2017 September-October Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ഖുര്‍ആന്‍ ചരിത്രം ചരിത്രാഖ്യായിക നബി മതം വായന

സ്നേഹഭാജനത്തിന്‍റെ അന്ത്യവചസ്സുകള്‍

 

ആരമ്പ റസൂല്‍ വഫാത്താവുകയോ..!? സ്വഹാബികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.. നബിക്ക് തീരേ വഫാത്തുണ്ടാകില്ലെന്ന് നിനച്ച പോലെയുണ്ട് പലരും. മദീന മുഴുവന്‍ സങ്കടക്കടലിലാണ്ടു.. എന്നു കരുതി നാഥന്‍റെ വിധിയെ മറികടക്കാനാകില്ലെല്ലോ..! ജനിച്ചവരെല്ലാം മരിക്കേണ്ടവരല്ലേ..? ഇല്ലെന്നു വിശ്വസിച്ചാല്‍ ഇത്ര കാലവും മുത്ത്നബി പഠിപ്പിച്ച വിശ്വാസത്തിന് എതിരാകില്ലേയത്..? വഫാത്തിനു ശേഷം ചെയ്യാനുള്ള അനന്തര ക്രിയകളൊക്കെ മുത്ത് നബി(സ്വ) മുന്‍കൂട്ടി പറഞ്ഞു കൊടുത്തുവെന്നാണ് ചരിത്രം പറയുന്നത്..
‘ആരാ നബിയേ അങ്ങയുടെ മയ്യിത്തു കുളിപ്പിക്കേണ്ടത്..?’
‘നിസ്കരിക്കേണ്ടത്..?’
‘ഏത് വസ്ത്രത്തിലാണ് കഫന്‍ ചെയ്യേണ്ടത്..?’
തേങ്ങിക്കരച്ചിലിനിടയിലും സ്വഹാബികള്‍ കണ്ണുകള്‍ തുടച്ചു ചോദിച്ചു..
‘അഹ്ലുബൈത്തില്‍ പെട്ട ആണുങ്ങളാണ് മയ്യിത്ത് കുളിപ്പിക്കേണ്ടത്..’
‘ഈ വസ്ത്രത്തില്‍ കഫന്‍ ചെയ്യുകയും വേണം..’ യമന്‍ നിര്‍മ്മിതമായൊരു വസ്ത്രം ഉയര്‍ത്തിക്കാട്ടി നബി(സ്വ) മറുപടി പറഞ്ഞു..
‘ആഇശയുടെ വീട്ടിലുണ്ടൊരു കട്ടില്‍..’
‘അതിലാണെന്നെ കിടത്തേണ്ടത്..’
‘അന്നേരം ജിബ്രീല്‍ വരും..’
‘കയ്യിലൊരു സുഖന്ധ വസ്തുവുമുണ്ടാകും..’
‘സ്വര്‍ഗ്ഗത്തില്‍ നിന്നാണത്..’
‘ജിബ്രീല്‍ അതെന്‍റെ കഫന്‍ തുണിയില്‍ പുരട്ടും..’
‘എന്നിട്ടെല്ലാവരും പള്ളിക്കു പുറത്തു നില്‍ക്കണം..’
‘ആ സമയത്ത് മലക്കുകള്‍ നിസ്കരിക്കും..’
‘ജിബ്രീലാണ് അവരിലാദ്യം നിസ്കരിക്കുക..’
‘മീകാഈലും ഇസ്റാഫീലും അസ്റാഈലും അദ്ദേഹത്തിന്‍റെ പിന്നിലും..’
‘അവരുടെയും പിന്നിലായി കോടിക്കണക്കിനു മാലാഖമാരുമുണ്ടാകും..’
‘അതു കഴിഞ്ഞ് നിങ്ങളും നിസ്കരിക്കണം..’
