2017 March-April Hihgligts വായന വിദ്യഭ്യാസം

അവധിക്കാലം കുരുക്കിലിടരുത്

മാര്‍ച്ച് മാസത്തെ വാര്‍ഷിക പരീക്ഷാചൂടില്‍ നിന്നൊരു ആശ്വാസമാണ് ഓരോ വേനലവധിയും. അവധിക്കാലം രക്ഷിതാക്കളെ സംബന്ധിച്ച് ആകുലതകളുടെ കാലമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഒഴിവു ദിവസങ്ങളെ എങ്ങനൈ അടിച്ചുപൊളിക്കാമെന്ന് പദ്ധതികള്‍ നെയ്തു കൂട്ടുകയായിരിക്കും. അവസാന വാര്‍ഷിക പരീക്ഷതന്നെ ഓരോ വിദ്യാര്‍ത്ഥിയും എഴുതുന്നത് അവരുടെ മനക്കോട്ടകള്‍ക്കു നടുവിലായിരിക്കും. അനാവശ്യമായി സമയം മുഴുവന്‍ കളഞ്ഞുതീര്‍ക്കുന്നതിന് പകരം വരും ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പ് നടത്താനാണ് ഓരോ വിദ്യാര്‍ത്ഥിയും ശ്രമിക്കേണ്ടത്.
ഇത് ഡിജിറ്റല്‍ യുഗമാണ്. ടിവിക്കു മുന്നില്‍ ചടഞ്ഞിരിക്കുന്ന, വിശ്രമമില്ലാതെ വാട്ട്സപ്പിലും ഫേസ്ബുക്കിലും ആക്ടീവായിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പുതിയ കാലത്തെ സര്‍വ്വസാധാരണമായ കാഴ്ചയായതുകൊണ്ടുതന്നെ ഈയൊരവധിക്കാലം അവരെ സോഷ്യല്‍മീഡിയക്ക് അടിമകളാക്കാന്‍ വിടുകയാണോ വേണ്ടത്?. പുഴയില്‍ ചാടിത്തിമിര്‍ത്ത്, പാടത്ത് മാച്ചുകള്‍ ഫിക്സ് ചെയ്ത് നടന്നിരുന്ന പഴയ ശീലങ്ങളില്ലാത്ത ഈ കാലത്ത് രക്ഷിതാക്കളെ ഇരുത്തിചിന്തിപ്പിക്കേണ്ട ഒരു ചോദ്യമാണിത്.
അവധിക്കാലത്തെ കുറിച്ച് മധുരമൂറും സ്വപനങ്ങളായിരിക്കും മുതിര്‍ന്ന പലര്‍ക്കുമുവര്‍ക്കൊക്കെയുണ്ടാകുക. സുന്ദരമായ ഗ്രാമപ്രദേശങ്ങളിലെ തറവാട്ടുവീടുകളില്‍ രാപ്പാര്‍ക്കാന്‍ വിരുന്നു ചെന്നിരുന്ന ഒരു കാലം നമ്മില്‍ നിന്ന് കടന്നുപോയി. വ്യക്തിത്വ വികസനത്തിന് തീര്‍ച്ചയായും ഇത്തരം അനുഭവങ്ങള്‍ വന്‍മുതല്‍കൂട്ടായിരുന്നു. പ്രായത്തിനനുസരിച്ച പക്വത പഠനത്തില്‍ മാത്രം മുഴുകി, പുസ്തകപ്പുഴുക്കളായി ജീവിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നമുക്കിന്ന് കാണാനാകാത്തത് ചെറുപ്പകാലത്തെ ഓര്‍മകളും അനുഭവങ്ങളില്ലാത്തതിനാലാണ്. അവധിക്കാലത്ത് പ്രകൃതിയോടും മണ്ണിനോടും ഇണങ്ങിച്ചേരുകയും അവയെ സ്നേഹക്കുകയും ചെയ്യണമെന്ന് മഹാകവി കുഞ്ഞുണ്ണി മാഷ് കുട്ടികളെ ഉപദേശിക്കുമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രധാന ഏജന്‍സിയായ യുനെസ്കോ വിദ്യാഭ്യാസത്തിന് നാലു ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നുണ്ട്. അറിയാന്‍ പഠിക്കുക, ചെയ്യുവാന്‍ പഠിക്കുക, താനാകുവാന്‍ പഠിക്കുക, സഹവസിക്കുവാന്‍ പഠിക്കുക എന്നതാണ് ആ ലക്ഷ്യങ്ങള്‍. സ്വയം നന്നാകുന്നതിനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന നല്ല വ്യക്തിയാകാനും വിദ്യാഭ്യാസം സഹായിക്കുമെന്നാണ് ഈ ലക്ഷ്യങ്ങളെല്ലാം മുന്നോട്ട് വെക്കുന്നത്. പക്ഷേ, അമുല്‍ ബേബികളായാണ് ഇന്നത്തെ പുതിയ തലമുറ വളര്‍ന്നു വരുന്നത്.
