2016Nov-Dec Hihgligts Shabdam Magazine ആത്മിയം കാലികം പഠനം മതം വായന സംസ്കാരം സാമൂഹികം

അലോസരതകളില്ലാത്ത കുടുംബ ജീവിതം

കുടുംബങ്ങളോട് ഉത്തമമായി വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍- നബി വചനം
കുടുംബ ജീവിതം ‘നാം ഒന്ന് നമുക്കൊന്ന്’ എന്ന തത്വത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പുതിയ കാലത്ത് നാം കാണുന്നത്. അണുകുടുംബവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കുടുംബകോടതി കയറിയിറങ്ങുന്ന ദമ്പതിമാര്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഒന്നുമറിയാത്ത മക്കള്‍ സ്നേഹവും പരിചരണവും ലഭിക്കാതെ ചോദ്യചിഹ്നങ്ങളായി നില്‍ക്കുകയാണ്. കുടുംബജീവിതത്തിന് ഉദാത്തമായ മാതൃക കാണിച്ച നബി(സ്വ) യുടെ അനുയായികളില്‍ പോലും ഇത് വ്യാപകമായി കണ്ട് കൊണ്ടിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത. നബി(സ്വ) യില്‍ നിങ്ങള്‍ക്ക് ഉദാത്തമായ മാതൃകയുണ്ട് എന്നാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തിന്‍റെ മുഴുവന്‍ മേഖലകളിലും സമ്പൂര്‍ണ്ണമായിരുന്നു നബി ജീവിതം. ഒരു കുടുംബനാഥനെന്ന നിലയില്‍ വ്യക്തമായ ഒരു ജീവിത ശൈലി നമുക്ക് വരച്ചുകാണിച്ചു തന്നിട്ടുണ്ട്. കുടുംബങ്ങളോട് സ്നേഹം വര്‍ത്തിക്കേണ്ടിടത്ത് സ്നേഹവും കാര്‍ക്കശ്യം കാണിക്കേണ്ടിടത്ത് കാര്‍ക്കശ്യവും കാണിച്ചും കലഹങ്ങളില്ലാത്ത സംതൃപ്തമായ സ്നേഹമസ്രണമായ ഒരു കുടുംബജീവിതമാണ് തിരുനബി(സ്വ) നയിച്ചത്. വീടിന് പുറത്ത് സൗമ്യനും സല്‍സ്വഭാവിയുമായവര്‍ വീട്ടില്‍ കയറി കോലാഹലങ്ങളുണ്ടാക്കുന്നു. ചിലപ്പോള്‍ ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന പോലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഭാര്യമാരെ പഴിചാരുകയും ചെയ്യുന്നു. ഇതാണ് ചില ഭര്‍ത്താക്കന്മാരുടെ സ്വഭാവം. കൂട്ടുകാരോട് സലാം പറയുകയും നര്‍മ്മസല്ലാപങ്ങളിലേര്‍പ്പെടുകയും വീട്ടില്‍ മൗനികളും ചിരിക്കുക പോലും ചെയ്യാത്തവരായിത്തീരുന്നു. എന്നാല്‍ നബി(സ്വ) യുടെ ജീവിതം സ്നേഹവും വാത്സല്യവും തമാശയും ഗൗരവവും കൊണ്ട് സമ്പന്നമായിരുന്നു. വീട്ടില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നബന്ധിത സാഹചര്യങ്ങളെ സൗമ്യമായി ദൂരീകരിക്കുമായിരുന്നു നബി(സ്വ). ഭാര്യമാരുമായി ഒരുമിച്ച് കൂടുന്ന സന്ദര്‍ഭങ്ങളില്‍ പുഞ്ചിരിതൂകിയും ചിരിച്ചും മാത്രമായിരുന്നു സംസാരിച്ചിരുന്നത്. അവരുമായി തമാശ പറയുന്നതിലും നബി(സ്വ) പിറകിലായിരുന്നില്ല.(ത്വബറാനി, ഇഹ്യാ 56-2).
