ഇരുലോകത്തിനും അനുഗ്രഹമായിട്ടാണ് മുത്ത്നബിയെ നിയോഗിക്കപ്പെട്ടത്. തിരുനബിയുടെ ജീവിതവും, സ്വഭാവമഹിമയും മാതൃകായോഗ്യമാണ്. . തിരുനബിയുടെ ജനനം തന്നെ അത്യതികം അത്ഭുതവും കൗതുകവും നിറഞ്ഞതായിരുന്നു. .റബീഉല്‍ അവ്വല്‍ പത്രണ്ടിന് സുബ്ഹിയോടടുത്ത സമയത്ത് ആമിനാബീവി (റ) എന്നും സ്വപ്നത്തില്‍ താലോലിച്ച ആ കുഞ്ഞ് ലോകത്തിലേക്ക് പിറവിയെടുത്തു. അബ്ദു റഹ്മാനു ഔഫ് (റ) വിന്റെ മാതാവ് ശിഫാ എന്നവര്‍ പൂമേനിയുടെ ശരീരം ആമിനാ ബീവി (റ)യില്‍ നിന്നും ഏറ്റുവാങ്ങി. ആമിനാ ബീവി (റ) പറയുന്നു. പ്രസവിച്ച ഉടനെതന്നെ കുഞ്ഞ് സുജൂത് ചൈതതായും, പൊക്കിള്‍ ക്കൊടി ചേദിക്കപ്പെട്ടതായും, ദേഹത്തില്‍ എണ്ണപ്പുരട്ടപ്പെട്ടതായും, കണ്ണില്‍ സുറുമ ഇടപ്പെട്ടതായും, കുഞ്ഞില്‍ നിന്ന് സുഗന്ധം വമിക്കുന്നതായുംഞാന് കണ്ടു.ഏറെ സന്തോഷത്തോടെയാണ് അബ്ദുല്‍ മുത്ത്വലിബ് തിരുനബിയുടെ ജന്മവാര്ത്തയെ സ്വീകരിച്ചത്. യൗവ്വനാരംഭത്തില്‍ തന്നെ ലോകത്തോട് വിടപറഞ്ഞ അബ്ദുല്ലയുടെ മരണത്തില്‍ ദു:ഖിച്ചരിക്കുമ്പോഴാണ് തിരുപിറവിയുടെ വാര്‍ത്ത അബ്ദുല്‍ മുത്ത്വലിബിന്റെ കാതില്‍ എത്തുന്നത്. വിവരം അറിഞ്ഞ ഉടനെ അബ്ദുല്‍ മുത്തലിബ് വീട്ടില്‍ വരികയും കുഞ്ഞിനെ കഅ്ബയില്‍ കൊണ്ടുപോയി പ്രാര്‍ത്ഥിക്കുകയും ഏഴാം ദിവസം ഖുറൈശികളെ വിളിച്ച് സദ്യ ഒരുക്കുകയും ചെയ്തു.