തിരുനബി നിര്‍ദ്ദേശം കൊടുത്തു. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതു പോലെ.. മുത്ത് നബി ഇത്രയും പറഞ്ഞതോടെ സദസ്സില്‍ വീണ്ടും കൂട്ടക്കരച്ചില്‍ തുടങ്ങി.. അതുകണ്ട് ഹബീബും കണ്ണീര്‍ വാര്‍ത്തു.. ആത്മീയതയില്‍ നിന്നുത്ഭൂതമായ കൂട്ടക്കരച്ചില്‍..! ഈ ചര്‍ച്ചകളും കരച്ചിലുമൊക്കെ വീട്ടിനകത്തിരിക്കുന്ന ആഇശാ ബീവി കാണുന്നുണ്ട്.. പള്ളിയോടു ചേര്‍ന്നാണല്ലോ മഹതിയുടെ വീട്.. ര
‘എന്തൊക്കെയാ നബിയേ, എന്താണ് ഞാനീ കേട്ടത്..?!’
‘എനിക്കിത് താങ്ങാനാവില്ലെല്ലോ..’
‘ഇത്രയ്ക്കു ദുഃഖിതനായി അങ്ങയെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലെല്ലോ..’
‘വാ മുഹമ്മദാഹ്..!’ ‘വാ അബാ ഖാസിമാഹ്..!’ ‘വാ ഫിറാഖാഹ്..!’ ‘വാ ഹസ്റതാഹ്..!’ ‘വാ മുസ്വീബതാഹ്..’ ‘വാ നദാമതാഹ്..’ ‘വാ ഖില്ലത സ്വബ്റാഹ്..’ അറബികള്‍ പറയാറുള്ള സങ്കട വാക്കുകളോരോന്നു പറഞ്ഞ് തിരുനബിയുടെ പ്രിയതമ ശബ്ദമടയ്ക്കുവോളം തേങ്ങി.. നബിയും ഒരുപാടു കരഞ്ഞു.. പക്ഷെ, മുത്ത് നബി കരഞ്ഞത് തന്നെക്കുറിച്ചോര്‍ത്തായിരുന്നില്ല.. മറിച്ച് ഈ പാവം ഉമ്മതിനെക്കുറിച്ചോര്‍ത്തായിരുന്നു..!
അപ്പോഴുണ്ട് മുത്ത് നബിയുടെ ആരോമലായ പുന്നാരമോള്‍ ഫാത്തിമതുത്തുഹ്റ കടന്നു വരുന്നു.. ആഇശ ബീവിയും നബിയും ഇരുന്നു കരയുന്നതു കണ്ട് ഫാത്വിമ കാര്യമന്വേഷിച്ചു.. നബിയുടെ വഫാത്തിനെക്കുറിച്ച് ആലോചിക്കാനേ കഴിയുമായിരുന്നില്ല പുന്നാര മോള്‍ക്ക്.. അവര് കാര്യം പറഞ്ഞു.. മഹതിയുടെ തുടുത്ത മുഖം വിളറിപ്പോയി.. പിന്നെയതൊരു കൂട്ടക്കരച്ചിലായി മാറി.. പള്ളിയിലും ആഇശ ബീവിയുടെ വീട്ടിലുമെല്ലാം കരച്ചിലോടു കരച്ചില്‍..!

*** *** *** ***
പിറ്റേന്നു തന്നെ തിരുനബി(സ്വ) രോഗാതുരനായി.. വീട്ടില്‍ കിടപ്പിലാണ് പൂമുത്ത്.. പള്ളിയില്‍ നിന്ന് ഇശാഇന്‍റെ ബാങ്കൊലി മുഴങ്ങി.. ബിലാലിന്‍റെ കിളിനാദം.. സ്വഹാബികള്‍ കൂട്ടം കൂട്ടമായി നിസ്കരിക്കാനെത്തി.. ഇതുവരെയും ഒരൊറ്റ ജമാഅത്തിനുപോലും നബിയില്ലാതിരുന്നിട്ടില്ല.. നബി രോഗിയാണെന്ന വിവരം പലരുമറിയുന്നത് തന്നെ അപ്പോഴാണ്.. നിബിഢമാണ് പള്ളി.. തിരുനബിയുടെ മഅ്മൂമീങ്ങള്‍ കാത്തിരിക്കുകയാണ്.. ഇഖാമത്തിന് സമയമായിട്ടും മുത്ത് റസൂല്‍ വീട്ടില്‍ നിന്നിറങ്ങി വന്നില്ല.. അലി(റ) നബിയുടെ വീടുവരെ നടന്നുചെന്നു.. വീടിന്‍റെ വാതില്‍ക്കല്‍ ചെന്നു നിന്നു..
