്ഷാ മിഷന്റെ ഭാഗമായും കേരള സര്‍ക്കാര്‍ സംസ്ഥാനത്ത്‌ ഒരു പുതിയ പദ്ധതി നടപ്പിലാക്കുന്നുണ്ട്‌. ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ എന്ന നാമകരണം ചെയ്‌ത ഈ പദ്ധതി ഉദ്ദേശിക്കുന്നത്‌ കുട്ടികളിലെ ക്രിമിനല്‍ സ്വഭാവത്തെ മുളയിലേ നുള്ളികളഞ്ഞ്‌ അവരെ നല്ല പൗരന്മാരായി വളര്‍ത്തുക എന്നതാണ്‌. ഇത്തരം ഒരു പദ്ധതി എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നത്‌ കാത്തിരുന്ന്‌ കാണാം. മക്കളെ നേര്‍വഴിക്ക്‌ നടത്താന്‍ ഇത്തരം ചില പദ്ധതികള്‍ നേരിട്ടിറക്കി നടപ്പാക്കുന്നുണ്ടെങ്കിലും മാതാപിതാക്കളുടെ സാന്നിധ്യമില്ലാ എങ്കില്‍ ഇതും സര്‍ക്കാറിന്റെ ഒരു മനഃപ്പായസമാണെന്നേ പറയൂ. കലാലയത്തിലെ അവന്റെ ഇടപെടലുകളെ ഇടക്കിടക്ക്‌ ഫോണ്‍ കോളിലൂടെ ചോദിച്ചറിയാന്‍ ഗള്‍ഫുകാര്‍ അദ്ധ്യാപകനുമായി ബന്ധം സ്ഥാപിച്ചിരിക്കണം. ഏളാപ്പമാരോ ജേഷ്‌ഠന്‍മാരോ ഉള്ളവരാണെങ്കില്‍ അവരോട്‌ തന്റെ മകന്റെ കാര്യം പ്രത്യേകം ഗൗനിക്കണമെന്ന്‌ ഓര്‍മപ്പെടുത്തുന്നതില്‍ ഒരു മുടക്കും വരുത്തരുത്‌. ഒഴിവു സമയം മകന്റെ കാര്യമോര്‍ത്ത്‌ അക്കരെയിരുന്ന്‌ ബി.പി. കൂട്ടാതെ നാട്ടിലെ മകന്റെ അന്വേഷണങ്ങളറിയാന്‍ അവര്‍ക്കും ഒന്ന്‌ ഫോണ്‍ വിളിക്കുക. പാതി ടെന്‍ഷന്‍ പമ്പകടക്കാന്‍ ഒരു മറുമരുന്നാണിത്‌.
മകന്‍ ഡല്‍ഹിയിലൊ ബാംഗ്ലൂരിലൊ ഹൈദരാബാദിലൊ ആണ്‌ പഠിക്കുന്നതെങ്കില്‍ ഈ പറഞ്ഞ സൂത്രപണിയെല്ലാം വെറുതെയാണ്‌. അവിടുത്തെ പഠിതാക്കളുടെ നീചത്തരങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞ നാം മകനെ യാത്രയാക്കുന്നതിന്‌ മുമ്പ്‌ ഇത്തരം വിഷയങ്ങളെല്ലാം ചോദിച്ചറിയേണ്ടിയിരുന്നു. അതിന്‌ സാധിച്ചില്ലെങ്കില്‍ വിശ്വസ്‌തനായ ഒരുത്തന്റെ കയ്യിലെങ്കിലും ഏല്‍പ്പിക്കേണ്ടിയിരുന്നു. മകന്റെ വാക്കുകള്‍ മാത്രം മുഖവിലക്കെടുക്കുന്ന ഒരു കുടുംബം കലക്കിയായി പിതാവ്‌മാറരുത്‌. മാതാവിന്റെ വാക്കിനും അല്‍പ്പമൊക്കെ വിലകല്‍പ്പിക്കുന്നത്‌ നന്ന്‌്‌.
പത്രത്താളുകള്‍ വെണ്ടക്കാക്ഷരത്തില്‍ കുറിച്ചിടുന്ന `മകന്‍ അമ്മയെ കൊന്നു, തലക്കടിച്ചു കൊന്നു, വിട്ടമ്മയെ മയക്കി കിടത്തി മകന്‍ പണവുമായി മുങ്ങി` എന്ന വാര്‍ത്തകള്‍ക്ക്‌ പുതിയ രൂപവും ഭാവവും നല്‍കാതിരിക്കാന്‍ മകന്‍ പറയുന്നതെല്ലാം കേട്ട്‌ അപ്പാടെ വിഴുങ്ങാതെ, അവന്‌ വശംവദനാകാതിരിക്കാന്‍ മാതാവും ശ്രദ്ധചെലുത്തണം. അതിനു ഏറ്റവും നല്ല ഉപാധി ചെറു പ്രായത്തിലെ മകനോട്‌ കുശലന്വേഷണങ്ങള്‍ നടത്തി നാട്ടിലെയും കാമ്പസിലെയും കൂട്ടുകാരുടെയും ഇടപെടലുകളറിയാന്‍ ശ്രമിച്ചാല്‍ മതി. കൗമാരവും യൗവനവും മേലങ്കിയണിയുമ്പോഴും ഉമ്മയുടെ സമ്പൂര്‍ണ്ണ ശ്രദ്ധയുണ്ടെങ്കില്‍ അവന്‍ ഒരു പൊല്ലാപ്പിനും പോകില്ല. കണ്ണില്‍ കണ്ട അണ്ടനോടോ അടകോടനോടോ കൂട്ടുകൂടുകയുമില്ല.