ഭാര്യ ഒരു ഉപഭോഗ വസ്തു മാത്രമല്ലെന്നും കുടുംബജീവിതം കേവലം നൈമിഷികമായ ലൈംഗിംക സുഖഭോഗങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നും നബി(സ്വ) തങ്ങള്‍ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. ഓരോ മനുഷ്യനും സ്വന്തം ശരീരത്തേക്കാളും ഭാര്യമാരോടും കുടുംബത്തോടും കടപ്പാടുകളുണ്ട് എന്ന് ഹദീസുകളില്‍ നമുക്ക് കാണാന്‍ സാധിക്കും. വര്‍ഷം മുഴുവന്‍ നോമ്പനുഷ്ടിക്കുന്നവരേയും രാത്രി മുഴുവന്‍ നിസ്കരിക്കുന്നവരേയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിലൂടെ, മറ്റു ആരാധനാകര്‍മ്മങ്ങളെപ്പോലെ ദാമ്പത്യ ജീവിതത്തിനും പ്രാധാന്യമുണ്ട് എന്ന പഠിപ്പിക്കുകയായിരുന്നു നബി(സ്വ). ഗൗരവക്കാരനായ ഒരു ഭര്‍ത്താവ് എന്നതിലുമപ്പുറം നബി(സ്വ) അവിടുത്തെ ഭാര്യമാര്‍ക്കിടയില്‍ ഒരു ഇഷ്ടതോഴനായിരുന്നു. ഒരു രാത്രിയില്‍ ആയിശ(റ) നബി(സ്വ) യുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. സംസാരത്തിനിടെ ഉമ്മു സര്‍അ് എന്ന മഹതിയുടെ ഹദീസ് കടന്നുവന്നു. പതിനൊന്ന് സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ ക്കുറിച്ച് ഒന്നും മറച്ചുവെക്കാതെ തുറന്ന് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ എല്ലാവരും സ്വന്തം ഭര്‍ത്താവാണ് ഉത്തമനെന്ന് കാണിക്കും വിധം അവരുടെ ജീവിതരീതികളെല്ലാം വെളിപ്പെടുത്തി. അവരില്‍ ഏറ്റവും ഉത്തമനും ഭാര്യയെ സ്നേഹിച്ചവനും കൂടുതല്‍ അനുഗ്രഹം ചൊരിഞ്ഞവനുമായി വിലയിരുത്തപ്പെട്ടത് ഉമ്മു സര്‍ഇന്‍റെ ഭര്‍ത്താവ് അബൂ സര്‍ആയിരുന്നു. ഇതു കേട്ട മാത്രയില്‍ നബി(സ്വ) പറഞ്ഞു. ഉമ്മു സര്‍ഇന് അബൂ സര്‍അ് ഇഷ്ടതോഴനായ പോലെയാണ് ആയിശാ നിനക്ക് ഞാന്‍(ബുഖാരി).