കളിതമാശകള്‍ക്കൊപ്പം അല്പം കാര്യവും കൂടി ഉള്‍ക്കൊള്ളുന്ന ടൈംടേബിളായിരിക്കണം രക്ഷിതാക്കള്‍ ഈ അവധിക്കാലത്ത് മക്കള്‍ക്ക് വേണ്ടി തയ്യാറാക്കേണ്ടത്. കളിക്കാനും പഠിക്കാനും ഒപ്പം മറ്റു കാര്യങ്ങള്‍ക്കും ടൈംടേബിള്‍ തയ്യാറാക്കി അതിനനുസരിച്ചായിരിക്കണം പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. സമ്മര്‍ കോച്ചിംഗ് ക്യാമ്പുകളുമായി എല്ലാ രാഷ്ട്രീയ, മത ഗ്രൂപ്പുകളും മുന്നിട്ടിറങ്ങുന്ന കാലമായത് കൊണ്ട് തന്നെ അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങള്‍ കൈകൊള്ളുന്ന ക്യാമ്പുകളിലേക്കായിരിക്കണം നമ്മള്‍ മക്കളെ ചേര്‍ക്കേണ്ടത്.
പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, കൗമാര കാലഘട്ടത്തിലെ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ററി കാലയളവില്‍ ഓരോ കുട്ടിയുടെയും സര്‍ഗാത്മക കഴിവുകളൈ കണ്ടെത്താന്‍ ഓരോ രക്ഷിതാവിനും കഴിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ കുട്ടിയുടെ കഴിവിനനുയോജ്യമായ ക്യാമ്പസുകളിലേക്ക് മക്കളെ പറഞ്ഞയക്കാനും അവരുടെ വളര്‍ച്ചയില്‍ സന്തോഷിക്കാനും സാധിക്കൂ. മറ്റുള്ളവരെ താരതമ്യം ചെയ്തോ സ്വന്തം താല്പര്യത്തിനനുസരിച്ച് കുട്ടികളൈ പാകപ്പെടുത്തിയെടുക്കാനോ ഒരു രക്ഷിതാവും ശ്രമിക്കരുത്. നേര്‍വിപരീതമായ റിസല്‍ട്ടായിരിക്കും ഇത്തരം താരതമ്യപ്പെടുത്തലുകളില്‍ നിന്ന് ലഭിക്കുക.
സ്കൂള്‍ പഠനകാലയളവില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും മതപഠനത്തിന് സമയം ലഭിച്ചെന്നു വരില്ല. അത്തരം കുട്ടികള്‍്ക്ക് ഖുര്‍ആന്‍ ഓതാനും മനപാഠമാക്കാനും മറ്റുള്ള അറിവുകള്‍ക്കും ഒഴിവുവേളകള്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ രക്ഷിതാക്കള്‍ ആവിഷ്കരിക്കേണ്ടതുണ്ട്‌. ആരാധനാകര്‍മ്മങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയും അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനുമുള്ള അവസരങ്ങളുണ്ടാക്കുകയും ചെയ്യേണ്ടത് രക്ഷിതാക്കളാണ്.
കുട്ടികള്‍ക്കു മുമ്പില്‍ അറിവിന്‍റെ ലോകം തുറക്കാന്‍ വായന മര്‍മപ്രധാനമായ കാര്യമാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്ല പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അശ്ലീലങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളോ ഇസ്ലാമിനെതിരായ പുസ്തകങ്ങളോ വായിക്കാന്‍ നല്‍കരുത്. മഹാന്മാരുടെ ചരിത്രങ്ങള്‍ പ്രതിപാദിക്കുന്ന ചരിത്രപുസ്തകങ്ങള്‍ മനസ്സിനെ നന്മയിലേക്കു നയിക്കും. ഇതര ഭാഷകളിലുള്ള പുസ്തകങ്ങള്‍കൂടി ഉള്‍പെടുത്തിയാല്‍ കുട്ടികളുടെ ഭാഷാജ്ഞാനം വര്‍ധിക്കാന്‍ സഹായകമാകും. ചെറിയ കുട്ടികള്‍ അധികവും ഗെയിമുകളുടെ അടിമകളായി മാറിയിട്ടുണ്ടിന്ന്. കുട്ടികളുടെ മനസ്സില്‍ ആക്രമണ സ്വഭാവം വളര്‍ത്താന്‍ ഗെയിമുകള്‍ ഇടയാക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചതിനാല്‍ ഒഴിവുവേളകള്‍ സ്വതന്ത്രമായി ഗെയിം കളിക്കാന്‍ മൊബൈലുകള്‍ നല്‍കുന്നതിന് പകരം കഥാകവിതാ പുസ്തകങ്ങള്‍ നല്‍കി വായനയില്‍ പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. ലൈബ്രറികളില്‍ പോയി നിലവാരമുള്ള പുസ്തകങ്ങള്‍ നിര്‍ദേശിക്കുകയും പത്രവായനയിലൂടെ ലോകത്തെ കുറിച്ചുള്ള പൊതുബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ സമയം കണ്ടെത്തുകയും അടിച്ചേല്‍പ്പിക്കലില്ലാതെ എല്ലാം മന:ശാസ്ത്രപരമാവുകും വേണം.
