പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന ഓരോ മതങ്ങള്‍ക്കും അതിന്റെ ആശയാദര്‍ശങ്ങള്‍ വിവരിക്കാനും അതിലേക്ക് ക്ഷണിക്കാനും അവരുടേതായ ദര്‍ശനങ്ങളും ഗ്രന്ഥങ്ങളുമുണ്ട്. ഇസ്ലാമിന്റെ പ്രമാണമായ ഖുര്‍ആനിനു പകരം വെക്കാന്‍ ഒരു ദര്‍ശനത്തിനും പ്രത്യയശാസ്ത്രത്തിനുമായിട്ടില്ല. കാരണം ഖുര്‍ആന്‍ എന്നത് ഒരു ദൈവിക ഗ്രന്ഥമാണ്. റസൂല്‍ (സ്വ) യുടെ കാലത്ത് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അന്നത്തെ സാഹിത്യസാമ്രാട്ടുകളെ മുഴുവന്‍ വെല്ലുവിളിച്ചിട്ടും അവര്‍ക്കതിന് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല അതിനോട് സമാനമായ ഒരു ആയത്തോ സൂറത്തോ കൊണ്ടുവരാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. നാവുകൊണ്ട് തുടര്‍ച്ചയായി പാരായണം ചെയ്യപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ ‘ഖുര്‍ആന്‍’ എന്ന് വിശേഷിപ്പിക്കുന്നു. 6 ാം നൂറ്റാണ്ടിലെ അജ്ഞതയുടെയും അധര്‍മ്മത്തിന്റെയും ഇടയിലേക്ക് ഖുര്‍ആനിന്റെ സന്ദേശമാണ് അവരില്‍ വിജ്ഞാനത്തിന്റെയും ധാര്‍മിക മൂല്യത്തിന്റെയും വിത്തുകള്‍ മുളപ്പിച്ചത്. ഉമ്മിയ്യായ റസൂലുള്ളാഹി (സ്വ) ക്ക് അവതരിച്ച ഒരു ഗ്രന്ഥമായതിനാല്‍ തന്നെ അത് ദൈവിക ഗ്രന്ഥമാണ് എന്നതില്‍ മറ്റൊരു തെളിവിന്റെ ആവശ്യമില്ല. നബി (സ്വ) യുടെ ജീവിത കാലത്ത് 23 വര്‍ഷം കൊണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായിട്ടാണ് ഖുര്‍ആന്‍ അവതരിച്ചത്. പിന്നീട് അബൂബക്കര്‍ (റ) വിന്റെ കാലത്ത് അതിനെ രണ്ട് ചട്ടകള്‍ക്കുള്ളില്‍ ഒരുമിപ്പിക്കുകയും ഉസ്മാന് (റ) വിന്റെ കാലത്ത് ലിപിയും ഉച്ചാരണവും ഏകീകരിച്ച് മാതൃകാ കോപ്പികള്‍ നിര്‍മിച്ച് ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമന്‍, ബഹ്റൈന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചുകൊടുത്തു. ഖുര്‍ആനുമായുള്ള ബന്ധം കൊണ്ടു മാത്രമേ ഓരോ വ്യക്തിക്കും ദുന്യാവിലും ആഖിറത്തിലും വിജയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഭാഷാ പ്രയോഗങ്ങളുടെ മാസ്മരികതകള്‍ കൊണ്ട് പറഞ്ഞവതരിപ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ അതിസൗന്ദര്യത്തിലും, ദിവ്യഭാവത്തിലും അമാനുഷിക ശൈലിയിലുമാണ് ഖുര്‍ആന്‍ അവതരിച്ചത്.
