2016 OCT NOV അനുസ്മരണം ആത്മിയം ചരിത്ര വായന മതം വായന

കര്‍ബല; ചരിത്രം കരഞ്ഞ നിമിഷങ്ങള്‍

കര്‍ബല, ബഗ്ദാദില്‍ നിന്ന് ഏകദേശം 100 കി.മി തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇറാഖിലെ പട്ടണമാണ്. 9,70,000 ജനസംഖ്യയുള്ള കര്‍ബല ഇന്ന് ശിയാക്കളുടെ പ്രധാന കേന്ദ്രമാണ്. അഉ 680 ല്‍ നടന്ന ഹീനമായ യുദ്ധത്തോടെയാണ് കര്‍ബല ലോകത്തിനു മുന്നില്‍ അറിയപ്പെട്ടത്.
നാലു ഖലീഫമാര്‍ക്കു ശേഷം ഇസ്ലാമിക ഭരണത്തിനു നേതൃത്വം നല്‍കിയത് ഉമവി ഭരണ കൂടമായിരുന്നു. അധികാരത്തിലിരിക്കാന്‍ തീരെ താല്‍പര്യപ്പെടാതിരുന്ന ഹസന്‍(റ) മുആവിയ(റ) വിന് അധികാരം കൈമാറുകയാണ് ചെയ്തത്. എന്നാല്‍ മുആവിയ(റ) വിന് ശേഷം തന്‍റെ മകന്‍ യസീദ് ധാര്‍ഷ്ഠ്യത്തോടെ അധികാരമേറ്റെടുത്തതോടെ ഇസ്ലാമിക ഭരണവ്യവസ്ഥ സ്വോഛാതധിപത്യലേക്കു മാറിപ്പോകുമോയെന്ന് പലരും ഭയന്നു. അന്നത്തെ സ്വഹാബികളില്‍ പ്രമുഖരായിരുന്ന അബ്ദുല്ലാഹിബിനു സുബൈര്‍, ഹുസൈന്‍(റ) തുടങ്ങിയവര്‍ യസീദിനെ ഭരണാധികാരിയായി ബൈഅത്ത് ചെയ്യാന്‍ താല്‍പര്യപ്പെട്ടില്ല. യസീദിന്‍റെ ക്രൂരതകള്‍ ഭയന്ന് ജനങ്ങള്‍ അദ്ദേഹത്തിന് വഴിപ്പെടുന്ന കാഴ്ചക്കായിരുന്നു ലോകം ദൃക്സാക്ഷിയായത്.
ജമല്‍,സ്വിഫീന്‍, ഖവാരിജുകള്‍ക്കെതിരെയുള്ള യുദ്ധങ്ങളിലെല്ലാം പിതാവ് അലി(റ) വിനൊപ്പം സജീവമായി പങ്കെടുത്ത ഹുസൈന്‍(റ)യസീദിനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കാരണം ദീനിനേക്കാളും പ്രാധാന്യം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നയാളായിരുന്നു യസീദ്. അങ്ങനെ മുത്തുനബിയുടെ മദീനയോട് വിടചോദിച്ച് അദ്ദേഹം മക്കയിലേക്ക് യാത്രയായി. മക്കയില്‍ അബ്ദുല്ലാഹിബിനു അബ്ബാസ്(റ) വിന്‍റെ വീട്ടിലാണ് മഹാനവര്‍കള്‍ താമസിച്ചത്. അതേ സമയം യസീദ് ജനങ്ങളെ തന്‍റെ വരുതിയിലാക്കാനുള്ള കഠിന ശ്രമങ്ങള്‍ നടത്തിത്തുടങ്ങി. തന്‍റെ ഭരണത്തെ അംഗീകരിക്കാത്തവരെ തടവിലാക്കാന്‍ ഗവര്‍ണര്‍ വലീദുബ്നു ഉത്ബത്തിനെ അധികാരപ്പെടുത്തി. അക്രമങ്ങളില്‍ സഹികെട്ട കൂഫക്കാര്‍ ഒടുവില്‍ ഹുസൈന്‍(റ) വിനെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു. മക്കയിലായിരുന്ന ഹുസൈന്‍(റ)വിനെ തേടി 150 ഓളം കത്തുകള്‍ കൂഫയില്‍ നിന്നും എത്തി. ഇസ്ലാം ദീനിനെ സ്വേഛാധിപതികളുടെ കൈയ്യില്‍ നിന്ന് സംരക്ഷിക്കല്‍ എന്തുകൊണ്ടും അനിവാര്യമാണെന്ന ചിന്ത ഹുസൈന്‍ (റ)വിനെ വല്ലാതെ അലട്ടിയിരുന്നു. കൂഫക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഹുസൈന്‍(റ) തിരിച്ചു ചെല്ലാന്‍ തന്നെ തീരുമാനിച്ചു. കൂഫക്കാരെ വിശ്വാസമില്ലാതിരുന്ന പലരും ഹുസൈന്‍(റ) നെ പോകുന്നതില്‍ നിന്നും വിലക്കി. കത്തുകള്‍ പിന്നെയും വന്നപ്പോള്‍ കൂഫയിലെ സ്ഥിതിഗതികള്‍ അന്വേഷിക്കാനായി തന്‍റെ എളാപ്പയുടെ പുത്രന്‍ മുസ്ലിമുബ്നു ഉഖൈല്‍(റ) വിനെ ഹുസൈന്‍(റ) പറഞ്ഞയച്ചു.