ബഹുഭാര്യത്വം സ്വീകരിച്ച ഒരാള്‍ക്ക് അവര്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ നിര്‍ബന്ധമാണ്. ദിവസങ്ങളെ അവര്‍ക്കിടയില്‍ കൃത്യമായി വീതിക്കുകയും ജീവിതത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ എത്തിച്ചുകൊടുക്കുകയും വേണം എന്നാണ് ഫിഖ്ഹ് നിഷ്കര്‍ഷിക്കുന്നത് എങ്കിലും നബി(സ്വ)ക്ക് ഇത് ബാധകമല്ലെന്നാണ് പ്രബലാഭിപ്രായം. എന്നിട്ടും നബി(സ്വ) തങ്ങള്‍ ഭാര്യമാര്‍ക്കിടയില്‍ കൃത്യമായി നീതി പുലര്‍ത്തിയിരുന്നു. ഒരു ഭാര്യക്ക് അവകാശപ്പെട്ട ദിവസം മറ്റൊരു ഭാര്യയുടെ അടുത്തേക്ക് പോവുകയാണെങ്കില്‍ നബി(സ്വ) സമ്മതം വാങ്ങുമായിരുന്നു. രോഗാവസ്ഥയില്‍ പോലും ഇതിന് മാറ്റമുണ്ടായിരുന്നില്ല. രോഗം കലശമായ അവസ്ഥയില്‍ നബി(സ്വ) ക്ക് ആഇശാ ബീവി(റ)യുടെ വീട്ടില്‍ താമസിക്കാനായിരുന്നു ആഗ്രഹം. ഇത് പ്രകടിപ്പിക്കാനായി നാളെ ആരുടെ ദിവസമാണ്, നാളെ ഞാന്‍ എവിടെയാണ്, എന്നിങ്ങനെ ആവര്‍ത്തിച്ചു ചോദിക്കാന്‍ തുടങ്ങി. ചോദ്യത്തിന്‍റെ പൊരുള്‍ മനസ്സിലാക്കിയ ഭാര്യമാര്‍ ആഇശാ ബീവി(റ)യുടെ വീട്ടില്‍ താമസിക്കാന്‍ നബി(സ്വ)ക്ക് അനുവാദം നല്‍കി. തുടര്‍ന്ന് ആഇശാ ബീവി(റ) യുടെ വീട്ടിലായിരുന്നു നബി(സ്വ) യുടെ താമസം(ബുഖാരി). മാത്രമല്ല പലപ്പോഴും വിവിധ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര പോവാറുള്ള മുത്ത്നബി, കൂടെ പരിചരണത്തിനായി ഭാര്യയെ കൊണ്ടുപോകാറുണ്ടായിരുന്നു.
ഭാര്യമാരുടെ ആവശ്യങ്ങളും താത്പര്യങ്ങളും മനസ്സിലാക്കിയായിരുന്നു നബി(സ്വ) യുടെ അവരോടുള്ള പെരുമാറ്റം. അവരുടെ മാനസികമായ സന്തോഷങ്ങള്‍ക്കും ഉല്ലാസത്തിനും വേണ്ടി ആവശ്യമായ വിനോദ കലകളും നബി(സ്വ) അനുവദിച്ചിരുന്നു. നബി(സ്വ) യുടെ ഭാര്യമാരില്‍ കന്യകയും പ്രായം കുറഞ്ഞവളുമായിരുന്നു ആഇശാ ബീവി(റ). മഹതിയുമൊത്ത് കളിക്കാന്‍ വേണ്ടി അന്‍സ്വാരി പെണ്‍കുട്ടികളെ നബി(സ്വ) വിളിപ്പിക്കാറുണ്ടായിരുന്നു. ആഇശാ ബീവി(റ) പറയുന്നു: ‘ആശൂറാഅ് ദിവസത്തില്‍ അബ്സീനിയക്കാരായ കുറച്ചാളുകള്‍ വന്ന് കളിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. എന്‍റെ താത്പര്യം കണ്ടപ്പോള്‍ നബി(സ്വ) ചോദിച്ചു. കളി കാണാന്‍ താത്പര്യമുണ്ടോ ആഇശാ…? അതെ ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ്വ) അവരെ വിളിപ്പിച്ചു. ഒന്നു കൂടി കളിക്കാന്‍ ആവശ്യപ്പെട്ടു. പള്ളിയുടെ രണ്ട് വാതിലുകള്‍ക്കിടയില്‍ നബി(സ്വ) നിലയുറപ്പിച്ചു. അവിടുത്തെ തൃക്കരം നീട്ടി വെച്ച് വാതിലില്‍ പിടിച്ചു. എന്‍റെ താടിയെല്ല് ആ കൈകളിലൂന്നി ഞാന്‍ കളി കാണാന്‍ തുടങ്ങി’. ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസിന്‍റെ ഭാഗമാണിത്. എത്ര ഹൃദ്യമായ പെരുമാറ്റമാണ് നബി(സ്വ)യുടേത്.
