സ്വാര്‍ത്ഥതയും വെറുപ്പും വിദ്വേഷവും നിറഞ്ഞ വര്‍ത്തമാന കാല സമൂഹത്തില്‍ വാര്‍ദ്ധക്യം എന്ന മനുഷ്യാവസ്ഥ ശാപമായി തീര്‍ന്നിരിക്കയാണ്. മനുഷ്യ ജീവന് പ്രതീക്ഷിത ആയുസ്സിനോടടുത്തെത്തി നില്ക്കുന്ന അവസ്ഥയാണ് വാര്‍ദ്ധക്യം. ജീവിത യാത്രയുടെ അവസാന നാളുകളിലെത്തി നില്ക്കുന്ന ഓരോ വൃദ്ധജനങ്ങളും വന്‍ നിധി ശേഖരങ്ങളാണ്. ഒരുപാട് അനുഭവത്തിന്റെയും വിജ്ഞാനത്തിന്റെയും ചരിത്രപുസ്തകങ്ങളാണിവര്‍. കാലത്തോടൊപ്പം നടന്ന് കാലത്തിന്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയാവര്‍ ദാരിദ്രവും പട്ടിണിയും ഇല്ലായ്മകളും എല്ലാം താണ്ടി നമുക്ക് സ്വര്‍ഗ്ഗ രാജ്യം ഒരുക്കിതന്ന നമ്മുടെ മുന്‍തലമുറ ഇന്ന് ചിലയിടങ്ങളിലെല്ലാം ക്രൂരമായി പീഢിപ്പിക്കപ്പെടുന്നുണ്ട്. അനുദിനം പെരുകിവരുന്ന വൃദ്ധസദനങ്ങളുടെ കണക്ക് മാത്രം നോക്കിയാല്‍ മതി ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍. ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയപ്പെടുന്ന നമ്മുടെ കേരളം തന്നെയാണ് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉയര്‍ന്നു നില്ക്കുന്ന സംസ്ഥാനം. പുരുഷന്മാരെ അപേഷിച്ച് സ്ത്രീകളാണ് വൃദ്ധജനസംഖ്യയില്‍ കൂടുതലുള്ളത്.
ഒരുപാട് അച്ഛനമ്മമാര്‍, മുത്തശ്ശന്മാര്, മുത്തശ്ശിമാര്‍, ഇന്ന് വൃദ്ധസദനങ്ങളുടെ ജനലഴിക്കു പിന്നില്‍ ഒരിറ്റ് സ്നേഹവും ഒരു വിരല്‍ തുമ്പും ആഗ്രഹിച്ച് കണ്ണിമ ചിമ്മാതെ നിശയെ നിദ്രാവിഹീനമാക്കി മക്കളുടെ വരവും കാത്തിരിക്കുന്നുണ്ട്. നിര്‍ത്താതെ ചുമവരുമ്പോള്‍ ഒന്ന് പുറം തടവാന്‍… തെന്നി വീഴാനാവുമ്പോള് ഒരു കൈ കരുത്തേകാന്‍ വേണ്ട, അന്ന് മക്കള്‍ക്ക് നല്കിയ സ്നേഹത്തിനും വാത്സല്യത്തിനും പകരം ലഭിക്കാന്‍ എന്തുമാത്രം കൊതിക്കുന്നുണ്ടവര്‍…
കൊച്ചു കുട്ടികള്‍ക്കെന്ന പോലെ ഏറ്റവും കൂടിയ പരിചരണം ആവശ്യമായി വരുന്ന ജീവിതാവസ്ഥയാണ് വാര്‍ദ്ധക്യം. വാര്ദ്ധക്യസഹച രോഗങ്ങളാലും ജീവിത ശൈലീരോഗങ്ങളാലും ബഹുഭൂരിപക്ഷം വൃദ്ധജനങ്ങളും കഷ്ടതയനുഭവിക്കുന്നവരാണ്. മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹവാത്സല്യങ്ങളും പരിചരണങ്ങളും ഏറെ ആഗ്രഹിക്കുന്ന ഒരു ഘട്ടമാണിത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഏറെ ബഹുമാനിക്കപ്പെടേണ്ടവരായ വൃദ്ധജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പീഢനകഥകള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടത്. കുഞ്ഞുനാളുകളില്‍ നമ്മെ താരാട്ടുപാടിയുറക്കിയവര്, കഥയുടെ പാല്പായസം കൊണ്ട് മതിവരുവോളം പുരാണങ്ങളും ഇതിഹാസങ്ങളും ജീവിതസമസ്യകളിലേക്ക് സന്നിവേശിപ്പിച്ച് ധാര്‍മ്മികതയുടെയും സദാചാരത്തിന്റെയും മൂല്യങ്ങള്‍ പകുത്തുതന്ന നമ്മുടെ ആദ്യത്തെ ഗുരുക്കന്മാര്, ഇവരെ അവഗണിച്ച് എങ്ങിനെ മുന്നോട്ട് പോകാന്‍ സാധിക്കും.