സദ്യകഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ പേര് അന്യോഷിച്ചവരോട് മുഹമ്മദ് എന്ന് മറുപടിനല്കി. മക്കയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഈ പേരിന്റെ രഹസ്യം അറിയാന്‍ അവിടെ കൂടിയിരുന്നവര്്ക്ക് കൗതുകമായി. അബ്ദുല്‍ മുത്തലിബ് പറഞ്ഞു. എന്റെ പുത്രന് ലോകത്ത് മുഴുവന്‍ പ്രശംസിക്കപ്പൊട്ടവനായി മാറണം എന്ന് ഞാന്‍ ആശിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവിക പ്രേരണയുടെ അടിസ്ഥാനത്തിലായിരുന്നു കുഞ്ഞിന് ഈ പേര് അബ്ദുല്‍ മുത്തലിബ് നല്‍കിയത്. തിരുപിറവിയുടെ മുമ്പ് അബ്ദുല്മുത്തലിബ് ഒരിക്കല്‍ ഒരുസ്വപ്നം കണ്ടു. തന്റെ മുതുകില്‍ നിന്നു നീളമുള്ള ഒരു ചങ്ങല പുറപ്പെടുന്നു. അതിന്റെ ഒരറ്റം ഭൂമിയിലും മറ്റേ അറ്റം ആകാശത്തുമാണ്. പിന്നീട് അതിന്റെ ഒരുതല ഉദയസ്ഥാനത്തും മറ്റേതല അസ്ഥമയസ്ഥാനത്തുമാണ്.ശേഷം അതൊരു പടു വൃക്ഷമായി. അതില്‍ പ്രകാശം സ്ഫുരിക്കുന്ന ധാരാളം ഇലകള്‍ ഉണ്ട്. ഇതില്‍ ജനങ്ങള്‍ എല്ലാവരും വന്ന് പിടിക്കുന്നു. ഈ സ്വപ്നത്തെ കുറിച്ച് അബ്ദുല്‍ മുത്ത്വലിബ് ജോത്സ്യന്മാരോട് ആരാഞ്ഞു. അവര്‍ പറഞ്ഞു. താങ്കളുടെ പരമ്പരയില്‍ നിന്ന് ഒരു കുഞ്ഞ് ജനിക്കാനിരിക്കുന്നുണ്ട്. കിഴക്കുള്ളവരും പടിഞ്ഞാറുള്ളവരും എല്ലാവരും ആ കുഞ്ഞിനെ സ്തുതിക്കും (അല്‍ ഇഖ്തിഫാഅ് 1/168). ആമിനാബീവി (റ) വിനും ഇത് പോലെ സ്വപ്ന നിര്‍ദേശം ലഭിച്ചിരുന്നു.
ഹലീമത്തു സഅദിയ്യയുടെ സംരക്ഷണത്തില്‍
മുത്ത് നബി (സ്വ) യെ കൂടുതല്‍ അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച മഹതിയാണ് ബീവി ഹലീമാ(റ) ഏകദേശം നാല് മാസം കഴിഞ്ഞപ്പോള്‍ ആണ് പുണ്യപൂമേനി ഹലീമ(റ)യില്‍ എത്തുന്നത്. കുഞ്ഞ് ജനിച്ച് ഒമ്പത് ദിവസം മുതല്‍ക്ക് മുല കുടിപ്പിക്കാന്‍ ധാത്രിമാരെ ഏല്‍പ്പിക്കുന്നത് അറബ് സമൂഹത്തിന്റെ പതിവ് സമ്പ്രദായമാണ്. തിരുനബി (സ്വ) തങ്ങളെയും ഇങ്ങനെ ഏല്‍പ്പിക്കുകയായിരുന്നു. ചിലര്‍ ഇതിനെ ഒരു തൊഴില്‍ ആയി കാണുന്നവരായിരുന്നു. മുലകൊടുക്കാന്‍ ഉള്ള കുട്ടികളെ അന്വേഷിച്ച് മക്കയില്‍ വന്ന സംഘത്തിലെ ഒരാളായിരുന്നു ഹലീമ(റ). ഹലീമയുടെ ഭര്‍ത്താവും മക്കളും കൂടെ ഉണ്ടായിരുന്നു. അന്വേഷിച്ചു നടക്കുന്നതിനിടെ ഹലീമ(റ) വിനെ അബ്ദുല്‍ മുത്ത്വലിബ് കാണാനിടയായി. മുത്ത്വലിബ് ചോദിച്ചു. നീ ആരാണ്?. ഹലീമ പറഞ്ഞു. ഞാന്‍ സഅദ് ഗോത്രക്കാരിയാണ്. ഹലീമ എന്നാണ് പേര്. എന്റെ കയ്യില്‍ ഒരു യത്തീം കുട്ടിയുണ്ട്. അതിനെ നിനക്ക് പോറ്റാന്‍ കഴിയുമോ?. പിതാവില്ലാത്ത കുട്ടികളെ അന്ന് ആരും തൃപ്തിപ്പെട്ടിരുന്നില്ല.