ഖുര്‍ആനിനെ അതിന്റെ രൂപത്തിലും ഭാവത്തിലും ബഹുമാനിക്കുകയും അതിന്റെ പാരായണത്തെ വര്‍ധിപ്പിക്കുകയും വേണം. അത് പ്രതിഫലമുള്ള കാര്യമാണ്. ഓരോ കാലഘട്ടത്തിലെയും നബിമാര്‍ക്ക് കാലത്തിനനുസരിച്ച മുഅ്ജിസത്ത് നല്‍കിയിട്ടുണ്ട്. മുത്ത് നബിക്ക് നല്കിയ മുഅ്ജിസത്താണ് ഖുര്‍ആന്‍. പലരും ഖുര്‍ആനിനെ കടയില്‍ നിന്ന് വാങ്ങുന്ന ചരക്കിനെ കൊണ്ടുവരും പോലെ അവന്റെ അരക്ക് താഴെ തൂക്കിപിടിച്ചാണ് കൊണ്ടുനടക്കുന്നത്. അത് ഒഴിവാക്കപ്പെടേണ്ട കാര്യമാണ്. ഖുര്‍ആനിനെ നെഞ്ചോട് ചേര്‍ത്ത് വളരെ ബഹുമാനത്തോടെ നാം പിടിക്കണം. അല്ലാതിരുന്നാല്‍ ഖുര്‍ആന്‍ നമ്മെ ശപിക്കും. ഖുര്‍ആനിനെ അതിനെ അവതരിപ്പിച്ചതായ രൂപത്തില്‍ ഓതുകയും ചെയ്യണം. ഖുര്‍ആന്‍ പഠിക്കലും പഠിപ്പിക്കലും വളരെ മഹത്വമേറിയ കാര്യമാണ്. നബി(സ്വ) പറയുന്നു: നിങ്ങളില്‍ മഹോന്നതന്‍ ഖുര്‍ആനിനെ പഠിക്കുന്നവനും അതിനെ പഠിപ്പിക്കുന്നവനുമാണ്. ഖുര്‍ആന്‍ ഓതലും അത് കേള്‍ക്കലും വളരെ പ്രതിഫലമുള്ള കാര്യമാണ്. മാനസികവും ശാരീരികവുമായ ഏതു രോഗത്തിനും ശിഫക്കായി ഖുര്‍ആനിനെ അവലംബിക്കാവുന്നതാണ്. നബി(സ്വ) തങ്ങള്‍ക്ക് ഒരു മാനസിക പ്രതിസന്ധി നേരിട്ടാല്‍ ഉടനെ ഖുര്‍ആന്‍ ഓതുമായിരുന്നു. ചില സമയങ്ങളിലും ദിവസങ്ങളിലും മാസങ്ങളിലും ഖുര്‍ആന്‍ പാരായണം വളരെ പ്രതിഫലമര്‍ഹിക്കുന്നതാണ്. സുബ്ഹിയുടെ ശേഷം, ഇശാഅ്- മഗ്രിബിനിടയില്, റമളാന്‍ മാസം എന്നിവ ഖുര്‍ആന്‍ ഓതല്‍ ഏറെ പ്രതിഫലമര്‍ഹിക്കുന്ന സമയങ്ങളാണ്. നബി(സ്വ) പറയുന്നു: രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ പാടില്ല. അതായത് ഒരാള്‍ക്ക് ഖുര്‍ആനിനെ കുറിച്ചുള്ള അറിവ് കൊടുത്തു അവന് രാപ്പകലുകള്‍ മുഴുവനായി അതിനെ ജീവിതത്തില്‍ മുറുകെ പിടിക്കുകയും പാരായണം ചെയ്യുകയും ചെയ്തു. അത്പോലെ ഒരാള്‍ അദ്ദേഹത്തിന് ധരാളം പണം കൊടുക്കുകയും അതിനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കുകയും ചെയ്തു. അവരെപ്പോലെയാവാന്‍ കൊതിക്കുന്നത് കുറ്റകരമല്ല. ഖുര്‍ആനിനെ പഠിക്കുകയും അതിനെ ജീവിതത്തിലുടനീളം പകര്‍ത്തുകയും ചെയ്താല്‍ അവന് ദുന്യാവിലും ആഖിറത്തിലും വിജയിക്കാന്‍ സാധിക്കും.
പണ്ടുകാലങ്ങളിലൊക്കെ നാട്ടിന് പുറത്തെ ഓരോ വീടകങ്ങളില്‍ നിന്നും ഖുര്‍ആനിന്റെയും മറ്റു ദിക്റുകളുടെയും സ്വരങ്ങള്‍ കേള്‍ക്കാമായിരുന്നു. നിസ്കാര കുപ്പായത്തില്‍ നിന്ന് എണീക്കാതെ കണ്ണീരൊഴിക്കുന്ന ഉമ്മമാര് പഴയ കാലത്തിന്റെ പ്രതാപമായിരുന്നു. ആ വീടുകളിലൊന്നും അസുഖങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. അന്നത്തെ വല്ല്യുമ്മമാര് വെള്ളം മന്ത്രിച്ച് ശിഫയാക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആധുനിക യുഗത്തില്‍ വീടകങ്ങളില്‍ നിന്ന് പുറത്ത് വരുന്നത് കൂട്ടക്കരച്ചിലുകളും അഹ്ലാദ പ്രകടനങ്ങളുമാണ്. സീരിയലുകളിലും മറ്റു വിനോദങ്ങളിലും അവര്‍ ആനന്ദം കൊള്ളുകയാണ്. അത്കൊണ്ട് തന്നെ ഇന്ന് വീടുകളില്‍ നിന്ന് ബറകത്തും റഹ്മത്തും എടുത്തു കളയുകയും വഴക്കുകളും രോഗങ്ങളും നിത്യ സംഭവങ്ങളുമായി മാറുകയും ചെയ്തിരിക്കുന്നു. അതില്‍ നിന്നെല്ലാം മുക്തി നേടാന്‍ ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിച്ചാല്‍ മതി.
