ഓരോ കാലഘട്ടത്തിലും കഴിവുറ്റ മതപണ്ഡിതരും സൂഫൂവര്യന്മാരും ഈ സമുദായത്തെ വഴിനടത്താനുണ്ടായിരുന്നു. സുന്നി പാരമ്പര്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് ജീവിതം ക്രമീകരിക്കാന്‍ പണ്ഡിതനേതൃത്വം സമുദായത്തെ നിരന്തരം പ്രേരിപ്പിച്ചു. അദ്ധ്യാത്മിക വഴിയില്‍ മുന്നേറുന്ന ആദര്‍ശ ബോധമുള്ള വിശ്വാസികളെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ നേതൃപാഠവം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഈ അര്‍ത്ഥത്തില്‍ തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജീവിതം കേരളമുസ്ലിം ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഒരധ്യായമാണ്. വിജ്ഞാനത്തിന്റെ സര്‍വ്വ മേഖലകളിലും അവഗാഹം നേടിയ ഇദ്ധേഹത്തെ കൈരളിയുടെ ബൂസ്വീരിയെന്ന എന്ന നാമധേയത്തില്‍ ലോകമറിഞ്ഞു. കറകളഞ്ഞ ഉസ്താദിന്റെ കുടുംബപരമ്പര ചെന്നുചേരുന്നതു തന്നെ വിജ്ഞാനഗേഹങ്ങളായ യമനീപണ്ഡിതരിലാണ്. കര്‍ണാടകയിലെ കുന്താപുരം വഴി മാഹിയില്‍ വന്ന സാത്വികനും സൂഫീവര്യനുമായ ശൈഖ് അഹ്മദ് യമനി(റ) ആണ് കേരളത്തില്‍ അവരുടെ ആദ്യ പിതാമഹന്. അദ്ദേഹത്തിന്റെ മകന് മാഹിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അലി(റ)വിന്റെ മകനായ പ്രസിദ്ധ പണ്ഡിതനും നഖ്ശബന്തി സരണിയുടെ ആത്മീയ ഗുരുവും പതിനെട്ടാം നൂറ്റാണ്ടിലെ ഇബ്നു അറബി എന്ന പണ്ഡിതലോകം പരിചയപ്പെടുത്തിയ താനൂര്‍ അബ്ദുറഹ്മാന് നഖ്ശബന്തി(റ) (ഹിജ്റ: 1257-1322)
മമ്പുറം തങ്ങളുടെ വലം കൈയ്യായിരുന്ന ഔകോയ മുസ്ലിയാരുടെയും ഉമര്‍ഖാളിയുടെയും ശിഷ്യനാണിദ്ദേഹം. ശേഷം വിദേശത്ത് പോയി ശാഫിഈ മദ്ഹബിലെ പ്രാമാണിക മുഫ്ത്തിമാരായ ഇമാം ശര്‍വാനി, ഇബ്രാഹീം ബാജൂരി, സൈനിദഹ്ലാല്(റ) തുടങ്ങിയ വിശ്വാത്തരപണ്ഡിതരില് നിന്നും ജ്ഞാനം നുകര്‍ന്നു. അബ്ദുറഹ്മാന് ശൈഖ്(റ)ന്റെ പുത്രന് പ്രമുഖപണ്ഡിതനും ഫഖീഹുമായ മുഹമ്മദ് മുസ്ലിയാരുടെ മകന് അബ്ദുറഹ്മാന് മുസ്ലിയാരാണ് ബാപ്പുസ്താദിന്റെ പിതാവ്. ശൈഖിന്റെ രണ്ടാമത്തെ മകന് അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ മകള്‍ കുഞ്ഞിബീവിയാണ് മാതാവ്. മലബാറിലെ മദീനയും പണ്ഡിതഗേഹവുമായ തിരൂരങ്ങാടിയില്‍ മേലേത്ത്കല്ലിങ്ങലകത്തു തറവാട്ടില്‍ 1930 ലാണ് ബാപ്പു ഉസ്താദ് ജനിക്കുന്നത്.