ഹലീമ (റ) പറയുന്നു. ഞാന്‍ ആദ്യം മടിച്ചെങ്കിലും ഭര്‍ത്താവില്‍ നിന്ന് സമ്മദം ചോദിച്ചുവാങ്ങി കുട്ടിയെ സ്വീകരിക്കാനായി ആമിനാ ബീവി(റ) വിന്റെ വീട്ടില്‍ പോയി. കുഞ്ഞിനെ വാരിയെടുത്ത് എന്റെ തമ്പില്‍ കൊണ്ടുവന്നു. തമ്പില്‍ എത്തിയ ഉടനെ എന്റെ വലത്തെ മുല കുഞ്ഞിന് നല്കി. അല്പ സമയത്തിനകം എന്റെ ഇടത്തെ മുല കുഞ്ഞിന് നല്കി. പക്ഷേ കുഞ്ഞ് ഇടത്തെ മുല കുടിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് വലത്തെ മുല മാത്രമേ ഞാന്‍ കുഞ്ഞിന് നല്‍കാറുള്ളൂ. അതാകട്ടെ ഒരുക്ഷാമ കാലമായിരുന്നു. മനുഷ്യരെയും മൃഗങ്ങളെയും ആ ക്ഷാമം വല്ലാതെ ഉലച്ചിരുന്നു. ക്ഷാമം കാരണം മുലപ്പാല്‍ കുറവായിരുന്നു. പക്ഷേ കുഞ്ഞിനെ മുലയൂട്ടിയത് മുതല്‍ മുലപ്പാലില്‍ ഒരു കുറവും വന്നില്ല. അതിരാവിലെ നാട്ടിലേക്ക് യാത്രതിരിച്ചു. ഒട്ടകത്തിന് ഇപ്പോള്‍ പതിവിലേറേ വേഗതയായിരിക്കുന്നു. യാത്രയില്‍ വളരേ ക്ഷീണിച്ചവശയായ ഒട്ടകത്തിന് ഇപ്പോള്‍ ഒരു ക്ഷീണവുമില്ല. കൂടെയുള്ളവര്‍ സംശയത്തിലായി. അവരുടെ സംശയം തീര്‍ത്തത് ആ ഒട്ടകമായിരുന്നു. എന്റെ മുതുകില്‍ കയറിയിരിക്കുന്നത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഹാദാ ഖൈറുനബിയ്യിനാ വസയ്യിദുല് മുര്‍സലീന വ ഖൈറുല്‍ അവ്വലീന വല്‍ ആഖിരീന വ ഹബീബി റബ്ബില്‍ ആലമീന എന്ന് ഒട്ടകം മറുപടിനല്കി.
തിരു നബിയുടെ കുട്ടിക്കാലം
നബി (സ്വ) രണ്ടാം വയസ്സില്‍ തന്നെ മുട്ടുകുത്തി നീന്തിയിരുന്നു. മൂന്നു മാസത്തിനും നാലുമാസത്തിനുമിടക്ക് മതില് പിടിച്ച് പിച്ചവെച്ചു തുടങ്ങി. ആഞ്ചാം മാസത്തില്‍ പരസഹായം കൂടാതെ നടത്തം ആരംഭിക്കുകയും എട്ടാം മാസത്തില്‍ സംസാരിച്ചു തുടങ്ങുകയും ചെയ്തു. നബി (സ്വ) ആ നാട്ടില്‍ എത്തിയതോടെ ആ നാട്ടില്‍ ക്ഷാമം മാറി ക്ഷേമം കൈവരുകയും, നബി (സ്വ) യുടെ സ്പര്‍ഷനത്താല്‍ രോഗം സുഖം പ്രാപിക്കുകയും ചെയ്തു. ഈ കുഞ്ഞ് വീട്ടില്‍ വന്നത് മുതല്‍ ബനൂ സഅദ് ഗോത്രത്തിലെ എല്ലാ ഭവനങ്ങളും കസ്തൂരിയുടെ മണമുള്ളതായി മാറി. ഒരു ദിവസം തിരുനബി(സ്വ) വന്ന് ഹലീമാ ബീവിയുടെ മക്കളോട് കുടെ ആടിനെ മേക്കാന്‍ പോകാന്‍ സമ്മതം ചോദിച്ചു. കുട്ടിക്ക് അനിഷ്ടം തോന്നാതിരിക്കാന്‍ സമ്മതം നല്കി. അവര്‍ ആടിനെ മേക്കുന്നതിനിടെ ജിബ്രീല്‍(അ), മീക്കാഈല്‍(അ) എന്നീ രണ്ട പേര് വന്ന് തിരുമേനിയെ എടുത്ത് മലമുകളില്‍ വെച്ച് നെഞ്ച് കീറി അവരുടെ പക്കലുളള വെള്ളം കൊണ്ട് കഴുകി അതില്‍ പ്രകാശം നിറച്ച് പഴയ രൂപത്തില്‍ തുന്നിച്ചേര്‍ത്തു. ഈ വിവരം മകന് അബ്ദുല്ല ബീവിയെ അറിയിച്ചു. ഇതിന്റെ അടയാളം നബി(സ്വ) യുടെ ശരീരത്തില്‍ നെഞ്ചിന്റെ ഭാഗത്ത് കാണാമായിരുന്നു എന്ന് അനസ്(റ) പറഞ്ഞിട്ടുണ്ട്. ഈ കുട്ടി വളര്‍ന്ന് വലുതായാല്‍ നിലവിലുള്ള വ്യവസ്ഥകളെ തകിടം മറിക്കുമെന്ന് പല ജോത്സ്യന്മാരും വിധിയെഴുതി. ഹലീമ ബീവിയെ ഇത് വലിയ വിഷമത്തിലാക്കി. ഇനിയിവടെ താമസിക്കല്‍ പന്തിയല്ലെന്ന കണ്ട ബീവി നബിയെയും കൂട്ടി ആമിന ബീവി(റ)യുടെ വീട്ടിലേക്ക് മടങ്ങി. അന്ന് നബിക്ക് രണ്ട് വയസ്സായിരുന്നു പ്രായം ആമിന ബീവി(റ) പറഞ്ഞു. മക്കയിലെ കാലാവസ്ഥ മോശമാണ്. നിങ്ങള്‍ കുട്ടിയെ തിരിച്ചുകൊണ്ടുപോകുക. തിരുനബിയെയും കൂട്ടി മദീനയിലേക്ക് മടങ്ങവെ പല അത്ഭുതങ്ങളും അരങ്ങേറിയിട്ടുണ്ട്. ബനൂസഅ്ദ് ഗോത്രക്കാരിലുണ്ടായിരുന്ന സൗഭാഗ്യപ്പൊലിമ ഇതാ മക്കത്തേക്ക് നീങ്ങുകയായി. നാലു ഭാഗത്ത് നിന്നും ഒരു അശരീരി വരികയുണ്ടായി. ബാബുല്‍ അഅ്ളം എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ഒരു ജനക്കൂട്ടം നില്ക്കുന്നു. ഞാന്‍ കുട്ടിയെ വാഹനത്തില്‍ നിന്നും ഇറക്കി തണലില്‍ ഇരുത്തി. വിസര്ജിക്കാന് വേണ്ടി പോയി. പെട്ടെന്ന് കുട്ടിയെ ഒരു മേഘം വന്ന് പൊതിഞ്ഞു. ഞാന്‍ ഓടി വന്നപ്പോഴേക്ക് കുട്ടി അപ്രത്യക്ഷമായിരുന്നു. ഞാന്‍ നിലവിളിച്ചു. ഞാന്‍ പല ആളുകളോടും തിരക്കി. എവിടെയും കണ്ടില്ല. അപ്പോള്‍ ഒരാള്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ ഹുബ്ല് എന്ന ബിംബത്തിനോട് കാര്യം പറയുക. ഞാന്‍ വിളിച്ച് തേടി. ഫലം ചെയ്തില്ല. വിഷണ്ണയായ ഹലീമാ ബീവി അബ്ദുല്‍ മുത്തലിബിനോട് കാര്യം പറഞ്ഞു. ഖുറൈശികള്‍ ഒന്നടങ്കം പരതുകയാണ്. കഅ്ബയില്‍ പോയി പ്രാര്‍ത്ഥിച്ചു. കുട്ടി മലഞ്ചെരുവില്‍ ഉണ്ടാവുമെന്ന് ഒരു അശരീരി ഉണ്ടായി. പോയിനോക്കിയപ്പോള്‍ കുട്ടി അവിടെ സുരക്ഷിതനായി ഇരിക്കുന്നു. സന്തോഷത്താല്‍ അബ്ദുല്‍ മുത്ത്വലിബ്നൂറ് ഒട്ടകങ്ങളെ അറുത്ത് കൊടുക്കുകയും ധാരാളം സ്വര്‍ണ്ണം നല്‍കുകയും ചെയ്തു. കുഞ്ഞിന് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് മാതാവിന്റെ കരങ്ങളിലേക്ക് രണ്ടാമത് കുട്ടിയെ തിരിച്ചുനല്‍കിയത്. ഏറെ വൈകാതെ തന്നെ ആ മാതാവ് വഫാത്താവുകയും ചെയ്തു.
മക്കയുടെയും മദീനയുടെയും ഇടയിലുള്ള മദീനയോട് ഏറ്റവും അടുത്ത അബവാഅ് എന്ന സ്ഥലത്താണ് ആമിന(റ) വഫാത്തായത്. അവരെ അവിടെ തന്നെ ഖബര്‍ അടക്കുകയും ചെയ്തു. മുത്ത് നബിയുടെ കൂടെ ഉമ്മു ഐമന് എന്ന അടിമസ്ത്രീയും ഉണ്ടായിരുന്നു. ആമിന ബീവി വഫാത്തായി അഞ്ച് ദിവസത്തിനുള്ളിലായി അവര്‍ മക്കിയിലേക്ക് തന്നെ മടങ്ങി. കുട്ടിയെ മുത്ത്വലിബില് ഏല്‍പ്പിച്ചു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുമ്പ് അബ്ദുല്ലയും ആറ് വര്‍ഷം കഴിഞ്ഞ് ആമിന ബീവി(റ)വും ഇഹലോകവാസം വെടിഞ്ഞു. അങ്ങനെ നബി(സ്വ) പൂര്‍ണ്ണ അനാഥനായി. മാതാവിന്റെ മരണ ശേഷം അബ്ദുല്‍ മുത്ത്വലിബായിരുന്നു തിരുനബിയെ ഏറ്റെടുത്തത്. അബ്ദുല്‍ മുത്തലിബ് മക്കക്കാരുടെ നേതാവായിരുന്നു. അബ്ദുല്‍ മുത്ത്വലിബ് കുട്ടിയെ നന്നായി നിരീക്ഷിച്ചു. ഒരു ദിവസം പുന്നാരനബിക്ക് ചെങ്കണ്ണ് ബാധിച്ചു. അബ്ദുല്‍ മുത്ത്വലിബ് നബി തങ്ങളെ ഒരു വൈദ്യനായ ജോത്സ്യനെ സമീപിച്ചു. അദ്ധേഹം ഗണിച്ചു നോക്കി പറഞ്ഞു. ഇത് സാധാരണക്കാര്‍ നല്കുന്ന മരുന്ന നല്കി ചികിത്സിച്ച് മാറ്റാന്‍ സാധിക്കുകയില്ല. ഇദ്ധേഹത്തിന്റെ ഉമിനീര് എടുത്ത് പുരട്ടിയാല്‍ രോഗം സുഖപ്പെടും തിരുനബി(സ്വ) ക്ക് എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അബ്ദുല്‍മുത്ത്വലിബ് വഫാത്താകുന്നത്. ഇത് നബി തങ്ങളെ വല്ലാതെ സങ്കടത്തിലാഴ്ത്തി. പിന്നീട് അബൂത്വാലിബ് നബി തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. ഉറ്റവരായ ആരേക്കാളും അവര്‍ നബിയെ സ്നേഹിച്ചു. ഒരിക്കല്‍ മക്കാനഗരത്തില്‍ ജലക്ഷാമം പിടിപ്പെട്ടപ്പോള്‍ മക്കയിലെ പൗര പ്രമുഖര്‍ ചേര്‍ന്ന് മുത്ത്നബിയെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. അവര്‍ അബൂത്വാലിബിനെ സമീപിച്ചു. അവര്‍ നബി(സ്വ) തങ്ങളോട് കാര്യം പറഞ്ഞു. മുത്ത് നബി(സ്വ) കഅ്ബയില്‍ പോയി ആകാശത്തേക്ക് വിരല്‍ ചൂണ്ടുകയും വിരല്‍ താഴ്ത്തുന്നതിന്റെ മുമ്പ് ആകാശത്തിന്റെ മുഖഭാവം മാറുകയും ചെയ്തു. താമസിയതെ കനത്ത മഴ ലഭിച്ചു. അബൂത്വാലിബ് നബി തങ്ങളെ ഏറ്റെടുക്കുമ്പോള്‍ സമ്പത്ത് വളരെ കുറവായിരുന്നു. മുത്ത് നബി(സ്വ) തങ്ങളെ ഏറ്റെടുത്തത് മുതല്‍ ജീവിതം സമ്പുഷ്ടമായി. ഉമ്മു ഐമന്(റ) പറയുന്നു. മുത്ത് നബിയുടെ ചെറുപ്പകാലത്ത് കുറഞ്ഞ ഭക്ഷണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചെറുപ്പകാലത്തോ വലുതായിട്ടോ എനിക്ക് വിശക്കുന്നു ദാഹിക്കുന്നു എന്ന ഒരു പരിഭവവും കാട്ടുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ തിരുനബി(സ്വ) അബൂത്വാലിബിനോടൊപ്പം ശാമിലേക്ക് പുറപ്പെട്ടു. അന്ന് നബി(സ്വ) തങ്ങള്‍ക്ക് 9 വയസ്സാണ്. 12 ആണെന്നും അഭിപ്രായമുണ്ട്. യാത്രക്കിടയില്‍ വിശ്രമിക്കാനിറങ്ങി. അവിടെയുള്ള ഒരു യഹൂദി നബി(സ്വ) തങ്ങളെ കാണുകയും നബി(സ്വ)യുടെ അസാധാരണത്വം മറ്റുള്ളവര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു. ശേഷം അവര്‍ ബുസ്രയില് എത്തിയപ്പോള്‍ അവിടെ വെച്ച് ബഹീറ എന്ന പുരോഹിതന് അയാളുടെ ദേവാലയത്തില്‍ ഇരിക്കുകയായിരുന്നു.