ചെറിയ പ്രശ്നങ്ങളില്‍ കടിച്ചുതൂങ്ങി ശകാരിക്കുന്നതും കുറ്റപ്പെടുത്തുന്നതും പ്രശ്നങ്ങളെ രൂക്ഷമാക്കുകയെ ഉള്ളൂ. കറിയില്‍ ഉപ്പില്ലാത്തത് പോലും ഗുരുതരമായ ദാമ്പത്യ പ്രശ്നങ്ങളിലേക്ക് എത്തിക്കും വിധത്തിലാണ് ചില പുരുഷന്മാരുടെ പ്രതികരണം. എന്നാല്‍ വീട്ടില്‍ ഭാര്യമാരില്‍ നിന്നുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെ സൗമ്യമായി പരിഹരിക്കുന്നവരും മാപ്പ് ചെയ്യുന്നവരുമായിരുന്നു നബി(സ്വ). അനസ്(റ) പറയുന്നു. ആഇശാ(റ)യുടെ വീട്ടില്‍ നബി(സ്വ)യും സ്വഹാബത്തും ഒത്തുകൂടി. ആ സമയം ഉമ്മുസലമ(റ) വീട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു പാത്രം ഇറച്ചിയും പത്തിരിയും നബി(സ്വ) ഭക്ഷിക്കാന്‍ ഒരുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന സ്വഹാബത്തിനേയും ക്ഷണിച്ചു. എല്ലാവരും ചേര്‍ന്നു ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അടുക്കളയില്‍ പാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ആഇശാ ബീവി പുറത്തു വന്നപ്പോള്‍ കണ്ട രംഗം ഇതായിരുന്നു. ഉടനെ അവര്‍ ദേഷ്യത്തോടെ അടുക്കളയില്‍ പോയി. അവരുണ്ടാക്കിയ ഭക്ഷണം കൊണ്ടുവന്ന് നബി(സ്വ) ക്ക് മുമ്പില്‍ വെക്കുകയും ഉമ്മു സലമ(റ) കൊടുത്തയച്ച ഭക്ഷണപ്പാത്രമെടുത്ത് താഴെയിട്ട് പൊട്ടിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) ഇങ്ങനെ പ്രതികരിച്ചു. ‘ബിസ്മി ചൊല്ലി ഭക്ഷക്കുവീന്‍ നിങ്ങളുടെ ഉമ്മാക്ക് ദേഷ്യം പിടിച്ചിരിക്കുന്നു. ഭക്ഷണത്തിന് പകരം ഭക്ഷണവും പാത്രത്തിന് പകരം പാത്രവും കിട്ടി’. ആഇശാ(റ) യുടെ പാത്രം ഉമ്മുസലമ(റ) യുടെ പൊട്ടിയ പാത്രത്തിന് പകരമായി നബി(സ്വ) കൊടുത്തയച്ചു.(ത്വബറാനി)
ദാമ്പത്യജീവിതം ഭാര്യമാരോടുള്ള സ്നേഹത്തിലും കടപ്പാടിലും ഒതുങ്ങുന്നതല്ലല്ലോ? മക്കളോട് സ്നേഹവും വാത്സല്യവുമുള്ള ഒരു പിതാവു കൂടിയാകുമ്പോഴേ കുടുംബനാഥനെന്ന ജോലി പൂര്‍ത്തിയാവുന്നുള്ളൂ. അതോടൊപ്പം തന്നെ മക്കളെ സല്‍പാന്താവിലേക്ക് നയിക്കാന്‍ സന്ദര്‍ഭോചിതമായ ശിക്ഷണരീതികളും വശമുള്ളവരായിരിക്കണം പിതാവ്. മക്കളേയും പേരമക്കളേയും സ്നേഹിക്കുന്ന പിതാവ് വല്ല്യുപ്പ എന്ന നിലയിലും ഉത്തമ മാതൃക നബി(സ്വ) തങ്ങളുടെ ജീവിതത്തില്‍ നിന്ന് കണ്ടെത്താനാകും. പുന്നാരമകള്‍ ഫാത്വിമ ബീവിയുടെ നെറ്റിയിലും നെറുകയിലും