‘അസ്സലാമു അലൈക്കയാ റസൂലല്ലാഹ്..’
‘അങ്ങ് നിസ്കരിക്കാന്‍ വരുന്നില്ലേ..?’ അലിയാര്‍ വിളിച്ചു ചോദിച്ചു.. മറുപടിടൊന്നും ലഭിച്ചില്ല.. അലിയാരു വിളിച്ചാല്‍ സാധാരണ മുത്ത്നബി വിളി കേള്‍ക്കാതിരിക്കില്ല..
‘അവിടുന്നിനി വരില്ല..!’
‘നബിയുടെ രോഗം മൂര്‍ഛിച്ചിരിക്കുന്നു..’
ഏങ്ങലടിച്ചു കരഞ്ഞയുന്ന ഫാത്വിമയുടെ ശബ്ദം മാത്രമേ കേട്ടുള്ളൂ.. അന്ന് തല്‍ക്കാലം പള്ളിയിലുള്ളവര്‍ നിസ്കരിച്ച് പിരിഞ്ഞു.. പിറ്റേ ദിവസം സുബ്ഹിയോടടുത്ത സമയം.. ബിലാല്‍(റ) നബിയുടെ വീട് ലക്ഷ്യം വെച്ച് നടന്നു.. സുബ്ഹിക്കെങ്കിലും നബി പള്ളിയിലേക്ക് വരാന്‍ കഴിയുമോ എന്നറിയാനാണ് അങ്ങോട്ടു ചെന്നത്..
‘അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്..’
ബിലാല്‍ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു..
‘ബിലാലേ..’
‘കടന്നു വരൂ..’ ബിലാലിന് മറുപടി കിട്ടി.. നബിക്ക് അല്‍പമൊന്നു ശമനം വന്നതു പോലെയുണ്ട്..
‘വ അലൈക്ക മിന്നീ അസ്സലാം..’
‘വ അലല്‍ മുഹാജിരീന വല്‍ അന്‍സ്വാരി വ അലാ അസ്വ്ഹാബീ വഅലാ മന്‍ ആമന ബീ ഇലാ യൗമില്‍ ഖിയാമഃ’
‘നിനക്കും മുഹാജിരീങ്ങളും അന്‍സ്വാരികളുമായ മുഴുവന്‍ സ്വഹാബിമാര്‍ക്കും അന്ത്യനാള്‍ വരെ എന്നോട് വിശ്വസിച്ച എല്ലാവര്‍ക്കുമെന്‍റെ സലാം..’ മുത്ത്നബി(സ്വ) ബിലാലിന്‍റെ സലാമിന് ദൈര്‍ഘ്യമുള്ള പ്രതിവചനം നല്‍കി..
‘നീ പള്ളിയില്‍ ചെന്ന് സ്വഹാബികളോടെന്‍റെ സലാം പറയണം..’
‘എനിക്കങ്ങോട്ടു വരാന്‍ സാധ്യമല്ലെന്നും..’
‘വരണമെന്നുണ്ട്..’
‘പക്ഷെ ശാരീരികാവസ്ഥ അനുവദിക്കുന്നില്ല..’
‘അബൂബക്കറിനോട് ജമാഅത്തിന് നേതൃത്വം നല്‍കാന്‍ പറ..’
