2017 July-Aug Hihgligts വായന സമകാലികം സാഹിത്യം

മുസ്ലിംകള്‍ എന്നുമുതലാണ് രാജ്യദ്രോഹികളായത്?

ഇന്ദ്രപ്രസ്ഥത്തിലെ അധികാരക്കസേരകളിലിരുന്ന് വര്‍ഗീയ ശക്തികള്‍ മതധ്രുവീകരണത്തിന് പ്രചണ്ഡമായ അജണ്ടകള്‍ പടച്ച് വിട്ട് അതിനെ പ്രയോഗവല്‍ക്കരിക്കാന്‍ ആള്‍ബലവും ആയുധവും നല്‍കിക്കൊണ്ടിരിക്കുന്ന പ്രശ്നകലുഷിതമായ സാഹചര്യങ്ങള്‍ക്കിടയിലാണ് രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തീക്ഷണമായ സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ ഫലപ്രാപ്തിയിലെത്തിയിട്ട് 70 വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് വിലയിരുത്തി ഊറ്റം കൊള്ളാന്‍ ഓരോ ഭാരതീയനും നിലവിലെ സാഹചര്യങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്ന നിരീക്ഷണത്തിന് വലിയ പ്രസക്തിയുണ്ട്. സ്വതന്ത്രഭാരതത്തില്‍ അതിന്‍റെ അടിസ്ഥാന ആശയങ്ങള്‍ ഇത്ര കണ്ട് വ്യഭിചരിക്കപ്പെട്ട ഒരു സാഹചര്യവും മുമ്പുണ്ടായിട്ടില്ലെന്നതിന് ചരിത്രം പിന്‍ബലമേകുന്നു. മതേതര കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും നിഷ്കാസനം ചെയ്ത് ഹിന്ദുത്വ വര്‍ഗീയതയുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് ഇന്ദ്രപ്രസ്ഥം. രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളില്‍ അതിപ്രധാനമായ പങ്ക് വഹിച്ചിരുന്ന മുസ്ലിം സമൂഹം നിലനില്‍പ്പിനു വേണ്ടിയുള്ള ശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യസ്നേഹം വിശ്വാസത്തിന്‍റെ ഭാഗമായി ഉള്‍കൊണ്ട് പ്രവര്‍ത്തിച്ചവര്‍ ദേശസ്നേഹം തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭീഭത്സകമായ സാഹചര്യമാണ് ഇന്നുള്ളത്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ് പ്രീണനം വെച്ചുപുലര്‍ത്തിയ ആര്‍ എസ് എസു കാര്‍ രാജ്യസ്നേഹികളുടെ മേല്‍കുപ്പായം ശരീരവുമായി ഇണക്കാന്‍ നന്നായി പാടുപെടുന്നുണ്ട്.
എട്ട് നൂറ്റാണ്ടുകാലം ഇന്ത്യയുടെ സിംഹഭാഗങ്ങളെയും നീതിപൂര്‍വ്വം ഭരിച്ച് പില്‍ക്കാല ഇന്ത്യക്ക് അഭിമാനിക്കാവുന്ന സ്മരണകളും സ്മാരകങ്ങളും തീര്‍ത്ത മുസ്ലിം ഭരണാധികാരികളുടെ അനന്തരമെടുക്കേണ്ടവര്‍ ഡല്‍ഹിയടക്കമുള്ള തലസ്ഥാന കേന്ദ്രങ്ങളില്‍ റിക്ഷ വലിച്ച് ഒരു നേരത്തെ പശിയടക്കാന്‍ പാടുപെടുന്നുവന്ന സത്യത്തോട് കണ്ണടക്കാന്‍ നമുക്കാവില്ല. ഇന്ത്യാ മഹാരാജ്യത്തെ ആത്മീയമായി നിയന്ത്രിച്ച് സാംസ്കാരിക