അകലെ നിന്ന് വരുന്ന ആ കച്ചവട സംഘത്തെ അദ്ദേഹം വീക്ഷിച്ചു. അവര്‍ക്ക് മീതെ ഒരു മേഘം തണലിടുന്നതായും ആ കൂട്ടത്തില്‍ ജ്യോതിസുറ്റ ഒരു സുമുഖനായ ബാലനെ കാണുകയും ചെയ്തു. അവര്‍ വിശ്രമത്തിനായി ഇറങ്ങിയ ഒരു മരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പതിഞ്ഞു. ഉണങ്ങിയ ശുശ്കിച്ച മരം. അതിന്റെ ഇല മുഴുവന്‍ പൊഴിഞ്ഞിരുന്നു. ഇത് അദ്ധേഹം മുമ്പ് വേദങ്ങളില്‍ വായിച്ചിട്ടുണ്ട്. മരച്ചുവട്ടില്‍ സംഘം ഇരിക്കലും മരത്തിന് ശാഖയും ഇലയുമെല്ലാം നിറഞ്ഞ് പുഷ്പ്പിക്കുന്നതായും അദ്ദേഹം കണ്ടു. വളരെ കൗതുകത്താല്‍ അദ്ധേഹം ഇറങ്ങി വന്ന് ആ സംഘത്തെ വീട്ടലേക്ക് ക്ഷണിച്ചു. അപ്പോള്‍ സംഘത്തില്‍ പെട്ട ഒരാള്‍ ചോദിച്ചു. പല തവണ ഞങ്ങള്‍ ഇവിടെ വിശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ അന്ന് ഞങ്ങളെ കണ്ടിട്ടുമുണ്ട്. ഇന്നെന്താ അന്നൊന്നുമില്ലാത്ത ഒരു സല്‍ക്കാരം? പുരോഹിതന് പറഞ്ഞു. എനിക്ക് നിങ്ങളെ മനസ്സിലാക്കാന്‍ സാധിച്ചത് ഇന്നാണ്. എന്റെ ക്ഷണം സ്വീകരിക്കണം. തിരുനബി(സ്വ) അല്ലാത്ത എല്ലാവരും വീട്ടിലെത്തി. പുരോഹിതന് സഭ ഒന്ന് വീക്ഷിച്ചു. കൂട്ടത്തില്‍ ആരെങ്കിലും വരാതിരിന്നിട്ടുണ്ടോ?. ഒരു കുട്ടി കൂടാരത്തില്‍ ഉണ്ട്. അപ്പോള്‍ പുരോഹിതന് പറഞ്ഞു. അവനെയും വിളിക്കൂ. ഞാന്‍ എല്ലാവരെയുമാണ് ക്ഷണിച്ചത്. തിരുനബി(സ്വ) വന്നു. ഭക്ഷണം കഴിച്ചു. ബഹീറ നബി(സ്വ) തങ്ങളോട് കുശലാന്വേഷണം നടത്തി. അത് ബഹീറയെ വല്ലാതെ സംതൃപ്തനാക്കി. കുപ്പായം ഉയര്ത്തിനോക്കുകയും നുബുവ്വത്തിന്റെ ശീല് ദര്‍ശിക്കുകയും അതില്‍ ചുംബിക്കുകയും ചെയ്തു. ഒരു പ്രവാചകന് വേണ്ട എല്ലാം ഇവരില്‍ ഉണ്ടെന്ന് അദ്ധേഹം ആത്മഗതം ചെയ്തു. അബൂത്വാലിബിനോട് ചോദിച്ചു. ഈ കുട്ടി നിങ്ങളുടെ ആരാണ്? അബൂത്വാലിബ് പറഞ്ഞു. ഇതെന്റെ പുത്രനാണ് . അപ്പോള്‍ ബഹീറ പറഞ്ഞു. ഇത് നിങ്ങളുടെ കുട്ടിയാവാന്‍ സാധ്യതയില്ല. ഈ കുട്ടിയെ അവരുടെ മാതാവ് ഗര്‍ഭം ധരിച്ച സമയും പിതാവ് മരിക്കണം. കുഞ്ഞായിരിക്കുമ്പോള്‍ മാതാവും മരിക്കണം. ശരിയാണ് ബഹീറ. ഇതെന്റെ സഹോദര പുത്രനാണ്. അബൂത്വാലിബ് പ്രതിവചിച്ചു. എന്റെ മുന്‍ഗാമികള്‍ ഈ കുട്ടിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് പല അത്ഭുതവും കാണും. ആയതിനാല്‍ ഇവരെ യഹൂദര്‍ കാണാന്‍ ഇടവരുത്തരുത്. ബഹീറയുടെ ഉപദേശപ്രകാരം അബൂത്വാലിബ് മുത്ത്നബിയെയും കൂട്ടി മക്കയിലേക്ക് പുറപ്പെട്ടു.