നബി(സ്വ) പറയുന്നു: ‘ഖുര്‍ആന്‍ ഓതുന്ന മുഅ്മിനിന്റെ ഉദാഹരണം വാസനയും രുചിയുമുള്ള മാതള നാരങ്ങ പോലെയാണ്. ഖുര്‍ആന്‍ ഓതാത്ത മുഅ്മിനിന്റെ ഉദാഹരണം മണമില്ലാത്ത രുചിയുള്ള ഒരു കാരക്കയെ പോലെയാണ്. ഖുര്‍ആന്‍ ഓതാത്ത മുനാഫിഖിന്റെ ഉദാഹരണം കൈപ്പുള്ള രുചിയും വാസനയുമില്ലാത്ത ആട്ടങ്ങയെ പോലെയാണ്. ഖുര്‍ആന്‍ ഓതുന്ന മുനാഫിഖിന്റെ ഉദാഹരണം വാസന നല്ലതായ കൈപ്പുള്ള തുളസിയെ പോലെയാണ്.’ അതായത് ഒരാള്‍ ഖുര്‍ആന്‍ പാരായണത്തെ വര്‍ധിപ്പിച്ചാല്‍ അവന്റെ മാനസികവും ശാരീരികവുമായ പുരോഗതിക്ക് കാരണമാവുന്നതാണ്. അത്കൊണ്ട് തന്നെ നമ്മുടെ വീടുകളെ നാം പഴമയിലേക്ക് മടക്കാന്‍ ശ്രമിക്കണം. അതിന് പാകമായ റമളാന്‍ മാസമാണ് നമ്മിലേക്ക് കടന്നുവരുന്നത്. സുന്നത്തിന് ഫര്‍ളിന്റെ കൂലിയും ഒരു ഫര്‍ളിന് എഴുപത് ഫര്‍ളിന്റെ കൂലിയുമാണ് ലഭിക്കുന്നത്. ധാരാളം ഖത്മുകള്‍ നാം ഓതിത്തീര്‍ക്കണം. നമ്മുടെ ഇമാമീങ്ങളെല്ലാം ധാരാളം ഖത്മുകള്‍ ഓതിത്തീര്ക്കുന്നവരായിരുന്നു. ശാഫിഈ ഇമാം റമളാനില്‍ ദിവസവും രണ്ട് വീതം ഖത്മ് തീര്‍ക്കുമായിരുന്നു. പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു ഹര്‍ഫ് ഓതിയാല്‍ അതിന് 10 കൂലി ലഭിക്കുന്നതാണ്. എന്നാല്‍ അത് റമളാനിലാണെങ്കില്‍ അതിനേക്കാള്‍ ഇരട്ടി പ്രതിഫലം ലഭിക്കും. ധാരാളമായി ഖുര്‍ആനിനെ ഓതുന്നവന് വേണ്ടി ആഖിറത്തില്‍ സാക്ഷി പറയുകയും അതുമുഖേന സ്വര്‍ഗത്തിലേക്കുള്ള വഴി അവന് എളുപ്പമാവുകയും ചെയ്യും.
ഖുര്‍ആന്‍ ഓതുമ്പോള്‍ അതിന്റെ പാരായണ രീതി നാം വളരെയധികം ശ്രദ്ധിക്കണം. അത് ശ്രദ്ധിക്കാതെ ധാരാളമായി ഓതിയാല്‍ അവനെ ഖുര്‍ആന്‍ ശപിക്കുമെന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ കൂടുതല്‍ ഓതുന്നതിനേക്കാള്‍ മഹത്വം അല്പം തജ്വീദനുസരിച്ച് ഓതലാണ്. ഖുര്‍ആന്‍ ഓതുന്നതിനും അതിന്റെ പാരായണ രീതി പഠിക്കുന്നതിനും വളരെ വലിയ കൂലിയാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. ബഹുമാനപ്പെട്ട ഹുസൈദ് ബ്നു ഹുളൈര്‍(റ) രാത്രിയില്‍ സൂറത്തുല്‍ ബഖറ ഓതിക്കൊണ്ടിരിക്കുമ്പോള്‍ തന്റെ മുറ്റത്ത് കെട്ടിയിരിക്കുന്ന കുതിരക്ക് മുകളില്‍ ഒരു പ്രകാശം കാണാനിടയായി. നബി (സ്വ) യോട് ഈ കാര്യം സൂചിപ്പിച്ചപ്പോള്‍ നബി (സ്വ) പറഞ്ഞു: അത് നിന്റെ ഖുര്‍ആന്‍ പാരായണം കേട്ട് ആകാശത്ത് നിന്ന് ഇറങ്ങിവരുന്ന റഹ്മത്തിന്റെ മലക്കുകളായിരുന്നു. അത്കൊണ്ട് തന്നെ നമ്മുടെ വീടുകളെ ശ്മശാനമാക്കി മാറ്റരുത്. ഈ റമളാനില്‍ ഖുര്‍ആനിനെ അതിന്റെ യഥാര്‍ത്ഥ പാരായണ രീതിയില്‍ പാരായണം ചെയ്ത് ചുരുങ്ങിയത് രണ്ട് ഖത്മുകളെങ്കിലും തീര്‍ക്കാന്‍ നാം ശ്രമിക്കണം. പാരായണ രീതി അറിയാത്തവര്‍ അതിനെ പഠിക്കാന്‍ ശ്രമിക്കുകയും വേണം. ഈ റമളാനില്‍ നാം നമ്മുടെ ഖല്ബുകളിലെ അഴുക്കുകളെ ഖുര്‍ആന്‍ പാരായണം കൊണ്ട് കഴുകിക്കളയണം.