ഔന്നിത്ത്യത്തിലെത്തിച്ച ഖാജാ മുഈനുദ്ധീന്‍ ചിശ്തിയുടെയും നിസാമുദ്ധീന്‍ ഔലിയയുടെയും മമ്പുറം തങ്ങന്മാരുടെയും പിന്മുറക്കാര്‍ രാജ്യത്തോട് കൂറില്ലാത്തവരായി മുദ്ര കുത്തപ്പെട്ടത് ചരിത്രത്തോട് കാണിച്ച പൊറുക്കാനാവാത്ത അപരാധമാണ്. സ്വാതന്ത്ര്യ പുലരികളില്‍ ഇന്ത്യാ മഹാരാജ്യത്തു തന്നെ സമാധാന പൂര്‍വ്വം ജീവിക്കാന്‍ ത്യാഗപൂര്‍വ്വം തയ്യാറെടുത്തവര്‍ ഒറ്റുകാരായും രാജ്യദ്രോഹികളായും പീഡനങ്ങളേറ്റ് ന്യൂനപക്ഷമായി അരികുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യാരാജ്യത്ത് തുല്ല്യപൗരത്വം നല്‍കുകയില്ലെന്നും രണ്ടാംകിട പൗരന്മാരായി ഭൂരിപക്ഷത്തിന്‍റെ ദയാദാക്ഷിണ്യത്തില്‍ വേണമെങ്കില്‍ ജീവിച്ച് മരിക്കാമെന്നുള്ള ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തത്തിന്‍റെ പ്രയോഗവല്‍ക്കരണമാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇത്രയും രോഗാതുരമായി ഇന്ത്യാ മഹാരാജ്യം മാറിയതെങ്ങനെയാണ്? സ്നേഹിക്കാന്‍ മാത്രം കഴിയുന്ന മുസ്ലിം ഉമ്മത്ത് വിനാശകാരികളെന്ന് മുദ്ര കുത്തപ്പെടാനുണ്ടായ സാഹചര്യങ്ങളെന്തെല്ലാമാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിപ്പോകേണ്ടത് ചരിത്രത്തിന്‍റെ താളുകളിലേക്കാണ്.
സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളിലെ
മുസ്ലിം സാന്നിധ്യം
വൈദേശിക ആധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് തങ്ങളുടെ ദൗത്യ ബോധം തിരിച്ചറിഞ്ഞ് പോരാടിയവരാണ് മുസ്ലിം സമൂഹം. മതവികാരങ്ങള്‍ ആളിക്കത്തിച്ച് ഭിന്നിപ്പിച്ച് കാര്യം നേടാനുള്ള ബ്രിട്ടീഷ് തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ട് മതസൗഹാര്‍ദ്ധത്തിന്‍റെ വഴിയിലൂടെ രാജ്യത്തിന് വേണ്ടി പോരാടിയവര്‍ ചരിത്ര പുസ്തകങ്ങളില്‍ അവമതിക്കപ്പെട്ടതെങ്ങനനെയാണ്. ബ്രിട്ടീഷ് ചരിത്രകാരന്മാരായ വില്ല്യം ലോഗനും ഇന്നസും മുസ്ലിം പോരാട്ടങ്ങളെ തെറ്റായി ചിത്രീകരിച്ച ചരിത്രകാരന്‍മാരാണ്. സ്വരാജ്യത്തിന് വേണ്ടി ചോര ചിന്തിയവര്‍ ബ്രിട്ടീഷ് ചരിത്രങ്ങളിലും അത് കണ്ണടച്ച് വിഴുങ്ങിയ ഭാരതീയ ചരിത്രകാരന്മാരിലും അപരിഷ്കൃതരും രാജ്യദ്രോഹികളുമായി മാറി. എന്നാല്‍ ഇവിടെ സത്യങ്ങള്‍ അപ്പാടെ കുഴിച്ചുമൂടപ്പെടുകയാണുണ്ടായത്. നേര്‍ചിത്രങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് തീക്ഷ്ണതയേറിയ ത്യാഗപ്പോരാട്ടങ്ങളുടെ ചരിത്രമാണ്.