ഓത്തുപ്പള്ളിയില്‍ പോയി തയ്യില്‍ അബ്ദുള്ള മുസ്ലിയാരില്‍ നിന്നു പ്രാഥമിക പാഠങ്ങളും ഖുര്‍ആന്‍ പാരായണവും പഠിച്ചു. ശേഷം തിരൂരങ്ങാടി നടുവിലെപ്പള്ളിയില്‍ പകര സൈതലവി മുസ്ലിയാരില്‍ നിന്ന് പത്ത് കിതാബും വലിയപള്ളിയില്‍ മായിന്‍കുട്ടി മുസ്ലിയാരില്‍ നിന്ന് അറബിവ്യാകരണവും പഠിച്ചു. വേങ്ങര കഞ്ഞിമാഹീന് മുസ്ലിയാരില്‍ നിന്ന് അല്ഫിയ്യയും നിറമരുത്തൂര്‍ ബീരാന് മുസ്ലിയാരില്‍ നിന്ന് ഫത്ഹുല്‍ മുഈനും ഓതി. ശേഷം ഇമ്പിച്ചാലി ഉസ്താദിന്റെ ദര്സില് ചേര്‍ന്നു. പരപ്പനങ്ങാടി പനയത്തില്‍പള്ളിയില്‍ കാടേരി മുഹമ്മദ് മുസ്ലിയാരില്‍ നിന്ന് മുഖ്തസ്വറും ജലാലൈനിയും ഓതി. ശൈഖുനാ ഒ കെ ഉസ്താദിന്റെ കീഴില്‍ തലക്കടത്തൂരിലും ചാലിയത്തും ഓതിയ ശേഷം ഉപരിപഠനത്തിനു ബാഖിയാത്തിലേക്ക് പുറപ്പെട്ടു. അവിടെ വെച്ച് ശൈഖ് ആദം ഹസ്റത്ത്, ഉത്തമപാളയം അബൂബക്കര്‍ ഹസ്റത്ത് എന്നിവരുടെ ശിശ്യത്വം സ്വീകരിച്ചു. ഫിഖ്ഹ്, മന്‍ത്വിഖ്, ഫലക്ക്, നഹ്്വ്, തുടങ്ങി വിജ്ഞാനത്തിന്റെ സര്‍വ മേഖലകളിലും അഗാധ പാണ്ഡിത്യമുള്ള ഉസ്താദ് വടകര, കുണ്ടൂര്‍, വൈലത്തൂര്‍, അരീക്കോട് മജ്മഅ്, വലിയോറ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ അരനൂറ്റാണ്ടിലേറെ കാലം ദര്‍സ് നടത്തി. ഗോള ശാസ്ത്ര ഗ്രന്ഥങ്ങളായ തശ്രീഹുല്‍ അഫ്ലാക്കും ചക്മീനിയും രിസാലയുമൊക്കെ ഉസ്താദിന്റെ ദര്‍സിലെ എക്കാലത്തെയും പാഠ്യ വിഷയങ്ങളായിരുന്നു. പൈഥഗോറിയന്‍ സിദ്ധാന്തവും ത്രികോണമിതിയും വര്‍ഗവും വര്‍ഗമൂലവും സൈനും കോസും ടാനും ഉസാകയും ലസാകുവും എല്ലാം നിശ്പ്രയാസം കൈകര്യം ചെയ്യുന്ന കുശാഗ്ര ബുദ്ധിയുള്ള സൂക്ഷമ ശാലിയായിരുന്നു ഉസ്താദ്. ദര്‍സ് കിതാബുകള്‍ക്ക് പുറമേ ബുര്‍ദ്ദ, മൗലിദ്, നബാത്തിയ ഖുത്വുബ എന്നിവയും ഓതിക്കൊടുക്കും. തമാശകള്‍ പറഞ്ഞ്കൊണ്ട് ലളിത രൂപത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനുള്ള ഉസ്താദിന്റെ കഴിവ് അപാരം തന്നെയായിരുന്നു.
. ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ്, വൈലത്തൂര്‍ ബാവ ഉസ്താദ്, കുഞ്ഞിമോന് ഫൈസി തുടങ്ങി നൂറുകണക്കിന് പണ്ഡിത ശ്രഷ്ടരെ വാര്‍ത്തെടുക്കാന്‍ സാധിച്ചു.
അറബി സാഹിത്യത്തിലെ കുലപതിയും പ്രവാചകനുരാഗിയുമായ ഉസ്താദിന്റെ പദസമ്പത്ത് ആരേയും വിസ്മയിപ്പിക്കുന്നതാണ്. തഹ്നിയ്യത്ത്, മര്‍സിയ്യത്ത്, തഖ്മീസ് തുടങ്ങിയ ഇനങ്ങളിലായി നൂറുകണക്കിന് കാവ്യങ്ങളെഴുതി ആസ്വാദകരെ ത്രസിപ്പിക്കുന്ന ഒരു ആഴക്കടലാണ് ഉസ്താദിന്റെ കവിതകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരള മുസ്ലിം ചരിത്രത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഭാവനാശൈലിയുള്ള മറ്റൊരു കവിയെ കൈരളിക്കറിയില്ല. കാടേരി മുഹമ്മദ് മുസ്ലിയാരുടെ ദര്സില് പഠിക്കുമ്പോള്‍ പള്ളിയിലെ മൊല്ലയെ കുറിച്ച് കവിതയെഴുതി. അപ്പോഴാണ് ഉസ്താദ് തന്റെ ശിഷ്യനില്‍ ഒളിഞ്ഞ് കിടക്കുന്ന കലയെ തിരിച്ചറിയുന്നത്. തുടര്‍ന്ന് പ്രോത്സാഹനങ്ങളും പ്രചോദനവും നല്കി ശിഷ്യനെ വളര്‍ത്തിക്കൊണ്ടു വന്നു. ഈ പ്രചോദനത്തിന്റെ തണലില്‍ നൂറുകണക്കിന് കാവ്യങ്ങള്‍ അണമുറിയാതെ ഉസ്താദിന്റെ അധരങ്ങളില്‍ നിന്നും തൂലികകളില്‍ നിന്നും ഒഴുകിക്കൊണ്ടിരുന്നു. സ്വന്തം സാമ്രാജ്യത്തില്‍ സ്വര്‍ഗം പണിത് മനുഷ്യനെയറിയാതെ പുസ്തകപുഴുവായി ജീവിച്ച അന്തര്‍മുഖനായ സാഹിത്യകാരനായിരുന്നില്ല ഉസ്താദ്. അദമ്യമായ വിനയവും ലാളിത്യവും പരന്നജ്ഞാനവും കൊണ്ട് വിശാലമായ സ്നേഹവലയം സൃഷ്ടിച്ച സര്‍ഗ പ്രതിഭയായ പണ്ഡിതതേജസ്സായിരുന്നു. വേഡ്സ്വര്ത്തിനെ പോലെ ലളിത ഭാഷയില്‍ ഖൈസിന്റെ ചമല്‍ക്കാരങ്ങളും ബൂസ്വൂരിയുടെ പ്രമേയവും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഉസ്താദിന്റെ കവിത ഒരാവര്‍ത്തി വായിക്കാന്‍ ആരും ആഗ്രഹിച്ച് പോകും. അല്ലാമാ ശൗഖിയുടെയും അബൂ ഖൈലയുടെയും ഫറസ്തഖിന്റെയും ഇമാം ബൂസ്വൂരിയുടെയും സാഹിത്യ ശൃംഖലയില്‍ മലയാളത്തിന്റെ പുത്രനായി കടന്നുവന്ന ഉമര്‍ഖാളിയുടെ പിന്തുടര്ച്ചക്കാരനാണ് ഉസ്താദെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. സര്ഗസിദ്ധി കൊണ്ട് സാഹിത്യാസ്വാദകരുടേയും നബി സനേഹികളുടേയും മനം കവര്‍ന്ന പണ്ഡിതശ്രേഷ്ടന്. കവിത ജീവിത മാര്ഗമായുപയോഗിച്ചില്ല. ജീവിതാവിഷ്കാരങ്ങളുടെ സൗന്ദര്യമായിട്ടായിരുന്നു ബാപ്പു ഉസ്താദ് കൊണ്ടുനടന്നത്. തന്റെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടരുതെന്ന കാര്‍ക്കശ്യം അദ്ധേഹത്തിനുണ്ടായിരുന്നു. ഈ തൂലികയില്‍ നിന്ന് സഫലമായ പ്രകീര്‍ത്തന കാവ്യങ്ങളും സര്‍ഗാത്മക ലക്ഷണമൊത്ത അനുശോചനഗീതങ്ങളും