കഅ്ബ നിര്‍മ്മാണം
തിരുനബി(സ്വ)യുടെ ജീവിത പരിശുദ്ധിയെ തീര്‍ച്ചപ്പെടുത്തുന്നതായിരുന്നു കഅ്ബയുടെ പുനര്‍നിര്‍മ്മാണത്തില്‍ മുത്ത് നബിയുടെ ഇടപെടല്‍. തിരുനബിക്ക് ഏതാണ്ട് 23 വയസ്സ് മാത്രം പ്രായം. ഹജറുല്‍ അസ്വദ് എവിടെ വെക്കണമെന്ന കാര്യത്തില്‍ തര്‍ക്കം വരികയും ഖുറൈശികളില്‍ പ്രായാധിക്യമുള്ള അബൂ ഉമയ്യത്തിന്റെ നിര്‍ദ്ദേശ പ്രകാരം തര്‍ക്കം മധ്യസ്ഥന്‍ വിടാം എന്നായി. നാളെ അതിരാവിലെ ആദ്യം വരുന്ന ആളായിരിക്കും മധ്യസ്ഥന്‍. മുത്ത് നബി(സ്വ) തങ്ങളാണ് അന്ന് ആ വഴി വന്നത്. അവര്‍ക്ക് സന്തോഷമായി. അല്‍ അമീന്. മുത്ത്നബി(സ്വ) വളരെ രമ്യമായി ആ പ്രശ്നം പരിഹരിച്ചു. ഒരു തുണിയില്‍ ഹജറുല്‍ അസ്വദ് വെച്ചു. അത് ഗോത്ര തലവന്മാരോട് ഉയര്‍ത്താന്‍ പറയുകയും ഹജറുല്‍ അസ്വദ് തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു.
വ്യാപാര്ത്ഥം ശാമിലേക്ക്
തിരുനബി(സ്വ) 25 ാം വയസ്സില്‍ മക്കയിലെ പ്രമുഖ കച്ചവടക്കാരിയായിരുന്ന ഖദീജ(റ) യുടെ, ശാമിലേക്കുള്ള കച്ചവടസംഘത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ തിരുനബി(സ്വ) തങ്ങള്‍ നിയോഗിക്കപ്പെട്ടു. അന്നാ കച്ചവടത്തില്‍ ഇരട്ടി ലാഭം ലഭിച്ചു. സംഘം മക്കയിലേക്ക് തന്നെ തിരിച്ചു. കച്ചവടസംഘത്തെയും കാത്ത് മാളിക മുകളില്‍ ഇരിക്കുന്ന ഖദീജ(റ) ഒരു അത്ഭുത കാഴ്ച കാണുകയും മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു. നബി(സ്വ) തങ്ങള്‍ കച്ചവടം കഴിഞ്ഞ് ഒട്ടകപ്പുറത്താണ് വരുന്നത്. നബി(സ്വ) തങ്ങളുടെ തലക്ക് മീതെ ഒരു തണല്‍ രൂപപ്പെട്ടിരുന്നു.
ജനന സമയത്തും കുട്ടിക്കാലത്തും അനേകം അത്ഭുത സംഭവങ്ങള്‍ മുത്ത് നബിയില്‍ നിന്നുണ്ടായി. സമൃദ്ധവും ശോഭനവുമായിരുന്ന ആ ജീവിതത്തിന്റെ ഓരോ നിമിഷവും മഹാത്ഭുതങ്ങളായിരുന്നു. കുട്ടിക്കാലത്ത് ഉണ്ടാവാറുള്ള അപക്വമായ പെരുമാറ്റങ്ങളും ചിന്തകളും മുത്ത് നബിക്കുണ്ടായില്ല എന്നതാണ് പ്രബോധന ജീവിതം സരളമാക്കിയത്. വ്യക്തി ജീവിതത്തിലെ തെളിമയാണ് പ്രബോധകന്റെ അടയാളങ്ങളെന്ന് മുത്ത് നബി നമ്മെ പഠിപ്പിക്കുകയായിരുന്നു.
സഫ്വാന് തവനൂര്‍