2017 March-April Hihgligts ആദര്‍ശം കാലികം പൊളിച്ചെഴുത്ത് വായന

കേരളമുസ്ലിം നവോത്ഥാനം ആരാണ് നേരവകാശികള്‍?

ലോകത്ത് ഓരോ കാലത്തും ഓരോ ജനതയെ സമുദ്ധരിക്കാന്‍ പ്രവാചകന്മാരായിരുന്നു ചരിത്രത്തില്‍ നിയോഗിക്കപ്പെട്ടിരുന്നത്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി (സ്വ) യുടെ കാലശേഷം ഓരോ ജനതയെയും സംസ്കരിക്കാനായി നിയോഗിക്കപ്പെട്ടവര്‍ക്ക് ‘മുജദ്ദിദുകള്‍’ എന്ന് പേരുപറയുന്നു. ഓരോ നൂറ്റാണ്ടുകള്‍ക്കും ഓരോ മുജദ്ദിദീങ്ങള്‍ (പരിഷ്കര്‍ത്താക്കള്‍) ഉണ്ടാകുമെന്ന് തിരുനബി (സ്വ) യില്‍ നിന്ന് മഹാനായ അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാം. നബി (സ്വ) ക്കു ശേഷം ആദ്യ പത്തു നൂറ്റാണ്ടുകളെ സംസ്കരിച്ച പരിഷ്കര്‍ത്താക്കളെ ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ഷിക്കുന്നുണ്ട്. ജാമിഉസ്വഗീറില്‍ നവോത്ഥാനനായകരെ എണ്ണുന്നത് ഇങ്ങനെയാണ്. ഉമറുബ്നു അബ്ദുല്‍ അസീസ് (റ), മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ (റ), ഇമാം അബുല്‍ ഹസമുല്‍ അശ്അരി (റ), ഖാളീ അബൂബക്കരില്‍ ബാഖില്ലാനി (റ), ഹുജ്ജതുല്‍ ഇസ്ലാം അബൂഹാമിദില്‍ ഗസ്സാലി (റ), ഇമാം ഫഖ്റുദ്ദീനുര്‍റാസി (റ), ഇമാം ഇബ്നു ബാഖിര്‍ അല്‍ ഈദ് (റ), ഇമാം ബുല്‍ഖയ്നി (റ), ഇമാം സകരിയ്യല്‍ അന്‍സ്വാരി (റ), ഇമാം ഹാഫിള് ജലാലുദ്ദീനുസ്സുയൂത്വി (റ) എന്നിങ്ങനെ പത്ത് നവോത്ഥാന നായകരെ ജാമിഉസ്വഗീറില്‍ പരിചയപ്പെടുത്തുന്നു.
ചരിത്രമാണെന്നതു കൊണ്ട് സ്വാഭാവികമായും ഉണ്ടാകാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടുവരേക്കും ഈ പരിഷ്കര്‍ത്താക്കളുടെ നിരക്ക് മാറ്റം വന്നിട്ടില്ല. ഹിജ്റ ആറാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇബ്നുഅബ്ദില്‍ വഹാബിന്‍റെ രംഗപ്രവേശനം വരെ സമൂഹത്തില്‍ ഒരു മുജദ്ദിദുകളും ഉണ്ടായിട്ടില്ല എന്ന വ്യതിയാന ചിന്താഗതിക്കാരുടെ വാദഗതികള്‍ തീര്‍ത്തും ചരിത്രത്തോട് മാറുകാണിക്കുന്നതാണെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. കേരളത്തിലാകട്ടെ, 1992 വരെ കേരളത്തിന്‍റെ മണ്ണിലെവിടെയും ഒരു നവോത്ഥാന പ്രക്രിയകളും നടന്നിട്ടില്ല എന്ന കേരള സലഫികളുടെ വാദമുഖങ്ങളും വാസ്തവ വിരുദ്ധമാണ്. അങ്ങനെയെങ്കില്‍ അബൂഹുറൈറ (റ) ഉദ്ധരിച്ച മേല്‍ ഹദീസിന് കടക വിരുദ്ധമായിട്ടാണ് ഈ വാദഗതികളെ നാം നോക്കിക്കാണേണ്ടത്.