ബിലാലിന് സങ്കടമായി.. കരഞ്ഞു കൊണ്ടാണ് പള്ളിയിലേക്കെത്തിയത്.. എന്‍റെ ഉമ്മയെന്നെ പ്രസവിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ബിലാല്‍ മനസ്സില്‍ നിനച്ചു.. അദ്ദേഹം പള്ളിയിലേക്കു ചെന്നു.. സുബ്ഹി നിസ്കാരത്തിനു മുമ്പേ സ്വഹാബികളൊക്കെ പള്ളിയിലെത്തിത്തുടങ്ങിയിട്ടുണ്ട്.. എല്ലാവരുമെത്തിയപ്പോള്‍ നബി(സ്വ) നിര്‍ദ്ദേശിച്ചതു പോലെ ബിലാലെല്ലാം പറഞ്ഞു.. സ്വഹാബികള്‍ക്ക് തലേന്നത്തേതിനെക്കാള്‍ സങ്കടം ഇരട്ടിച്ചു…
സമയമായപ്പോള്‍ ബാങ്കും ഇഖാമത്തും വിളിച്ചു.. അബൂബക്കര്‍ സ്വിദ്ദീഖ്(റ) മിഹ്റാബിലേക്കൊന്നു നോക്കി.. പുന്നാര റസൂല്‍ നിസ്കരിച്ചിരുന്ന മിഹ്റാബ് ഒഴിഞ്ഞു കിടക്കുന്നു… അവിടെ നിസ്കരിക്കാനിന്ന് ഹബീബെത്തിയില്ലെല്ലോ.. സ്വിദ്ദീഖിന് സഹിക്കാന്‍ കഴിഞ്ഞില്ല.. അദ്ദേഹം ബോധരഹിതനായി നിലത്തേക്കു വീണു.. സിദ്ദീഖിന്‍റെ സങ്കടം കണ്ട് സ്വഹാബികളൊന്നടങ്കം പൊട്ടിത്തെറിച്ചു.. അവരുറക്കെ അട്ടഹസിച്ചു കരഞ്ഞു.. സങ്കടത്തിന്‍റെ ശക്തി കൊണ്ടവര്‍ ശബ്ദമുയര്‍ന്നതറിഞ്ഞില്ല.. വീട്ടില്‍ കിടക്കുന്ന തിരുനബി ആ ശബ്ദം കേട്ടു.. ഫാത്വിമാ ബീവി ചാരെയുണ്ട്..
‘മോളേ എന്താണാ കേട്ടത്..?’
‘വല്ലാത്തൊരട്ടഹാസം..!’
നബി(സ്വ) ചോദിച്ചു.
‘ഉപ്പാ’
‘പള്ളിയില്‍ നിന്നാണത്..!’
‘അങ്ങില്ലാത്ത കാരണത്താല്‍ കൂട്ടത്തോടെയിരുന്ന് കരയുകയാണ് ജനങ്ങള്‍..’
ഫാത്വിമ ബീവി വിശദീകരിച്ചു..
‘നാഥാ’
‘നീ പനിയുടെ ഉത്തരവാദിത്വമേല്‍പിച്ച മാലാഖയില്ലേ..?’
‘എന്‍റെ പനിയൊന്ന് ശമിപ്പിക്കാനയാളോട് കല്‍പിക്കണേ..’
‘എനിക്ക് പള്ളിയില്‍ പോകണം..’
‘സ്വഹാബികളെ കാണണം..’
‘മൃതിയടയും മുമ്പൊന്ന് യാത്ര പറയണം..’
തന്‍റെ ഹബീബിന്‍റെ അഭ്യര്‍ത്ഥന നാഥന്‍ കേട്ടു.. പനിയല്‍പം കുറഞ്ഞതു പോലെ അനുഭവപ്പെട്ടു റസൂലിന്..! തണുത്ത വെള്ളത്തില്‍ അംഗസ്നാനം ചെയ്തു. അലിയാരെയും ഇബ്നു അബ്ബാസിനെയും ആളയച്ച് വരുത്തി.. അവരുടെ തോളില്‍ തൂങ്ങി ഹബീബ് പള്ളിയിലേക്കു വച്ചടിച്ചു.. ഒരിക്കല്‍ കൂടി പള്ളിയലേക്ക് വരുന്നുണ്ടെന്നറിഞ്ഞ് സ്വഹാബികളെല്ലാം ആനന്ദ തുന്തിലരായി.. റസൂലിന്‍റെ പിന്നില്‍ നിന്ന് നിസ്കരിക്കാന്‍ വീണ്ടും അവസരമൊത്തല്ലോ.. മുത്ത് നബി പള്ളിലെത്തി.. അസുഖം ശരിക്കും ഭേതമായിട്ടില്ല.. എന്നാലും പ്രയാസപ്പെട്ട് സ്വഹാബികള്‍ക്കൊപ്പം രണ്ടു റക്അത്ത് നിസ്കരിച്ചു..