വൈദേശികരോട് രാജിയാവാതെ അവര്‍ക്കെതിരില്‍ സമൂഹത്തെ സംഘടിപ്പിക്കുന്നതില്‍ വിജയം കണ്ട മതനേതൃത്വമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. അധിനിവേശ ശക്തികള്‍ക്കെതിരില്‍ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നതായിരുന്നു അക്കാലത്ത് മതനേതൃത്വം പുറപ്പെടുവിച്ച ഫത്വകളുടെ രാഷ്ട്രീയമാനം. അതിനാല്‍ യൂറോപ്യര്‍ ഫത്വകളെ തങ്ങള്‍ക്കെതിരെ യുദ്ധം നടത്താനുള്ള മുഹമ്മദീയ്യ നേതൃത്വത്തിന്‍റെ ആഹ്വാനമായി ഉള്‍ക്കൊണ്ടു. 1524 മുതല്‍ ഒരു നൂറ്റാണ്ടുകാലം സാമൂതിരിയുടെ നാവിക സേനാധിപതിയായി തിളങ്ങി നിന്ന കുഞ്ഞാലി മരക്കാരുമാര്‍ പകരുന്ന ആവേശം ചെറുതല്ല. പതിനാറാം നൂറ്റാണ്ടില്‍ രാജ്യത്തെ വറ്റിച്ച് കുടിക്കാനെത്തിയ കുരിശാരാധകര്‍ക്കെതിരെ ധര്‍മസമരം ആഹ്വാനം ചെയ്ത് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച തഹ്രീളു അഹ്ലില്‍ ഈമാനി അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍ എന്ന സമരകാവ്യം ഏറെ ശ്രദ്ധേയമാണ്. രാജ്യത്ത് അരാജകത്വം വിതക്കാനെത്തിയ പറങ്കികളുടെ ഉദ്ധേശ്യ ലക്ഷ്യങ്ങളുടെ ചതി തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ പടയണി ചേരാന്‍ ആഹ്വാനം ചെയ്ത് പടയാളികള്‍ക്ക് ഉപഹാരം (തുഹ്ഫതുല്‍ മുജാഹിദീന്‍) രചിച്ചത് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമനാണ്. ഖാളി മുഹമ്മദിന്‍റെ സമരകാവ്യമായ ഫത്ഹുല്‍ മുബീനിന്‍റെയും താല്‍പര്യം മറ്റൊന്നായിരുന്നില്ല. 1770ല്‍ മലബാറിലെത്തിയ സയ്യിദ് അലവി തങ്ങള്‍ ജാതി മത ഭേദമന്യേ വൈദേശികര്‍ക്കെതിരില്‍ സമൂഹത്തെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. തങ്ങളുടേതാണെന്ന് പറയപ്പെടുന്ന സൈഫുല്‍ ബത്താറടക്കുള്ള ഫത്വകള്‍ ബ്രിട്ടീഷുകാരില്‍ വലിയ അലോസരം സൃഷ്ടിക്കുന്നതായിരുന്നു. അലവി തങ്ങളുടെ മകന്‍ ഫള്ല്‍ തങ്ങളും പിതാവിന്‍റെ പാത പിന്തുടര്‍ന്ന് സമരപ്പാതയില്‍ സജീവമായവരാണ്. മഹാനവര്‍കളുടെ ഉദ്ദതുല്‍ ഉമറാ വല്‍ ഹുക്കാം ലിഇഹാനതില്‍ കഫറതി വ അബദതില്‍ അസ്നാം എന്ന കൃതി ഇത് സാക്ഷ്യപ്പെടുത്തുന്നു. 1852ല്‍ ജഡ്ജ് സ്ട്രേഞ്ചിന്‍റെ ഭാഷയില്‍ രാജ്യദ്രോഹിയായി മക്കത്തേക്ക് നാടുകടത്തുന്നതു വരെ ആ സമരപ്പോരാളി സമരരംഗത്ത് സജീവമായി നിലകൊണ്ടു. ഗാന്ധിജിക്കു മുമ്പേ ബ്രിട്ടീഷുകാരുടെ നികുതി പിരിവിനെതിരെ ശബ്ദിച്ചയാളായിരുന്നു വെളിയങ്കോട് ഉമര്‍ ഖാളി(റ). 