മറ്റൊരു വിഭാഗം വിദേശത്ത്‌ കുടുംബത്തോടപ്പം താമസിക്കുന്നവരാണ്‌. കാസിം ഇരിക്കൂറിന്റെ `വേരറുക്കപ്പെട്ട തലമുറയുടെ ഒഴിവുകാല കനവുകള്‍’ എന്ന ലേഖനത്തില്‍ ഇവരുടെ ജീവിത ചിത്രം വളരെ വ്യക്തമാണ്‌. ഗള്‍ഫ്‌ നാട്ടില്‍ മരുപ്പച്ച കണ്ട്‌ മനം മടുത്ത പിഞ്ചോമനകളുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളെ വിശദമായി വിവരിക്കുന്നുണ്ടതില്‍. മറുനാട്ടില്‍ കുടുംബസമേതം ജീവിക്കുന്ന മാതാപിതാക്കള്‍ ആ ജീവിതം കൊണ്ട്‌ തങ്ങളുടെ മക്കള്‍ക്ക്‌ ചിലതു നഷ്‌ടപ്പെടുന്നുണ്ട്‌ എന്ന്‌ തിരിച്ചറിയാതെ പോകുന്നു. നാട്ടിന്‍പുറത്തെ ജീവിതത്തിലൂടെ നമ്മുടെ കുട്ടികള്‍ ആര്‍ജിച്ചെടുക്കുന്ന കുറേ അറിവുകളുണ്ട്‌. ഒരു സര്‍വകലാശാലയില്‍ നിന്നും കിട്ടാത്ത ജീവിതാനുഭവങ്ങളാണവ. മറു നാട്ടില്‍ വളരുന്ന സുമനസുകളായ നമ്മുടെ കുസുമങ്ങളുടെ ജീവിതം നമ്മോട്‌ പറയുന്നത്‌ കയ്‌പ്പേറിയ ചില സത്യങ്ങളാണ്‌. ജീവിതത്തിലെ ആരോഗ്യം തുടിച്ചുനില്‍ക്കുന്ന കൗമാര പ്രായത്തില്‍ മാതാപിതാക്കളോടൊപ്പം പതിറ്റാണ്ടുകളോളം അവര്‍ അന്യദേശത്തെ മക്കളോടൊപ്പം വിദ്യാഭ്യാസം നേടി നാട്ടിലേക്ക്‌ യാത്ര തിരിക്കുമ്പോള്‍ പ്രിയ സുഹൃത്തുക്കളായി ആരുമില്ലാതെ നട്ടം തിരിയുന്നു. കൊഴിഞ്ഞ്‌ പോയ കാലങ്ങളില്‍ തന്റെ ഉറ്റവരും ഉടയവരുമായ പ്രിയ കുടുംബവുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. വിദ്യാഭ്യാസത്തില്‍ അവര്‍ മുന്‍പന്തിയിലാണെന്നത്‌ ശരി. പക്ഷെ, പഠിച്ചുവെച്ച അറിവുകള്‍ പ്രവൃത്തി പഥത്തില്‍ പ്രയോഗിക്കുന്നതിലാണ്‌ പരാജിതരാവുന്നത്‌. `ഞാന്‍ ഗള്‍ഫിലാ പഠിച്ചത്‌’ എന്ന്‌ വീമ്പു വിടാന്‍ പറ്റിയേക്കും. പക്ഷെ, എല്ലാ പോയത്തരത്തിലും പൊട്ടത്തരങ്ങളിലും തട്ടിപ്പിലും വെട്ടിപ്പിലും തലയിട്ട്‌ വഞ്ചിതരാകുന്നവരില്‍ ഇവര്‍ മുന്‍പന്തിയിലുണ്ടായിരിക്കും. അവരെ ചാക്കിലാക്കി കീശ നിറക്കാന്‍ ഒരു കെട്ട്‌ കുതന്ത്രങ്ങളുമായി നാട്ടു കാരണവന്മാര്‍ വരെ രംഗത്തിറങ്ങാറുണ്ട്‌. ആയതിനാല്‍ വിദേശങ്ങളില്‍ പഠിക്കുന്ന തന്റെ മക്കളെ വാര്‍ഷികപ്പൂട്ടില്‍ ഒരിക്കലെങ്കിലും നാട്ടിലേക്ക്‌ കൊണ്ടുവരാന്‍ മറക്കരുതെന്നും നാട്ടിലെ ആ അവധി ദിനങ്ങള്‍ ട്യൂഷ്യന്റേയും ടെസ്റ്റിന്റേയും കരിയര്‍ഗൈഡന്‍സിന്റേയും പേരില്‍ അവരെ വീടിനകത്തിരുത്തരുതെന്നും കുടുംബ ബന്ധം അന്നെങ്കിലും പുലര്‍ത്തണമെന്നും’ പറയുന്ന കാസിം പ്രബുദ്ധ കേരളം അനിവാര്യമായി ശ്രദ്ധ ഊന്നേണ്ട ഒരു പുതിയ പഠന വിഷയത്തിലേക്കാണ്‌ ശ്രദ്ധ ക്ഷണിക്കുന്നത്‌.

Write a comment