നിസ്കാരം കഴിഞ്ഞ് റസൂല്‍ ജനങ്ങള്‍ക്കു നേരെ തിരിഞ്ഞിരുന്നു.. അവിടുത്തെ മൊഴിമുത്തുകള്‍ക്കാനായി എല്ലാവരും കാതു കൂര്‍പ്പിച്ചു..
‘ഓ സ്വഹാബാ..’
‘നിങ്ങള്‍ക്കല്ലാഹുവിന്‍റെ തിരുനോട്ടമുണ്ട്..’
‘ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല..’
‘എന്‍റെ ശേഷം അബൂബക്കര്‍ സ്വിദ്ദീഖ്(റ) നിങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കും..’
‘എന്‍റെ അധ്യാപനങ്ങള്‍ നിങ്ങള്‍ മനസ്സാ വാചാ കര്‍മ്മനാ ജീവിതത്തില്‍ പുലര്‍ത്തണം..’
‘എന്‍റെ പെരുമാറ്റം മൂലം ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ പകരം ചോദിക്കാം..!’
അണമുറിയാത്ത കണ്ണുനീര്‍ പ്രവാഹങ്ങളും തേങ്ങലുകളും കൊണ്ട് മസ്ജിദുന്നബവി മുഖരിതമായി.. അങ്ങയോട് പകരം ചോദിക്കാനോ..!? എന്താണീ പറയുന്നതെന്ന അര്‍ത്ഥത്തില്‍ എല്ലാവരും റസൂലിനെ നോക്കി.. അപ്പോഴുണ്ട് സദസ്സിന്‍റെ മൂലയില്‍ നിന്നൊരു ശബ്ദം..!
‘നബിയേ’
‘എനിക്കങ്ങയോടു പകരം വീട്ടണം..!’
ഇതു കേട്ട് സദസ്സ് കോരിത്തരിച്ചു.. മുത്ത് റസൂലിനോട് പ്രതികാരം ചെയ്യുകയോ..?!! ആരാണാ ഹതഭാഗ്യന്‍..? എല്ലാ കണ്ണുകളും അങ്ങോട്ടു പാഞ്ഞു.. നോക്കുമ്പോള്‍ ഉക്കാശയാണ്.. സദസ്സില്‍ നിന്ന് വിമര്‍ശന സ്വരങ്ങളുയര്‍ന്നു.. ഞങ്ങളുടെ റസൂലിനെ തൊടാനനുവദിക്കില്ല.. സ്വഹാബികള്‍ പിറുപിറുത്തു. ഉക്കാശ അതൊന്നും കണക്കിലെടുത്തില്ല..
‘അങ്ങെന്‍റെ വയറ്റത്ത് കുത്തിയിട്ടുണ്ട്..!’
‘അന്നൊരു യുദ്ധത്തില്‍..’
‘പടയാളികളെ അണിയൊപ്പിച്ച് നിര്‍ത്തുന്നതിനിടയ്ക്കാണത്..’
‘അങ്ങ് ഓര്‍ക്കുന്നുണ്ടാകും..’
‘എന്നെ വേദനിപ്പിക്കാനായി ചെയ്തതാണോ അല്ലേ എന്നറിയില്ല..’
‘എനിക്കെന്തായാലും പ്രതികാരം ചെയ്യണം..!’