1819 ഡിസംബര്‍ 18ന് ജയിലിലടക്കപ്പെട്ട മഹാന്‍ മമ്പുറം തങ്ങള്‍ക്കെഴുതിയ കത്തില്‍ പറയുന്ന വാക്കുകള്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദായിട്ടാണവര്‍ ഉള്‍ക്കൊണ്ടിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹു സൃഷ്ടിച്ച മനുഷ്യന്‍ മരിക്കാനുള്ളതാണ്. എന്നാല്‍ സന്മാര്‍ഗ കാംഷികള്‍ക്കുത്തമം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മരിക്കുകയാണ്’. ഇവര്‍ക്കു പുറമേ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളുമടക്കമുള്ള പോരാളികളുടെ ചരിത്രങ്ങള്‍ പുനര്‍വായന ആവശ്യപ്പെടുന്നുണ്ട്. ചേറൂര്‍ പടയും മലപ്പുറം പടയും മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനങ്ങളുമെല്ലാം മുസ്ലിം ഉമ്മത്തിന്‍റെ രാജ്യസ്നേഹത്തെയാണ് കാണിക്കുന്നത്. അത്തന്‍ കുരിക്കള്‍, ഉണ്ണിമൂസ, ചെമ്പന്‍ പോക്കറടക്കമുള്ളവരോട് ചരിത്രപുസ്തകങ്ങള്‍ കാണിച്ച മുഖംതിരിവ് നീതീകരിക്കാവുന്നതല്ല. മാപ്പിള റെബല്യന്‍ ആന്‍റ് ഇറ്റ് ജെനസിസ്, ദി മാപ്പിളാസ് ഓഫ് മലബാര്‍ (സ്റ്റീഫന്‍ -ഡെയ്ല്‍) തുടങ്ങിയ കൃതികള്‍ മലബാര്‍ മുസ്ലിംകളുടെ പോരാട്ടവീര്യത്തെ തെര്യപ്പെടുത്തുന്നുണ്ട്. 1854 ല്‍ മാപ്പിള ഔട്ട് റേജസ് ആക്ടിലൂടെ മുസ്ലിംകള്‍ക്ക് കനത്ത പീഡനമേല്‍പ്പിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. ആന്തമാന്‍ സ്കീം പ്രഖ്യാപിച്ച് വിശ്വാസികളെ ആന്തമാനിലേക്ക് നാടുകടത്തി അവരുടെ സമരവീര്യത്തെ തകര്‍ക്കാനും ബ്രിട്ടീഷുകാര്‍ മറന്നില്ല. 1921ലെ വാഗണ്‍ ട്രാജഡി ഓര്‍മിപ്പിക്കുന്നത് മലബാറില്‍ മുസ്ലിംകളുടെ പോരാട്ടവീര്യത്തെ തല്ലിക്കെടുത്താനുള്ള വൈദേശികരുടെ ഹിംസാത്മക പ്രവര്‍ത്തനങ്ങളെയാണ്.
വൈദേശികര്‍ക്കെതിരെ ചങ്കൂറ്റത്തോടെ യുദ്ധം ചെയ്ത ടിപ്പുവിനെയും പിതാവ് ഹൈദരലിയെയും മതഭ്രാന്തന്‍മാരായാണ് ചരിത്രകാരന്‍മാര്‍ പരിചയപ്പെടുത്തുന്നത്. ക്ഷേത്രങ്ങളെ സഹായിച്ചും ഹിന്ദു മുസ്ലിം ഐക്യം സാധ്യമാക്കാനും ശ്രമിച്ചവര്‍ മതഭ്രാതന്തന്മാരായി ചിത്രീകരിക്കപ്പെട്ടത് ബ്രിട്ടീഷുകാരുടെ കുടില തന്ത്രങ്ങളുടെ ബാക്കി പത്രമായിരുന്നു. ദേശീയ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ട മുസ്ലിം നാമങ്ങള്‍ ഇനിയും ധാരാളമുണ്ട്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരുപോലെ വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ഗുണ ഫലം നല്‍കുന്നതായിരുന്നു. തന്‍റെ ജനതക്ക് വേണ്ടി അല്‍ അമീനിലൂടെ നിരന്തരം ശബ്ദമുയര്‍ത്തുകയായിരുന്നു സാഹിബ്. പല വിഷയങ്ങളും ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അല്‍ അമീനില്‍ അദ്ധേഹം എഴുതിയ മുഖപ്രസംഗങ്ങള്‍ക്കായിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ആന്തമാന്‍ സ്കീമിനെതിരെ തുറന്നടിച്ച് അദ്ധേഹം എഴുതിയ മുഖപ്രസംഗം ബ്രിട്ടീഷുകാരുടെ നീചത്തരങ്ങളെ തുറന്നു കാണിക്കുന്നതാണ്. ബല്ലാരി ജയിലിലെ ബ്രിട്ടീഷ് പീഢനങ്ങളെ അദ്ധേഹം വിവരിക്കുന്നുണ്ട്. ‘ കാട്ടുമൃഗങ്ങളെയെന്നോണം അടിച്ചു ഭയപ്പെടുത്തി കീഴടക്കി വെയ്ക്കണമെന്ന നയമാണ് ജയിലധികൃതര്‍ കൈക്കൊള്ളുന്നത്. മനുഷ്യ സമൂഹത്തിലുള്ള കീടങ്ങളെയാണ് ജയില്‍ വാര്‍ഡര്‍മാരായി കാണുന്നത്. ഇവര്‍ക്ക് ഇവരുടെ നിഷ്ഠൂരതകളെ ഉപയോഗപ്പെടുത്താന്‍ തടസ്സമില്ലെന്നു മാത്രമല്ല, പ്രോത്സാഹനം കൂടി മേലധികാരികളില്‍ നിന്ന് ഉണ്ടെന്ന് വന്നാല്‍ പിന്നെ സാധു തടവുകാര്‍ക്ക് എവിടുന്നാണ് രക്ഷ. പരിപ്പിന് പകരം കറിക്ക് തോല്‍ കളയാത്ത തുവര അരച്ചുകലക്കി പതപ്പിച്ചു കൊടുക്കുന്നത് കൊണ്ട് അനവധി പേര്‍ ദിവസേന മരിക്കുന്നു. ഈ സാധുക്കളുടെ കഷ്ടപ്പാടുകള്‍ എണ്ണിപ്പറയുവാന്‍ പ്രയാസമാണ്. തടവുകാരില്‍ അധികം പേരും കീറിപ്പറിഞ്ഞ് നഗ്നത മറക്കുവാന്‍ കഴിയാതെയാണ് നടക്കുന്നത്. ചങ്ങലയില്‍ പൂട്ടപ്പെട്ട കരിങ്കല്ലുകളിന്മേല്‍ ഉറങ്ങേണ്ടിവരുന്ന സാധുക്കള്‍ക്ക് വിരിച്ചുകിടക്കാന്‍ കമ്പിളി പോലും കൊടുക്കാത്ത ഭരണാധികാരികളുടെ മന:സ്ഥിതിയെപ്പറ്റി എന്താണ് പറയേണ്ടത്( അല്‍ അമീന്‍).
അദ്ധേഹത്തിന് പുറമേ മൗലാനാ മുഹമ്മദലിയും, ശൗകത്തലിയും, ഖാഇദേ മില്ലത്തും തുടങ്ങി ഒട്ടനേകം മുസ്ലിം പ്രമുഖരാണ് സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ രാജ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ച് പോരാടിയത്.

സ്വാതന്ത്ര്യാനന്തര ഭാരത ത്തിലെ മുസ്ലിം
സ്വാതന്ത്യത്തിനു ശേഷം ഹൃദയഭേദകമായ ഇന്ത്യാ വിഭജനം രാജ്യത്തെ മുസ്ലിംകളില്‍ കടുത്ത അസ്ഥിരതയുണ്ടാക്കിയെന്നത് സത്യമാണ്. മുസ്ലിംകള്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണെന്ന ധാര്‍ഷ്ഠ്യം പലരും തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് സംരക്ഷണം കൊടുക്കണമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ അദ്ധേഹം വധിക്കപ്പെടുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. പിന്നീട് ന്യൂനപക്ഷമായി ഭൂരിപക്ഷത്തിന്‍റെ ക്രൂരതകള്‍ക്ക് ഇരകളായി മാറുകയായിരുന്നു മുസ്ലിം സമൂഹം. അധികാര കേന്ദ്രങ്ങളില്‍ നിന്ന് തന്ത്രപൂര്‍വ്വം മുസ്ലിംകള്‍ തഴയപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരം നഷ്ടപ്പെട്ടവര്‍ അവിടേക്ക് അറിവന്വേഷിച്ചെത്തുന്നതിനു പ്രതിബദ്ധങ്ങളായി. കടുത്ത വര്‍ഗീയ ധ്രുവീകരണം വഴി രാജ്യത്തെ ജനമനസ്സുകളെ രണ്ടായി ചിന്തിക്കാന്‍ പാകപ്പെടുത്തിയതില്‍ ഹിന്ദുത്വ വര്‍ഗീയതയുടെ പങ്ക് ചെറുതൊന്നുമല്ല. 1992 ല്‍ ബാബരി മസ്ജിദ് ധ്വംസനത്തിലൂടെയും 2002ലെ ഗുജറാത്ത് കലാപത്തിലൂടെയും മുസ്ലിംകള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവരല്ലെന്ന ധിക്കാരം തുറന്നുകാണിക്കുകയായിരുന്നു വര്‍ഗീയതയുടെ പ്രയോക്താക്കള്‍. കലാപങ്ങളിലൂടെയും ഭീകര ബന്ധമാരോപിച്ചും മുസ്ലിം സമൂഹത്തെ ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചവര്‍ വിജയം കണ്ടതിന്‍റെ ചടുല നൃത്തം തുടര്‍ന്നു. 