നബി(സ്വ) മുത്തം വെക്കാറുണ്ടായിരുന്നു. ഹസന്‍(റ)വിനെയും ഹുസൈന്‍(റ)വിനെയും വാരിപ്പുണര്‍ന്ന് ഉമ്മവെക്കുന്നത് കണ്ട് അത്ഭുതം കൂറുകയും തന്‍റെ പത്ത് മക്കളില്‍ ഒരാളെ പോലും ഞാനിതുവരെ ഉമ്മ വെച്ചിട്ടില്ലെന്ന് സന്ദേഹിക്കുകയും ചെയ്ത വ്യക്തിയോട് നബി(സ്വ) പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. കാരുണ്യം നല്‍കാത്തവരാരോ അവര്‍ക്ക് കാരുണ്യം ലഭിക്കുകയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഭരണാധികാരി എന്ന നിലക്ക് ഒരിക്കലും കുടുംബത്തിന് വേണ്ടി അധികാരത്തെ ദുര്‍വിനിയോഗം ചെയ്തിട്ടില്ല. അവകാശപ്പെട്ടതിലപ്പുറം ഒന്നും നബി(സ്വ) കൈവശപ്പെടുത്തിയിരുന്നില്ല. എന്നല്ല അവകാശപ്പെട്ടത് പോലും മറ്റുള്ളവര്‍ക്ക് നല്‍കലായിരുന്നു അവിടുത്തെ പതിവ്. ഒരിക്കല്‍ പുന്നാരമകള്‍ ഫാത്വിമ(റ) യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ നിന്ന് ഒരടിമയെ ചോദിച്ചപ്പോള്‍ മോളെ അത് പാവപ്പെട്ട വിശ്വാസികള്‍ക്കുള്ളതാണെന്ന് പറഞ്ഞ് നബി(സ്വ) അവര്‍ക്ക് അതിനേക്കാള്‍ ഉത്തമമായ ദിക്റുകള്‍ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. മറ്റൊരിക്കല്‍ പേരമക്കളായ ഹസന്‍(റ) വും ഹുസൈന്‍(റ) വും വളരെ ചെറിയ പ്രായത്തില്‍ മുട്ടിട്ട് നീന്തി സകാത്തിന്‍റെ സ്വത്തായ കാരക്ക കൂമ്പാരത്തില്‍ നിന്ന് ചുളയെടുത്ത് തിന്നാന്‍ തുടങ്ങി. അത് ശ്രദ്ധയില്‍ പെട്ട നബി(സ്വ) അവരുടെ വായയില്‍ കയ്യിട്ട് കാരക്ക പുറത്തെടുത്തിട്ട് പറഞ്ഞു. തുപ്പിക്കളയൂ മക്കളെ ഇത് സക്കാത്തിന്‍റെ മുതലാണ്. നമുക്ക് അനുവദനീയമല്ല. അര്‍ഹമല്ലാത്തതൊന്നും തന്‍റെ മക്കള്‍ക്കോ പേരമക്കള്‍ക്കോ നല്‍കരുതെന്ന നിര്‍ബന്ധബുദ്ധിയുള്ള ഒരു പിതാവെന്ന നിലയിലും മാതൃകയാണ് റസൂലിന്‍റെ ജീവിതം. നീതിനിര്‍വ്വഹണത്തിന്‍റെ കാര്യത്തിലും സമാനമായിരുന്നു അവസ്ഥ. കട്ടത് തന്‍റെ മകള്‍ ഫാത്വിമായാണെങ്കില്‍ പോലും അവളുടെ കൈ ഞാന്‍ വെട്ടിക്കളയും എന്നായിരുന്നു അവിടുത്തെ ധീരമായ പ്രഖ്യാപനം. തിരുനബി ജീവിതത്തിലെ മാതൃകകള്‍ പിന്‍പറ്റി ജീവിച്ചാല്‍ സന്തോഷപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍, നല്ല ഒരു കുടുംബനാഥനായി തീരാന്‍ നമുക്ക് സാധിക്കും.
ജാബിര്‍ മുത്തേടം

Leave a Reply

Your email address will not be published. Required fields are marked *