സ്തുതിഗീതങ്ങളും നിരവധിയുണ്ട്. പ്രാചീന കവിതാ ശൈലിയായ പഞ്ചവല്ക്കരണം(തഖ്മീസ്) ഇഷ്ട ഹോബിയാണ്. രണ്ട് ഭാഗങ്ങളുള്ള അറബി കവിതയുടെ ഒരുവരി അഞ്ചുവരികളാക്കി നിലവിലുള്ള പദങ്ങളോടും ആശയങ്ങളോടും പ്രാസത്തോടും ഒപ്പിച്ച് വിപുലീകരിക്കുന്ന പ്രക്രിയയാണിത്. കേരളത്തില്‍ ഒരു പക്ഷേ കൂടുതലുപയോഗിച്ചത് ഉസ്താദായിരിക്കും. കേരളീയ അറബീകവിതകളില് പ്രഥമ സ്ഥാനവും ഇതിനാണ്. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം(റ) വിന്റെ ഗുരു ശൈഖ് അബൂബക്കര്ബിന്റമളാനുശ്ശാലിയാത്തി ബുര്ദ്ദക്കെഴുതിയ തഖ്മീസാണ് കേരളത്തില്‍ കണ്ട്കിട്ടിയതില് വെച്ച് ഏറ്റവും പഴക്കമുള്ളത്. അദ്ദേഹം ബാനത്തുസ്സുആദിനും തഖ്മീസ് രചിച്ചിട്ടുണ്ടത്രെ. ഇരുപതാം നൂറ്റാണ്ടോടെ കേരളത്തില്‍ ഉമര്‍ഖാളി, ഖാളിമുഹമ്മദ്, അബ്ദുല്‍ഖാദിര്‍ ഫള്ഫരി, കുണ്ടൂര്‍ ഉസ്താദ് തുടങ്ങിയ നിരവധി പ്രവാചകപ്രേമികള്‍ ഉദയം ചെയ്തു. മുത്ത്നബിയെ വര്‍ണ്ണിച്ചു കൊണ്ടും ശുപാര്‍ഷ തേടിയും ഇമാം അബൂഹനീഫ(റ) രചിച്ച ഖസ്വീദത്തുല്‍ നുഅ്മാനിയയെ ഇരുനൂറ്റെഴുപത് വരികളായി പഞ്ചവല്ക്കരിച്ചു. ശൈഖ് അബ്ദുല്ലാഹില്‍ഹദ്ദാദ്(റ) മദീന സന്ദര്‍ശിച്ചപ്പോള്‍ രചിച്ച ഹുജ്റയുടെ കെട്ടിടത്തിനകത്ത് ആലേഖനം ചെയ്യപ്പെട്ട അല്‍ഫാത്തിഹത്തുല്‍ മുസ്ത്വഫിയ്യ എന്ന കവിതയേയും ഉസ്താദ് തഖ്മീസ്വല്ക്കരിച്ചിട്ടുണ്ട്.
അവിടുത്തെ കവിതകളില്‍ കൂടുതലും മര്സ്വിയ്യത്തുകളാണ്. കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ ദര്സില് പഠിക്കുന്ന കാലത്ത് സമസ്ത സെക്രട്ടറി പറവണ്ണ മൊയ്തീന് മുസ്ലിയാരെക്കുറിച്ചെഴുതിയതാണ് ആദ്യത്തെ വിലാപ കാവ്യം. മുപ്പത്തിമൂന്ന് വരികളുള്ള ഈ കവിത സമസ്തയുടെ മുഖപ്പത്രമായ അല്‍ബയാനില്‍ വെളിച്ചം കണ്ടിട്ടുണ്ട്. വൈജ്ഞാനിക ആത്മീയ ലോകത്തെ പ്രകാശഗോപുരമായ ശൈഖ് ആദം ഹസ്റത്ത് വഫാത്തായപ്പോള്‍ ബാഖിയാത്തിലെ ഉസ്താദുമാരും വിദ്യാര്‍ത്ഥികളും നിരവധി ശോചനകാവ്യങ്ങള് രചിക്കുകയുണ്ടായി. ഭാഷാ ഭംഗി കൊണ്ടും അര്‍ത്ഥഗാംഭീര്യം കൊണ്ടും മികച്ചുനിന്നത് ഉസ്താദിന്റെ കാവ്യമായിരുന്നു. ബസീത്ത് വൃത്തത്തില്‍ രചിക്കപ്പെട്ട ഈ കവിത ഇന്നും ആദം ഹസ്റത്തിന്റെ മഖ്ബറഭിത്തിയില് കാണാം. ബാഖിയാത്തിലെ മുദരിസായിരുന്ന ഉത്തമപാളയം അബൂബക്കര്‍ ഹസ്റത്തിനെ കുറിച്ച് ദീര്‍ഘമായ മര്‍സിയ്യത്ത് രചിച്ചിട്ടുണ്ട്. നൂറ്റിരണ്ട് വരികളുള്ള ഇതില്‍ നിന്നും വളരെ സ്പഷടമായി ഹസ്റത്തിന്റെ ജീവചരിത്രം വായിച്ചെടുക്കാന്‍ കഴിയും. ആശിഖു റസൂല്‍ കുണ്ടൂരുസ്താദിന്റെ പുത്രന് കുഞ്ഞു രാഷ്ട്രീയ കാപാലികരുടെ കഠാരക്കിരയായി രക്തസാക്ഷിത്വം വഹിച്ചപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ലാമില്‍ അവസാനിക്കുന്ന അമ്പതോളം വരികളുള്ള അതിമനോഹരമായ അനുശോചനകാവ്യമെഴുതി. ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരെ കുറിച്ചും മുക്കം മോയിന്‍ ഹാജിയെ കുറിച്ചും ഉസ്താദ് മര്‍സിയ്യത്ത് രചിച്ചിട്ടുണ്ട്. ഹിന്ദു മുസ്ലിം സംഘട്ടനം സൃഷ്ടിച്ച് രാജ്യത്തെ കലാപ ഭൂമിയക്കാന് ശ്രമിച്ച ബ്രിട്ടീഷ് പാതിരിമാര്‍ക്കെതിരെ മമ്പുറം തങ്ങളുടെ നേതൃത്വത്തില്‍ പടനയിച്ച ചേറൂര് ശുഹദാക്കളെ കുറിച്ച് അശ്ശഹാദത്തുല്‍ ഹലിയ്യ എന്ന പേരില്‍ മൗലിദ് ഉസ്താദിന്റെ കരങ്ങളില്‍ വിരചിതമായിട്ടുണ്ട്. പരിഷ്കരണ വാദിയായ സി എന്‍ അഹമ്മദ് മൗലവി കേരള മുസ്ലിം ചരിത്രം എന്ന കൃതിയില്‍ ഇതിനെ പ്രശംസിക്കുന്നതായി കാണാം. ബദ്ര് ശുഹദാക്കളോട് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഇരുനൂറ്റി അമ്പതോളം വരികളിലായി തീര്‍ത്ത അസ്ബാബുല്നസ്വര് എന്ന മൗലിദും ഉസ്താദിന്റെ രചനകളില്‍ മികച്ചുനില്‍ക്കുന്നതാണ്.
ഉറുദുവിലും മലയാളത്തിലും ആഴത്തില്‍ പരിജ്ഞാനമുള്ള ഉസ്താദ് മലബാര്‍ കലാപത്തിന്റെ മൂകസാക്ഷികളായ വലിയപള്ളിയും മറ്റും ദര്‍ശിക്കാന്‍ മുന്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. സക്കീര്‍ ഹുസൈന് വന്നപ്പോള്‍ അദ്ദേഹത്തിന്റെ സംസാരം പരിഭാഷപ്പെടുത്തിയിരുന്നത് ഉസ്താദായിരുന്നു. 1988-ല്‍ സമസ്തയിലുണ്ടായ നിര്‍ഭാഗ്യകരമായ ഭിന്നിപ്പില്‍ താജുല്‍ഉലമയുടെ പക്ഷത്ത് നില്‍ക്കുകയും പുനര്സംഘടിപ്പിച്ചപ്പോള് സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായി നിലകൊള്ളുകയും ചെയ്തു. സമസ്തയുടെ ശക്തി തെളിച്ചുകൊണ്ട് അയ്യായിരത്തില്പരം വരുന്ന ഉലമാക്കളെ കൂട്ടി പണ്ഡിതസമ്മേളനം തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ചതിലെ മുഖ്യസംഘാടകനുമായിരുന്നു ബാപ്പു ഉസ്താദ് . ജാഡകളിലും പുറംപൂച്ചിലുകളുമില്ലാതെ വിനയത്തിന്റെയും എളിമയുടെയും ആള്‍രൂപമായി ഒളിഞ്ഞിരുന്ന് വിപ്ലവം സൃഷ്ടിച്ച ഉസ്താദിനെ അടുത്തറിയാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ലായെന്നതാണ്
നൗഷാദ് തിരൂരങ്ങാടി