തിന്മയുടെ നിര്‍മ്മാര്‍ജനമാണ് പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തന മണ്ഡലത്തിന്‍റെ മുഖ്യമായൊരു ഭാഗവും. പുത്തന്‍ പ്രസ്ഥാനങ്ങള്‍ വിശുദ്ധമതത്തിന്‍റെ പേരില്‍ തലപൊക്കിയപ്പോള്‍ അവകളെ മുരടോടെ പിഴുതെറിയാന്‍ മുജദ്ദിദുകളുടെ അനിവാര്യതയായി മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇത്തരം അവാന്തര കക്ഷികളോട് ആഗോളതലത്തില്‍ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് മുക്തകണ്ഡം പോരാടിയ രണ്ട് യൂസുഫുമാരെക്കുറിച്ച് ചരിത്രം നമ്മോട് സംസാരിക്കുന്നുണ്ട്. ശൈഖ് യൂസുഫുന്നബ്ഹാനി (റ) വും ശൈഖ് യൂസുഫുദ്ദജവി (റ) യുമാണാ രണ്ടു പേര്‍. നജ്ദിയന്‍ പുത്തന്‍ വാദങ്ങള്‍ക്കെതിരെ നാക്കു കൊണ്ടും പേനത്തുമ്പുകൊണ്ടും പോരാടുകയായിരുന്നു ഈ ചരിത്ര പുരുഷന്മാര്‍. ഇന്ത്യയില്‍ ഈ ദൗത്യം ഏറ്റെടുത്തത് പ്രഗത്ഭനായ പണ്ഡിതനും പരിഷ്ക്കര്‍ത്താവുമായ അഅ്ലാ ഹസ്റത്ത് അഹ്മദ് റിളാഖാന്‍ ബറേല്‍വി (റ) യായിരുന്നു. സമസ്തയുടെ ആദ്യകാല നേതാക്കളില്‍ പെട്ടയാളും സമുന്നതനായൊരു പണ്ഡിതനുമായ വാലാട്ട് മൂസക്കുട്ടി ഹാജി മക്കയില്‍ പോയി യൂസുഫുന്നബ്ഹാനിയുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. മൂസക്കുട്ടി ഹാജിയില്‍ നിന്നാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ വിജ്ഞാനത്തിന്‍റെ അക്ഷരങ്ങള്‍ അഭ്യസിച്ചത്. സമസ്തയുടെ പൂര്‍വ്വകാല നേതാക്കളില്‍ പ്രഗത്ഭനായ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ അഹ്മദ് രിളാഖാന്‍ ബറേല്‍വിയുടെ നേരിട്ടുള്ള ശിഷ്യത്വം സ്വീകരിച്ചയാളാണ്. ഈ ശിഷ്യനാണ് പത്തൊന്‍പതുകളില്‍ മഹാഗുരുവില്‍ നിന്ന് സമസ്തയടെ പതാക ഏറ്റുവാങ്ങിയത്. ചുരുക്കത്തില്‍ ആഗോള തലത്തിലുള്ള ഇസ്ലാമിക നവോത്ഥാനത്തോട് സമസ്തക്ക് ഗാഢമായ ബന്ധമുണ്ടെന്നര്‍ത്ഥം.
വഹാബിസത്തിന്‍റെ രക്തത്തില്‍ പുരണ്ട തൗഹീദ്, ഹിജാസില്‍ വിളവെടുക്കുന്ന കാലത്ത് ഹിജാസില്‍ നടന്നൊരു സംഭവം ശൈഖ് യൂസുഫുന്നബ്ഹാനി (റ) വിവരിക്കുന്നതിങ്ങനെയാണ്. മസ്ജിദില്‍ ആരാധനയില്‍ മുഴുകിയിരുന്ന ഒരു പണ്ഡിതന്‍റെ സമീപത്തേക്ക് ഇബ്നുഅബ്ദില്‍ വഹാബ് കയറിച്ചെന്നു തന്‍റെ ദര്‍ശനങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങി. ഹിജ്റ ആറാം നൂറ്റാണ്ടു മുതല്‍ സമുദായം അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും മുഴുകിയെന്നും മതത്തിന്‍റെ സത്ത പൂര്‍ണ്ണമായി നശിച്ചുവെന്നും താനതു പുനരുദ്ധരിക്കാന്‍ പോകുന്നുവെന്നും അയാള്‍ അവകാശപ്പെട്ടു. പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞ മതം പുനരുദ്ധരിക്കാന്‍ അതിന്‍റെ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കെവിടെന്നു കിട്ടിയെന്ന് ആ പണ്ഡിതന്‍ തിരിച്ചു ചോദിച്ചു. കൃത്യമായൊരുത്തരം പറയാന്‍ ഇബ്നുഅബ്ദില്‍ വഹാബ് പ്രയാസപ്പെട്ടു. ഒഴിവുകഴിവെന്നോണം തനിക്ക് ഇല്‍ഹാമുണ്ടാകുന്നുവെന്ന് ഇബ്നു അബ്ദുല്‍ വഹാബ് മറുപടി പറഞ്ഞപ്പോള്‍ പണ്ഡിതന്‍റെ തിരിച്ചടി അയാളെ ഇളിഭ്യനാക്കുന്നതായിരുന്നു. നിങ്ങളെപോലൊരു കള്ളന്‍ ഇവിടെ വരുമെന്ന് എനിക്കും ഇല്‍ഹാമുണ്ടായിയെന്നായിരുന്നു മറുപടി.