എന്തൊരു കടുത്ത മനസ്സ്..!! കരിമ്പാറ പോലുള്ള ഹൃദയുമുണ്ടല്ലേ ഉക്കാശക്ക്..? പിന്നെന്തിനാ ഇയാളിത്രയും നേരം റസൂലിനെയോര്‍ത്ത് മോങ്ങിയിരുന്നത്..? നബിയോട് സ്നേഹമുണ്ടെങ്കില്‍ ഇയാള്‍ പകരം ചോദിക്കില്ലെല്ലോ.. പലരും മനസ്സില്‍ മന്ത്രിച്ചു.. സ്വഹാബികള്‍ പരസ്പരം നോക്കി.. രോഗഗ്രസ്ഥനായി അവശതയനുഭവിക്കുന്ന തിരു റസൂലിനോട് യാതൊരലിവുമില്ലാതെ പ്രതികാരം ചോദിക്കുന്നവന്‍..! സദസ്യരുടെ ഹൃദയങ്ങള്‍ പ്രക്ഷുബ്ധമാണ്.. അബൂബക്കറിന്‍റെയും ഉമറിന്‍റെയുമൊക്കെ അകം കടലിരമ്പം പോലെ ക്ഷോഭിച്ചു.. ക്ഷീണിച്ച് പരവശനായ റസൂല്‍(സ്വ) ബിലാലിനെ വിളിച്ചു..
‘വീട്ടില്‍ ചെന്നെന്‍റെ വടിയെടുത്തു കൊണ്ടു വാ..’
‘ഉക്കാശ പകരം വീട്ടിക്കോട്ടേ..’
‘ജനങ്ങളേ..’
‘നിങ്ങളാരും ദേഷ്യപ്പെടേണ്ട..’
‘അത് ഉക്കാശയുടെ അവകാശമാണ്..’
മുത്ത്നബി അങ്ങനെത്തന്നേ പറയൂ.. അത്രയ്ക്കു വിനയമാണവിടുത്തേക്ക്.. എന്നു കരുതി ഈ ഉക്കാശ ഇങ്ങനെ ചെയ്യാമോ..? സ്വഹാബികള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.. ബിലാല്‍ നീറുന്ന ഖല്‍ബുമായി ഹബീബിന്‍റെ വീട്ടിലേക്കു ചെന്നു.. മനസ്സില്ലാ മനസ്സോടെ.. ഹൃദയം മുഴുവന്‍ ക്രൂരനായ ഉക്കാശയോടുള്ള പകയാണ്.. തിരുനബിയൊന്നനുമതി തന്നാല്‍ വെട്ടിക്കൊല്ലും ഞാനയാളെ.. മനസ്സ് മന്ത്രിച്ചു.. അദ്ദേഹം വീടിന്‍റെ കതകിനു മുട്ടി..
‘ആരാണ് പുറത്ത്..?’ ഉള്ളില്‍ നിന്ന് ഫാത്തിമ ബീവിയുടെ ശബ്ദം..
‘ഉപ്പാക്കിപ്പോള്‍ ഈ വടിയെന്തിനാ..!’
‘യുദ്ധവേളകളില്‍ മാത്രമുപയോഗിക്കുന്ന വടിയാണല്ലോ ഇത്..’
‘ആ ഉക്കാശക്ക് നബിയോട് പകരം വീട്ടണമെന്ന്..!’
‘എന്തൊരു ക്രൂരനാണയാള്‍..’
‘ഏതോ യുദ്ധവേളയില്‍ തിരുനബി ആ വടി കൊണ്ടയാളെ കുത്തി പോലും..!’
ബിലാല്‍ പല്ലിറുമ്പി ഫാത്വിമയോട് കാര്യം പറഞ്ഞു.. ഫാത്വിമ(റ) തരിച്ചു പോയി..
‘എന്‍റെ ഉപ്പാനോട് ഉക്കാശ പകരം വീട്ടുമെന്നോ..?!’
‘അതും ഈ അസുഖം ബാധിച്ച നേരത്ത്..?’
‘അനുവദിക്കില്ല ഞാനത്..’
ഫാത്വിമ രോഷാകുലയായി..