കാലാനുസൃതമായ മാറ്റങ്ങള്‍ സമൂഹപുരോഗതിയുടെ അനിവാര്യ ഘടകമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, നല്ല വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാനാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനുള്ള വരുമാന സമ്പാദനത്തിനു വേണ്ടി ഏതൊരാളും അക്ഷീണം പ്രവര്‍ത്തിക്കുന്നത് സ്വാഭാവികമാണ്. അത് സാധ്യമാക്കിയത് ചൂഷണത്തിനും അനീതിക്കുമെതിരെ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ തീക്ഷ്ണമായ സമരമുറകളിലൂടെയാണ്. തനിക്ക് വേണ്ടിയല്ലാതെ സമൂഹത്തിന് വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വിശാലമനസ്കത നമ്മുടെ പൂര്വ്വികര്ക്കുള്ളത് കൊണ്ടാണ് നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖങ്ങള്‍ക്കും നിദാനം. പരിമിതമാണെങ്കിലും നമുക്ക് കരഗതമാക്കാന്‍ സാധ്യമായത് പോയ തലമുറയുടെ നിസ്വാര്‍ത്ഥതയുടെയും ത്യാഗത്തിന്റെയും അനന്തരഫലമാണ്. അവരില്‍ ചിലരാണ്, ജീവിത സായാഹ്നത്തില്‍ മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട് കടവരാന്തകളിലും ആരാധനാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായി ജീവിതം തള്ളി നീക്കുന്നത്.
പരിശുദ്ധ ഇസ്ലാം മറ്റുള്ള സല്‍കര്‍മ്മങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് മാതാപിതാക്കളെ സംരക്ഷിക്കുന്നതിനാണ്. നമ്മെ സ്നേഹം മാത്രം തന്ന് പരിപാലിച്ചു വളര്‍ത്തിയ മാതാപിതാക്കളെ അവരുടെ വാര്‍ദ്ധ്യക്യത്തില്‍ ശുശ്രൂഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാമെത്രത്തോളം പരാചിതരാണ്. മാതാപിതാക്കള്‍ക്കു ചെയ്യേണ്ട കടമകള്‍ മറന്ന് അവരൊരു ഭാരമായി മാറി വൃദ്ധസദനത്തിലേക്കും മറ്റും തള്ളിവിടുന്ന മക്കള്‍ അവരുടെ നാളെ നേരിടേണ്ടി വരുന്ന ഭയാനകതയെ കുറിച്ച് ചിന്തിക്കുന്നേയില്ല. യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ചു വരുന്ന സ്വഹാബികളോട് റസൂല്‍ (സ്വ) പറഞ്ഞിരുന്നത് നിനക്ക് മാതാപിതാക്കളുണ്ടെങ്കില്‍ നീ അവരെ പരിപാലിക്കുക, അവരെ പരിപാലിക്കുന്നതില്‍ വീഴ്ച്ച വരുത്താതിരിക്കുക. അതാണ് നിങ്ങളുടെ ജിഹാദ് എന്നാണ്.
ഇന്ന് പൊതുവില്‍ ഏറിയും കുറഞ്ഞും പലവിധം അവശതകളാല്‍ കഷ്ടപ്പെടുന്നവരാണ് അവര്‍. ഇതിനൊക്കെ പുറമെ ഏതെങ്കിലും തരത്തിലുള്ള വീഴ്ച കാരണം ഓരോ വര്‍ഷവും 65 വയസ്സായവരില്‍ മൂന്നില്‍ ഒന്ന് പേരും, 80 വയസ്സിന് മുകളില്‍ പകുതിയിലേറെ പേരും ആജീവനാന്ത കിടപ്പിലാവുന്നുണ്ട്. ഇത്തരം വീഴ്ചകള്‍ വ്യദ്ധരായ രോഗികളെ മരണത്തിലേക്ക് നയിക്കുകയോ, പരാശ്രയങ്ങളില്ലാതെ ജീവിതം അസാധ്യമാണെന്ന ചിന്താധാരയിലേക്ക് നയിക്കുകയോ ചെയ്യും. ഇവരെയാണ് നാം യാതൊരു മനസാക്ഷിയുമില്ലാതെ പുറമ്പോക്കിലേക്ക് തള്ളിവിടുന്നത്. യഥാര്‍ത്ഥത്തില്‍ വാര്‍ദ്ധക്യം വലിച്ചെറിയപ്പെടേണ്ട മാലിന്യങ്ങളാണോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഇവ അനിവാര്യമായ സത്യമാണ്, എന്നിട്ടുമെന്താണ് ബൗദ്ധികപരമായി ഉന്നത ശ്രേണിയിലെത്തിയ ഈ കാലത്തും നമ്മുടെ മാതാപിതാക്കള്‍ നമുക്ക് പാഴ് വസ്തുക്കളായി മാറിയത്?
കഷ്ടതയനുഭവിച്ച് ജീവിതം തള്ളി നീക്കുന്ന പടുവൃദ്ധരായ നമ്മുടെ മാതാപിതാക്കളെ നാം ഒരു വിലയും നല്‍കാതെ അവഗണിക്കുകയാണെങ്കില്‍ വരും നാളുകളില്‍ ഇന്നത്തെ യുവജന്മങ്ങള്‍ ഊര്‍ജ്ജവും കരുത്തും ചോര്‍ന്ന് പടുവൃദ്ധരാവുമ്പോള് കടത്തിണ്ണയിലും തെരുവിലെ ഓവു ചാലിലും തള്ളിയാല്‍ അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടല്‍ നമുക്ക് ഒരു നിമിഷമെങ്കിലും ചിന്തിക്കാനാവുന്നില്ലെങ്കില്‍ അത് സംഭവിക്കാതിരിക്കാന്‍ നാം മാതൃകകളാവുകയാണു വേണ്ടത്.