കൂഫയിലെത്തിച്ചേര്‍ന്ന മുസ്ലിം(റ) വിനെ ജനങ്ങള്‍ സന്തോഷപൂര്‍വ്വം എതിരേറ്റു. 18,000 വരുന്ന ജനത സഹായത്തിനു സന്നദ്ധരെന്നറിയിച്ച് മുസ്ലിം(റ) വുമായി ബൈഅത് ചെയ്തു. കൂഫയിലെ നല്ല സ്ഥിതി വിശേഷങ്ങള്‍ അറിയിച്ച് മുസ്ലിം(റ) ഹുസൈന്‍(റ) വിനോട് ധൈര്യമായി വരാന്‍ പറഞ്ഞ് കത്തയച്ചു. മുസ്ലിം(റ) കൂഫയിലെത്തിയ വിവരം യസീദിന്‍റെ കാതിലുമെത്തി. തനിക്കെതിരെയുള്ള നീക്കത്തിന്‍റെ മുന്നൊരുക്കമാണെന്ന് യസീദ് മനസ്സിലാക്കുകയും കൂഫയുടെ ഗവര്‍ണറായിരുന്ന നുഅ്മാനുബ്നു ബഷീറിനെ സ്ഥാന ഭ്രഷ്ടനാക്കി പകരം ഉബൈദുല്ലാഹി ബ്നു സിയാദിനെ അമീറാക്കി നിശ്ചയിച്ചു. അക്രമങ്ങളോട് എതിരു നില്‍ക്കുന്നയാളായിരുന്നു നുഅ്മാന്‍. കൂഫ, മിസ്വര്‍ പട്ടണങ്ങളുടെ അധികാരിയായി ഉബൈദുല്ല മാറി. ഭരണമേറ്റെടുത്തതോടെ യസീദിന്‍റെ കല്‍പനകള്‍ നിറവേറ്റാന്‍ തുടങ്ങിയ ഉബൈദുല്ല ആരേയും വെറുതെ വിട്ടില്ല. യസീദിന്‍റെ പ്രവര്‍ത്തനങ്ങളേക്കാളും നീചമായിരുന്നു ഉബൈദുല്ലയുടെ ചെയ്തികള്‍. ജീവനില്‍ കൊതിയുള്ള കൂഫക്കാര്‍ കരാറുകള്‍ ലംഘിച്ചു. മുസ്ലിം(റ) വിനെ അവര്‍ കൈവിട്ടു. അദ്ദേഹവുമായി സംസാരിക്കാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. ഹുസൈന്‍(റ) വിന് അഭയം നല്‍കിയ ഹാനിഅ് ബ്നു ഉര്‍വയെ ജയിലിലടച്ചു. മുസ്ലിം(റ) ഇബ്നു സിയാദിന്‍റെ കൊട്ടാരത്തില്‍ ചെന്നെങ്കിലും അദ്ദേഹത്തോട് സംസാരിക്കരുതെന്ന ഇബ്നു സിയാദിന്‍റെ കല്‍പന പ്രകാരം ആരും സഹായത്തിനെത്തിയില്ല. പുതിയ സംഭവവികാസങ്ങളെ അറിയിക്കാനും കഴിഞ്ഞില്ല. മഹാന്‍ എഴുതിയ കത്ത് ലഭിച്ചയുടനെ ഹുസൈന്‍(റ) കുടുംബ സമേതം കൂഫയിലേക്ക് ദുല്‍ഹിജ്ജ 8 ന് പുറപ്പെട്ടു. പുറപ്പെടാനൊരുങ്ങിയ ഹുസൈന്‍(റ) വിന് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) മുന്നറിയിപ്പു നല്‍കി. നിങ്ങള്‍ ഒറ്റക്കു പോയാല്‍ മതി. ഉസ്മാന്‍(റ) കൊല്ലപ്പെട്ടപോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ച് നിങ്ങളും കൊല്ലപ്പെടുമോയെന്ന് ഞാന്‍ ഭയക്കുന്നു. ദീനുല്‍ ഇസ്ലാമിന്‍റെ സംരക്ഷണം ലക്ഷ്യം വെച്ച മഹാന്‍ ആ മുന്നറിയിപ്പുകളെയെല്ലാം ചിരിച്ചു തള്ളി. ‘കൂഫക്കാരുടെ ഹൃദയങ്ങള്‍ മാത്രമേ നിങ്ങള്‍ക്കൊപ്പമുള്ളൂ, ബനൂ ഉമയ്യത്തിന്‍റെ കൈയ്യിലാണ് ആയുധങ്ങളെല്ലാം’ എന്ന് കവി ഫറസ്ദഖ് പറഞ്ഞത് വരും ഭയാനകതയെ മുന്‍കൂട്ടി അറിഞ്ഞതു കൊണ്ടായിരിക്കണം.
മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ സഅ്ലബിയ്യയിലെത്തിയപ്പോഴാണ് മുസ്ലിം(റ) വധിക്കപ്പെട്ടതറിയുന്നത്. കൂഫയിലേക്ക് വരരുതെന്ന വസിയ്യതും അന്നാണ് ഹുസൈന്‍(റ) അറിയുന്നത്. ശര്‍റാഫ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഹുര്‍റുബ്നു യസീദിന്‍റെ നേതൃത്വത്തില്‍ 1,000 അംഗങ്ങളുള്ള സൈന്യം മഹാനെ വളഞ്ഞു ചോദ്യം ചെയ്തു. കൂഫക്കാര്‍ വരാന്‍ പറഞ്ഞതനുസരിച്ചാണ് വന്നതെന്ന് അറിയിച്ചു. മദീനയലേക്കു അവരെ കടത്തിവിടാന്‍ ഹുര്‍റ് അനുവദിച്ചില്ല. വടക്ക് ഭാഗത്തേക്ക് നൈനവയിലാണ് ആ ചെറുസംഘം എത്തിച്ചേര്‍ന്നത്. അവിടെ വെച്ച് ഉമറുബ്നു സഅദിന്‍റെ നേതൃത്വത്തിലുള്ള 4,000 വരുന്ന സൈന്യം തിരുനബി കുടുംബത്തെ തടഞ്ഞു നിര്‍ത്തി. ഉബൈദുല്ല അയച്ച സംഘമായിരുന്നു അത്. യസീദിനെ ബൈഅത് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഹുസൈന്‍(റ) തയ്യാറാകാത്തതിനാല്‍ യുദ്ധത്തിനു കളമൊരുങ്ങുകയായിരുന്നു പിന്നീട്. ഹിജ്റ 61 മുഹര്‍റം 10 വെള്ളിയാഴ്ച (അഉ 680 ഒക്ടോബര്‍ 10) കര്‍ബലയില്‍ ഇരു വിഭാഗവും ഏറ്റു മുട്ടി. സ്ത്രീകളും കുട്ടികളുമടക്കം 72 പേരുള്ള ആ ചെറു സംഘത്തോട് ഏറ്റുമുട്ടാന്‍ വന്‍ സന്നാഹം തന്നെയായിരുന്നു ഒരുക്കിയിരുന്നത്. മുഹര്‍റം 7 ന് കര്‍ബലയില്‍ എത്തിച്ചേര്‍ന്ന ആ ചെറുസംഘത്തിന് ഒരു തുള്ളി വെള്ളം പോലും നല്‍കാന്‍ ഇബ്നു സിയാദ് തയ്യാറായില്ല. കഠിനമായ ദാഹത്താല്‍ കുട്ടികള്‍ കരയാന്‍ തുടങ്ങി. സഹിക്ക വയ്യാതെ ഹുസൈന്‍(റ) വിന്‍റെ പുത്രന്‍ അലി അക്ബര്‍ ആ വന്‍ സൈന്യത്തിനു നേരെ കുതിച്ചു. പതിനേഴുകാനായ അലി നൂറു പേരെ കൊന്നു. പക്ഷേ, മര്‍റ ബിന്‍ മന്‍മഖാസിന്‍റെ പിറകില്‍ നിന്നുള്ള കുന്തം കൊണ്ടുള്ള ഏറില്‍ കര്‍ബലയിലെ ആദ്യ രക്തസാക്ഷിയായി.