‘ഉപ്പ തന്നെ പറഞ്ഞയച്ചതാണ്..’
ബിലാല്‍ പറഞ്ഞു.. മനസ്സില്ലാ മനസ്സോടെ മുത്തുനബിയുടെ പൊന്നുമോള്‍ വടിയെടുത്തു കൊടുത്തു..
അതുമായി ബിലാല്‍ പള്ളിയിലേക്കു വച്ചടിച്ചു.. ക്ഷുഭിതയായി ഫാത്വിമാ ബീവി പിറകിലും.. ബിലാല്‍(റ) വടി തിരുനബിയുടെ കയ്യിലേല്‍പിച്ചു.. എന്താണ് സംഭവിക്കുക..?! എല്ലാവരും ദേഷ്യത്തോടെ ഉക്കാശയുടെ മുഖത്തേക്കു നോക്കി..
നബി(സ്വ) പുഞ്ചിരിയോടെ ഉക്കാശയെ സമീപത്തേക്കു വിളിച്ചു.. വടി കയ്യില്‍ കൊടുത്തു..
‘പകരം വീട്ടിക്കോളൂ ഉക്കാശാ..’
അപ്പോഴേക്കും ഫാത്വിമ ബീവി ഓടിക്കിതച്ചെത്തി.. പള്ളിയുടെ പടിവാതിലില്‍ നിന്ന് വിളിച്ചു പറഞ്ഞു;
‘ഉപ്പയോട് പ്രതികാരം വീട്ടാന്‍ ഞാനനുവദിക്കില്ല..’
‘വേണമെങ്കില്‍ ഉക്കാശ എന്നോട് പ്രതികാരം ചെയ്തോട്ടേ..’
‘അതു പറ്റില്ല..’
‘റസൂലാണെന്നെ കുത്തിയത്..’
‘എനിക്കാ റസൂലിനെത്തന്നെ കുത്തണം..’
ഉക്കാശ മാറ്റമില്ലാതെ പറഞ്ഞു..
‘എന്തൊരു വാശി..’
‘എന്തിനാ ഇയാളൊക്കെ സ്വഹാബിയെന്നുംപപറഞ്ഞ് നടക്കുന്നത്..?’
ഫാത്വിമ ബീവി പിഞ്ചു കുഞ്ഞിനെപ്പോലെ വിതുമ്പി.. തിരുനബിയുടെ പുന്നാരമോളെ ഇയാള്‍ കരയിപ്പിച്ചല്ലോ.. അതു കണ്ട് സ്വഹാബികളൊന്നടങ്കം കരഞ്ഞു..
‘എന്തിനാ മടിച്ചു നില്‍ക്കുന്നത്..?’
‘പ്രതികാരം ചെയ്തോ ഉക്കാശാ..’
‘നിന്‍റെ അവകാശമല്ലേ..?’
‘ഇതിങ്ങനെ പറ്റില്ല നബിയേ..’
‘അങ്ങെന്നെ കുത്തിയപ്പോള്‍ എന്‍റെ ശരീരത്തില്‍ വസ്ത്രമില്ലായിരുന്നു..’
‘അങ്ങ് വസ്ത്രമഴിക്കണം..’
‘പച്ച ശരീരത്തിലാണെനിക്ക് കുത്തേണ്ടത്..’
ഇതുകൂടിയായപ്പോള്‍ സദസ്സിലുള്ളവര്‍ ഉക്കാശയുടെ പേരുപറഞ്ഞ് പല്ലിറുമ്പി.. പ്രതികാരം ചെയ്യുന്നതും പോര.. റസൂലിനോട് കുപ്പായമഴിപ്പിക്കുന്നു.. നെറികെട്ടവന്‍.. നബി തിരുമേനി ജുബ്ബ അഴിച്ചു, ആബാലവൃന്ദം സ്വഹാബികള്‍ക്കു മുന്നില്‍.. അരുതാത്തതെന്തോ സംഭവിക്കാനിരിക്കുന്നു..!
‘ഇയാളെന്തു ഭാവിച്ചാ..?’