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് സലഫിസം രംഗത്തുവരുന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് അബുല്‍ അഅ്ലാ മൗദൂദിയുടെ മൗദൂദിസം രൂപപ്പെടുന്നത്. ഇതിനും മുമ്പും പിമ്പും നവോത്ഥാന നായകരുടെ കടന്നുവരവും അവരുടെ സംസ്കണപ്രക്രിയകളും ആഗോളതലത്തില്‍ നടന്നിട്ടുണ്ട്. നബി (സ്വ) യുടെ കാലത്തുതന്നെ വിശുദ്ധരായ സ്വഹാബിവര്യന്മാര്‍ കേരളത്തിലേക്ക് ഇസ്ലാമിന്‍റെ ദിവ്യവെളിച്ചവുമായി കടന്നുവന്നതിന് ചരിത്രം സാക്ഷിയാണ്. സാക്ഷാല്‍ വഹാബീ നേതാക്കളുടെ പുസ്തകങ്ങളിലും ഈ ചരിത്രങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ചേരമാന്‍ പെരുമാളിന്‍റെ ഇസ്ലാം ആശ്ലേഷണവും മക്കായാത്രയും മാലികുബ്നു ദീനാറും സംഘവും വന്നതുമൊക്കെ പ്രാമാണിക ചരിത്രഗ്രന്ഥങ്ങള്‍ക്കു പുറമെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന കൃതിയില്‍ സ.എന്‍ അഹ്മദ് മൗലവിയും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും ഉദ്ധരിച്ചതുകാണാം. സലഫി വിഭാഗത്തിന്‍റെ അന്നദ്വാ എന്ന പ്രസിദ്ധീകരണത്തിലും ഈ കാര്യം കാണാം.
മദീനയില്‍ തിരുനബി (സ്വ) നടപ്പില്‍ വരുത്തിയ ഇസ്ലാം ഏതോ, അത് യഥാവിധി അണുമണി പോലും വ്യതിചലിക്കാതെ അതേ കാലത്തും സമയത്തും കേരളത്തിലും നിലവില്‍ വന്നുവെന്നാണ് ചരിത്രം വിളിച്ചു പറയുന്നത്. കേരളീയ സുന്നീ സമൂഹം അനുഷ്ടിച്ചു പോരുന്ന അറബിയിലുള്ള ജുമുഅ ഖുത്വുബ, ജുമുഅയുടെ രണ്ടാം ബാങ്ക്, ഇരുപത് റക്അത്തുള്ള തറാവീഹ്, സുബ്ഹി നിസ്കാരത്തിലെ ഖുനൂത്, നിസ്കാര ശേഷമുള്ള കൂട്ടുപ്രാര്‍ത്ഥന തുടങ്ങിയവയെല്ലാം നബി (സ്വ) യുടെ കാലത്ത് കേരളത്തില്‍ വന്നിറങ്ങിയ സഹാബിവര്യന്മാര്‍ നടപ്പില്‍ വരുത്തിയതാണെന്ന് ചരിത്രം വായിക്കുന്നവര്‍ക്ക് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
മാലികുബ്നു ദീനാര്‍ (റ) വിന്‍റെ പരമ്പര ഏകദേശം അവസാനിക്കുന്നതോടെ യമനില്‍ നിന്നും ബുഖാറയില്‍ നിന്നുമൊക്കെ ഇസ്ലാമിക വരേണ്യര്‍ക്ക് നിരവധി ശിഷ്യഗണങ്ങളുണ്ടായി. ഈയൊരു വൈജ്ഞാനിക വിനിമയത്തിന് ചരിത്രത്തില്‍ തെല്ലിടപോലും ഇടവേളയോ സ്തംഭനമോ ഉണ്ടായിട്ടില്ല. വിശ്രതരായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍, താജുല്‍ ഉലമ സയ്യിദ് അബ്ദുറഹാമാന്‍ അല്‍ ബുഖാരി, ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വരെ എത്തിനില്‍ക്കുന്നത് ഈ വൈജ്ഞാനിക പ്രസരണ ശൃംഗലയാണ്.