2006 ലെ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തുറന്നു കാണിച്ച ചില സത്യങ്ങള്‍ മുസ്ലിം സമൂഹത്തിലെ ഈ അസ്ഥിരതയുടെ ബാക്കിപത്രങ്ങളായിരുന്നു. പിന്നീട് 2013 ല്‍ മുസഫര്‍ നഗറിലും കലാപമുണ്ടാക്കി തങ്ങളുടെ ലക്ഷ്യം തുറന്നു കാണിക്കാനും ഇരുട്ടിന്‍റെ ശക്തികള്‍ മറന്നില്ല. രാജ്യത്തെ ജനങ്ങളുടെ മതവികാരം ആളിക്കത്തിച്ച് വോട്ടു ബാങ്ക് സൃഷ്ടിച്ച് ഇന്ദ്രപ്രസ്ഥം കയ്യടക്കിയ ബി ജെ പി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മുസ്ലിം വിരുദ്ധ സമീപനങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മുഹമ്മദ് അഖ്ലാക്കും,പെഹ്ലുഖാനും, ജുനൈദും, അലീമുദ്ധീനുമടക്കമുള്ള ഇരകളുടെ പൊതുസ്വഭാവം വേട്ടക്കാരുടെ താല്‍പര്യങ്ങളെ വഴി തുറന്നുകാണിക്കുന്നുണ്ട്. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പൂജാരിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിപഥത്തിലേക്ക് യോഗി ആദിത്യനാഥ് സ്ഥാനീയനാകുന്നത് പേടിപ്പെടുത്തുന്നത് ഉത്തര്‍പ്രദേശിലെ മുസ്ലിംകളെ മാത്രമല്ല. രാജ്യത്ത് മതങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വളരണമെന്ന് ആഗ്രഹിക്കുന്നവര്‍ മറ്റൊരു ഗുജറാത്ത് ആവര്‍ത്തിക്കുമോ എന്ന ഭയപ്പാടിലാണ്. പ്രഥമ പൗരന്‍റെയിരിപ്പിടത്തിലേക്ക് ആര്‍.എസ്.എസിന്‍റെ വിനീത വിധേയന്‍ രാംനാഥ് ഗോവിന്ദിനെ പ്രതിഷ്ടിച്ചത് തങ്ങളുടെ ദൗത്യപൂര്‍ത്തീകരണത്തിന് ഇച്ഛാഭംഗം നേരിടാതിരിക്കാനാണെന്ന മോദി അമിത് ഷാ കൂട്ടുകെട്ടിന്‍റെ ചാണക്യതന്ത്രം അങ്ങാടിപ്പാട്ടായി കഴിഞ്ഞു. ഇന്‍സാനിയത്തും കാശ്മീരിയ്യതും പറഞ്ഞ് കാശ്മീരിലെത്തുന്നവര്‍ കേന്ദ്രസേനയുടെ എണ്ണം പെരുപ്പിച്ച് കാശ്മീരി മുസ്ലിംകളുടെ സ്വൈര്യജീവിതത്തെ അസ്ഥിരപ്പെടുത്തുകയാണ്. മുസ്ലിംകള്‍ക്കിടയില്‍ അസ്ഥിരതയും പ്രശ്നവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുസ്ലിം മുക്ത ഭാരതത്തിന് വേണ്ടിയാണ് കരു നീക്കിക്കൊണ്ടിരിക്കുന്നത്.
നീതി വിചാരണ ചെയ്യപ്പെടുന്നു എന്ന പേരില്‍ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത് ഈയടുത്താണ്. 2015 ഡിസംബര്‍ വരെയുള്ള കാലത്തെ അടിസ്ഥാനപ്പെടുത്തിയ കണക്കില്‍ രാജ്യത്തെ 67% വരുന്ന വിചാരണത്തടവുകാരില്‍ 57% വും മുസ്ലിം ദലിത് വിഭാഗമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. എല്ലാ നിലക്കും മുസ്ലിം സമൂഹത്തെ ശിഥിലീകരിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയതക്കു മുന്നില്‍ വിശ്വാസം മുറുകെ പിടിച്ച് പ്രാര്‍ത്ഥനകളെ ആയുധമാക്കി അന്തിമ വിജയത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
ഇര്‍ഷാദ് എടവണ്ണപ്പാറ

Leave a Reply

Your email address will not be published. Required fields are marked *