‘ആ പുണ്യമേനിയിലയാള്‍ കുത്തുമോ..?’
‘എന്‍റെ ഹബീബിനെങ്ങാനും നോവിച്ചാല്‍ ഞാനയാളുടെ കഥ കഴിക്കും..’
‘അതുറപ്പാ..’
ഉമറുബ്നുല്‍ ഖത്താബ്(റ) മനസ്സില്‍ നിനച്ചു..
പക്ഷെ മറ്റൊന്നാണ് സംഭവിച്ചത്.. കുപ്പായമില്ലാതെ നില്‍കുന്ന ഹബീബിന്‍റെ ശരീരത്തില്‍ ഉക്കാശ ചാടിക്കേറി പിടിച്ചു..! ആ അഴകുള്ള പുണ്യപൂമേനിയെ പുണര്‍ന്നു.. ഒരായിരം ചുംബനങ്ങള്‍ നല്‍കി.. നബിയുടെ വയറ്റത്ത് കവിളുകളൊട്ടിച്ചു.. തന്‍റെ ശരീരത്തോട് ചേര്‍ത്തു പിടിച്ചു.. തിരുനബിയുടെ ശരീര സ്പര്‍ഷമേറ്റയിടം നരകത്തിനു നിഷിദ്ധമാണെന്ന് ഉക്കാശ(റ) കേട്ടിട്ടുണ്ട്..
‘എന്‍റെ ഹബീബിനോട് ഞാന്‍ പകരം വീട്ടുകയോ..!?’
‘ഉക്കാശയെ കൊന്നാലും അതുണ്ടാകില്ല..’
‘കുത്തിയാല്‍ പിന്നെ ഞാന്‍ മുസ്ലിമാണെന്ന് പറയുന്നതിനെന്തര്‍ത്ഥം..?
ഫാത്വിമാ ബീവിക്ക് സന്തോഷമായി.. സദസ്സു മുഴുവനും പുഞ്ചിരിച്ചു.. ആഹ്ലാദം കൊണ്ട് നയനങ്ങള്‍ നിറഞ്ഞു.. സങ്കടക്കരച്ചിലിനിടയില്‍ ഒരു സന്തോഷക്കണ്ണുനീര്‍..!
‘നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഒരു സ്വര്‍ഗ്ഗാവകാശിയെ കാണണോ..?’
‘എങ്കില്‍ ഉക്കാശയെ കണ്ടോളൂ..’
നബി(സ്വ) പ്രഖ്യാപിച്ചു.. സന്തോഷവും സങ്കടവും ഒരുപോലെ ആ സദസ്സില്‍ താണ്ഡവമാടി..

*** *** *** ***
സ്വഹാബികള്‍ക്ക് അന്ത്യോപദേശങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോഴേക്കും തിരുനബിക്ക് വീണ്ടും രോഗം മൂര്‍ഛിച്ചു.. ഒന്നു കിടക്കണമെന്നു തോന്നി.. പുഞ്ചിരിച്ചിരുന്ന സ്വഹാബികളുടെയൊക്കെ മുഖങ്ങള്‍ വിവര്‍ണ്ണമായി.. അലിയാരുടെയും ഇബ്നു അബ്ബാസിന്‍റെയും തോളില്‍ കൈവെച്ച് പുന്നാര റസൂല്‍ പള്ളിയോടു ചേര്‍ന്നുള്ള ആഇശ(റ)യുടെ വീട്ടിലേക്കു കടന്നു.. ആഇശ(റ) വിരിപ്പും തലയണയുമൊരുക്കി.. ബീവിയുടെ മടിയില്‍ തലവെച്ചു കിടന്നു.. പ്രപഞ്ചത്തിലെ അതിസൂക്ഷ്മാണ്ഡങ്ങള്‍ക്കുപോലും നേതാവായ ഹബീബ് ലോകത്തോട് വിട പറയുകയാണ്..!! (തുടരും)

 

ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Leave a Reply

Your email address will not be published. Required fields are marked *