ഹിജ്റയുടെ അഞ്ചാം വര്‍ഷം മുതല്‍ ഇസ്ലാം മതത്തിന്‍റെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്നു തന്നെ കേരളത്തിന് അതു ലഭിച്ചുവെന്നാണ് ചരിത്രം. മുഖ്യമായും നാല് താവഴികളില്‍ നിന്നാണ് ഇത് ലഭിച്ചതെന്നും ചരിത്രം പറയുന്നു. 1) മാലിക്ബ്നു ദീനാര്‍ 2) കോഴിക്കോട് ഖാളിമാര്‍ 3) മഖ്ദൂമുമാര്‍ 4) ഹള്റമികള്‍ എന്നിവയാണവ. മലയാള ഭാഷ വായിക്കപ്പെടാനൊരു ലിപി പോലുമില്ലാത്ത കാലത്ത് മുസ്ലിം പണ്ഡിതന്മാര്‍ അറബി മലയാളമെന്ന ലിപിയുണ്ടാക്കുകയും അതിലൂടെ സമൂഹത്തെ ഉദ്ബുദ്ധരാക്കുകയും മാല മൗലിദുകളും ഖിസ്സപ്പാട്ടുകളും രചിക്കുകയും ചെയ്തുവെന്നത് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം.
1922 കള്‍ക്കു ശേഷമാണ് കേരളത്തില്‍ നവോത്ഥാനമുണ്ടായതെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ തങ്ങളുടേതായി പരിചയപ്പെടുത്തുന്ന നേതാക്കളൊന്നും 22 ന് മുമ്പ് കടന്നുപോയ മഹോന്നതരായ പണ്ഡിതവരേണ്യര്‍ ചെയ്തു തീര്‍ത്ത ധൈഷണികവും അവസരോചിതവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ശരിയായ ചരിത്രത്തിലില്ല. മറിച്ച്, കേരളമുസ്ലിംകള്‍ ഒരു പള്ളിയെയും ഒരു ഇമാമിനെയും ഒരു മഹല്ലിനേയും ആശ്രയിച്ചിരുന്ന പ്രവിശ്യകളിലൊക്കെ ഛിദ്രതയുണ്ടാക്കിയെന്നതാണ് ഈ നവോത്ഥാന നാട്യക്കാര്‍ നടത്തിയകാര്യമായ പ്രവര്‍ത്തനം. ആശയപരമായി പാരമ്പര്യമുസ്ലികള്‍ അനുഷ്ടിച്ചു പോന്നിരുന്ന ആത്മീയ മൂല്യങ്ങളെയും വിശ്വാസരീതികളെയും ശിര്‍ക്കും കുഫ്റുമാക്കി ചിത്രീകരിച്ച്, 1922 നു മുമ്പുണ്ടായിരുന്ന സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ഇസ്ലാമിനെ ഇതര മതസ്ഥര്‍ തെറ്റിദ്ധരിക്കാന്‍ കാരണമായെന്നതു മാത്രമാണ് ഇത്തരം കപട നവോത്ഥാനക്കാരുടെ ചെയ്തികള്‍ കൊണ്ടുണ്ടായത് എന്ന് സമൂഹം മനസ്സിലാക്കണം. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്‍റെ നേരവകാശികള്‍ ഇവരല്ല, മറിച്ച് സ്വാത്വികരായ ഒരു പണ്ഡിതവ്യൂഹം സൃഷ്ടിച്ചെടുത്ത നവോത്ഥാനമാണ് മുസ്ലിംകളെ ഉല്‍ബുദ്ധരാക്കിയത്.
ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Leave a Reply

Your email address will not be published. Required fields are marked *