ജോലിസാധ്യതക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്നതും അത്യാവശ്യമായതുകൊണ്ട് തന്നെ സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സുകള്‍ക്കും പ്രധാനമായ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്കും ഈ അവധിക്കാലത്തെ വിനിയോഗിക്കാം. പലകോഴ്സുകളും വാഗ്ദാനം ചെയ്ത് നിരവധി സംരംഭങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ സുലഭമാണ്. പഠിതാക്കളുടെ അനുഭവങ്ങളും പരിചയസമ്പന്നതയും നോക്കി മാത്രം കുട്ടികള്‍ക്കു പഠിക്കാനുള്ള സ്ഥാപനങ്ങളെ തീരുമാനിക്കുക. പുതിയതായി രൂപം കൊണ്ട സംരംഭകരെ വിശ്വസിക്കാന്‍ കഴിയാത്തതുകൊണ്ട് പരിചയമുള്ള സ്ഥാപനങ്ങളില്‍ മാത്രം ചേര്‍ക്കാന്‍ ശ്രമിക്കുക.
വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് ലഹരി ഉപയോഗിക്കുന്നവരാണ്. ചീത്തകൂട്ടുകെട്ടിലേക്ക് മക്കള്‍ പോകുന്നുണ്ടോയെന്ന് ഓരോ രക്ഷിതാവും അറിഞ്ഞിരിക്കണം. ഇന്‍റര്‍നെറ്റിന്‍റെ കാലത്ത് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന മക്കളാണോയെന്നും നിരീക്ഷിക്കേണ്ടതുണ്ട്.
എഴുത്തിലും പുരാവസ്തു ശേഖരണത്തിലും താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുമുണ്ടാകും. അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും മാതാപിതാക്കള്‍ താല്‍പര്യം കാണിക്കണം. ആണ്‍പെണ്‍ ഭേദമന്യേ പാചകം ചെയ്യാനും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടാനും മക്കളെ പ്രോത്സാഹിപ്പിക്കുക. രക്ഷിതാക്കള്‍ക്കും മക്കളുടെയുമിടയില്‍ മാനസിക പൊരുത്തം ഉണ്ടാക്കാന്‍ ഇത് സഹായകമാകും.
അണുകുടുംബമായി ജീവിക്കുന്നവരാണിന്നധികപേരും. വിദൂരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുമായി ഫോണില്‍ പോലും ബന്ധപ്പെടാറുണ്ടാവില്ല. കുടുംബക്കാരെ സന്ദര്‍ശിക്കലും ബന്ധം പുലര്‍ത്തലും ഇസ്ലാമില്‍ വളരെയധികം പുണ്യമുള്ള കാര്യമാണ്. അവധിക്കാലത്ത് കുടുംബ സന്ദര്‍ശനത്തിന് മുഖ്യമായൊരു പങ്ക് നല്‍കുക. തയ്യാറാക്കുന്ന ടൈംടേബിളില്‍ കുടുംബസന്ദര്‍ശനത്തിനൊരു ഇടവും കണ്ടെത്താം. വിനോദയാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ പഠനാര്‍ഹമായ സ്ഥലങ്ങള്‍ കൂടി ഉള്‍പെടുത്തുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും.
വീട്ടിലെപ്പോഴും സന്തോഷകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ് വീട്ടുകാര്‍ ശ്രദ്ധിക്കേണ്ടത്. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ ആരോഗ്യമള്ള ശരീരമുണ്ടാകൂ. സന്തോഷമൂഹൂര്‍ത്തങ്ങള്‍ മനസ്സിനെ ആരോഗ്യമുള്ളതാക്കിത്തീര്‍ക്കും. സൗഹൃദങ്ങള്‍ കുട്ടികളെ ചീത്തയാക്കിയെന്ന് കുറ്റപ്പെടുത്താന്‍ വരട്ടെ, മക്കളെ ചീത്തയാക്കിയതിന്‍റെ പ്രതികള്‍ മാതാപിതാക്കള്‍ തന്നെയാണെന്ന് തിരിച്ചറിയുക. മാതാപിതാക്കളും മക്കളും തമ്മില്‍ മാനസിക പൊരുത്തവും വൈകാരിക ബന്ധവും വേണം. മാനസികമായി അടുക്കുകയും തുറന്ന മനസ്സുണ്ടായിരിക്കുകയും വേണം. എന്നാല്‍ നിങ്ങളുടെ മക്കള്‍ നിങ്ങളെ അനുസരിക്കുന്നവരാവുമെന്നതില്‍ നിസ്സംഗതയില്ല.
ഉനൈസ് മൂര്‍ക്കനാട്

Leave a Reply

Your email address will not be published. Required fields are marked *