ഹുസൈന്‍(റ) വിന്‍റെ ആറുമാസം മാത്രം പ്രായമായ കുഞ്ഞ് അലി അസ്ഗര്‍ ദാഹിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് ഹുസൈന്‍(റ) യൂഫ്രട്ടീസ് നദിക്കരയിലേക്കു നടന്നു. കുഞ്ഞിനെ പൊക്കികാണിച്ച് വെള്ളമെടുക്കാന്‍ അനുവാദം ചോദിച്ചു. ഹുര്‍മില ബിന്‍ കാഹില്‍ ആ കുഞ്ഞിനു നേരെ അമ്പെയ്തു. ആ പിഞ്ചു കുഞ്ഞും ശഹീദായി. കരയുന്ന കണ്ണുകളോടെ രണ്ട് കുഞ്ഞുങ്ങളെയും മറമാടി.
ഹുസൈന്‍(റ) വിന്‍റെ സംഘത്തില്‍ നിന്നും ജഅ്ഫറുബ്നു അഖീല്‍, അബ്ദുറഹ്മാനുബ്നു അഖീല്‍, ഇമാം ഹസനുല്‍ മുസന്ന തുടങ്ങിയവരും ശഹീദായി. അവസാനം ഹുസൈന്‍(റ) പോരാട്ടത്തിനിറങ്ങി. പോരാടിക്കൊണ്ടിരിക്കെ വെള്ളത്തിനു ദാഹിച്ചു യൂഫ്രട്ടീസിനടുത്തേക്ക് കുതിച്ചു. വെള്ളം കുടിക്കാന്‍ വായ തുറന്നപ്പോള്‍ ഒരമ്പ് പാഞ്ഞു വന്ന് വായില്‍ തറച്ചു. ഒന്നിനു പിറകെ ഒന്നായി അമ്പുകള്‍ തിരുശരീരത്തില്‍ പതിച്ചുകൊണ്ടിരുന്നു. അവസാനം ഒരമ്പ് വന്ന് മുത്തു നബിയുടെ പരിശുദ്ധ അധരങ്ങള്‍ പതിഞ്ഞ ആ പുണ്യ ശിരസ്സില്‍ തറച്ചു. അസര്‍ നിസ്കാരത്തിന്‍റെ സമയമായിരുന്നു അത്. നിസ്ക്കരിക്കാന്‍ അനുമതി തരണമെന്ന് അപേക്ഷിച്ചു. സുജൂദിലായിരിക്കെ സിനാന്‍ ബിന്‍ അനസ് ഹുസൈന്‍(റ) വിനെ വധിച്ചു. ‘ഇന്നാലില്ലാഹ്…’ ശഹീദാകുമ്പോള്‍ 56 വയസ്സായിരുന്നു മഹാനവര്‍കളുടെ പ്രായം. കുന്തം കൊണ്ട് 33 മുറിവുകളും വാളുകള്‍ കൊണ്ടുള്ള വെട്ടേറ്റ് 24 മുറിവുകളും ആ ശരീരത്തിലുണ്ടായിരുന്നു. ശിരസ്സറുത്ത് സിറിയയിലെ ദിമിഷ്കിലെ പല പ്രദേശങ്ങളിലും പ്രദര്‍ശിപ്പിച്ച് ശത്രുക്കള്‍ ആഹ്ലാദ നൃത്തം ചവിട്ടി. കര്‍ബലയില്‍ വെച്ച് തന്‍റെ പേരമകന്‍ ഹുസൈന്‍(റ) കൊല്ലപ്പെടുമെന്ന മുത്തുനബിയുടെ പ്രവചനം പുലരുകയായിരുന്നു അന്നവിടെ!
ഉബൈദുല്ലാഹിബ്നു സിയാദിന്‍റെ ക്രൂരമായ ചെയ്തികളില്‍ യസീദ് പിന്നീട് ഖേദം പ്രകടിപ്പിച്ചതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. യസീദ് ഹുസൈന്‍(റ) വിന്‍റെ തല മദീനയിലേക്ക് കൊടുത്തയച്ചു. ജന്നത്തുല്‍ ബഖീഇല്‍ ഉമ്മ ഫാത്വിമാ ബീവക്കരികിലാണ് മറമാടിയത്. ശിരസ്സില്ലാത്ത ശരീരം കര്‍ബലയിലെ നദിക്കരികിലും മറവു ചെയ്തു. കര്‍ബല സംഭവത്തിന്‍റെ ഓര്‍മ പുതുക്കി മുഹര്‍റം 10 ന് ഇന്നും ശരീരത്തില്‍ മുറിവുണ്ടാക്കി രക്തമൊലിപ്പിച്ച് ശിയാക്കള്‍ പല അനാചാരങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.

ഉനൈസ് മൂര്‍ക്കനാട്
tonnalukal.blogspot.com

Leave a Reply

Your email address will not be published. Required fields are marked *